Read Time:64 Minute
പ്രൊഫ.കെ.പാപ്പൂട്ടി

ഞ്ചേന്ദ്രിയ(!)ങ്ങളുടെ  സഹായം കൂടാതെ വിവരങ്ങളും അനുഭവങ്ങളും കൈമാറാനും ജ്ഞാനം നേടാനും ചില ആളുകൾക്കുണ്ടെന്ന് അവകാശപ്പെടുന്ന കഴിവിനെയാണ് അതീന്ദ്രിയ ദർശനം (Extra Sensory Perception – ESP) എന്നു പറയുന്നത്. അത്തരം ആളുകളെ അതീന്ദ്രിയ ജ്ഞാനികൾ അഥവാ സൈക്കിക് (psychic) എന്നു വിളിക്കാം. ടെലിപ്പതി, ടെലികിനസിസ്, ടെലി പോർട്ടേഷൻ, കെയർവോയൻസ്, ഭൂതോദയം (premonition), ആത്മാക്കളുമായുള്ള സമ്പർക്കം, പിരമിഡ് പവർ, ഓറയും കിർലിയൻ ഫോട്ടോ ഗ്രാഫിയും തുടങ്ങി നിരവധി ഇനങ്ങൾ ഇ.എസ്.പിയുമായി ബന്ധപ്പെട്ടവയാണ്. ഇവയെക്കുറിച്ചുള്ള പഠനശാഖയാണ് പാരാ സൈക്കോളജി. കണ്ണു വെക്കലും (കരിങ്കണ്ണ് – വടക്കൻ കേരളത്തിൽ പൊട്ടിക്കണ്ണ്) കരിനാക്കും ഒക്കെ ഇക്കൂട്ടത്തിൽപ്പെടുത്തേണ്ടിവരും. ആദ്യമായി ഇവയോരോന്നും എന്താണെന്നു നോക്കാം.

ടെലിപ്പതി

വാക്കിന്റെ അർഥം വിദൂര അനുഭവം എന്നാണ്. മറ്റൊരാളുടെ ചിന്ത, വികാരം, മനോഗതി ഇവയെല്ലാം ദൂരെയിരുന്ന് വായിച്ചെടുക്കുന്ന അത്ഭുത സിദ്ധിയാണിത്. സൊസൈറ്റി ഫോർ സൈക്കിക്ക് റിസർച്ച് എന്ന സംഘടനയുടെ സ്ഥാപകനായ ഡബ്ലൂ.എഛ്. മയേഴ്സ് എന്ന ഫ്രഞ്ചുകാരനാണ് 1882-ൽ ഈ പദം ആദ്യമായി ഉപയോഗിച്ചത്. പദം പുതുതാണെങ്കിലും പണ്ട് ഈ കഴിവ് പലർക്കും (ഉദാ: ഭാരതീയ മഹർഷിമാർക്ക്) ഉണ്ടായിരുന്നു എന്നാണ് പലരും വിശ്വസിക്കുന്നത്. ടെലിപ്പതി സാധ്യമാണോ എന്നറിയാൻ സെക്കിക്കുകൾ മാത്രമല്ല, അതിൽ വിശ്വാസമില്ലാത്തവരും (ചിലപ്പോൾ രണ്ടുകൂട്ടരും ചേർന്നും) ഒത്തിരി പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. സൈനിക ഗവേഷണത്തിൽ പല രാജ്യങ്ങളും അതിനു വലിയ പ്രാധാന്യം നൽകിയതായും പറയപ്പെടുന്നു. ഒന്നു സങ്കൽപ്പിച്ചു നോക്കൂ, ശ്രതു രാജ്യത്തിന്റെ  തലവന്റെ മനസ്സിലുള്ളത് വായിച്ചെടുക്കാൻ പറ്റിയ ഒരു വിദ്യ കൈവശമായാൽ പിന്നെ ചാരവൃത്തി എന്തിന്! അതുകൊണ്ട് അമേരിക്കയിലും റഷ്യയിലും ജപ്പാനിലുമെല്ലാം ഇത്തരം ഗവേഷണങ്ങൾ നടന്നിട്ടുണ്ടത്രെ. നടുക്കടലിലുള്ള ഒരു കപ്പലിലിരുന്ന് ഒരാൾക്ക്, താഴെ മുങ്ങിക്കപ്പലിലുള്ള വേറൊരാളുടെ ചിന്ത ഗ്രഹിക്കാൻ കഴിയുമോ എന്ന പരീക്ഷണം നടത്തി നോക്കിയിട്ടുണ്ട്. പക്ഷേ, ഒന്നും വിജയിച്ചിട്ടില്ല. അതുകൊണ്ടാണല്ലോ സൈനിക രഹസ്യങ്ങൾ ചോർത്താൻ ഇപ്പോഴും ചാരന്മാരും ഇലക്ട്രോണിക് ബഗ്ഗുകളും വേണ്ടി വരുന്നത്. ടെലിപ്പതിയെങ്ങാൻ നേരാണെന്നു വന്നാൽ യുദ്ധത്തിനു വല്ല ത്രില്ലും ഉണ്ടാകുമോ? രാഷ്ട്രീയവും പ്രേമവും എന്തിന്, ചീട്ടുകളി പോലും ഹരമില്ലാതായി മാറും.

ടെലികിനസിസ് 

മനശക്തി കൊണ്ട് ദൂരെയുള്ള വസ്തുക്കളെ ചലിപ്പിക്കുന്ന വിദ്യയാണിത്. സൈക്കോകിനസിസ് എന്നും പറയും. യൂറിഗെല്ലറും മറ്റും ഇതുവഴി വളച്ച സ്പൂണുകൾക്കും താക്കോലുകൾക്കും കണക്കില്ലത്രേ. ലെനിൻഗ്രാഡിലെ ഒരു വീട്ടമ്മ  നീനാ കുലാഗിന നോക്കിയാൽ തന്നെ ക്ലോക്കിന്റെ സുചി നിൽക്കുകയും വസ്തുക്കൾ വായുവിൽ ചാടിക്കളിക്കുകയും ചെയ്യുമായിരുന്നുവത്രേ. ആർക്കും കാണത്തക്ക വിധത്തിലാണ് ഈ അത്ഭുതവിദ്യകളൊക്കെ, ഒറ്റ നിബന്ധനയെയുള്ളൂ,  കാണാൻ വരുന്ന കൂട്ടത്തിൽ ശാസ്ത്രഗവേഷകരും മാജിക്കുകാരും ഉണ്ടാവരുത്. പിന്നെ, അരണ്ട വെളിച്ചം (പോര, കൂടുതൽ വെളിച്ചത്തിൽ കാണണം എന്നൊന്നും പറയുകയുമരുത്) പക്ഷേ, യൂറിഗെല്ലർക്കും ടെലികിനസിസിന്റെ കാര്യത്തിൽ നമ്മുടെ ശീലാവതിയുടെ അടുത്തെത്താനാവില്ല. അണിമാണ്ഡവ മുനിയുടെ ശാപം മൂലം തന്റെ പ്രിയതമനും കുഷ്ഠരോഗിയുമായ ഉഗ്രശ്രവസ്സ് അടുത്ത സൂര്യോദയത്തിനു മുമ്പ് മരിക്കും എന്നറിഞ്ഞ ശീലാവതി “എന്നാപ്പിന്നെ സൂര്യൻ ഉദിക്കണ്ട’ എന്നു തീരുമാനിക്കുകയും ടെലികിനസിസ് വഴി സൂര്യനെ നിശ്ചലനാക്കുകയും ചെയ്തു എന്നാണു കഥ. പ്രശസ്ത പാരാസൈക്കോളജിസ്റ്റായ ജെ.ബി.റൈൻ (J.B.Rhine) പറയുന്നത് ടെലിപ്പതിയും ടെലികിനസിസും ഒരേ സൈക്കിക്ക് കഴിവിന്റെ രണ്ടു പ്രകട രൂപങ്ങൾ മാത്രമാണെന്നാണ്. ടെലിപോർട്ടേഷൻ ഇതിന്റെ ഒരുയർന്ന രൂപമാണ്. വസ്തുക്കളെയും ആളുകളെത്തന്നെയും ഇതുവഴി ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് (ഇന്ധനച്ചെലവില്ലാതെ) മാറ്റാൻ കഴിയുമത്രേ! നമ്മുടെ ചില യോഗികളും മനുഷ്യദൈവങ്ങളും കാണിക്കുന്ന ലെവിറ്റേഷനും (വായുവിൽ വസ്തുക്കളെയും തന്നെത്തന്നെയും ഉയർത്തി, താങ്ങില്ലാതെ നിർത്തുന്ന വിദ്യ) ഹഠയോഗികളുടെ വെള്ളത്തിനു മീതെയുള്ള നടത്തവും ഇക്കൂട്ടത്തിൽപ്പെടുത്താം.

ഹെര്‍ബര്‍ട്ട പിയേഴ്സും ജെബി റൈനും കടപ്പാട് വിക്കിപീഡിയ

ടെലികിനസിസിന്റെ രണ്ടു നാടൻ പ്രയോഗങ്ങളാണ് കണ്ണുവെക്കലും കരിനാക്കും. പാടുപെട്ട് നമ്മൾ ഒരു വീടുണ്ടാക്കി അതിൽ താമസമാക്കാൻ ഒരുങ്ങുന്നു. അപ്പോഴാണ് ഒരു കരിങ്കണ്ണൻ ആ വഴിവന്ന് വീടിനു കണ്ണുവെക്കുന്നത്. പിറ്റേന്ന് നോക്കുമ്പം അതാകിടക്കുന്നു വീട് നിലംപൊത്തി (ഇതു സംഭവിക്കാതിരിക്കാനാണ് നാം വീടിനുമുന്നിൽ കോലം വരച്ചുവെക്കുന്നത്. സാക്ഷാൽ വാസ്തുദേവന്റെ രൂപമാണത്. അദ്ദേഹമാണല്ലോ വീടിന്റെ അധിനാഥൻ). നിറയെ കായ്ച്ചുലഞ്ഞുനിൽക്കുന്ന ഒരു മാവിനെ നോക്കി ചില വീരന്മാർ ഒരു കമന്റടിച്ചാൽ മതി, മാങ്ങ മുഴുവൻ കൊഴിഞ്ഞു താഴെ വീഴാൻ. ഇത്തരം കഥകൾ നമ്മുടെ നാട്ടിൻപുറങ്ങളിലുമുണ്ട്. എന്തുകൊണ്ടോ ഇക്കുട്ടരെ പട്ടാളത്തിൽ എടുക്കാൻ സർക്കാരുകളൊന്നും വേണ്ടത്ര താൽപ്പര്യമെടുക്കുന്നില്ല. ഒന്നാലോചിച്ചു നോക്കൂ: ഇന്ത്യയെ ആക്രമിക്കാൻ പാക്പട്ടാളം വിമാനങ്ങളും ടാങ്കുകളും കവചിത വാഹനങ്ങളുമായി ഇരച്ചുവരുന്നു. ഇന്ത്യയാകട്ടെ നേരിടാൻ സൈന്യത്തെ നിയോഗിക്കുന്നതിനു പകരം ഒരു കരിങ്കണ്ണനെ, കരിനാക്കനെ അയക്കുന്നു. അയാളുടെ ഒരു നോട്ടമോ കമന്റേോ മതി പാക് സൈന്യം നിലംപരിശാകാൻ. എന്തോ, നമ്മുടെ സൈനിക നേതൃത്വത്തിന് ടെലികിനസിസിന്റെ പ്രാധാന്യം ശരിക്കു ബോധ്യമായിട്ടില്ല. ടെലിപ്പതിയും ടെലികിനസിസുമായി ബന്ധപ്പെട്ടു നടത്തിയ ചില അന്വേഷണങ്ങൾ നാം പിന്നീടു ചർച്ച ചെയ്യും

