Read Time:31 Minute
പ്രൊഫ. കെ.പാപ്പൂട്ടി.

ധുനിക ശാസ്ത്രത്തിന് സമൂഹത്തിൽ കൈവന്ന സ്വീകാര്യതമൂലം ഏത് പ്രാചീന വിശ്വാസത്തിനും ശാസ്ത്രീയ അടിത്തറയുണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമം അതിന്റെ പ്രയോക്താക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്നു. യഥാർഥത്തിൽ അവർക്കൊന്നുംതന്നെ ശാസ്ത്രത്തിന്റെ രീതി സ്വീകാര്യമല്ല. ശാസ്ത്രീയതയുടെ ഒരു മുഖംമൂടിയേ അവർക്കു വേണ്ടൂ.  പ്രാചീനർ ശാസ്ത്രം എന്ന പദം ഉപയോഗിച്ചത് ‘ശാസിക്കപ്പെട്ടത്’ അഥവാ അതത് വിഷയങ്ങളിലെ വിജ്ഞന്മാർ കൽപ്പിച്ചത് എന്ന അർഥത്തിൽ മാത്രമാണ്. അങ്ങനെയാണ് പക്ഷിശാസ്ത്രം, ഗൗളീശാസ്ത്രം, വ്യാകരണ ശാസ്ത്രം, കാമശാസ്ത്രം എന്നിവയെല്ലാം ശാസ്ത്രമായത്. സയൻസ് എന്ന ഇംഗ്ലീഷ് പദത്തിന് തുല്യമായാണല്ലോ ഇന്നു നാം ആ പദം ഉപയോഗിക്കു ന്നത്. ഇതുണ്ടാക്കുന്ന കുഴപ്പം ചില്ലറയല്ല. കപടശാസ്ത്രങ്ങൾ പലതും ശാസ്ത്രത്തിന്റെ വേഷംകെട്ടി രംഗത്തെത്തുന്നു. ‘വാസ്തുശാസ്ത്രം’ ഇത്തരം ഒന്നാണ്.

വാസ്തുവിനോടുള്ള ആഭിമുഖ്യത്തിന് ഒരുകാരണം നമ്മുടെ നാടിന്റെ കാലാവസ്ഥയും ഭൂപ്രകൃതിയും ആളുകളുടെ അഭിരുചിയും പരിഗണിക്കാതെ പടിഞ്ഞാറൻ കെട്ടിടനിർമാണ രീതികൾ അപ്പടി ഇവിടെ പറിച്ചുനട്ടതിലുണ്ടായ മടുപ്പാണ്. നമ്മുടെ വാസ്തുശിൽപ്പ സമ്പ്രദായത്തിന്റെ നല്ല അംശങ്ങൾ നഷ്ടപ്പെടാതെ ആധുനിക കെട്ടിടനിർമാണ രീതിയിൽ അവ ഉൾച്ചേർക്കേണ്ടത് ആവശ്യമാണ്. എന്നാൽ വാസ്തുവിദ്യയും “വാസ്ത ശാസ്ത്ര’വും ഒന്നാണെന്ന തെറ്റിദ്ധാരണ ഉണ്ടാകാതെ നോക്കണം. എല്ലാ രാജ്യക്കാർക്കും അവരവരുടെ വാസ്തുവിദ്യകളുണ്ട്. രാജ്യത്തെ കാലാവസ്ഥ, ഭൂപ്രകൃതി, പ്രാദേശികമായി ലഭ്യമായ നിർമാണഘടകങ്ങൾ, ജനതയുടെ അഭിരുചി, സാങ്കേതികവിദ്യയുടെ വളർച്ച, സാമൂഹ്യക്രമം ഇവയെല്ലാം വാസ്തുവിദ്യയിൽ പ്രതിഫലിക്കും. ഏറെ മഴ പെയ്യുന്ന കേരളത്തിലും ഹിമം പെയ്യുന്ന ഇംഗ്ലണ്ടിലും മഴയേ ഇല്ലാത്ത സഹാറയിലും ഒരേ വാസ്തുവിദ്യ പറ്റില്ലല്ലോ. ഇടയ്ക്കിടെ കൊടുങ്കാറ്റുണ്ടാവുന്ന സ്ഥലത്തും ഭൂകമ്പമുണ്ടാകുന്ന സ്ഥലത്തും നിർമാണരീതി വ്യത്യസ്തമായിരിക്കും. അതുപോലെ, ചെറു കുടുംബങ്ങളായിക്കഴിയുന്നവരുടെ നിർമാണരീതിയാവില്ല കൂട്ടുകുടുംബമായി കഴിയുന്ന സമൂഹങ്ങളിലേത്. കളിമണ്ണുമാത്രം കിട്ടിയിരുന്ന ബാബിലോണിയയിലും ധാരാളം മരം ലഭ്യമായിരുന്ന ഇന്ത്യയിലും ആഫ്രിക്കയിലും ബ്രസീലിലും വികസിച്ചുവന്ന വാസ്തുവിദ്യകളും വ്യത്യസ്തമാകാതെ തരമില്ല. ലോകത്തിനു മുഴുവനും പറ്റിയ, എന്തിന്, ഇന്ത്യയിൽപോലും എല്ലായിടത്തും പ്രയോഗക്ഷമമായ, ഒരു വാസ്തുവിദ്യയും സാധ്യമല്ല എന്നു മനസ്സിലാക്കാൻ സാമാന്യബുദ്ധി മതി.

