ഫസ്റ്റ് മാൻ – ആദ്യത്തെ കാൽവെയ്പ് 


ബാലചന്ദ്രൻ ചിറമ്മൽ

സയൻസ് ഫിക്ഷൻ സിനിമകളെ പരിചയപ്പെടുത്തുന്ന പംക്തിയിൽ ഡാമിയൻ ചസേലി സംവിധാനം ചെയ്ത ‘ഫസ്റ്റ് മാൻ’ എന്ന സിനിമയെക്കുറിച്ച് വായിക്കാം

1969 ജൂലൈ 20* നാണ് ലോകത്തെ വിസ്മയിപ്പിച്ച ആ സംഭവം നടന്നത്. അന്ന് വരെ സാധാരണ മനുഷ്യർ ആരാധനയോടെ മാത്രം നോക്കിക്കണ്ട, ദൈവമായി പൂജിച്ചിരുന്ന ചന്ദ്രനിൽ ഒരു മനുഷ്യൻ അവന്റെ കാലടിപ്പാടുകൾ പതിപ്പിച്ച ദിവസമായിരുന്നു അന്ന്. ശാസ്ത്രം അതിന്റെ മഹത്തായ വിജയം ആഘോഷിച്ച ദിവസം.

1969 ജൂലായ് 20 ന് ഗ്രീനിച്ച് സമയം (UTC) 20.17 നാണ് നീൽ ആംസ്റ്റ്രോങ്ങ് എന്ന മനുഷ്യൻ ചന്ദ്രനിൽ കാല് കുത്തിയത്. അത് കഴിഞ്ഞ് 39 മിനുട്ടിന് ശേഷം ആൽഡ്രിനും ചന്ദ്രനിലിറങ്ങി. രണ്ടേകാൽ മണിക്കൂർ  ചന്ദ്രനിൽ ചിലവഴിച്ച അവർ  ചന്ദ്രനിലെ 21.5 കിലോ മണ്ണും ശേഖരിച്ചാണ് ഭൂമിയിലേക്ക് തിരിച്ചത്. അമേരിക്കയുടെ പതാകയും ചന്ദ്രനിൽ ഉയർത്തി അവർ. കഴിഞ്ഞ വർഷം ഈ ചാന്ദ്രദൌത്യത്തിന്റെ അൻപതാം വാർഷികം മാനവരാശി ആഘോഷിക്കുകയും ചെയ്തു.

ജെയിംസ് ആർ ഹാൻസന്റെ ഫസ്റ്റ് മാൻ: ദ ലൈഫ് ഓഫ് നീൽ എ ആംസ്റ്റ്രോങ്ങ് – ജീവചരിത്രപുസ്തകം

ആംസ്റ്റ്രോങ്ങിന്റെ ചാന്ദ്രയാത്രയുടെ അനുഭവങ്ങൾ ജെയിംസ് ആർ ഹാൻസൻ ഒരു പുസ്തകമാക്കി. ഫസ്റ്റ് മാൻ: ദ ലൈഫ് ഓഫ് നീൽ എ ആംസ്റ്റ്രോങ്ങ് എന്നാണ് പുസ്തകത്തിന്റെ പേര്. 2005 ലെ ഈ പുസ്തകത്തെ അടിസ്ഥാനമാക്കി ഡാമിയൻ ചസേലി 2018 ൽ സംവിധാനം ചെയ്ത മനോഹരമായ ചലച്ചിത്രമാണ് “ഫസ്റ്റ് മാൻ”. ജോസ് സിങ്ങർ തിരക്കഥയെഴുതിയ ഈ ചിത്രം ചാന്ദ്രയാത്രയുടെ വളരെ മനോഹരമായ ഒരനുഭവമാണ് നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ബഹിരാകാശയാത്രകൾ സിനിമയിലവതരിപ്പിക്കുന്നത് പുതിയ കാര്യമല്ലെങ്കിലും ചാന്ദ്രയാത്രയുടെ വിശദമായ അവതരണം മുന്നോട്ട് വെച്ച ഈ ചിത്രം മറ്റുള്ളവയിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു അനുഭവമാണ് നമുക്ക് നൽകുന്നത്.

1960 മുതൽ 1969 വരെയുള്ള മഹത്തായ അപ്പോളോ 11 ന്റെ ചാന്ദ്രദൌത്യത്തിന്റെ ത്രസിപ്പിക്കുന്ന ചിത്രമാണ് സിനിമ നമുക്ക് മുന്നിൽ അനാവരണം ചെയ്യുന്നത്.  ആംസ്റ്റ്രോങ്ങിന്റെ ജീവിതത്തിലൂടെ മനുഷ്യന്റെ മഹത്തായ കുതിച്ച് ചാട്ടത്തിന്റെ സമ്പൂർണമായ ഒരു ചിത്രം ഏറ്റവും മനോഹരമായി അവതരിപ്പിക്കുകയാണ് സിനിമ.

