ആൽഫവില്ലെ – കമ്പ്യൂട്ടറുകൾ അധികാരം സ്ഥാപിക്കുമ്പോൾ


ബാലചന്ദ്രൻ ചിറമ്മിൽ

 

കമ്പ്യൂട്ടർ സിനിമയിലെ പ്രധാനകഥാപാത്രമാകുന്നത് പുതിയ കാര്യമൊന്നുമല്ല.  1957 ൽ തന്നെ ആ ജനുസ്സിൽപ്പെട്ട സിനിമകൾ പുറത്തിറങ്ങിയിരുന്നു. വാൾട്ടർ ലാങ്ങിന്റെ “ഡാർക് സെറ്റ്” ആയിരിക്കും കമ്പ്യൂട്ടർ കഥാപാത്രമായ ആദ്യ സിനിമ. പിന്നീടിങ്ങോട്ട് നിരവധി സിനിമകൾ കമ്പ്യൂട്ടറുകളെ കഥാപാത്രങ്ങളാക്കി പുറത്ത് വന്നു. വാർ ഗെയിംസ്, ഇലക്ട്രിക്‌ ഡ്രീംസ്, പൈ, 2001: എ സ്പെയിസ് ഒഡീസി തുടങ്ങിയവ ഉദാഹരണങ്ങളാണ്. എന്നാ‍ൽ ഴാങ് ലുക് ഗൊദാർദിന്റെ വിശ്വപ്രസിദ്ധമായ സിനിമ “ആൽഫവില്ലെ” എടുത്ത് പറയത്തക്ക വിധം മികച്ചതും വ്യത്യസ്തവുമാണ്.

ഗൊദാർദ്

ഗൊദ്ദാർദ് ലോക സിനിമയിലെ മഹാമേരുവാണ്. ഫ്രഞ്ച് ന്യൂ വേവ് സിനിമയുടെ വക്താവും പ്രയോക്താവുമാണ് അദ്ദേഹം. Breathless എന്ന മനോഹരമായ സിനിമ സംവിധാനം ചെയ്ത് കൊണ്ട് സിനിമാ രംഗത്തേക്ക് കടന്ന് വരുന്നതിന് മുൻപ് തന്നെ സിനിമാ നിരൂപണത്തിൽ സ്വന്തമായി ഇടം കണ്ടെത്തിയ പ്രതിഭയായിരുന്നു ഗൊദ്ദാർദ്. കഹെ ദു സിനിമ (Cahiers du Cinéma) എന്ന ഫ്രഞ്ച് മാസികയിൽ അദ്ദേഹം എഴുതിയ നിരൂപണങ്ങൾ ഫ്രഞ്ച് നവ സിനിമ പ്രസ്ഥാനത്തിന്റെ വളർച്ചക്ക് വലിയ പങ്കാണ് വഹിച്ചത്. യന്ത്രങ്ങൾ അധികാരം സ്ഥാപിച്ച, പ്രണയവും മൃദുലവികാരങ്ങളും വലിയ കുറ്റമായി പരിഗണിച്ച ഒരു നഗരത്തിലേക്ക് മനുഷ്യന്റെ അധികാരം തിരിച്ച് പിടിക്കാൻ പുറപ്പെട്ട ഒരു സീക്രറ്റ് ഏജന്റിന്റെ കഥയിലൂടെ സയൻസിന്റെ ഭാവിയെ പറ്റിയുള്ള ഉൽക്കണ്ഠ രേഖപ്പെടുത്തുക കൂടിയാണ് ഗൊദ്ദാർദ് ഈ സിനിമയിലൂടെ പറയുന്നത്. അതോടൊപ്പം മനുഷ്യനാണ് ആത്യന്തികമായി വിജയം ഒരു യന്ത്രത്തിനും അവന്റെ ബുദ്ധിയെ മറികടക്കാനാവില്ല എന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

വ്യവസ്ഥാപിത സയൻസ് ഫിക്ഷൻ സിനിമകളിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ഗൊദ്ദാർദിന്റെ ആൽഫവില്ലെ. ടെക്നോളജിയുടെ മടുപ്പിക്കുന്ന ദൃശ്യങ്ങളോ യന്ത്രങ്ങളുടെ അതിബാഹുല്യമോ ഇല്ലാതെയാണ് ഗൊദ്ദാർദ് കഥ പറഞ്ഞ് പോകുന്നത്.