വാസ്തുവിന്റെ തുടക്കം

കശ്യപമുനി രചിച്ച ‘കശ്യപശിൽപ്പം’ ആണത്രെ ആദ്യത്തെ വാസ്തു ശാസ്ത്രഗ്രന്ഥം. വേദങ്ങളിലും ഭൃഗുസംഹിതയിലും അതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. മത്സ്യപുരാണത്തിലും അഗ്നിപുരാണത്തിലും സ്കന്ദപുരാണത്തിലുമെല്ലാം വാസ്തുശാസ്ത്ര പ്രമാണങ്ങൾ വിവരിക്കുന്നുണ്ട്. മത്സ്യപുരാണം അനുസരിച്ച് വാസ്തുശാസ്ത്രം വികസിപ്പിച്ചെടുത്തത് 18 മഹർഷിമാരാണ്. ഭൃഗു, അത്രി, വിശ്വകർമാവ്, മയൻ, പുരന്ദരൻ, ബൃഹസ്പദി തുടങ്ങിയവർ അതിൽ പ്രമുഖരാണ്. ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളിൽ വ്യത്യസ്ത വാസ്തുരീതികളാണ് മുമ്പേ നിലനിന്നിരുന്നത്. വടക്ക് കശ്യപശിൽപ്പവും വിന്ധ്യനു തെക്ക് മയാ മതവും കുറേക്കൂടി തെക്ക് ഭൃഗുസംഹിതയുമായിരുന്നു പ്രചാരത്തിലിരുന്നത് (പ്രാചീന വാസ്തുശിൽപ്പികളിൽ കേമനായിരുന്നു മയൻ. ദേവന്മാർക്കും അസുരന്മാർക്കും ശിൽപ്പവേല ചെയ്തുകൊടുത്തിരുന്ന ഒരു ദാനവരാജാവ് ആയിരുന്നു അയാൾ. വിശ്വകർമാവിന്റെ അവതാരമായിരുന്നത്രെ മയൻ. അയാളുടെ മകളായിരുന്നു രാവണഭാര്യയായ മണ്ഡോദരി. ഇന്ദ്രപ്രസ്ഥവും ഖണ്ഡനവനവും ത്രിപുരങ്ങളും നിർമിച്ചത് മയനായിരുന്നു. മയന്റെ വാസ്തുവിദ്യാരീതിയാണ് മയാമതം). പിൽക്കാല കൃതികളായി “സമരാംഗണ സൂത്രധാര‘യും (ഭോജരാജൻ) ശിൽപ്പദീപകവും ശിൽപ്പരത്നവും എല്ലാം പ്രചാരം നേടി. വീട്, കൊട്ടാരം, ദേവാലയം ഇവയുടെ നിർമാണം, ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും സംവിധാനം, മാളികകൾ, മണ്ഡപങ്ങൾ, പടവുകൾ ഇവ യുടെ നിർമിതി ഇവയെല്ലാം ഈ കൃതികളിൽ ചർച്ച ചെയ്യുന്നു. ഈ കൃതികളിലെല്ലാം ധാരാളം അന്ധവിശ്വാസങ്ങൾ കാണാം. എങ്കിലും വാസ്തുവിദ്യയുടെ വൈവിധ്യം അവയിലുണ്ട്. എന്നാൽ ഇന്നിപ്പോൾ വാസ്തുവിദ്യയിലെ ഈ വൈവിധ്യങ്ങളെ അവഗണിച്ച് ഇന്ത്യക്കാകെ ഒറ്റ വാസ്തു ശാസ്ത്രം – ഭാരതീയ വാസ്തുശാസ്ത്രം – ചിലർ പ്രഖ്യാപിക്കുന്നു.

വടക്കുകിഴക്കും പാദങ്ങൾ ചേർത്ത് തെക്കുപടിഞ്ഞാറും ആവും  വിധമാണ് വാസ്തുപുരുഷന്റെ ശയനം

