Read Time:61 Minute
ലൂക്ക ജീവപരിണാമം കോഴ്സിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലേഖന പരമ്പര. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ശാസ്ത്രവും കപടശാസ്ത്രവും എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ചത്
ചാചാൾസ് ഡാർവിൻ സ്പീഷീസുകളുടെ ഉൽപ്പത്തി’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതോടെയാണ് പരിണാമസിദ്ധാന്തം വ്യാപകമായ ചർച്ചകൾക്ക് വിധേയമായത്. ജീവജാലങ്ങളുടെ വൈവിധ്യത്തിന് ഒരു വിശദീകരണം ഉണ്ടായത് അതോടുകൂടിയാണല്ലോ. പരിണാമത്തിന്റെ ഫലമായിട്ടാണ് ഓരോ സ്പീഷീസും ഉത്ഭവിക്കുന്നത്. സൃഷ്ടിവാദത്തിന് അന്നത്തെയും ഇന്നത്തെയും അജണ്ട ഒന്നുതന്നെയാണ്. പരിണാമ ജൈവശാസ്ത്രജ്ഞരുടെ നിഗമനങ്ങളൊന്നും ശരിയല്ല; ഓരോ സ്പീഷീസിനേയും ഒറ്റയടിക്ക് സൃഷ്ടിച്ചതാണ്. പിന്നെ വിശദീകരിക്കേണ്ടതായിട്ടൊന്നുമില്ലല്ലോ. ഇന്ന് തന്മാത്രകളിൽ തുടങ്ങി, ജൈവ രസതന്ത്ര പ്രക്രിയകൾ, കോശങ്ങൾ, കലകൾ എന്നിവയിൽ വരെ പരിണാമം നടന്നിട്ടുള്ളതിന് ധാരാളം തെളിവുകൾ കിട്ടിയിട്ടുണ്ട്. പക്ഷേ, സൃഷ്ടിവാദികൾ ഇതൊന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുന്നു. സമീപകാലത്ത് ഇസ്ലാമിക മതമൗലികവാദികളും പരിണാമവാദത്തിനെതിരെ ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്.

യഥാർഥത്തിൽ, ആധുനികസൃഷ്ടിവാദം ശാസ്ത്രത്തിനുതന്നെ എതിരാണ്. യുക്തിപരമായ ചിന്തയിൽ വിശ്വസിക്കാത്തവരാകയാൽ, സൃഷ്ടിവാദികൾ അത് മനസ്സിലാക്കിയിട്ടില്ലെന്നു മാത്രം. ഉദാഹരണത്തിന്, ഭൂമിയുടെ പ്രായത്തിന്റെ കാര്യമെടുക്കാം. ഇന്ന് ഭൂമിയിലെ പാറകളുടെ റേഡിയോ മെട്രിക് കാല നിർണയത്തിനു പുറമേ ചന്ദ്രനിൽ നിന്നു കൊണ്ടുവരുന്ന പാറകളും ഉൽക്കകളുമെല്ലാം ഭൂമിയുടെയും സൗരയൂഥത്തിന്റെ തന്നെയും പഴക്കം നിർണയിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. ഇതെല്ലാം തള്ളിക്കളയുമ്പോൾ റേഡിയോ ആക്റ്റീവതയേയും ആറ്റത്തിന്റെ ഘടനയേയും കുറിച്ചുള്ള ഭൗതികശാസ്ത്രത്തെക്കൂടി നിഷേധിക്കുകയാണവർ.

പരിണാമശാസ്ത്രം ജ്യോതിശ്ശാസ്ത്രം പോലെ ചരിത്രപരമായ ശാസ്ത്രമാണ്. ഒരു നക്ഷത്രമോ ഗ്രഹമോ ഉത്ഭവിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? കാണുവാൻ കഴിയുമോ? എന്നു കരുതി നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഉൽപ്പത്തിയും പരിണാമവും സംബന്ധിച്ച കാര്യങ്ങൾ നാം തള്ളിക്കളയുന്നില്ലല്ലോ. അതുപോലെ തന്നെയാണ് ജീവികളുടെ ഉൽപ്പത്തിയേയും പരിണാമത്തേയും സംബന്ധിച്ച കാര്യങ്ങളും.

അതുകൊണ്ട് പരിണാമവിജ്ഞാനീയശാസ്ത്രത്തിന് മറ്റു ശാസ്ത്രശാഖകളെപ്പോലെ പ്രവചനത്തിനുള്ള കഴിവില്ലെന്നുണ്ടോ? ഒരിക്കലുമില്ല. പരിണാമസിദ്ധാന്തത്തിന്റെ വെളിച്ചത്തിൽ പ്രവചനങ്ങൾ നടത്താം. അവ ശരിയാണോ എന്ന് നിരീക്ഷിക്കുകയും ചെയ്യാം. പ്രവചനങ്ങൾ ശരിയല്ലെങ്കിൽ പരിണാമസിദ്ധാന്തം തെറ്റാണെന്ന് തെളിയുകയും ചെയ്യും. “തെറ്റാണെന്ന് തെളിയിക്കുവാൻ കഴിയുക” എന്നതാണ് ശാസ്ത്രത്തിന്റെ മുഖമുദ്ര എന്നാണല്ലോ പ്രസിദ്ധ ചിന്തകനായ കാൾപോപ്പർ പറഞ്ഞിട്ടുള്ളത്. പരിണാമസിദ്ധാന്തത്തിന്റെ ഒരു നിഗമനമെടുക്കാം. ഉരഗങ്ങളിൽ നിന്നാണ് സസ്തനികൾ പരിണമിച്ചുണ്ടായത്. ഭൂവിജ്ഞാനീയ കാലഘട്ടങ്ങളിൽ, ഉരഗങ്ങൾ പ്രത്യക്ഷപ്പെടുന്നതിനു മുമ്പുള്ള ഒരു സസ്തനിയുടെ ഫോസിൽ കണ്ടുകിട്ടിയാൽ സസ്തനികളുടെ ഉൽപ്പത്തിയെക്കുറിച്ചുള്ള പരിണാമസിദ്ധാന്തം തെറ്റാണെന്നു തെളിയും. മറ്റൊരു നിഗമനം എടുക്കാം. പരിണാമ സിദ്ധാന്തമനുസരിച്ച്, പിന്നോട്ട് പോകുന്തോറും കൂടുതൽ പ്രാകൃത ലക്ഷണങ്ങളുള്ള ഫോസിലുകളായിരിക്കണം കിട്ടുന്നത്. സമീപകാലത്ത് മനുഷ്യന്റെ പരിണാമത്തെ സംബന്ധിച്ച നിരവധി ഫോസിലുകൾ കിട്ടിയിട്ടുണ്ട്. ഇതിൽ ഏറ്റവും പഴക്കം ചെന്നത് (60 ലക്ഷത്തിലേറെ വർഷം) ചിമ്പാൻസിയോട് ഏറ്റവുമധികം സാദൃശ്യമുള്ളതാണ്.

അമേരിക്കയിൽ ഒരു ഘട്ടത്തിൽ കൻസാസ് സംസ്ഥാനത്ത സ്കൂൾ ബോർഡ് പരിണാമസിദ്ധാന്തത്തെ പുറന്തള്ളുവാൻ ശ്രമിച്ചെങ്കിലും അവസാനം പരാജയപ്പെട്ടു. ഇപ്പോൾ സൃഷ്ടിവാദികൾ യു.എസ്.എ.യിൽ “ബുദ്ധിപര രൂപകൽപ്പന (Intelligent design)” എന്ന പുതിയൊരു ലേബ ലിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അർക്കൻസാസ് കേസിലെ സുപ്രീംകോടതി വിധിയെ മറികടക്കുവാനുള്ള ഒരു തന്ത്രമാണിത്. പരിഷത്ത് പ്രസിദ്ധീകരിച്ച “ശാസ്ത്രീയ സൃഷ്ടിവാദം’ എന്ന പുസ്തകത്തിൽ ശ്രീ കുഞ്ഞുണ്ണി വർമ പറയുന്ന കാര്യങ്ങൾ ഇവിടെ പ്രസക്തമാകുമെന്നു കരുതുന്നു.

മൈക്കലാഞ്ചലോയുടെ Creation of Adam പെയ്ന്റിംഗ്

ആധുനിക സൃഷ്ടിവാദത്തിന്റെ ചരിത്രം

അമേരിക്കയിലെ യാഥാസ്ഥിതികരായ പുത്തൻ സഭക്കാരുടെ (protestants) ഇടയിൽ മൗലികവാദം എന്നൊരു പ്രസ്ഥാനം 19-ാ നൂറ്റാണ്ടിൽ ഉണ്ടായിവന്നു. അന്ന് അമേരിക്കൻ സമുദായത്തിൽ വന്നുകൊണ്ടിരുന്ന മാറ്റങ്ങൾ (ഉദാഹരണമായി, അടിമനിരോധനം), മതപരമായ പുതിയ ചിന്തകൾ, പരിണാമവാദം എന്നിവയുടെ പ്രഭാവമാണ് മൗലികവാദത്തിന്റെ വളർച്ചയ്ക്ക് കാരണമായിത്തീർന്നത്. മൗലികവാദത്തിന്റെ ഏറ്റവും പ്രധാനമായ ലക്ഷ്യവും ലക്ഷണവും വിശുദ്ധഗ്രന്ഥത്തെ അക്ഷരാർഥത്തിൽതന്നെ സ്വീകരിക്കണമെന്ന നിർബന്ധവും, വേദപുസ്തകം തെറ്റുകയില്ല എന്ന ദൃഢമായ വിശ്വാസവുമാണ്. ക്രിസ്തുവിന്റെ രണ്ടാം വരവിലും അവർക്ക് വിശ്വാസമുണ്ട്.