1940 ലെ ക്ലെയർ വോയൻസ് ഷോ- വാഹനം ഇംഗ്ലണ്ടിൽ നിന്നും   കടപ്പാട് വിക്കിപീഡിയ

മനക്കണ്ണും ഭൂതോദയവും

കാണാമറയത്തുളള കാര്യങ്ങൾ കൺമുമ്പിലെന്നപോലെ കാണാനുള്ള കഴിവാണ് മനക്കണ്ണ് അഥവാ ക്ലെയർ വോയൻസ്. ഇതു ഭാവിയിലേക്കു നീട്ടിയാൽ ഭൂതോദയം (premonition) ആയി. വരാൻ പോകുന്ന നൂറ്റാണ്ടുകളിലേക്കുള്ള പ്രവചനങ്ങൾ മുഴുവൻ നടത്തി കൃതകൃത്യനായ നോസ്ട്രദാമസ് ഈ കഴിവിന്റെ തിളങ്ങുന്ന ഉദാഹരണമാണല്ലോ. ക്ലെയർ വോയൻസ്  കൂടാതെ ചിലർക്ക് ക്ലെയർ ഓഡിയൻസും (ദൂരെ നടക്കുന്ന സംഭാഷണങ്ങൾ കേൾക്കാനുള്ള കഴിവ്) ഉണ്ടത്രെ. രാഷ്ട്രീയപാർട്ടികൾ ഇവരെ ശ്രദ്ധിക്കണം. ഇവർ ചെന്നുപെടുന്ന ഗ്രൂപ്പുകൾക്ക് മറുഗ്രൂപ്പിന്റെ രഹസ്യം ചോർത്താനുള്ള കഴിവുകൂടും.

മരണാനന്തര സമ്പർക്കങ്ങൾ

മനുഷ്യൻ മരിച്ചാലും ആത്മാവ് അതേ രൂപത്തിൽ (അതായത് ശരീരരൂപത്തിൽ), പക്ഷേ, സുതാര്യമായി നിലനിൽക്കും; അവയെ കാണാൻ പ്രത്യേക കഴിവും പരിശീലനവുമുള്ളവർക്കേ കഴിയൂ എന്നുമാത്രം. ഇങ്ങനെ പരിശീലനം നേടിയവർക്ക് മരിച്ച ആളുടെ ഉറ്റവർക്കും ആത്മാവിനുമിടയിൽ ഒരു മാധ്യമമായി നിന്നുകൊണ്ട് ആശയങ്ങൾ കൈമാറാൻ കഴിയും. ചിലർ മാധ്യമസഹായമില്ലാതെ തന്നെ പ്രിയപ്പെട്ടവരുടെ ആത്മാക്കളുമായി ഇങ്ങനെ ബന്ധപ്പെടാൻ ജന്മസിദ്ധമായ കഴിവുള്ളവരാണ്. അത്ഭുതകരമായ വസ്തുത, ആത്മാവുകൾ എപ്പോഴും പ്രത്യക്ഷപ്പെടുന്നത് വസ്ത്രം ധരിച്ചുകൊണ്ടാണെന്നതാണ്. അത്മാവ് അവശേഷിക്കും എന്നു വിശ്വസിക്കുന്നവർക്കുപോലും ചിതയിൽ ദഹിപ്പിച്ച വസ്ത്രം എങ്ങനെ അതിനുകിട്ടുന്നു എന്നു മനസ്സിലാക്കാൻ പ്രയാസമാണ്.

നിത്യതക്കുവേണ്ടിയുള്ള മനുഷ്യന്റെ അഭിലാഷമാണ് ആത്മാവ് എന്ന സങ്കൽപ്പത്തിനു പിന്നിൽ. പ്രിയപ്പെട്ടവരുടെ വേർപാടിൽ വേദനിക്കുന്ന ഒരാൾക്ക് അയാളുടെ ആത്മാവു നിലനിൽക്കുന്നു എന്ന വിശ്വാസം മനശാസ്ത്രപരവും സാമൂഹ്യവുമായ ഒരാവശ്യമാണ്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പിൽ ആത്മാക്കളുമായി ബന്ധം പുലർത്താൻ ആഗ്രഹിച്ചവരുടെ എണ്ണത്തിലുണ്ടായ വർധന ഇതിനു വലിയ തെളിവാണ്. ‘വില്ലിങ്’ എന്ന പേരിലറിയപ്പെടുന്ന ടെലിപ്പതി പാർലറുകൾ അവിടെ ഉയർന്നു വരികയുണ്ടായി, മക്കളെ നഷ്ടപ്പെട്ട അമ്മമാർക്ക് വേണ്ടി മാധ്യമമായി നിന്ന് പലരും വലിയ സമ്പാദ്യമുണ്ടാക്കി. ഇതുകൂടാതെ ആത്മാക്കൾ നേരിട്ടു പ്രത്യക്ഷപ്പെട്ട അനുഭവങ്ങളും ധാരാളമുണ്ടായി. നമ്മുടെ ഇന്നത്തെ അറിവു വെച്ച് ചിന്തിക്കുമ്പോൾ, കാണാൻ കണ്ണും കേൾക്കാൻ ചെവിയും ആശയങ്ങൾ ഉൾക്കൊള്ളാൻ തലച്ചോറും വേണം. ഭാഷ വശമാക്കുന്നത് തലച്ചോറാണ്. ഇതൊന്നുമില്ലാത്ത ആത്മാവ് എങ്ങനെ മാധ്യമത്തിന്റെ ചോദ്യങ്ങൾ കേൾക്കുകയും മനസ്സിലാക്കുകയും മാധ്യമത്തിന്റെ മാതൃഭാഷയിൽ ഉത്തരങ്ങൾ നൽകുകയും ചെയ്യുന്നു എന്ന ചോദ്യം ഭൗതികവാദികൾ ചോദിക്കുന്നു. മതിഭ്രമങ്ങളോ തട്ടിപ്പുകളോ ആയിട്ടേ അവർക്കീ പ്രതിഭാസങ്ങളെ കാണാൻ കഴിയുന്നുള്ളു.

ആത്മാക്കളെ വരുത്തി ഉറ്റവരുമായി ബന്ധിപ്പിക്കുന്ന സൈക്കിക്കുകൾ വെളിപ്പെടുത്തുന്ന പല കാര്യങ്ങളും ആരെയും അത്ഭുതപ്പെടുത്തും. അതിനുള്ള സൂത്രവിദ്യകൾ റേ ഹൈമാൻ എന്ന മനഃശാസ്ത്രജ്ഞൻ പറയുന്നത് നോക്കു (കോളേജിൽ പഠിക്കുന്ന കാലത്ത് വരുമാനമുണ്ടാക്കാൻ ഹൈമാൻ – ഒരു മാധ്യമമായി പ്രവർത്തിച്ചിരുന്ന ആളാണ്. ജോലികിട്ടിയപ്പോൾ അതു വേണ്ടെന്നു വെച്ചു).

  1. ഒരു നല്ല മാധ്യമമാകാൻ നിങ്ങൾക്കു തികഞ്ഞ ആത്മവിശ്വാസം ഉണ്ടാകണം. എന്നാൽ വിനയം അഭിനയിക്കുകയും വേണം. പ്രശസ്ത സൈക്കിക്കുകളായിരുന്ന ജെയിംസ് വാൻ പ്രാഗും ജോൺ എഡ്വാർഡും
  2. അവരുടെ സഹായം തേടിയെത്തുന്നവരോട് പറയുമത്രേ. “ഞങ്ങൾക്കു തെറ്റുപറ്റാം. എങ്ങനെയാണ് ഞങ്ങൾക്കു ആത്മാവുമായി ബന്ധപ്പെടാനുള്ള ഈ കഴിവു കിട്ടിയത് എന്നുപോലും ഞങ്ങൾക്കറിയില്ല.” എങ്കിലും ആത്മാവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് നിങ്ങൾ എപ്പോഴും ഭാവിക്കണം.
  3. ആത്മാവുമായി ബന്ധപ്പെടാൻ തുടങ്ങുംമുമ്പേ, വരുന്ന ആളിൽനിന്ന് കിട്ടാവുന്നത് വിവരങ്ങൾ നിങ്ങൾ ചോർത്തിയെടുക്കണം. തികച്ചും സ്വാഭാവികമായി വേണം അതു ചെയ്യാൻ. ആ വിവരങ്ങളിൽ ചിലത് പിന്നീട് ആത്മാവിന്റെ സന്ദേശത്തിന്റെ ഭാഗമായി വരുമ്പോൾ അയാൾക്ക് അത്ഭുതം തോന്നണം.
  4. വരുന്ന ആളോട് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കണം: “നോക്കു, ഈ ശ്രമത്തിന്റെ വിജയവും പരാജയവും എല്ലാം നിങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്” (അതു സത്യമാണുതാനും, അയാൾ സഹകരിച്ചില്ലെങ്കിൽ പറയാൻ വേണ്ട ഒരു കോപ്പും നിങ്ങൾക്കു കിട്ടില്ല).
  5. നിങ്ങളൊരു നല്ല നിരീക്ഷകനായിരിക്കണം. വന്നയാൾ ധരിച്ച വേഷത്തിന്റെ പ്രത്യേകതകൾ, അയാളുടെ മോതിരത്തിലോ സാരിയുടെ ബ്രൂച്ചിലോ, തൂവാലയിലോ ഉള്ള അടയാളങ്ങൾ, അക്ഷരങ്ങൾ, പേരുകൾ, ഇതൊക്കെ പ്രയോജനപ്പെട്ടെന്നു വരാം.
  6. മുഖസ്തുതിയിൽ ഒരു പിശുക്കും കാട്ടരുത്. മരിച്ച വ്യക്തിയോട് വന്നയാൾക്കും തിരിച്ചും ഉള്ള സ്നേഹത്തെക്കുറിച്ച് വാചാലനാകണം. താൻ എല്ലാം മനസ്സിലാക്കുന്നുവെന്നും എന്നാൽ കുറച്ചേ വെളിവാക്കുന്നുള്ളൂ എന്നും ഭാവിക്കണം.

നിർദേശങ്ങൾ ഇനിയുമുണ്ട്. ഏറ്റവും പ്രധാനം വിവരങ്ങൾ ചോർത്തിയെടുക്കൽ തന്നെ. അവയെ അടിസ്ഥാനമാക്കി ബുദ്ധിപരമായ ചില ഊഹങ്ങൾ, രക്ഷാമാർഗം തുറന്നിട്ടുകൊണ്ടുള്ള (അതായത് ഉചിതമായ മാറ്റങ്ങൾക്ക് സാധ്യതയുള്ള) ചില പ്രഖ്യാപനങ്ങൾ, വികാര പ്രകടനങ്ങൾ ഇത്രയുമൊക്കെയായാൽ സംഗതി വിജയിക്കും. ഇതുകൂടാതെ ഏജൻസികൾ കൊണ്ടുവരുന്ന കസ്റ്റമേഴ്സ് ആണെങ്കിൽ കുറെയധികം വിവരങ്ങൾ ഏജന്റുമാരിൽ നിന്ന് നേരത്തെ കിട്ടുകയും ചെയ്യും.