കമ്പ്യൂട്ടറുകൾ ഇപ്പോൾ മനുഷ്യന്റെ സന്തതസഹചാരിയായി മാറിയിട്ടുണ്ട്. കമ്പ്യൂട്ടറുകളുടെ  സേവനം ഉപയോഗിക്കാത്ത ആളുകൾ വളരെ കുറവായിരിക്കും. കമ്പ്യൂട്ടറുകൾ ഇനിയും കൂടുതൽ ഇടങ്ങളിൽ അതിന്റെ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. കുറച്ച് കഴിഞ്ഞ് ഈ കമ്പ്യൂട്ടറുകൾ മനുഷ്യന് മേൽ അധികാരം സ്ഥപിക്കുന്നതിനെ പറ്റി ആലോചിച്ച് നോക്കൂ. ജീവിതത്തിന്റെ സകല മേഖലകളിലും കമ്പ്യൂട്ടറുകൾ ആധിപത്യം സ്ഥാപിക്കുകയും മനുഷ്യൻ യന്ത്രങ്ങളുടെ അടിമയാകുകയും ചെയ്യുന്ന ഒരു കാലം. അത്തരം ഒരു കാലത്തെ കുറിച്ചുള്ള സിനിമയാണ് 1965 ൽ പുറത്തിറങ്ങിയ ആൽഫവില്ലെ. പ്രൊഫസ്സർ വോൺ ബ്രൌൺ എന്ന ശാസ്ത്രജ്ഞൻ നിർമ്മിച്ച ആൽഫ 60 എന്ന കമ്പ്യൂട്ടർ ആൽഫവില്ലെ എന്ന നഗരത്തിന്റെ ഭരണം പിടിച്ചടക്കുന്നു. എല്ലാ കാര്യങ്ങളും ആൽഫ 60 ആണ് തീരുമാനിക്കുന്നത്. മനുഷ്യനെ യന്ത്രങ്ങൾക്ക് സമാനമാക്കാനുള്ള  ശ്രമത്തിലാണ് ആൽഫ 60. അതുകൊണ്ട് തന്നെ മനുഷ്യരുടെ മൃദുലവികാരങ്ങൾ ആൽഫവില്ലെയിൽ നിരോധിക്കപ്പെട്ടു. പ്രണയം, കവിത ഇവക്കൊന്നും ആൽഫവില്ലെയിൽ സ്ഥാനമില്ല. അവ പ്രകടിപ്പിക്കുന്നവരെ നിർദ്ദയം വധിക്കും. സ്വന്തം ഭാര്യ മരിച്ചപ്പോൾ കരഞ്ഞതിന് ഒരാളെ വെടിവെച്ച് കൊല്ലുന്ന ദൃശ്യം നാം സിനിമയിൽ കാണുന്നുണ്ട്. അത് പോലെ “why“ എന്ന വാക്ക് ആൽഫവില്ലെയിൽ ഉപയോഗിക്കാൻ പാടില്ല.പകരം “because“ എന്ന വാക്ക് മാത്രമേ പാടുള്ളൂ. മനുഷ്യന്റെ സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതെന്തും അവിടെ നിരോധിച്ചു എന്നർഥം. അതേ സമയം ഐൻസ്റ്റൈന്റെ പ്രസിദ്ധമായ സമവാക്യം “E=mc2” ഒട്ടു മിക്ക സ്ഥലത്തും എഴുതിവെച്ചിട്ടുമുണ്ട്. ആൽഫവില്ലെക്ക് പുറത്തുള്ള ഭാഗത്തെ “ഔട്ടർകണ്ട്രീസ്” എന്നാണ് വിവക്ഷിക്കുന്നത്. ആൽഫവില്ലെയെ ‘ഗാലക്സി’ എന്നും പരാമർശിക്കുന്നുണ്ട്.

ഈ നഗരത്തിലേക്ക് ലെമ്മി കോഷ്യൻ എന്ന എഫ്ബിഐ ഏജന്റ് വരുന്നത് ഫോർഡ് ഗാലക്സി കാറിലാണ്. ലെമ്മി കോഷ്യൻ എന്ന കഥാപാത്രം യഥാർഥത്തിൽ ഗൊദ്ദാർദിന്റെ സൃഷ്ടിയല്ല. പീറ്റർ ചീനി എന്ന ബ്രിട്ടീഷ് നോവലിസ്റ്റിന്റെ ഒരു കഥാപാത്രമാണ് ലെമ്മി കോഷ്യൻ. കോഷ്യൻ ഈ സിനിമക്ക് മുൻപ്  തന്നെ പല സിനിമകളിലും സീരിയലുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എഡ്ഡി കോൻസ്റ്റാറ്റിൻ എന്ന നടനാണ് അത് ചെയ്തത്. അതേ നടനെ തന്നെയാണ് ഇവിടെയും ഗൊദ്ദാ‍ർദ് ഉപയോഗിച്ചത്.

