Read Time:44 Minute
പ്രൊഫ.കെ. പാപ്പൂട്ടി

ങ്ങനെ ഒടുവിൽ ഭൗതികശാസ്ത്രങ്ങളും വേദാന്തവും പറയുന്നത് ഒരേ കാര്യമാണെന്നു വന്നിരിക്കുന്നു. ഫിജോഫ് കാപ്രയും ദീപക് ചോപ്രയും കേരളീയനായ പി.കേശവൻ നായരും മറ്റനേകം പേരും ഉന്നയിക്കുന്ന അവകാശവാദം ഏതാണ്ടിങ്ങനെയാണ്.കേശവൻനായർ പറയുന്നു(1,35):

പ്രപഞ്ചത്തിന്റെ സ്വരൂപമെന്ത്? അതുണ്ടായതെങ്ങനെ? ഈ ചോദ്യങ്ങൾക്കുത്തരം കണ്ടെത്താനാണ് ഭൗതികവും വേദാന്തവും ശ്രമിക്കുന്നത്. പ്രപഞ്ചത്തിന്  ആദികാരണമായിരിക്കുന്നത് ഒരൊറ്റ സത്യമാണെന്ന് രണ്ടും അംഗീകരിക്കുന്നു.വേദാന്തം ആ സത്യത്തെ ബ്രഹ്മം എന്നു വിളിക്കുന്നു. ഭൗതികം – അതിനെ ആദിദ്രവ്യമെന്നും, ആദിമാണു എന്നും, വൈചിത്ര്യം (singularity) എന്നും വിളിക്കുന്നു.” അതിനുമുമ്പ് മറ്റൊരിടത്തു പറയുന്നു(1,10): “വേദാന്തമനുസരിച്ച് ബ്രഹ്മം മാത്രമാണ് സത്യം, ജഗത്ത് മിഥ്യയാണ്. ജീവൻ ബ്രഹ്മമല്ലാതെ മറ്റൊന്നുമല്ല. ആത്മാവും ബ്രഹ്മവും ഒന്നു തന്നെയാണ്.ബ്രഹ്മത്തിൽ നിന്നാണ് പ്രപഞ്ചം ഉദ്ഭവിച്ചത്.”

ഈ പ്രസ്താവന ഒന്നു പരിശോധിച്ചു നോക്കൂ. സത്യമായ ബ്രഹ്മത്തിൽ നിന്നും ഉത്ഭവിച്ച ജഗത്തങ്ങനെ മിഥ്യയായി?  ഛാന്ദോഗ്യോപനിഷത്തിൽ  പറയുന്നത് ഈ പ്രപഞ്ചമാകെ ബ്രഹ്മമാണെന്നാണ്. ഈ അഭേദവും മുൻപറഞ്ഞ മിഥ്യാ പ്രപഞ്ചവും എങ്ങനെ ഒത്തുപോവും? പ്രപഞ്ചോൽപ്പത്തിയെ  സംബന്ധിച്ച മഹാസ്ഫോടന സിദ്ധാന്തവും ആദിചേതനയായ ബ്രഹ്മത്തിൽ നിന്നും പ്രപഞ്ചം ഉത്ഭവിച്ചു എന്ന വേദാന്ത വീക്ഷണവും ഒന്നുതന്നെയാണെന്നു പറഞ്ഞാൽ അതിനർഥം ബ്രഹ്മം ആദിമദവ്യമാണെന്നും ബ്രഹ്മത്തിലാണു മഹാസ്ഫോടനം നടന്നത് എന്നുമല്ലേ? അതല്ല, രണ്ടിലും സമാനതയേയുള്ളൂ, രണ്ടുമൊന്നല്ല എന്നാണ് വാദമെങ്കിൽ, ഈ സമാനതാദർശനം കൊണ്ട് എന്തു പ്രയോജനമാണ് ഉള്ളത്?

യഥാർഥത്തിൽ പ്രപഞ്ചോൽപ്പത്തിയെ സംബന്ധിച്ച് ശാസ്ത്രം ഇപ്പോഴും – ഒരു കൃത്യതയുള്ള സിദ്ധാന്തം ആവിഷ്കരിച്ചിട്ടില്ല. മഹാസ്ഫോടനസിദ്ധാന്തത്തിൽ ഇപ്പോഴും പ്രശ്നങ്ങളൊരുപാട് ബാക്കിയാണ്. കണ ഭൗതികത്തിലും ഗണിതത്തിലും ഇനിയും ഏറെ മുന്നേറ്റങ്ങളുണ്ടായാലേ പൂർണതയുള്ള ഒരു പ്രപഞ്ചോൽപ്പത്തി സിദ്ധാന്തം സാധ്യമാവൂ. വേദാന്തവും ഐകരൂപ്യമുള്ള ഒരു പ്രപഞ്ചചിത്രമല്ല നൽകുന്നത്. പ്രപഞ്ചോൽപ്പത്തി സംബന്ധിച്ച് ഉപനിഷത്തുകളും ബാദരായണന്റെ പ്രാചീന വേദാന്തവും ശങ്കരന്റെ അദ്വൈത വേദാന്തവും എല്ലാം വ്യത്യസ്ത ധാരണകളാണ് പുലർത്തുന്നത്. ചുരുക്കത്തിൽ വേണ്ടത്ര വ്യക്തത കൈവരിക്കാത്ത ഒരു ശാസ്ത്രസിദ്ധാന്തത്തെ അത്രപോലും വ്യക്തതയില്ലാത്ത ഒരു ദർശനത്തിന്റെ നിലപാടിനോട് താരതമ്യം ചെയ്ത് സമാനത കണ്ടെത്തുക എന്ന പാഴ്വേലയാണ് നടന്നുകൊണ്ടിരിക്കുന്നത്.

പ്രപഞ്ചത്തിന്റെ സ്വരൂപവും ഉത്ഭവവും കണ്ടെത്താനാണ് ഭൗതികവും വേദാന്തവും ശ്രമിക്കുന്നത് എന്ന പ്രസ്താവനയും ശരിയാണെന്നു  തോന്നുന്നില്ല. ശാസ്ത്രത്തിന്റെയും ദർശനങ്ങളുടെയും ചരിത്രത്തോട് അതു നീതിപുലർത്തുന്നില്ല. ശാസ്ത്രവും ദർശനങ്ങളും മനുഷ്യജീവിതത്തിൽ രണ്ടു വ്യത്യസ്ത ധർമങ്ങളാണ് നിർവഹിച്ചു പോന്നിട്ടുള്ളത്. രണ്ടിന്റെയും പരമമായ ലക്ഷ്യം പ്രപഞ്ചത്തിന്റെ സ്വരൂപവും ഉത്ഭവവും മനസ്സിലാക്കലല്ല. ചുറ്റുമുള്ള പ്രകൃതിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക, പ്രകൃതി നിയമങ്ങളും ഭൗതിക പദാർഥങ്ങളുടെ ഗുണധർമങ്ങളും മനസ്സിലാക്കുക, അവ പ്രയോജനപ്പെടുത്തി അധ്വാനം ലഘൂകരിക്കുകയും ഉൽപ്പാദനം മെച്ചപ്പെടുത്തുകയും ചെയ്യുക, അങ്ങനെ ജീവിതം ആയാസരഹിതവും സന്തുഷ്ടവുമാക്കുക എന്ന ധർമമാണ് ശാസ്ത്രം നിർവഹിച്ചുപോന്നത്. നിരീക്ഷിക്കുക, അളക്കുക, സാമാന്യവൽക്കരിക്കുക, പരികൽപ്പനകളാവിഷ്കരിക്കുക, ശരി പരിശോധന നടത്തുക, തെറ്റെന്നു തെളിയിക്കാനുള്ള സാധ്യത പരികൽപ്പനകളിൽത്തന്നെ ഉൾച്ചേർക്കുക എന്ന രീതി സ്വീകരിച്ചുകൊണ്ടുള്ള അന്വേഷണമേ ശാസ്ത്രാന്വേഷണമാകൂ. എന്നാൽ ഈ രീതി പിന്തുടരാത്ത അഥവാ സാധ്യമല്ലാത്ത അന്വേഷണങ്ങളും മനുഷ്യന്റെ സാമൂഹ്യജീവിതത്തിന് അത്യാവശ്യമായിട്ടുണ്ട്. ജീവിതത്തിന്റെ അർഥമെന്താണ്? ലക്ഷ്യമെന്താണ്? – നന്മയും തിന്മയും എന്താണ്? എന്താണ് സൗന്ദര്യം? ജീവിതം ആസ്വാദ്യമാക്കാൻ വ്യക്തി എന്ന നിലയിലും സാമൂഹ്യജീവി എന്ന നിലയിലും അനുഷ്ഠിക്കേണ്ട ധർമങ്ങളെന്തൊക്കെയാണ്? തുടങ്ങിയ ചോദ്യങ്ങൾക്കുത്തരം കാണാൻ ശാസ്ത്രത്തിന്റെ രീതി മതിയാവില്ല. അവയുടെ ഉത്തരങ്ങൾ വ്യക്തി നിഷ്ഠമാണ്. അതുകൊണ്ടുതന്നെ വ്യത്യസ്തവും. ദർശനങ്ങൾ അനേകമുണ്ടാവാം എന്നാണ് ഇതിനർഥം.

