Read Time:30 Minute

സാധാരണക്കാർ ആയുർവേദം പോലെ നമ്മുടെ പാരമ്പര്യത്തിൽ അധിഷ്ഠിതമായ മഹത്തായ ഒരു ഗ്രന്ഥമായാണ് വൃക്ഷായുർവേദത്തെ കാണുന്നത്. പക്ഷേ,  വൃക്ഷായുർവേദത്തിന്റെ പേരിൽ പല തട്ടിപ്പുകളും അരങ്ങേറുന്നു എന്നതാണു വസ്തുത. വൃക്ഷായുർവേദ വൈദ്യന്മാർ വരെ അവതരിച്ചിട്ടുണ്ട്.  കൌടില്യന്റെ അര്‍ഥശാസ്ത്രം, കാശ്യപന്റെ കാശ്യപസംഹിത, വരാഹമിഹിരന്റെ ബൃഹത്സംഹിത, ശാര്‍ങ്ധരാചാര്യന്റെ ശാർങ്ധരസംഹിത തുടങ്ങിയ ചില സംസ്കൃത ഗ്രന്ഥങ്ങളില്‍ വൃക്ഷായുര്‍വേദ പരാമര്‍ശങ്ങളുണ്ടെങ്കിലും ഏകദേശം 1000 വർഷങ്ങള്‍ക്കു മുമ്പ് സുരപാലൻ എഴുതിയ വൃക്ഷായുർവേദം ആണ് മുഖ്യം. വൃക്ഷായുർവേദത്തെ ഉപജീവിച്ച് പല പുസ്തകങ്ങളുമുണ്ട്. ഇതിൽ വേറിട്ട് നിൽക്കുന്ന രണ്ടു വ്യത്യസ്ഥ തര്‍ജമ ഗ്രന്ഥങ്ങളാണ് ഏഷ്യൻ അഗ്രി-ഹിസ്റ്ററി ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച ഇംഗ്ലീഷിലുള്ള പരിഭാഷയും  (Vrikshayurveda: The Science of Plant Life) കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഡോ. എന്‍.വി.പി. ഉണിത്തിരിയുടെ ‘വൃക്ഷായുര്‍വേദഗ്രന്ഥങ്ങൾ ഒരു പഠനം’ എന്ന പുസ്തകവും. രണ്ടിലും സംസ്കൃതത്തിലുള്ള ശ്ലോകങ്ങളും കൊടുത്തിട്ടുണ്ട്. 

ആധുനിക കൃഷിരീതികള്‍ക്ക് സര്‍വത്ര കുഴപ്പമാണെന്ന് പറഞ്ഞുകൊണ്ട് തികച്ചും അശാസ്ത്രീയതകൾ ഉള്‍ക്കൊള്ളുന്ന ബദല്‍കൃഷി രൂപങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. “ഭൂതകാലക്കുളിർ” ബാധിച്ച ചിലർ  പഴയ “വൃക്ഷായുർവേദം” ഇപ്പോൾ  ചികഞ്ഞെടുത്ത് കൊണ്ടുവന്നിരിക്കയാണ്. “വൃക്ഷായുർവേദ കൃഷി” എന്ന പേരിൽ പ്രചാരണവും തുടങ്ങിയിട്ടുണ്ട്. പാരമ്പര്യം, ആയുർവേദം  എന്നൊക്കെ കേൾക്കുമ്പോൾ ശാസ്ത്രബോധമൊക്കെ മറന്നു ചാടി വീഴുന്ന വിദഗ്ധരുമുണ്ട്.  

വൃക്ഷായുർവേദവുമായി ബന്ധപ്പെട്ട് സംസ്കൃതഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ താരതമ്യം ആണ് ഡോ. ഉണിത്തിരി അദ്ദേഹത്തിന്റെ പുസ്തകത്തിൽ ചെയ്തിട്ടുള്ളത്. മലയാള ലിപിയിലുള്ള സംസ്കൃത ശ്ലോകങ്ങൾക്ക് പുറമെ അവയുടെ മലയാളത്തിലുള്ള തർജ്ജമയും കൊടുത്തിട്ടുണ്ട്. വൃക്ഷായുർവേദത്തിൽ പറയുന്ന കാര്യങ്ങളുടെ ശാസ്ത്രീയത, പ്രായോഗികത എന്നിവയിലേക്കൊന്നും അദ്ദേഹം കടക്കുന്നില്ല. അദ്ദേഹം എഴുതുന്നു: “ഈ മണ്ഡലത്തിൽ പഠന ഗവേഷണങ്ങൾ നടത്തുന്നവരും പ്രായോഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരാണ് മേൽപ്പറഞ്ഞ ആശയങ്ങളിലെ നെല്ലും പതിരും വേർതിരിച്ചറിയാൻ യോഗ്യർ”. അതായത് നെല്ലും പതിരും വേർതിരിച്ചറിയുകയാണ് ആദ്യം തന്നെ ചെയ്യേണ്ടത്! നാം കേൾക്കുന്ന ഒരു സ്ഥിരം പല്ലവിയാണ്, അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ ഇത്തരം അമൂല്യ “ശാസ്ത്രങ്ങളെ” ഗവേഷണ വിധേയമാക്കുന്നില്ല എന്നത്. ചിലരെ സംബന്ധിച്ചിടത്തോളം പ്രാചീന ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളതൊക്കെ അക്ഷരംപ്രതി ശരിയാണ്, പരീക്ഷണമേ ആവശ്യമില്ല, ഫലം ഉറപ്പായിരിക്കും! മേൽപ്പറഞ്ഞ രണ്ടു പുസ്തകങ്ങളും വായിച്ചതിന് ശേഷമുള്ള കുറച്ച് നിരീക്ഷണങ്ങൾ ഇവിടെ കൊടുക്കുന്നു. 