ചിലർക്ക് ആത്മാക്കൾ സന്ദേശം കൈമാറുക ചില സൂചനകൾ ആയിട്ടാണ്. ഉദാഹരണത്തിന്, മൺമറഞ്ഞ പ്രിയതമയുടെ ഓർമയ്ക്കായി ഒരു അന്നദാനം നടത്തിയാലോ എന്ന ചിന്ത വരുന്ന സമയത്ത് ഒരു വെള്ളപ്രാവ് മുറ്റത്തു പറന്നുവന്നിരിക്കുന്നതായി ഒരാൾ കാണുന്നു എന്നിരിക്കട്ടെ. അത് പ്രിയതമയുടെ ആത്മാവിന്റെ സമ്മത സൂചനയല്ലാതെ മറ്റെന്താണ്? മുമ്പ് അന്നദാനത്തെക്കുറിച്ച് ചിന്തിച്ചപ്പോഴെല്ലാം പ്രാവു വന്നിട്ടുണ്ടോ, പ്രാവുവരുമ്പോഴെല്ലാം താൻ അന്നദാനത്തെക്കുറിച്ച് ചിന്തിച്ചിരുന്നോ, രണ്ടും ഒന്നിച്ചു സംഭവിക്കാനുള്ള സംഭാവ്യതയെത്രയാണ് – ഇതൊന്നും ചിന്തിക്കാനുള്ള മാനസികാവസ്ഥയിലായിരിക്കില്ല അയാൾ. അതിനു നല്ല മനക്കരുത്തും ശാസ്ത്രബോധവും വേണം.

ലൂയി അൽവാരിസ്

ഫിസിക്സിനുള്ള നൊബേൽ സമ്മാനം നേടിയ ലൂയി അൽവാരിസ് ഒരനുഭവം വർണിക്കുന്നുണ്ട്. അദ്ദേഹം ഒരു ദിവസം പത്രം വായിച്ചുകൊണ്ടിരുന്നപ്പോൾ അതിൽ കണ്ട ഒരു വാക്ക് തന്റെ കുട്ടിക്കാലത്തെക്കുറിച്ച് ഓർക്കാൻ ഇടയാക്കി. ഓർമയിൽ ഒരു ബാല്യകാല സുഹ്യത്തിന്റെ രൂപം തെളിഞ്ഞുവന്നു. അയാൾ ഇപ്പോൾ എവിടെയായിരിക്കും? അൽവാരിസ് അത്ഭുതപ്പെട്ടു. പേജുകൾ തുടർന്നു മറിച്ചപ്പോൾ പ്രൊഫ.അൽവാരിസ് കണ്ടത് ആ സുഹൃത്തിന്റെ മരണവാർത്തയാണ്. അൽവാരിസ് ഒട്ടൊന്ന് അമ്പരന്നുവെങ്കിലും അത് ഇ.എസ്.പിയുടെ നിദർശനമായി അദ്ദേഹം എടുത്തില്ല. പകരം, ഇത്തരം രണ്ടു കാര്യങ്ങൾ ഒന്നിച്ചു നടക്കാനുള്ള സംഭാവ്യത കാണാൻ ഒരു ഫോർമുല നിർധരിച്ചെടുക്കാനാണദ്ദേഹം മുതിർന്നത്. ഇങ്ങനെ ഒത്തുവരാനുള്ള സാധ്യത അമേരിക്കയിൽ മാത്രം ഒരു വർഷം ഏകദേശം 3000 (ദിവസം ശരാശരി 8) ആകാമെന്ന് അദ്ദേഹം കണക്കാക്കി (ഇന്ത്യയുടെ ജനസംഖ്യവെച്ച് ഇത് 5 ഇരട്ടി വരും).

ഓറ

ജീവനുള്ള എല്ലാ വസ്തുക്കളിലും ജൈവോർജം കുടികൊള്ളുന്നുണ്ടത്ര, ആ ഊർജക്ഷേത്രം വസ്തുവിനു പുറത്തേക്കും പ്രകാശവലയങ്ങൾ തീർത്തുകൊണ്ട് വ്യാപിച്ചുകിടക്കുന്നു. അതാണ് ഓറ (Aura). പ്രപഞ്ചമാകെയുള്ള ഒരു ചൈതന്യത്തിന്റെ ഭാഗമാണത്. ഓരോ വ്യക്തിയിലുമുളള ജൈവോർജത്തിന്റെ അളവും അവയുടെ ഓറ സൂചിപ്പിക്കുന്നു. ഓറ കാണാൻ എല്ലാവർക്കും കഴിയില്ല; പ്രത്യേക സൈക്കിക് പവർ ഉള്ളവർക്കേ കഴിയും. എന്നാൽ പരിശീലനം കൊണ്ട് മറ്റുള്ളവർക്കും ആ കഴിവ് ആർജിക്കാം, കിർലിയൻ ഫോട്ടോഗ്രാഫിൽ ഓറ തെളിഞ്ഞു കാണുന്നതു കൊണ്ട് ‘ഓറ പഠന’ത്തിന് ഏറ്റവും പറ്റിയ മാർഗം അതാണ്. ഏഴു നിറങ്ങളിലുള്ള വലയങ്ങളാണ് കാണപ്പെടുക; ഒന്നിനു പുറത്തൊന്നായി, ശരീരത്തെ പൊതിഞ്ഞുകൊണ്ടവ സ്ഥിതിചെയ്യുന്നു. അവ നിരീക്ഷിച്ച് എങ്ങനെ ശാരീരിക സ്ഥിതി മനസ്സിലാക്കാം എന്ന് എഡ്ഗാർ കെയ്സി (ടെലി പ്പതി വഴി വിദൂരത്തിരുന്നു രോഗനിർണയം നടത്തുന്നതിൽ വീരനായിരുന്നു അദ്ദേഹം) വിവരിക്കുന്നുണ്ട്. ഓറ നമ്മുടെ രോഗാവസ്ഥയെക്കുറിച്ച്, ബാഹ്യ ലക്ഷണങ്ങൾ കണ്ടുതുടങ്ങും മുമ്പുതന്നെ, സൂചന നൽകുമത്രേ.

പ്രശസ്ത ഇ.എസ്.പി. ആചാര്യനായ മാർട്ടിൻ ബോഫ്മാൻ പിഎഛ്.ഡി – പറയുന്നത് കേൾക്കൂ. “എല്ലാം നിങ്ങളുടെ ആത്മ ബോധത്തിൽ (consciousness) അധിഷ്ഠിതമാണ്. നിങ്ങൾ എന്നാൽ നിങ്ങളുടെ ആത്മബോധമാണ്. ചിന്തയും വികാരങ്ങളും എല്ലാം അതിന്റെ സൃഷ്ടിയാണ്. അതിലുണ്ടാകുന്ന സംഘർഷമാണ് രോഗങ്ങളായി പ്രത്യക്ഷപ്പെടുന്നത്. രോഗാണുക്കൾ എല്ലായിടത്തുമുണ്ട്. എന്തുകൊണ്ടാണ് അവ എല്ലാവരെയും ബാധിക്കാത്തത്? എന്തുകൊണ്ടാണ് ഒരേ മരുന്ന് ചിലർക്ക് ഫലിക്കുന്നതും ചിലർക്കു ഫലിക്കാത്തതും? അവരുടെ ആത്മബോധത്തിന്റെ അവസ്ഥയാണത് തീരുമാനിക്കുന്നത്. വാഹനാപകടമുണ്ടാകുമ്പോൾ ശരീരത്തിന്റെ ഒരു പ്രത്യേക ഭാഗത്തിനുമാത്രം തകരാറു സംഭവിക്കുന്നതും ഇതേ കാരണത്താലാണ്, ആത്മബോധം ജൈവോർജം തന്നെയാണ്. അതു നിങ്ങളുടെ ഓരോ സെല്ലിലുമുണ്ട്. അതുവഴി എല്ലാ ആന്തരാവയവങ്ങളും അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു. കിർലിയൻ ഫോട്ടോഗ്രാഫിൽ ജൈവോർജം വലയങ്ങളായി പ്രത്യക്ഷപ്പെടുന്നു. കൈവെള്ളയുടെ ഒരു കിർലിയൻ ഫോട്ടോ രണ്ടു സമയങ്ങളിൽ എടുത്തുനോക്കൂ. രണ്ടും വ്യത്യസ്തമായിരിക്കും. ഊർജക്ഷേത്രം മാറുന്നതാണിതിനു കാരണം. കിർലിയൻ ഫോട്ടോയിൽ വിടവുകണ്ടാൽ ഊർജവിതരണത്തിൽ തകരാറുണ്ടെന്നും അതെപ്പോൾ ബാഹ്യാനുഭവമായി പ്രത്യക്ഷപ്പെടുമെന്നും പറയാൻ പറ്റും. നിങ്ങളുടെ വലത്തെ കൈ തളരുന്നു എന്നിരിക്കട്ടെ, അതു തളർവാതം പിടിപെട്ടാകാം, കോണിയിൽ നിന്നു വീണിട്ടാകാം, വാഹനാപകടത്തിലാകാം. എന്നാൽ അടിസ്ഥാന കാരണം ജൈവോർജ്ജത്തിലെ അസന്തുലനമാണ്.

പോരെ? കുറച്ചുപേർക്കുമാത്രം എയ്ഡ്സ് വരുന്നതും ചില രാജ്യങ്ങളിൽ ജീവിക്കുന്ന ചിലരെ മാത്രം എലിപ്പനി ബാധിക്കുന്നതും ഇറാഖിലും അഫ്ഗാനിസ്ഥാനിലും ബോംബ് വീണ് ആയിരങ്ങൾക്ക് കൈകാൽ നഷ്ടപ്പെട്ടതും ഗുജറാത്തിൽ ഒരു വിഭാഗം ആളുകൾ മാത്രം കൊലചെയ്യപ്പെട്ടതും വെറും ജൈവോർജത്തകരാറുകൊണ്ടാണെന്നു മനസ്സിലായില്ലേ? അതിലൊക്കെ സാമ്പത്തിക പ്രശ്നവും സാമൂഹ്യപ്രശ്നവും കാണുന്നതിൽ അർഥമില്ല!