പ്രപഞ്ചത്തിന്റെ സ്വരൂപമെന്ത്? അതെങ്ങനെ ഉത്ഭവിച്ചു? എന്നീ ചോദ്യങ്ങൾ മുമ്പ് ശാസ്ത്രത്തിന്റെ മണ്ഡലത്തിൽ വരുമായിരുന്നില്ല. കാരണം അന്ന് മനുഷ്യന്റെ നിരീക്ഷണശേഷി ഉപകരണങ്ങളുടെ അഭാവം മൂലം പരിമിതമായിരുന്നു. സ്ഥൂല പ്രപഞ്ചവും സൂക്ഷ്മ പ്രപഞ്ചവും അജ്ഞാതമായിരുന്നു. അതുകൊണ്ട് ആ ചോദ്യങ്ങൾക്ക് ഉത്തരം തേടിയത് ദർശനങ്ങളാണ്.
ഉത്തരങ്ങൾ ആത്മനിഷ്ഠമായതുകൊണ്ട് അനേകം ഉത്തരങ്ങളുണ്ടായി. പ്രപഞ്ചോൽപ്പത്തിയെ സംബന്ധിച്ച് ഭാരതത്തിൽത്തന്നെ എത്ര വ്യത്യസ്ത സിദ്ധാന്തങ്ങളാണുണ്ടായിരുന്നത്. പഞ്ചഭൂതങ്ങളാണ് പ്രപഞ്ചത്തിന്റെ അടിസ്ഥാനം എന്നു വാദിച്ച ചാർവാകദർശനം, സത്വരജസ്തമോഗുണങ്ങളടങ്ങിയ മൂലപ്രകൃതി പരിണമിച്ചാണ് പ്രപഞ്ചമുണ്ടായതെന്നു വാദിച്ച സാംഖ്യ ദർശനം, പരമാണുവാണ് ആദിമൂലമെന്ന് വിശ്വസിച്ച വൈശേഷിക ദർശനം, പ്രപഞ്ചം ആരാലും സൃഷ്ടിക്കപ്പെട്ടതല്ല, ഭൗതികപദാർഥവും ആത്മാവും ഒരുപോലെ അനാദിയും യഥാർഥവുമാണ് എന്ന് പ്രഖ്യാപിച്ച ജൈനദർശ നം, ബ്രഹ്മമാണാദിമൂലം എന്നു വിശ്വസിച്ച വേദാന്ത ദർശനം എന്നിവ ഏതാനും ഉദാഹരണങ്ങൾ മാത്രം. ഇന്ന് പ്രപഞ്ചസ്വരൂപത്തെ സംബന്ധിച്ച് കുറേക്കാര്യങ്ങൾ വ്യക്തതയോടെ പറയാനുള്ള കഴിവ് ശാസ്ത്രം നേടിയിരിക്കുന്നു. നിരീക്ഷണ ഉപകരണങ്ങളുടെ രംഗത്തുണ്ടായ മുന്നേറ്റമാണ് അതു സാധ്യമാക്കിയത്. ഈ പുതിയ അറിവുകളും ഗണിതഭാഷയും ചേർത്ത് പ്രപഞ്ചോൽപ്പത്തിയെ സംബന്ധിച്ചും യുക്തിസഹമായ ചില നിഗമനങ്ങൾ സാധ്യമാണെന്നും വന്നിരിക്കുന്നു. ഇതൊരു സമ്പൂർണ പ്രപഞ്ചോൽപ്പത്തി സിദ്ധാന്തമായി കണക്കാക്കാറായിട്ടില്ല. ഭൗതിക ശാസ്ത്രത്തിന്റെ പരമലക്ഷ്യം ഇത്തരമൊരു സിദ്ധാന്തം ആവിഷ്കരിക്കലാണെന്നും ധരിക്കരുത്. ശാസ്ത്രത്തിന്റെ അന്വേഷണമേഖലകളിൽ ഒന്നുമാത്രമാണ് പ്രപഞ്ചവിജ്ഞാനീയം (Cosmology) എന്ന ഈ പുതിയ ശാസ്ത്രശാഖ. 

ക്വാണ്ടം ഭൗതികത്തിലെ സമസ്യകളും വേദാന്തവും

ആധുനിക ഭൗതികത്തിന്റെ മുഖ്യമേഖലകളിലൊന്നായ ക്വാണ്ടം മെക്കാനിക്സസും അതിന്റെ ഭാഗമായ കണഭൗതികവും (particle physics) വേദാന്ത ദർശനവുമായി ഒത്തുപോകുന്നു എന്നാണ് ചിലർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. “ഭൗതിക ശാസ്ത്രജ്ഞന്മാർ അണുവിന്റെ ഉള്ളിലെ ലോകത്ത് കൈകാര്യം ചെയ്യുന്നത് ഇന്ദ്രിയഗ്രാഹ്യമല്ലാത്ത അറിവിനെയാണ്. ഇന്ദിയാതീതമാണ് വേദാന്തിയുടെ അറിവും. വേദാന്തത്തിലും അണുഭൗതികത്തിലും ഇന്ദ്രിയാതീതമായ അറിവു യാഥാർഥ്യമാണ്.” (1,44) ഇന്ദ്രിയാതീതമായ ഈ “യഥാർഥ’ അറിവിന്റെ ഒരു മാതൃക കൂടി കേട്ടോളൂ (1,83) “വേദാന്തത്തിൽ രൂപം ശൂന്യതയാണ്. ശൂന്യത രൂപമാണ്. ശൂന്യത രൂപത്തിൽ നിന്നു വ്യത്യസ്തമല്ല. രൂപം ശൂന്യതയിൽ നിന്നും വ്യത്യസ്തമല്ല. എന്താണോ രൂപം അതു ശൂന്യതയാണ്. എന്താണോ ശൂന്യത അതു രൂപമാണ്. ”

ഭൗതികത്തിലെ ശാസ്ത്രസാഹിത്യം മുഴുവൻ പരിശോധിച്ചാലും ഇത്തരമൊരു പ്രസ്താവന കാണാൻ കഴിയില്ല. ഏതൊരു ശാസ്ത്ര ജേർണലിലെ പ്രബന്ധത്തിലും ഒന്നുകിൽ യുക്തിയുക്തമായ വാദമുഖങ്ങൾ, അല്ലെങ്കിൽ യുക്തിയുടെ ഭാഷയായ ഗണിത നിർധാരണങ്ങൾ അതുമല്ലെങ്കിൽ നിരീ ക്ഷണ ഫലങ്ങൾ ആണ് നാം കാണുക. വ്യവഹാരഭാഷയിലേക്കു പരിഭാഷപ്പെടുത്തുന്നതിൽ ആധുനിക ഭൗതികം വേണ്ടത്ര വിജയിച്ചിട്ടില്ല എന്നു സമ്മതിക്കുമ്പോൾത്തന്നെ, മുൻചേർത്ത ഉദ്ധരണിയിലേതുപോലുള്ള, ആർക്കുമൊരർഥവും കിട്ടാത്ത, പ്രസ്താവങ്ങൾ അതിലൊരിടത്തും കാണില്ല. 

