ദ ഫ്ലൈ – ദൂരത്തെ എത്തിപ്പിടിക്കുമ്പോൾ


ബാലചന്ദ്രൻ ചിറമ്മൽ

ദൂരത്തെ കീഴ്പ്പെടുത്താൻ മനുഷ്യന് സാധ്യമായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ഉദാഹരണത്തിന് നമ്മൾ അമേരിക്കയിലേക്ക് പോകുന്നു എന്ന് കരുതുക. നിലവിൽ ഏറ്റവും വേഗത കൂടിയ വാഹനം വിമാനമാണ്. അതിൽ യാത്ര ചെയ്താൽ ഏറ്റവും കുറഞ്ഞത് 12 മണിക്കൂർ വേണ്ടി വരും. അതേ സമയം ഒരു ഡോക്യുമെന്റ് വാട്സാപ്പ് വഴി അയച്ചാൽ നമ്മൾ അയക്കുന്ന ആ നിമിഷം തന്നെ അമേരിക്കയിലുള്ള നമ്മുടെ സുഹൃത്തിന് അത് ലഭിക്കും. ഡോക്യുമെന്റ് അയക്കുന്നത് പോലെ ജീവനുള്ള വസ്തുക്കളെ അയക്കാൻ കഴിയുമായിരുന്നെങ്കിൽ ഉണ്ടാകുന്ന വലിയ സമയലാഭത്തെ കുറിച്ച് ആലോചിച്ച് നോക്കൂ. നാം തിരുവനന്തപുരത്ത് നിൽക്കുന്നു. അടുത്ത നിമിഷം നാം അമേരിക്കയുടെ തലസ്ഥാനമായ വാഷിങ്ങ്ടണിൽ നിൽക്കുന്നു. അതിനടുത്ത നിമിഷം നാം മാഡ്രിഡിൽ നിൽക്കുന്നു. എന്തൊരു സുഖം. എത്രയോ സമയവും ധനവും ലാഭിക്കാം?. പാവപ്പെട്ടവനും പണക്കാരനും ഒരു പോലെ യാത്ര സാധ്യമാകുന്നു. ഇന്ധനങ്ങളെ മറ്റ് ക്രിയാത്മകമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നു. ടെലിപോർട്ടേഷൻ എന്നു ശാസ്ത്രീയമായി വിളിക്കുന്ന ഈ ടെക്നോളജിയുടെ ആദ്യ പരീക്ഷണ വിജയം ചൈന ആഘോഷിച്ച് കഴിഞ്ഞു എന്ന് പറയപ്പെടുന്നു. MIT Technology review വിന്റെ 2017 ജൂലൈ 10 ന്റെ ലക്കത്തിൽ ഇതു സംബന്ധിച്ചുള്ള ഒരു ലേഖനം ഉണ്ട്.

എന്നാൽ സിനിമയിൽ ഈ കഥാതന്തു വളരെ മുൻപ് തന്നെ വന്ന് കഴിഞ്ഞു. ഈ ശ്രേണിയിൽപ്പെട്ട ആദ്യ ചിത്രമാണ് കുർട് ന്യൂമാൻ സംവിധാനം ചെയ്ത “ ദ ഫ്ലൈ”(1958). ഈ ചിത്രത്തിന് പിന്നീട് മൂന്ന് ഭാഗങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. കൂടാതെ 1986 ൽ ഒരു റീമെയ്ക്കും.

1986 ലെ ചിത്രത്തെ പറ്റിയാണ് നാം ഇവിടെ ചർച്ച ചെയ്യുന്നത്.

ഡേവിഡ് ക്രോണെൻബെർഗ് സംവിധാനം ചെയ്ത “ദ ഫ്ലൈ” ജോർജ് ലാങ്ലാനിന്റെ ഇതേ പേരിലുള്ള കഥയെ അടിസ്ഥാനമാക്കി തന്നെയാണ് നിർമ്മിച്ചത്. സേത്ത് ബണ്ടിൽ എന്ന യുവ ശാസ്ത്രജ്ഞനാണ് സിനിമയിലെ മുഖ്യ കഥാപാത്രം. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനായ ഇയാൾ അല്പം കിറുക്കനാണ് എന്നാണ് പറയപ്പെടുന്നത്. അദ്ദേഹം ഒരു ജേർണലിസ്റ്റായ വെറോണിക്ക റോണിയെ പരിചയപ്പെടുന്നിടത്ത് നിന്നാണ് സിനിമ തുടങ്ങുന്നത്. റോണിയെ സേത്ത് അയാളുടെ പരീക്ഷണശാലയിലേക്ക് കൊണ്ട് വരുന്നു. അവിടെ അമ്പരിപ്പിക്കുന്ന ഒരു കണ്ടുപിടുത്തമാണ് സേത്ത് റോണിയുടെ മുന്നിൽ അവതരിപ്പിക്കുന്നത്. വസ്തുക്കളെ “ടെലിപോർട്ട്” ചെയ്യാനുള്ള ഒരു മെഷീൻ സേത്ത് കണ്ടു പിടിച്ചിരിക്കുന്നു. അതിന്റെ ലൈവ് പ്രദർശനം സേത്ത് റോണിക്ക് കാട്ടിക്കൊടുത്തു. മെഷീന് ഇപ്പോൾ ഒരു പരിമിതിയുണ്ട്. അതിന് ജീവനുള്ള വസ്തുക്കളെ ടെലിപോർട് ചെയ്യാനുള്ള കഴിവില്ല. ആ നിലക്കുള്ള പരീക്ഷണമാണ് സേത്ത് ഇപ്പോൾ നടത്തുന്നത്. അത് വിജയിക്കുന്നത് വരെ വിവരം പുറത്തറിയരുത് എന്ന് സേത്ത് റോണിയോട് അഭ്യർഥിക്കുകയും ചെയ്തു.