അമേരിക്കയിൽ അത്ഭുതപ്രതിഭാസങ്ങളെക്കുറിച്ച് അന്വേഷിക്കുന്നവരുടെ ഒരു സംഘടനയുണ്ട്. കമ്മിറ്റി ഫോർ ദി സയിന്റിഫിക് ഇൻവെസ്റ്റിഗേഷൻ ഓഫ് ക്ലെയിംസ് ഓഫ് ദി പാരനോർമൽ അഥവാ CSICOP. അതിലെ അന്വേഷകരായ ജെയിംസ് റാൻഡിയും ബിൽബിക്സിയും കൂടി ഒരിക്കൽ ബെർക്ലി സൈക്കിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശസ്തയായ ഒരു സൈക്കിക്കിന്റെ ഓറ ദർശന ശേഷി പരിശോധിക്കുകയുണ്ടായി. സ്റ്റേജിൽ ഇരുപതു പേരെ നിരത്തി നിർത്തി സൈക്കിക്കിനോട് ഓറ കാണുന്നുണ്ടോ എന്നു ചോദിച്ചു. കാണുന്നുണ്ടെന്നു മാത്രമല്ല ശരീരത്തിനു ചുറ്റും, തലക്കു മുകളിലുമെല്ലാം രണ്ടടിയോളം വിസ്തൃതിയിൽ അതു വ്യാപിച്ചുകിടക്കുകയും ചെയ്യുന്നു എന്നായിരുന്നു മറുപടി. കർട്ടൻ താഴ്ത്തിയ ശേഷം വീണ്ടും ഉയർത്തിയപ്പോൾ സ്റ്റേജിൽ 20 തട്ടികൾ ഉണ്ടായിരുന്നു; ഒരാൾ ഉയരമുള്ള തട്ടികൾ, പിന്നിൽ ആൾ നിന്നാൽ തല വരെ മറയും. പക്ഷേ, തലക്കുമുകളിലെ ഓറ കാണാൻ പറ്റും. ഓറ കണ്ടെത്തി ഏതു തട്ടിക്കു പിന്നിലാണ് ആളുള്ളത്, ഏതാണു ശൂന്യം എന്നു പറയണം: ഇതായിരുന്നു നിർദേശം (ഉയരത്തിൽ സ്ഥാപിച്ച ഒരു ക്യാമറ വഴി തട്ടിയുടെ പിൻഭാഗവും കാണികൾക്കു കാണാമായിരുന്നു. സൈക്കിക്കിന് കാണാൻ പറ്റില്ല). എല്ലാ മറകൾക്കും പിന്നിൽ ഓറ കാണുന്നുണ്ടെന്നും അതുകൊണ്ട് എല്ലാറ്റിനും പിന്നിൽ ആളുണ്ടെന്നുമായിരുന്നു സൈക്കിക്ക് കണ്ടെത്തിയത്. എന്നാൽ മറ നീക്കിയപ്പോൾ ആറെണ്ണത്തിനു പിന്നിലേ ആളുണ്ടായിരുന്നുള്ളൂ. ഓറ കണ്ടെത്താനുള്ള എല്ലാ പരീക്ഷണങ്ങളും ഈ വിധം പരാജയപ്പെട്ട അനുഭവമാണ് പിന്നീടും ഉള്ളത്.

രണ്ട് നാണയങ്ങളുടെ കിർലിയൻ ഫോട്ടോഗ്രാഫി

കിർലിയൻ ഫോട്ടോഗ്രാഫി 

1940കളിൽ റഷ്യയിലെ ഒരു ഇലക്ട്രീഷ്യനും ശാസ്ത്രാന്വേഷകനുമായ സെയ്മൻ കിർലിയനും ഭാര്യ വാലന്റിനയും ചേർന്നു വികസിപ്പിച്ചെടുത്ത ഒരു ഫോട്ടോഗ്രാഫി വിദ്യയാണ് കിർലിയൻ ഫോട്ടോഗ്രാഫി എന്നറിയപ്പെടുന്നത്. അതിനുവേണ്ട സംവിധാനങ്ങൾ ഇത്രയുമാണ്. 15,000-60,000 വോൾട്ടും നന്നെ ചെറിയ കറണ്ടും ഉള്ള ഒരു ഉന്നതാവൃത്തി (High frequency) വൈദ്യുതസോതസ്സ്  ഒരു ടെസ്ലാ കോയിൽ മതി. അതിന്റെ ഒരു ടെർമിനൽ ഒരു ലോഹത്തകിടുമായി ബന്ധിപ്പിക്കുന്നു (ചിത്രം നോക്കുക). മറ്റൊരു ടെർമിനൽ എർത്തു ചെയ്യുന്നു. തകിടിനു മുകളിൽ ഒരു ഗ്ലാസ് പ്ലേറ്റ്, അതിനു മുകളിൽ ഒരു ഫോട്ടോഗ്രാഫിക് പ്ലേറ്റ് (എമൽഷനുള്ള വശം മുകളിലായി) അതിനും മുകളിൽ ഫോട്ടോ എടുക്കേണ്ട വസ്ത. വസ്തുവിനു മീതെ, അതിനെ അമർത്തിനിർത്താൻ വേണ്ടൂത ഭാരമുള്ള ഒരു ലോഹത്തകിട്. അതിനെ എർത്തു ചെയ്യണം. ഇനി സ്വിച്ചിട്ടാൽ മതി, വസ്തുവിന്റെ കിർലിയൻ ഫോട്ടോ ഫോട്ടോഗ്രാഫിക് പ്ലേറ്റിൽ പതിയും. ബ്ലാക്ക് ആന്റ് വൈറ്റോ വർണ ചിത്രമോ എടുക്കാം. വർണ ചിത്രത്തിൽ ബഹുവർണ ശോഭാ വലയങ്ങളാണു കിട്ടുക.

ഏതു വസ്തുവിന്റെ ഫോട്ടോയും എടുക്കാം. ഇല, നാണയം, മോതിരം, ഒരാളുടെ കൈപ്പത്തി ഇങ്ങനെ എന്തും (ഒരാളുടെ പൂർണകായ ചിത്രമൊന്നും – കിട്ടില്ല; കാരണം താഴെയും മുകളിലുമുള്ള പ്ലേറ്റുകൾക്കിടയിലെ അകലം കൂടി യാൽ ലക്ഷക്കണക്കിനു വോൾട്ട് പ്രയോഗിക്കേണ്ടിവരും; അപകടകരമാണ്. യാഗം നടന്ന സ്ഥലത്തിന്റെ കിർലിയൻ ഫോട്ടോ എന്നു പറഞ്ഞു അടിച്ചിറക്കുന്ന ചിത്രങ്ങളെല്ലാം തട്ടിപ്പാണെന്നു സാരം). ഫോട്ടോയിൽ പതിയുന്ന വർണ വലയങ്ങൾ ജൈവ ഓറയാണെന്നും ശരീരത്തിൽ അന്തർവേശിച്ചിട്ടുള്ള ഈതർ എന്ന പ്രപഞ്ച ചൈതന്യമാണെന്നും ഒക്കെയാണ് വിശ്വാസികൾ പറയുക. എന്തായാലും വലയങ്ങളുടെ പിന്നിലെ ശാസ്ത്രം വളരെ ലളിതമാണ്. ഉയർന്ന വോൾട്ടേജ് പ്രയോഗിക്കുമ്പോൾ ഏറ്റവും മുകളിലും താഴെയുമുള്ള പ്ലേറ്റുകൾക്കിടയിൽ കൊറോണ ഡിസ്ചാർജ് എന്ന പ്രതിഭാസമുണ്ടാകുന്നു. വസ്തുവിനു മീതെ വെച്ചിരിക്കുന്ന ചാലക പ്ലേറ്റിൽനിന്ന് ഉതിരുന്ന അത്യധികം ഊർജമുള്ള ഇലക്ട്രോണുകൾ വായുതന്മാത്രകളെ അയണീകരിക്കുകയോ ഉത്തേജിപ്പിക്കുകയോ ചെയ്യുമ്പോഴുണ്ടാകുന്ന പ്രകാശമാണ് (നീല – പർപ്പിൾ നിറത്തിലാണതു കാണപ്പെടുക) വസ്തുവിന് ചുറ്റും വലയമായി പ്രത്യക്ഷപ്പെടുന്നത്. വസ്തുവിൽ നിന്ന് ഒരു വലയവും പുറപ്പെടുന്നില്ല. വലയങ്ങളുടെ വ്യാപ്തിയും ശോഭയും നിറങ്ങളുടെ വിതരണവും എല്ലാം പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും; വായുമർദം, വായുവിന്റെ ഈർപ്പം, വസ്തുവിന്റെ നനവ്, വസ്തുവിലനുഭവപ്പെടുന്ന മർദം (മുകളിലെ പ്ലേറ്റിന്റെ ഭാരമനുസരിച്ച്), എക്സ്പോഷർ ടൈം എന്നിവയാണ് പ്രധാനം.

തന്റെ തന്നെ കയ്യാണ് ആദ്യപരീക്ഷണത്തിന് കിർലിയൻ ഉപയോഗിച്ചത്. സ്വിച്ചിടുമ്പോൾ വിരലുകളുടെ അറ്റത്തുനിന്ന് ഓറഞ്ച് പ്രകാശം വരുന്നതായി അദ്ദേഹത്തിനു തോന്നി. പിന്നീട് ജീവനുള്ളതും ഇല്ലാത്തതുമായ നിരവധി വസ്തുക്കളുടെ ഫോട്ടോ കിർലിയൻ ദമ്പതികൾ എടുത്തു.

ജൈവോർജത്തെക്കുറിച്ചൊന്നും അവർക്കറിയില്ലായിരുന്നു. ജീവശാസ്ത്രപഠനങ്ങൾക്ക് ഉപകരിച്ചേക്കുമെന്നേ അവർ കരുതിയിരുന്നുള്ളൂ. പക്ഷേ, 1970കൾ ആയപ്പോഴേക്കും ജൈവോർജവും ഓറയുമായി ബന്ധപ്പെട്ട് കിർലിയൻ ഫോട്ടോഗ്രാഫി ചർച്ചാവിഷയമായി. കൈ, പാദം മുതലായ ശരീര ഭാഗങ്ങളുടെ ഓറ ചിത്രമെടുത്താൽ ശരീരശാസ്ത്രപരവും മനശാസ്ത്രപരവുമായ പല കാര്യങ്ങളും മനസ്സിലാക്കാമെന്ന അവകാശവാദമുണ്ടായി. കാലിഫോർണിയ സെന്റർ ഫോർ ഹെൽത്ത് സയൻസിൽ നടന്ന ഒരു പഠനത്തിൽ കിർലിയൻ ചിത്രമെടുക്കുന്ന ഇലയുടെ അടുത്തേക്ക് കൈ കൊണ്ടുപോകുമ്പോഴും ഇല പറിക്കുമ്പോഴും ഫോട്ടോയിലെ വർണവലയങ്ങളിൽ മാറ്റമുണ്ടാകുന്നതായി കണ്ടു, ഇലയുടെ പ്രതികരണം ജൈവപ്ലാസ്മയിലൂടെ പ്രത്യക്ഷപ്പെടുന്നതുകൊണ്ടാണിത് എന്നായിരുന്നു വ്യാഖ്യാനം. ഉന്നത വൈദ്യുത ക്ഷേത്രത്തിനടുത്തേയ്ക്ക് ഏതു വസ്തു കൊണ്ടുചെന്നാലും ക്ഷേത്രത്തിന്റെ രൂപത്തെ അതു മാറ്റുമെന്നും തന്മൂലം കൊറോണ് ഡിസ്ചാര്‍ജ്ജിൽ മാറ്റമുണ്ടാകുമെന്നും മനസ്സിലാക്കാൻ വൈദ്യുതിയുടെ ബാലപാഠം അറിഞ്ഞാൽ മതിയായിരുന്നു. പക്ഷേ, അപ്പോൾ ജൈവോർജത്തിനു തെളിവാകില്ലല്ലോ.

