ദ മാർഷ്യൻ – അതിജീവനത്തിന്റെ പാഠങ്ങൾ


ബാലചന്ദ്രൻ ചിറമ്മൽ

സയൻസ് ഫിക്ഷൻ സിനിമകളെ പരിചയപ്പെടുത്തുന്ന പംക്തിയിൽ റിഡ്ലി സ്കോട്ട് സംവിധാനം ചെയ്ത ദ മാർഷ്യൻ (The Martian)” എന്ന സിനിമയെക്കുറിച്ച് വായിക്കാം

മനുഷ്യനെ എക്കാലവും മോഹിപ്പിച്ച ഗ്രഹമാണ് ചൊവ്വ അഥവാ മാർസ്. സൂര്യനിൽ നിന്ന് നാലാമത്തെ ഗ്രഹമായ ചൊവ്വ വലിപ്പത്തിൽ ഏറ്റവും താഴെ രണ്ടാമനാണ്. ചൊവ്വയെക്കാളും ചെറുതായി പിന്നെ ബുധൻ മാത്രമേ ഉള്ളൂ. ചൊവ്വയിൽ ജീവന്റെ സാന്നിധ്യം കണ്ടെത്താനുള്ള നിരവധി പര്യവേക്ഷണങ്ങൾ നടന്നിട്ടുണ്ട്. എങ്കിലും ജീവന്റെ സാന്നിധ്യം ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല. ഇക്കഴിഞ്ഞ ഫെബ്രുവരി 18 നു നാസയുടെ ഉപഗ്രഹം ചൊവ്വയിൽ ഇറങ്ങിയിട്ടുണ്ട്.

ചൊവ്വയിൽ മനുഷ്യരെ അധിവസിപ്പിക്കാനുള്ള ശ്രമങ്ങൾ ശാസ്ത്രസമൂഹം മാത്രമല്ല വാണിജ്യവൃത്തങ്ങളും ആരംഭിച്ചിട്ട് കുറച്ചേറെക്കാലമായി. അത്തരത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് മാർസ് സൊസൈറ്റി. ഡോക്റ്റർ റോബർറ്റ് സുബ്രിൻ എന്ന ഏറോസ്പെയിസ് എഞ്ചിനീയറാണ് അതിന്റെ പ്രസിഡന്റ്. അടുത്ത പത്ത് വർഷത്തിനുള്ളിൽ ചൊവ്വയിൽ മനുഷ്യവാസം സാധ്യമാക്കാനുള്ള പ്രവർത്തനത്തിൽ മുഴുകിയിരിക്കുകയാണ് ഡോക്റ്റർ സുബ്രിനും സംഘവും. അവരുടെ പ്രവർത്തനത്തെ ആധാരമാക്കി സ്കോട്ട് ജെ ഗിൽ സംവിധാനം ചെയ്ത ഒരു ഡോക്യുമെന്ററി ചിത്രം പോലുമുണ്ട്- “ദ മാർസ് അണ്ടർഗ്രൌണ്ട് (The Mars Underground)”.

ചൊവ്വയിൽ മനുഷ്യവാസം സാധ്യമാവുമോ ഇല്ലയോ എന്ന് കാലം പറയേണ്ടതാണ് എന്നാൽ ചൊവ്വയുടെ ഏകാന്തതയിൽ അകപ്പെട്ട് പോയ ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ കഥ പറയുന്ന ഒരു ചിത്രമുണ്ട് റിഡ്ലി സ്കോട്ട് സംവിധാനം ചെയ്ത ദ മാർഷ്യൻ (The Martian)”. മനുഷ്യൻ ചൊവ്വയിൽ ഇറങ്ങുകയും അവിടെ പര്യവേക്ഷണം നടത്തുകയും ചെയ്യുന്ന ഒരു ഭാവി കാലത്തിൽ അവിടെ അബദ്ധത്തിൽ  കുടുങ്ങിപ്പോയ മാർക് വാറ്റ്നി എന്ന സസ്യശാസ്ത്രജ്ഞൻ അദ്ദേഹത്തെ രക്ഷപ്പെടുത്താൻ നാസ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുന്നത് വരെ ചൊവ്വയിൽ അതിജീവനത്തിനായി നടത്തുന്ന ജീവന്മരണപോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം. അതോടൊപ്പം ചൊവ്വ പര്യവേക്ഷണത്തിന്റെ മനോഹരമായ ചിത്രീകരണവും സിനിമയിൽ കാണാം.