 “അധുനിക ഭൗതിക ശാസ്ത്രജ്ഞന് ശിവന്റെ നൃത്തം ഉപാണവപദാർഥത്തിന്റെ നൃത്തം തന്നെയാണ്. ഹിന്ദുപുരാണങ്ങളിലെപ്പോലെ അത് പ്രപഞ്ചവ്യാപിയായ സൃഷ്ടിസംഹാര പ്രക്രിയകളുടെ നിരന്തര നൃത്തമാണ്. (2,233) എന്ന് “താവോ ഓഫ് ഫിസിക്സിൽ’ എഴുതുന്ന കാപ്ര തന്റെ ഗവേഷണ പ്രബന്ധത്തിൽ ഒരിടത്തും ഇത്തരം പ്രയോഗങ്ങൾ നടത്തിയിട്ടില്ല. അവിടെ അദ്ദേഹം ഉപയോഗിക്കുന്നത് കൃത്യതയുള്ള ഗണിത ഭാഷയാണ്. ഈസ്റ്റേൺ മിസ്റ്റിസിസം പാശ്ചാത്യരെ സംബന്ധിച്ചിടത്തോളം വിറ്റുകാശാക്കാനുള്ള ഒരു ചരക്കായി മാറിയിരിക്കുന്നു എന്നതാണ് സത്യം. കാപ്ര അതിനു തുടക്കം കുറിച്ചു എന്നേയുള്ളൂ. കമ്പോളത്തിനു പറ്റിയ വിധത്തിൽ നമ്മുടെ ദർശനങ്ങളേയും ക്വാണ്ടം മെക്കാനിക്സിനേയും അവർ വളച്ചൊടി ക്കുന്നു. ക്വാണ്ടം മിസ്റ്റിസിസം, ക്വാണ്ടം ദൈവശാസ്ത്രം, ക്വാണ്ടം രോഗ ചികിത്സ (quantum healing), അതീന്ദ്രിയാനുഭവ ദർശനം (Extra Sensory Perceptions-ESP) തുടങ്ങിയ നിരവധി തട്ടിപ്പുകൾക്ക് ന്യായീകരണം കണ്ടെത്താൻ അവരതുപയോഗപ്പെടുത്തുന്നു. 

വേദാന്തം പോലെ നിഗൂഢമായ ഒന്നാണോ ക്വാണ്ടം ഭൗതികം? ആണെന്നു കരുതാൻ ഒരു ന്യായവുമില്ല. അതു ചർച്ച ചെയ്യും മുമ്പ് നമുക്ക് ക്വാണ്ടം ഭൗതികവും ക്ലാസിക്കൽ ഭൗതികവും തമ്മിലുള്ള വ്യത്യാസം ഒന്നു പരിശോധിക്കാം.

ക്ലാസിക്കൽ ഭൗതികത്തിൽ വ്യതിരിക്തമായ രണ്ടു വസ്തുതകളുണ്ട്. പദാർഥവും ഊർജവികിരണവും. പദാർഥം ന്യൂട്ടന്റെ ചലന നിയമങ്ങളനുസരിക്കുന്നു. വികിരണങ്ങൾ മാക്സ് വെല്ലിന്റെ നിയമങ്ങളനുസരിക്കുന്ന വൈദ്യുതകാന്തിക തരംഗങ്ങളാണ്.

പദാർഥത്തിന്റെ അവസ്ഥ (പിണ്ഡം , വേഗത, ചാർജ് മുതലായവ) അളന്നു തിട്ടപ്പെടുത്താൻ കഴിയും; അളക്കുക എന്ന പ്രക്രിയ പദാർഥത്തിന്റെ അവസ്ഥയിലൊരു മാറ്റവും വരുത്തുന്നില്ല. ഭൂമിയിലേക്കു വീണുകൊണ്ടിരിക്കുന്ന ഒരു കല്ലിന്റെ ത്വരണവും കാന്തിക മണ്ഡലത്തിൽ ചലിക്കുന്ന ഒരു – വൈദ്യുത ചാർജിന്റെ പ്രവേഗവും എല്ലാം നിങ്ങൾ നിരീക്ഷിച്ചാലും ഇല്ലെ – ങ്കിലും ഒന്നുതന്നെയായിരിക്കും.

പദാർഥത്തിന്റെ പൂർവാവസ്ഥയും അതിൽ പ്രവർത്തിക്കുന്ന ബലങ്ങളും കൃത്യമായി അറിഞ്ഞാൽ പിന്നീട് ഏതു സമയത്തെയും അതിന്റെ അവസ്ഥ മുൻകൂട്ടി നിർണയിക്കാൻ ന്യൂട്ടന്റെ നിയമങ്ങൾക്ക് കഴിയും. ഒന്നിലേറെ  വസ്തുക്കളും നിരവധി ബലങ്ങളും ഉണ്ടെങ്കിൽ ഇങ്ങനെ നിർണയിക്കുക എന്നത് പ്രായോഗികമായി പ്രയാസമായേക്കാമെങ്കിലും സൈദ്ധാന്തികമായി അതു സാധ്യമാണ്. അതായത് പദാർഥാവസ്ഥകൾ പ്രവചനസാധ്യം (deterministic) ആണ്.

ഇതു കൂടാതെ പദാർഥത്തിനു സ്ഥാനക്ലിപ്തിയുണ്ട്. അതായത് പദാർഥത്തെ ഉൾക്കൊള്ളുന്ന സ്പേയ്സ് ക്ലിപ്തമാണ് (local). 

വികിരണം സ്ഥാന ക്ലിപ്തമല്ല, അതു വ്യാപകം (non-local) ആണ്, അഥവാ, സ്പേയ്സിൽ വ്യാപിച്ചു കിടക്കുകയാണ്. 

ഇപ്പറഞ്ഞതൊന്നും ക്വാണ്ടം മെക്കാനിക്സ് കൈകാര്യം ചെയ്യുന്ന  സൂക്ഷ്മലോകത്തിനു ബാധകമല്ല. വികിരണം തരംഗമായിരിക്കുമ്പോൾത്തന്നെ അത് അനേകം ഭാരരഹിതകണങ്ങൾ അഥവാ ഊർജപ്പൊതികൾ (energy quanta) ചേർന്ന് ഉണ്ടായതാണ്. ഈ ഊർജപ്പൊതികളെ  ഫോട്ടോണുകൾ എന്നു വിളിക്കുന്നു. എല്ലാ കണങ്ങളെയും പോലെ ഫോട്ടോണുകളും പദാർഥവുമായി കൂട്ടിമുട്ടുകയും ഊർജവും സംവേഗവും (momentum) കൈമാറുകയും ചെയ്യുന്നു. അതായത് വികിരണം തരംഗവുമാണ് കണവുമാണ്. പദാർഥ കണങ്ങൾക്കും, ഇതുപോലെ ദ്വന്ദ്വസ്വഭാവമുണ്ട്. ചലിക്കുന്ന ഓരോ കണത്തോടനുബന്ധിച്ചും ഒരു തരംഗവും ഉണ്ട്. പദാർഥ തരംഗം അഥവാ ദിബ്രോയ് തരംഗം (ഈ സിദ്ധാന്തമാവിഷ്കരിച്ച ലൂയി – ദിബ്രോയിയുടെ ഓർമയ്ക്ക്) എന്ന് ഇതറിയപ്പെടുന്നു (ഈ തത്ത്വത്തെ ആസ്പദമാക്കിയാണ് ഇലക്ട്രോൺ മൈക്രോസ്കോപ്പ് പ്രവർത്തിക്കുന്നത്).  ചുരുക്കത്തിൽ ക്വാണ്ടം മെക്കാനിക്സിൽ പദാർഥവും വികിരണവും തമ്മിലുള്ള വ്യതിരിക്തത ഇല്ലാതാവുന്നു എന്നർഥം.