പരീക്ഷണങ്ങൾ പുരോഗമിക്കുകയും അതോടൊപ്പം റോണിയും സേത്തും തമ്മിൽ ഗാഢമായ ഒരു പ്രണയബന്ധം ആരംഭിക്കുകയും ചെയ്തു.

സേത്തിന്റെ പരീക്ഷണങ്ങളെക്കുറിച്ചുള്ള  രഹസ്യം ഇതിനിടെ റോണി അവളുടെ മാഗസിന്റെ എഡിറ്റർ സ്റ്റാതിസ് ബൊറാൻസുമായി പങ്ക് വെച്ചു. സ്റ്റാതിസ് ഈ പരീക്ഷണങ്ങളെ വെറും ഭ്രാന്തായാണ് കണ്ടത്. തന്നോടുള്ള സ്റ്റാതിസിന്റെ പ്രണയത്തിന്റെ പരാജയവും സേത്തുമായി തനിക്കുള്ള ബന്ധത്തിലുണ്ടായ അസൂയയുമാണ് സ്റ്റാതിസിന് എന്ന് റോണി കരുതുകയും ചെയ്തു.

ഇതിനിടെ സേത്ത് തന്റെ പരീക്ഷണങ്ങൾ തുടരുകയും ഓടുവിൽ ജീവനുള്ള വസ്തുവിന്റെ ടെലിപോർട്ടിങ്ങ് വിജയിപ്പിക്കുകയും ചെയ്തു. സജീവമായി പോർട് ചെയ്യപ്പെട്ട ഒരു ബബൂണിനെ കൂടുതൽ പരീക്ഷണവിധേയമാക്കാതെ മനുഷ്യനെ ഇതിന് ഉപയോഗിക്കരുത് എന്ന റോണിയുടെ ഉപദേശം അവഗണിച്ച് സ്വയം ടെലിപോർട്ടിങ്ങിന് സേത്ത് വിധേയനാകുകയും അത് വിജയിക്കുകയും ചെയ്തു. എന്നാൽ ആ പരീക്ഷണത്തിനിടയിൽ വന്ന ഒരു ചെറിയ പിഴവ് പിന്നീടാണ് സേത്തിന്റെ ശ്രദ്ധയിൽ പെട്ടത്. പക്ഷെ അപ്പോഴേക്കും വൈകിപ്പോയിരുന്നു. സേത്ത് ടെലിപോർട്ടിങ്ങിന് വിധേയനായപ്പോൾ അതെ പോർട്ടിൽ ഉണ്ടായിരുന്നൊരു ഈച്ചയും പോർട്ടിങ്ങിന് വിധേയനായി. പോർട്ടിങ്ങിൽ ഈച്ചയുടെയും സേത്തിന്റെയും DNA കൾ സംയോജിക്കപ്പെടുകയും സേത്ത് സാവധാനം ഒരു ഈച്ചയായി മാറാനുള്ള സാധ്യത ഉണ്ടാവുകയും ചെയ്യുന്നു. സേത്തിനെ രക്ഷപ്പെടുത്താൻ റോണിയും സ്റ്റാതിസും സേത്തും നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ ക്ലൈമാക്സ്.

ടെലിപോർട്ടിങ്ങിനേക്കാൾ ശാസ്ത്രത്തിന്റെ വിനാശകരമായതും അശ്രദ്ധമായതുമായ ഉപയോഗത്തെയാണ് സിനിമ കൈകാര്യം ചെയ്യുന്നത്. ശരിയായ രീതിയിൽ വേണ്ടത്ര നിഷ്കർഷയോടെ ഉപയോഗിച്ചില്ലെങ്കിൽ അത് വിനാശകരമാവും എന്ന് ഹിരോഷിമയും നാഗസാക്കിയും നമ്മോട് പറയുന്നുണ്ട്. ശരിയായ ആളുകൾ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ മനുഷ്യന്റെ ഏറ്റവും വലിയ മിത്രമാണ് ശാസ്ത്രം.


സിനിമയുടെ Trailer


Leave a Reply