വാസ്തുപുരുഷ മണ്ഡലം

വാസ് എന്നാൽ വാസസ്ഥലം അഥവാ വസതി നിർമിച്ചിരിക്കുന്ന സ്ഥാനം ആണ്. വേദങ്ങളനുസരിച്ച് വാസ്തുവിന്റെ അധിനാഥൻ “വാസ്തോഷ്പതി’യും പുരാണങ്ങളനുസരിച്ച് “വാസ്തുപുരുഷനും’ ആണ്. ഋഗ്വേദത്തിലെ ഏഴാം മണ്ഡലത്തിൽ വാതോല്പ്പതിയെ ശാഘിക്കുന്നതും അനുഗ്രഹം യാചിക്കുന്നതുമായ നിരവധി മന്ത്രങ്ങൾ കാണാം. “അല്ലയോ വാസ്തുതോഷ്പതീ, നീ ഈ വീടിന്റെ അധിപനാകുന്നു. നീയാണ് ഞങ്ങളുടെ രക്ഷകൻ. ഞങ്ങളുടെ സമ്പത്തും കന്നുകാലികളും വർധിക്കാൻ നീ അനുഗ്രഹിക്കണം…” ഇങ്ങനെ പോകുന്നു ഈ വേദമന്ത്രങ്ങൾ. വാസ്തോഷ്പതി ഇന്ദ്രഗണത്തിൽപ്പെട്ട ദൈവങ്ങളിൽ ഒരാളാണ്. രുദ്രൻ, വായു, വരുണൻ, മൃത്യു, വിശ്വകർമാവ്, ബൃഹസ്പതി തുടങ്ങിയ മറ്റ് ഇന്ദ്രഗണ ദൈവങ്ങൾക്കും വാസ്തുവിൽ സ്ഥാനം നൽകിയിട്ടുണ്ട്. മത്സ്യപുരാണത്തിലെ വാസ്തുഭൂതോത്ഭവാധ്യായത്തിൽ ഇങ്ങനെ പറയുന്നു. “അന്ധകാരാസുരനെ വധിച്ച സദാശിവന്റെ നെറ്റിയിൽനിന്ന് ഒരു തുള്ളി വിയർപ്പ് ഭൂമിയിൽ പതിച്ചു. അതിൽനിന്ന് ഒരു ഭീകരരൂപി പ്രത്യക്ഷപ്പെട്ടു. അത് അന്ധകാരാസുരഗോത്രത്തിന്റെ രക്തം മുഴുവൻ കുടിച്ചു. എന്നിട്ട്, തൃശൂലിയെ തപ സ്സുചെയ്ത് വരുത്തി വരം വാങ്ങി, മൂന്നു ലോകവും വിഴുങ്ങുവാനുള്ള ശക്തി നേടി. വരം നേടിയ സത്വം കമിഴ്ന്ന് ഭൂമിയിൽ വീണു. ഉടൻ ദേവന്മാരും അസുരന്മാരും മനുഷ്യരും ചേർന്ന് അതിനെ ഭൂമിയിൽ അമർത്തിനിർത്തിക്കൊണ്ട് അതിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാനം പിടിച്ചു. അനങ്ങാൻ കഴിയാതെ അയാൾ ദയയ്ക്ക് യാചിച്ചു. ഒടുവിൽ വീടുകൾക്കും അവ നിൽക്കുന്ന സ്ഥാനത്തിനും മേൽ അയാൾക്ക് അധീശത്വം നൽകപ്പെട്ടു. വീടുപണി തുടങ്ങുംമുമ്പും പണി കഴിഞ്ഞും അയാളെയും അയാൾക്കുമേൽ സ്ഥാനം പിടിച്ചിട്ടുള്ള മുഴുവൻ ദൈവങ്ങളെയും അസുരന്മാരെയും പ്രീതിപ്പെടുത്താനുള്ള കർമങ്ങൾ നട ത്തിയിരിക്കണമെന്നും അനുശാസിക്കപ്പെട്ടു. അല്ലാത്തപക്ഷം വീട്ടുടമയുടെ സകലസൗഭാഗ്യങ്ങളും അയാൾ ഇല്ലാതാക്കും. അന്നുമുതൽ ആ ഭൂതത്തെ ആളുകൾ വാസ്തുപുരുഷൻ അഥവാ വാസ്തുദേവൻ എന്നു വിളിച്ചുതുടങ്ങി.

ഇത്രമേൽ അവിശ്വസനീയമായ ഒരു കഥയ്ക്കു മുകളിലാണ് വാസ്തശാസ്ത്രത്തിന്റെ നിൽപ്പ് വടക്കുകിഴക്കു ദിശയിൽ തലവെച്ച് കമഴ്ന്നാണത്ര വാസ്തുപുരുഷന്റെ കിടപ്പ്. കൈകാലുകൾ മടക്കി, ഇടതു കൈമുട്ടും കാൽമുട്ടും വടക്കു പടിഞ്ഞാറു ദിശയിലും വലതുകൈമുട്ടും കാൽമുട്ടും തെക്കു കിഴക്കു ദിശയിലും കാൽപ്പാദങ്ങൾ അന്യോന്യം ചേർത്ത് തെക്കു പടിഞ്ഞാറു ദിശയിലും വരത്തക്കവിധം വെച്ചിരിക്കുന്നു. ദേവന്മാരും അസുരന്മാരും കൂടി നാൽപ്പത്തഞ്ചുപേർ അയാൾക്കുമേൽ സ്ഥാനം പിടിച്ചിരിക്കുന്നു. കേന്ദ്രഭാഗത്ത് ബ്രഹ്മാവും വടക്ക് കുബേരനും തെക്ക് യമനും കിഴക്ക് സൂര്യനും പടിഞ്ഞാറ് വരുണനും.

 ചില വാസ്തുശാസ്ത്ര നിബന്ധനകൾ

മാനസാരം, മയാമതം, സമരാങ്കണസൂത്രധാര എന്നീ കൃതികൾ അനുശാസിക്കുന്ന ഏതാനും പ്രമാണങ്ങൾ നോക്കു.