സുരപാലന്റെ വൃക്ഷായുർവേദത്തിൽ 325 ശ്ലോകങ്ങളുണ്ട്. ഇതിൽ പറഞ്ഞിരിക്കുന്ന മിക്കവാറുമെല്ലാ അവകാശവാദങ്ങളും പരീക്ഷണ വിധേയമാക്കാനോ കര്‍ഷകര്‍ക്ക് ചെയ്തു നോക്കാനോ സാധിക്കുന്നവയല്ല. ഒരു പരികല്പന (hypothesis) ഉണ്ടാക്കാതെ പരീക്ഷണം സാധ്യമല്ല. എന്നാൽ, ഇതിലെ പല ശ്ലോകങ്ങളിലും വിശ്വാസവും “അത്ഭുതങ്ങളും” കൂട്ടിക്കലര്‍ത്തിയാണ് പറഞ്ഞു പോയിരിക്കുന്നത്! പലതിനും ശാസ്ത്രീയ അടിത്തറയൊന്നുമില്ല, 

വൃക്ഷായുർവേദത്തിൽ ഒരു “കുണപജലത്തെ”പ്പറ്റി പറയുന്നുണ്ട്. ഈ “കുണപ” ഏതാണ്ട് ഒരു ഒറ്റമൂലി പോലെയാണ്. പോഷകമായും രോഗങ്ങൾക്കെതിരെയുമൊക്കെ പ്രയോഗിക്കാമെന്നാണ് സുരപാലന്‍ പറയുന്നത്! പക്ഷേ, ഇതില്‍ പറഞ്ഞതുപോലെ കുണപയുണ്ടാക്കുക അത്ര എളുപ്പമല്ല (ശ്ലോകങ്ങൾ 101-106). കുണപയുണ്ടാക്കുന്നത് എങ്ങിനെയെന്ന് സുരപാലന്‍ പറഞ്ഞപ്രകാരം താഴെ കൊടുക്കുന്നു (ഇംഗ്ലീഷ് പരിഭാഷയിൽ കൊടുത്തിരിക്കുന്ന ശ്ലോകങ്ങളുടെ നമ്പരുകളാണ് ബ്രാക്കറ്റിൽ). 

 “പന്നിയുടെ കാഷ്ഠം, മജ്ജ, മാംസം, തലച്ചോർ, രക്തം, ഇവ വെള്ളവുമായി കലര്‍ത്തി മണ്ണിന്റെ അടിയിൽ സൂക്ഷിക്കുന്നതാണ് കുണപ. അപ്രകാരം കുതിര, പന്നി, മല്‍സ്യം എന്നിവയുടെയും ചെമ്മരിയാട്, കോലാട് മുതലായ കൊമ്പുള്ള മൃഗങ്ങളുടെയും കൊഴുപ്പ്, മജ്ജ, മാംസം എന്നിവ ലഭ്യതയനുസരിച്ച് ശേഖരിച്ചു സൂക്ഷിക്കണം. ഇവ വെള്ളവുമായി മിശ്രണം ചെയ്ത് മിനുസപ്പെടുത്തിയ കലത്തിൽ ആവശ്യത്തിന് ഉമി ചേര്‍ത്ത് തിളപ്പിച്ച് മൂടി വെക്കുക. ഒരു ഇരുമ്പു കലത്തില്‍ ഇവ വറത്തെടുത്ത്, ശേഷം എള്ളിന്‍ പിണ്ണാക്ക്, തേന്‍ എന്നിവ ചേര്‍ക്കണം. ഉഴുന്ന് കുതിര്‍ത്തതും കുറച്ചു പശുവിൻനെയ്യും കൂടി ചേര്‍ക്കണം. മുകളില്‍ പറഞിരിക്കുന്നവ യുക്തം അനുസരിച്ചു  എടുക്കുക. അവയ്ക്കൊന്നിനും പ്രത്യേക അളവുകള്‍ വിധിച്ചിട്ടില്ല. യോഗ്യനായവന്‍ ഒന്നിന് പുറകെ ഒന്നായി ഇവ എടുത്തു പാത്രങ്ങളിലാക്കി ഇളം ചൂടുള്ള സ്ഥലത്തു വെക്കും. ഇങ്ങനെ തയ്യാറാക്കുന്ന കുണപജലം വൃക്ഷങ്ങള്‍ക്ക് വളരെ പോഷകദായകമാണ്. ഇതിന്റെ തയ്യാറിപ്പു പണ്ട് മുനിമാര്‍ പറഞ്ഞതനുസരിച്ച്  ഞാന്‍(സുരപാലന്‍) ആവര്‍ത്തിക്കുന്നു എന്നു മാത്രം”.