ക്വാണ്ടം മെക്കാനിക്സിൽ അളവുകളുടെ പരിമിതിയെ വെളിവാക്കുന്ന പ്രസിദ്ധമായ ഭൗതികനിയമമാണ് അനിശ്ചിതത്വ സിദ്ധാന്തം (uncertainity  principle) എന്നറിയപ്പെടുന്നത്. ദ്വന്ദ്വ സ്വഭാവത്തിന്റെ ഒരു ഗണിതാവിഷ്കാരമായി ഇതിനെ കണക്കാക്കാം. അളക്കുക എന്ന പ്രക്രിയ അളന്നു കിട്ടുന്ന  രാശിയെ സ്വാധീനിക്കുന്നു എന്ന് ഇതു പ്രഖ്യാപിക്കുന്നു. നിരീക്ഷകൻ നിരീക്ഷണത്തിന്റെ ഭാഗമായി (പങ്കാളിയായി) മാറുന്നു. ഒരുദാഹരണംകൊണ്ട് ഇതു വ്യക്തമാക്കാം. ക്ലാസിക്കൽ ഭൗതികത്തിൽ ചലിക്കുന്ന ഒരു സ്ഥൂല സ്ഥാനങ്ങളും തമ്മിലുള്ള അകലത്തെ (സ്ഥാനാന്തരത്ത) സമയംകൊണ്ട് ഹരിച്ചാൽ പ്രവേഗമായി. ഇതിൽ നിന്ന് സംവേഗവും (പിണ്ഡംx പ്രവേഗം) കണക്കാക്കാം.

വസ്തുവിന്റെ സ്ഥാനവും ചലനവേഗവും അളക്കണമെന്നിരിക്കട്ടെ. സ്ഥാനം കാണുക എളുപ്പമാണ്. വസ്തുവിലേക്ക് പ്രകാശമയക്കുന്നു. അത് പ്രതിഫലിച്ച് കണ്ണിലോ അളവുപകരണത്തിലോ എത്തുന്നതോടെ സ്ഥാനം നിർണയിച്ചുകഴിഞ്ഞു. പ്രവേഗം കാണണമെങ്കിലോ? അൽപ്പസമയം കഴിഞ്ഞ് ഒരിക്കൽക്കൂടി ഇതുപോലെ സ്ഥാന നിർണയം നടത്തുന്നു.

ഒരു സ്ഥൂലവസ്തുവിന്റെ സ്ഥാനം അറിയാൻ അതിൽ പ്രകാശം പതിപ്പിച്ച് പ്രതി ഫലിച്ചുവരുന്ന പ്രകാശം കണ്ണിലോ അളവ് ഉപകരണത്തിലോ പതിപ്പിച്ചാൽ മതി. വേഗം കാണാൻ രണ്ടു സ്ഥാനങ്ങൾ ഈ വിധം നിർണയിക്കണം; എന്നിട്ട് ആ സ്ഥാനങ്ങൾ തമ്മിലുള്ള ദൂരത്തെ സമയംകൊണ്ട് ഹരിക്കണം.-

 

ഒരു സൂക്ഷ്മകണത്തിന്റെ സ്ഥാനം അളവിൽ’ ഉണ്ടാക്കാവുന്ന കൃത്യത പ്രകാശ ത്തിന്റെ തരംഗദൈർഘ്യത്തെ ആശ്രയിച്ചിരിക്കും. ആദ്യ അളവിൽ പ്രകാശം കൈമാറുന്ന സംവേഗം മൂലം കണത്തിന്റെ സംവേഗം മാറുന്നതുകൊണ്ട് തന്നെ എത്തിച്ചേരുന്ന സ്ഥാനത്തിനു മാറ്റം സംഭവിക്കുന്നു. 

എന്നാൽ ക്വാണ്ടം മെക്കാനിക്സിൽ കാര്യം ഇത്ര ലളിതമല്ല. അവിടെ വസ്തു തീർത്തും ലഘുവായ ഒരു കണമാണ്. പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിലും കുറവാണ് അതിന്റെ വലിപ്പമെങ്കിൽ സ്ഥാനം എങ്ങനെ കൃത്യമായറിയും? ഒരു തരംഗദൈർഘ്യത്തിനുള്ളിലെവിടെയോ ആണ് അതു ള്ളതെന്നേ പറയാൻ പറ്റൂ, അതായത്, തരംഗദൈർഘ്യത്തിന് തുല്യമായ  ഒരു അനിശ്ചിതത്വം അതിന്റെ സ്ഥാന അളവിൽ സംഭവിക്കുന്നു. ഇതുമാത്രമല്ല സംഭവിക്കുന്നത്. പ്രകാശം ആദ്യതവണ കണത്തിൽ പതിക്കുമ്പോൾ അതു കണത്തിന് കുറച്ച് സംവേഗം കൈമാറിയേക്കാം. അപ്പോൾ കണത്തിന്റെ സംവേഗം മാറി. രണ്ടാം തവണ അതിന്റെ സ്ഥാനമളന്നാൽ കിട്ടുക പുതിയ സംവേഗത്തോടെ അതെത്തിയ സ്ഥാനമാണ്. അതായത് ഏതു സംവേ ഗമാണോ അളക്കാനുദ്ദേശിച്ചത് അതാവില്ല അളന്നാൽ കിട്ടുക. സംവേഗത്തിലും ഒരനിശ്ചിതത്വം വന്നു ഭവിച്ചിരിക്കുന്നു. ഇതിനെന്താണു പരിഹാരം? കണത്തിൽ പതിപ്പിച്ച് പ്രകാശത്തിന്റെ ഊർജം നന്നെ കുറച്ചാൽ അതു കണത്തിനു കൈമാറുന്ന സംവേഗവും കുറയും. അപ്പോൾ സംവേഗത്തിലുണ്ടാ കുന്ന അനിശ്ചിതത്വം (∇ρ) കുറയും. അതിനു തരംഗദൈർഘ്യം കൂടിയ പ്രകാശമുപയോഗിക്കണം. പക്ഷേ, തരംഗദൈർഘ്യം കൂടുമ്പോൾ സ്ഥാനത്തിലുള്ള അനിശ്ചിതത്വം (∇x) കൂടും. മറിച്ച് സ്ഥാനത്തിലുള്ള അനിശ്ചി തത്വം കുറയ്ക്കാൻ തരംഗദൈർഘ്യം കുറഞ്ഞ (ഊർജം കൂടിയ) പ്രകാശം ഉപയോഗിച്ചാലോ? സംവേഗത്തിലെ അനിശ്ചിതത്വം കൂടും. എപ്പോഴും ഈ  രണ്ട് അനിശ്ചിതത്വങ്ങൾ തമ്മിലുള്ള ഗുണനഫലം ഒരു നിശ്ചിത അളവിൽ കുറയില്ല എന്നാണ് ഹൈസൻബർഗിന്റെ അനിശ്ചിതത്വസിദ്ധാന്തം പ്രസ്താ വിച്ചത് (ഗണിതപരമായി പറഞ്ഞാൽ ∇x X ∇ρ ≥ h/4π, h = പ്ലാങ്ക് സ്ഥിരാങ്കം).