 • വാസ്തു തെക്കുപടിഞ്ഞാറ് ഉയർന്നതും വടക്കുകിഴക്ക് താഴ്ന്നതും ആകണം.
 • തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ കുന്നുണ്ടെങ്കിൽ ശുഭകരമാണ്. കിഴക്കോ വടക്കോ വടക്കുകിഴക്കോ ജലാശയം (കുളം, പുഴ…) ഉണ്ടെങ്കിൽ ഉത്തമം. .
 • തെക്കു പടിഞ്ഞാറ് ജലാശയം (കിണർപോലും) ദൗർഭാഗ്യകരമാണ്. ഇനി വീടിന്റെ കിടപ്പും ഘടനയും സംബന്ധിച്ച ചില നിബന്ധനകൾ കേട്ടോളൂ. വീടിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തിന് വടക്കു കിഴക്കു ഭാഗത്തിനേക്കാൾ കൂടുതൽ ഉയരം വേണം.
 • വീടിന്റെ വടക്കു ഭാഗത്തോ കിഴക്കു ഭാഗത്തോ പാതയുണ്ടെങ്കിൽ മുഖ്യ വാതിൽ വടക്കു കിഴക്കോട്ടാകുന്നതാണ് നല്ലത്. കിടപ്പുമുറി തെക്കുപടിഞ്ഞാറും അടുക്കള തെക്കുകിഴക്കും പൂജാമുറി വടക്കുകിഴക്കും, കുളിമുറി വടക്കുപടിഞ്ഞാറും ആകണം (പ്രാചീന വാസ്തുശാസ്ത്ര കൃതികളിൽ കക്കൂസിന്റെ കാര്യം പറയുന്നില്ല. എന്നാൽ പുത്തൻ വാസ്തുശാസ്ത്രങ്ങൾ കക്കൂസിൽ ആളിരിക്കേണ്ടത് ഏതു ദിശയിലായിരിക്കണം എന്നുപോലും നിഷ്കർഷിക്കുന്നുണ്ട്). 
 • വാതിലുകളുടെയും ജനലുകളുടെയും എണ്ണം ഇരട്ടസംഖ്യ ആയിരിക്കണം. എന്നാൽ പൂജ്യത്തിലവസാനിക്കുന്ന സംഖ്യ (10, 20,..) ആകാനും പാടില്ല.
 • വരാന്തയും പൂമുഖവും വടക്കു കിഴക്കു ദിശയിലാണു നല്ലത്. തെക്കുകിഴക്കു ദിശ വർജ്യമാണ്.
വാസ്തുപുരുഷനിൽ ദേവ, അസുര, ഗണങ്ങളുടെ സ്ഥാനങ്ങൾ

ഇതിനൊന്നും ഒരു കാരണവും പറയുന്നില്ല. ഇന്ത്യയിലെത്തന്നെ പഴയ നഗരങ്ങൾ (ഹാരപ്പയും പാടലീപുതവും എല്ലാം) പരിശോധിച്ചാൽ കാണുക ഈ നിബന്ധനകൾ ഒന്നും പാലിക്കപ്പെട്ടിട്ടില്ല എന്നാണ്. പരന്ന പ്രദേശത്ത് പാതയ്ക്കിരുവശവും അന്യോന്യം അഭിമുഖമായി നിൽക്കുന്ന വീടുകളാണ് അവിടങ്ങളിൽ കാണുക. മുകളിൽ പറഞ്ഞ ചില നിബന്ധനകൾക്ക് കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞെന്നു വരാം. ഉദാ: അടുക്കള തെക്കു കിഴക്കു ദിശയിലായാൽ പ്രഭാതത്തിൽ, പ്രത്യേകിച്ച് സൂര്യൻ ദക്ഷിണായനത്തിലായിരിക്കുന്ന ശൈത്യ കാലത്ത് അവിടെ സൂര്യപ്രകാശം നന്നായി കിട്ടും, കാറ്റിന്റെ ഗതിക്കും ഇതനുകൂലമാണ്. കാറ്റ് തെക്കുപടിഞ്ഞാറുനിന്നു വീശുന്ന പടിഞ്ഞാറെ തീരത്ത്, അടുക്കളയിലെ പുകയും മണവും അകലേക്കു പോയ്ക്കൊള്ളും (പക്ഷേ, കിഴക്കെ തീരത്തുള്ളവർക്ക് പുകയും മണവും വീട്ടിനുള്ളിലേക്കാണെത്തുക. അതായത്, ഇന്ത്യക്കാകെ ഒറ്റ വാസ്തു പറ്റില്ലെന്നർഥം). വാതിലുകളുടെയും ജനലുകളുടെയും എണ്ണത്തെ സംബന്ധിച്ച് ശാഠ്യവും മറ്റും അർഥഹീനമാണെന്നു വ്യക്തം. – ‘വിശ്വകർമ പ്രകാശിക’ പറയുന്ന ചില കാര്യങ്ങൾ നോക്കൂ: ആനയുടെ രൂപമുള്ള വാസ്തു ധനം നൽകും, സിംഹരൂപമാണെങ്കിൽ സൽസന്താന ലബ്ധിയുണ്ടാകും, കാളരൂപം കന്നുകാലികളുടെ വർധനയ്ക്ക് നന്ന്. ത്രികോണം, ശകടം, വിശറി, മൃദംഗം, പാമ്പ്, തവള, കഴുത, കാക്ക, പന്നി, അമ്പ്, ശവം തുടങ്ങിയ രൂപങ്ങൾ വർജ്യമാണ്.  മൃദംഗരൂപമുള്ള ഭൂമിയിൽ പണിത വീട്ടിലെ കുടുംബം അന്യംനിന്നുപോകും. വാസ്തുവിന് (വീടുപണിയുന്ന സ്ഥലത്തിന്) ഇത്തരം രൂപങ്ങൾ എങ്ങനെ കൈവരുന്നു? ഇതെന്തു ശാസ്ത്രമാണ്?