കിർലിയൻ ഫോട്ടോഗ്രാഫി യഥാർഥത്തിൽ ജീവശാസ്ത്രപഠനത്തിനു പ്രയോജനപ്പെട്ടെന്നു വന്നേക്കാം. എന്നാൽ, ഗവേഷണങ്ങൾ ആ വഴിക്കല്ലെ ഇതുവരെ നടന്നിട്ടുള്ളത്. ഒട്ടും ശാസ്ത്രീയമല്ലാത്തെ വ്യാഖ്യാനങ്ങളാണ് വർണവലയങ്ങൾക്ക് നൽകുന്നത്. അത് വൈകാരിക ഭാവങ്ങളെ വെളിവാക്കുന്നുണ്ടത്രേ. ചുവപ്പ് ദേഷ്യത്തെയും കടുത്ത വികാരങ്ങളെയും നീല ശാന്തഭാവത്തെയും മറ്റുനിറങ്ങൾ ഇതുപോലെ ഓരോരോ ഭാവങ്ങളെയും ആണത്രേ സൂചിപ്പിക്കുന്നത്. പക്ഷേ, ജീവനില്ലാത്ത ലോഹവളയത്തിന്റെയും മോതിരത്തിന്റെയും പറിച്ചെടുത്ത ഇലയുടെയും എല്ലാം കിർലിയൻ ചിത്രത്തിൽ ഓറ കാണുന്നുണ്ട്. അവയ്ക്ക് എന്ത് വൈകാരിക ഭാവമാണുള്ളത്?

ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് “ഫാന്റം ലീഫ് ഇഫക്ട്’ എന്ന പ്രതിഭാസം, സംഭവമിതാണ്. ഒരു കൂട്ടർ ഒരു ഇലയുടെ കിർലിയൻ ഫോട്ടോ എടുത്തു. പിന്നീട്, ഇലയുടെ പകുതി മുറിച്ചുകളഞ്ഞ ശേഷം വീണ്ടും ഫോട്ടോ എടുത്തു. രണ്ടാമത്തെ ചിത്രത്തിൽ ഇലയുടെ മുറിച്ചുകളഞ്ഞ ഭാഗത്തിന്റെ കൂടി ചിത്രം അവ്യക്തമായി കാണുന്നുണ്ടായിരുന്നു. ഇത് ഇലയെ വിട്ടു പോകാൻ കൂട്ടാക്കാത്ത ജൈവോർജത്തിന്റെ സാന്നിധ്യമല്ലാതെ മറ്റെന്താണ് എന്നവർ ചോദിച്ചു. ഇതുകേട്ട് അത്ഭുതപ്പെട്ടുപോയ ചില ശാസ്ത്രജ്ഞർ വീണ്ടും പരീക്ഷണം നടത്തിനോക്കി. അതെ, ഫാന്റം ഇഫക്ട് ഉള്ളതു തന്നെ. ഒന്നു കൂടി ചെയ്തു നോക്കി. ഇത്തവണ അവർ ഇലയ്ക്കു മുകളിൽ വെച്ച് പ്ലേറ്റ് തുടച്ചു വൃത്തിയാക്കിയാണ് ചെയ്തത്. ഫാന്റം കാണാനില്ല. ഇപ്പോഴാണ് കാര്യം മനസ്സിലായത്. പൂർണ ഇലയ്ക്കു മീതെ പ്ലേറ്റ് – അമർത്തി വെച്ചപ്പോൾ അതിൽ പതിഞ്ഞ ഈർപ്പവും പൊടികളുമൊക്കെ യാണ് പിന്നീട് ഫാന്റത്തെ സൃഷ്ടിച്ചത്. ഇവിടെയാണ് നാം ശാസ്ത്രതത്തിന്റെ അന്വേഷണ രീതിയുടെ പ്രത്യേകത കാണുന്നത്.

ഇ.എസ്.പിയോടുള്ള ശാസ്ത്രത്തിന്റെ സമീപനം

നിരീക്ഷണങ്ങളോടുള്ള അവമതിപ്പും വെറും മനനംകൊണ്ട് യഥാർഥ ജ്ഞാനം നേടാനാകുമെന്ന വിശ്വാസവും പുലർത്തുന്ന ചിന്തകർ ലോകത്തു പണ്ടുമുതൽക്കേ ഉണ്ടായിരുന്നു. പ്രാചീന ഗ്രീസിൽ ഇക്കൂട്ടർ യുക്തിക്കും ഗണിതത്തിനും പ്രാധാന്യം നൽകി. ഏഷ്യൻ മിസ്റ്റിക്കുകൾക്കിടയിൽ ആത്മ ജ്ഞാനത്തിനാണ് പ്രാമുഖ്യം കൈവന്നത്. ഇതിന്റെ തുടർച്ച തന്നെയാണ് അതീന്ദ്രിയ ദർശനശേഷിയെക്കുറിച്ചുള്ള പുതിയ ധാരണകളും. അതിനു ശാസ്ത്രത്തിന്റെ മുഖം നൽകാനുള്ള ഗൗരവതരമായ ഒരു ശ്രമം ഇപ്പോൾ  നടക്കുന്നു എന്ന വ്യത്യാസമേയുള്ളു.

ഇ.എസ്.പി എന്ന പേര് നിർദേശിച്ചതും ചിട്ടയായ പഠനങ്ങൾക്കു തുടക്കം  കുറിച്ചതും അമേരിക്കയിലെ ഡ്യൂക് സർവകലാശാലയിലെ പാരാസൈക്കോളജിസ്റ്റായിരുന്ന ജെ.ബി റൈൻ (J.B. Rhine) ആണ്. നിരവധി പരീക്ഷണ – നിരീക്ഷണങ്ങളിലൂടെ ഇ.എസ്.പിക്ക് തെളിവുകൾ കണ്ടെത്താൻ അദ്ദേഹം ശ്രമിച്ചു. പരീക്ഷണ ഫലങ്ങളൊന്നും തന്നെ അസന്നിഗ്ധ തെളിവുകളായില്ലെങ്കിലും ഭാഗികമായി ഇ.എസ്.പിയെ സാധൂകരിക്കുന്നവയാണെന്ന് അദ്ദേഹം വാദിച്ചു. എന്നാൽ ശാസ്ത്രപരീക്ഷണത്തിനുവേണ്ടി കൺട്രോളു കളുടെ അഭാവവും ഡാറ്റയുടെ തെറ്റായ വിലയിരുത്തലുമാണ് അത്തരം ഒരു നിഗമനത്തിലേക്ക് നയിച്ചത് എന്നായിരുന്നു ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.

എങ്കിലും ശാസ്ത്രലോകം ഒരു വിപരീത സമീപനമല്ല ഇ.എസ്.പിയോട്  സ്വീകരിക്കുന്നത്. നമ്മുടെ ഇന്നത്തെ അറിവു വെച്ച് അതിന് ഒരു സാധുകരണവുമില്ലായിരിക്കാം, പക്ഷേ, നമ്മുടെ അറിവിന്റെ പരിമിതി മറക്കരുത്. പതിനെട്ടാം നൂറ്റാണ്ടിൽ ഒരു വലിയ വിവാദമുണ്ടായി, ആകാശത്തുനിന്ന് വലിയ കല്ലുകൾ ഭൂമിയിൽ വന്നു പതിക്കുന്നതുകണ്ടു എന്നു പലരും റിപ്പോർട്ട് ചെയ്തു. ശാസ്ത്രജ്ഞർ അതു വിശ്വസിക്കാൻ കൂട്ടാക്കിയില്ല. തോമസ് ജെഫേഴ്സണെപ്പോലുള്ളവർ പരിഹസിച്ചു ചിരിച്ചു. പക്ഷേ, പിന്നീട് ശാസ്ത്രം കണ്ടെത്തി, ആകാശത്തുനിന്ന് കല്ലുകൾ വീഴാം. ഇന്നു നമ്മൾ അവയെ ഉൽക്കകൾ എന്നാണ് വിളിക്കുന്നത്.

രോഗികളെ ചികിത്സിക്കുന്ന എല്ലാ ഡോക്ടർമാർക്കും അറിയാം, രോഗത്തെ അതിജീവിക്കുന്നതിൽ രോഗിയുടെ ഇച്ഛാശക്തിക്ക് വലിയ പങ്കുണ്ടെന്ന്. പക്ഷേ, ഇച്ഛാശക്തിയുടെ അടിസ്ഥാനമെന്തെന്നോ അതു രോഗാണുക്കളെ നേരിടുന്നതിൽ എങ്ങനെയാണിടപെടുന്നതെന്നോ ആർക്കും വ്യക്തമായിട്ടറിയില്ല. ചുരുക്കത്തിൽ, നമുക്ക് വിശദീകരിക്കാൻ കഴിയുന്നുണ്ടോ ഇല്ലയോ എന്നതല്ല ഒരു കാര്യം. യഥാർഥമാണോ അല്ലയോ എന്നു നിർണയിക്കാനുള്ള മാർഗം. അതിനുവേണ്ടത് നിരീക്ഷണത്തെളിവുകളാണ്. സിദ്ധാന്തം പിന്നെ വന്നുകൊള്ളും. ഇത്തരം എന്തെങ്കിലും തെളിവുകൾ ഇ.എസ്.പിക്കോ അനുബന്ധ ശാഖകളായ ടെലിപ്പതി, ടെലികിനസിസ് മുതലായവയ്ക്കോ ഉണ്ടോ? ഇല്ല എന്നാണ് ഇതുവരെയുള്ള അനുഭവം. കേട്ടുകേൾവിയുടെയും മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പ്രചാരണത്തിന്റെയും താങ്ങിൽ നിലനിൽക്കുന്ന കപടശാസ്ത്രങ്ങൾ മാത്രമാണവ ഇന്നും. സാധാരണ മനുഷ്യരുടെ ശാസ്ത്രബോധത്തെ തകർക്കാനും വിധിവിശ്വാസത്തെ ഊട്ടിയുറപ്പിക്കാനും അവരെ എളുപ്പം ചൂഷണവിധേയരാക്കാനും മാത്രമേ ഇവ ഉപകരിക്കുന്നുള്ളൂ.

