Read Time:75 Minute

 

ഡോ.കെ.പി.അരവിന്ദന്‍

ടെലിവിഷൻ സ്ക്രീനിൽ നാം കാണാറുള്ള പരസ്യങ്ങളിൽ സ്ഥിരമായി – പ്രത്യക്ഷപ്പെടുന്ന ചില കഥാപാത്രങ്ങളുണ്ട്. വെള്ളക്കോട്ടും സ്റ്റെതകോപ്പും ധരിച്ച്, ആധികാരികതയോടെ സംസാരിക്കുന്ന ഡോക്ടർ. നീലയും ചുവപ്പും ലായനികളടങ്ങിയ ടെസ്റ്റ് ട്യൂബുകളുമായി പ്രത്യക്ഷപ്പെടുന്ന ശാസ്ത്രജ്ഞർ. ഇവരൊന്നും യഥാർഥ ഡോക്ടറോ ശാസ്ത്രജ്ഞരോ അല്ലെന്നു നമുക്കെല്ലാമറിയാം. നമ്മുക്കൊണ്ട് സോപ്പും പേസ്റ്റും ക്രീമുകളും മറ്റും വാങ്ങിപ്പിക്കാനായി പല വേഷങ്ങളിൽ എത്തുന്ന മോഡലുകൾ ആണിവർ. എന്നാൽ ഇവർ പ്രത്യക്ഷപ്പെടുന്നത് ശാസ്ത്രത്തിന്റെ പ്രതീകങ്ങളായിട്ടാണ്.

– അഞ്ഞൂറു വർഷം മുമ്പായിരുന്നെങ്കിൽ – അന്ന് ടെലിവിഷൻ ഉണ്ടായിരുന്നെങ്കിൽ – എന്തായിരുന്നേനെ സ്ഥിതി? ഒരു പക്ഷേ, പൂണുലോ ളോഹയാ ധരിച്ച പുരോഹിതനായിട്ടായിരിക്കും ഇവരുടെ വരവ്. കാര്യം ഇതാണ്. ഇന്ന് ദൈനംദിന ജീവിതത്തിലെ തീരുമാനങ്ങൾ എടുക്കാൻ ജനങ്ങൾ ഉറ്റുനോക്കുന്നത് ശാസ്ത്രത്തെയാണ്. പണ്ട് മതങ്ങൾക്കും ആചാരങ്ങൾക്കുമുണ്ടായിരുന്ന ആധികാരികത ഇന്നത്തെ ലോകത്തിൽ ശാസ്ത്രം തട്ടിയെടുത്തിരിക്കുന്നു. ‘ശാസ്ത്രീയമായി തെളിയിക്കപ്പെട്ട്’ എന്ന മുഖവുരയോടെ വിപണനം ചെയ്യുന്ന എന്തും ഒന്നു വാങ്ങി നോക്കാൻ ജനങ്ങൾ താൽപ്പര്യം കാണിക്കുന്നു. ആധുനിക യുഗത്തിൽ അതിവേഗം കാലഹരണപ്പെടുമെന്നു കരുതിയ സിദ്ധാന്തങ്ങൾ പോലും “ശാസ്ത്രീയം’ എന്ന ലേബലിലാണ് ഇന്ന് വിൽക്കപ്പെടുന്നത്. “ജ്യോതിഷം’ ഒരു ശാസ്ത്രമാണ് എന്ന് അതിന്റെ വക്താക്കൾ നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കുന്നത് ഉദാഹരണം. പഞ്ചസാര -ഗുളികകളേക്കാൾ ഒരു ഗുണവും ചെയ്യാത്ത ടോണിക്കുകൾ വൻകിട മരുന്നു കമ്പനികൾ വിറ്റഴിക്കുന്നതും ശാസ്ത്രത്തിന്റെ പേരിൽ തന്നെ. ജനങ്ങൾ വ്യാപകമായി ഇത്തരം തട്ടിപ്പുകൾക്കു ഇരയായി പോകുന്നത് എന്തുകൊണ്ടാണ്? നമുക്കിടയിൽ ശാസ്ത്രത്തെയും അതിന്റെ അപാരമായ കഴിവുകളെയും പറ്റി ബഹുമാനമുള്ളവരാണ് അധികവും. പക്ഷേ, ശാസ്ത്രം എന്താണ് എന്ന് അറിവുള്ളവർ ചുരുക്കമാണ്. ശാസ്ത്രത്തിന്റെ അനന്തരഫ ലമായുള്ള സാങ്കേതികവിദ്യകളെ ശാസ്ത്രമായി തെറ്റിദ്ധരിക്കുകയാണ് പലരും ചെയ്യുന്നത്. ശാസ്ത്രവിദ്യാഭ്യാസം പോലും കുറേ ശാസ്ത്രസത്യങ്ങളും നിയമങ്ങളും സാങ്കേതികവിദ്യകളും വസ്തുതകളും ഹൃദിസ്ഥമാക്കുന്നതിൽ ഒതുങ്ങിനിൽക്കുന്നു. ശാസ്ത്രത്തിന്റെ രീതിയെന്തെന്നുള്ള പഠനമോ  ചർച്ചയോ നടക്കുന്നില്ല. കപടശാസ്ത്രം തിരിച്ചറിയുന്നതിന്റെ ആദ്യപടി യഥാർഥശാസ്ത്രമെന്തെന്നു മനസ്സിലാക്കുകയാണ്.

എന്താണ് ശാസ്ത്രം? 

ആദ്യമായി പറയട്ടെ, ഈ പുസ്തകത്തിൽ ഉടനീളം ശാസ്ത്രം’ എന്ന പദംകൊണ്ടുദ്ദേശിക്കുന്നത് ആധുനിക സയൻസിനെയാണ്. ഇന്ത്യൻ ഭാഷാപ്രയോഗത്തിൽ നിയമവൽക്കരിക്കപ്പെട്ട എല്ലാ ചിന്താപദ്ധതികളെയും ശാസ്ത്രമെന്നു വിളിക്കാറുണ്ട്. അങ്ങനെയാണ് പക്ഷിശാസ്ത്രതവും ഗൗളി ശാസ്ത്രവും മറ്റും ശാസ്ത്രമായത്. എന്നാൽ ഇന്നുള്ള സാമാന്യപയോഗത്തിൽ ശാസ്ത്രമെന്ന വാക്കുകൊണ്ട് ഭൂരിഭാഗം പേരും അർഥമാക്കുന്നത് സയൻസിനെത്തന്നെയാണ്. ആധുനിക സയൻസ് മാനവചരിത്രത്തിൽ അടുത്തിടെ മാത്രമുണ്ടായതാണ്. അതിന് സുമാർ അഞ്ഞൂറു വർഷം മാത്രമേ പഴക്കമുള്ളൂ. പ്രകൃതിയെയും പ്രപഞ്ചത്തെയും നിരീക്ഷിച്ചുകൊണ്ട് മനുഷ്യൻ ഇതിനു മുമ്പും ഒട്ടേറെ അറിവുകൾ നേടിയിരുന്നു. മെസൊപ്പൊട്ടേമിയയിലും ഈജിപ്തിലും ഇന്ത്യയിലും ചൈനയിലും ഗ്രീസിലുമൊക്കെ ആവിർഭവിച്ച ഈ പ്രാചീനശാസ്ത്രം ആധുനിക സയൻസിന്റെ മുന്നോടിയായിരുന്നെങ്കിലും, പലപ്പോഴും അന്ധവിശ്വാസങ്ങളുമായി കൂടിക്കുഴഞ്ഞതായിരുന്നു. അതു കൊണ്ടുതന്നെ ഇന്നു നാം ഇരുണ്ട യുഗമെന്നു വിളിക്കുന്ന മധ്യകാലഘട്ടത്തിൽ (500 എ.ഡി 1500 എ.ഡി) ഈ ചിന്താപദ്ധതികൾക്കു സ്വാഭാവിക വളർച്ചയുണ്ടായില്ല. യൂറോപ്പിൽ വിശേഷിച്ചും കർശനമായ മതപൗരോഹിത്യം എല്ലാ സ്വതന്ത്രചിന്തകൾക്കും വിലക്കുകൾ തീർക്കുന്നതിൽ വിജയിക്കുകയായിരുന്നു. ടോളമി, അരിസ്റ്റോട്ടിൽ, ഗാലൻ തുടങ്ങിയ ചില പ്രാചീനചിന്തകർ പറഞ്ഞ കാര്യങ്ങൾ ശാശ്വതനിയമങ്ങളായി വാഴിക്കുകയാണ് യൂറോപ്പിൽ കത്തോലിക്കാ സഭ ചെയ്തത്. ഈ ശാശ്വത നിയമങ്ങളെ ചോദ്യം ചെയ്തവരെ ചുട്ടുകൊല്ലാൻപോലും സഭ മടികാണിച്ചില്ല. – ഒരു പക്ഷേ, മധ്യകാലങ്ങളിലെ മഹാമാരികളായിരിക്കും സ്വതന്ത്രചിന്തയ്ക്കും നവോത്ഥാനത്തിനും വഴിതെളിച്ചത്. മരണം വിതച്ചുകൊണ്ട്  താണ്ഡവമാടിയ പ്ലേഗും വസൂരിയും ജനങ്ങളിൽ വല്ലാത്ത അരക്ഷിതാവസ്ഥയുണ്ടാക്കി. ഗാലന്റെ ചിന്തയും പ്രാർഥനയുമൊന്നും ഇതിനെ നേരിടാൻ പര്യാപ്തമല്ലെന്നു വന്നു. മാമൂലുകൾക്കപ്പുറം ചിന്തിക്കാൻ മനുഷ്യനെ പ്രേരിപ്പിച്ച കാലഘട്ടമായിരുന്നു അത്. തുടർന്നുള്ള കാലഘട്ടം കോപ്പർനിക്കസിനും ഗലീലിയോയ്ക്കും ന്യൂട്ടണും ഹാർവിക്കും വെസേലിയസിനും മറ്റും ജന്മം നൽകി. അവരിലൂടെ ആധുനിക സയൻസിനും. – ഏതെല്ലാം രീതികളിലാണ് ഈ പുതിയ ചിന്താപദ്ധതി പ്രാചീന ശാസ്ത്രത്തിൽ നിന്ന് വ്യത്യസ്തമായിരുന്നതെന്നു നോക്കാം. എന്തെല്ലാമായിരുന്നു പുതിയ ശാസ്ത്രത്തിന്റെ മുഖമുദ്രകൾ

പ്രാചീന ചിന്തകർ പ്രധാനമായും ആശ്രയിച്ചിരുന്നത് യുക്തിയെയാണ്. അംഗീകരിക്കപ്പെട്ട ഒരു തത്വത്തിൽനിന്നു തുടങ്ങി യുക്തി ഉപയോഗിച്ച് പുതിയ തത്ത്വങ്ങൾ കണ്ടെത്തുന്നതായിരുന്നു അവരുടെ മുഖ്യ രീതി. പ്രാചീന ഗ്രീക്ക് ചിന്തകരും ഭാരതീയ ഋഷിമാരുമെല്ലാം ഈ രീതിയാണ് പിന്തുടർന്നത്. മനുഷ്യന്റെ ചിന്ത മാത്രം മതി അറിവു നേടാൻ എന്ന ഈ തത്വം ചില മേഖലകളിൽ വൻവിജയമായിരുന്നു. യൂക്ലിഡിന്റെ ജ്യാമിതി ഏറ്റവും നല്ല ഉദാഹരണം, എന്നാൽ പ്രപഞ്ചത്തെയും പ്രകൃതിയെയും മനസ്സിലാക്കുന്നതിൽ ഈ പദ്ധതി പലപ്പോഴും പരാജയപ്പെട്ടു. സ്ത്രീകൾക്ക് പുരുഷന്മാരെ അപേക്ഷിച്ച് കുറച്ചു പല്ലുകളേ ഉള്ളൂ എന്നാണ് അരിസ്റ്റോട്ടിൽ സമർഥിച്ചത്. പുരുഷന്മാരുടെ താടിയെല്ലിനെക്കാൾ ചെറുതാണ് സ്ത്രീകളുടെ താടിയെല്ല് എന്നത് ഒരു പൊതു സത്യമാണ്. അതിനാൽ പുരുഷന്മാരുടെയത്ര പല്ലുകൾ കൊള്ളാൻ ഇടമില്ലാത്തതിനാൽ സ്ത്രീകൾക്ക് പല്ലുകൾ കുറവാണെന്ന നിഗമനത്തിൽ എത്തുകയായിരുന്നു അദ്ദേഹം. – “രണ്ടുതവണ വിവാഹം കഴിച്ച ആളാണെങ്കിലും തന്റെ നിഗമനം ശരിയാണോ എന്നറിയാൻ ഭാര്യമാരുടെ വായ തുറന്നു പരിശോധിക്കുവാൻ അരിസ്റ്റോട്ടിലിന് ഒരിക്കലും തോന്നിയില്ല” എന്നാണ് ബർട്രാന്റ് റസ്സൽ ഇതേപ്പറ്റി പറഞ്ഞത്. – ഇവിടെയാണ് ആധുനിക സയൻസിന്റെ രീതി വ്യത്യസ്തമാകുന്നത്. സയൻസിന്റെ ഏറ്റവും പ്രധാന ലക്ഷണമായി പ്രസിദ്ധ ശാസ്ത്രതത്വചിന്തകനായ ഫ്രാൻസിസ് ബേക്കൺ (1561-1626) കണ്ടത് അനുഭവങ്ങളിലൂടെ വിജ്ഞാനം നേടുന്ന പ്രക്രിയയെയാണ്. അനുഭവസിദ്ധാന്തം (Empiricism) എന്നാണദ്ദേഹം ഇതിനെ വിളിച്ചത്.