വിശ്വകർമ പ്രകാശിക വാസ്തുവെ, മണ്ണിന്റെ നിറം അനുസരിച്ച് നാലായി വിഭജിച്ച് നാലു ജാതികൾക്കുമായി നൽകിയിരിക്കുന്നു. വെള്ളമണ്ണ് ബാഹ്മണർക്കും ചുവപ്പു മണ്ണ് ക്ഷത്രിയർക്കും മഞ്ഞ വൈശ്യർക്കും കറുപ്പ് ശൂദർക്കും. ജാതികൾ കൂടിക്കലരാതിരിക്കാൻ ചെയ്തുവെച്ച പണിയായിരിക്കണം. പുത്തൻ “വാസ്തുശാസ്ത്രജ്ഞർ’ കൃസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ഏതു നിറമുള്ള മണ്ണ് നല്‍കുമോ ആവോ!

ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ “വാസ്തുശാസ്ത്രത്തിന് ന്യായീകരണങ്ങൾ കണ്ടെത്താൻവാസ്തുശാസ്ത്രജ്ഞർ‘ നടത്തുന്ന ശ്രമങ്ങൾ പലപ്പോഴും പരിഹാസ്യമാകാറുണ്ട്. പൂനയിലെ ഒരു പ്രമുഖ ആർക്കിട്ടക്റ്റായ എൻ. എച്ച്. സഹസബുധേ (Vastu: Reflections in Science) നൽകുന്ന വിശദീകരണങ്ങൾ രസകരമാണ്.

ചകവാളവുമായുള്ള ഭൂമിയുടെ 23½ ഡിഗ്രി ചരിവും കിഴക്കുനിന്നു പടിഞ്ഞാറോട്ടുള്ള സൗരവാതത്രപ്രവാഹവും ഭൂമിയുടെ സ്വയംഭമണവും ചേർന്ന് തെക്കുപടിഞ്ഞാറ് ഭാഗത്ത് സമ്മർദകേന്ദ്രങ്ങൾ (Stress concentrations) സൃഷ്ടിക്കുന്നു. ഫിസിക്സിൽ ഇതിനെ കാന്തിക – പുച്ഛം (Magnetic tail) എന്നു പറയും . നേരെ എതിർഭാഗത്ത് (വടക്കുപടിഞ്ഞാറ്) സൗരവാതപ്രവാഹത്തിനോ വിദ്യുത്കാന്തിക അവസ്ഥയ്ക്കോ വ്യതിയാനമില്ല. അവിടെ അന്തരീക്ഷം സുസ്ഥിരതാവസ്ഥയിൽ ആയിരിക്കും. അതുകൊണ്ട് വടക്കു പടിഞ്ഞാറാണ് ഭൂമിയുടെ സ്ഥിരതയുള്ള മേഖല; തെക്കുപടിഞ്ഞാറ് ഏറ്റവും അസ്ഥിരവും.

ഇപ്പറഞ്ഞതൊക്കെ ശുദ്ധമായ അബദ്ധങ്ങളാണ്. ഭൂമിയുടെ ചരിവ് ചക്രവാളവുമായല്ല, ഭൂമിയുടെ ഭ്രമണാക്ഷവും പരികമണാക്ഷവും തമ്മിലാണ് (ചക്രവാളം നിരീക്ഷകന്റെ സ്ഥാനം അനുസരിച്ച് മാറുന്ന ഒന്നാണ്. അതുപോലെ സൗരവാതം കിഴക്കുനിന്നു പടിഞ്ഞാറോട്ടല്ല, സൂര്യനിൽനിന്ന് ഭൂമിയിലേക്കാണ്. അത് ഭൂമിയുടെ കാന്തികമണ്ഡലത്തെ സ്വാധീനിക്കുമെന്നതുകൊണ്ട് കാന്തികപുച്ഛം ഉണ്ടാകുമെന്നത് നേരാണ്. പക്ഷേ, പുച്ഛം എപ്പോഴും തെക്കുപടിഞ്ഞാറു ദിശയിലൊന്നുമല്ല. ഭൂമി സൂര്യനെ ചുറ്റുമ്പോൾ അതിന്റെ ദിശയും മാറിക്കൊണ്ടിരിക്കും. മാത്രമല്ല, ഈ കാന്തികവാൽ ഭൂമിക്കു മൊത്തത്തിലാണ്. ഒരു വീടിന്റെ രണ്ടു മൂലകൾക്കിടയിൽ അസ്ഥിരത സൃഷ്ടിക്കാനൊന്നും അതിനാവില്ല (സ്വതവെ തന്നെ ഭൂമിയുടെ കാന്തികമണ്ഡലം വളരെ ദുർബലമാണ്). 