സ്‌കൂളുകളിൽ പരിണാമം പഠിപ്പിക്കുന്നതിനെക്കുറിച്ചുള്ള സ്‌കോപ്‌സ് ട്രയൽ -വാഷിംഗ്ടൺ ടൈംസിന്റെ തലക്കെട്ട്

ഔദ്യോഗിക ക്രൈസ്തവസഭകൾ വിശാലവീക്ഷണം സ്വീകരിച്ച് പരിണാമത്തോടുള്ള എതിർപ്പ് കുറയ്ക്കാൻ തുടങ്ങിയത് മൗലികവാദികൾക്ക് ഒട്ടും ഇഷ്ടമായില്ല. വിശുദ്ധ ഗ്രന്ഥത്തോടും പരമ്പരാഗത മൂല്യങ്ങളോടും കടകവിരുദ്ധമായ നിലപാടാണ് പരിണാമസിദ്ധാന്തം അനുശാസിക്കുന്നതെന്ന് അവർ കരുതി. നിരീശ്വരവാദത്തിന്റെ വളർച്ചയ്ക്കും സദാചാരത്തിന്റെ അധഃപതനത്തിനും സമുദായത്തിലെ മറ്റെല്ലാ കൊള്ളരുതായ്മകൾക്കും മൂല കാരണം ജീവപരിണാമമെന്ന ആശയമാണെന്നാണ് അവർ കരുതിയത്; ഇപ്പോഴും കരുതുന്നതും. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്കൻ സമുദായത്തിൽ കുറ്റകൃത്യങ്ങൾ കൂടിയതും പണിമുടക്കുകൾ പടർന്നു പിടിച്ചതും കമ്യൂണിസത്തെക്കുറിച്ചുള്ള ഭയവും മൗലികവാദത്തിന് വളംവെച്ചു.

പരിണാമ സിദ്ധാന്തത്തിനെതിരായി സുവിശേഷകൻ ടി.ടി. മാർട്ടിന്റെ പുസ്തകങ്ങൾ 1925 ലെ ടെന്നിലെ ഡേട്ടണിലെ വിചാരണവേളയിൽ (Scope trials) ഒരു ഔട്ട്ഡോർ സ്റ്റാൻഡിൽ വിൽക്കുന്നു.

1940കളിൽ മൗലികവാദികൾ സുവിശേഷപ്രമാണത്തെ അനുസരിക്കുന്നവർ എന്നർഥം വരുന്ന ഇവാൻജലിക്കൽസ് (Evangelicals) എന്ന് സ്വയം വിളിക്കാൻ തുടങ്ങി. എണ്ണത്തിൽ ന്യൂനപക്ഷമാണെങ്കിലും ഇവർക്ക് അമേരിക്കയിലെ യാഥാസ്ഥിതികരായ പുത്തൻ സഭക്കാരുടെ പൊതുവായ അനുഭാവമുണ്ട് (“പുത്തൻ സഭക്കാരെയാരെയെങ്കിലും പോറിനോക്കൂ; അടിയി ലൊരു മൗലികവാദിയെക്കാണാം” എന്ന് അമേരിക്കയിൽ ഒരു ചൊല്ലുതന്നെ യുണ്ട്). ദക്ഷിണ സംസ്ഥാനങ്ങളിലും കാലിഫോർണിയ പോലുള്ള മറ്റു ചില സ്ഥലങ്ങളിലുമാണ് ഇവരുടെ സ്വാധീനം കൂടുതലായുള്ളത്. ഈ സ്വാധീനം രാഷ്ട്രീയതലത്തിലും പ്രകടമാണ്. അതുപയോഗിച്ച് പരിണാമമെന്ന ആശയത്തെ അടിച്ചമർത്തുവാൻ അവർ ആവുംവിധമെല്ലാം പരിശ്രമിച്ചിട്ടുണ്ട്. അതിന്റെ ഒരു ചെറിയ ചരിത്രമാണ് താഴെ കൊടുക്കുന്നത്.

Illustration by Lisa Larson-Walker

തന്ത്രം 1 – പരിണാമ പഠനത്തെ നിരോധിക്കുക

സ്കൂളുകളിൽ പരിണാമം പഠിപ്പിക്കുന്നത് നിരോധിക്കുവാൻ വേണ്ടിയുള്ള നിയമങ്ങൾ 1920 കളിൽ 20 സംസ്ഥാനങ്ങളിൽ മൗലികവാദികൾ പാസ്സാക്കിയെടുത്തു. വിശുദ്ധഗ്രന്ഥത്തിൽ മനുഷ്യസൃഷ്ടിയെക്കുറിച്ച് പറഞ്ഞിട്ടുള്ളതിന് വിരുദ്ധമായി ഒന്നും പഠിപ്പിച്ചുകൂടാ എന്നതായിരുന്നു നിയമം. ടെന്നസി സംസ്ഥാനത്തിലെ ഈ നിയമം 1925ൽ കോടതിയിൽ പരീക്ഷിക്കപ്പെട്ടു. ടെന്നസി പരിണാമ വിചാരണ, കോപ്സ് വിചാരണ എന്നെല്ലാം ലോകമൊട്ടുക്ക് പ്രസിദ്ധമായ ഈ കേസ്സ് പൊതുജനങ്ങളുടെ ഇടയിൽ കുരങ്ങുവിചാരണ (Monkey Trial) എന്ന പേരിലും അറിഞ്ഞുവന്നു. ഡേയ്ട്ടൺ എന്ന പട്ടണത്തിലെ റിയ ഹൈസ്കൂളിൽ ശാസ്ത്രാധ്യാപകനായിരുന്ന ജോൺ സ്കോപ്സ് എന്ന യുവാവ് താൻ വിദ്യാർഥികളെ പരിണാമം പഠിപ്പിക്കുന്നുണ്ടെന്ന കാര്യം സ്വയം പരസ്യമാക്കി. തുടർന്ന് സ്കോപ്സിനെ അറസ്റ്റുചെയ്ത് വിചാരണ ചെയ്തു.

ജോൺ സ്കോപ്സ് (John T. Scopes)

1925 ൽ ഡേയ്ടണിൽ നടന്ന വിചാരണ 11 ദിവസം നീണ്ടുനിന്നു. പരിണാമ വാദത്തിനെതിരായുള്ള നിയമം കോപ്സ് ലംഘിച്ചിട്ടുണ്ടോ എന്നതായിരുന്നു സങ്കുചിതമായ അർഥത്തിൽ വിചാരണയെങ്കിലും വിപുലമായ കാഴ്ചപ്പാടിൽ വിദ്യാഭ്യാസത്തിൽ മതപരമായി ഇടപെടാൻ ഗവൺമെന്റിന് അധികാരമുണ്ടോ എന്നതായിരുന്നു തർക്കവിഷയം. രണ്ടു വശത്തും പ്രസിദ്ധരായ വക്കീലന്മാർ അണിനിരന്ന ഈ കേസ്സിന്റെ അവസാനം കോപ്സിന്റെ കുറ്റം തെളിയുകയും അദ്ദേഹത്തിന് 100 ഡോളർ പിഴ വിധിക്കുകയും ചെയ്തു. പക്ഷേ, സംസ്ഥാന സുപ്രീംകോടതി എന്തോ സാങ്കേതികമായ കാരണം പറഞ്ഞ് ശിക്ഷ മാറ്റിവെച്ചു.

1925 ജൂലൈയിലെ ഡേയ്ടൺ കുരങ്ങുവിചാരണ കോടതി മുറി നിറഞ്ഞിരിക്കുന്നു. (AP Photo)

പുരോഗമനവാദികൾ ആശിച്ചിരുന്നതിന് വിരുദ്ധമായി, പരിണാമത്തിനെതിരായുളള നിയമത്തിന്റെ സാധുതയെക്കുറിച്ച് കോടതി ഒന്നും പറഞ്ഞില്ല. അങ്ങനെ രണ്ടുകൂട്ടർക്കും അവരാണ് ജയിച്ചത് എന്ന് പറയാറായി (ഈ കേസ്സിനെ ആധാരമാക്കി പിന്നീട് 1950 കളിൽ – Inherit the Wind എന്ന പേരിൽ പ്രസിദ്ധമായ ഒരു നാടകവും അതേ പേരിൽത്തന്നെ ഒരു സിനിമയും വരികയുണ്ടായി). എന്തായാലും, ഈ കേസ്സുമൂലം പരിണാമത്തിനെതിരായുള്ള നിയമങ്ങൾക്ക് ഒരു തരത്തിലുളള കുപ്രസിദ്ധി ലഭിച്ചു. അതുകൊണ്ട് അത്തരം നിയമങ്ങൾ വേറെ സംസ്ഥാനങ്ങളിൽ വരുന്നതിന് അതൊരു വിഘാതമായി. പക്ഷേ, സ്കൂളുകളിൽ പരിണാമം പഠിപ്പിക്കുന്നതിന് ഈ വിചാരണ ഒട്ടും പ്രോത്സാഹനം നൽകിയില്ല. പിന്നീടും വളരെക്കാലത്തേക്ക് അമേരിക്കയിലെ സ്കൂൾ പാഠപുസ്തകങ്ങളിൽ പരിണാമത്തെക്കുറിച്ച് കാര്യമായൊന്നും ഉൾപ്പെടുത്തിയിരുന്നില്ല.