ഫ്രാൻസിസ് ബേക്കൺ

ഇതുപകാരം പഞ്ചേന്ദ്രിയങ്ങളിലൂടെ നാം നേടുന്ന അനുഭവങ്ങളിൽ നിന്നാണ് അറിവിന്റെ തുടക്കം. ഇന്ദ്രിയങ്ങളുടെ ശക്തി വർധിപ്പിക്കുന്ന ഉപകരണങ്ങളും (ടെലിസ്കോപ്പ്, മൈക്രോസ്കോപ്പ്, എക്സ്റേ) ഇതിനായി ഉപയോഗിക്കുന്നു. അനുഭവങ്ങളിലൂടെ നേടുന്ന വസ്തുതകളെ സാമാന്യവൽക്കരിച്ച് ചില പൊതുതത്വങ്ങളിലെത്തുന്നു. പ്രാചീന ശാസ്ത്രചിന്തകർ ഉപയോഗിച്ച ഡിഡക്റ്റീവ് യുക്തി (deductive reasoning) യുടെ എതിർദിശയിലുള്ളതാണ് ഈ ഇൻഡക്റ്റീവ് യുക്തി (inductive reasoning). ഈ രീതിയിൽ ചോദ്യം ചെയ്യപ്പെടാത്ത പൊതുതത്വങ്ങളില്ല. നിരീക്ഷണങ്ങളിൽ നിന്ന് അനുമാനിച്ചെടുക്കുന്ന പ്രാരംഭനിഗമനങ്ങൾ (hypothesis) താൽക്കാലിക വിശദീകരണങ്ങളാണ്. പ്രബലമായ ഊഹങ്ങൾ എന്നുവേണമെങ്കിൽ പറയാം. ഇവ ശരിയോ തെറ്റാ എന്ന് വീണ്ടും പരിശോധനയ്ക്കു വിധേയമാക്കുന്നു. പുതിയ നിരീക്ഷണ ങ്ങൾ, പ്രത്യേക പരീക്ഷണങ്ങൾ എന്നിവവഴി മെച്ചപ്പെടുത്തിയെടുക്കുന്ന ഹൈപ്പോത്തിസീസുകളെ ശാസ്ത്ര സിദ്ധാന്തങ്ങളെന്നു (scientific theory) വിളിക്കുന്നു. ഇത്തരത്തിൽ ഉരുത്തിരിഞ്ഞുവരുന്ന ശാസ്ത്രസിദ്ധാന്തങ്ങളും ശാശ്വതസത്യങ്ങളല്ല. അവയും പുതിയ നിരീക്ഷണ പരീക്ഷണങ്ങളുടെ അടി സാനത്തിൽ ഭേദഗതിക്കു വിധേയമാണ്.  അനുഭവസിദ്ധാന്തത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഗലീലിയോവിന്റെ പരീക്ഷണങ്ങൾ, ഭാരത്തിന് ആനുപാതികമായ വേഗത്തിലാണ് വസ്തുക്കൾ നിലംപതിക്കുകയെന്നായിരുന്നു അരിസ്റ്റോട്ടിൽ പഠിപ്പിച്ചത്. ഇതായിരുന്നു സാമാന്യബോധവും, എന്നാൽ സാമാന്യബോധം എപ്പോഴും ശരിയായിരിക്കണമെന്നില്ല.

പിസയിലെ ചെരിഞ്ഞ ഗോപുരത്തിനു മുകളിൽനിന്ന് ഗലീലിയോയുടെ പരീക്ഷണം

1590 ൽ വലിയൊരു ജനക്കൂട്ടത്തിനു മുന്നിൽ ഗലീലിയോ, അരിസ്റ്റോട്ടിലിനു തെറ്റുപറ്റിയെന്നു തെളിയിച്ചു. പിസയിലെ ചെരിഞ്ഞ ഗോപുരത്തിനു മുകളിൽനിന്ന് ഒരേ സമയം അര പൗണ്ടു ഭാരവും നൂറുപൗണ്ട് ഭാരവുമുള്ള പീരങ്കിയുണ്ടകൾ അദ്ദേഹം താഴേക്കിട്ടു. ഇവ രണ്ടും ഒരേ സമയം നിലം തൊട്ടതു കണ്ടു ജനം അമ്പരന്നു. ചിലരെങ്കിലും ഇതു ജാലവിദ്യയാണെന്നു സംശയിച്ചു. ശാസ്ത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ പരീക്ഷണങ്ങളിലൊന്നായിരുന്നു ഇത്. ന്യൂട്ടൻ വർണങ്ങളെപ്പറ്റി നടത്തിയ പഠനങ്ങൾ പ്രസിദ്ധമാണല്ലോ. വെള്ള നിറം പല വർണങ്ങൾ ചേർന്നുണ്ടാകുന്നതാണെന്ന ഹൈപ്പോത്തീസിസിൽ അദ്ദേഹം എത്തുന്നത് നിരീക്ഷണങ്ങളിൽ നിന്നാണ്. ഒരു ഇരുണ്ട മുറിയിലേക്ക് ചെറിയ പ്രിസത്തിലൂടെ സൂര്യരശ്മികൾ പ്രവേശിപ്പിക്കുമ്പോൾ ഭിത്തിയിൽ പതിക്കുന്ന വർണരാജി നിരീക്ഷിച്ചാണ് അദ്ദേഹം ഈ നിഗമനത്തിൽ എത്തുന്നത്. സയൻസ് ക്ലാസുകളിലൂടെ നമുക്കെല്ലാം സുപരിചിതമായ “ന്യൂട്ടന്റെ ഡിസ്ക് പോലുള്ള പരീക്ഷണങ്ങൾ വഴി അദ്ദേഹം അതു തെളിയിക്കുകയും ചെയ്തു. – ആധുനിക സയൻസിന്റെ വരവിനു മുമ്പും പരീക്ഷണങ്ങൾ നടന്നിരുന്നു.

മധ്യകാല യൂറോപ്പിലും ഇന്ത്യയിലുമെല്ലാം വളരെ പ്രചാരത്തിലുള്ള പ്രാങ് ശാസ്ത്രരൂപമായിരുന്നു രസായനം (alchemy). ലോഹങ്ങൾക്കു ജീവനുണ്ടെന്നും അവ തമ്മിൽ തമ്മിൽ മാറ്റിയെടുക്കാമെന്നുമായിരുന്നു രസായന വാദികളുടെ ദ്യഢവിശ്വാസം. മറ്റു ലോഹങ്ങളിൽനിന്ന് ഏറ്റവും ഉത്തമമായ സ്വർണം നിർമിക്കാമെന്നവർ വിശ്വസിച്ചു. അതിനായി ലബോറട്ടറികളിൽ പലതരം രാസപ്രവർത്തനങ്ങളും നടത്തിയിരുന്ന ഇവരാണ് ആധുനിക രസതന്ത്രത്തിനു വിത്തുപാകിയത്. ചില രസായനവാദികൾ നിത്യയൗവനത്തിനുവേണ്ടിയുള്ള അമ്യത് നിർമിക്കുന്ന പ്രവൃത്തിയിലേർപ്പെട്ടു. സ്വർണവും അമൃതും നിർമിക്കാമെന്ന മൂലതത്വം തെളിയിക്കാനുള്ള ശ്രമമായിരുന്നു അവരുടെ പരീക്ഷണങ്ങളെല്ലാം. ഈ മൂലതത്വം ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടില്ല. രാജാക്കന്മാർക്കും പ്രഭുക്കൾക്കും ഏറെ താൽപ്പര്യമുള്ള കാര്യമായതിനാൽ ഇവർക്ക് ഏറെ പ്രാത്സാഹനവും ലഭിച്ചു. അതീവ ഗോപ്യതയോടെയായിരുന്നു ഇവരുടെ പരീക്ഷണങ്ങൾ. ക്രമേണ രാസപ്രവർത്തനങ്ങളെപ്പറ്റി കൂടുതൽ അറിവുണ്ടായതോടെ മൂലകങ്ങൾ തമ്മിൽ മാറ്റാൻ കഴിയില്ലെന്നു ബോധ്യമായി. അതോടെ രസതന്ത്രം എന്ന ആധുനികശാസ്ത്രം രൂപം കൊളളുകയായിരുന്നു. പരീക്ഷണങ്ങളിൽ നിന്നു കിട്ടുന്ന വസ്തുതകൾ വഴി തത്വങ്ങളിലേക്ക് എന്ന പ്രകിയ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ മാത്രമാണ് രസായനത്തിൽനിന്ന് രസതന്ത്രം ജന്മമെടുക്കുന്നത്. തെറ്റായ മൂലതത്വത്തിൽ നിന്നു തുടങ്ങുന്ന പ്രാങ്ശാസ്ത്രതരൂപത്തിന്റെ മറ്റൊരുദാഹരണമാണ് ജ്യോതിഷം. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനമനുസരിച്ച് ഭാവി പ്രവചിക്കാമെന്ന അടിസ്ഥാനതത്വത്തിൽനിന്നാണ് ജ്യോതിഷം തുടങ്ങുന്നത്. ഇതിനുവേണ്ടി പലരും നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും പറ്റി കൂടുതൽ പഠിച്ചു. പല ആദ്യകാല ജ്യോതിശ്ശാസ്ത്രജ്ഞരും ജ്യോതിഷികളുമായിരുന്നു. കോപ്പർനിക്കസിന്റെ സിദ്ധാന്തം പരക്കെ അംഗീകരിക്കപ്പെട്ടതോടെ സംഗതികൾ മാറി. കെപ്ലറെപ്പോലുള്ളവർ ജ്യോതിഷം കൊണ്ടു ഗുണമൊന്നുമില്ലെന്നും വയറ്റുപ്പിഴപ്പിനുവേണ്ടി മാത്രമാണ് താനതു ചെയ്യുന്നതെന്നും തുറന്നു സമ്മതിച്ചു. ടൈക്കോബ്രാഹിയായിരുന്നു ജ്യോതിഷം കൈകാര്യം ചെയ്ത് അവസാനത്തെ ജ്യോതിശാസ്ത്രജ്ഞൻ. ഇന്ന് ജ്യോതിശ്ശാസ്ത്രജ്ഞരാരും ജ്യോതിഷത്തിൽ വിശ്വസിക്കുന്നില്ല. തെറ്റായ അടിസ്ഥാന പ്രമാണത്തിൽ നിന്നാണ് അതു തുടങ്ങുന്നതെന്ന തിരിച്ചറിവിന്റെ ഫലമാണിത്.

കോപ്പർനിക്കസ്

അനുഭവസിദ്ധാന്തം അനുസരിച്ചു മാത്രമല്ല എല്ലായ്പ്പോഴും ശാസ്ത്രജ്ഞർ പ്രവർത്തിക്കുന്നത്. ഭൗതികശാസ്ത്രത്തിന്റെ ചില മേഖലകളിൽ ഗണിതവും ഡിഡക്ടീവ് രീതിയുമാണ് ശാസ്ത്രജ്ഞർ മുഖ്യമായും ഉപയോഗിക്കുന്നത്. എന്നാൽ ഈ രീതിയിലൂടെ എത്തിച്ചേരുന്ന നിഗമനങ്ങൾ അനുഭവത്തിലൂടെ എത്തിച്ചേരുന്ന വസ്തുതകൾക്കു വിരുദ്ധമാണെങ്കിൽ അവ നിരാകരിക്കേണ്ടിവരുന്നു. ഇതു ചെയ്യാതെ തങ്ങളുടെ ഗണിതഫലങ്ങളിൽ മുറുകെ പിടിക്കുന്ന ചില ഭൗതികശാസ്ത്രജ്ഞർ ചിലപ്പോഴെങ്കിലും ബൗദ്ധികമായ ചതിക്കുഴികളിൽ വീണുപോകാറുണ്ടെന്നതും സത്യമാണ്.