ഇതില്‍ പറഞ്ഞതുപോലെ കുണപയുണ്ടാക്കാൻ പറ്റുമോ? സാധിക്കുമെങ്കിൽ തന്നെ, എത്ര ജുഗുപ്സാവഹമാണ് എന്നു ആലോചിച്ചു നോക്കൂ. 

പന്നി, കാട്ടുപന്നി, പശു, കാള, കടുവ, മാൻ, ആന, കുതിര, കുറുക്കൻ, പൂച്ച, കുരങ്ങ്,  നീര്‍പ്പന്നി,  മുയൽ, കോഴി, പ്രാവ്, തത്ത, കാള, പശു, ആട്, ചെമ്മരിയാട്, മുതല, പെരുമ്പാമ്പ്, ചേര, കരിമീൻ പോലുള്ള മത്സ്യങ്ങൾ തുടങ്ങി ഒരു വിധം എല്ലാ ജന്തുക്കളുടെയും മാംസം കൊണ്ടുള്ള പ്രയോഗത്തെപ്പറ്റി പറയുന്നുണ്ട്. മനുഷ്യമാംസം വരെയുണ്ട്! ആകെയുള്ള 325 ശ്ലോകങ്ങളിൽ 65 എണ്ണത്തിലും ഏതെങ്കിലും തരത്തിലുള്ള മാംസ പ്രയോഗമുണ്ട്. കൃഷിക്കാർ എങ്ങിനെയാണ് ഇതൊക്കെ ഉണ്ടാക്കുക? ഇന്നത്തെ കാലത്ത് ഇവയൊക്കെ ഉണ്ടാക്കുവാന്‍ എന്തു ചിലവ് വരും? മാത്രമല്ല, ഇവ അതേപടി നടപ്പിലാക്കാൻ പോയാൽ കേസുമായി കോടതി കയറേണ്ടിവരില്ലേ? (പലതും സംരക്ഷിത മൃഗങ്ങളാണ്). 

മനുഷ്യമാംസത്തിനും വൃക്ഷായുർവേദത്തിൽ സ്ഥാനമുണ്ട് എന്നത് അതിശയകരമായി തോന്നുന്നു.  അന്നത്തെ കാലത്ത് മനുഷ്യമാംസം കിട്ടിയിരുന്നത് എങ്ങിനെയായിരുന്നു ആവോ? ഇത്തരം പ്രയോഗങ്ങളൊക്കെ അന്നത്തെ സമൂഹം അനുവദിച്ചു കൊടുത്തിരുന്നോ എന്ന സംശയം ബാക്കി നിൽക്കുന്നു. മനുഷ്യ മാംസത്തിന്റെ ഉപയോഗം ഇങ്ങിനെ: 

പൂവൻ കോഴിയുടെ രക്തം പല പ്രാവശ്യം തളിച്ച മാതളവിത്തുകൾ ഉണക്കിയെടുത്തതിന് ശേഷം ഉടൻ നടുകയും മനുഷ്യ മാംസവും മജ്ജയും ഉപയോഗിച്ച് പുകക്കുകയും ചെയ്താൽ മാതളത്തിൽ ഉടൻ കായ്കളുണ്ടാവും(280).

വിത്തുകൾ അങ്കോലഎണ്ണ, മൽസ്യം, ഗംഗാനദിയിലെ നീർപന്നി (gangetic porpoise), മനുഷ്യൻ, പന്നി, മുതല, എന്നിവയുടെ മാംസവും ചേർത്ത് കൾച്ചർ ചെയ്തു ഉണക്കി വിതക്കുകയും തേങ്ങാ വെള്ളം ഉപയോഗിച്ച് പോഷിപ്പിക്കുകയും ചെയ്താൽ ഉടൻ പൂക്കളുണ്ടാവുകയും കായ്ക്കുകയും ചെയ്യും(281).