“ഭാരമില്ലാത്ത മൗലിക കണങ്ങൾ വടക്കെ ധ്രുവത്തിൽനിന്ന് പുറപ്പെട്ട് തെക്കെ ധ്രുവത്തിലേക്ക് സഞ്ചരിച്ച് ഭൗമമണ്ഡലത്തിൽ എത്തുന്നു. അപകടകാരിയായ ഈ കോസ്മിക് കിരണങ്ങൾ കാന്തികബലരേഖകളിലൂടെ സഞ്ചരിച്ച് തെക്കെ ധ്രുവത്തിൽ സമ്മേളിക്കുന്നു. വികിരണ സ്വഭാവമുള്ള ഈ ഭാരമില്ലാക്കണങ്ങൾ തെക്കും തെക്കുപടിഞ്ഞാറും ഭാഗങ്ങളിൽ സമ്മർദകേന്ദ്രങ്ങൾ സൃഷ്ടിക്കുന്നു. ക്വാർക്കുകൾ, ആന്റി ക്വാർക്കുകൾ, മ്യൂഓണുകൾ, ഗ്രാവിറ്റോണുകൾ, ലെപ്റ്റോണുകൾ തുടങ്ങിയവ ഈ കണങ്ങളിൽ പെടുന്നു.

അൽപ്പം ശാസ്ത്രം അറിയാമെന്ന് കരുതുന്നവരെ പറ്റിക്കാൻ ഒരുക്കിയ കെണി നോക്കു. പക്ഷേ, ഇപ്പറഞ്ഞതെല്ലാം അബദ്ധങ്ങളാണ്. ഭൂമിയിൽനിന്ന് ഒരു കണവും വടക്കുനിന്നുത്ഭവിച്ച് തെക്കെ ധ്രുവത്തിൽ വന്നുചേരുന്നില്ല. ദ്വിതീയ കോസ്മിക് കിരണങ്ങളിലും സൗരവാതത്തിലും ഉൾപ്പെട്ട, ഊർജം കുറഞ്ഞതും ചാർജുള്ളതുമായ ചില കണങ്ങൾ ഭൂമിയുടെ കാന്തികബല രേഖകളിലൂടെ ഇരുദിശയിലും സഞ്ചരിക്കുന്നുണ്ട്. അതൊക്കെ അന്തരീക്ഷത്തിനപ്പുറം വളരെ ഉയരത്തിലാണ്. ധ്രുവത്തിൽവെച്ചുമാത്രമാണ് അവയിൽ ചിലത് അന്തരീക്ഷത്തിൽ എത്തുന്നത്. അപ്പോൾ അവ അന്തരീക്ഷ തന്മാത്രകളുമായി കൂട്ടിയിടിച്ച് ധ്രുവദീപ്തി എന്ന പ്രതിഭാസം സൃഷ്ടിക്കും. പക്ഷേ, ഈ കണങ്ങൾ നമുക്കു ചുറ്റും ഒരു സമ്മർദമേഖലയും സൃഷ്ടിക്കുന്നില്ല. ഈ കണങ്ങളുടെ കൂട്ടത്തിൽ ക്വാർക്കും ആന്റിക്വാർക്കും ഉണ്ടെന്ന് പറഞ്ഞത് വിവരക്കേടിന്റെ അങ്ങേയറ്റമാണ്. സ്വതന്ത്രാവസ്ഥയിൽ നിലനിൽപ്പില്ലാത്ത കണങ്ങളാണ് ക്വാർക്കുകൾ. പ്രോട്ടോൺ, ന്യൂട്രോൺ തുടങ്ങിയ മൗലിക കണങ്ങളിലെ ഘടകങ്ങളാണവ. അവയെ വേർപെടുത്താനാവില്ല. ഗ്രാവിറ്റോൺ ആകട്ടെ കാന്തികബലരേഖകളിലൂടെ സഞ്ചരിക്കുകയുമില്ല. കാരണം, അവയ്ക്കു ചാർജില്ല. ഗ്രാവിറ്റോൺ ഇതുവരെ കണ്ടെത്താത്ത, സിദ്ധാന്തങ്ങളിൽ മാത്രം നിലനിൽക്കുന്ന, ഒരു സാങ്കൽപ്പിക കണവുമാണ്. ലെപ്റ്റോൺ എന്നും മ്യൂഓൺ എന്നും വേറിട്ടു പറഞ്ഞതും അബദ്ധമാണ്. മ്യൂഓൺ തന്നെ ഒരു ലെപ്റ്റോൺ ആണ്.