സൃഷ്ടിവാദികളുടെ ഔപചാരികമായ സംഘടനകൾ അമേരിക്കയിൽ ഒന്നിലധികമുണ്ട്. 1941-ൽ അമേരിക്കൻ സയന്റിഫിക്ക് അഫിലിയേഷൻ (ASA) എന്നൊരു സംഘടന നിലവിൽ വന്നിരുന്നു. ക്രൈസ്തവവിശ്വാസങ്ങളെ ശാസ്ത്രീയതലത്തിലെ കണ്ടുപിടുത്തങ്ങളുമായി പൊരുത്തപ്പെടുത്തുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. ഉൽപ്പത്തി പുസ്തകത്തെ ഇവർ വ്യാഖ്യാനിച്ചത് അക്ഷരാർഥത്തിലല്ല, അതൊരു കാൽപ്പനിക കഥയാണ് എന്ന നിലയ്ക്കാണ്. ഇതിൽ പ്രതിഷേധിച്ച് സൃഷ്ടിവാദികളും മൗലികവാദികളുമായിരുന്ന ചിലർ ക്രിയേഷൻ റിസർച്ച് സൊസൈറ്റി (CRS) എന്നൊരു പ്രതിസംഘടന 1963-ൽ രൂപീകരിച്ചു. ഇവരുടെ ഉദ്ദേശ്യം വിശുദ്ധഗ്രന്ഥത്തെ അക്ഷരംപ്രതി പ്രമാണമാക്കിക്കൊണ്ട് ശാസ്ത്രത്തെ സൃഷ്ടിവാദവുമായി ഇണക്കുക എന്നതായിരുന്നു. അതിനനുസരിച്ച് പ്രസിദ്ധീകരണങ്ങൾ- പാഠ പുസ്തകങ്ങളടക്കം പുറത്തുകൊണ്ടുവരുവാനും അവർ തയ്യാറായി. ഹെൻറിമോറിസ് എന്ന എൻജിനീയർ കുറച്ചുകാലം CRS ന്റെ അധ്യക്ഷനായിരുന്നു. 1972 ൽ ഇദ്ദേഹം ക്രിയേഷൻ സയൻസ് റിസർച്ച് സെന്റർ (CSRC) എന്നൊരു പുതിയ സംഘടന രൂപീകരിച്ചു. പിന്നീട് CSRC- യും പിളർന്നു. മോറിസ്, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്രിയേഷൻ റിസർച്ച് (ICR) എന്ന പുതിയൊരു സംഘടന രൂപീകരിച്ചു. ഇതിനിടയിൽ കെല്ലി സീറ്റ്സ് ബൈബിൾ സയൻസ് റേഡിയോ എന്നൊരു പ്രക്ഷേപണ കേന്ദ്രവും സംഘടിപ്പിച്ചിരുന്നു. ഇവയുടെയെല്ലാം ഉദ്ദേശ്യം സൃഷ്ടിവാദം പ്രചരിപ്പിക്കുക എന്നതിലുമധികം പരിണാമവാദത്തെ അധിക്ഷേപിക്കുക എന്നതായിരുന്നു. പുസ്തകങ്ങൾ, മാസികകൾ, ലഘുലേഖകൾ, പ്രക്ഷേപണങ്ങൾ എന്നിവയാണ് ഇതിനുള്ള ഉപാധികൾ. കൂട്ടത്തിൽ കൂടുതൽ സക്രിയമായത് ICR ആണെന്ന് തോന്നുന്നു. പരിശുദ്ധ ഗ്രന്ഥത്തിലെ സൃഷ്ടിവിവരണത്തെ ശാസ്ത്രീയ സൃഷ്ടിവാദമാക്കാൻ മുൻകൈയെടുത്തത് ഇവരാണ്.

The ICR Discovery Center for Science & Earth History is a young Earth creationist museum run by Institute for Creation Research (ICR) in Dallas, Texas, United States.

1963 നു ശേഷം പരിണാമ-സൃഷ്ടിവാദ സംഘർഷത്തെ മൂർച്ഛിപ്പിച്ചത് മേൽപ്പറഞ്ഞ സംഘടനകളാണ്. അവർ സക്രിയരാകുവാൻ ഉണ്ടായ കാരണം അമേരിക്കയിലെ സ്കൂൾ പാഠപുസ്തകങ്ങളിൽ പരിണാമത്തിന് കൂടുതലായി ലഭിച്ച പ്രാധാന്യമാണ്. അതിനും കാരണമുണ്ട്. 1957ൽ ആദ്യമായി മനുഷ്യ നിർമിതമായ ഒരു ഉപഗ്രഹം ബഹിരാകാശത്തേക്ക് റഷ്യ തൊടുത്തുവിട്ടപ്പോൾ, ശാസ്ത്രപുരോഗതിയിൽ തങ്ങൾ റഷ്യയേക്കാൾ പിന്നിലായിപ്പോയോ എന്ന് അമേരിക്കക്കാർക്ക് ഭയമായി. ഇതിനുള്ള ഒരു കാരണം സ്കൂളുകളിൽ ഉപയോഗിക്കുന്ന പഴഞ്ചൻ പാഠപുസ്തകങ്ങളാണെന്ന് വിധിക്കപ്പെട്ടു. പാഠപുസ്തകങ്ങൾ പരിഷ്കരിക്കുവാൻ ഫെഡറൽ ഗവൺമെന്റ് കയ്യയച്ച് ധനസഹായം നൽകി. അതനുസരിച്ച് പുതിയ ജീവശാസ്ത്രപുസ്തകങ്ങൾ എഴുതിയത് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കൽ സയൻസ് എന്ന ശാസ്ത്രജ്ഞരുടെ സംഘടനയാണ്. ഇവരുടെ പാഠപുസ്തകങ്ങളിൽ പരിണാമവാദത്തിന് മുൻതൂക്കം നൽകിയത് ക്രൈസ്തവ മൗലികവാദികൾക്ക് ഒട്ടും രസിച്ചില്ല. ഈ സാഹചര്യത്തിനെതിരായുള്ള നീക്കമായിട്ടാണ് ക്രിയേഷൻ റിസർച്ച് സൊസൈറ്റിയും അതിന്റെ പിൻഗാമികളും ഉടലെടുത്തത്.

പുതിയ പാഠപുസ്തകങ്ങൾക്കനുസരിച്ച് പരിണാമം പഠിപ്പിക്കാൻ തുടങ്ങിയത് വാസ്തവത്തിൽ പരിണാമത്തിനെതിരായി പല സംസ്ഥാനങ്ങളിലുമുണ്ടായിരുന്ന നിയമങ്ങൾക്ക് വിരുദ്ധമായിരുന്നു. ആരും ഉപയോഗിക്കാറില്ലെങ്കിലും ഈ നിയമങ്ങൾ നിയമപുസ്തകങ്ങളിൽ അപ്പോഴും ഉണ്ടായിരുന്നു. പുതിയ പുസ്തകങ്ങൾ പഴയ നിയമങ്ങളെ വീണ്ടും സജീവമാക്കി.

സൂസൻ എപേഴ്സൻ (Susan Epperson)

അർക്കൻസാസ് സംസ്ഥാനത്ത് ലിറ്റിൽ റോസ് എന്ന സ്ഥലത്ത് അധ്യാപികയായിരുന്ന സൂസൻ എപേഴ്സൻ പഴയ നിയമങ്ങളുടെ സാധുതയെ ചോദ്യംചെയ്തുകൊണ്ട് കേസുകൊടുത്തു. അത് ഫെഡറൽ സുപ്രീംകോടതിവരെ പോയി. അവിടെ 1968-ൽ എപ്പേഴ്സന് അനുകൂലമായി വിധിയായി. പരിണാമത്തെ നിരോധിക്കുന്ന നിയമങ്ങളെല്ലാം അമേരിക്കൻ ഭരണഘടന യുടെ ഒന്നാം ഭേദഗതിക്ക് നിരക്കാത്തതാണെന്നായിരുന്നു കോടതി പറഞ്ഞ കാരണം. ഏതെങ്കിലും ഒരു മതത്തെ ഗവൺമെന്റ് പിന്താങ്ങുന്നത് വിലക്കുന്നതാണ് ഈ ഭേദഗതി. അങ്ങനെ ഒറ്റയടിക്ക് 1920 കളിൽ പ്രാബല്യത്തിൽ വന്ന അമേരിക്കയിലെ പരിണാമവിരുദ്ധനിയമങ്ങളെല്ലാം അസാധുവായിപ്പോയി.

തന്ത്രം 2 – പരിണാമവും ഒരു വിശ്വാസമാണ് (1970-78)

പരിണാമം ഒരു ശാസ്ത്രീയ സിദ്ധാന്തവും സൃഷ്ടിവാദം ഒരു മതവി ശ്വാസവുമാണെന്നാണല്ലോ എപ്പേഴ്സൺ കേസിൽ കോടതി നിശ്ചയിച്ചത്. ഇതേത്തുടർന്ന് സൃഷ്ടിവാദികളുടെ വാദം പരിണാമവും ഒരു മതപരമായ സിദ്ധാന്തമാണെന്നും അതുകൊണ്ട് പരിണാമം പഠിപ്പിക്കുകയാണ് എങ്കിൽ അതോടൊപ്പം സൃഷ്ടിവാദവും പഠിപ്പിക്കണമെന്നുമായിരുന്നു. സെക്കുലർ ഹ്യൂമനിസം എന്ന മതത്തിന്റെ പ്രമാണമാണ് പരിണാമ സിദ്ധാന്തമെന്നും പരിണാമത്തിന് വസ്തുനിഷ്ഠമായ തെളിവുകളൊന്നു മില്ലെന്നും സൃഷ്ടിവാദികൾ പറയാൻ തുടങ്ങി. അതുകൊണ്ട് സൃഷ്ടി വാദം പോലെത്തന്നെ പരിണാമവും വിശ്വാസത്തിൽ അധിഷ്ഠിതമാണ്. ഇതനുസരിച്ച് 1973ൽ ടെന്നസിയിലെ വിദ്യാഭ്യാസ ചട്ടത്തിൽ ഒരു വിശദീകരണം വന്നു, “പരിണാമവാദം പഠിപ്പിക്കുകയാണെങ്കിൽ അതോടൊപ്പം തന്നെ വിശുദ്ധഗ്രന്ഥത്തിലെ ഉൽപത്തി പുസ്തകത്തിലും മറ്റ് മത ഗ്രന്ഥങ്ങളിലും പറഞ്ഞിട്ടുള്ള, മനുഷ്യന്റെയും ലോകത്തിന്റെയും ഉത്ഭവത്തെക്കുറിച്ചുള്ള വൃത്താന്തങ്ങൾക്ക് അനുയോജ്യമായ പരിഗണനയും തുല്യപ്രാധാന്യവും കൊടുക്കേണ്ടതാണ്.” ഈ ചട്ടവും ഒരു കോടതിക്കേസായി. അത് പരിശുദ്ധഗ്രന്ഥത്തിലെ സൃഷ്ടിവാദത്തിനനുകൂലമായ പക്ഷപാതമടങ്ങിയതാണെന്നും അതുകൊണ്ട് മതപരമായി നിഷ്പക്ഷത അനുശാസിക്കുന്ന അമേരിക്കൻ ഭരണഘടനയ്ക്ക് (1-ാം ഭേദഗതി) വിരുദ്ധമാണെന്നും വിധിയായി. (ഡാനിയൽ വി.എസ്. വാട്ടേഴ്സ് 1975) ഇതേ കാരണം കാണിച്ചുതന്നെ ഇൻഡിയാന സംസ്ഥാനത്തിലെ ഒരു കോടതി. അവിടെ ഉപയോഗിച്ചിരുന്ന സൃഷ്ടിവാദികളെഴുതിയ ജീവശാസ്ത്രപാഠ പുസ്തകം ഭരണഘടനയെ ധിക്കരിക്കുന്നതാണെന്നും വിധിവന്നു (ഹെന്റൺ വി.എസ്. കോംപ്റ്റൻ 1977). അങ്ങനെ പരിണാമവും സൃഷ്ടിവാദവും ഒരുപോലെ വിശ്വാസമാണെന്ന സൃഷ്ടിവാദികളുടെ അവകാശവാദം കോടതിയിൽ പരാജയമടഞ്ഞു.