സുന്ദരിയായ ഒരു യുവതി വീഞ്ഞ് വായിലെടുത്ത് ബകുള എന്ന മരത്തിന്റെ ചില്ലകളിൽ തുപ്പിയാല്‍ ഉടൻ പൂവിടും (147); മകണ്ട മരത്തിൽ പൂമൊട്ടുകൾ വിരിയാൻ യൌവനയുക്തയായ ഒരു സുന്ദരിയുടെ നഖക്ഷതമേറ്റാൽ മതിയാകും (148); അശോകം പൂവിടാൻ കാമദേവന്റെ കൊടിക്കൂറക്ക് യോജിച്ച വിധം അതിമനോഹരിയായ ഒരു യുവതി അവളുടെ ചെമ്പഞ്ഞിച്ചാറ് പൂശീയ, കിലുങ്ങുന്ന കാൽലച്ചിലമ്പുകളുള്ള, താമരക്ക് തുല്യമായ മനോഹരമായ കാല് കൊണ്ട്, വിലാസവതിയായി  ഒന്നു തൊഴിച്ചാല്‍ മതി (149); കുറിഞ്ഞി, തിലക എന്നീ മരങ്ങൾ പൂവിടുന്നതിനു അതിനിപുണയായ  ഒരു സുന്ദരി തന്റെ കിലുങ്ങുന്ന വളകളിട്ട, താമരതണ്ടു പോലെ മനോഹരമായ  കൈവല്ലികളാൽ വിലാസമധുരമായി കെട്ടിപ്പുണർന്നാൽ മതിയാകും (150). ശ്യാമ എന്ന വള്ളിച്ചെടി പൂക്കുന്നതിന് അടുത്തുള്ള വൃക്ഷത്തെ നവവധുവിനെപ്പോലെ അണിയിച്ചൊരുക്കി വിവാഹം കഴിപ്പിക്കണം (151). 

മേൽപ്പറഞ്ഞ നിർദേശങ്ങളുടെ ഒരു പ്രധാന പ്രശ്നം മരങ്ങളെ  പുരുഷന്മാരെപ്പോലെ കാണുന്നു എന്നതാണ്. ദ്വിലിംഗ പുഷ്പങ്ങൾ  ഉല്പ്പാദിപ്പിക്കുന്ന വൃക്ഷങ്ങൾക്ക് ജൻഡർ ആരോപിക്കുന്നത് ശരിയോ? മാത്രമല്ല,  വൃക്ഷങ്ങൾക്ക് സുന്ദരിയാണോ, യുവതിയാണോ, വിലാസവതിയാണോ എന്നൊക്കെ തിരിച്ചറിയാൻ കഴിയുമോ?

കീടങ്ങളെ അകറ്റുന്നതിന് മന്ത്രമാണ് നിര്‍ദേശിക്കുന്നത്! ഈ മന്ത്രം ഫലിക്കുകയാണെങ്കില്‍ തീര്‍ച്ചയായും മഹാത്ഭുതമായിരിക്കും! അതിങ്ങനെ: എലികള്‍, കിളികൾ, കീടങ്ങൾ, ഉറുമ്പുകൾ, എന്നിവയെ അകറ്റുന്നതിന് വാഴയിലയിൽ അരക്കു കൊണ്ട് ഒരു മന്ത്രമെഴുതി കൃഷിയിടത്തിന്റെ നടുക്ക് ത്രികോണാകൃതിയില്‍ കുഴിച്ചിടണം. ഇതാണ് മന്ത്രം: 

“ഓം സ്വസ്തി! യജമാനന്മാരുടെ യജമാനനും സ്വന്തം പരാക്രമത്തിലൂടെ സൂര്യനെ കീഴടക്കിയവനും, ദുരന്തങ്ങളിൽ അതീവ ശൌര്യം പ്രകടിപ്പിച്ചവനും സർവവിജയ കാലടികൾക്കുടമയുമായ കിഷ്കിന്ധ്യയിൽ നിന്നുള്ള ഭഗവാൻ ഹനുമാൻ ഈ കൃഷിയിടത്തിലെ എലി, നച്ചെലി, പുൽച്ചാടികൾ, മൂട്ടകൾ, പാറ്റകൾ, എന്നിവയോട് ആഞ്ജാപിക്കുകയാണ്. ഈ കല്‍പന കണ്ടാലുടൻ തന്നെ ഈ കൃഷിയിടം വിട്ടു മറ്റെവിടെയെങ്കിലും പൊയ്ക്കൊള്ളണം! അല്ലാത്തപക്ഷം, സർവ്വശക്തനായ രാജാവു തന്റെ ശക്തിമത്തായ വാൽ കൊണ്ടടിച്ച് നിങ്ങളെ കൊല്ലുകയും നശിപ്പിക്കുകയും ചെയ്യും. ഹും! ഫട്! സ്വാഹ!”