ഇത്തരം ജാടകൾകൊണ്ട് അൽപ്പവിവരമുള്ള ആളുകളെ എളുപ്പം പറ്റിക്കാമെന്ന് കപടശാസ്ത്രജ്ഞർക്കെല്ലാം അസ്സലായറിയാം. സഹസ്രബുധേ അവരിൽ ഒരാൾ മാത്രമാണ്. നിരക്ഷരരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. അവർക്ക് കാന്തികക്ഷേത്രം എന്തെന്നുപോലും അറിയില്ലല്ലോ. ശാസ്ത്രത്തിന്റെ രീതി വശമില്ലാത്തവരോടും നടക്കില്ല. അൽപ്പം ശാസ്ത്രജ്ഞാനമുണ്ടായിരിക്കുക, എന്നാൽ ശാസ്ത്രബോധം ഇല്ലാതിരിക്കുക – ഇത്തരക്കാരാണ് എളുപ്പം കബളിപ്പിക്കപ്പെടുക. ഉദാഹരണത്തിന്, വടക്കോട്ടു തലവെച്ച് കിടന്നുറങ്ങരുത് (ചില സ്ഥലങ്ങളിൽ തെക്കോട്ടാണ് അരുതാത്തത്), കാരണം ഭൂമിയുടെ കാന്തികക്ഷേത്രം ആ ദിശയിലാണ് എന്ന് നിരക്ഷരരരായ ഒരാളോട് പറഞ്ഞാൽ അയാൾ കാര്യമാക്കില്ല. കാലൻ വരുന്നത് തെക്കുനിന്നായതുകൊണ്ട് അങ്ങിനെ കിടക്കരുതെന്ന് പറഞ്ഞാൽ അവരിൽ ചിലർ വിശ്വസിച്ചേക്കാം. പക്ഷേ, ഈ കാന്തികക്ഷേത്രദിശ എന്ന ശാസ്ത്രപരിവേഷം വിദ്യാസമ്പന്നരെ എളുപ്പം വീഴ്ത്തും. കാരണം, മനുഷ്യശരീരത്തിലും രക്തത്തിലെ ഹീമോഗ്ലോബിനിലും മറ്റും ഇരുമ്പുണ്ടല്ലോ, ഇരുമ്പാകട്ടെ കാന്തിക വസ്ത്രവുമാണ്. അതുകൊണ്ട് തെക്കുവടക്കു ദിശയിൽ കിടന്നാൽ രക്തചംക്രമണത്തെയും തലച്ചോറിനെയും ബാധിക്കും, അപ്പോൾ വാസ്തുവിൽ കിടപ്പുമുറിയുടെ ദിശ പ്രധാനമാണ് എന്ന് “ആധുനിക വാസ്തുശാസ്ത്രജ്ഞർ’ പറഞ്ഞാൽ ‘ശരിയാകാമല്ലോ’ എന്നയാൾക്ക് തോന്നും. ഇരുമ്പിന്റെ ബാഹ്യഷെല്ലിലെ ഇണയാകാതെ നിന്നിരുന്ന (unpaired) ഇലക്ട്രോണുകൾ ആണ് കാന്തികതയ്ക്ക് കാരണമെന്നും ഒരു സംയുക്തമായി മാറുമ്പോൾ അവ ഇണയാകുമെന്നും തന്മൂലം ഹീമോഗ്ലോബിന് കാന്തികത ഉണ്ടാവില്ലെന്നും അവരിൽ ഏറെപ്പേരും ഓർക്കില്ല.

ഈ ഭൂമിയിൽ നമുക്കറിയാവുന്ന ജീവിവർഗങ്ങളിൽ ഒന്നിൽപോലും ഉറങ്ങുമ്പോൾ ഒരു പ്രത്യേക ദിശയിൽ തലവെക്കുന്ന രീതി കാണുന്നില്ല. അതിനർഥം, ഒരു ദിശയും പ്രത്യേകിച്ച് ഒരു ഗുണവും ചെയ്യുന്നില്ല എന്നുതന്നെയാണ്.

പുത്തൻ പണക്കാരിലാണ് വാസ്തുഭ്രമം കൂടുതൽ. കഠിനാധ്വാനം കൊണ്ടോ തട്ടിപ്പുകൾ നടത്തിയോ, ആവാം അവർ പണമുണ്ടാക്കിയത്. എന്തായാലും വാസ്തുവിന്റെ ഗുണംകൊണ്ടോ ഉറങ്ങാൻ കിടന്ന ദിക്കിന്റെ മെച്ചംകൊണ്ടോ അല്ല. (കുടിലിൽ കഴിഞ്ഞ കാലത്തും കടത്തിണ്ണയിൽ ഉറങ്ങിയ കാലത്തും വാസ്തുപരിഗണനകൾ സാധ്യമല്ലല്ലോ). പക്ഷേ, ഒരു വീടു നിർമിക്കുമ്പോൾ അവർ ആർക്കിടെക്റ്റിനു പുറമെ വാസ്തുവിദഗ്ധന്റെ കൂടി സഹായം തേടും (പല ആർക്കിടെക്സ്റ്റുകളും ഇപ്പോൾ അൽപ്പം സംസ്കൃതവും കുറച്ചു വാസ്തുശ്ലോകങ്ങളും ഒക്കെ വശമാക്കി, തങ്ങൾക്കതും അറിയാം എന്നു വരുത്തുന്നതിൽ വ്യാപൃതരാണ്).  മിക്ക വീടുകളിലും കുടുംബപ്രശ്നങ്ങൾ ധാരാളമുണ്ടാകും. കുട്ടികൾ പഠിക്കുന്നില്ല അംഗങ്ങൾ പരസ്പരം വഴക്കടിക്കുന്നു, രോഗങ്ങൾ വിട്ടുമാറുന്നില്ല, പെൺകുട്ടികളുടെ വിവാഹം യഥാസമയം നടക്കുന്നില്ല, സാമ്പത്തികനില മോശമാകുന്നു ഇങ്ങനെ എന്തുമാകാം പ്രശ്നം. ഒരു ‘വാസ്ത വിദഗ്ധ’നോട് കാരണം ചോദിച്ചുനോക്കു. അയാൾ പറയും നിങ്ങളുടെ വീടിന്റെ കിടപ്പാണ് കുഴപ്പങ്ങൾക്കു കാരണമെന്ന്, ഏതാനും ജനലുകളോ വാതിലുകളോ മാറ്റി സ്ഥാപിക്കുക, കിണർ മാറ്റിക്കുഴിക്കുകയോ കുളം മൂടുകയോ ചെയ്യുക തുടങ്ങിയ ചൊട്ടുവിദ്യകൾകൊണ്ട് ചിലപ്പോൾ നിങ്ങൾ രക്ഷപ്പെട്ടെന്നു വരാം. ചിലപ്പോൾ വീടുതന്നെ പൊളിച്ചു പണിയാനാകും നിർദേശം, എന്തായാലും കയ്യിലെ കാശുപോയതുതന്നെ. പ്രശ്നങ്ങളുടെ യഥാർഥ കാരണം അപ്പോഴും അവശേഷിക്കുകയും ചിലപ്പോൾ മൂർഛിക്കുകയും ചെയ്യും. ഇതേ പ്രശ്നം തന്നെ നിങ്ങൾ ജ്യോത്സ്യന്റെയോ ഹസ്ത രേഖാശാസ്ത്രജ്ഞന്റെയോ മുന്നിൽ അവതരിപ്പിച്ചു നോക്കൂ. അയാൾ നിർദേശിക്കുന്ന പരിഹാരങ്ങൾ വേറെയായിരിക്കും.