തന്ത്രം 3 – സൃഷ്ടിവാദവും ഒരു ശാസ്ത്രമാണ് (1972-82)

ഇത്തരുണത്തിൽ സൃഷ്ടിവാദികൾ അടവുമാറ്റി. പരിണാമത്തെപ്പോലെ സൃഷ്ടിവാദവും ഒരു ശാസ്ത്രമാണെന്നായി അവരുടെ വാദം. സൃഷ്ടിവാദികളുടെ വാദങ്ങളിൽ നിന്ന് ഉൽപ്പത്തി പുസ്തകവും വിശുദ്ധഗ്രന്ഥവുമെല്ലാം തിരോധാനം ചെയ്യുകയും അങ്ങനെ “ശാസ്ത്രീയ സൃഷ്ടിവാദം’ ഉടലെടുക്കുകയും ചെയ്തു. ലോകമുണ്ടായിട്ട് അധികകാലമായിട്ടില്ലെന്നും അതിൽ ജീവപരിണാമം നടന്നിട്ടില്ലെന്നുമാണ് ഈ “ശാസ്ത്രം’ തെളിയിക്കുവാൻ ശ്രമിക്കുന്നത്. പരിണാമവാദംപോലെത്തന്നെ ഇതും ഒരു ശാസ്ത്രമായതുകൊണ്ട് രണ്ടിനും പാഠപുസ്തകങ്ങളിൽ തുല്യപ്രാധാന്യം വേണമെന്നതായി സൃഷ്ടിവാദികളുടെ പുതിയ മുദ്രാവാക്യം. ഒരു മുറിവൈദ്യനായ പോൾ എൽവാങ്കറിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസത്തിൽ ന്യായത്തിനുവേണ്ടിയുള്ള പൗര സഭ (Citizens for Fairness in Education) എന്നൊരു സംഘടന രൂപീകരിക്കുകയും തുല്യപ്രാധാന്യം’ എന്ന അവകാശം പ്രയോഗത്തിൽ വരുത്തുവാൻ വേണ്ട മാതൃകാനിയമം അവർ എഴുതിയുണ്ടാക്കുകയും ചെയ്തു. ഒരു കൊല്ലത്തിനകം 1981 ആയപ്പോഴേക്കും 15 സംസ്ഥാന നിയമസഭകളിൽ ഈ മാതൃകാബിൽ അവതരിപ്പിക്കപ്പെട്ടു. അർക്കൻസാസിലും ലൂസിയാനയിലും അത് പാസാവുകയും നിയമമാകുകയും ചെയ്തു. സ്കൂളുകളിൽ പരിണാമം മാത്രം പഠിപ്പിക്കുന്നത് ജനങ്ങൾക്കുള്ള മതസ്വാതന്ത്ര്യത്തിന് നിരക്കാത്തതാണെന്നും അത് സദാചാരപരവും തത്വശാസ്ത്രപരവുമായ മൂല്യങ്ങളെ ക്ഷയിപ്പിക്കുന്നതാണെന്നും ബില്ലിൽ പറയുന്നുണ്ട്. പൊതു സ്കൂളുകളിലെല്ലാം പരിണാമശാസ്ത്രത്തിനും സൃഷ്ടിശാസ്ത്രത്തിനും തുല്യപ്രാധാന്യം കൊടുക്കണമെന്നാണ് ബിൽ അനുശാസിക്കുന്നത്. അർക്കൻസാസിലെ ബിൽ 1981 മാർച്ചിൽ നിയമമായി. അതേ കൊല്ലം മെയ് മാസത്തിൽ അതിന്റെ സാധുത കോടതിയിൽ ചോദ്യംചെയ്യപ്പെട്ടു. അന്യായക്കാരിൽ വിദ്യാർഥികളുടെ രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്കു പുറമെ റോമൻ കത്തോലിക്, യുണൈറ്റഡ് മെത്തോഡിസ്റ്റ് തുടങ്ങിയ പള്ളികളിലെ മെത്രാന്മാരും പല ജൂത സംഘടനകളും ഉൾപ്പെട്ടിരുന്നു എന്നത് എടുത്തുപറയേണ്ടതുണ്ട്. 1982 ജനുവരിയിൽ കേസ് വിധിയായി. പുതിയനിയമം “ഭരണ ഘടനയ്ക്ക് വിരുദ്ധവും അതുകൊണ്ട് അസാധുവും’ എന്നായിരുന്നു വിധി. പ്രസ്തുത നിയമത്തിന്റെ ലക്ഷ്യം മതപരമാണെന്നും സൃഷ്ടിശാസ്ത്രം ശാസ്ത്രമേയല്ലെന്നും വിധിന്യായത്തിൽ പറയുന്നുണ്ട്. അങ്ങനെ സൃഷ്ടിവാദം വീണ്ടും കോടതിയിൽ പരാജയം വരിച്ചു. അർക്കൻസാസിലെ വിധി മറ്റു സംസ്ഥാനങ്ങളിൽ ബാധകമല്ലായിരുന്നുവെങ്കിലും ഈ വിധിമൂലം മറ്റ് സംസ്ഥാനങ്ങളിൽ സമാന ബില്ലുകൾ നിയമമാക്കുവാനുള്ള ശുഷ്കാന്തി കുറയുകയും പലതും പിൻവലിക്കപ്പെടുകയും ചെയ്തു.

കോടതികളിൽ തോറ്റെങ്കിലും പോൾ എൽവാൻഗറും കൂട്ടുകാരും വെറുതെയിരുന്നില്ല. അവർ പുതിയൊരു മാതൃകാ നിർദേശമുണ്ടാക്കുകയും അത് വിദ്യാഭ്യാസബോർഡുകളെക്കൊണ്ട് അംഗീകരിപ്പിക്കാൻ നോക്കുകയും ചെയ്തു. പാഠപുസ്തങ്ങൾ പരിണാമത്തെക്കുറിച്ച് മുഴുവൻ വിവരങ്ങളും കൊടുക്കണമെന്നതാണ് ഇതിലെ പ്രധാന നിബന്ധന. ഇതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടത്, പരിണാമം ഒരു സിദ്ധാന്തം (Hypothesis) മാത്രമാണെന്നും അതിനുള്ള തെളിവുകൾ കുറ്റമറ്റതല്ലെന്നും പറയണമെന്നുള്ളതാണ്. ഇതൊന്നും പ്രായോഗികമായിട്ടില്ലെങ്കിലും വിദ്യാഭ്യാസ ബോർഡുകളെയും പുസ്തകപ്രസാധകരേയും അധ്യാപകരേയും സ്വാധീനിക്കുവാനുള്ള ഉപാ ധിയായി ഈ മാർഗനിർദേശം ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

തന്ത്രം 4. പാഠപുസ്തകങ്ങളെയും അധ്യാപകരെയും സ്വാധീനിക്കുക (1982 മുതൽ)

നിയമംമൂലം പരിണാമത്തെ നിരോധിക്കാനോ സൃഷ്ടിവാദത്തെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുവാനോ സാധിക്കുകയില്ലെന്ന് ഏതാണ്ട് തെളിഞ്ഞതോടുകൂടി സൃഷ്ടിവാദികൾ അവരുടെ തന്ത്രം മാറ്റി. മുകളിൽ സൂചിപ്പിച്ച മാതിരി, വിദ്യാഭ്യാസ ബോർഡുകളെയും പാഠപുസ്തക പ്രസിദ്ധീകരണശാലകളെയും അധ്യാപകരെയും നേരിട്ടു സ്വാധീനിക്കുക എന്നുള്ളതാണ് ഇപ്പോഴത്തെ നയം. പരിണാമത്തെ ഊന്നിപ്പറയുന്ന പാഠപുസ്തകങ്ങളെ ബോർഡുകളെക്കൊണ്ട് അംഗീകരിപ്പിക്കാതിരിക്കുക, പരിണാമത്തെക്കുറിച്ചുള്ള പാഠങ്ങൾ പുസ്തകങ്ങളുടെ അവസാനം അപ്രധാനമായ രീതിയിൽ മാത്രം ചേർക്കുവാൻ പ്രസാധകരെ പ്രേരിപ്പിക്കുക, പരിണാമത്തെ വിസ്തരിച്ചു പഠിപ്പിക്കണമെന്നു നിർബന്ധമുള്ള അധ്യാപകരെ ഭീഷണിപ്പെടുത്തുക, പുസ്തകങ്ങളിൽ ഇല്ലെങ്കിലും സ്വന്തമായി സൃഷ്ടിശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകരെ നിയമിക്കുകയും അവർക്കതിനുവേണ്ട പരിശീലനം കൊടുക്കുകയും ചെയ്യുക എന്നീ നടപടികളാണ് സൃഷ്ടിവാദികൾ ഇപ്പോൾ നടപ്പിൽ വരുത്താൻ ശ്രമിക്കുന്നത്. ഈ പരിശ്രമമങ്ങളെല്ലാം വിഫലമാണെന്ന് പറഞ്ഞുകൂടാ. അടുത്ത കാലത്ത് പുറത്തുവന്നിട്ടുള്ള ജീവശാസ്ത്ര പാഠ പുസ്തകങ്ങളിൽ പരിണാമത്തെക്കുറിച്ച് മുമ്പത്തെക്കാൾ കുറച്ചു മാത്രമേ പറയുന്നുള്ളുവെന്നും ഉള്ളതുതന്നെ അബദ്ധജടിലമാണെന്നും പരാതിയുണ്ട്. സൃഷ്ടിവാദികളുടെ മറ്റൊരു നയമെന്ന നിലയ്ക്ക് അമേരിക്കയ്ക്ക് പുറത്തും പരിണാമവിരുദ്ധവാദഗതികൾ പ്രചരിപ്പിക്കുവാൻ അവരുടെ സംഘടനകൾ മുൻകൈയെടുത്തു. ഹോങ്കോങ്ങിലും ന്യൂഗിനിയയിലും മറ്റും ഹെൻറി മോറിസ് നടത്തിയ സന്ദർശനങ്ങൾ ഇതിന്റെ ഭാഗമായിരുന്നു.