ഈ മന്ത്രം വാഴയിലയില്‍ മുന്‍പറഞ്ഞ പ്രകാരം എഴുതി ഉരുവിട്ടതിന് ശേഷം മണ്ണിൽ കുഴിച്ചിടണം!( ശ്ലോകങ്ങൾ 160-164).

സൂരപാലന്‍ 23 തരം  സസ്യാദ്ഭുതങ്ങളെപ്പറ്റി  പറഞ്ഞിട്ടുണ്ട്. പൂകളുടെ നിറം മാറാനും, അകാലത്തിൽ ഫലങ്ങളുണ്ടാകാനും, ഫലങ്ങളിൽ നിന്ന് കുരുവില്ലാതാക്കാനും, മരങ്ങളെ വള്ളിയാക്കി മാറ്റാനും,  വാഴയിൽ നിന്ന് മാതള നാരങ്ങാ ഉണ്ടാക്കുന്നതിനും വിദ്യകളുണ്ട്! ഇവയൊക്കെ ആരെങ്കിലും പരീക്ഷിച്ചു നോക്കി സംതൃപ്തി അടഞ്ഞതായി അറിവില്ല. വിസ്തരഭയത്താൽ മൂന്നു വിദ്യകൾ മാത്രം കൊടുക്കുന്നു. 

പെൺപന്നിയുടെ കൊഴുപ്പിൽ പൊതിഞ്ഞ നല്ല വിത്തിൽനിന്ന് മുളച്ചതും വയമ്പ് വെള്ളംകൊണ്ടു കുളിർക്കെ നനച്ച് വളർത്തിയതുമായ കുമ്പളം, വഴുതിന, പടവലം എന്നിവക്ക് കുരുവില്ലാത്ത ഫലങ്ങൾ എപ്പോഴും ഉണ്ടാകും (234).

ബകുള മരത്തിന്റെ വേരിനുചുറ്റും കടലക്കയോടൊപ്പം പെരുമ്പാമ്പിന്റെ ഉറ വീണ ചെളിമണ്ണ്   ഇട്ടു നിറക്കുകയും ഇറച്ചി വെള്ളം കൊണ്ട് നിരന്തരം നനക്കുകയും ചെയ്താൽ ചെമ്പക പൂക്കൾ വിരിയും (245).

വാഴച്ചെടികൾക്ക് പന്നിക്കൊഴുപ്പ്, തേൻ, അങ്കോല എന്നിവ ചേർത്ത  വെള്ളം  കൊണ്ട് നനച്ചു കൊടുത്താൽ വാഴപ്പഴങ്ങൾക്ക് പകരം  മാതളപ്പഴങ്ങൾ  ഉണ്ടായി അദ്ഭുതം സൃഷ്ടിക്കുന്നതാണ് (246).   

ആയുര്‍വേദത്തിലെപ്പോലെ വാതം, പിത്തം, കഫം, എന്നിവകൊണ്ടാണ്  ചെടികൾക്കും രോഗം വരുന്നത്.  പന്നിമാംസം, മജ്ജ, പാല്‍, വെണ്ണ, നെയ്യ്, മദ്യം, വീഞ്ഞ്, കുതിരരോമം, പശുവിന്റെ കൊമ്പ്, തേൻ, പശുവിന്‍പാൽ, ആനക്കൊമ്പ്പൊടി, ആനപ്പാല്‍, മാട്ടിറച്ചി (beef), പ്രാവിന്റെ മാംസം എന്നിവയൊക്കെ ചികിത്സാ വിധികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയൊക്കെ ആധുനിക കാലത്തു എങ്ങിനെ നടപ്പിലാക്കും? മാത്രമല്ല, ഈ ചികില്‍സാവിധികൾ വടക്കേ ഇന്ത്യയിൽ  നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും സാധിക്കില്ല!

സുരപാലന്റെ പുസ്തകം ഇംഗ്ലിഷില്‍ തയ്യാറാക്കാൻ മുന്‍കയ്യെടുത്ത ഡോ. വൈ. എല്‍. നെനെ ഈ പുസ്തകത്തിൽ കൊടുത്തിരിക്കുന്ന റിവ്യൂവിൽ എഴുതുന്നു. “I am unable to comprehend the use of some materials such as cow horn, tiger flesh, elephant milk, and horse hair. Likewise, it is difficult for me to accept the remedy prescribed in verse 159 to prevent hail shower” (ചോറീൽ തൈരൊഴിച്ചു ഇളക്കി കൃഷിയിടം മുഴുവൻ വിതറിയാൽ മഞ്ഞു മഴ പെയ്യുന്നത് തടയാനാവും).