ആൻഡി വീർ രചിച്ച 2011 ലെ പ്രശസ്തമായ സയൻസ് ഫിക്ഷൻ നോവലിനെ അതേ പേരിലാണ് റിഡ്ലി സ്കോട്ട് സിനിമയാക്കിയത്. ഏലിയൻ, ബ്ലേഡ് റണ്ണർ പോലുള്ള വ്യഖ്യാതമായ സയൻസ് ഫിക്ഷൻ സിനിമകളുടെ സംവിധായകൻ കൂടിയാണ് സ്കോട്ട്. ഡ്ര്യു ഗൊദ്ദാർദിന്റേതാണ് തിരക്കഥ.

2035 ആണ് സിനിമയുടെ കാലം. ചൊവ്വയിൽ പര്യവേക്ഷണം നടത്തുകയായിരുന്ന ഏരീസ് 3 അപ്രതീക്ഷിതമായി ഒരു മണൽകാറ്റിൽ പെടുന്നു. 31 സോളാർ ദിവസമാണ് ഏരീസ് 3 ക്ക് നിശ്ചയിച്ചിരുന്നത് എങ്കിലും 18 ആം ദിവസം മണൽ കാറ്റ് കാരണം അവർക്ക് ചൊവ്വ വിടേണ്ടി വരുന്ന അവസ്ഥയായി. പര്യവേക്ഷണസംഘത്തിലെ എല്ലാവരും- ആറ് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്- പെട്ടെന്ന് തന്നെ അവരുടെ മാതൃപേടകത്തിൽ തിരിച്ചെത്താനുള്ള വാഹനത്തിന് സമീപത്തേക്ക് കുതിച്ചു. അതിനിടയിൽ മാർക് വാറ്റ്നി എന്ന സംഘാംഗത്തിന് അപകടം സംഭവിക്കുകയും അദ്ദേഹം കുതിച്ചുയർന്ന കാറ്റിൽ പറന്നു വന്ന ഒരു യന്ത്രഭാഗത്തിൽ തട്ടി അകലേക്ക് തെറിച്ച് വീഴുകയും ചെയ്തു. ബാക്കിയുള്ളവർ പേടകത്തിൽ കയറി. വാറ്റ്നിയുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കപ്പെടുകയും അദ്ദേഹം ജീവിച്ചിരിക്കുന്നതായുള്ള ഒരു തെളിവും ലഭ്യമാകാതിരിക്കുകയും ചെയ്തതോടെ ബാക്കിയുള്ളവർ ചൊവ്വ വിട്ടു. അവർ മാതൃപേടകമായ ഹെർമിസിൽ എത്തുകയും ഭൂമിയിലേക്ക് പ്രയാണം ആരംഭിക്കുകയും ചെയ്തു. മർക് വാറ്റ്നി മരിച്ചതായി നാസ വാർത്തയും പുറത്ത് വിട്ടു.  പര്യവേക്ഷണത്തിന്റെ ക്യാപ്റ്റൻ ആയിരുന്ന കമാൻഡർ മെലീസ ലെവിസ് ആണ് ചൊവ്വ വിടാനുള്ള ഉത്തരവ് കൊടുത്തത്. അവർക്ക് മറ്റ് വഴികളില്ലായിരുന്നു. എന്നാൽ വാറ്റ്നി മരിച്ചിരുന്നില്ല. അപകടത്തിന്റെ ആഘാതത്തിൽ അയാൾ അബോധാവസ്ഥയിലായി. വാറ്റ്നിക്ക് ബോധം വരുമ്പോൾ അയാളുടെ ദേഹത്ത് ആഴത്തിൽ ഒരു കമ്പി കയറിയിരുന്നു, മാത്രമല്ല സ്പേസ് സൂട്ടിനകത്ത് ഓക്സിജന്റെ അളവ് അപകടകരമാം വിധം താഴ്ന്നും പോയി. വാറ്റ്നി ഒരു വിധം അവരുടെ ചൊവ്വയിലെ താൽക്കാലിക താവളത്തിൽ തിരിച്ചെത്തി. മുറിവ് സ്വയം ചികിത്സിച്ചു. ഭൂമിയുമായുള്ള ബന്ധം നഷ്ടപെട്ടത് കൊണ്ട് അദ്ദേഹത്തിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ആകെയുള്ള പ്രതീക്ഷ അടുത്ത ചൊവ്വാദൌത്യം മാത്രമായിരുന്നു.  അതാകട്ടെ നാല് വർഷം കഴിഞ്ഞാണ് നടക്കുക. അതും ഇപ്പോൾ ഉള്ള സ്ഥലത്ത് നിന്നും 3200 കിലോമീറ്റർ അകലെയാണ് ഇറങ്ങുക.