സൃഷ്ടിവാദ സംഘടനകളിൽ സജീവമായി പ്രവർത്തിക്കുന്നവരിൽ മുകളിൽ പറഞ്ഞവരെക്കൂടാതെ വാൾട്ടർ ലാമർട്സ്, ഡുവാൻ ഗിഷ്, ജി.ഇ പാർക്കർ, ഹരോൾഡ് സ്ലെഷർ, റിച്ചേർഡ് ബ്ലിസ്, ജോൺ മൂർ തുടങ്ങിയവരും പെടും. സൃഷ്ടിശാസ്ത്രത്തെക്കുറിച്ച് മോറിസ്, ഗിഷ് എന്നിവരാണ് കൂടുതലായി എഴുതിയിട്ടുള്ളത്. സൃഷ്ടിവാദത്തിനെതിരെ മുൻകൈയെടുത്ത് പ്രവർത്തിച്ചിട്ടുള്ളത് രണ്ടു സംഘടനകളാണ്; നാഷണൽ അസോസിയേഷൻ ഫോർ ബയോളജി ടീച്ചേഴ്സും അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനും. അമേരിക്കയിലെ ഏറ്റവും ഉയർന്ന ശാസ്ത്രസംഘടയായ “നാഷണൽ അക്കാഡമി ഓഫ് സയൻസ്‘ വളരെക്കാലം പരിണാമ-സൃഷ്ടി വാദ തർക്കത്തിൽ പങ്കെടുത്തിരുന്നതേയില്ല. അവസാനം 1982 ൽ പരിണാമത്തെ പിന്താങ്ങിക്കൊണ്ട് അവരൊരു ലഘുലേഖ പ്രസിദ്ധീകരിച്ചു. അതിന്റെ പേര്, ശാസ്ത്രവും സൃഷ്ടിവാദവും നാഷണൽ അക്കാഡമി ഓഫ് സയൻസിൽ നിന്നൊരു നിരീക്ഷണം’ എന്നാണ്. ഇത് രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും രാഷ്ട്രീയ നേതാക്കൾക്കും മറ്റും അവർ അയച്ചുകൊടുത്തു. സൃഷ്ടിശാസ്ത്രം എന്തുകൊണ്ട് ഒരു ശാസ്ത്രമല്ലെന്ന് ഇതിൽ വിവരിച്ചിട്ടുണ്ട്. അതൊടൊപ്പം പരിണാമത്തെക്കുറിച്ചുള്ള തെളിവുകളുമുണ്ട്. പരിണാമവാദികളുടെ പരിശ്രമങ്ങളെ ഈ പ്രസിദ്ധീകരണം വളരെ സഹായിച്ചിട്ടുണ്ടെന്ന് പറയേണ്ടതില്ലല്ലോ.

അമേരിക്കയിലെ ശാസ്ത്രജ്ഞർ എല്ലാം – ജീവശാസ്ത്രജ്ഞർ മാത്രമല്ല – സൃഷ്ടിവാദത്തിനെതിരെ അണിനിരക്കുന്നതിന്റെ വേറൊരു ലക്ഷണവും പിന്നീട് കാണുകയുണ്ടായി. ശാസ്ത്രവിഷയങ്ങളിൽ നോബൽ സമ്മാനം നേടിയിട്ടുള്ള 72 തലമുതിർന്ന ശാസ്ത്രജ്ഞർ ഒന്നിച്ച് ഒപ്പിട്ടു പുറത്തിറക്കിയ ഒരു രേഖയിൽ ശാസ്ത്രീയസൃഷ്ടിവാദം വെറും അസംബന്ധമാണെന്നു തുറന്നു പറഞ്ഞു. അമേരിക്കയിലെ മറ്റു ശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇപ്പോൾ സൃഷ്ടിവാദത്തിനെതിരെ ശബ്ദമുയർത്തുന്നുണ്ട്. സൃഷ്ടിവാദം ഇതേവരെ അനുഭവിച്ചിട്ടില്ലാത്ത കൂട്ടായ ഒരു എതിർപ്പാണ് ഇപ്പോഴവർക്ക് നേരിടേണ്ടിവരുന്നത് എന്നതിന് സംശയമില്ല.

സൃഷ്ടിവാദമെന്ന കപടശാസ്ത്രം

നിങ്ങൾ ഒരു ദിവസം ടോർച്ചെടുത്ത് കത്തിക്കുവാൻ ശ്രമിക്കുന്നു. സ്വിച്ചിട്ടു, പക്ഷേ കത്തുന്നില്ല. സ്വിച്ചിന് വല്ല തകരാറുമുണ്ടോ? അതിന്മേൽ രണ്ടു തട്ടു തട്ടി. വീണ്ടും “ഓൺ’ ആക്കി. കത്തുന്നില്ല. സ്വിച്ചിന് കേടുണ്ടെന്ന് തോന്നുന്നില്ല. ബാറ്ററി കഴിഞ്ഞോ? എങ്ങനെ അറിയാം? പഴയ ബാറ്ററികൾ മാറ്റി പുതിയവ ഇട്ടുനോക്കാം. എന്നിട്ടും കത്തുന്നില്ല. ബൾബ് ഫ്യൂസായതാണോ? അതു മാറ്റിയിട്ടു നോക്കാം. പുതിയ ബൾബിട്ടപ്പോൾ ടോർച്ച് കത്തി. ബൾബ് കേടുവന്നതാണ്, ബാറ്ററി തീർന്നിട്ടില്ല എന്ന് നിങ്ങൾ തീരുമാനിക്കുന്നു. പഴയ ബാറ്ററി വീണ്ടും ടോർച്ചിൽ നിറച്ച് കത്തുന്നുണ്ടോ എന്നു നോക്കാം. കത്തുന്നുണ്ട്. ആദ്യമുണ്ടായിരുന്ന ബാറ്ററി തീർന്നിട്ടില്ല എന്ന് നിശ്ചയമായി.

നമ്മുടെ നിത്യജീവിതത്തിലെ ഒരു സാധാരണ സംഭവമാണ് മുകളിൽ കൊടുത്തിട്ടുള്ളത്. ശാസ്ത്രീയചിന്തയുടെ ലക്ഷണങ്ങൾ വിശദമാക്കുവാൻ ഈ സംഭവം വിശകലനം ചെയ്താൽ മതി. ഒന്നാമതായി, ശാസ്ത്രജ്ഞന് ഒരു പ്രശ്നമുണ്ടായിരിക്കണം. ടോർച്ച് കത്താതിരുന്നത് എന്തുകൊണ്ട് എന്നതായിരുന്നു നിങ്ങളുടെ പ്രശ്നം. പൂർവധാരണകളെയും നിരീക്ഷണങ്ങളെയും ആധാരമാക്കി ശാസ്ത്രജ്ഞൻ പ്രശ്നപരിഹാരാർഥം പരികൽപ്പന നിർദേശിക്കുന്നു. ടോർച്ചിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള പൊതുവായ അറിവായിരുന്നു നിങ്ങളുടെ പൂർവധാരണ. സ്വിച്ചിന് കേടില്ലെന്നത് നിങ്ങളുടെ നിരീക്ഷണമായിരുന്നു. ബാറ്ററി തീർന്നു എന്നതായിരുന്നു നിങ്ങളുടെ ഉപപത്തി. ഉപപത്തി ഉണ്ടാക്കിയാൽ പിന്നെ അത് ശരിയാണോ എന്ന് പരീക്ഷിക്കണം. പുതിയ ബാറ്ററിയിട്ടു നോക്കിയത് പരീക്ഷണമാണ്. പരീക്ഷണങ്ങൾക്കുശേഷം ഉപപത്തി സ്ഥിരീകരിക്കപ്പെടുകയോ തള്ളപ്പെടുകയോ ചെയ്യാം. നിങ്ങളുടെ പരീക്ഷണത്തിൽ നിന്ന് ബാറ്ററി കഴിഞ്ഞു എന്ന പരികൽപ്പന തള്ളപ്പെടുകയാണ് ഉണ്ടായത്. ഒരെണ്ണം ശരിയല്ലെന്നു കണ്ടാൽ വേറൊരു പരികൽപ്പനയെ ആശ്രയിക്കേണ്ടിവരും. ബൾബ് ഫ്യൂസായി എന്നതായിരുന്നു നിങ്ങളുടെ രണ്ടാമത്തെ പരികൽപ്പന. വേറൊരു പരീക്ഷണം അത് ശരിയാണെന്ന് തെളിയിച്ചു. സ്ഥിരീകരിക്കപ്പെട്ട ഉപപത്തികളാണ് സിദ്ധാന്തങ്ങളായി ശാസ്ത്രജ്ഞർ സ്വീകരിക്കുന്നത്. ഇപ്രകാരം മുൻ ധാരണ, നിരീക്ഷണം, പരീക്ഷണം, സിദ്ധാന്തം എന്നിവ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ പ്രവർത്തിക്കുന്നത്. ശാസ്ത്രജ്ഞരുടെ പൂർവധാരണകൾ പോലും പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടുവെന്നുവരും. ഉദാഹരണമായി, പുതിയ ബൾബിട്ടിട്ടും ടോർച്ച് കത്തിയില്ലെങ്കിൽ ടോർച്ചിന്റെ പ്രവർത്തന ത്തെക്കുറിച്ച് നിങ്ങുടെ ധാരണതന്നെ തെറ്റാണോ എന്ന് ചിന്തിക്കേണ്ടിവരും (അതായത് ടോർച്ച് കേടുവന്നോ എന്ന്). ഉറച്ച പൂർവാനുമാനങ്ങളൊന്നുമില്ലാതെയാണ് ശാസ്ത്രജ്ഞർ പ്രവർത്തിക്കുന്നത് എന്നു ചുരുക്കം. അവരുടെ പരികൽപ്പനകളും സിദ്ധാന്തങ്ങളും തെറ്റാണെന്ന് തെളിയിക്കപ്പെടുവാൻ സാധിക്കുന്നതാണെന്നതും ശ്രദ്ധിക്കുക.