ആൽബർട്ട് ഐൻസ്റ്റൈനും ആര്‍തര്‍ ആർതർ എഡിങ്ടനും

അസംബന്ധ നിഗമനങ്ങളിലേക്കും ആത്മീയവാദത്തിലേക്കുപോലും ചുരുക്കം ചിലർ ചെന്നെത്തുന്നതും ഇതുകൊണ്ടുതന്നെയാണ്. ആൽബർട്ട് ഐൻസ്റ്റൈൻ ഒരു സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹം ഗണിതത്തെയും ഡിഡക്റ്റീവ് യുക്തിയും ആശ്രയിച്ചാണ് ആപേക്ഷികസിദ്ധാന്തത്തിനു രൂപം നൽകിയത്. ഈ സിദ്ധാന്ത പ്രകാരം അതിവേഗതയുള്ള വസ്തുക്കളുടെ കാര്യത്തിൽ ന്യൂട്ടന്റെ ചലന നിയമങ്ങളും വലിയ അളവിൽ ഗുരുത്വബലമുള്ളിടത്ത് ന്യൂട്ടന്റെ ഗുരുത്വാകർഷണ സിദ്ധാന്തവും പ്രയോജനകരമല്ല എന്നുകണ്ടു. എന്നാൽ കൃത്യമായ അളവിലുടെ അത് പിന്നീട് തെളിയിക്കുകയുണ്ടായി. സൂര്യന്റെ ഗുരുത്വാകർഷണശക്തി പ്രകാശരശ്മികളെ നേരിയ തോതിൽ വളയ്ക്കുമെന്നതായിരുന്നു ആപേക്ഷിക സിദ്ധാന്തത്തിന്റെ ഒരു പ്രവചനം. 1919ൽ പൂർണ സൂര്യഗ്രഹണ സമയത്ത് ആർതർ എഡിങ്ടൻ ഇതളക്കുകയും ഈ പ്രവചനം ശരിയാണെന്നു തെളിയിക്കുകയും ചെയ്തു. ആധുനിക സയൻസ് പരസ്പരബന്ധിതമായ ഒരു പറ്റം സിദ്ധാന്തങ്ങളുടെ കൂട്ടായ്മയാണെന്നു കാണാൻ കഴിയും. ഒരു ശാസ്ത്രസിദ്ധാന്തത്തിന്റെ ഏറ്റവും പ്രധാന ലക്ഷണം അതു തെറ്റോ ശരിയോ എന്നു നിർണയിക്കാൻ കഴിയുന്ന നിരീക്ഷണപരീക്ഷണങ്ങൾ രൂപകല്പന ചെയ്യാനാകുമെന്നതാണ്.

എഡിങ്ടണും സംഘവും നടത്തിയ പഠനത്തെക്കുറിച്ച് 1919 നവംബര്‍ 22 ല്‍ llustrated London News പ്രസിദ്ധീകരിച്ചത്

ഒരു ശാസ്ത്രതത്വവും നൂറുശതമാനം ശരി എന്നു തെളിയിക്കാൻ പ്രയാസമാണ്. പക്ഷേ, ഏതു തത്വവും തെറ്റെന്നു തെളിയിക്കാൻ പറ്റുന്ന നിരീക്ഷണ പരീക്ഷണങ്ങൾക്കു രൂപം നൽകാൻ താരതമ്യേന എളുപ്പമാണ്. ഒരു കാലത്ത് യൂറോപ്പിൽ കണ്ടിരുന്ന അരയന്നങ്ങളെല്ലാം വെളുത്തതായിരുന്നു. ഈ നിരീക്ഷണങ്ങളിൽനിന്ന് “അരയന്നങ്ങൾ എല്ലാം വെളുത്തതാണ്” എന്നാണ് സാമാന്യവൽക്കരണത്തിലൂടെ എത്തുന്ന നിഗമനം. എന്നാൽ പിന്നീട് ആസ്ട്രേലിയയിൽ ആദ്യമായി ഒരു കറുത്ത അരയന്നത്തെ കണ്ടതോടെ ഈ അനുമാനം മാറ്റേണ്ടതായിവന്നു. “അരയന്നങ്ങൾ വെളുത്തതും കറുത്തതുമുണ്ട്. യൂറോപ്പിൽ കാണുന്നവ മിക്കതും വെളുത്തതാണ് എന്ന പുതിയ നിഗമനത്തിൽ എത്തിച്ചേരേണ്ടതായിവന്നു. അസത്യവൽക്കരണം (falsifiability) സാധ്യമാകുന്നതായിരിക്കണം ശാസ്ത്രസിദ്ധാന്തങ്ങളെന്നും അസത്യവൽക്കരണമാണ് ശാസ്ത്രത്തിന്റെ യഥാർഥ രീതിയെന്നുമാണ് ശാസ്ത്രതത്വചിന്തകനായ കാൾ പോപ്പർ അഭിപ്രായപ്പെട്ടത്.

കാലം ചെല്ലുന്തോറും അസത്യവൽക്കരണശ്രമങ്ങൾ (തെറ്റെന്നു സ്ഥാപിക്കാൻ ഉതകുന്ന നിരീക്ഷണങ്ങളും പരീക്ഷണങ്ങളും) വീണ്ടും വീണ്ടും പരാജയപ്പെടുന്നതോടെ സിദ്ധാന്തങ്ങളുടെ വിശ്വാസ്യത വർധിക്കുന്നു. ഡാർവിന്റെ “പ്രക്യതി നിർധാരണം വഴിയുള്ള പരിണാമം’ (Evolution by natural selection) എന്ന സിദ്ധാന്തം ജനിതകം മുതൽ തന്മാത്രാ ജീവശാസ്ത്രം വരെയുള്ള നിരവധി ശാസ്ത്രശാഖകളാൽ പരീക്ഷിക്കപ്പെടുന്നുണ്ട്. ഇതുവരെ തെറ്റെന്നു തെളിയാത്ത അവസ്ഥ അതിന്റെ യുക്തിയെ കൂടുതൽ ഭദ്രമാക്കുന്നു. അസത്യവൽക്കരണത്തിനു വഴങ്ങാത്ത സിദ്ധാന്തങ്ങൾ ശാസ്ത്രസിദ്ധാന്തങ്ങളായി പരിഗണിക്കാവുന്നതല്ല. “ദൈവം ഉണ്ട്’ എന്നത് പരീക്ഷണങ്ങളിലൂടെ തെറ്റെന്നു തെളിയിക്കാൻ അസാധ്യമായ ഒരു പ്രസ്താവമാണ്. ഇക്കാരണത്താൽ അത് ശാസ്ത്രത്തിന്റെ അന്വേഷണപരിധിയിൽ വരുന്ന കാര്യമല്ല. വിശ്വാസം മാത്രമാണ്. ലോകത്തിലെ ഏറ്റവും നല്ല പാട്ടുകാരൻ യേശുദാസ് ആണ് എന്ന് ആത്മാർഥമായി വിശ്വസിക്കുന്ന പലരും നമ്മുടെ നാട്ടിലുണ്ട്. ഇതു ശരിയോ തെറ്റോ എന്നു തെളിയിക്കാൻ നമുക്കു പറ്റില്ല. വ്യക്തികളുടെ അഭിപ്രായം മാത്രമാണത്.  ആധുനിക സയൻസിന്റെ മറ്റൊരു പ്രധാന ലക്ഷണം ആവർത്തന ഭദ്രതയാണ് (Repeatability), ശാസ്ത്രപരീക്ഷണങ്ങൾ ആരു നടത്തിയാലും എവിടെ നടത്തിയാലും ഒരേ ഫലം തന്നെ ലഭിക്കേണ്ടതുണ്ട്. ഈ പ്രപഞ്ചത്തിൽ ചില സ്വാഭാവിക നിയമങ്ങളുണ്ടെന്നതാണ് ശാസ്ത്രത്തിന്റെ അടിസ്ഥാന സമീപനം. ഈ നിയമങ്ങൾ കണ്ടെത്തുകയെന്നത് അതിന്റെ പ്രധാന ദൗത്യവും. വിശ്വാസികൾക്കു മാത്രം കാണാൻ കഴിയുന്ന പ്രതിഭാസങ്ങളും ജ്യോതിഷപ്രകാരം ശുഭമായ ദിവസത്തിൽ മാത്രം ഫലിക്കുന്ന ചികിത്സയുമൊക്കെ ശാസ്ത്രതമല്ലാത്തത് ഇക്കാരണത്താലാണ്. ശാസ്ത്ര സിദ്ധാന്തങ്ങളിൽ പൊതുവേ അനാവശ്യ ഊഹങ്ങൾ കടന്നുകൂടാൻ പാടില്ലാത്തതാണ്. ‘ഒഖാമിന്റെ കത്തി’ (Ockham’s razor) എന്ന പേരിലാണ് ഈ തത്ത്വം അറിയപ്പെടുന്നത്. ഒരു ബഹുരാഷ്ടക്കമ്പനി നിർമിക്കുന്ന “എ” എന്ന മരുന്ന് ഒരു ഇന്ത്യൻ കമ്പനി നിർമിക്കുന്ന “ബി എന്ന മരുന്നിനേക്കാൾ ഒരു രോഗം ചികിത്സിക്കുന്നതിൽ ഫലപ്രദമാണെന്നു പഠനങ്ങൾ തെളിയിക്കുന്നു എന്നിരിക്കട്ടെ. ബഹുരാഷ്ടക്കമ്പനികളുടെ ഉൽപ്പന്നങ്ങൾ കൂടുതൽ മെച്ചപ്പെട്ടതായതുകൊണ്ട് “എ’, “ബി” യെ അപേക്ഷിച്ച് കൂടുതൽ ഫലപ്രദമാണ് എന്ന നിഗമനത്തിലെത്താൻ പാടുണ്ടോ? ഇവിടെ ഒഖാമിന്റെ കത്തി ഉപയോഗിച്ച് അനാവശ്യഭാഗം ചെത്തിക്കളയേണ്ടിയിരിക്കുന്നു. നിശ്ചിത രോഗം ചികിത്സിക്കാൻ ‘എ’, “ബി’യെ അപേക്ഷിച്ച് കൂടുതൽ ഫലപ്രദമാണ് എന്നതാണ് ശാസ്ത്രീയനിഗമനം. “ദൈവകോപം കൊണ്ട് ഒരു ഉൽക്ക ഭൂമിയിൽ ഇടിച്ചതിന്റെ ഫലമായി 6 കോടി വർഷം മുമ്പ് ഡിനോസോറുകൾ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായി” എന്ന ഹൈപ്പോതീസീസെടുക്കുക. 6 കോടി വർഷം മുമ്പുണ്ടായ പാറകളിൽ ഉൽക്കകളിൽ കാണപ്പെടുന്ന ‘ഇറിഡിയം’ എന്ന മുലകം കൂടുതലായി കാണപ്പെടുന്നതാണ് ഹൈപ്പോതീസിസിനു കാരണം. എന്നാൽ ദൈവത്തിനിവിടെ എന്തുകാര്യം? ആ ഭാഗം ഒഖാമിന്റെ കത്തിക്കിരയാവുന്നു.

കാൾ പോപ്പർ

അനുഭവ സിദ്ധാന്തം, അസത്യവൽക്കരണം, ആവർത്തന ഭദ്രത എന്നിവ ശാസ്ത്രത്തിന്റെ പ്രധാന ലക്ഷണങ്ങളാണെന്നു നാം കണ്ടു. ഒരു ശാസ്ത്രജ്ഞൻ നിരീക്ഷണങ്ങളിലൂടെയോ ചിലപ്പോൾ ഊഹത്തിലൂടെയോ ഒരു പ്രാരംഭനിഗമനം മുന്നോട്ടുവെക്കുന്നു. ഇത് അസത്യമെന്ന് തെളിയി ക്കാൻ കഴിവുള്ള പരീക്ഷണങ്ങൾ നടത്തുന്നു. പരീക്ഷണങ്ങൾവഴി അസത്യമല്ലെന്ന് കണ്ടെത്തി അതിനെ ഒരു ശാസ്ത്രസിദ്ധാന്തമായി പ്രഖ്യാപി ക്കുന്നു. ഈ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും അനുമാനങ്ങളുടെ യുക്തി ദദ്രതയും മറ്റു പല ശാസ്ത്രജ്ഞരും പരിശോധിക്കുന്നു. ചിലർ പരീക്ഷണങ്ങൾ ആവർത്തിച്ചു നോക്കുന്നു. ഇങ്ങനെയുള്ള നീണ്ട പ്രക്രിയയിലൂടെയാണ് ശാസ്ത്രസിദ്ധാന്തങ്ങൾ രൂപപ്പെടുന്നത്.  ഈ പ്രക്രിയ നടക്കണമെങ്കിൽ ശാസ്ത്രലോകത്തിന് രണ്ടു പ്രധാന ഗുണങ്ങളുണ്ടായിരിക്കേണ്ടതുണ്ട്. സംശയാലുത്വവും സുതാര്യതയും.  ശാസ്ത്രജ്ഞർ സദാ സംശയാലുക്കളായിരിക്കേണ്ടത് ശാസ്ത്രത്തിന്റെ രീതിക്ക് അത്യന്താപേക്ഷിതമാണ്. ഗുരു നൽകുന്ന സൂത്രവാക്യങ്ങൾ സംശയമില്ലാതെ രണ്ടും കൽപ്പിച്ചു സ്വീകരിക്കുന്നത് ശാസ്ത്രത്തിന്റെ രീതിയല്ല. ശാസ്ത്രത്തിൽ അന്തിമമായ സത്യങ്ങളില്ല. അനിഷേധ്യമായ വേദപുസ്തകമില്ല. അന്തിമവിധിയോ അവസാന വാക്കോ ഇല്ല. ചോദ്യം ചെയ്യപ്പെടാത്ത ഒന്നുമില്ല. ശാസ്ത്രത്തിൽ സുതാര്യത ഉറപ്പു വരുത്തുന്നത് ശാസ്ത്രജ്ഞർ തമ്മിൽ നിരന്തരമായി നടക്കുന്ന സംവാദങ്ങളിലൂടെയാണ്. ഈ സംവാദങ്ങൾക്കു വേദിയൊരുക്കുന്നത് ശാസ്ത്രമാസികകളും ശാസ്ത്രസമ്മേളനങ്ങളുമാണ്. ശാസ്ത്രസമ്മേളനങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന പ്രബന്ധങ്ങൾ പങ്കെടുക്കുന്നവരുടെ വിമർശനത്തിനു വിധേയമാകുന്നു. ഇത്തരം സമ്മേളനങ്ങളിൽ ചൂടുള്ള വാദപ്രതിവാദങ്ങൾ സർവസാധാരണമാണ്. പ്രാഥമിക ആശയങ്ങൾ ഉരുത്തിരിഞ്ഞു വരുന്ന പ്രധാന വേദികളാണ് ഇത്തരം സമ്മേളനങ്ങൾ. വിവിധ ശാസ്ത്രശാഖകളിലായി വർഷം തോറും പതിനായിരക്കണക്കിന് സമ്മേളനങ്ങൾ നടന്നുവരുന്നു.

