ഫ്ലൂ – മഹാമാരിയുടെ താണ്ഡവം


ബാലചന്ദ്രൻ ചിറമ്മൽ

2013 ൽ പുറത്തിറങ്ങിയ കിം സുങ്സു സംവിധാനം ചെയ്ത “ഫ്ലു” ഒരു മഹാമാരിയുടെ തീക്ഷ്ണത അതിന്റെ യഥാർഥ ഭീകരതയോടെ നമ്മുടെ മുന്നിൽ അനാവരണം ചെയ്യുന്ന സിനിമയാണ്.

ലോകം മുഴുവൻ കൊറോണയുടെ ഭീകരതാണ്ഡവത്തിൽ തരിച്ച് നിൽക്കുകയാണ്. കൊറോണയുടെ രണ്ടാം വരവ് പ്രതീക്ഷിച്ചതിലും ഭീകരമാണ് എന്നാണ് സൂചനകൾ. രോഗികളുടെ എണ്ണം പ്രതീക്ഷിച്ചതിലും അധികമാവുകയും ആരോഗ്യസംവിധാനം അതിനനുസരിച്ച് കൂട്ടാൻ കഴിയാതിരിക്കുകയും ചെയ്യുന്നത് ദുരന്തത്തിന്റെ ആഴം വർധിപ്പിച്ചേക്കും. എങ്കിലും മനുഷ്യൻ ഈ മഹാദുരന്തത്തേയും അതിജീവിക്കും.

ലോക സിനിമയിൽ മഹാമാരികൾ കഥാതന്തുവായി നിരവധി സിനികൾ പുറത്ത് വന്നിട്ടുണ്ട്. കണ്ടേജിയൻ, ഔട്ട്ബ്രെയിക്ക്, വൈറസ്(മലയാളം), ട്രെയിൻ റ്റു ബുസാൻ, 28 ഡെയ്സ് ലെയിറ്റർ അങ്ങിനെ എണ്ണം പറഞ്ഞ നിരവധി സിനിമകൾ ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ 2013 ൽ പുറത്തിറങ്ങിയ കിം സുങ്സു സംവിധാനം ചെയ്ത “ഫ്ലു” ഒരു മഹാമാരിയുടെ തീക്ഷ്ണത അതിന്റെ യഥാർഥ ഭീകരതയോടെ നമ്മുടെ മുന്നിൽ അനാവരണം ചെയ്യുന്ന സിനിമയാണ്. മനുഷ്യന്റെ സ്വാർഥതയും ജീവിതത്തോടുള്ള അടങ്ങാത്ത ആവേശവും അതിജീവിക്കാനുള്ള അനന്യമായ പോരാട്ടവും ഒക്കെ നമുക്ക് മുന്നിൽ തുറന്ന് വെക്കുകയാണ് സിനിമ. അതോടൊപ്പം വികസിതമുതലാളിത്ത രാജ്യങ്ങളുടെ സ്വാർഥതയും രാഷ്ട്രീയ ഇടപെടലുകളും സിനിമയിൽ ഇണക്കിച്ചേർത്തിട്ടുണ്ട്, ഭംഗിയായി തന്നെ.

ജു ബ്യാങ് വുയും ജു ബ്യാങ് കിയും സഹോദരങ്ങളാണ്. സോളിൽ കള്ളക്കടത്താണ് അവരുടെ തൊഴിൽ. അതും മനുഷ്യക്കടത്ത്. അത്തവണ ആളുകളെ കൊണ്ടു വന്ന കണ്ടെയിനറിൽ ഒരു കൂട്ടം ആളുകൾ അജ്ഞാതമായ രോഗം ബാധിച്ച് മരിച്ചതായി അവർ കണ്ടെത്തി. അവിടെ ജീവനോടെ കണ്ടെത്തിയ ഒരേ ഒരാളായ മോൺസ്സായിയെയും കൂട്ടി, അവിടെയുള്ള ദാരുണമായ ദൃശ്യത്തിന്റെ വീഡിയോയുമെടുത്ത് അവർ ബുദാങ്ങിലുള്ള ബോസ്സിന്റെ അടുത്തേക്ക് തിരിച്ചു. അതിനിടയിൽ വൂവിനെ അസുഖം ബാധിക്കുകയും മോൺസ്സായി അവരുടെ അടുത്ത് നിന്നും രക്ഷപ്പെട്ട് ഓടിപ്പോവുകയും ചെയ്തു. സഹോദരങ്ങൾ അടുത്തുള്ള ആശുപത്രിയിലേക്ക് പോയി. അവരിൽ നിന്നും ആശുപത്രിയിലുള്ള സകലമാന ജനങ്ങളിലേക്കും പുറത്ത് നഗരത്തിലേക്കും രോഗം പടർന്ന് കയറി.