വാറ്റ്നി ഉടനെ രണ്ട് കാര്യങ്ങൾ ചെയ്തു. ഒന്ന് അന്ന് മുതലുള്ള മുഴുവൻ കാര്യങ്ങളും ഒരു വീഡിയോ ഡയറിയായി സൂക്ഷിക്കാൻ തീരുമാനിച്ചു. രണ്ടാമതായി അവിടെയുള്ള ഭക്ഷ്യശേഖരത്തിന്റെ അളവ് തിട്ടപ്പെടുത്തി. അത് കഷ്ടി 400 ദിവസത്തേക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതും വല്ലാതെ ലുബ്ധിച്ചാൽ. വാറ്റ്നിയുടെ മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ ഭീഷണിയും ഭക്ഷണത്തിന്റ്റെ ക്ഷാമമായിരുന്നു. ബൊട്ടാണിസ്റ്റ് ആയ വാറ്റ്നി തന്റെ അറിവുപയോഗിച്ച് ചൊവ്വയിലെ മണ്ണും ഉപയോഗശൂന്യമായ ഉരുളക്കിഴങ്ങും കൃത്രിമമായി സൃഷ്ടിച്ച വെള്ളവും മനുഷ്യവിസർജ്ജനവും  ഉപയോഗിച്ച് ഒരു ഉരുളക്കിഴങ്ങ് തോട്ടം താവളത്തിൽ ഉണ്ടാക്കിയെങ്കിലും തോട്ടം ഒരു ചെറിയ സ്പോടനത്തിൽ നശിച്ചു. എങ്കിലും കുറച്ച് ഉരുളക്കിഴങ്ങുകൾ ഉണ്ടാക്കാൻ വാറ്റ്നിക്ക് സാധിച്ചു.

അവിടെ ഉണ്ടായിരുന്ന ചെറിയ യാത്രാവാഹനം നന്നാക്കി ഏരീസ് 4 ന്റെ ലാന്റിങ് സ്ഥലത്ത് എത്താനായി ഇതിനിടെ വാറ്റ്നി ശ്രമിക്കുന്നുണ്ടായിരുന്നു. യാദൃശ്ചികമായി നാസയുടെ ദൃഷ്ടിയിൽ  ഈ ചലനം പ്രത്യക്ഷപ്പെടുകയും വാറ്റ്നി ജീവിച്ചിരിക്കുന്നതായി അവർ കണ്ടെത്തുകയും ചെയ്തു. അതോടെ അദ്ദേഹത്തെ രക്ഷിക്കാനുള്ള പരിശ്രമങ്ങൾ നാസ ആരംഭിച്ചു.

ഇതിനിടയിൽ 1997 ൽ ചൊവ്വയിൽ ഇറങ്ങിയ പാത്ത്ഫൈൻഡർ എന്ന ഉപേക്ഷിക്കപ്പെട്ട ഉപഗ്രഹത്തെ വാറ്റ്നി കണ്ടെത്തുകയും അതുപയോഗിച്ച്  നാസയുമായി ബന്ധപ്പെടുകയും ചെയ്തു. നാസയുടെ സഹായത്തോടെ ഈ കമ്മ്യൂണിക്കേഷൻ ദൃഢമാക്കി വാറ്റ്നി.