പ്രസിദ്ധീകരിക്കപ്പെടുന്ന പ്രബന്ധങ്ങളാണ് ശാസ്ത്രവിജ്ഞാനത്തിന്റെ അടിത്തറ. ശാസ്ത്രമാസികകളിൽ പ്രത്യക്ഷപ്പെടുന്ന ഓരോ ലേഖനവും ഒന്നിലധികം വിദഗ്ദ്ധരുടെ പരിശോധനയ്ക്കു വിധേയമായതിനുശേഷം മാത്രമേ പ്രസിദ്ധീകരണത്തിനു സ്വീകരിക്കപ്പെടുകയുള്ളൂ. ഈ വിദഗ്ധവിമർശനം ശാസ്ത്രത്തിന് ഒഴിച്ചുകൂടാൻ വയ്യാത്ത പ്രകിയയാണ്. മിക്ക പ്രബന്ധങ്ങളും പല തവണ മാറ്റിയെഴുതപ്പെടുന്നു. പ്രമുഖ ശാസ്ത്രമാസികകളിൽ ലഭിക്കുന്ന പത്തു പ്രബന്ധങ്ങളിൽ ഒന്നോ രണ്ടോ മാത്രമാണ് വിമർശന പ്രകിയയ്ക്കുശേഷം പ്രസിദ്ധീകരിക്കപ്പെടുക.

ദിനപത്രങ്ങളിലൂടെയും ആനുകാലികങ്ങളിലൂടെയും വലിയ ശാസ്ത്ര കണ്ടുപിടുത്തങ്ങൾ നടത്തി എന്നവകാശപ്പെടുന്നവർ മിക്കപ്പോഴും യഥാർഥ ശാസ്ത്രജ്ഞരായിരിക്കണമെന്നില്ല. ശരിയായ വിലയിരുത്തൽ പ്രക്രിയ (refereeing) ഉള്ള ശാസ്ത്രമാസികയിൽ ഇതു പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്ന ചോദ്യമാണിവിടെ പ്രസക്തം. ഇത്തരത്തിലുള്ള മിക്ക അവകാശവാദങ്ങളും ശാസ്ത്രമാസികകൾ തള്ളിക്കളഞ്ഞതായിരിക്കാനാണ് സാധ്യത. പ്രാചീന ശാസ്ത്രത്തിന്റെ ഏറ്റവും വലിയ ശാപം പലപ്പോഴും അറിവിന്റെ നിഗൂഢവത്ക്കരണമായിരുന്നു. ശിഷ്യന്മാർക്കും കുടുംബാംഗങ്ങൾക്കും മാത്രം സ്വകാര്യമായി നൽകിയ വിജ്ഞാനം, ശരിയോ തെറ്റോ എന്നറിയാൻ വേണ്ടിയുള്ള പരസ്യചർച്ചയ്ക്ക് വിധേയമാക്കപ്പെട്ടിരുന്നില്ല. കമ്പോളതാൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ സുതാര്യമായ ശാസ്ത്രത്തെ വീണ്ടും നിഗൂഢവൽക്കരണത്തിലേക്കു നയിക്കുമോ എന്ന് ആശങ്കപ്പെടുന്ന ശാസ്ത്രജ്ഞർ നിരവധിയുണ്ട്.

തോമസ് കുൺ (Thomas Kuhn)

ശാസ്ത്രം പുരോഗമിക്കുന്നത് ചില പ്രത്യേക കാലഘട്ടങ്ങളിലുണ്ടാവുന്ന കുതിച്ചുചാട്ടങ്ങളിലൂടെയാണെന്നാണ് ശാസ്ത്രചരിത്രകാരനായ തോമസ് കുൺ (Thomas Kuhn1922-1996) അഭിപ്രായപ്പെട്ടത്. ഓരോ കാലഘട്ടത്തിലും ശാസ്ത്രജ്ഞർ ഒരു പ്രത്യേക ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കുന്നു. ‘ശാസ്ത്ര വിപ്ലവങ്ങളുടെ ഘടന” (Structure of Scientific Revolutions) എന്ന തന്റെ ഗ്രന്ഥത്തിൽ “പാരഡെം” (Paradigm) എന്ന വാക്കാണ് കുൺ ഉപയോഗിച്ചത്. ഒരു ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ പുതിയ പുതിയ വിവരങ്ങൾ കണ്ടെത്തുന്നു. ഇവയിൽ ചിലതിനെ നിലവിലുള്ള പാരഡൈം വഴി വിശദീകരിക്കാനാവാതെ വരുന്നു. ഇത്തരത്തിൽ വിശദീകരിക്കാനാവാത്ത വസ്തുതകൾ ഏറി വരുന്നതോടെ നിലവിലുള്ള പാരഡൈം ചോദ്യം ചെയ്യപ്പെടുന്നു. ചട്ടക്കൂടിനപ്പുറം ചിന്തിക്കുന്ന ചില ശാസ്ത്രജ്ഞർ പുതിയൊരു പാരഡൈം നിർദേശിക്കുന്നു. കൂടുതൽ വിശദീകരണ പ്രാപ്തിയുണ്ടെങ്കിൽ ഈ പുതിയ പാരഡൈം അംഗീകരിക്കപ്പെടുന്നു. ഈ പാരഡൈം മാറ്റങ്ങളെ (paradigm shifts) ശാസ്ത്രലോകത്തെ വിപ്ലവങ്ങളായാണ് കൂൺ കണ്ടത്. ഭൗതികശാസ്ത്രത്തിൽ ന്യൂട്ടന്റെ നിയമങ്ങൾ ഒരു പാരഡൈം ആയി കാണാവുന്നതാണ്. പദാർഥ വേഗത പ്രകാശവേഗതയോടടുക്കുമ്പോഴുള്ള ചില പ്രതിഭാസങ്ങളെ കൃത്യമായി വിശദീകരിക്കാനാവാത്തത് അതിനെ പ്രതിസന്ധിയിലെത്തിക്കുകയും ഐൻസ്റ്റൈൻ പുതിയ പാരഡൈമുകളുമായി രംഗത്തെത്തിയപ്പോൾ അതിനു മുമ്പിൽ വഴിമാറുകയും ചെയ്തു.  കുണിന്റെ തത്വങ്ങൾ പലപ്പോഴും വികലമായി വിശദീകരിക്കപ്പെട്ടിട്ടുണ്ട്.

ഉത്തരാധുനികർ (post modemist) എന്ന പേരിലറിയപ്പെടുന്ന ചില അക്കാദമിക സാമൂഹ്യശാസ്ത്രജ്ഞരിലാണ് ഇത് ഏറെ ചിന്താക്കുഴപ്പമുണ്ടാക്കിയത്. ശാസ്ത്രം പുരോഗമനാത്മകമല്ലെന്നും മാറി മാറി വരുന്ന ഫാഷൻ പോലെ മാറി മറയുന്ന കുറേ പാരഡൈമുകൾ മാത്രമാണെന്നുമുള്ള ധാരണ പരത്താൻ ഇത് ഇടയാക്കി. ഒരു പറ്റം ശാസ്ത്രജ്ഞർ ഒരു കാലഘട്ടത്തിൽ ഒരു കണ്ണട ഉപയോഗിച്ച് ലോകത്തെ കാണുന്നു. സാമൂഹികമായി നിശ്ചയിക്കുന്നതാണ് അവർ ചോദിക്കുന്ന ചോദ്യങ്ങളും കണ്ടെത്തുന്ന ഉത്തരങ്ങളും അവർ ധരിക്കുന്ന കണ്ണടയും. എന്നാൽ കുറേ കഴിയുമ്പോൾ മറ്റു ചില ശാസ്ത്രജ്ഞർ പുതിയ കണ്ണടയുമായി എത്തുന്നു. അവർ കാണുന്ന ലോകം വ്യത്യസ്തമാണ്. അതിനാൽ ശാസ്ത്രത്തിലും മാറ്റമേയുള്ളൂ, പുരോഗതിയില്ല. കലയും മതവും പ്രാചീന ചിന്തകളുമൊക്കെപ്പോലെ മറ്റൊരു ചിന്താപദ്ധതി മാത്രമാണ് ശാസ്ത്രം. ഇങ്ങനെ പോകുന്നു ചില ഉത്തരാധുനികരുടെ വിശദീകരണം,  യഥാർഥത്തിൽ കാലം ചെല്ലുന്തോറും പ്രപഞ്ചത്തെ കൂടുതൽ സൂക്ഷ്മമായി മനസ്സിലാക്കുന്നതിൽ വിജയിക്കുന്നു എന്ന അർഥത്തിൽ ശാസ്ത്രം പുരോഗമനാത്മകമാണ് (കൂടുതൽ നന്മയിലേക്കും നൈതികതയിലേക്കും ആനന്ദത്തിലേക്കും എന്ന അർഥത്തിലുള്ള പുരോഗതിയല്ല. ഇത് ശാസ്ത്രത്തിന്റെ ദൗത്യമല്ല. ശാസ്ത്രം കൈകാര്യം ചെയ്യുന്ന സമൂഹത്തിന്റേതാണ്). ഓരോ പുതിയ പാരഡൈം സ്യഷ്ടിക്കപ്പെടുമ്പോഴും പഴയതിനെ പാടെ തള്ളിക്കളയുന്നില്ല. അന്നേവരെയുള്ള എല്ലാ അറിവുകളെയും ഉൾക്കൊണ്ടുകൊണ്ടാണ് പുതിയ ചട്ടക്കൂടിന്റെ നിർമിതി. പുതിയ കണ്ണട പഴയതിനേക്കാൾ ശക്തി കൂടിയതാണെന്നർഥം. പഴയ കാര്യങ്ങൾ എല്ലാം കാണുന്നതിനുപുറമേ, മുമ്പു കാണാത്ത കാര്യങ്ങൾ കൂടെ കാണാൻ കഴിവുള്ളതായിരിക്കും അതെന്നർഥം.

ഉത്തരാധുനികരിൽ ചിലരെങ്കിലും ഒരു പടികൂടി മുന്നോട്ടുപോയി. മനുഷ്യമസ്തിഷ്കത്തിനു വെളിയിൽ യാഥാർഥ്യം (Reality) എന്നൊന്നില്ലെന്നും അഥവാ ഉണ്ടെങ്കിൽ അതു നമുക്കു കണ്ടെത്താനാവില്ലെന്നുമാണ് അവരുടെ വാദത്തിന്റെ രത്നച്ചുരുക്കം. ഇവരുടെ കണ്ണിൽ പ്രാചീന മിത്തുകളും മതവും മാജിക്കുമൊക്കെപ്പോലെ ശാസ്ത്രവും ഒരു തരം കഥപറച്ചിലാണ്. പാശ്ചാ ത്യലോകത്തിലെ പുരുഷന്മാരുടെ കഥപറച്ചിൽ. മറ്റെല്ലാ മിത്തുകളെയും പോലെയുള്ള സാധൂത മാത്രമേ ശാസ്ത്രത്തിനും അനുവദിക്കാൻ അവർ തയ്യാറായുള്ളൂ. യുക്തിരഹിതമായ എല്ലാ ചിന്താപദ്ധതികൾക്കും വ്യാജശാ സ്ത്രങ്ങൾക്കും ഏറെ പ്രോത്സാഹനം നൽകുന്ന നിലപാടായിരുന്നു ഇത്. ചില ഫെമിനിസ്റ്റ് ചിന്തകരും ആഫ്രോകേന്ദിതരും നവ-ഇടതുപക്ഷമെന്ന് അവകാശപ്പെടുന്നവരും ശാസ്ത്രത്തിനെതിരെയുള്ള ഈ ആക്രമണത്തിൽ പങ്കുചേർന്നു. പാശ്ചാത്യമുതലാളിത്ത കൊളോണിയൽ പദ്ധതിയുടെ ഒരു ആയുധം മാത്രമാണ് ശാസ്ത്രമെന്നുവരെ ചിലരെങ്കിലും വാദിച്ചു. എന്നാൽ ഈ ഉത്തരാധുനിക കഥപറച്ചിലിന്റെ പാളിച്ചകളേറെയാണ്.