ആംസ്റ്റ്രോങ്ങ് പരീക്ഷണപ്പറക്കൽ നടത്തുന്ന ഒരു ടെസ്റ്റ് പൈലറ്റ് ആയിരുന്ന കാലത്ത് നിന്ന് തുടങ്ങി അദ്ദേഹത്തിന്റെ ആദ്യകാൽപ്പാടുകൾ ചന്ദ്രോപരിതലത്തിൽ പതിക്കുന്നതും വിജയകരമായി തിരിച്ച് വരുന്നതും കുടുംബത്തോടൊപ്പം ചേരുന്നതും കാട്ടി സിനിമ അവസാനിക്കുന്നു. റോക്കറ്റ് ഘടിപ്പിച്ച എക്സ്-15 എന്ന ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തേക്ക് പറത്തുന്ന പരീക്ഷണ ദൌത്യത്തിൽ നിന്നും സിനിമ തുടങ്ങുന്നു. ആദ്യത്തെ പരീക്ഷണം തന്നെ ഒരു അപകടത്തിൽ ചെന്ന് ചാടിയെങ്കിലും ആംസ്റ്റ്രോങ്ങ് ഒരു വിധം വാഹനത്തെ രക്ഷപ്പെടുത്തി ഭൂമിയിലെത്തിച്ചു. അക്കാലത്ത് ആംസ്റ്റ്രോങ്ങ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. അദ്ദേഹത്തിന്റെ മകൾ കാരേൻ മസ്തിഷ്കാർബുദം ബാധിച്ച് മരണക്കിടക്കയിലായിരുന്നു. താമസിയാതെ കുട്ടി മരിക്കുകയും ചെയ്തു.

ആംസ്റ്റ്രോങ്ങ് ഈ ഷോക്കിൽ നിന്നും സാവധാനം രക്ഷപ്പെടുകയും നാസയുടെ പ്രോജക്റ്റ്  ജെമിനിയിൽ തന്നെക്കൂടി ചേർക്കാൻ അപേക്ഷിക്കുകയും ചെയ്തു. ആംസ്റ്റ്രോങ്ങിന്റെ അപേക്ഷ സ്വീകരിക്കപ്പെടുകയും അദ്ദേഹത്തെ നാസയുടെ അസ്റ്റ്രോനോട്ട് ഗ്രൂപ്പ് -2 വിൽ അംഗമാക്കുകയും ചെയ്തു. ഉടനെ തന്നെ ആംസ്റ്റ്രോങ്ങ് കുടുംബസമേതം ഹൂസ്റ്റണിലേക്ക് താമസം മാറ്റി. അവിടെ പൈലറ്റ്മാരുടെ ഒരു കോളനിയിലാണ് അവർ താമസിക്കാൻ തുടങ്ങിയത്. അയൽക്കാരായി  അവർക്ക് എലിയട്ട് സീയെയും എഡ് വൈറ്റിനെയുമാണ് കിട്ടിയത്. രണ്ട് പേരും സിവിലിയൻ ടെസ്റ്റ് പൈലറ്റ്മാരായിരുന്നു.

1965 ആയതോടെ സോവിയറ്റ് യൂനിയൻ അവരുടെ അപ്രമാദിത്യം തെളിയിച്ച് കൊണ്ട് രണ്ട് മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ചു. ഇതോടെ നാസക്കും വാശിയായി. ജമിനി പ്രോജക്റ്റിന്റെ 8 ആം വാഹനം അയക്കാൻ അവർ തീരുമാനിക്കുകയും അതിനായി ആംസ്റ്റ്രോങ്ങിനെയും ഡേവിഡ് സ്കോട്ടിനെയും തെരെഞ്ഞെടുക്കുകയും ചെയ്തു. ഇതിനിടയിൽ രണ്ട് ദുരന്തങ്ങൾ സംഭവിച്ചു. പരിശീലനപറക്കലിനിടയിൽ അയൽക്കാരനും സുഹൃത്തുമായ എലിയട്ട് സീയും ചാൾസ് ബസറ്റും കൊല്ലപ്പെട്ടു. ഇത് ആംസ്റ്റ്രോങ്ങിന് വീണ്ടും കനത്ത ആഘാതമേൽപ്പിച്ചു.

മറ്റൊന്ന് നാസയുടെ ദൌത്യത്തിന് സംഭവിച്ച ദുരന്തമാണ്. അവർ വിക്ഷേപിച്ച അപ്പോളോ -1ൽ ഒരു തീപ്പിടുത്തം ഉണ്ടാവുകയും അത് പൈലറ്റ് ചെയ്ത ഗസ് ഗ്രിസോമും റോജർ ചാഫെയും മരണമടയുകയും ചെയ്തു. ഇതൊക്കെ സംഭവിച്ചിട്ടും അപ്പോളോ-11 ആംസ്റ്റ്രോങ്ങിന്റെ നേതൃത്വത്തിൽ പുറപ്പെടുക തന്നെ ചെയ്തു. ആംസ്റ്റ്രോങ്ങിനോടൊപ്പം ആൽഡ്രിനും ചന്ദ്രനിലിറങ്ങി. ഈ ചാന്ദ്രയാത്രയുടെ വിശദമായ കാഴ്ചയാണ് സിനിമ നമുക്ക് കാട്ടിത്തരുന്നത്. അതും അങ്ങേയറ്റം അവധാനതയോടെ ദൌത്യത്തിന്റെ വിശദാംശങ്ങൾ വളരെ ശാസ്ത്രീയമായി ഉൾച്ചേർത്ത് കൊണ്ട്.