പ്രകൃതിനിയമങ്ങളുടെ ചട്ടക്കൂടാണ് ശാസ്ത്രത്തിന്റെ പരിധി. ടോർച്ച് കത്താതിരുന്നത് “എന്റെ വിധിയാണ്’ അല്ലെങ്കിൽ എന്റെ ശത്രു മന്ത്രവാദം ചെയ്തതുകൊണ്ടാണ്‘ എന്നും മറ്റും പറഞ്ഞ് നിങ്ങൾ നിഷ്ക്രിയരായിരുന്നാൽ നിങ്ങളുടെ സമീപനം തികച്ചും അശാസ്ത്രീയമായിരിക്കും. എന്തെ ന്നാൽ, ഒന്നാമതായി, നിങ്ങളുടെ പൂർവാനുമാനം പ്രകൃത്യാതീതശക്തികളാണ്. രണ്ടാമതായി, നിരീക്ഷണങ്ങൾക്ക് വിരുദ്ധവും പരീക്ഷിക്കുവാൻ വഴിയില്ലാത്തതുമായ പരികൽപ്പനകളാണ് നിങ്ങൾ നിർദേശിക്കുന്നത്.

നിരീക്ഷണം, പരികൽപ്പന, പരീക്ഷണം, വീണ്ടും പരികൽപ്പന, വീണ്ടും പരീക്ഷണം എന്നീ പ്രക്രിയകൾ വഴി ശാസ്ത്രവിജ്ഞാനം നാൾക്കുനാൾ വർധിച്ചുകൊണ്ടിരിക്കുന്നു. “അറിയാനുള്ളതെല്ലാം അറിഞ്ഞുകഴിഞ്ഞു, ഇനി നിരീക്ഷണവും പരീക്ഷണവും ഒന്നും വേണ്ട’ എന്ന മനോഭാവം എന്നു വരുന്നുവോ അന്ന് ശാസ്ത്രം മുരടിക്കും.

സൃഷ്ടിവാദവും പരിണാമവാദവും ഒരേ പ്രശ്നത്തിന് ഉത്തരമായി നിർദേശിക്കപ്പെട്ടിട്ടുള്ള രണ്ടു പരികൽപ്പനകളാണ്. സൃഷ്ടിവാദം ശാസ്ത്രീയമല്ലെന്ന് പരിണാമവാദികളും പരിണാമവാദം ശാസ്ത്രീയമല്ലെന്ന് സൃഷ്ടിവാദികളും പറയുന്നു. മുകളിൽ പറഞ്ഞിട്ടുള്ള തത്വങ്ങളെ ആധാരമാക്കി നമുക്ക് രണ്ടു വാദങ്ങളുടേയും ശാസ്ത്രീയതയെക്കുറിച്ച് ചുരുക്കത്തിൽ പരിശോധിക്കാം. ആദ്യം സൃഷ്ടിവാദത്തിന്റെ കാര്യമെടുക്കാം.

സൃഷ്ടിവാദം ശാസ്ത്രീയ പദ്ധതികൾ പിന്തുടരുന്നില്ലെന്ന് കാണുവാൻ വളരെ പ്രയാസമൊന്നുമില്ല. അനുഭവത്തിന്റെ വെളിച്ചത്തിൽ വസ്തുതകളെടുത്ത് അവയെ ആസ്പദമാക്കി സിദ്ധാന്തങ്ങൾ നിർമിക്കുകയും കൂടുതൽ നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്തിയതിനുശേഷം സിദ്ധാന്ത ങ്ങളെ സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നതുമായ ശാസ്ത്രീയ സമീപനമല്ല സൃഷ്ടിവാദികൾക്കുള്ളത്. ബൈബിളിനെയും ശാസ്ത്രത്തെയും കുറിച്ച പഠനങ്ങൾ’ എന്ന പുസ്തകത്തിൽ ഹെൻറി മോറിസ് പറയുന്നത് നോക്കൂ: “ഇന്ന് നടക്കുന്ന പ്രക്രിയകളുടെ പഠനത്തിൽനിന്ന് സൃഷ്ടിയെക്കുറിച്ച് എന്തെങ്കിലും തീരുമാനിക്കുവാൻ സാധ്യമല്ല; കാരണം, ഇന്നത്തെ പ്രക്രിയകൾ സൃഷ്ടിപരമല്ല. മനുഷ്യന് സൃഷ്ടിയെക്കുറിച്ച് എന്തെങ്കിലും അറിയണമെങ്കിൽ ആ അറിവിനെക്കുറിച്ചുള്ള ഒരേ ഒരു ഉറവിടം ദൈവീക വെളിപാടുകൾ മാത്രമാണ്. സൃഷ്ടി നടന്നപ്പോൾ ദൈവം അവിടെ ഉണ്ടാ യിരുന്നു, നമ്മളുണ്ടായിരുന്നില്ല. അതുകൊണ്ട് ദൈവം എന്ത് പറഞ്ഞുവോ അതുതന്നെയാണ് നമ്മുടെ അറിവിന്റെ പരിധിയും. അദ്ദേഹം എഴുതിയിട്ടുള്ള വാക്കുകളിലാണ് ഈ വിവരങ്ങളുള്ളത്. ഇതുതന്നെയാണ് സൃഷ്ടിയെസംബന്ധിച്ച ശാസ്ത്രത്തിന്റെ പാഠപുസ്തകം.” സൃഷ്ടിവാദികളുടെ 1981 ലെ ലഘുലേഖയിൽ പറയുന്നതും നോക്കൂ. “വിശുദ്ധഗ്രന്ഥം ദൈവത്തിന്റെ എഴുതപ്പെട്ട വാക്കുകളാണ്. അത് മുഴുവൻ പ്രചോദനമുൾക്കൊള്ളുന്നുവെന്നതുകൊണ്ട് അതിന്റെ മൂലപാഠത്തിൽ പറയുന്നതെല്ലാം ചരിത്രപരമായും ശാസ്ത്രീയമായും ശരിയാണെന്നാണ് നമ്മുടെ വിശ്വാസം. ഒരു പ്രകൃതിശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം ഇതിന്റെ അർഥം ഉൽപ്പത്തി പുസ്തകത്തിലെ ഉത്ഭവങ്ങളുടെ വിവരണം ചരിത്രസത്യങ്ങളായിത്തന്നെ പരിഗണിക്കപ്പെടണം എന്നുള്ളതാണ്. ഇതൊന്നും പോരെങ്കിൽ, ക്രിയേഷൻ റിസർച്ച് സൊസൈറ്റിയിൽ ചേരുന്നവർ ഒപ്പുവെയ്ക്കേണ്ട ഒരു വിശ്വാസ പ്രഖ്യാപനത്തിൽ കാണുന്ന ഈ പ്രസ്താവനയും ഉണ്ട്: “മനുഷ്യനുൾപ്പെടെ അടിസ്ഥാനപരമായ എല്ലാത്തരം ജീവജാലങ്ങളും ഉൽപ്പത്തി പുസ്തകത്തിൽ പറയുന്നതുപോലെ ദൈവം സൃഷ്ടിസപ്താഹത്തിൽ നേരിട്ടുള്ള സൃഷ്ടി കർമം മൂലം ഉണ്ടാക്കിയിട്ടുള്ളവയാണ്… ഉൽപ്പത്തിയിൽ പറഞ്ഞിട്ടുള്ള മഹാപ്രളയം- നോഹയുടെ പ്രളയമെന്ന് സാധാരണ വിളിക്കുന്നത് – വ്യാപ്തിയിലും ഫലത്തിലും ലോകവ്യാപകമായ ഒരു ചരിത്രമാണ്.

നേരത്തെ പറഞ്ഞ ശാസ്ത്രീയ മനോഭാവവും ഈ ഉദ്ധരണികളിൽ കാണുന്ന പ്രമാണവും തമ്മിൽ എന്തൊരന്തരമാണുള്ളതെന്ന് ആലോചിച്ചു നോക്കൂ. പ്രകൃത്യാതീത ശക്തികളെ ആധാരമാക്കുന്നത്, നിരീക്ഷണങ്ങളോടുള്ള വൈമുഖ്യം, അറിയാനുള്ളതെല്ലാം അറിഞ്ഞു കഴിഞ്ഞു എന്ന വിചാരം, അതുകൊണ്ടുതന്നെ പുതിയ പരികൽപ്പനകളൊന്നും ആവശ്യമില്ലെന്ന നിശ്ചയം തുടങ്ങിയവയെല്ലാം ശാസ്ത്രീയ പദ്ധതിക്ക് കടകവിരുദ്ധം തന്നെയാണ്. ഇത്തരം പൂർവനിർണയങ്ങളോടുകൂടിയാണ് സൃഷ്ടിവാദികളുടെ ഗവേഷണ സ്ഥാപനങ്ങളിൽ ഗവേഷണം നടക്കുന്നത്. സൃഷ്ടിയെക്കുറിച്ച് കൂടുതലായൊന്നും അറിയാനില്ലാത്തതുകൊണ്ട് സൃഷ്ടിയെക്കുറിച്ചല്ല, പരിണാമത്തെക്കുറിച്ചാണ് സൃഷ്ടിവാദികൾ ഗവേഷണം നടത്തുന്നത്. ഗവേഷണമെന്നു പറഞ്ഞാലോ, അതിന് പരീക്ഷണശാലയും ഉപകരങ്ങളും ഒന്നും വേണ്ട. പരിണാമത്തെപ്പറ്റി എഴുതിയിട്ടുള്ള ശാസ്ത്രീയ ഗ്രന്ഥങ്ങൾ സൂക്ഷിച്ച് പരിശോധിക്കുക. അതിലെ കുറവുകൾ അല്ലെങ്കിൽ കുറവുകൾ എന്ന് അവർ വിശ്വസിക്കുന്നവ- പതിന്മടങ്ങ് വലുതാക്കി കാണിക്കുക; പരിണാമപുസ്തകങ്ങളിൽ നിന്നും സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത ഉദ്ധരണികൾ ഉപയോഗിച്ച് പരിണാമത്തെക്കുറിച്ച് ശാസ്ത്രജ്ഞരുടെ തന്നെ വിശ്വാസം കുറഞ്ഞുവരികയാണെന്ന് ദുഷ്പ്രചാരണം നടത്തുക; പരിണാമത്തെക്കുറിച്ചുള്ള ആശയങ്ങൾ വളച്ചൊടിച്ച് തെറ്റായി അവതരിപ്പിച്ച് അവയുടെ “ഖണ്ഡനം’ നടത്തുക- ഇതൊക്കെയാണ് സൃഷ്ടിവാദികളുടെ ഗവേഷണ ലക്ഷ്യങ്ങൾ. പരിണാമത്തിന്റെ നിഷേധം സൃഷ്ടിവാദത്തിന്റെ തെളിവായിട്ടാണ് അവർ കണക്കാക്കുന്നത്. ഈ ധാരണയുടെ യുക്തിരാഹിത്യത്തെക്കുറിച്ചു പറയേണ്ടതുണ്ട്. തങ്ങളുടെ വാദങ്ങൾ തെളിയിക്കുവാൻ മറ്റുള്ളവരുടെ വാദങ്ങൾ ഖണ്ഡനം ചെയ്താൽ മതിയെന്ന് ഒരു ശാസ്ത്രവും കരുതുന്നില്ല. പരിണാമം അസംബന്ധമാണെന്നു തെളിഞ്ഞെന്നു തന്നെ വയ്ക്കുക. അതിൽ നിന്ന് വിശുദ്ധഗ്രന്ഥത്തിൽ പറയുന്ന സൃഷ്ടി നടന്നിട്ടുള്ളതാണെന്ന് വരികയില്ല. ഒരുപക്ഷേ, പുരാതന ഗ്രീക്കു ചിന്തകളായിരിക്കാം ശരി. അല്ലെങ്കിൽ അഗസ്റ്റിൻ പുണ്യവാളന്റെ പരിണാമാത്മക സൃഷ്ടിയായിരിക്കാം ശരി. അതുമല്ലെങ്കിൽ ഹിന്ദുക്കൾ കരുതുന്നപോലെ ബ്രഹ്മത്തിൽ നിന്നാവാം ഉൽപ്പത്തി. പരിണാമത്തെ തുരത്തിയാൽ ഉൽപത്തി പുസ്തക ത്തിലെ സൃഷ്ടിവാദത്തിന് നിലനിൽപ്പായി എന്ന സ്ഥിതി അമേരിക്കൻ സമൂഹത്തെ സംബന്ധിച്ചിടത്തോളം മാത്രം ഒരു പക്ഷേ, വാസ്തവമായേക്കാം.