വൃക്ഷായുർവേദത്തിൽ നിരുപദ്രവകരമായ ചില നിർദേശങ്ങളുമുണ്ട്. പക്ഷേ, പ്രസ്താവനകളുടെ സത്യാവസ്ഥ സംശയകരമാണ്! ഭൂമിയിൽ അഞ്ച് വൃക്ഷങ്ങൾ നട്ടു വളർത്തുന്നതാണ് പത്ത് പുത്രന്മാരെക്കാൾ ഭേദം; എന്തെന്നാൽ അവ ഇലകളും, പൂക്കളും, കായ്കളും, നീരുകളും കൊണ്ട് പിതൃക്കളെ തൃപ്തിപ്പെടുത്തും (5). പത്ത് കിണറുകൾക്ക് തുല്യമാണ് ഒരു കുളം, പത്ത് കുളത്തിന്നു തുല്യമാണ് ആഴമേറിയ ഒരു തടാകം, അത്തരം പത്ത് തടാകങ്ങൾക്ക് തുല്യമാണ് ഒരു പുത്രൻ. പത്ത് പുത്രന്മാർക്ക് തുല്യമാണ് ഒരു വൃക്ഷം (6). പുത്രിമാരുടെ കാര്യം പറയുന്നില്ല. വിധി പ്രകാരം രണ്ടു പേരാൽ  നടുന്നവൻ ശിവലോകത്തിൽ എത്തിച്ചേരുമെന്ന് മാത്രമല്ല, അപ്സരസ്സുകൾ അവനെ സേവിക്കുകയും ചെയ്യും (13). സ്ത്രീകൾ നട്ടാൽ എന്തു സംഭവിക്കും?  അപ്സരസ്സുകൾ സ്ത്രീകളെ സേവിക്കാൻ സാധ്യതയില്ലല്ലോ? ഒരു അരയാൽ, ഒരു വേപ്പ്, ഒരു പേരാൽ, പത്ത് പുളി, അഞ്ച് മാവ്, മൂന്നു വിളാർമരവും, കൂവളവും, നെല്ലിയും എന്നിവ നട്ട്  പിടിപ്പിക്കുന്നവൻ നരകം കാണുകയില്ല (23). വീട്ടിൽ എല്ലായ്പ്പോഴും ഏതുതരം മരങ്ങളുടെയും നിഴൽ വീഴുന്നത് ഒഴിവാക്കണം. പൊന്മരമായാലും വീട്ടുവാതുക്കൽ നടരുത് (28). 

പുതുതായി നട്ട ചെടികളെ വെയിൽ കൊള്ളാതെ സംരക്ഷിക്കണമെന്ന് പറയുന്നത് (108) മനസ്സിലാക്കാം, പക്ഷേ, ഇളം ചെടി വളരുന്നതിന് അനുസരിച്ച് മത്സ്യം, മാംസം, എള്ള് എന്നിവ ചേർത്ത് വേവിച്ച് കഞ്ഞി പോലെയാക്കി തണുപ്പിച്ച് ഏഴു ദിവസം കൂടുമ്പോൾ നൽകണമെന്നത് (107) ഇന്നത്തെ കാലത്ത് നടക്കുമോ?    

വൃക്ഷായുർവേദം വായിക്കുന്ന ഒരാള്‍ക്ക് മനസ്സിലാവുന്ന പ്രധാനപ്പെട്ട ഒരുകാര്യം ഇതിൽ  ചാണകത്തിന്റെ ഉപയോഗത്തെപ്പറ്റി കാര്യമായ പരാമർശങ്ങളില്ല എന്നതാണ് (ഗോമൂത്രവും). അതായത്, 1000 വര്‍ഷങ്ങള്‍ക്കപ്പുറം ചാണകം ഉപയോഗിക്കുന്ന പരിപാടി കൃഷിയില്‍ ഇല്ലായിരുന്നോ? പന്നിക്കാഷ്ടമാണ് പല പരിപാടികള്‍ക്കും സുരപാലൻ നിര്‍ദേശിച്ചിട്ടുള്ളത്. വൃക്ഷായുര്‍വേദകര്‍ത്താവ് ആമുഖത്തിൽ തന്നെ പറയുന്നുണ്ട്, മുനിമാർ പറഞ്ഞത് പകര്‍ത്തുക മാത്രമാണു താന്‍ ചെയ്യുന്നതെന്ന്!