വസ്തുനിഷ്ഠ ഭൗതികയാഥാർഥ്യങ്ങൾക്കപ്പുറമുള്ള ഒരു അതിഭൗതിക യാഥാർഥ്യമുണ്ടെന്നും അതിനെ അറിയലാണ് യഥാർഥ ജ്ഞാനമെന്നും അതു ശാസ്ത്രത്തിന്റെ രീതികൾകൊണ്ട് സാധ്യമാകില്ലെന്നുമാണ് ഇ.എസ്.പി പോലുള്ള അത്ഭുത പ്രതിഭാസങ്ങളുടെയെല്ലാം വക്താക്കൾ വാദിക്കുന്നത്. എന്നിട്ടവർ ഇടയ്ക്ക് ഇ.എസ്.പിക്കും മറ്റും നിരീക്ഷണത്തെളിവുകളുമായി വരികയും ചെയ്യും. ഭൗതികം ഒടുവിൽ അതിഭൗതികത്തോട് (metaphysics) അടുത്തുകൊണ്ടിരിക്കയാണ് എന്നാണവരിപ്പോൾ അവകാശപ്പെടുന്നത്. ആർതർ കോസ്ലർ (Arthur Koestler: Roots of coincidence) പറയുന്നതു നോക്കൂ; “പാരാസൈക്കോളജി കൂടുതൽ കൃത്യതയുള്ളതാകുമ്പോൾ സൈദ്ധാന്തിക ഭൗതികം കൂടുതൽ ഗൂഢാത്മകമാവുകയാണ്. അലംഘ്യമെന്നു കരുതിയിരുന്ന പ്രകൃതിനിയമങ്ങളെല്ലാം ഭേദിക്കപ്പെട്ടുകൊണ്ടിരിക്കുന്നു… ഇ.എസ്.പി പോലുള്ള അവിശ്വസനീയ പ്രതിഭാസങ്ങൾ പോലും ഭൗതികത്തിലെ അചിന്ത്യമായ പുത്തൻ ധാരണകളുടെ വെളിച്ച ത്തിൽ അത്രയൊന്നും അയുക്തികമായി തോന്നാതായിരിക്കുന്നു.

പാരാ സൈക്കോളജി കൈവരിച്ചു എന്നു പറയുന്ന കൃത്യതയുടെ കാര്യവും ഭൗതികം എത്തിപ്പെട്ടിരിക്കുന്ന നിഗൂഢതയുടെ കാര്യവും വാദത്തിനുവേണ്ടി സമ്മതിച്ചാൽ പോലും കോസ്ലർ തുടർന്നു പറയുന്ന കാര്യങ്ങൾ ഭൗതികത്തിന്റെ ചരിത്രം മറന്നുകൊണ്ടുള്ളതാണെന്നു വ്യക്തം. സാമാന്യബുദ്ധിയെയും അന്നുവരെ അലംഘനീയം എന്നു കരുതിയിരുന്ന പ്രകൃതിനിയമങ്ങളെയും ചോദ്യം ചെയ്തുകൊണ്ടല്ലേ എക്കാലത്തും ഭൗതികശാസ്ത്രം മുന്നേറിയിട്ടുള്ളത്? ഭൂമി ഉരുണ്ടതാണെന്നും അതു സ്വയം കറങ്ങുകയും സൂര്യനെ ചുറ്റുകയും ചെയ്യുന്നു എന്നും ആദ്യം പറഞ്ഞ കാലത്ത് അത് അന്നത്തെ സാമാന്യബുദ്ധിക്ക് എത്രമാത്രം വിരുദ്ധമായിരുന്നു! അന്നോളം നിലനിന്ന എത്ര പ്രകൃതിനിയമങ്ങളെയാണവ ലംഘിച്ചത്! എത്ര വലിയൊരു സാംസ്കാരികാഘാതമാണത് സമൂഹത്തിൽ സൃഷ്ടിച്ചത്. പിന്നീടത് നമ്മുടെ സാമാന്യബുദ്ധിയുടെ ഭാഗമായി മാറിയില്ലേ? അതുപോലെ ക്വാണ്ടം ഭൗതികത്തിലെയും ആപേക്ഷികസിദ്ധാന്തത്തിലെയും കണ ഭൗതികത്തിലെയും പുത്തൻ സമസ്യകളും നാളെ പരിഹരിക്കപ്പെടുകയും നമ്മുടെ പുതിയ സാമാന്യബുദ്ധിയുടെ ഭാഗമായി മാറുകയും ചെയ്യും എന്നു പ്രതീക്ഷിക്കുന്നതല്ലേ കൂടുതൽ യുക്തിസഹം? അലംഘനീയമായ ഒരു പ്രകൃതിനിയമം കണ്ടെത്തിക്കഴിഞ്ഞതായി ഇതുവരെ ശാസ്ത്രലോകത്ത് ആരും അവകാശപ്പെട്ടിട്ടില്ല. കൃത്യതയുള്ള നിരീക്ഷണങ്ങളാണ് പ്രധാനം. പ്രകൃതിനിയമങ്ങൾ അവയുടെ അടിസ്ഥാനത്തിൽ നാം നിർവചിക്കുകയാണ്. നിരീക്ഷണങ്ങളുടെ കൃത്യത വർധിക്കുമ്പോൾ പ്രകൃതിനിയമങ്ങൾക്കും തദനുസൃതമായ മാറ്റങ്ങൾ ഉണ്ടാകും. അതിനിടയ്ക്ക് “ഇതാ, പൂർണസത്യം ഞങ്ങളുടെ കയ്യിലുണ്ട്’” എന്നു പറയുന്നത് കപടശാസ്ത്രങ്ങളുടെ സ്വഭാവമാണ്.

നമുക്ക് അവകാശവാദങ്ങളോ നിരീക്ഷണ സാധ്യതയില്ലാത്ത സിദ്ധാന്തങ്ങളോ അല്ല വേണ്ടത്. കൃത്യതയുള്ള നിരീക്ഷണങ്ങളാണ്. ടെലിപ്പതിയും – ടെലികിനസിസും മറ്റും ശരിയാണെന്ന് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സ്ഥാപിച്ചാലും ഭൗതികശാസ്ത്രം ഇടിഞ്ഞുവീഴുകയൊന്നുമില്ല. ശാസ്ത്രാന്വേഷണങ്ങൾക്ക് ഒരു പുതിയ മേഖലകൂടി കൈവന്നു എന്നേ ശാസ്ത്രജ്ഞർ കരുതു, അതനുസരിച്ച് ഐൻസ്റ്റൈന്റെ “പ്രകാശവേഗ സമമിതി’യും ഗുരുത്വാകർഷണ നിയമവും ക്വാണ്ടം ഭൗതികത്തിലെ ചില ധാരണകളുമെല്ലാം മാറ്റി എഴുതേണ്ടി വരുമെന്നേയുള്ളൂ. അതുചെയ്യാൻ ശാസ്ത്രലോകം തയ്യാറായിരിക്കും, ശാസ്ത്രം ആവശ്യപ്പെടുന്നതിതാണ്: അവകാശവാദങ്ങൾ നിരീക്ഷണം കൊണ്ടു തെളിയിക്കണം. അസാധാരണ അവകാശവാദങ്ങൾക്ക് അസാധാരണ തെളിവും വേണം എന്ന സാമാന്യതത്വം അവഗണിക്കാൻ പാടില്ല. അരണ്ട വെളിച്ചമുള്ള മുറിയിലിരുന്ന് സൈക്കിക്കുകൾ കാട്ടുന്ന ചെപ്പടിവിദ്യകൾ തെളിവായി സ്വീകരിക്കാൻ ശാസ്ത്രജ്ഞർ തയ്യാറാവില്ല. തുറന്ന പരീക്ഷണങ്ങൾ പരാജയപ്പെടുമ്പോൾ അതു “വെളിച്ചക്കൂടുതൽ കൊണ്ടാണ്’, ‘ക്യാമറകൾ ഏകാഗ്രത നഷ്ടപ്പെടുത്തിയതുകൊണ്ടാണ് ‘ എന്നും മറ്റുമുളള ഒഴികഴിവുകളും സ്വീകാര്യമാവില്ല.

സൈക്കിക്കുകൾ എല്ലാകാലത്തും തങ്ങളുടെ അസാധാരണമായ കഴിവുകൾക്ക് ശാസ്ത്രത്തിന്റെ പിൻബലം ഉണ്ടെന്ന് സ്ഥാപിക്കാൻ പാടുപെട്ടിട്ടുണ്ടെന്ന് കാണാൻ കഴിയും. പത്തൊൻപതാം നൂറ്റാണ്ടിൽ, മാക്സ് വെല്‍ വിദ്യുത്കാന്തിക സിദ്ധാന്തം ആവിഷ്കരിച്ച കാലത്ത്, അവർ പറഞ്ഞു, മനസ്സുകൾ തമ്മിൽ സന്ദേശങ്ങൾ കൈമാറുന്നത് ചില അജ്ഞാത വിദ്യുത്കാന്തിക തരംഗങ്ങൾ കൈമാറുക വഴിയാണെന്ന്. ഇരുപതാം നൂറ്റാണ്ടിൽ ആപേക്ഷികതാ സിദ്ധാന്തം വന്നപ്പോൾ അവർക്ക് അതായി ഫാഷൻ. അനേകം പ്രപഞ്ചങ്ങൾ ഉൾപ്പെട്ട ഒരു ഹൈപ്പർ സ്പേസ് എന്ന സങ്കൽപ്പം ഉണ്ടായി. ഹൈപ്പർ സ്പേസിൽ പ്രവർത്തിക്കുന്ന, ഭൗതികശാസ്ത്രജ്ഞരുടെ നിരീക്ഷണങ്ങൾക്കു വിധേയമാകാത്ത, ചില അജ്ഞാത തരംഗങ്ങളും ബലങ്ങളുമാണ് സൈക്കിക്ക് സിദ്ധികൾക്കു കാരണം എന്ന സിദ്ധാന്തം ചിലർ ആവിഷ്കരിച്ചു. ഇപ്പോൾ ഫാഷൻ, ക്വാണ്ടം ഭൗതികവും കണഭൗതികവുമാണ്. അതാണല്ലോ ഭൗതികത്തിൽ ഇപ്പോൾ അൽപ്പം വ്യക്തതക്കുറവുള്ള മേഖ ലകൾ, കണവും തരംഗവും തമ്മിലുള്ള വേർതിരിവ് അസാധ്യമായതും പദാർഥ കണങ്ങളുടെ വ്യാപക സ്വഭാവവും (Non locality) എല്ലാം തങ്ങളുടെ മിസ്ട്രിക് ആശയങ്ങൾക്ക് പിൻതുണയേകുന്നതായി അവർ വ്യാഖ്യാനിക്കുന്നു.

ചുരുക്കത്തിൽ, ഭൗതികത്തിന്റെ പിൻബലമില്ലാതെ, സ്വയം നിലനിൽക്കാൻ കഴിയുന്ന ഒരു വിജ്ഞാനശാഖയായി ഇ.എസ്. പിയേയോ മറ്റ് അതിഭൗതിക പ്രതിഭാസങ്ങളെയോ കാണാൻ അതിന്റെ പ്രയോക്താക്കൾക്കു പോലും കഴിയുന്നില്ല.