സാങ്കേതികവിദ്യകളുടെ സാമൂഹ്യനിർമിതമായ ദുരുപയോഗത്തെ ചൂണ്ടിക്കാണിച്ച് ആധുനികസയൻസിന്റെ രീതിശാസ്ത്രത്തെ നിരാകരിക്കുന്നതിൽ അർഥമില്ല. ആധുനികശാസ്ത്രം അന്തിമസത്യം കണ്ടെത്തുമെന്ന് അവകാശപ്പെടാറില്ല. ശാസ്ത്രജ്ഞർക്ക് പലപ്പോഴും ഭീമമായ അബദ്ധങ്ങൾ പറ്റാറുണ്ട്. ചില ശാസ്ത്രജ്ഞരെങ്കിലും കള്ളം പറയാറുമുണ്ട്. എന്നാൽ ഇവയെല്ലാം അന്തിമമായി തിരിച്ചറിയുവാനും തിരുത്തപ്പെടാനുമുള്ള സാധ്യത ശാസ്ത്രത്തിൽ അന്തർലീനമാണ്, മറ്റേതു ചിന്താപദ്ധതിയേക്കാളും വളരെ ഉയർന്ന തോതിൽ – മനുഷ്യ മസ്തിഷ്കത്തിന്റെ നിർമിതിയാണ് ശാസ്ത്രം എന്നതു ശരി. എന്നാൽ ശാസ്ത്രം കണ്ടെത്തുന്ന വസ്തുതകളെല്ലാം മിഥ്യകളോ ആപേക്ഷികമോ അല്ല. നാം കാണുന്ന ചുവപ്പുനിറം തലച്ചോറിനാൽ സൃഷ്ടിക്കപ്പെടുന്ന അനുഭൂതിയാണെന്നു പറയാം. എന്നാൽ തലച്ചോറിന്റെ ഈ സൃഷ്ടിക്കു പിന്നിൽ ചില യാഥാർഥ്യങ്ങളുണ്ട്. ചുവപ്പു രശ്മികളുടെ തരംഗദൈർഘ്യവും തലച്ചോറിലെ കോശങ്ങളുടെ മെറ്റബോളിസവും കണ്ണിലെ റെറ്റിനയുടെ പ്രവർത്തനരീതിയും മറ്റും. ആണും പെണ്ണും ആഫ്രിക്കക്കാരിയും യൂറോപ്യനുമെല്ലാം ചുവപ്പിനെ ചുവപ്പായിത്തന്നെ കാണുന്നതിന്റെ പിന്നിലുള്ളത് ഈ യാഥാർഥ്യങ്ങളാണ്. ഈ യാഥാർഥ്യങ്ങളെ അനാവരണം ചെയ്യുന്നതിൽ ശാസ്ത്രം വിജയിച്ചിട്ടുണ്ടെന്നതിൽ സംശയം വേണ്ടതുണ്ടോ?

ശാസ്ത്രം അന്തിമസത്യങ്ങൾ കണ്ടെത്തുന്നില്ല എന്നു പറഞ്ഞല്ലോ. എന്നാൽ സത്യത്തിന്റെ വളരെ അടുത്തെത്താറുണ്ട്. പലപ്പോഴും. അറിവിന്റെ ഈ ദൃഢതയാണ് പല സാങ്കേതികവിദ്യകളിലേക്കും നയിക്കുന്നത്. ഉത്തരാധുനികർ സെമിനാറിൽ “ശാസ്ത്രതമൊരു കഥപറച്ചിൽ മാത്രം” എന്ന പ്രബന്ധം അവതരിപ്പിക്കാൻ വിമാനത്തിൽ കയറിപ്പോകുന്നത് ശാസ്ത്രീയ അറിവിന്റെ ദൃഢതയിലുള്ള വിശ്വാസം കൊണ്ടു മാത്രമല്ലേ?

നീതിക്കും സമത്വത്തിനും വേണ്ടി പോരാടിയ പരമ്പരാഗത ഇടതുപക്ഷ രാഷ്ടീയത്തിന്റെ ശക്തമായ ആയുധങ്ങളായിരുന്നു യുക്തിയും ആധുനിക സയൻസും. മാർക്സസും ലെനിനും മാവോയുമെല്ലാം ഒരു പാശ്ചാത്യമുതലാളിത്തത്തിന്റെ നിർമിതി എന്നതിലപ്പുറമായി മനുഷ്യമോചനത്തിന് ഒഴിച്ചു കൂടാനാവാത്ത ചിന്താ പദ്ധതിയായാണ് ശാസ്ത്രത്തെ കണ്ടത്. എന്നാൽ നവ-ഇടതുപക്ഷക്കാരായ ഉത്തരാധുനികർ ഈ പാരമ്പര്യത്തെ നിഷേധിക്കുകയാണ് ചെയ്യുന്നത്. അമേരിക്കയിലെ തദ്ദേശീയരായ ഇന്ത്യക്കാർ പതിനായിരം വർഷംമുമ്പ് ഏഷ്യയിൽനിന്ന് അലാസ്ക വഴി എത്തിച്ചേർന്നവരാണെന്നാണ് ആധുനിക ശാസ്ത്രീയസിദ്ധാന്തം, പുരാവസ്തു ശാസ്ത്രം, നരവംശശാസ്ത്രം, ജനി തകം എന്നിങ്ങനെ വിവിധ ശാസ്ത്രമേഖലകളിൽ നിന്നുള്ള തെളിവുകൾ ഈ സിദ്ധാന്തത്തിന്റെ ശരിയിലേക്കു വിരൽ ചൂണ്ടുന്നുണ്ട്. എന്നാൽ സുനി (Zuni indians) ഇന്ത്യക്കാരുടെ ഉൽപ്പത്തിയെപ്പറ്റിയുള്ള മിത്തുപ്രകാരം അവർ അനേക ലക്ഷം വർഷം മുമ്പ് ഭൂമിക്കടിയിൽ നിന്നു പൊന്തിവന്നതാണ്. ഈ രണ്ടു സിദ്ധാന്തങ്ങളും തുല്യവില കൽപ്പിച്ച് സുനി ഇന്ത്യക്കാരുടെ സ്കൂളുകളിൽ പഠിപ്പിക്കണം എന്ന് വാദിക്കുന്നവരുണ്ട്. അമേരിക്കയിലെ നവ ഇടതുപക്ഷ അക്കാദമിക ബുദ്ധിജീവികളാണ് ഈ വാദത്തിനു പിന്നിൽ. പാശ്ചാത്യവെള്ളക്കാരന്റെ സത്യം മാത്രമാണ് ആദ്യത്തേതെന്നും സുനികളുടെ സത്യം മറ്റൊന്നാകാമെന്നുമുള്ള സാംസ്കാരിക ആപേക്ഷികതയാണ് ഇവരെ നയിക്കുന്ന സിദ്ധാന്തം. പ്രാന്തവൽക്കരിക്കപ്പെട്ട ജനസമൂഹങ്ങളോടുള്ള പ്രതിബദ്ധത ഈ വാദത്തെ ഏതെങ്കിലും തരത്തിൽ യുക്തിഭദ്രമാക്കുമോ? ഇതു ശരിയാണെങ്കിൽ ഡാർവിന്റെ സിദ്ധാന്തത്തിനു തുല്യമായ സമയം ബൈബിളിലെ സൃഷ്ടിവാദത്തിനു നൽകണമെന്ന കസ്തവ മതമൗലികവാദികളുടെ ആവശ്യത്തെ എങ്ങനെ നിരാകരിക്കാനാവും? അയോധ്യ, മഥുര, കാശി എന്നിവിടങ്ങളിലെ പളളികൾ ക്ഷേത്രങ്ങളുടെ സ്ഥാനത്താണ് നിൽക്കുന്നതെന്ന ഹിന്ദു തീവ്രവാദികളുടെ രാഷ്ട്രീയത്തെ എങ്ങനെ നേരിടാനാവും? മനുഷ്യനിർമിതമായ ചിന്താപദ്ധതികളാന്നും തന്നെ പൂർണമായും മൂല്യ നിരപേക്ഷമോ സാമൂഹ്യസാംസ്കാരിക പക്ഷപാതിത്വങ്ങളില്ലാത്തതോ ആവുക അസാധ്യമാണ്. എന്നാൽ ഒരു കാര്യം ഉറപ്പാണ്. ഇത്തരം പക്ഷപാതിത്വങ്ങൾ ഏറ്റവും കുറവുള്ളത് ആധുനിക സയൻസിലാണ്; പ്രത്യേകിച്ചും പ്രകൃതിശാസ്ത്രങ്ങളിൽ. ക്ഷയരോഗം ബാധിച്ച അമേരിക്കക്കാരനും ഇന്ത്യക്കാരനും എക്സ്റേയിൽ സമാനമായ ചിത്രങ്ങൾ ലഭിക്കുന്നു. രണ്ടു പേരുടേയും കഫത്തിൽ മൈക്കോ ബാക്ടീരിയം ട്യൂബർക്കുലോസിസ് ബാക്ടീരിയത്തെ കാണാനാവുന്നു. റിഫാംപിസിൻ എന്ന മരുന്നുകൊണ്ട് രണ്ടു പേരുടെയും രോഗം ഭേദപ്പെടുത്താൻ കഴിയുന്നു.

ഒരു ബഹുനിലക്കെട്ടിടത്തിനു മുകളിൽനിന്നു ചാടിയാൽ ആധുനികവാദിയും ഉത്തരാധുനികവാദിയും താഴോട്ടു തന്നെയായിരിക്കും പോവുക. രണ്ടുപേരും എതവേഗത്തിൽ നിലംപതിക്കുമെന്ന് ഗുരുവാകർഷണനിയമം വഴി നമുക്കു കൃത്യമായി കണക്കാക്കാനാവും. രണ്ടുപേരുടേയും എല്ലൊടിയാനുള്ള സാധ്യത ഏതാണ്ട് ഒരേ തലത്തിൽ ഉയർന്നതായിരിക്കും. (പ്രകൃതിശാസ്ത്രങ്ങളിലെ നിയമങ്ങളും മാപനരീതികളും മിക്കപ്പോഴും വ്യക്തികളെയും സമൂഹങ്ങളെയും അനുസരിച്ച് മാറുന്നില്ല എന്നർഥം.) ആധുനിക സയൻസിൽ ഉയർത്തപ്പെടുന്ന ചോദ്യങ്ങളും ഹൈപ്പോത്തീസിസുകളും മിക്കവാറും മൂല്യനിരപേക്ഷമാണെന്നു കാണാൻ കഴിയും. ഒരു പ്രത്യേക ചരിത്ര സാഹചര്യത്തിൽ യൂറോപ്പിൽ ഉടലെടുത്തതാണെങ്കിലും സയൻസ് ഇന്ന് ലോകവ്യാപകമാണ്. പതിനാറാം നൂറ്റാണ്ടിൽ യൂറോപ്പിൽ ഉടലെടുത്തില്ലായിരുന്നെങ്കിൽ മറ്റെവിടെയെങ്കിലും അതു പിന്നീട് സംഭവിക്കുമായിരുന്നു. അപ്പോഴും ശാസ്ത്രത്തിന്റെ ഗതിയും ചരിത്രവും ഏറെ ഭിന്നമാകാനിടയില്ല. പിക്കാസോ ജനിച്ചില്ലായിരുന്നെങ്കിൽ ഗൂർണിക്ക ഉണ്ടാകുമായിരുന്നില്ല. എന്നാൽ ഐൻസ്റ്റൈൻ ഇല്ലായിരുന്നെങ്കിലും മറ്റാരെങ്കിലും ആപേക്ഷികതാ സിദ്ധാന്തവുമായി മുന്നോട്ടുവരുമായിരുന്നു.