വാറ്റ്നിയുടെ അടിയന്തിര ആവശ്യം ഭക്ഷണമായത് കൊണ്ട് മാഴ്സ് മിഷനും ജെറ്റ് പ്രോപൽഷ്യൻ ലബോറട്ടറിയും വാറ്റ്നിക്ക് ഭക്ഷണമെത്തിക്കാനുള്ള ഒരു പദ്ധതി രൂപപ്പെടുത്തി. പക്ഷെ  ഐറിസ് എന്ന ബഹിരാകാശ വാഹനത്തെ അയക്കാനുള്ള അവരുടെ  ശ്രമം വിജയിച്ചില്ല. ഇതോടെ വാറ്റ്നിക്ക് അയാളുടെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. അയാൾ മരണം ഉറപ്പിച്ചു.

ഇതിനിടെ ചൈനയുടെ ബഹിരാകാശപരീക്ഷണ വിഭാഗം ഈ വിവരം അറിയുകയും നാസയെ സഹായിക്കാൻ സന്നദ്ധമാവുകയും ചെയ്തു. റിച്ച് പുർനോൽ എന്ന അസ്ട്രോഡയനാമിസ്റ്റും ഈ ദൌത്യത്തിൽ പങ്ക് ചേരുകയും പ്രായോഗികമായ ഒരു പദ്ധതി തയ്യാറാക്കുകയും ചെയ്തു. അങ്ങിനെ ഹെർമിസിനെ തിരിച്ച് ചൊവ്വയിലയക്കാൻ തീരുമാനിച്ചു. ചൊവ്വയിലെ ഏരീസ് 4 ഇറങ്ങാൻ ഉദ്ദേശിച്ച സ്ഥലത്ത്  ഹെർമിസ് തിരിച്ചെത്തുകയും അവിടെ ഉണ്ടായിരുന്ന പേടകം കേടുപാടുകൽ തീർത്ത് വാറ്റ്നി അതി സാഹസികമായി ഹെർമിസിൽ തിരിച്ചെത്തുകയും ചെയ്തു.

അങ്ങേയറ്റം അപകടകരമായ ഒരു ചൊവ്വാദൌത്യം വളരെ മനോഹരമായി അവതരിപ്പിച്ചു എന്നതാണ് സിനിമയുടെ മേന്മ. ഇക്കാര്യത്തിൽ റെഡ്ലി സ്കോട്ട് പ്രത്യേക പ്രശംസ അർഹിക്കുന്നു.

സിനിമയിൽ അല്പം രാഷ്ട്രീയവുമുണ്ട്. സാധാരണ ഇത്തരം സാഹസികദൌത്യങ്ങൾ മുഴുവൻ അമേരിക്ക തനിച്ചാണ് ചെയ്യുക.  ലോകത്തിന്റെ നായകൻ ഞങ്ങളാണ് എന്നും അമേരിക്ക ഇല്ലാതെ ലോകത്തിന് നിലനിൽക്കാനാവില്ല എന്ന ദൌത്യമാണ് മിക്ക ഹോളിവുഡ് സിനിമയും നൽകുന്ന സന്ദേശം. എന്നാൽ അതിൽ നിന്നുംവ്യത്യസ്തമായി ചൈനയുടെ സഹായത്തോടെയാണ് ഇവിടെ രക്ഷാപ്രവർത്തനം വിജയിപ്പിക്കുന്നത്. ആഗോളവ്ലക്കരണ കാലത്ത് ലോക വിപണിയിൽ ചൈനയുടെ മേൽക്കൊയ്മ അമേരിക്ക അംഗീകരിക്കുന്നതിന്റെ സൂചനയായി വേണം ഇതിനെ കാണാൻ.

ഏതായാലും ബഹിരാകാശ ദൌത്യങ്ങൾ ഇതിവൃത്തമാകുന്ന ചിത്രങ്ങളിൽ മികച്ച ഒരു ചിത്രമാണ് “ദ മാർഷ്യൻ”.


സയൻസ് ഫിക്ഷൻ സിനിമകളെ പരിചയപ്പെടുത്തുന്ന ഈ പംക്തിയിൽ പ്രസിദ്ധീകരിച്ച മറ്റു ലേഖനങ്ങൾ
Leave a Reply