സെക്കിക്ക് പവർ – മിത്തും യാഥാർഥ്യവും

സെക്കിക്ക് പവർ കൊണ്ട് വസ്തുക്കളെ സ്ഥാനം മാറ്റുക, വളയ്ക്കുക, വായുവിൽ ഉയർത്തി നിർത്തുക തുടങ്ങിയ നിരവധി അഭ്യാസങ്ങൾ നടത്തി വാർത്തകൾ സൃഷ്ടിച്ച വ്യക്തിയാണ് ഇസ്രായേൽക്കാരനായ യൂറിഗെല്ലർ. “ഗെല്ലർ ഷോ’ കാണാൻ വലിയ ഫീസ് നൽകി ആളുകൾ തിങ്ങിക്കൂടുമായിരുന്നു. മനശ്ശക്തികൊണ്ട് ഗെല്ലർ സ്പൂണുകളും താക്കോലുകളും വളയ്ക്കുന്നതും വസ്തുക്കളെ ചലിപ്പിക്കുന്നതും ആളുകൾ കണ്ട് അത്ഭുതപ്പെട്ടു. പക്ഷേ, അതിന്റെയെല്ലാം പിന്നിൽ കൂട്ടാളികളുടെ കൈക്രിയകൾ ആയിരുന്നു, യൂറിഗെല്ലറുടെ സഹായിയും രണ്ടു വർഷത്തോളം ‘ഗെല്ലർ ഷോ’കളുടെ മാനേജരും ആയിരുന്ന യാഷാ കാറ്റ്സ് ഒടുവിൽ ഈ വഞ്ചനയിൽ മടുപ്പു തോന്നി ഗെല്ലറോട് യാത്രപറഞ്ഞു പിരിഞ്ഞു. അത്ഭുതതട്ടിപ്പുകൾ അന്വേഷിക്കുന്ന സംഘടനയായ CSICOPയുടെ അന്വേഷകനായ ജെയിംസ് റാൻഡിയുമായുള്ള ഒരു അഭിമുഖത്തിൽ കാറ്റ്സ് തട്ടിപ്പുകഥകൾ തുറന്നു പറഞ്ഞു. കാറ്റ്സ് വെളിപ്പെടുത്തിയ ചില ഗെല്ലർ ട്രിക്കുകൾ ഇതാ:

  1. ഗെല്ലർക്കു കാണാൻ പറ്റാത്തവിധം വെച്ചിരിക്കുന്ന ഒരു ബോർഡിൽ എന്തുവേണമെങ്കിലും എഴുതാൻ കാണികളോടാവശ്യപ്പെടുന്നു. എഴുതിയ കാര്യം ഗെല്ലർ ഇ.എസ്.പിയുടെ സഹായത്തോടെ കണ്ടെത്തി പറയും. കാറ്റ്സിന്റെ ചുമതല കാണികൾക്കിടയിൽ അജ്ഞാതനായി ഇരുന്ന്, തന്റെ വിരലുകളും സിഗരറ്റും ഉപയോഗിച്ചുള്ള ചിഹ്നഭാഷയിലൂടെ, എഴുതിയ കാര്യം ഗെല്ലർക്ക് എത്തിക്കലായിരുന്നു.
  2. കാണികളിൽ ചിലരുടെ പ്രത്യേകതരം കാറുകളും അവയുടെ നമ്പറുകളും ഷോ തുടങ്ങും മുമ്പേ ഗെല്ലർ ശ്രദ്ധിച്ചുവെക്കും. പിന്നീട് ടെലിപ്പതിയിലൂടെ ഗ്രഹിച്ച മട്ടിൽ, അയാൾ അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പ്രദർശനത്തിനിടയിൽ പ്രസ്താവിക്കും. കാലിഫോർണിയയിലെ ഒരു ന്യൂപേപ്പർ റിപ്പോർട്ടറുടെ മേൽ ഈ പ്രയോഗം നടത്തി അയാളെ അമ്പരപ്പിച്ചതും ആരാധകനാക്കി മാറ്റിയതും കാറ്റ്സ് പ്രത്യേകം എടുത്തു പറഞ്ഞു.
  3. ഗെല്ലർ വായുവിൽ നിന്ന് സൃഷ്ടിച്ചെടുത്ത പല വസ്തുക്കളും കാറ്റ്സ് തോളിനു മുകളിലൂടെ ആരും കാണാതെ, എറിഞ്ഞു കൊടുത്തവയായിരുന്നു (നമ്മുടെ മനുഷ്യദൈവങ്ങളെപ്പോലെ വലിയ കാവിക്കുപ്പായം – ഗെല്ലർ ഉപയോഗിച്ചിരുന്നില്ല).
  4. ഇംഗ്ലണ്ടിലെ ബർമിങ്ങാമിൽ ഒരു പ്രദർശനത്തിനെത്തിയപ്പോൾ, കാണികളുടെ മുൻനിരയിലിരിക്കുന്നവരെല്ലാം പ്രശസ്തരായ മജിഷ്യന്മാരാണെന്ന് അറിയാനിടയായ ഗെല്ലർ ആകെ അങ്കലാപ്പിലായി. ഒടുവിൽ അയാൾ പ്രൊഡ്യൂസർ വെർണർ ഷിഡും കാറ്റ്സുമായി ആലോചിച്ച് ഹാളിനു ബോംബു ഭീഷണിയുണ്ടെന്ന് വരുത്തിത്തീർക്കുകയും പ്രദർശനം ഉപേക്ഷിക്കുകയും ചെയ്തു. പോലീസ് അകമ്പടിയോടെ പിന്നീട് ഗെല്ലർ സ്ഥലം വിട്ടു.
  5. ഗെല്ലറുടെ ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതു സംബന്ധിച്ച ആലോചനകൾക്കായി ഒരു പബ്ലിഷർ ലണ്ടനിൽ ഗെല്ലർ താമസിക്കുന്ന ഹോട്ടലിലെത്തി, പബ്ലിഷറെ ഒന്ന് ഇംപ്രസ് ചെയ്യിക്കാൻ തന്നെ ഗെല്ലർ തീരുമാനിച്ചു. പബ്ലിഷറും കാറ്റ്സും തമ്മിൽ സംസാരിക്കാൻ ഒരു മുറിയിൽ ഏർപ്പാടു ചെയ്ത ശേഷം ആ മുറിയിലെ ടെലഫോണിന്റെ റിസീവർ ആരും കാണാതെ അവർ ഇരിക്കുന്ന കസേരകൾക്കടുത്ത് ഒളിച്ചുവെച്ചു. സംഭാഷണം മുഴുവൻ മറ്റൊരു മുറിയിലിരുന്ന് കേട്ട ശേഷം പബ്ലിഷർ യാത്ര പറയാൻ വന്നപ്പോൾ അതിലെ ചില വിവരങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് അയാളെ ഗെല്ലർ അമ്പരപ്പിച്ചു.

ഇത്തരം വേറെയും ധാരാളം ട്രിക്കുകൾ കാറ്റ്സ് വെളിപ്പെടുത്തുന്നുണ്ട്. ഗെല്ലർക്ക് ശാസ്ത്രജ്ഞരെയും ജാലവിദ്യക്കാരെയും പേടിയായിരുന്നു. യൂറോപ്പിൽ ഗെല്ലറെക്കാൾ പ്രശസ്തനായിരുന്നു ഫ്രഞ്ചുകാരനായ ഴാങ്  പിയറി ഗിറാർദ് (Jean  Pierre Girard). തന്റെ സൈക്കോകിനസിസ് കഴിവുകൾ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കാൻ അയാൾക്ക് മടിയുണ്ടായിരുന്നില്ല. എന്നാൽ, പരിശോധിച്ചപ്പോഴൊക്കെ ഫലം വിപരീതമായിരുന്നു എന്നുമാത്രം. തനിക്കു മനശ്ശക്തി കേന്ദ്രീകരിക്കാൻ വേണ്ടത്ര സമയം കിട്ടാത്തതും ക്യാമറയുടെ നിരീക്ഷണം ഏകാഗ്രത നഷ്ടപ്പെടുത്തുന്നതും ആണിതിനുകാരണം എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

1976-ൽ ഉടൈക്കിൽ (Utrecht) നടന്ന പാരാസൈക്കോളജി കോൺഫറൻസിൽ രസകരമായ ഒരു സംഭവം നടന്നു. സംഘാടകനായ മാർട്ടിൻ ജോൺസൺ കോൺഫറൻസ് തുടങ്ങും മുമ്പ് ഉൾഫ് മോർലിങ്ങ് എന്നു പേരായ ഒരു സ്വീഡൻകാരനെ അയാളുടെ സൈക്കിക്ക് പവർ കാണിക്കാനായി സ്റ്റേജിലേക്ക് ക്ഷണിച്ചു. മോർലിങ്ങിന്റെ വിദ്യകൾ കണ്ട് കാണികൾ അത്ഭുതപ്പെടുകയും ചെയ്തു. സൈക്കിക്കുകൾ എപ്പോഴും കാണിക്കാറുള്ള വിദ്യകൾ ആയിരുന്നു അവ. എല്ലാം കഴിഞ്ഞു മോർലിങ് പറഞ്ഞു: “ഞാൻ കാണിച്ചതൊന്നും സൈക്കിക് വിദ്യകളല്ല, വെറും ജാലവിദ്യകളാണ്.” കാണികളായ പാരാ സൈക്കോളജിസ്റ്റുകളുണ്ടോ വിടുന്നു. അവർ പറഞ്ഞു: “അല്ല, താങ്കൾ കാണിച്ചത് സൈക്കിക് വിദ്യകൾ തന്നെയാണ്. താങ്കൾക്കു ശരിക്കും സെക്കിക്ക് പവർ ഉണ്ട്, താങ്കളതറിയാഞ്ഞിട്ടാണ്.” അങ്ങനെ മോർലിങ് തോറ്റു.

ഒരു ശാസ്ത്രജ്ഞനും പാരാസൈക്കോളജിസ്റ്റും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണ്: ശാസ്ത്രജ്ഞൻ ഒരു കണ്ടെത്തൽ നടത്തിയാൽ ഉടൻ ഒരു പ്രബന്ധമാക്കി ശാസ്ത്രജേർണലിന് അയച്ചുകൊടുക്കും; വ്യാവസായിക പ്രാധാന്യമുള്ളതാണെങ്കിൽ പേറ്റന്റിന് അപേക്ഷിക്കും. രണ്ടായാലും അത് ഒരു കൂട്ടം വിദഗ്ധർ “കീറിമുറിച്ച് പരിശോധിക്കും. എന്നിട്ടേ അംഗീകരിക്കു, എഴുപത് ശതമാനത്തിലേറെ പ്രബന്ധങ്ങളും തള്ളപ്പെട്ടുപോവാറാണ് പതിവ്, കോൾഡ് ഫ്യൂഷൻ പരീക്ഷണവും മറ്റും അങ്ങനെ തള്ളപ്പെട്ടത് മുമ്പ് വലിയ വാർത്തയായിരുന്നല്ലോ.
ഒരു പാരാസൈക്കോളജിസ്റ്റോ, ടെലിപ്പതിക്കാരനോ തന്റെ കണ്ടെത്തലുകൾ ഈ വിധം പരിശോധനയ്ക്ക് വിധേയമാക്കുന്നില്ല. പകരം, അയാൾ അതുമായി നേരെ സ്റ്റേജിൽ പ്രത്യക്ഷപ്പെടുകയും ടിക്കറ്റുവെച്ച് പ്രദർശനം നടത്തുകയുമാണ് ചെയ്യുന്നത്. കണ്ടെത്തലുകൾ എന്നവകാശപ്പെട്ടവയൊന്നും തന്നെ ശരിയായ കൺട്രോളോടുകൂ കൂടിയ ഡബിൾബെന്റ് പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടില്ല. അവയ്ക്കൊന്നിനും ആവർത്തനക്ഷമതയും ഇല്ല. ചില സർവകലാശാലകളിലെ  പാരാസൈക്കോളജി പ്രൊഫസർമാർ മാത്രമാണ് പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കാൻ തയ്യാറാവുന്നത്, പാരാ സൈക്കോളജി ജേർണലുകളാകട്ടെ പ്രസിദ്ധീകരിക്കും മുമ്പ് അവ പരീക്ഷണങ്ങളിലൂടെ വിലയിരുത്തുന്നുമില്ല.