ചരിത്രം, സാമ്പത്തികശാസ്ത്രം, സോഷ്യാളജി, മനശ്ശാസ്ത്രം തുടങ്ങിയ സാമൂഹ്യശാസ്ത്രങ്ങളിൽ പ്രകൃതിശാസ്ത്രങ്ങളിലെ അതേ തോതിൽ നിഷ്പക്ഷതയും മൂല്യനിരപേക്ഷതയും നിലനിർത്താൻ കഴിഞ്ഞിട്ടില്ലെന്നതു വസ്തുതയാണ്. ഇവയിലെ അളവുകളും അളവിനുവേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങളുമെല്ലാം കൂടുതൽ വ്യക്തിഗതമാണെന്നതാണ് കാരണം. സാമൂഹിക ശാസ്ത്രങ്ങൾ ആധുനിക സയൻസിന്റെ രീതിശാസ്ത്രം പിന്തുടരാൻ തുടങ്ങിയത് അടുത്തകാലത്തു മാത്രമാണ്. അസത്യവൽക്കണം സാധ്യമല്ലാത്ത ഹൈപ്പോത്തീസിസുകളും ശാസ്ത്രീയമല്ലാത്ത സാമ്പിളുകളും ദൃഢതയില്ലാത്ത അളവുകളുമൊക്കെ ഈ മേഖലകളിൽ വ്യാപകമായിരുന്നു. ശാസ്ത്രത്തിന്റെ പക്ഷപാതിത്വത്തെപ്പറ്റി വിമർശനമുയർത്തുന്നവർ മുഖ്യമായും ചൂണ്ടിക്കാണിക്കാറുള്ള ഉദാഹരണങ്ങൾ മുമ്പത്തെ സാമൂഹ്യശാസ്ത്രങ്ങളിൽ നിന്നാണ് (ബുദ്ധിശക്തിയെപ്പറ്റിയുള്ള സിദ്ധാന്തങ്ങൾ, സൈക്കോ അനാലിസിസ്, യൂറോ കേന്ദ്രിത ചരിത്രം തുടങ്ങിയവ). ഒട്ടുംതന്നെ മൂല്യനിരപേക്ഷമല്ലാത്തത് ശാസ്ത്രത്തിന്റെ രീതിയോ ഉയർത്തപ്പെടുന്ന ചോദ്യമോ അല്ല. ശാസ്ത്രത്തിന്റെ ഫലമായി ഉണ്ടാക്കിയെടുക്കുന്ന സാങ്കേതികവിദ്യകളാണ്. ഒരു സമൂഹത്തിൽ ഏതെല്ലാം സാങ്കേതികവിദ്യകൾ ഉപയോഗിക്കപ്പെടുന്നു എന്ന് തീരുമാനിക്കുന്നത് ആ സമൂഹത്തെ നിയന്ത്രിക്കുന്ന ഭരണവർഗമാണ്. ഈ വർഗത്തിന്റെ താൽപ്പര്യങ്ങൾ അവയിൽ പ്രതിഫലിക്കുന്നത് സ്വാഭാവികമാണ്.

സാങ്കേതികവിദ്യകളുടെ നൈതികതയും അവയുടെ വിതരണത്തിലെ സാമൂഹ്യനീതിയുമെല്ലാം കച്ചവടതാൽപ്പര്യങ്ങൾക്കു മുമ്പിൽ ബലികഴിക്കപ്പെടുന്നു. നൈട്രോഗ്ലിസറിൻ എന്ന രാസവസ്തു ഹ്യദ്രോഗികളുടെ നെഞ്ചുവേദന കുറയ്ക്കാൻ സഹായകമാണ്. ഇതേ രാസപദാർഥം ബോംബുണ്ടാക്കാനും ഉപയോഗിക്കാം. ഇതിലേതാണ് സമൂഹത്തിനു ഗുണകരമെന്നും ഏതാണ് വർജിക്കപ്പെടേണ്ടതെന്നും നിശ്ചയിക്കുന്നത് ആ സമൂഹത്തിന്റെ സാമാന്യയുക്തിയും നീതിബോധവുമാണ്, സാങ്കേതികവിദ്യകളുടെ തെറ്റായ ഉപയോഗത്തെ എതിർത്തു തോൽപ്പിക്കുന്നതിനു പകരം, ശാസ്ത്രത്തിന്റെ രീതിയെ പഴിചാരുന്നതിൽ അർഥമില്ല. മനുഷ്യന്റെ വ്യവഹാരത്തിൽ അന്തിമ വാക്കാകണം ശാസ്ത്രം എന്നൊന്നും ഞങ്ങൾക്കു നിർബന്ധമില്ല. നൈതികത, കല, മതം തുടങ്ങിയ ചിന്താപദ്ധതികളുടെ പ്രാധാന്യത്തെ കുറച്ചു കാണുന്നുമില്ല. പക്ഷേ, പ്രപഞ്ചത്തെയും ജീവനേയും മനസ്സിലാക്കുന്നതിലും പ്രകൃതി നിയമങ്ങൾ അനാവരണം ചെയ്യുന്നതിലും മറ്റൊരു അന്വേഷണപദ്ധതിയും ഇതുപോലെ വിജയിച്ചിട്ടില്ല. സമൃദ്ധിയും, സമാധാനവും, സന്തോഷവുമുള്ള ഒരു നല്ല ലോകം കെട്ടിപ്പടുക്കണമെന്നു സ്വപ്നം കാണുന്നവർക്ക് ആധുനിക സയൻസിന്റെ നീതിയുക്തമായ പ്രയോഗം കൂടിയേതീരൂ..

മനുഷ്യന്റെ അന്വേഷണരീതികളിൽ ഒന്നുമാത്രമാണ് ശാസ്ത്രം എന്ന വാദമുഖത്തിന്റെ മറവിൽ പലതരം കപടശാസ്ത്രങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുന്നതു കാണാതിരുന്നുകൂടാ. ശാസ്ത്രത്തിന്റെ യുക്തിയും നീതിയിലധിഷ്ഠിതമായ മാനവികതയും ഒത്തുചേരുന്ന ഒരു ഉയർന്ന ശാസ്ത്രബോധം ഉൾക്കൊള്ളുന്ന ജനതയ്ക്കു മാത്രമേ സത്യവും സാഹോദര്യവും സമൃദ്ധിയുമുള്ള പുതിയലോകം കെട്ടിപ്പടുക്കാനാവു. കപടശാസ്ത്രങ്ങൾ ഇതിനു വിഘാതമാണ്.  ശാസ്ത്രത്തിന്റെ മേൽവിവരിച്ച രീതി പിൻതുടരാതിരിക്കുകയും എന്നാൽ ആധുനിക ശാസ്ത്രമാണെന്നവകാശപ്പെടുകയും ചെയ്യുന്നവരെയാണ് കപടശാസ്ത്രം എന്ന് ഇവിടെ വിവക്ഷിക്കുന്നത്. ഇവയോരോന്നും തികച്ചും ഉപയോഗശൂന്യമാണെന്നോ വർജിക്കപ്പെടേണ്ടതാണെന്നോ ഒന്നും ഞങ്ങൾ അഭിപ്രായപ്പെടുന്നില്ല. ശാസ്ത്രീയം എന്ന ലേബൽ മാറ്റിവെച്ച് ജനങ്ങൾ അവയെ വിലയിരുത്തട്ടെ. സ്വീകരിക്കുന്നവർ സ്വീകരിക്കുകയും തള്ളുന്നവർ തളളുകയും ചെയ്യട്ടെ

കപടശാസ്ത്രങ്ങൾ 

കപടശാസ്ത്രത്തെ തിരിച്ചറിയുന്നതിന്റെ ആദ്യപടി ഒരു അവകാശവാദത്തിനു പിന്നിലുള്ള സിദ്ധാന്തം അസത്യവൽക്കരണത്തിനു വഴങ്ങുന്നതാണോ എന്ന് പരിശോധിക്കുകയാണ്. വിദൂരഗ്രഹങ്ങളിൽ നിന്ന് ബുദ്ധിയുള്ള ജീവികൾ പല കാലങ്ങളിലായി ഭൂമിയിൽ വന്നിരുന്നു എന്ന സിദ്ധാന്തമെടുക്കാം. അവർ നിർമിച്ച സംസ്കാരങ്ങൾ, കോട്ടകളുടെ അവശിഷ്ടങ്ങൾ, അവരുടെ ബഹിരാകാശ പേടകങ്ങൾ എന്നിവയെയൊക്കെ വിസ്തരിച്ചു പ്രതിപാദിക്കുന്ന നിരവധി പുസ്തകങ്ങളും ലേഖനങ്ങളുമൊക്കെയുണ്ട്. വ്യക്തമായ തെളിവുകളൊന്നും ഇല്ലെന്നത് ഈ എഴുത്തുകാർക്ക് ഒരു പ്രയാസവും സൃഷ്ടിച്ചിട്ടില്ല. എന്നാൽ ഇവരുടെ ഭാവനാവിലാസങ്ങൾ പൂർണമായും തെറ്റാണ് എന്ന് തെളിയിക്കാൻ ഇന്ന് മാർഗമൊന്നുമില്ല. എറിക് വാൻ ഡെനിക്കനെ പോലുള്ള ഇത്തരം എഴു ത്തുകാരുടെ സഷടികൾ ഇക്കാരണത്താൽ തന്നെ ശാസ്ത്രാലാം കേവലം കെട്ടുകഥകൾ മാത്രമായേ പരിഗണിച്ചിട്ടുള്ളൂ. – കപടശാസ്ത്രങ്ങൾ എല്ലാം അസത്യവൽക്കരണത്തിനു വഴങ്ങാത്തവയല്ല. ശാസ്ത്രീയ സൃഷ്ടിവാദത്തിന്റെ കാര്യമെടുക്കാം. ആദ്യജീവൻ സൃഷ്ടിച്ചതിനുശേഷം പിന്നീടുള്ള കാര്യങ്ങൾ പ്രകൃതിനിയമങ്ങൾക്കും പ്രകൃതി നിർധാരണത്തിനും വിട്ട് ദൈവം വെറുതെയിരിക്കുകയാണ് ചെയ്തതെന്നു വാദിക്കുകയാണെങ്കിൽ അത് തെറ്റെന്നു തെളിയിക്കാൻ കഴിയില്ല. അതു കൊണ്ടുതന്നെ അതൊരു ശാസ്ത്രീയ സിദ്ധാന്തവുമല്ല. എന്നാൽ ശാസ്ത്രീയസ്യഷ്ടിവാദികൾ ഇതുകൊണ്ട് ത്യപ്തരല്ല. ബൈബിളിൽ പറഞ്ഞ കാര്യ ങ്ങൾ അപ്പടി സത്യമെന്നു സ്ഥാപിക്കുകയാണ് പലരുടെയും ലക്ഷ്യം.

ബൈബിളിലെ വംശപരമ്പരയുടെ കണക്കനുസരിച്ച് ആറായിരത്തിൽപ്പരം വർഷം മുമ്പാണ് ഭൂമിയുടെയും ജീവന്റെയും സൃഷ്ടി നടന്നതെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്. ചില കടുത്ത ശാസ്ത്രീയ സൃഷ്ടിവാദികളെങ്കിലും ഇന്നും ഇതിനെ മുറുകെപ്പിടിക്കുന്നു. ഭൂമിയുടെയും ബഹിരാകാശത്തിന്റെയും താപം, പാറകളുടെ പഠനം, ജനിതകശാസ്ത്രം എന്നിവയിലൊക്കെയുള്ള നിരവധി പാനങ്ങൾ ഇതിനെ പൂർണമായും നിരാകരിക്കുന്നു. ആറായിരം വർഷമല്ല, നാനൂറ്റമ്പത് കോടിയിലേറെ വർഷത്തെ പഴക്കമാണ് ഭൂമിക്കുള്ളതെന്ന കാര്യത്തിൽ വിവിധ മേഖലകളിലുള്ള ശാസ്പഠനങ്ങൾ യോജിക്കുന്നു. എന്നാൽ ശാസ്ത്രീയ സൃഷ്ടിവാദികൾക്ക് ഇതൊന്നും പ്രശ്നമല്ല. അസത്യവൽക്കരണം നടന്നുകഴിഞ്ഞാൽ അവർ അതിനെ അവഗണിക്കുന്നു. ഇത് കപടശാസ്ത്രത്തിന്റെ ഒരു മുഖമുദ്രയാണ്.

ജ്യോതിഷത്തിലെ പ്രവചനങ്ങൾ ആകസ്മിക നിരക്കിനേക്കാൾ കൂടുതൽ ശരിയാവാറുണ്ടോ എന്ന പഠനങ്ങൾ നടന്നിട്ടുണ്ട്. നിഷ്പക്ഷമായ പഠനങ്ങൾ എല്ലാംതന്നെ “ഇല്ല’ എന്ന ഉത്തരത്തിലാണ് എത്തിച്ചേർന്നത്. എന്നാൽ ജ്യോതിഷികൾ ഇത് പാടെ അവഗണിക്കുന്നു. (പ്രവചനങ്ങൾ തെറ്റുമ്പോൾ അവർ താൽക്കാലിക വിശദീകരണങ്ങൾ (Adhoc hypothees) നൽകുന്നു. “ജനനസമയം കുറിച്ചത് കൃത്യമായിരിക്കില്ല‘, “ജ്യോതിഷിയുടെ കണക്കുകളിൽ പിശകു വന്നിരിക്കാം’, “മറ്റുള്ളവരുടെ ഗ്രഹനിലയുടെ സ്വാധീനം കൊണ്ടാകാം‘ എന്നിങ്ങനെ പലതും. ജ്യോതിഷത്തിന്റെ അടിസ്ഥാനപ്രമാണങ്ങൾ തെറ്റാകാമെന്ന സാധ്യത അവർ ഒരിക്കലും പരിഗണിക്കുന്നില്ല. എത്ര കേമന്മാർ പറഞ്ഞതാണെങ്കിലും തെറ്റെന്നു തെളിഞ്ഞാൽ അടിസ്ഥാന പ്രമാണങ്ങൾ മാറ്റിയെഴുതുന്ന ആധുനിക സയൻസിന്റെ രീതിയിൽ നിന്ന് തികച്ചും വ്യത്യസ്തമാണിത്.