അനിശ്ചിതത്വത്തിനു കാരണം അളവാണോ? അളക്കുന്നില്ലെങ്കിൽ എല്ലാം സുനിശ്ചിതമായിരിക്കുമോ? അങ്ങനെ പറയാൻ കഴിയില്ല. പദാർഥത്തിന്റെ തരംഗസ്വഭാവത്തിന്റെ ഫലമായിത്തന്നെ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. തരംഗസ്വഭാവമുണ്ടെങ്കിൽ കണത്തിന് സ്ഥാനക്ലിപ്തി ഉണ്ടായിരിക്കില്ലല്ലോ. സ്ഥാനം കൃത്യമായി നിർവചിക്കാനാവില്ലെങ്കിൽ സ്ഥാനാന്തരവും തന്മൂലം സംവേഗവും, കൃത്യമായി നിർവചിക്കാനാവില്ല. എന്താണിതിന്റെ ഫലം? ഒരു പദാർഥകണത്തിന്റെ പൂർവാവസ്ഥ തന്നെ ഇങ്ങനെ അനിശ്ചിതമാണെങ്കിൽ  അതിന്റെ പിന്നീടുള്ള അവസ്ഥ എങ്ങനെ പ്രവചിക്കാനാവും. അതായത് കണങ്ങളുടെ ലോകം പ്രവചന വിധേയം (deterministic) അല്ലാതാവുന്നു.

പ്രകൃതിയാകെ അനിശ്ചിതവും പ്രവചനാതീതവുമാണെന്നാണോ ഇതി – നർഥം? “ഒരു നിശ്ചയമില്ലയൊന്നിനും, വരുമോരോ ദശ വന്ന പോലെ പോം’ എന്ന് പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ച് പറയാമോ? പറ്റില്ലെന്ന് നമ്മുടെ അനുഭവങ്ങൾ നമ്മോടു പറയുന്നു. പ്രകാശിക്കുന്ന ഒരു മെർക്കുറി ലാമ്പിലെ ഒരു പ്രത്യേക ആറ്റം എപ്പോൾ ഒരു പ്രകാശകണം പുറത്തു വിടും എന്ന് പറയാൻ പറ്റിയ ഒരു ഭൗതിക നിയമവും നമുക്കറിയില്ല. പക്ഷേ, ഒരു നൂറുവാട്ടു ലാമ്പിൽ നിന്നും ഓരോ സെക്കന്റിലും എത്രപകാശം പുറത്തുവരുമെന്ന് (അതായത് ഒരു സെക്കന്റിൽ എത്ര അണുക്കൾ ഫോട്ടോണുകൾ ഉത്സർജിക്കുമെന്ന്) കണക്കാക്കാനുള്ള നിയമം നമുക്കറിയാം. അതുപോലെ ഒരു  റേഡിയോ ആക്ടീവ് യുറേനിയം അണു എപ്പോൾ ഒരു ആൽഫാകണത്തെ – പുറന്തള്ളുമെന്നു പറയാൻ ഒരു നിയമവുമില്ല. എന്നാൽ ഒരു ഗ്രാം യൂറേനിയം ഒരിടത്തു വച്ചിരുന്നാൽ ഓരോ സെക്കന്റിലും അതിൽനിന്ന് എത ആൽഫാ കണങ്ങൾ പുറത്തുവരുമെന്നു കണക്കാക്കാൻ നിയമമുണ്ടുതാനും. ഇവിടെയെല്ലാം നാം പ്രയോഗിക്കുന്നത് സംഭാവ്യതയുടെ നിയമങ്ങൾ (laws of probability) ആണ്. സൂക്ഷ്മ ലോകത്തെ ഭരിക്കുന്നത് സംഭാവ്യതയുടെ നിയമങ്ങളാണ്. ക്വാണ്ടം ഭൗതികത്തിന്റെ അടിസ്ഥാനമതാണ്. ഉത്തേജിതാവസ്ഥയിലെത്തിയ ഒരണു എപ്പോൾ പൂർവാവസ്ഥയിലേക്കു തിരിച്ചു വരുമെന്നു പറയാൻ പറ്റില്ല. പക്ഷേ, ഒരു നിശ്ചിത സമയത്തിനുള്ളിൽ അങ്ങനെ സംഭവിക്കാനും ഒരു ഫോട്ടോണിനെ പുറം തള്ളാനുമുള്ള സംഭാവ്യത ക്വാണ്ടം ഭൗതികം നൽകുന്നു. കോടിക്കണക്കിനണുക്കളാകുമ്പോൾ “സംഭാവ്യത’ “സംഭവം’ തന്നെയായി മാറുന്നു. ഇവിടെയാണ് ക്വാണ്ടം മെക്കാനി ക്സിലെ സുനിശ്ചിതത്വം പ്രത്യക്ഷപ്പെടുന്നത്. റേഡിയോ ആക്റ്റിവിറ്റിയിലും – ഇലക്ട്രോണിക്സിലും വൈദ്യുത പ്രവാഹത്തിലും രാസപ്രവർത്തനങ്ങളിലുമെല്ലാം പ്രവചനമനുസരിച്ചുള്ള കൃത്യമായ ഫലങ്ങൾ നമുക്കു ലഭിക്കുന്നത് ഈ സംഭാവ്യതാ നിയമമനുസരിച്ചാണ്. അതായത് ശാസ്ത്രജ്ഞർ ക്വാണ്ടം മെക്കാനിക്സ് വികസിപ്പിച്ചെടുത്തത് എല്ലാം അനിശ്ചിതമാണെന്നു സ്ഥാപിക്കാനല്ല സുനിശ്ചിതമാക്കാനാണ്. ഇന്നു നാമുപയോഗിക്കുന്ന നിരവധി ആധുനിക ഉപകരണങ്ങൾ- ടെലിഫോൺ, ടി.വി, ലെയ്സർ, എക്സ്റേ , കമ്പ്യൂട്ടർ എല്ലാം പ്രവർത്തിക്കുന്നത് ക്വാണ്ടം മെക്കാനിക്സിലെ ഈ സംഭാവ്യതാനിയമങ്ങൾ അനുസരിച്ചാണ്.

ക്വാണ്ടം ഭൗതികത്തിൽ പ്രശ്നങ്ങളെല്ലാം തീർന്നെന്നും ദുരൂഹതകളൊന്നും ഇനി ബാക്കിയില്ലെന്നും അല്ല ഇതിനർഥം. ഒരു നൂറ്റാണ്ടുമാത്രം  പ്രായമുള്ള ഒരു ശാസ്ത്രശാഖയാണ് ക്വാണ്ടം മെക്കാനിക്സ്. നമ്മുടെ കണ്ണിനോ, ഉപകരണങ്ങൾക്കു പോലുമോ, കടന്നു ചെല്ലാൻ കഴിയാത്ത സൂക്ഷ്മകണങ്ങളുടെ ലോകത്തെയാണത് വിവരിക്കാൻ ശ്രമിക്കുന്നത്.

നമ്മുടെ മസ്തിഷ്കം അനുഭവങ്ങളിലൂടെ സ്വരൂപിച്ചെടുത്ത സാമാന്യ ബുദ്ധിയുമായി സംഭാവ്യതയുടെ നിയമങ്ങൾ യോജിച്ചു പോകാൻ കൂട്ടാക്കിയെന്നു വരില്ല. കണം തരംഗവുമാണ് തരംഗം കണവുമാണെന്ന് പറയുമ്പോൾ സാമാന്യ ബുദ്ധി പ്രതിഷേധിച്ചെന്നിരിക്കും. ഗണിത ഭാഷയും നിരീക്ഷണങ്ങൾ നൽകുന്ന പിൻബലവും മൂലം കുറേപ്പേർ അതു സ്വീകരിക്കാൻ തയ്യാറാകും (പൂർണമായി ഉൾക്കൊള്ളാതെ തന്നെ). മറ്റു ചിലർ “ഭൗതികത്തിനപ്പുറം’ പോയി അതിഭൗതിക വിശ്വാസങ്ങളുമായി അതിനെ കൂട്ടിക്കെട്ടാൻ ശ്രമിക്കും. അവർക്കു യുക്തിയും തെളിവും ഒന്നുമാവശ്യമില്ല.