നാമെന്തു ചെയ്യണം?

നമ്മുടെ സാധാരണക്കാർക്ക് ശാസ്ത്രത്തെക്കാൾ പ്രിയം കപടശാസ്ത്രങ്ങളോടാണ്. ഒരു പേന വാങ്ങുമ്പോൾ അവർ എഴുതിനോക്കിയേ വാങ്ങു, കാറു വാങ്ങുമ്പോൾ ഓടിച്ചുനോക്കിയേ വാങ്ങു; വാറണ്ടിയും ആവശ്യപ്പെടും. ഡീലറെ അവർ കണ്ണടച്ചു വിശ്വസിക്കില്ല. അതാണ് ശാസ്ത്രീയവും. എന്നാൽ ചിലർ, ചില കൈക്രിയകൾ നടത്തി വായുവിൽനിന്ന് ഭസ്മമോ വാച്ചോ സ്വർണമാലയോ എടുത്തുതന്നാൽ അതിൽ തട്ടിപ്പുണ്ടോ എന്നു  പരിശോധിക്കാൻ അവർ തയ്യാറാകുന്നില്ല. കണ്ണിലൂടെ സൂര്യപ്രകാശം മാത്രം സ്വീകരിച്ച് ഭക്ഷണമൊന്നും കഴിക്കാതെ ഒരു സന്യാസിക്ക് വർഷങ്ങളോളം ജീവിക്കാൻ പറ്റും എന്നു പറഞ്ഞാൽ സംശയലേശമന്യേ അവർ അത് സ്വീകരിച്ചുകൊള്ളും. എന്താണിതിനു കാരണം? നമ്മുടെ സംസ്കാരങ്ങളുടെ ചരിത്രത്തിൽ മതത്തിനുള്ള പ്രാമുഖ്യമാകാം ഒരു കാരണം. മതവും പൗരോഹിത്യവും സമൂഹത്തിൽ സ്വാധീനം നിലനിർത്തിയത് പ്രകൃത്യാതീത ശക്തികളെയും അത്ഭുതസിദ്ധികളുള്ള ആളുകളെയും കുറിച്ചുള്ള കഥകൾ പ്രചരിപ്പിച്ചുകൊണ്ടാണ്. വിശ്വാസങ്ങളെ ചോദ്യംചെയ്യുന്നവർക്കെതിരെ ഭ്രഷ്ട്  എല്ലാക്കാലത്തും നിലനിന്നിരുന്നു. ആചാരങ്ങളിലൂടെ, അമ്മൂമ്മക്കഥകളിലൂടെ, വിദ്യാഭ്യാസത്തിലൂടെ, നിയമങ്ങളിലൂടെ അന്ധവിശ്വാസങ്ങൾ തലമുറകളിൽ നിന്നു തലമുറകളിലേക്ക് കൈമാറിപ്പോന്നു. ശാസ്ത്രയുഗം പിറന്നപ്പോൾ സാമ്പത്തിക കാരണങ്ങളാൽ അതിന്റെ ഉൽപ്പന്നമായ സാങ്കേതികവിദ്യകളെ സ്വീകരിക്കാൻ സമൂഹം തയ്യാറായെങ്കിലും ശാസ്ത്രത്തിന്റെ രീതിയെ സ്വീകരിക്കാൻ അതിനു കഴിയുന്നില്ല. വിദ്യാഭ്യാസത്തിലൂടെ നല്ല  സ്പെഷ്യലിസ്റ്റുകളെ സൃഷ്ടിക്കുമ്പോഴും അതിലൂടെ ശാസ്ത്രബോധം – പകർന്നുനൽകാൻ താൽപ്പര്യമെടുക്കുന്നില്ല.

കപടശാസ്ത്രങ്ങൾ ഇന്നു വൻ കച്ചവട സാധ്യതയുള്ള ചരക്കായി മാറിയിരിക്കുന്നു. ഇ.എസ്, പിയും പ്രവചനശാസ്ത്രവുമായി ബന്ധപ്പെട്ട നൂറുകണക്കിനു പുസ്തകങ്ങളുടെ ലക്ഷക്കണക്കിന് കോപ്പികളാണ് ലോകമെമ്പാടും വിറ്റഴിയുന്നത്. സൈക്കിക്കുകളുടെ അത്ഭുതസിദ്ധികളെക്കുറിച്ചുളള കഥകൾ പരത്തി സ്വന്തം പ്രചാരം വർധിപ്പിക്കാൻ പ്രതങ്ങളും ദൃശ്യമാധ്യമങ്ങളും മത്സരിക്കുകയാണ്.
സൈക്കിക്ക് പവറുള്ള പുതിയ ഉൽപ്പന്നങ്ങളും വിപണിയിൽ ധാരാളമെത്തുന്നു. ഇന്ത്യയിൽ ഉറുക്കും മാന്ത്രിക ഏലസ്സും പോലെ അമേരിക്കയിലും യൂറോപ്പിലും വിറ്റഴിയുന്ന ഒന്നാണ് പിരമിഡുകൾ. പിരമിഡ് പവറിനെക്കുറിച്ചുള്ള അത്ഭുതകഥകൾക്ക് പ്രചാരം നൽകിയത് ചില സിനിമകളാണ്. ഈജിപ്തിലെ പിരമിഡുകളുടെ ഘടന ഗൂഢാത്മകമാണ്. അതേ അനുപാതത്തിൽ നിർമിച്ച ജ്യാമിതീയ രൂപങ്ങൾക്ക് ബയോകോസ്മിക് എനർജിയെ ആവാഹിക്കാൻ കഴിയുമത്രേ. അതിനുള്ളിൽ വെച്ച ഒരു വസ്തുവും (ഫെറോവമാരുടെ മൃതദേഹം പോലെ) ചീയില്ല, അതിനു ഉള്ളിലിരിക്കുന്ന ബ്ലേഡിനു മൂർച്ച കുറയില്ല, ചെടികൾ വേഗം വളരും, മനുഷ്യരുടെ ആരോഗ്യവും ലൈംഗിക ശേഷിയും വർധിക്കും എന്നൊക്കെയാണ് – പ്രചാരണം (എങ്കിൽ ഫറോവമാരുടെ കുടലും ആന്തരാവയവങ്ങളും മാറ്റി സ്റ്റഫ് ചെയ്തതും തെലലേപനം നടത്തിയതും എന്തിനാണെന്ന് ഏറെപ്പേരും ചോദിക്കുന്നില്ല). എന്തായാലും ഉള്ളുപൊള്ളയായ വലിയ പിരമിഡ് രൂപങ്ങൾ ആളുകൾ വില കൊടുത്തു വാങ്ങുകയോ നിർമിക്കുകയോ ആണ്.

ശാസ്ത്രം വളരുമ്പോൾ കപടവിശ്വാസങ്ങൾ ഇല്ലാതായിക്കൊള്ളും എന്നു കരുതുന്നവർ ധാരാളമുണ്ട്. എന്നാൽ അനുഭവം അതല്ല. ശാസ്ത്രത്തിന്റെ നേട്ടങ്ങളെ കപടവിശ്വാസങ്ങൾക്കനുകൂലമായി വ്യാഖ്യാനിക്കാനും വിശ്വാസത്തിനു പോറലേൽക്കാതെ നോക്കാനും അതിന്റെ പ്രയോക്താക്കൾക്കു കഴിയുന്നുണ്ട്.

മൂന്ന് ഗ്രഹങ്ങൾ (യുറാനസ്, നെപ്ട്യൂൺ, പ്ലട്ടോ) സൗരയൂഥത്തിൽ പുതുതായി വന്നു ചേർന്നപ്പോഴും പിന്നീട് പൂട്ടോ ഗ്രഹമല്ലെന്ന് വിധിച്ചപ്പോഴും ജ്യോതിഷത്തിന് ഒരു തകർച്ചയുമുണ്ടായില്ല. അവയെക്കൂടി ഉൾപ്പെടുത്തിയതുകൊണ്ട് കൂടുതൽ കൃത്യതയുള്ള പ്രവചനങ്ങൾ ഇപ്പോൾ സാധ്യമാണെന്നാണ് പാശ്ചാത്യ ജ്യോതിഷികളുടെ വാദം. ബഹിരാകാശ യാത്രകളും അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള അന്വേഷണങ്ങളും ഊർജിതമായപ്പോൾ “അന്യഗ്രഹജീവികളും പറക്കും തളികകളും ഉണ്ടെന്ന് ഞങ്ങൾ പണ്ട് പറ ഞ്ഞില്ലേ’ എന്നായി ഒരു കൂട്ടർ, ബിഗ്ബാംഗും, ബ്ലാക്ക്ഹോളും ക്വാർക് സിദ്ധാന്തവും ഒക്കെ ചൂണ്ടിക്കാട്ടി പാരാ സൈക്കോളജിസ്റ്റുകൾ ചോദിക്കുന്നു; നോക്കൂ, മനുഷ്യന് ഇനിയും മനസ്സിലായിട്ടില്ലാത്ത എന്തൊക്കെ കാര്യങ്ങളാണീ പ്രപഞ്ചത്തിൽ! ഇ.എസ്.പിയും അതുപോലാണെന്നു കരുതിക്കൂടേ?

കപടവിശ്വാസങ്ങൾ തനിയെ പോകും എന്നു കരുതിയിട്ടു കാര്യമില്ല. അതിനെ തുറന്നുകാട്ടുക തന്നെ വേണം. കാരണം അവ വർഗീയതയ്ക്കും സങ്കുചിതത്വങ്ങൾക്കും വളക്കൂറുള്ള മണ്ണൊരുക്കുകയും ശാസ്ത്രത്തിന്റെ വളർച്ചയെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു. ഒന്നിനോടും മുൻവിധിയോടെയുളള സമീപനം അരുത് എന്നതുപോലെ പ്രധാനമാണ് അന്വേഷണങ്ങൾക്ക് ശാസ്ത്രത്തിന്റെ രീതി കർശനമായി പിന്തുടരുക എന്നതും.


കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ശാസ്ത്രവും കപടശാസ്ത്രവും എന്ന പുസ്തകത്തിലെ ആറാം അധ്യായം. വരും ദിവസങ്ങളില്‍ തുടര്‍ന്നുള്ള അധ്യായങ്ങളും പ്രസിദ്ധീകരിക്കുന്നതാണ്.

ഗ്രന്ഥസൂചി

  1. ഭൗതികത്തിനപ്പുറം- പി.കേശവൻ നായർ 
  2. The Tao of physics – Fritjof capra 
  3. Principal Upanishads – Dr. S. Radhakrishnan 
  4. ബ്രഹ്മസൂത്രഭാഷ്യം- ശങ്കരാചാര്യർ.

 

അനുബന്ധവായനകള്‍ക്ക്

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ക്വാണ്ടം മെക്കാനിക്സും വേദാന്തവും
Next post കറ്റടി നായകം/ മോതിരവള്ളി
Close