ആവർത്തന ഭദ്രതയുടെ അഭാവമാണ് കപടശാസ്ത്രത്തിന്റെ മറ്റൊരു ലക്ഷണം, മനശക്തികൊണ്ടു മാത്രം ദൂരെയുള്ള വസ്തുക്കളെ നീക്കുക, സ്പൂണുകൾ, കമ്പികൾ തുടങ്ങിയവ വളയ്ക്കുക, വാച്ചും ക്ലോക്കും നിർത്തുക തുടങ്ങിയ ജാലവിദ്യകൾ കാണിക്കുന്നവരുണ്ട്. ടെലികിനസിസ്’ (Telekinesis), വിദൂരകാഴ്ച ( Remote viewing) എന്നൊക്കെയുള്ള പേരുകളിൽ, സയൻസിനു വിശദീകരിക്കാൻ കഴിയാത്ത നവശാസ്ത്രമായി ഇതിനെ കൊട്ടിഘോഷിക്കുന്നവരുണ്ട്. തികച്ചും ഭൗതികവാദത്തിൽ അധിഷ്ഠിതമായ സയൻസിന്റെ അടിത്തറയെത്തന്നെ ചോദ്യം ചെയ്യാനും ആൾദൈവങ്ങളുടെ അത്ഭുതങ്ങൾ തൊട്ട് പലതിനും ശാസ്ത്രീയപരിവേഷം നൽകാനും ഇത് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം ജാലവിദ്യക്കാരെ ശാസ്ത്രജ്ഞർ കർശനമായ മുൻകരുതലുകളോടെ പരിശോധിക്കുന്ന അവസരങ്ങളിലൊക്കെ അവർ പരാജയപ്പെടുകയാണ് പതിവ്. അതിനൊക്കെ അവർ താൽക്കാലിക വിശദീകരണങ്ങൾ നൽകുന്നു. “സംശയാലുക്കളാൽ ചുറ്റപ്പെട്ടിരിക്കുന്നു’, “കമ്പനങ്ങൾ നല്ലതല്ല‘, “ഇന്ന് മനസ്സിൽ തെളിയുന്നില്ല’ എന്നെല്ലാമാണ് പതിവ് വിശദീകരണങ്ങൾ. ആവർത്തിക്കാൻ കഴിയാത്ത പരീക്ഷണങ്ങൾ കപടശാസ്ത്രത്തിൽ ഉടനീളം കാണാവുന്നതാണ്.

അമിതമായ അവകാശവാദങ്ങളാണ് കപടശാസ്ത്രത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന്. വിറ്റാമിനുകളുടെ ഘടന, അവ ശരീരത്തിൽ പ്രവർത്തി ക്കുന്ന രീതി, അവയുടെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങൾ എന്നിവയെ പ്പറ്റിയെല്ലാം വിശദമായ പഠനങ്ങൾ നടന്നു കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഈ പഠനങ്ങളിൽ ചിലതുമാത്രം എടുത്തുകാണിക്കുകയും തെളിയിക്കപ്പെടാത്ത കഴിവുകൾ അവകാശപ്പെട്ടുകൊണ്ട് പല രോഗങ്ങൾക്കും വിറ്റാമിനുകൾ നിർദേശിക്കുകയും ചെയ്യുന്നത് കപടശാസ്ത്രമാണ്.
കാന്തചികിത്സയുടെ കാര്യമെടുക്കുക. കാന്തവലയങ്ങൾക്ക് മനുഷ്യശരീരത്തിൽ ചില മാറ്റങ്ങൾ വരുത്താൻ കഴിവുണ്ടെന്നതു ശരി. എന്നാൽ സർവമാന രോഗങ്ങൾക്കും പ്രതിവിധിയായി കാന്തചികിത്സ എന്നൊരു പുതിയ ചികിത്സാ പദ്ധതിയുമായി മുന്നോട്ടു വരുമ്പോൾ അത് കപടശാസ്ത്രമായി മാറുന്നു. അക്യുപങ്ചർ, ഹോമിയോപ്പതി, സിദ്ധ, യുനാനി തുടങ്ങിയ ചികിത്സാ പദ്ധതികളുടെ പ്രയോക്താക്കൾ പലപ്പോഴും ഇത്തരം അമിതാവകാശവാദങ്ങളുമായി രംഗത്തു വരാറുണ്ട്. സാർസ് (SARS) രോഗം പൊട്ടിപ്പുറപ്പെട്ട് ദിവസങ്ങൾക്കകം, രോഗത്തിന് ഹോമിയോപ്പതിയിൽ പ്രതിവിധിയുണ്ടെന്ന അവകാശവുമായി അതിന്റെ വിദഗ്ധർ രംഗത്തുവന്നതു ശ്രദ്ധിക്കുക. അവരാരും തന്നെ ഒറ്റ സാർസ് രോഗിയെപ്പോലും കണ്ടിരുന്നില്ലെന്ന കാര്യം പ്രസ്താവ്യമാണ്. പഠനങ്ങളുടെ അഭാവം കപടശാസ്ത്രത്തിന് ഒരിക്കലും പ്രതിബന്ധമായിട്ടില്ല. ശാസ്ത്രതത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് അനുഭവസിദ്ധാന്തമാണെന്ന് നാം കണ്ടിരുന്നല്ലോ, ശാസ്ത്രീയമായ രീതിയിൽ സംഘടിപ്പിക്കപ്പെട്ട പരീക്ഷണങ്ങളും നിരീക്ഷണങ്ങളും അവയുടെ വിമർശനാത്മകമായ വിശകലനവുമാണ് ശാസ്ത്രത്തിന്റെ അടിത്തറ. ഈ പ്രക്രിയയുടെ അഭാവം കപടശാസ്ത്രതത്തിൽ ഉടനീളം കാണാവുന്നതാണ്. ശാസ്ത്രീയ പഠനങ്ങൾക്കു പകരം സാക്ഷ്യപ്പെടുത്തലുകളെയാണ് കപടശാസ്ത്രങ്ങൾ മുഖ്യമായും ആശ്രയിക്കുന്നത്. ഭൂമിയിൽ അന്യഗ്രഹങ്ങളിൽ നിന്നുള്ള പറക്കും തളികകൾ (Unidentified Flying Objects- UFO) സ്ഥിരമായി വരാറുണ്ടെന്ന് വാദിക്കുന്നവരുണ്ട്. ശാസ്ത്രീയമായ ഒരു തെളിവും ഇതിനില്ല. ഇത്തരം പേടകങ്ങളെ കണ്ടെന്നു പറയുന്നവരുടെ മൊഴികൾ മാത്രമാണ് ആശ്രയം. ഇവയിൽ പലതും തെറ്റിദ്ധാരണകളോ കളവോ ആണെന്നു തെളിഞ്ഞിട്ടും “യു.എഫ്.ഒ ശാസ്ത്രം ‘ അഭംഗുരം തുടരുന്നു.

അശാസ്ത്രീയ ചികിത്സാരീതികളും മുഖ്യമായും ആശ്രയിക്കുന്നത് സാക്ഷ്യപ്പെടുത്തലുകളെയാണ്. ഇവയാകട്ടെ പ്രേതങ്ങളിലും ടെലിവിഷനിലും ഇപ്പോൾ ഇന്റർനെറ്റിലും പരസ്യപ്പെടുത്തുന്നു. സയൻസിലെ കണ്ടുപിടുത്തങ്ങളും പഠനങ്ങളുമൊക്കെ സയൻസ് ജേർണലുകളിൽ വിലയിരുത്തൽ പ്രക്രിയക്കു വിധേയമാക്കിയ ശേഷം പ്രസിദ്ധീകരിക്കുകയാണ് ആദ്യം ചെയ്യുന്നത്. അതിനു ശേഷം മാത്രമേ പ്രതങ്ങളിലും മറ്റും പ്രത്യക്ഷപ്പെടുകയുള്ളൂ. കപടശാസ്ത്രത്തിന് ഈ നിയമം ബാധകമല്ല. മാത്രമല്ല, വിമർശനോത്സുകരായ ഒരു ശാസ്ത്രസമൂഹം ഇവയെ വിലയിരുത്താനായി ഇടപെടുന്നുമില്ല.‌

പുറത്തുനിന്നുള്ള വിമർശനങ്ങളെയാവട്ടെ അവഗണിച്ചു തള്ളുകയും ചെയ്യുന്നു. മതം, പാരമ്പര്യം, പ്രശസ്ത വ്യക്തികളുടെ ആധികാരികത ഇവ ദുരുപയോഗം ചെയ്യുക കപടശാസ്ത്രങ്ങളുടെ പതിവാണ്. വിശുദ്ധപുസ്തകങ്ങളിലും പ്രാചീന വിജ്ഞാനഗ്രന്ഥങ്ങളിലും പറഞ്ഞ കാര്യങ്ങൾ ശരിയെന്നു സ്ഥാപിക്കുകയാണ് ചില കപടശാസ്ത്രങ്ങളുടെ പ്രധാന ദൗത്യം. അതിനാൽ അവയുടെ അടിസ്ഥാന പ്രമാണങ്ങൾ ഒരിക്കലും ചോദ്യം ചെയ്യപ്പെടുന്നില്ല. ശാസ്ത്രീയസ്യഷ്ടിവാദവും കൊറാനിക ഭ്രൂണശാസ്ത്രവും ഹൈന്ദവ പുരാവസ്തു ശാസ്ത്രവുമെല്ലാം ഈ ഇനത്തിൽപ്പെടുന്നു. നിരന്തരം മാറ്റങ്ങൾക്കു വിധേയമാകാത്ത ഏതു വൈജ്ഞാനിക ശാഖയും മുരടിച്ചുപോവുകയും കാലകമേണ കപടശാസ്ത്രമായി അധഃപതിക്കുകയും ചെയ്യുന്നു. ഹാനിമാന്റെ കാലത്ത് ഹോമിയോപ്പതി ഒരു പക്ഷേ, പല രോഗങ്ങളുടെ ചികിത്സയുടെ കാര്യത്തിലും “അലോപ്പതി”യേക്കാൾ ഫലപ്രദമോ കുറവ് ഹാനികരമോ ആയിരിക്കാം, എന്നാൽ അലോപ്പതി ആധുനിക സയൻസിന്റെ രീതികൾ സ്വീകരിച്ച് ശാസ്ത്രീയ വൈദ്യമായപ്പോഴും ഹോമിയോപ്പതി നിന്നേടത്തു തന്നെ നിൽക്കുകയാണുണ്ടായത്. ഇന്നും ഹാനിമാന്റെ അടിസ്ഥാന പ്രമാണങ്ങൾ ഒന്നുംതന്നെ ചോദ്യം ചെയ്യാൻ ഹോമിയോപ്പതിയിലെ വിഗ്ധരാരും തന്നെ തയ്യാറാവുന്നില്ല. കപടശാസ്ത്രങ്ങൾ ഒരിക്കലും പുരോഗമിക്കുന്നില്ല. സയൻസ് പുസ്തകങ്ങൾ ഇടക്കിടെ ഏറെ മാറ്റങ്ങളോടെ പുതിയ പതിപ്പുകളായി പ്രസിദ്ധീകരിക്കുമ്പോൾ കപടശാസ്ത്രത്തിന്റെ ആധികാരിക ഗ്രന്ഥങ്ങൾ മാറ്റങ്ങളില്ലാതെ തുടരുന്നു. പുതിയ പ്രതിഭാസങ്ങൾ കണ്ടെത്തുവാനോ പ്രകൃതിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ആഴത്തിലുള്ള വിശദീകരണങ്ങൾ നൽകുവാനോ അതുവഴി പുതിയ പഠനങ്ങൾക്കും പുതിയ വൈജ്ഞാനികമേഖലകൾക്കും രൂപം നൽകാനോ കപടശാസ്ത്രങ്ങൾക്ക് ഒരിക്കലും കഴിയുന്നില്ല.

പുതിയ വിശദീകരണങ്ങൾക്കു പകരം അർഥമില്ലാത്ത, പൊള്ളയായ പദങ്ങൾ ഉപയോഗിക്കുന്നത് കപടശാസ്ത്രങ്ങളിൽ സാധാരണമാണ്. ഇവ പലതും സയൻസിൽ നിന്നു കടമെടുത്തതോ സയൻസിലുള്ള പദങ്ങളാണെന്നു തോന്നിക്കത്തക്കവയോ ആണ്. “ജൈവോർജ മണ്ഡലം’ (Bioenergy field), ‘ക്വാണ്ടം ആരോഗ്യം’, “രൂപജനിതക മണ്ഡലം’ (Morphogenetic field) എന്നിവയെല്ലാം കപടശാസ്ത്രങ്ങളിൽ സ്ഥിരമായി ഉപയോഗിക്കുന്ന പദങ്ങളാണ്. ഭ്രൂണത്തിന്റെ വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ ജനിതകേതര സ്വാധീനങ്ങളെ സൂചിപ്പിക്കുന്ന പദമായാണ് രൂപജനിതക മണ്ഡലത്തെ ഭ്രൂണശാസ്ത്രജ്ഞർ (Embryologist) ഉപയോഗിക്കുന്നത്.