മറ്റൊരു കാര്യം മാംസഉപയോഗത്തിന്റെ ആധിക്യമാണ്. അറിയാവുന്ന ഒരു ജന്തുവിനെയും വെറുതെ വിട്ടിട്ടില്ല! പെരുമ്പാമ്പ്, കടുവ, മനുഷ്യൻ, പശു,  കാള എല്ലാമുണ്ട് (സിംഹത്തിന്റെ പേര് കണ്ടില്ല). അന്നത്തെ ജനസമൂഹം മുഴുവൻ മാംസഭോജികളായിരുന്നു എന്ന് കരുതേണ്ടി വരുമോ? വാസ്തവത്തില്‍, മാംസഭോജികള്‍ക്ക് മാത്രമേ ഇതില്‍ പറഞ്ഞത് പോലെ മാംസം കൈകാര്യം ചെയ്യാൻ കഴിയൂ. വൃക്ഷായുർവേദം പ്രചരിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവർക്ക്  ഈ “മാംസനിബിദ്ധ കുണപ” വലിയ പ്രശ്നമായി. വടക്കേ ഇന്ത്യയില്‍ ഇത് കലാപങ്ങൾ വരെയുണ്ടാക്കും  എന്നു മനസ്സിലായപ്പോൾ ഒരു “ഹെര്‍ബൽ  കുണപ” അവതരിപ്പിച്ചു.   ഇതും സുരപാലന്റെ കുണപയുമായി ഒരു ബന്ധവുമില്ല! സുരപാലന്റെയോ  മറ്റ് വൃക്ഷായുർവ്വേദഗ്രന്ഥങ്ങളിലോ  ഇങ്ങനെയൊരു ഹെർബൽ കുണപയില്ല!    

നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ള ചില നാടൻ പ്രയോഗങ്ങളുണ്ട്. ചാണകം വെള്ളത്തില്‍ കലക്കി 3-4 ദിവസം വെച്ചിരുന്ന് തെളി നേര്‍പ്പിച്ച് റോസ് പോലുള്ള ചെടികള്‍ക്ക് ഉപയോഗിക്കാറുണ്ട്. പിണ്ണാക്ക് പുളിപ്പിച്ചു ഉപയോഗിക്കുന്നതും പതിവാണ്. സാധാരണ ഉപയോഗിയ്ക്കുന്ന രാസവളങ്ങള്‍ക്കും   ജൈവവളങ്ങള്‍ക്കും  പുറമേയാണ് ഇവയുടെ പ്രയോഗം. ഇതെല്ലാം കുണപയാണെന്നും വൃക്ഷായൂര്‍വേദമാണെന്നും ചിലരൊക്കെ വ്യാഖ്യാനിക്കുന്നുണ്ട്. ഇതൊന്നും കുണപയല്ല, നമ്മുടെ നാട്ടുകാർ അനുഭവങ്ങളിലൂടെ ഉരുത്തിരിച്ചെടുത്ത ശാസ്ത്ര പിന്‍ബലമുള്ള പ്രയോഗങ്ങളാണിവ. ചുരുക്കത്തില്‍, വേദകാലത്തെ “ഹരിത കഷായം”,“വേദിക് റൈസ്” എന്നൊക്കെ പേരിട്ട് സാമാന്യ ജനങ്ങളെ  വീഡ്ഡികളാക്കുന്ന പരിപാടി തുടരുന്നത് ന്യായീകരിക്കാനാവില്ല. അതുപോലെ തന്നെ, സുരപാലന്‍ പറയാത്ത ഹെര്‍ബൽ കുണപയും, ഹരിത കഷായവൂം എങ്ങിനെയാണ് വേദകാലത്തെയാണെന്ന് പറയാണ്‍ സാധിക്കുക?

വൃക്ഷായുർവേദം ഏതു അളവ് വെച്ച് നോക്കിയാലും അശാസ്ത്രീയമാണ്.  വൃക്ഷായുർവേദത്തിൽ പറഞ്ഞിരിക്കുന്ന അദ്ഭുതങ്ങൾ പുന:സൃഷ്ടിക്കാൻ  ആർക്കെങ്കിലും കഴിയുമോ?  സുരപാലന്റെ കാലത്തു പോലും ആരെങ്കിലും ഇതൊക്കെ പ്രയോഗിച്ചു ഗുണഗണങ്ങൾ അനുഭവിച്ചിരിക്കാനും സാധ്യതയില്ല. കൃത്യമായി മനസ്സിലാക്കണമെങ്കിൽ പുസ്തകം പൂർണമായും വായിച്ച് നോക്കണം. പലരും ഉപരിപ്ലവമായാണ് കാര്യങ്ങളെ കാണുന്നതെന്ന് തോന്നുന്നു. വൃക്ഷായുർവേദത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊന്നും പാരമ്പര്യ അറിവുകൾ ആയി അംഗീകരിക്കാൻ പറ്റുന്നവയല്ല. പാരമ്പര്യ കൃഷി അറിവുകൾക്കും പ്രാദേശിക അറിവുകൾക്കും കൃഷിയിൽ സ്ഥാനമുണ്ട് എന്നത് അംഗീകരിച്ചുതന്നെയാണ് കൃഷിശാസ്ത്രം   മുമ്പോട്ടു പോവുന്നത്! അതായത്, പാരമ്പര്യ അറിവുകളും, ജൈവകൃഷി മുറകളും, ആധുനിക അറിവുകളും ചേർന്നതാണ് കൃഷി ശാസ്ത്രം. പക്ഷേ, പരിഷ്കരിക്കേണ്ടവ പരിഷ്കരിക്കുകയും  ഉപേക്ഷിക്കേണ്ടവ ഉപേക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്!