സൃഷ്ടിവാദികൾ സൃഷ്ടിയെക്കുറിച്ച് നേരിട്ടു ഗവേഷണങ്ങൾ നടത്തുന്നില്ല എന്ന് പറഞ്ഞതിന് ഒരപവാദമുണ്ട് എന്നു വേണമെങ്കിൽ പറയാം. സൃഷ്ടികർമത്തെക്കുറിച്ചല്ലെങ്കിലും ഒരു ഉൽപ്പത്തി കഥയെക്കുറിച്ച് കൊണ്ടു പിടിച്ച് അന്വേഷണങ്ങൾ നടന്നിട്ടുണ്ട്. പ്രളയവെള്ളം ഇറങ്ങിയപ്പോൾ നോഹയുടെ പേടകം അറാറാത്ത് മലകളിൽ ഉറച്ചു എന്നാണല്ലോ വിശുദ്ധ ഗ്രന്ഥത്തിൽ പറയുന്നത്. തുർക്കിയിൽ റഷ്യൻ അതിർത്തിയോടടുത്താണ് ഈ പർവതനിര കാണുന്നത്. അവിടെനിന്ന് പേടകത്തിന്റെ അവശിഷ്ടം വല്ലതും കണ്ടുകിട്ടിയാൽ ഉൽപ്പത്തിക്കഥയുടെ സ്ഥിരീകരണം ആവുമല്ലോ എന്ന വ്യാമോഹം സൃഷ്ടിവാദികൾക്കുണ്ട്. അതിനുവേണ്ടി അവർ എല്ലാ കൊല്ലവും വേനൽക്കാലത്ത് (മറ്റു കാലങ്ങളിൽ അറാറാത്ത് മഞ്ഞുവീണ് മൂടിയിരിക്കും) അനേകലക്ഷം ഡോളർ ചെലവഴിച്ച് അറാറാത്തിലേക്ക് അന്വഷക സംഘങ്ങളെ അയയ്ക്കുന്നുണ്ട്. ഇവയ്ക്ക് നേതൃത്വം നൽകുന്നത് ഹെൻറി മോറിസ്സിന്റെ പുത്രനായ ജോൺ മോറിസ്സും ഒരിക്കൽ ബഹിരാ കാശസഞ്ചാരം നടത്തിയിട്ടുള്ള ജെയിംസ് ഇർവിനുമാണ്. മറ്റു സംഘടന കളും വ്യക്തികളും രംഗത്തുണ്ടെങ്കിലും ഹെൻറി മോറിസിന്റെ ICR തന്നെ യാണ് ഇവ പ്രധാനമായും സംഘടിപ്പിക്കുന്നത്. പേടകത്തിന്റെ ശരിയായ അവശിഷ്ടങ്ങൾ ഒന്നും ഇതേവരെ കിട്ടിയിട്ടില്ലെന്ന് സൃഷ്ടിവാദികൾ തന്നെ സമ്മതിക്കുന്നുണ്ട്. എങ്കിലും അവർ ആശ വിട്ടിട്ടില്ല. തദ്ദേശീയർക്ക് ഈ അവശിഷ്ടങ്ങളെക്കുറിച്ച് അറിയാമെന്നും അവരത് രഹസ്യമാക്കിവച്ചിരിക്കയാണെന്നുമാണ് ചിലരുടെ വിശ്വാസം. അതുകൊണ്ട്, അവശിഷ്ടം വല്ലതും കണ്ടുപിടിക്കാൻ വേണ്ട മാർഗനിർദേശം നൽകുന്നവർക്ക് വമ്പിച്ച ധനസഹായം ICR വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നിട്ടും ഉദ്ദേശിച്ച ഫലമൊന്നും ഉണ്ടായിട്ടില്ല. ജോൺ മോറിസ് തന്റെ യാത്രകളെക്കുറിച്ച് രണ്ടു പുസ്തക ങ്ങളെഴുതി, അത്രമാത്രം.

സൃഷ്ടിയെക്കുറിച്ച് നേരിട്ടുള്ള തെളിവുകളൊന്നുമില്ലെന്ന് കാണിക്കുവാൻ വേറൊരു സംഭവം കൂടി എടുത്തു കാണിക്കട്ടെ. മിസ്. മരിയൻ വിൽസൺ അർക്കൻസാസിലെ പുലാസ്കി സ്കൂൾ ജില്ലയിലെ ശാസ്ത്രപാഠ്യപദ്ധതി തയ്യാറാക്കുവാനുള്ള ഉദ്യോഗസ്ഥയായിരുന്നു. സൃഷ്ടിവാദികളുടെ സ്വാധീനംമൂലം ഇവിടുത്തെ സ്കൂൾ ബോർഡ് പാഠപുസ്തകങ്ങളിൽ സൃഷ്ടിശാസ്ത്രവും ചേർക്കാൻ തീരുമാനിച്ചു. 1981 ലെ നിയമത്തിനു മുമ്പാണിത്. സൃഷ്ടിശാസ്ത്ര പാഠ്യപദ്ധതിയ്ക്കൊരു രൂപരേഖ ഉണ്ടാക്കേണ്ട ചുമതല മിസ് വിൽസന്റേതായിരുന്നു. സൃഷ്ടിവാദത്തിനെതിരോ അനുകൂലമോ ആയ പൂർവ ധാരണകളൊന്നും ഇല്ലാതെയാണ് മിസ് വിൽസൺ തന്റെ ജോലി തുടങ്ങിയത്. സൃഷ്ടിശാസ്ത്രത്തെക്കുറിച്ച് അതിനുമുമ്പ് അവർ കേട്ടിട്ടേയില്ലായിരുന്നുവത്രെ. മിസ് വിൽസൺ ജില്ലയിലെ പ്രധാന ശാസ്ത്രാധ്യാപകരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുകയും ഈ കമ്മിറ്റി ശാസ്ത്രീയ സൃഷ്ടിവാദത്തെക്കുറിച്ചുള്ള പ്രസിദ്ധീകരണങ്ങളെല്ലാം പരിശോധിക്കുകയും ചെയ്തു. ICRലെ ഡോ. റിച്ചാർഡ് ബ്ലിസ് നടത്തിയ ഒരു പഠനപ്പണിപ്പുരയിലും മിസ് വിൽസൺ ചേരുകയുണ്ടായി. സർവകലാശാലകളിലെ ജീവ ശാസ്ത്ര പ്രൊഫസർമാരെയും അവർ സമീപിച്ചുനോക്കി. അവരിൽ ചിലർക്ക് മിസ് വിൽസനെ സഹായിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും സൃഷ്ടിശാസ്ത്രത്തെ ശാസ്ത്രീയമാക്കാനുള്ള പോംവഴിയൊന്നും അവർക്ക് തോന്നിയില്ല. അവസാനം കമ്മിറ്റി, ബോർഡിനെ ബോധിപ്പിച്ചത് സൃഷ്ടിവാദം ശാസ്ത്രമല്ല, മതമാണ് എന്നാണ്. എങ്ങനെ പറയാതിരിക്കും?