ക്വാണ്ടം മെക്കാനിക്സ് ഇനിയും ഉത്തരം കാണാത്ത പ്രശ്നങ്ങളിലൊന്നാണ് കണങ്ങളുടെ തരംഗ സ്വഭാവം മൂലം ഉളവാകുന്ന സ്ഥാന ക്ലിപ്തതയില്ലായ്മ (non -locality) എന്ന പ്രശ്നം .

ഒരു സുഷിരത്തിലൂടെ കടന്നുവരുന്ന ഒരിലക്ട്രോണിനെ സങ്കൽപ്പിക്കുക. ക്ലാസിക്കൽ ഭൗതികത്തിൽ അതിനൊരു നിശ്ചിതപഥവും ഏതുനിമിഷവും ഒരു കൃത്യസ്ഥാനവുമുണ്ട്. എന്നാൽ ക്വാണ്ടം ഭൗതികത്തിൽ ഇലക്ട്രോണിന് നിശ്ചിത പഥമില്ല. ഇലക്ട്രോണിന്റെ സഞ്ചാരത്തെ വിവരിക്കുന്നത് അതുമായി ബന്ധപ്പെട്ട ദിബ്രോയ് തരംഗമാണ്. തരംഗം വ്യാപകമായതു കൊണ്ട് ഇലക്ട്രോൺ സ്പേസിലെവിടെയുമാകാം. തരംഗത്തിന്റെ ആയതി (amplitude) കൂടിയ സ്ഥാനത്ത് ഇലക്ട്രോണുണ്ടാവാനുള്ള സംഭാവ്യത കൂടുതലാണെന്നേ പറയാൻ പറ്റൂ. ഇനി, A, B,… എന്നിങ്ങനെ ഏതാനും സ്ഥാനങ്ങളിൽ ഇലക്ട്രോണിന്റെ സാന്നിധ്യം അളക്കാൻ പറ്റിയ ഏതാനും ഉപകരണങ്ങൾ (detectors) വെച്ചിരിക്കുന്നു എന്നു കരുതുക. അതിൽ A എന്ന ഡിറ്റക്ടർ ഒരു നിമിഷം ഇലക്ട്രോണിന്റെ സാന്നിധ്യം രേഖപ്പെടുത്തുന്നു.  അതോടെ അതിന്റെ സ്ഥാനം ക്ലിപ്തമായിക്കഴിഞ്ഞു. ഇലക്ട്രോൺ ഇനി മറ്റൊരിടത്തും ഉണ്ടാവുക സാധ്യമല്ല. ബാക്കിയിടങ്ങളിലെ ദിബ്രോയി തരംഗം ആ നിമിഷം ശൂന്യമായി മാറണമെന്നർഥം. പക്ഷേ, ഇവിടെ ഐൻസ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തം പ്രശ്നം സൃഷ്ടിക്കുന്നു. A എന്ന സ്ഥാനത്ത് കണത്തെ തിരിച്ചറിഞ്ഞ വിവരം അതേ നിമിഷം മറ്റിടങ്ങളിലെങ്ങനെ അറിയും? പ്രകാശ വേഗത്തേക്കാൾ കൂടിയ വേഗത്തിൽ ഒരു സന്ദേശത്തിനും സഞ്ചരിക്കാനാവില്ലല്ലോ. ഈ പ്രശ്നത്തെ നമ്മുടെ മിസ്റ്റിക് വാദികൾ വ്യാഖ്യാനിക്കുന്നത് വിചിത്രമായ രീതിയിലാണ്. പ്രപഞ്ചം ഏകാത്മകമാണ്. ഇലക്ട്രോണിനെയും അതിനു പുറത്തുള്ള പ്രപഞ്ചത്തെയും വേറിട്ടു കാണരുത്. പ്രപഞ്ച ചൈതന്യത്തിൽ പ്രകാശാതിവേഗത്തിൽ സന്ദേശങ്ങൾ കൈമാറപ്പെടാം, ഈ വ്യാഖ്യാനം കാര്യങ്ങളെ ഒരുവിധത്തിലും സുഗ്രാഹ്യമാക്കുന്നില്ല. സ്ഥൂല പ്രപഞ്ചത്തിലില്ലാത്ത ഏകാത്മകതവും പ്രകാശാതിവേഗവും എങ്ങനെ സൂക്ഷ്മപ്രപഞ്ചത്തിൽ വന്നുഭവിച്ചു? പദാർഥ തരംഗത്തെത്തന്നെ  കണങ്ങളുടെ സാഖ്യിക വിതരണത്തിന്റെ (statistical distribution) ഒരു പ്രകടിത രൂപമായി, മനുഷ്യ ബുദ്ധിയുടെ ഒരു നിർമിതിയായി (mental construction) കാണുകയാണ് കൂടുതൽ യുക്തിസഹം. ശാസ്ത്രത്തിന്റെ ഇന്നുള്ള പരിമിതിയായി ഇതിനെ നാം അംഗീകരിക്കണം. കൂടുതൽ വ്യക്തത പിന്നീടുണ്ടാകും എന്നു പ്രതീക്ഷിക്കുകയും വേണം.

കണികാ ഭൗതികത്തിലും ഇതു പോലുള്ള പ്രശ്നങ്ങളുണ്ട്. ഉദാഹരണത്തിന് ശൂന്യതയെന്നാലെന്താണ്? ആധുനിക ഭൗതികത്തിൽ അതിന് ഒന്നുമില്ലായ്മ എന്നല്ല അർഥം. ഊർജ സാന്ദ്രമാണ് ഭൗതിക ശൂന്യത (physical vacuum) ഭൗതിക ശൂന്യതയിൽ ധ്രുവീകരണം വഴി കണങ്ങൾ സ്വയം സൃഷ്ടിക്കപ്പെടുകയും ഇല്ലാതാവുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. കണവും പ്രതികണവും ഒന്നിച്ചു ജനിക്കുകയും ഒന്നിച്ചപ്രത്യക്ഷമാവുകയുമാണ് ചെയ്യുന്നത്. ഈ സങ്കൽപ്പമുണ്ടെങ്കിലേ കണങ്ങൾ തമ്മിലുള്ള പ്രതിപ്രവർത്തനങ്ങൾ വിവരിക്കാനും കണഭൗതികത്തിലെ സമീകരണങ്ങളുടെ നിർധാരണങ്ങൾക്ക് അർഥം നൽകാനും നമുക്കിന്ന് കഴിയൂ.
ഇതിനെയും ഒരു മനോനിർമിതിയായി മാത്രമേ കരുതേണ്ടൂ. പകരം സൃഷ്ടി സംഹാരങ്ങളുടെ ശിവതാണ്ഡവമായി അതിനെ ചിത്രീകരിക്കുകയാണ് കാപ്രയും കൂട്ടരും. കണം എന്നാലെന്താണെന്നു തന്നെ കൃത്യതയോടെ നിർവചിക്കാൻ ക്വാണ്ടം മെക്കാനിക്സിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതു തരംഗങ്ങളുടെ സംഘാതമാണോ? അതോ സ്ട്രിംഗ് തിയറിയിൽ പറയുന്ന സ്ട്രിംങ്ങുകളുടെ കമ്പനമാണോ? അതോ മറ്റു വല്ലതുമോ? ഈ പരിമിതികളെല്ലാമുണ്ടായിട്ടും ശരിയായ ഒരുപാടു പ്രവചനങ്ങൾ നടത്താൻ കണഭൗതികത്തിനു കഴിയുന്നുണ്ടു താനും. ആധുനിക കണഭൗതികത്തിന് അരനൂറ്റാണ്ടുപോലും പ്രായമായിട്ടില്ല എന്നതിനാൽ അതിലെ പല ധാരണകളും ഇപ്പോഴും അമൂർത്തമാണ്. ശിവനൃത്തവും മായാവാദവും മറ്റുമായി അതിനെ ബന്ധിപ്പിക്കാൻ ശ്രമിക്കുന്നവർ നാളെ കണഭൗതികത്തിൽ കൂടുതൽ മൂർത്തമായ ധാരണകളുണ്ടായിവരുമ്പോൾ, പുതിയ വേദാന്ത വ്യാഖ്യാനങ്ങൾ തേടേണ്ടി വരും എന്നു തീർച്ച. വേദാന്തത്തിന് ആധുനികശാസ്ത്രത്തിന്റെ ഒരു താങ്ങുണ്ടങ്കിലേ നിലനിൽക്കാൻ കഴിയൂ എന്ന ഭയവും ഇക്കൂട്ടർക്കുണ്ടോ എന്നു സംശയിക്കണം.