അതേ സമയം ആശുപത്രിയിൽ ഡോക്റ്റർ കിം ഇൻ ഹേ അവരുടെ കയ്യിൽ നിന്നും വിലപ്പെട്ട ചില രേഖകൾ നഷ്ടപ്പെടുത്തിയതിന് മേലുദ്യോഗസ്ഥന്റെ ശാസനക്ക് വിധേയമാവുകയായിരുന്നു.  റെസ്ക്യൂ വിഭാഗത്തിൽ ജോലി ചെയ്യുന്ന കാങ് ജി ഗൂയും ബെ ക്യൂങ് ഊബും ആ രേഖകൾ കണ്ടെത്തി. ഡോക്റ്റർ ഇല്ലാത്തതിനാൽ അവർ ആ രേഖകൾ അവരുടെ മകൾ മി റൂവിനെ ഏൽപ്പിച്ചു.

ഇതിനിടയിൽ ബ്യാങ് വുന്റെ നില വഷളാവുകയും അയാൾ രക്തം ഛർദ്ദിക്കാൻ തുടങ്ങുകയും ചെയ്തു. ബ്യാങ് കി സഹോദരനെ എമെർജൻസി റൂമിൽ എത്തിക്കുകയും അവിടെ അയാളെ ഐസൊലേഷനിൽ ആക്കുകയും ചെയ്തു. രോഗം അജ്ഞാതമായ ഫ്ലു ആണെന്ന നിഗമനത്തിലാണ് അങ്ങിനെ ചെയ്തത്. അതിനിടയിൽ ഡോക്റ്റർ ഹേ അവരുടെ കയ്യിലുള്ള ഫോണിൽ അവർ എടുത്ത വീഡിയോ കാണുകയും രോഗം മ്യൂട്ടേഷൻ സംഭവിച്ച ഏതോ മാരക രോഗമാണ് എന്ന നിഗമനത്തിൽ എത്തുകയും ചെയ്തു. രോഗം മൂർഛിച്ച് ബ്യാങ് വൂ മരിച്ചു. ബ്യാങ് കിയിൽ നിന്നും ആശുപത്രിയിൽ രോഗം പടരുകയും ചെയ്തു. അടുത്ത ദിവസം കൂടുതൽ പേർക്ക് രോഗലക്ഷണങ്ങൽ കാണാൻ തുടങ്ങി. കൊറിയ ഡിസീസ് കണ്ട്രോൾ ആന്റ് പ്രിവെന്റ്ഷൻ ഏജൻസിയുടെ സഹായത്തോടെ ഹോസ്പിറ്റൽ അധികൃതർ കണ്ടൈനർ  കണ്ടെത്തുകയും മ്യൂട്ടേറ്റ് ചെയ്യപ്പെട്ട H5N1 രോഗമാണ് പടർന്ന് പിടിക്കുന്നത് എന്ന് കണ്ടെത്തുകയും ചെയ്തു.

ഇതിനിടെ മോൺസായി മി റുവിനെ ഒരു കാർ അപകടത്തിൽ നിന്നും രക്ഷപ്പെടുത്തി എങ്കിലും അവളെ ഉപേക്ഷിച്ച് പോയി. അയാൾക്ക് മനസ്സിലായി താനാണ് രോഗം പടർത്തുന്നത് എന്ന്. എമർജൻസി ടീമിലെ കാങ് ജി ബൂ, മി റുവിന്റെ  സഹായത്തോടെ മോൺസ്സായിയെ കണ്ടെത്താൻ നടത്തിയ ശ്രമം തൽക്കാലം വിജയിച്ചില്ല. ഒരു സ്ത്രീയെ രക്ഷിക്കാനുള്ള ശ്രമത്തിൽ ജിബൂ ഏർപ്പെട്ടപ്പോൽ മി റു അപ്രത്യക്ഷമാവുകയി.

ഈ സമയത്ത് നഗരത്തിൽ ആളുകൾ പരിഭ്രാന്തരായി പരക്കം പായാൻ തുടങ്ങി ക്വാറന്റൈൻ നടത്താനുള്ള ഭരണകൂടത്തിന്റെ ശ്രമം വലിയ തോതിൽ വിജയിച്ചില്ല എന്ന് മാത്രമല്ല കൂടുതൽ പരിഭ്രാന്തി ഉണ്ടാക്കാനേ അത് സഹായിച്ചുള്ളൂ.

