Read Time:3 Minute

ഡോ.ദീപ.കെ.ജി

ഊർജതന്ത്രത്തിലും രസതന്ത്രത്തിലും വളരെയേറെ പ്രതിഭാസങ്ങളുടെ മാതൃകാ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ ഉപയോഗിക്കുന്ന ഒരു ഊഷ്മാവാണ് കേവല പൂജ്യം.

ശാസ്ത്രലോകത്തിൽ കേവല പൂജ്യം (absolute zero) എന്നറിയപ്പെടുന്ന താപനിലയുടെ പ്രാധാന്യം വളരെയേറെയാണ്. കൃത്യമായി പറയുകയാണെങ്കിൽ പൂജ്യം കെൽവിൻ അല്ലെങ്കിൽ -273.15 ഡിഗ്രി സെൽഷ്യസാണ് ഈ താപനില. ഊർജതന്ത്രത്തിലും രസതന്ത്രത്തിലും വളരെയേറെ പ്രതിഭാസങ്ങളുടെ മാതൃകാ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ ഉപയോഗിക്കുന്ന ഒരു ഊഷ്മാവാണ് കേവല പൂജ്യം. കേവല പൂജ്യത്തിലിരിക്കുന്ന ഒരു പദാർഥത്തിന്റെ ആന്തരിക ഊർജം (Internal energy) ഏറ്റവും കുറവായിരിക്കും. കേവല പൂജ്യത്തോടടുക്കുമ്പോൾ വസ്തുക്കൾ വളരെ അതിശയകരമായ സവിശേഷതകൾ പ്രകടിപ്പിക്കുന്നു. ഉദാഹരണത്തിന് ദ്രവരൂപത്തിലുള്ള ഹീലിയം സൂപ്പർ ഫ്ളൂയിഡ് (Superfluid) ആയി ഘർഷണമില്ലാതെ ഒഴുകുന്നു. കേവല പൂജ്യത്തോട് ഏറ്റവും അടുത്തുള്ള താപനില, അതായത് വെറും 100 നാനോ കെൽവിൻ മുകളിൽ വരെ, സൃഷ്ടിക്കാൻ ലബോറട്ടറിയിൽ സാധിച്ചിരിക്കുന്നു. കൃത്രിമമായി ലബോറട്ടറിയിൽ സൃഷ്ടിച്ച ഏറ്റവും കുറഞ്ഞ താപനിലയുടെ പുതിയ റെക്കോർഡാണ് ഇത്.

യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ബ്രെമെൻ ഡ്രോപ്പ് ടവർ കടപ്പാട്: European Space Agency

പദാർഥത്തിന്റെ അഞ്ചാമത്തെ അവസ്ഥയായി കണക്കാക്കുന്ന ബോസ്-ഐൻസ്റ്റൈൻ കണ്ടൻസേറ്റി (Bose-Einstein condensate) ലുള്ള റുബീഡിയം തന്മാത്രകളെക്കുറിച്ചുള്ള പഠനത്തിനിടയിലാണ് താപനില കേവലപൂജ്യത്തിലേക്ക് എത്തിക്കാൻ പറ്റിയത്. ഒരു ലക്ഷത്തോളം റുബീഡിയം (Rubidium) വാതക തന്മാത്രകളെ വാക്വം ചേംബറിനുള്ളിലാക്കുകയും അതിനുള്ളിൽ കാന്തിക മണ്ഡലം സൃഷ്ടിക്കുകയും ചെയ്തു. ഈ കാന്തികക്ഷേത്രം ഗുരുത്വാകർഷണത്തിനെതിരായി ചേംബറിനെ ചലിപ്പിക്കാൻ സഹായിക്കുന്നു. താപനില കുറയ്ക്കുന്നതിനുവേണ്ടി കൃത്രിമ ബഹിരാകാശ അന്തരീക്ഷത്തിൽ നിന്നുമാണ് പരീക്ഷണങ്ങൾ നടത്തിയത്. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ബ്രെമെൻ ഡ്രോപ്പ് ടവറിൽ നിന്നും 120 മീറ്റർ താഴേക്ക് പതിപ്പിച്ച ഈ ചേംബറിൽ കാന്തിക വലയം ഇടയ്ക്കിടെ നിർത്തലാക്കുന്നതുവഴി, ബഹിരാകാശത്തിലെപ്പോലെ ഗുരുത്വാ കർഷണമില്ലാതെ 17 സെക്കൻഡുകളോളം ചേംബർ പൊങ്ങികിടത്തുവാനും സാധിച്ചു. തന്മാത്രകളുടെ ചലനം ഏകദേശം നിലച്ച ഈ നിമിഷത്തിലാണ് ഏറ്റവും കുറഞ്ഞ താപനില കൈവരിക്കാൻ സാധിച്ചത്.


നവംബർ 2021 ലെ ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ചത്

അവലംബം

Scientists just broke the record for the coldest temperature ever recorded in a lab | Live Science

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post മലേറിയയ്ക്ക് ആദ്യ വാക്സിൻ
Next post ആർട്ടിക് മഞ്ഞുരുകൽ അടുത്ത ദുരന്തത്തിലേക്കോ?
Close