എന്നാൽ എല്ലാ ജീവികൾക്കും ചുറ്റും ഇത്തരം ഒരു വലയമുണ്ടെന്നും അതുവഴി ടെലിപ്പതിയും മറ്റും സാധ്യമാണെന്നുമുള്ള അസംബന്ധത്തിന് ന്യായീകരണമായി ചില കപടശാസ്ത്രജ്ഞർ ഈ പദം വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. കടുകുമണി ചികിത്സ (Mustard seed therapy) എന്ന പേരിലുള്ള ഒരു ചികിത്സാരീതിയുണ്ട്. രക്തസമ്മർദം, പ്രമേഹം, ഉറക്കമില്ലായ്മ, അലർജി തുടങ്ങി മിക്കവാറും രോഗങ്ങൾക്കെല്ലാം ഫലപ്രദമാണത്രേ ഈ ചികിത്സ. ഇതിനെപ്പറ്റി അതിന്റെ ഉപജ്ഞാതാക്കൾ അവരുടെ വെബ്സൈറ്റിൽ പറയുന്നത് ഇങ്ങനെയാണ്: “ഞങ്ങൾ പ്രവർത്തിക്കുന്നത് ഊർജസ്വലവും കമ്പനപൂരിതവുമായ രീതിയിൽ ശാരീരിക ആരോഗ്യത്തെയും ആന്തരിക സൗഖ്യത്തെയും കണ്ടുകൊണ്ടാണ്. ഞങ്ങളുടെ പ്രവർത്തനങ്ങൾ ആത്മാവിന്റെ കമ്പനങ്ങളെ ഭൗതിക ശരീരസ്വത്വവുമായി സമന്വയിപ്പിച്ചുകൊണ്ടിരിക്കുന്നു!!!!” (We work with an energetic and vibrational approach to cellular and bodily health and inner well being. Our practices integrate the vibrations of soul through the physical self!!!!). സാധാരണക്കാരൻ കേട്ടാൽ ജോറായ ശാസ്ത്രം തന്നെ. എന്നാൽ ഒരു ശാസ്ത്രജ്ഞന് ഇത് കേട്ടാൽ ഒന്നും മനസ്സിലാവുകയില്ല. കാരണം ഇതിന് ഒരു അർഥവുമില്ല എന്നതുതന്നെ. പല കപടശാസ്ത്രങ്ങളും ശുദ്ധമായ കച്ചവടമാണ്. കടുകുമണി ചികിത്സയുടെ കാര്യം തന്നെയെടുക്കാം. പ്രസ്തുത വെബ്സൈറ്റിൽ കടുകുമണി കൊണ്ട് രോഗങ്ങളകറ്റാനുളള പല ഉൽപ്പന്നങ്ങളും പരസ്യം ചെയ്തിരിക്കുന്നു. കടുകുമണി നിറച്ച തലയിണ – 20 ഡോളർ, വാർധക്യം അകറ്റാനുള്ള കുടുകുമണി- 45 ഡോളർ എന്നിങ്ങനെ പലതും! ശൃംഖലാ വിപണനത്തിലൂടെ വിറ്റഴിക്കപ്പെടുന്ന പല ഉൽപ്പന്നങ്ങളും കപടശാസ്ത്രത്തിന്റെ  ഒന്നാംതരം ഉദാഹരണങ്ങളാണ്. രോഗം മാറ്റാനുള്ള കാന്തങ്ങൾ, ഫാർ ഇൻഫ്രാറെഡ് കളിമൺ ഉൽപ്പന്നങ്ങൾ, കൂൺ ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം ഇന്ന് ശ്യംഖലാ വിപണനത്തിലൂടെ വൻതോതിൽ വിറ്റഴിക്കപ്പെടുന്നുണ്ട് – “ശാസ്ത്രീയം’ എന്ന ലേബലിൽ കപടശാസ്ത്രങ്ങൾ മനുഷ്യന്റെ ബലഹീനതകളെയും അറിവില്ലായ്മയെയും ചൂഷണം ചെയ്യുന്നു. മാറാരോഗം പിടിപെട്ടയാളിനെ ഏറ്റവും പുതിയ ശാസ്ത്രം’ എന്ന പേരിൽ തങ്ങളുടെ ഉൽപ്പന്നങ്ങളും ആശയങ്ങളുമായി സമീപിക്കുന്നു. ആശയങ്ങളെയും ഉൽപ്പന്നങ്ങളെയും ശാസ്ത്രീയമായും വിമർശനാത്മകമായും വിലയിരുത്താൻ സാധാരണ ജനങ്ങൾക്കു കഴിയാത്തതാണ് ഇവരുടെ വിജയം. കപടശാസ്ത്രങ്ങളെ നയിക്കുന്ന താൽപ്പര്യങ്ങൾ പലതായിരിക്കാം. പ്രധാനമായും അവയെ ഇങ്ങനെ തരംതിരിക്കാം.

  1. കച്ചവടം: ഇതുതന്നെയാണ് ഏറ്റവുമധികം. ഇതിൽ തന്നെ ഏറ്റവും (പ്രധാനം കപടവൈദ്യമാണ് (Quackery). വർഷംതോറും ശതകോടികളുടെ വൻ ബിസിനസ്സായി ഇന്നത് വളർന്നിരിക്കുന്നു. ഇവയെ പ്രോത്സാഹിപ്പിക്കുന്നതിൽ മാധ്യമങ്ങൾ വലിയ പങ്കുവഹിക്കുന്നു.
  2. മതത്തെയും ആത്മീയതയെയും ശാസ്ത്രീയ പരിവേഷം നൽകി ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ, സ്യഷ്ടിവാദം, ഇ.എസ്.പി, വാസ്തു, ജ്യോതിഷം എന്നിവ ചില ഉദാഹരണങ്ങൾ. ഇതിൽതന്നെ പലതിനും ശക്തമായ കച്ചവടതാൽപ്പര്യങ്ങളുമുണ്ട്.
  3. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ശാസ്ത്രത്തെ വളച്ചൊടിക്കുന്നവർ: ജൈവ ശാസ്ത്രത്തിലെ വംശീയ സിദ്ധാന്തങ്ങൾ, ബുദ്ധിശക്തിയെപ്പറ്റിയുള്ള കപട ജനിതക സിദ്ധാന്തങ്ങൾ എന്നിവ അമേരിക്കയിൽ വലതുപക്ഷം കറുത്ത വംശജർക്കെതിരെ രാഷ്ട്രീയ ആയുധമായി ഇന്നും ഉപയോഗിക്കുന്നു. നാസികളുടെ ആര്യൻ മേന്മയെപ്പറ്റിയുള്ള സിദ്ധാന്തങ്ങളും സോവിയറ്റ് യൂണിയനിൽ ലൈസൻകോ ജനിതകശാസ്ത്രത്തെ വളച്ചൊടിച്ചതും ഇത്തരത്തിൽ രചിക്കപ്പെട്ട കപടശാസ്ത്രങ്ങളായിരുന്നു.
  4. വഴിതെറ്റിപ്പോയ ശാസ്ത്രജ്ഞരാണ് ചില കപടശാസ്ത്രതങ്ങളുടെ വക്താക്കൾ, തങ്ങളുടെ ‘വിപ്ലവാത്മക’ ആശയങ്ങൾക്ക് ശാസ്ത്രലോകത്ത് അംഗീകാരം കിട്ടാതെ പോകുമ്പോൾ ഇവർ സ്വയം കാന്തദർശികളായി അവരോധിക്കുന്നു. മാധ്യമങ്ങളുടെ പ്രാത്സാഹനത്തോടെ ശാസ്ത്രലോകത്തിന്റെ പുറംപോക്കുകളിൽ വിഹരിക്കുന്ന ഇവർ കൂടുതൽ കൂടുതൽ അബദ്ധങ്ങളിലേക്കു വഴുതി വീഴുന്നു. റൂപർട്ട് ഷെല്‍ഡ്രേക്ക് (മോർഫോജനറ്റിക് തിയറി), കാൾ പിബ്രാം (ഹോളോഗ്രാഫിക് ബെയ്ൻ മോഡൽ), ഇലിയാ പിഗ്രോഷിൻ തുടങ്ങിയവർ ഇത്തരത്തിൽപെട്ടവരാണെന്നു പറയാം.
  5. മുരടിച്ചുപോയ ശാസ്ത്രങ്ങൾ: ഹോമിയോപ്പതി, അക്യുപങ്ചർ തുടങ്ങി യവ. ശാസ്ത്രത്തിന്റെ വിശകലനരീതികൾ ഉപയോഗിച്ചു മുന്നേറുന്നതിനു പകരം പഴമയെ മുറുകെ പിടിക്കുക വഴി ഇവ പലപ്പോഴും കപടശാസ്ത്രങ്ങളായി അധഃപതിക്കുന്നു.

കപടശാസ്ത്രങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. ഇവയോരോന്നിനേയും പറ്റിയുള്ള വിശദമായ വിവരങ്ങൾ ഒരു പുസ്തകത്തിൽ ഒതുക്കാവുന്നതല്ല. വിവിധ മേഖലകളിലായി എതാനും ഉദാഹരണങ്ങൾ മാത്രമേ ഈ പുസ്ത കത്തിൽ പ്രതിപാദിക്കുന്നുള്ളൂ. പൊതുതത്വങ്ങളും ഉദാഹരണങ്ങളും വഴി

ഏതു കപടശാസ്ത്രത്തെയും കണ്ടാൽ തിരിച്ചറിയാനുള്ള കഴിവ് വായനക്കാർ സ്വയം ആർജിക്കുമെന്ന പ്രത്യാശയോടെ ശാസ്ത്രവും കപടശാ സ്ത്രവും തമ്മിൽ തിരിച്ചറിയാൻ സഹായിക്കുന്ന ചില വസ്തുതകൾ പട്ടികരൂപത്തിൽ താഴെ കൊടുത്തിരിക്കുന്നത് കാണുക.

ശാസ്ത്രം കപടശാസ്ത്രം
സ്വന്തം അറിവിന്റെ പരിമിതിയും

കൂടുതല്‍ ഗവേഷണത്തിന്റെ  ആവശ്യവും അംഗീകരിക്കുന്നു

ഉവ്വ് ഇല്ല
അവനവന്റെ മേഖല വിഷമംപിടിച്ചതാണ്, അറിയാത്തതേറെയുണ്ട് – എന്ന തിരിച്ചറിവ് ഉവ്വ് ഇല്ല
പുതിയ പ്രശ്നങ്ങൾ മുന്നോട്ടു വെക്കുന്നു. അതു പരിഹരിച്ചുകൊണ്ട് മുന്നേറുന്നു. ഉവ്വ് ഇല്ല
പുതിയ നിഗമനങ്ങൾ, രീതികൾ എന്നിവ സ്വാഗതം ചെയ്യുന്നു ഉവ്വ് ഇല്ല
പുതിയ നിഗമനങ്ങൾ മുന്നോട്ടു വെക്കുകയും അവ അസത്യവൽക്കരിക്കാൻ പ്രാപ്തിയുള്ള പരീക്ഷണങ്ങൾ ചിലപ്പോൾ നടത്തുകയും ചെയ്യുന്നു ഉവ്വ് ചിലപ്പോള്‍ മാത്രം
പുതിയ നിയമങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നു ഉവ്വ് ഇല്ല
സയൻസിന്റെ ഏകതയെ അംഗികരിക്കുന്നു ഉവ്വ് ഇല്ല
യുക്തിയെ ആശ്രയിക്കുന്നു ഉവ്വ് ചിലപ്പോള്‍ മാത്രം
ഗണിതത്തെ ഉപയോഗിക്കുന്നു ഉവ്വ് ചിലപ്പോള്‍ മാത്രം
അടിസ്ഥാനവിവരങ്ങൾ ശേഖരിക്കുന്നു. അവയ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നു ഉവ്വ് ചിലപ്പോള്‍ മാത്രം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ശാസ്ത്രവും കപടശാസ്ത്രവും എന്ന പുസ്തകത്തിലെ ആമുഖ അധ്യായം. വരും ദിവസങ്ങളില്‍ തുടര്‍ന്നുള്ള അധ്യായങ്ങളും പ്രസിദ്ധീകരിക്കുന്നതാണ്.

അനുബന്ധലേഖനങ്ങള്‍

  1. ശാസ്ത്രവും കൗതുക വാർത്തകളും
  2. കപടവാദങ്ങള്‍ പൊളിച്ചടുക്കാൻ ഒരു ‘ടൂള്‍കിറ്റ് ‘
  3. കപടശാസ്ത്രക്കാരുടെ വികലന്യായങ്ങൾ
Happy
Happy
67 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
33 %
Surprise
Surprise
0 %

Leave a Reply

Previous post ചൊവ്വദൗത്യവുമായി ചൈനയും Tianwen-1 വിക്ഷേപിച്ചു
Next post കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ – അറിയേണ്ട കാര്യങ്ങൾ
Close