ചിത്രത്തിൽ ലെമ്മി കോഷ്യന് മൂന്ന് ദൌത്യമാണുള്ളത്- ഹെന്റി ഡിക്സൺ എന്ന കാണാതായ സീക്രട്ട് ഏജന്റിനെ കണ്ടെത്തുക, ആൽഫവില്ലെ എന്ന നഗര സമുച്ചയം സൃഷ്ടിച്ച ശാസ്ത്രജ്ഞൻ പ്രൊഫസ്സർ വോൺ ബ്രൌണിനെ പിടിക്കുകയോ കൊല്ലുകയോ ചെയ്യുക, ആൽഫ 60 എന്ന അത്യാധുനിക കമ്പ്യൂട്ടർ നശിപ്പിക്കുക. എന്നിവയാണ് അവ.

ലെമ്മി കോഷ്യൻ ഫിഗാരോ പ്രാവ്ദ എന്ന പത്രത്തിന്റെ ലേഖകനായിട്ടാണ് ആൽഫവില്ലെയിൽ എത്തുന്നത്. ആൽഫവില്ലെയിൽ എത്തുന്ന ആരും അവിടെയുള്ള സിവിൽ കണ്ട്രോൾ ഡിപ്പാർട്മെന്റിൽ പേര് റജിസ്റ്റർ ചെയ്യണം. എന്നാൽ ലെമ്മി കോഷ്യൻ അത് ചെയ്യുന്നില്ല.. പക്ഷെ ലെമ്മി കോഷ്യൻറെ ഉദ്ദേശ്യം കമ്പ്യൂട്ടർ മനസ്സിലാക്കി എന്ന് വേണം കരുതാൻ, അയാളെ കൊല്ലാൻ മുറിയിൽ ആളെത്തി. പക്ഷെ ലെമ്മി കോഷ്യൻ ആ ആക്രമണത്തിൽ നിന്നും രക്ഷപെട്ടു. അവിടെ പ്രൊഫസ്സർ വോൺ ബ്രൌണിന്റെ മകളാണ് അയാളുടെ ഹോട്ടൽ റിസപ്ഷനിസ്റ്റ് ആയി വന്നത്. ആ സൗഹൃദം ഉപയോഗിച്ച് ആൽഫവില്ലെ മുഴുവൻ ചുറ്റിക്കറങ്ങാനും എല്ലാ ലക്ഷ്യങ്ങളും പൂർത്തിയാക്കാനും ലെമ്മി കോഷ്യന് കഴിഞ്ഞു.

കമ്പ്യൂട്ടറിന്റെ പൂർണനിയന്ത്രണത്തിൽ നിന്നും ആൽഫവില്ലെയെ രക്ഷിച്ചെടുക്കാനും കമ്പ്യൂട്ടർ നശിപ്പിക്കാനും ലെമ്മി കോഷ്യൻ നടത്തുന്ന ഇടപെടലുകളാണ് സിനിമ നമ്മെ കാട്ടിത്തരുന്നത്. ഗ്രാഫിക്സിന്റെയോ വിലകൂടിയ സെറ്റുകളുടെയോ സഹായമില്ലതെയാണ് ഗൊദ്ദാർദ് കഥ പറഞ്ഞ് പോകുന്നത്. ലളിതവും നേർരേഖയിലുള്ളതുമാണ് ഗൊദ്ദാർദിന്റെ കഥ പറച്ചിൽ രീതി. അക്കാലത്ത് ഗ്രാഫിക്സ് ഇല്ല താനും. പാരീസിലെ വൈദ്യുതി ബോർഡിന്റെ കെട്ടിടവും അക്കാലത്തെ പ്രശസ്തമായ ഹോട്ടൽ സ്ക്രൈബുമാണ് ചിത്രീകരണത്തിന് ഉപയോഗിച്ചതത്രെ. രാത്രിയിലാണ് സിനിമയുടെ മിക്കവാറും ഭാഗങ്ങൾ ചിത്രീകരിച്ചത്, അതും സ്വാഭാവികമായ പ്രകാശത്തിൽ.

1965 ൽ പുറത്തിറങ്ങിയ ഈ ചിത്രം ലോകത്തിലെ മികച്ച പത്ത്  ചിത്രങ്ങളിലൊന്നായാണ് പല നിരൂപകരും വിലയിരുത്തിയിരിക്കുന്നത്. ഇന്നും ആ സ്ഥാനം അതിന് നഷ്ടപ്പെട്ടിട്ടില്ല.


സിനിമയിലെ ചില ദൃശ്യങ്ങൾ

Leave a Reply