ഫ്രിജോഫ് കാപ്ര

വേദാന്തങ്ങൾ പലതരം

ഉപനിഷത്തുകളുടെ സത്തയാണ് വേദാന്തം എന്നാണല്ലോ പറയുന്നത്. ഉപനിഷത്തുകളാകട്ടെ വേദസംഹിതകളുടെ വ്യാഖ്യാനങ്ങളും. വ്യത്യസ്ത പ്രപഞ്ച വീക്ഷണവും ജീവിത ദർശനങ്ങളും പുലർത്തുന്ന ഉപനിഷത്തുകളിൽ നിന്ന് ഒരേ സത്ത ഊറ്റിയെടുത്തു എന്നത് അത്ഭുതകരമായിരിക്കുന്നു. ഉപനിഷത്ത് കർത്താക്കളിൽ ഭൗതികവാദികളും ആത്മീയവാദികളും ഉണ്ടായിരുന്നല്ലോ. ക്രിസ്തുവിന് മുമ്പ് 7-ാം നൂറ്റാണ്ട് മുതൽ ആത്മീയവാദികൾക്ക് മുൻതൂക്കം കൈവന്നു. ഭൗതിക വാദങ്ങളെ അവഗണിച്ചും ആത്മീയവാദികളുടെ നിലപാടുകളെ ഏകീകരിച്ചുമാണ് ബാദരായണൻ തന്റെ ബ്രഹ്മസൂത്രം രചിച്ചത്. 560 സൂക്തങ്ങളുള്ള ആ ബൃഹദ് കൃതിയാണ് പ്രാചീന വേദാന്തത്തിലെ പ്രാമാണിക ഗ്രന്ഥം. ഛാന്ദോമ്യോപനിഷത്തു പറയുന്നത് ഈ (പ്രപഞ്ചം തന്നെ ബ്രഹ്മമാണെന്നാണ്. “താൻ വേറെയും ബ്രഹ്മം വേറെയുമാണെന്നു കരുതി തന്റെ ആത്മാവിനെയല്ലാതെ മറ്റേതെങ്കിലും ശക്തിയെ ആരാധിക്കുന്നവൻ അജ്ഞനാണ്” എന്ന് ബൃഹദാരണ്യകോപനിഷത്തും പറയുന്നു. “അന്നം, പ്രാണൻ (വായു) ചക്ഷസ്, ശാതം, മനസ്സ്, വാക്ക് എല്ലാം ബ്രഹ്മമാണ്” എന്ന് തൈത്തരീയോപനിഷത്ത്. പക്ഷേ, ബാദരായണനിലെത്തിയപ്പോഴേക്കും ബ്രഹ്മം പ്രപഞ്ചാതീതമായ, സ്വതന്ത്രവും കേവലവുമായ, ചൈതന്യമായി മാറുന്നു. അചേതനമായ പ്രകൃതി സചേതനമായിത്തീരണമെങ്കിൽ പ്രകൃതിയിൽ നിന്നു ഭിന്നമായ ഒരു ചൈതന്യത്തിന്റെ പ്രവർത്തനം കൂടിയേ കഴിയൂ എന്ന് വാദിച്ചുകൊണ്ടാണ് ബാദരായണൻ സാംഖ്യരെ നേരിടുന്നത് (ഇതു ക്വാണ്ടം ഭൗതികത്തിന്റെ അടിസ്ഥാന നിയമമായ അനിശ്ചിതത്വ സിദ്ധാന്തത്തിനു വിരുദ്ധമാണ്. പദാർഥത്തിന് ചലനമില്ലാത്ത അവസ്ഥ അസാധ്യമാണെന്നാണ് അതു പറയുന്നത്. കാരണം ചലനമില്ലാതായാൽ സംവേഗത്തിലും സ്ഥാനത്തിലും അനിശ്ചിതത്വമില്ലാതാവും). ആ ചൈതന്യമാണത്രെ ബ്രഹ്മം. അതുതന്നെയാണ് പരമാത്മാവും.

പ്രപഞ്ചത്തേയും ബ്രഹ്മത്തേയും ഇങ്ങനെ വേർതിരിച്ചു കാണുമ്പോഴും – പ്രപഞ്ചത്തെ ഒരു മായയായി ബാദരായണനോ പൂർവകാല വേദാന്തികളോ കണ്ടിരുന്നില്ല. എസ്. രാധാകൃഷ്ണൻ പറയുന്നു (3,80)

“പ്രപഞ്ചത്തിന്റെ അടിസ്ഥാനം ചേതനയാണെന്നും ചേതനയാണ് പ്രപഞ്ചത്തെ നയിക്കുന്ന തെന്നും ഐതരേയോപനിഷത്തു പറയുമ്പോൾ അത് പ്രപഞ്ചത്തിന്റെ യാഥാർഥ്യത്തെത്തന്നെയാണംഗീകരിക്കുന്നത്.”

എന്നാൽ അദ്വൈത വേദാന്തത്തിൽ ശങ്കരാചാര്യർ പറയുന്നത് ഭൗതിക പ്രപഞ്ചം മായയാണെന്നാണ്. (ബഹ്മസത്യം ജഗന്മിഥ്യ; ജീവോ ബ്രഹ്മവനാപര:) “അഹം ബ്രഹ്മാസ്മി‘ ഞാൻ ബ്രഹ്മമാണ് എന്നും “തത്വമസി’ (നീയും അതുതന്നെ) എന്നും പ്രഖ്യാപിക്കുന്ന ശങ്കരാചാര്യർ മറുഭാഗത്ത് വർണാശ്രമവ്യവസ്ഥയെ ന്യായീകരിക്കുന്നതു കാണുമ്പോഴാണ് വേദാന്തചിന്തകൊണ്ടും ജഗത്തിന്റെ ബന്ധനത്തിൽ നിന്നു മോചനമില്ല എന്നു നമുക്കനുഭവപ്പെടുക. ശൂദ്രസ്ത്രീയിൽ ജനിച്ചിട്ടും വിദുരർക്ക് വിശിഷ്ടമായ വിജ്ഞാനം നേടാനായി എന്നും അതിനാൽ ശൂദ്രന് വിദ്യ നേടാനുള്ള അവകാശമുണ്ട് എന്നുമുള്ള വാദത്തെ ഖണ്ഡിച്ചുകൊണ്ട് ബ്രഹ്മസൂത്ര ഭാഷ്യത്തിലദ്ദേഹം എഴുതുന്നു (4,1.3.34-38) “ശൂദ്രന് വിദ്യാധികാരമില്ല. എന്തുകൊണ്ടെന്നാൽ അവന് വേദാധ്യയനമില്ല.