സൃഷ്ടിക്കു നിദാനമെന്ന് പറയപ്പെടുന്ന പ്രകൃത്യാതീതശക്തി ശാസ്ത്ര പരിധിയിൽ പെടുകയില്ല. അതുകൊണ്ടുതന്നെ പരീക്ഷണംകൊണ്ട് തെളിയിക്കാൻ സാധിക്കാത്തതാണ് സൃഷ്ടി. സൃഷ്ടിയെക്കുറിച്ച് നമുക്കൊന്നും തന്നെ അറിയുവാൻ സാധിക്കുകയില്ല എന്നാണല്ലോ സൃഷ്ടിവാദികൾ പറയുന്നതുതന്നെ. അതുകൊണ്ട് അത് തെറ്റാണെന്ന് തെളിയിക്കുവാനും വഴി യില്ല. ലോകത്തിൽ ഒരുകാലത്ത് മഹാപ്രളയം വന്ന് സർവനാശം സംഭവിച്ചു എന്ന സിദ്ധാന്തവും ശാസ്ത്രീയമല്ല. എന്തെന്നാൽ അതിന്റെ ആധാരം നിരീക്ഷണങ്ങളോ പരീക്ഷണങ്ങളോ അല്ല, ഉൽപ്പത്തി പുസ്കതത്തിലെ പ്രസ്താ വനകളാണ്. അതുപോലെത്തന്നെ ഭൂമിക്ക് പതിനായിരം കൊല്ലത്തിലധികം പഴക്കമില്ല എന്ന സൃഷ്ടിവാദികളുടെ അനുമാനവും ശാസ്ത്രീയ നിരീക്ഷ ണങ്ങളെയോ നിഗമനങ്ങളെയോ ആധാരമാക്കിയല്ല ഉന്നയിക്കപ്പെട്ടിട്ടുള്ളത്, വിശുദ്ധഗ്രന്ഥത്തിലെ വംശാവലിയെ ആധാരമാക്കിയാണ്.

സൃഷ്ടിവാദത്തിനെതിരെ 1982- ൽ വിധിയെഴുതിയ അർക്കൻസാസിലെ ജഡ്ജി സൃഷ്ടിവാദം ശാസ്ത്രീയമല്ലെന്ന് കാണിക്കുവാൻ വേറൊരു കാരണം കൂടി വിധിന്യായത്തിൽ പറയുന്നുണ്ട്. ശാസ്ത്രജ്ഞരുടെ സമുദായം സ്വമേധയാ ചെയ്യുന്നതും സ്വീകരിക്കുന്നതും എന്താണോ അതാണ് ശാസ്ത്രം എന്ന നിർവചനം അദ്ദേഹം സ്വീകരിച്ചു. ശാസ്ത്രജ്ഞരുടെ സമുദായം അന്തർരാഷ്ട്രീയമാണ്. ജീവശാസ്ത്രജ്ഞർ, ഭൂശാസ്ത്രജ്ഞർ, പുരാ ജീവിശാസ്ത്രജ്ഞർ, ജ്യോതിശ്ശാസ്ത്രജ്ഞർ എന്നിവരുടെ അനവധി സംഘങ്ങൾ സ്വതന്ത്രമായി പരിണാമത്തെക്കുറിച്ച് ഗവേഷണങ്ങൾ നടത്തുന്നുണ്ട്. സൃഷ്ടിയെക്കുറിച്ചാകട്ടെ ഇതുവരെ അവരാരും ഗവേഷണം നടത്തിയിട്ടുമില്ല. ശാസ്ത്രജ്ഞർ അവരുടെ കണ്ടുപിടുത്തങ്ങൾ ആധികാരികങ്ങളായ ശാസ്ത്ര മാസികകളിൽ പ്രസിദ്ധീകരിക്കുന്നു. ഈ ഗവേഷണങ്ങളെ മറ്റുള്ളവർ ആവർത്തിക്കുന്നു. അവർക്ക് കിട്ടുന്ന ഫലങ്ങൾക്കനുസരിച്ച് കണ്ടുപിടുത്ത ങ്ങളെ തള്ളിക്കളയുകയോ സ്വീകരിക്കുകയോ ചെയ്യാം. ശാസ്ത്രമാസികകൾ ലോകമൊട്ടുക്ക് ആയിരക്കണക്കിനുണ്ട്. അവയിലൊന്നുപോലും ഒരു സൃഷ്ടിശാസ്ത്രജ്ഞന്റെ ഒരൊറ്റ കുറിപ്പെങ്കിലും പ്രസിദ്ധീകരിച്ചിട്ടില്ലെന്നത് ജഡ്ജി ഓവർട്ടന് വളരെ അർഥവത്തായി തോന്നി. ശാസ്ത്രമാസികകൾ അവരുടെ മുൻവിധിക്കനുസരിച്ച് സൃഷ്ടിശാസ്ത്രലേഖനങ്ങൾ പ്രസിദ്ധീകരിക്കാതിരിക്കുകയാണെന്ന് സൃഷ്ടിവാദികൾ കോടതിയിൽ മൊഴികൊടുത്തു. അങ്ങനെയാണെങ്കിൽ ഈ പ്രസിദ്ധീകരണങ്ങളിൽനിന്ന് തിരിച്ചുവന്നിട്ടുള്ള സൃഷ്ടിശാസ്ത്രലേഖനങ്ങൾ കോടതിയിൽ ഹാജരാക്കണമെന്നായി ജഡ്ജി. ഫലം പ്രതീക്ഷിക്കത്തക്കതായിരുന്നു. തിരസ്കരിക്കപ്പെട്ട ഒരു ലേഖനം പോലും സൃഷ്ടിവാദികൾക്ക് ഹാജരാക്കാൻ സാധിച്ചില്ല. എന്താണിത് കാണിക്കുന്നത്? അവരുടെ ലേഖനങ്ങൾ ശാസ്ത്രമാസികകളിൽ പ്രസിദ്ധം ചെയ്യേ ണ്ടതാണെന്ന് സൃഷ്ടിവാദികൾ തന്നെ കരുതിയിട്ടില്ല. വല്ലാത്തൊരു ശാസ്ത്രം തന്നെ! എന്തായാലും ഏതെങ്കിലും ഒരുവിഷയം നിയമംമൂലം ശാസ്ത്രമാക്കുന്നതിൽ യാതൊരു അർഥവുമില്ലെന്നാണ് ഓവർടൺ തീരു മാനിച്ചത്.

സ്റ്റീഫൻ ജെയ് ഗൂൾഡ്

ശാസ്ത്രീയ സൃഷ്ടിവാദം ഒരു ശാസ്ത്രമല്ലെന്ന് സൃഷ്ടിവാദികളിൽ തന്നെ ചിലർ സമ്മതിക്കുന്നുണ്ട്. Discover മാസികയിൽ സ്റ്റീഫൻ ജെയ് ഗൂൾഡ് ശാസ്ത്രീയ സൃഷ്ടിവാദത്തെ വിമർശിച്ചുകൊണ്ട് 1981-ൽ ഒരു ലേഖനമെഴുതിയപ്പോൾ അതിനു മറുപടിയായി ഡുവാൻ ഗിഷ് എഴുതിയത് നോക്കൂ.

സൃഷ്ടിവാദികൾ സൃഷ്ടി ഒരു ശാസ്ത്രീയ സിദ്ധാന്തമായി അവകാശപ്പെടുന്നുവെന്നാണ് ഗൂൾഡ് പറയുന്നത്. ഇത് തെറ്റായൊരു കുറ്റാരോപണമാണ്. സൃഷ്ടിവാദികൾ ആവർത്തിച്ചു പറഞ്ഞിട്ടുള്ളത് സൃഷ്ടിയും പരിണാമവും രണ്ടും ശാസ്ത്രീയ സിദ്ധാന്തമല്ലെന്നാണ് (രണ്ടും ഒരുപോലെ മതപരമാണ്). പോൾ എൽവാൻഗറും ഇതുതന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അപ്പോൾ സൃഷ്ടിവാദത്തെ ശാസ്ത്രീയമെന്ന് പേരുനൽകി സ്കൂൾ ബോർഡുകൾ സമക്ഷം അവതരിപ്പിച്ചതുതന്നെ ആത്മാർഥതയില്ലാത്തൊരു നടപടിയായിരുന്നില്ലേ? സത്യസന്ധതയും നേർവഴിയുമെല്ലാം പരിണാമവാ ദികൾക്കു മാത്രം മതിയോ?

അമേരിക്കയിൽ അവസാനത്തെ സുപ്രീംകോടതി വിധിയെ ഇതുവരെ മറികടക്കുവാൻ സൃഷ്ടിവാദികൾക്ക് കഴിഞ്ഞിട്ടില്ല. കൻസാസ് സ്കൂൾ ബോർഡ് പുനഃസംഘടിപ്പിക്കപ്പെട്ടപ്പോൾ, സൃഷ്ടിവാദികളെ അനുകൂലിക്കുന്നവർ പുറത്താക്കപ്പെട്ടു എന്നത് ഒരു അനുകൂല വാർത്തയാണ്. പക്ഷേ, സൃഷ്ടിവാദം, ശാസ്ത്രീയ സൃഷ്ടിവാദം എന്നീ ലേബലുകൾ ഉപേക്ഷിച്ച് “ബുദ്ധിപര രൂപകൽപ്പന” എന്ന ലേബലിൽ ശക്തമായ പ്രചാരണം നടക്കുകയാണ്. പക്ഷേ, അവർക്ക് വിദ്യാഭ്യാസ രംഗത്ത് കാര്യമായ പ്രതികരണമൊന്നും ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടില്ല.

വിവിധ രാജ്യങ്ങളിലെ മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള അഭിപ്പായം – 2008

അതേസമയം മതമൗലിക വാദികൾ ഉള്ളിടത്തോളം കാലം പരിണാമസിദ്ധാന്ത വിരുദ്ധപ്രചാരണം നടന്നു കൊണ്ടേയിരിക്കും. അതിനാൽ ശാസ്ത്രജ്ഞരും ശാസ്ത്രീയ സമീപനത്തിൽ വിശ്വസിക്കുന്നവരും സദാ ജാഗരൂകരായിരിക്കേണ്ടതുണ്ട്. ശാസ്ത്രീയ സമീപനത്തെക്കുറിച്ചുള്ള ബോധവൽക്കരണം ഒരു പരിപാടിയായി എന്നും തുടരണം.

പങ്കെടുക്കാനുള്ള ലിങ്കിന് ചുവടെയുള്ള വാട്സാപ്പ് ഐക്കണിൽ ക്ലിക്ക് ചെയ്യുക

പരിണാമം ചില മിഥ്യാധാരണകൾ
ശാസ്ത്രവും കപടശാസ്ത്രവും
Happy
Happy
33 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
33 %

One thought on “സൃഷ്ടിവാദം എന്ന കപടശാസ്ത്രം

Leave a Reply

Previous post നിർമ്മിത ബുദ്ധി: എന്തിനുമുള്ള ഒറ്റമൂലിയാകുമോ ?
Next post പ്രഥമ കേരളശ്രീ പുരസ്കാരം എം പി പരമേശ്വരന് സമ്മാനിച്ചു
Close