പോലീസിന്റെയും പട്ടാളത്തിന്റെയും സഹായത്തോടെ ജനക്കൂട്ടത്തെ മുഴുവൻ സ്റ്റേഡിയത്തിലെ ക്വാറന്റൈൻ കേന്ദ്രത്തിലെത്തിക്കാൻ ഭരണകൂടത്തിനു കഴിഞ്ഞു. ചികിത്സ നടത്താം എന്ന് പറഞ്ഞാണ് ആളുകളെ അവിടെ എത്തിച്ചത്. ഡോക്റ്റർ ഇൻ ഹേക്ക് ഈ രോഗത്തിന് മരുന്നില്ല എന്ന് അറിയാമായിരുന്നു. അവരുടെ മകൾ കൂടിയായ മിറൂവിനു രോഗം പിടിക്കുകയും ചെയ്തു. മിറുവിനെ പുറത്തെത്തിക്കാനായിരുന്നു ഡോക്റ്റർ ഇൻഹേ യുടെ ശ്രമം. രോഗം ബാധിച്ച മോൺസ്സായിയുടെ ആന്റിജൻ എടുത്ത് മിറുവിന്റെ ശരീരത്തിൽ കുത്തി വെക്കാനായിരുന്നു ഇൻ ഹേയുടെ പരിപാടി. പക്ഷെ മിറു രോഗബാധിതയായ കാര്യം പട്ടാളം കണ്ടെത്തുകയും അവളെ ബലം പ്രയോഗിച്ച് ക്വാറന്റൈൻ സെന്ററിൽ എത്തിക്കുകയും ചെയ്തു.

ക്വാറന്റൈനിലെ മോശം അവസ്ഥയും രോഗികളെ കൂട്ടമായി കൊല്ലുകയാണ് എന്ന വ്യാജപ്രചരണവും ക്യാമ്പിൽ കലാപം ഉണ്ടാക്കി. ഇതിനിടെ മിറുവിന്റെ അസുഖം അൽഭുതകരമായി മാറി. അവളുടെ ആന്റി ബോഡി രോഗത്തിന് പ്രതിമരുന്നായി ഉപയോഗിക്കാൻ കഴിയും എന്ന് ഇൻ ഹേ കണ്ടെത്തി.

രോഗം മറ്റ് രാജ്യങ്ങളിലേക്ക് പടരാതിരിക്കാൻ മുഴുവൻ രോഗികളെയും കൊന്നൊടുക്കാൻ അമേരിക്കയുടെ സമ്മർദ്ദത്തെ തുടർന്ന് WHO നടത്തിയ ഇടപെടലുകളെ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി നിലകൊണ്ട കൊറിയൻ പ്രസിഡന്റ് അതിജീവിച്ചു. രാഷ്ട്രീയ നേതൃത്വത്തിൽ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം പ്രസിഡന്റിന്റെ കൃത്യമായ ഇടപെടലോടെ അവസാനിച്ചു. മിറുവിൽ നിന്നും രോഗത്തിന് മരുന്ന് നിർമിക്കാൻ കഴിയും എന്ന് മനസ്സിലായതോടെ  എല്ലാം ശാന്തമാവുകയും ചെയ്തു.

ഒരു പാൻഡമിക്കിനോടുള്ള ജനങ്ങളുടെയും ഭരണകൂടത്തിന്റെയും വ്യത്യസ്തമായ ഇടപെടലുകളും പ്രതികരണവും സിനിമയിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. അസാധാരണസാഹചര്യത്തിൽ പോലും സ്വന്തം ജീവൻ മറ്റുള്ളവർക്ക് വേണ്ടി ഉഴിഞ്ഞ് വെക്കാൻ തയ്യാറാവുന്നവരും എങ്ങിനെയും സ്വന്തം ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നവരുടെയും പ്രതിനിധികൾ സിനിമയിലുണ്ട്. അത് ജീവിതത്തെ നമുക്ക് മുന്നിൽ തുറന്ന് വെക്കുന്നു. നിസ്വാർഥത്തരായ മനുഷ്യരുടെ നീണ്ടനിര അവസാനിക്കുന്നില്ല എന്ന് സിനിമ പറയുമ്പോൾ ലോകത്തിന്റെ പല ഭാഗത്തും കോവിഡിനെതിരെ ജീവൻ പണയപ്പേപ്പെടുത്തി പോരാടുന്ന മനുഷ്യരെ ആദരിക്കുകയാണ് സിനിമ യഥാർഥത്തിൽ ചെയ്യുന്നത്. പാൻഡമിക്ക് പ്രതിപാദ്യമായി വരുന്ന നിരവധി ചിത്രങ്ങളിൽ സമകാലീന സാമൂഹ്യാവസ്ഥയിൽ ഫ്ലൂ മികച്ച് നിൽക്കുന്നു.


സയൻസ് ഫിക്ഷൻ സിനിമകളെ പരിചയപ്പെടുത്തുന്ന ഈ പംക്തിയിൽ പ്രസിദ്ധീകരിച്ച മറ്റു ലേഖനങ്ങൾ
Leave a Reply