വേദാധ്യയനം ചെയ്ത് വേദാർഥം ഗ്രഹിച്ചവനു മാത്രമേ വേദകാര്യങ്ങൾക്ക് അധികാരമുള്ളൂ. വേദാധ്യയനം ഉപനയനത്തിനു ശേഷം മാത്രമേ പാടുള്ളൂ. ഉപനയനം വർണികർക്ക് (ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ) മാത്രമേ വിധിച്ചിട്ടുള്ളൂതാനും ശൂദ്രന് വേദശ്രവണവും വേദാധ്യയനവും വേദാർഥജ്ഞാനവും വേദാനുഷ്ഠാനവും നിഷിദ്ധങ്ങളാണെന്ന് സ്മൃതിയി ലുണ്ട്. വേദ്രശവണ നിഷേധം ഇപ്രകാരമാണ്: വേദം ശ്രവിക്കുന്ന ശൂദ്രന്റെ ചെവിയിൽ ഈയവും അരക്കും ഉരുക്കി ഒഴിക്കണം. അവന്റെ സമീപത്തു – വെച്ച് വേദാധ്യയനം പാടില്ല. ഇതിൽ നിന്ന് വേദപഠനവും നിഷിദ്ധമാണെന്നു – വരും. വേദം ഉച്ചരിക്കുന്ന ശൂദ്രന്റെ നാവറുക്കണമെന്നും വേദം ധരിക്കുന്ന ശൂദ്രന്റെ ശരീരം ചേദിച്ചുകളയാമെന്നും ഉണ്ട്. ഇതിൽ നിന്നുതന്നെ ശൂദ്രൻ വേദാർഥമറിയരുതെന്നും അനുഷ്ഠിക്കരുതെന്നും സിദ്ധിക്കുന്നു.”

ആത്മജ്ഞാനം വഴി നേടുന്ന മുക്തി (കൈവല്യം) ആണല്ലോ വേദാന്തി കളുടെ ലക്ഷ്യം. ആത്മജ്ഞാനത്തിലൂടെ ഭൗതികത്തിനപ്പുറമെത്തി ജീവാ ത്മാവ് പരമാത്മാവിൽ വിലയം പ്രാപിക്കുമ്പോഴാണത്രെ പരമമായ ആനന്ദമുണ്ടാവുക. ശാസ്ത്രത്തിന്റെ ലക്ഷ്യം ഇത്തരമൊരാനന്ദമല്ല. കാരണം, അത് എല്ലാവർക്കും നേടാൻ കഴിയുന്ന ഒന്നല്ല. കേശവൻ നായർ പറയുന്നു (1,26) “വേദാന്തത്തിൽ പരമമായ അറിവു നേടുന്നതിനുള്ള മാർഗം ധ്യാനമാണ്…. ധ്യാനത്തിലൂടെ നേടുന്ന അറിവ് വാക്കുകളിലൂടെ വെളിപ്പെടുത്താനാവില്ല. ഈ അറിവ് അനുഭൂതികാത്മകമാണ്.” വീണ്ടും (1,35): “വേദാന്തമനുസരിച്ച് ആത്മജ്ഞാനം അഥവാ ബ്രഹ്മജ്ഞാനം നേടുന്നതിനുള്ള വിദ്യയാണ് ആത്മവിദ്യ അഥവാ ബ്രഹ്മവിദ്യ. ഇതു ഗുരുമുഖത്തുനിന്നാണ് അഭ്യസിക്കേണ്ടത്. ഇതെല്ലാ വിദ്യകളിലും ഉയർന്നതും രഹസ്യങ്ങളിൽ രഹസ്യവും – ആകുന്നു.” ഇങ്ങനെയുള്ള പരമമായ അറിവും ആനന്ദവും എത്രപേർക്കു നേടാനാകും? ആത്മവിദ്യ അറിയുന്ന ഒരു ഗുരുവിനെക്കിട്ടാൻ തന്നെ ഇക്കാലത്ത് എന്തൊരു പ്രയാസമാണ്. കിട്ടിയാൽത്തന്നെ എത്രപേർക്ക് ധ്യാനനിരതരായി ഇങ്ങനെ ഇരിക്കാൻ പറ്റും? നിത്യവൃത്തിക്കുതന്നെ വിഷമിക്കുന്നവരല്ലേ ഭൂരിഭാഗവും? കുഞ്ഞുങ്ങൾ വിശന്നു കരയുമ്പോൾ ആർക്കാണു തപസ്സിരിക്കാൻ കഴിയുക? ഇനിയേതാനും പേർ ആത്മവിദ്യ നേടിയെന്നു തന്നെയിരിക്കട്ടെ. അതു മറ്റുള്ളവർക്കൊട്ടു പകർന്നുകൊടുക്കാനും കഴിയില്ല. പിന്നെ സുപ്രയോജനമാണതുകൊണ്ട്? ശാസ്ത്രത്തിന് ഇത്തരം പ്രശ്നങ്ങളൊന്നും തന്നെയില്ല. ഗണിതഭാഷ അറിയാമെങ്കിൽ അതാർക്കും ഉൾക്കൊള്ളാം. – ശാസ്ത്രത്തിന് പരമമായ ആനന്ദം എന്ന ലക്ഷ്യമേയില്ല. ജീവിതസൗഖ്യം – എന്ന എളിയ ലക്ഷ്യമേയുള്ളൂ. ജീവിതത്തിൽ നിന്നുള്ള മുക്തിയല്ല, ജീവിക്കുന്നതിലുള്ള സന്തോഷമാണ് അതു നേടാൻ ശ്രമിക്കുന്നത്.

ചുരുക്കത്തിൽ, ശാസ്ത്രത്തെ വേദാന്തവുമായി കൂട്ടിക്കെട്ടാതെ രണ്ടിനെയും അതതിന്റെ വഴിക്കു വിടുന്നതാണു നല്ലത്. ആധുനികശാസ്ത്രം പഠിച്ചിട്ട് ആരെങ്കിലും വേദാന്തത്തെ പുഷ്ടിപ്പെടുത്തിയതായോ, വേദാന്തം  പഠിച്ചിട്ട് ആരെങ്കിലും ആധുനികശാസ്ത്രത്തിൽ മുതൽക്കൂട്ടു നടത്തിയതായോ (കാപ്രപോലും) അറിയില്ല. ശാസ്ത്രത്തെ നല്ല രീതിയിൽ പ്രയോജനപ്പെടുത്തിയാൽ മനുഷ്യ സമൂഹത്തിനും ഭൂമിയിൽ ജീവിക്കുന്ന എല്ലാ ജീവജാലങ്ങൾക്കും മെച്ചമുണ്ടാക്കാനാവും എന്ന കാര്യത്തിൽ സംശയമില്ല. ദുരുപയോഗം ചെയ്താൽ ദുരിതമുണ്ടാക്കാനും കഴിയും. നല്ല രീതിയിൽ  പ്രയോജനപ്പെടുത്താനുള്ള ഹൃദയവിശാലതയാണ് നമുക്ക് ഇന്നാവശ്യം. അതു സൃഷ്ടിക്കുന്നതിൽ വേദാന്തമുൾപ്പെടെയുള്ള ദർശനങ്ങൾക്ക് ഒരു പങ്കുവഹിക്കാൻ കഴിഞ്ഞാൽ നന്നായി. 


കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ശാസ്ത്രവും കപടശാസ്ത്രവും എന്ന പുസ്തകത്തിലെ അഞ്ചാം അധ്യായം. വരും ദിവസങ്ങളില്‍ തുടര്‍ന്നുള്ള അധ്യായങ്ങളും പ്രസിദ്ധീകരിക്കുന്നതാണ്.

ഗ്രന്ഥസൂചി

  1. ഭൗതികത്തിനപ്പുറം- പി.കേശവൻ നായർ 
  2. The Tao of physics – Fritjof capra 
  3. Principal Upanishads – Dr. S. Radhakrishnan 
  4. ബ്രഹ്മസൂത്രഭാഷ്യം- ശങ്കരാചാര്യർ.

 

അനുബന്ധവായനകള്‍ക്ക്

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കാലത്തെ സാക്ഷിയാക്കി  ‘പ്രകൃതിശാസ്ത്രം’
Next post അതീന്ദ്രിയ ജ്ഞാനവും അത്ഭുതസിദ്ധികളും
Close