ചാന്ദ്രയാത്രയോടൊപ്പം ആംസ്റ്റ്രോങ്ങിന്റെ വ്യക്തിജീവിതവും ഇതിൽ പരാമർശിക്കുന്നുണ്ട്. അവ തീർത്തും മുഷിപ്പ് തോന്നാത്ത വിധം വളരെ ഭംഗിയായാണ് സമന്വയിപ്പിച്ചിരിക്കുന്നത്.  അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ സങ്കീർണമായ പ്രശ്നങ്ങൾ എങ്ങിനെ ചാന്ദ്രദൌത്യത്തെ സ്വാധീനിച്ചു എന്നും അതിനെ എങ്ങിനെ ആംസ്റ്റ്രോങ്ങ് മറികടന്നു എന്നും സിനിമ നമുക്ക് കാട്ടിത്തരുന്നു. അദ്ദേഹത്തിന്റെ ധൈര്യവും പ്രതിബന്ധങ്ങളെ നേരിടാനുള്ള ശേഷിയും ഒക്കെ ഇവിടെ കാണാം. കാരേൻ മരിച്ചപ്പോൾ അതിന്റെ വേദന ഭാര്യ ജാനറ്റിനെ പോലും അറിയിക്കാതെ  സ്വയം കടിച്ചമർത്തുന്ന ആംസ്റ്റ്രോങ്ങ് എന്ന മനുഷ്യൻ ഇനി ചിലപ്പോൾ തിരിച്ച് വരവ് സാധ്യമാവില്ല എന്നറിഞ്ഞ് കൊണ്ട് തന്നെയാണ് ചാന്ദ്രയാത്രക്ക് തയ്യാറാവുന്നത്. സ്വന്തം മക്കളോട് പോലും- അവർക്ക് രണ്ടാണ്മക്കൾ കാരേൻ കൂടാതെയുണ്ട്- അയാൾ അക്കാര്യം പറയുന്നില്ല. ഒടുവിൽ ജാനറ്റിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം അവരെ കാണുന്നതും വിടപറയുന്നതും. അപ്പോളോ ദൌത്യത്തിനിടയിൽ ഒരു വേള പേടകം അവരുടെ നിയന്ത്രണത്തിൽ നിന്നും തെന്നി മാറിയപ്പോഴും ആംസ്റ്റ്രോങ്ങ് നിർവികാരനായാണ് അതിനെ നേരിടുന്നതും വിജയിപ്പിക്കുന്നതും. ചന്ദ്രനിൽ നിന്നും തിരിച്ച് വരുന്നതിന് മുൻപ് കാരേന്റെ ബ്രെയ്സ്ലെറ്റ് ചാന്ദ്രോപരിതലത്തിൽ ഉപേക്ഷിക്കുന്നുണ്ട് ആംസ്റ്റ്രോങ്ങ്. ഈ രംഗം ഹൃദയാവർജകമാണ്.

ചന്ദ്രനിൽ കാല് കുത്തിയ ഉടനെ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇന്നും ചരിത്രത്തിൽ മനുഷ്യന്റെ മഹാവിജയത്തിന്റെ പ്രതീകമായി നില കൊള്ളുന്നു.

“മനുഷ്യന് ഇതൊരു ചെറുകാല്‍ വയ്പാണെങ്കിൽ  മാനവകുലത്തിന് വലിയൊരു കുതിച്ചു ചാട്ടമാണ്” എന്നാണ് ദൌത്യത്തിന്റെ വിജയത്തെ കുറിച്ച് ആംസ്റ്റ്രോങ്ങ് പറഞ്ഞത്. ശാസ്ത്രവും വികാരവും ഇത്ര മനോഹരമായി ചാലിച്ച സിനിമകൾ അപൂർവം. ചാന്ദ്രദൌത്യത്തിന്റെ ഈ ഡോക്യുഫിക്ഷൻ എക്കാലവും ഓർമിക്കാവുന്ന ഒരു ചലച്ചിത്രമായി നിലകൊള്ളും, പ്രത്യേകിച്ചും ശാസ്ത്രവിദ്യാർഥികൾക്ക്.


*ജൂലൈ 20 US കലണ്ടർ പ്രകാരമാണ്. ഇന്ത്യയിൽ ജൂലൈ 21 ആണ്

സയൻസ് ഫിക്ഷൻ സിനിമകളെ പരിചയപ്പെടുത്തുന്ന ഈ പംക്തിയിൽ പ്രസിദ്ധീകരിച്ച മറ്റു ലേഖനങ്ങൾ
 

Leave a Reply