കൃഷി തന്നെ ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുള്ള നാട്ടിലാണ് നാം ജീവിക്കുന്നത്. കൃഷി ലാഭകരമാക്കാനും കൃഷിക്കാരെ അതിൽ പിടിച്ചു നിർത്താനുമുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനു പകരം അശാസ്ത്രീയ ബദലുകൾ കുറുക്കു വഴികളായി ആരും കരുതരുത്! കീടനാശിനികൾ മാത്രമല്ല രാസവളവും കൊടും വിഷമാണെന്നും അവ കൃഷിയിൽ അടുപ്പിക്കരുതെന്നുമുള്ള പൊതുബോധം ഉണ്ടാക്കിയെടുക്കുന്നതിൽ കൃഷി ബിരുദധാരികളും നല്ല പങ്ക് വഹിച്ചിട്ടുണ്ട്. പല കപടകൃഷി രീതികളും അരങ്ങ് തകര്‍ക്കുന്നത് ജൈവകൃഷിയുടെ പേരിലാണ്. “വൃക്ഷായുർവേദ ജൈവകൃഷി” എന്നൊരു പ്രയോഗം പോലും കണ്ടു. ജൈവകൃഷി ഹിംസാന്മകമല്ല. അന്തരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരം കൃഷി ചെയ്താലേ ജൈവകൃഷിയാകൂ. അതായത്, തോന്നുന്നതെല്ലാം ചെയ്യാന്‍ പറ്റില്ല. പറയുന്നതെന്തും വിശ്വസിക്കാതെ ശാസ്ത്രീയമായി ചിന്തിക്കാനും  കപടശാസ്ത്രങ്ങളെ തിരിച്ചറിയാനും  കൃഷി ഉദ്യോഗസ്ഥന്മാരും, ഗവേഷകരും,  കര്‍ഷകരും, സാധാരണക്കാരും  പഠിക്കേണ്ടതുണ്ട്!

പരീക്ഷണങ്ങൾക്കോ സാമാന്യ ബുദ്ധിക്കോ വഴങ്ങാത്ത “വൃക്ഷായുർവേദം” കൃഷി വകുപ്പോ കേരള കാര്‍ഷിക സര്‍വകലാശാലയോ ഇതേവരെ അംഗീകരിച്ചിട്ടില്ല. ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തി തെളിവുകൾ ഉണ്ടെങ്കിൽ  മാത്രമേ അവര്‍ക്ക്  ഇത് ശുപാര്‍ശയായി നല്കാൻ കഴിയൂ. ഇതിൽ പറഞ്ഞിരിക്കുന്ന ഭൂരിഭാഗവും പരീക്ഷണങ്ങള്‍ക്ക് വഴങ്ങുന്നവയല്ല എന്നതാണ് പ്രശ്നം.  ചില ശ്ലോകങ്ങളിൽ നൈതിക പ്രശ്നങ്ങളുമുണ്ട്.  വ്യക്തമായ തെളിവുകള്‍ ഇല്ലാതെ, കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പരിപാടികളിൽ നിന്ന് ബന്ധപ്പെട്ടവർ  പിന്‍മാറണമെന്ന് അഭ്യര്‍ഥിക്കുകയാണ്!

ആധാര ഗ്രന്ഥങ്ങൾ 

  1. Sadhale, N. 1996. Surapala’s Vrikshayurveda (The Science of Plant Life by Surapala). Translation of the original work of Surapala with commentaries. Asian Agri-History Foundation, Secunderabad, 94p. 
  2. ഉണിത്തിരി, എൻ. വി. പി. 2007വൃക്ഷായുര്‍വേദഗ്രന്ഥങ്ങൾ ഒരു പഠനം. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 224 പേജുകൾ
Happy
Happy
33 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
17 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ബാറ്ററികളുടെ ഊർജക്ഷമത വർദ്ധിപ്പിക്കാനുള്ള ഒരു അന്വേഷണം
Next post ഓട്ടിസം – അറിയേണ്ട കാര്യങ്ങൾ
Close