‘വാസ്തുശാസ്ത്രം‘ ഒരു പഴയ വിജ്ഞാന ശാഖയാണ്. പഴയകാലത്ത സാങ്കേതിക വിജ്ഞാനത്തിന്റെയും ലഭ്യമായ നിർമാണ വസ്തുക്കളുടെയും എല്ലാം പരിമിതി അതിലുണ്ടാകും. എങ്കിലും അതിൽ പരിസ്ഥിതിയുമായും അന്നത്തെ സാമൂഹ്യജീവിതവുമായും ബന്ധപ്പെട്ട് അന്തേവാസികളുടെ സുസ്ഥിതി പരിഗണിച്ചുള്ള കുറെ ഘടകങ്ങൾ കാണും. അവയെല്ലാം ഇന്ന് അതേപടി സ്വീകരിക്കുക അശാസ്ത്രീയമാണ്.

കാര്യകാരണബന്ധം പറയാതെ, കുറെ ശാസനകൾ മാത്രമായി, പിൻതലമുറക്കു കൈമാറിയതു കൊണ്ട് ‘വാസ്തുശാസ്ത്രം‘ യഥാർഥ ശാസ്ത്രമായി വികസിക്കാതെ പോവു കയാണുണ്ടായത്.
പഠനമുറിയും സ്വീകരണമുറിയും കാർഷെഡ്ഡം കക്കൂസും ഒന്നും വാസ്തുശാസ്ത്രത്തിൽ സ്വാഭാവികമായും വരില്ല. അവ കൂട്ടിച്ചേർത്തുള്ള സംസ്കൃത ശ്ലോകങ്ങൾ പുതിയ “വാസ്തുശാസ്ത്രജ്ഞർ നിർമിച്ചുകൊണ്ടിരിക്കുന്നു. തൊഴുത്തും കൊയ്ത്ത്തുമെതിക്കുള്ള കളവും പത്തായപ്പുരയും ഒന്നും ഇക്കൂട്ടരുടെ ശ്ലോകങ്ങളിൽ വരുകയുമില്ല. ഭാവി യിൽ ഫ്രിഡ്ജും ടിവിയും കമ്പ്യൂട്ടറുമൊക്കെ വെയ്ക്കേണ്ട സ്ഥാനംപോലും ശ്ലോകങ്ങളിൽ പ്രത്യക്ഷപ്പെട്ടെന്നു വരാം. പൊതുമുതൽ ഉപയോഗിച്ച് വാസ്തു അനുകൂലമാക്കുന്ന മന്ത്രിമാരും ഉന്നതോദ്യോഗസ്ഥന്മാരും ഇന്ത്യയിൽ ധാരാളമുണ്ട്. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വാസ്തുശാസ്ത്രജ്ഞന്റെ ഉപദേശം മാനിച്ച് തന്റെ താമസസ്ഥലത്തുനിന്നും നോക്കിയാൽ കാണാമായിരുന്ന ഒരു കണ്ണകിപ്രതിമ കാണാമറയത്തേക്കു മാറ്റി സ്ഥാപിച്ചതും ഒട്ടേറെ ഒച്ചപ്പാടുണ്ടാക്കിയ സംഭവമാണ്. ദേവഗൗഡ പ്രധാനമന്ത്രിയായപ്പോൾ തന്റെ ഔദ്യോഗിക വസതിയുടെ മുൻവശത്ത് രണ്ടു പടികൾ മാത്രമുള്ളത് അശുഭകരമായിക്കണ്ട് ഭൂമി അൽപ്പം കുഴിച്ച് മൂന്ന് പടിയാക്കുകയുണ്ടായി (എന്നിട്ടും അദ്ദേഹത്തിന് കാലാവധി പൂർത്തിയാക്കാനായില്ല എന്നതു വേറെ കാര്യം). എൻ. ടി. രാമറാവുവാകട്ടെ മുഖ്യമന്ത്രിയായപ്പോൾ വസതിയുടെ മുമ്പിലെ റോഡിന്റെ നീളവും വീതിയും പോലും വാസ്തവനുസരിച്ച് മാറ്റി. അതിനായി നിരവധി ചേരിനിവാസികളെ ഒഴിപ്പിച്ചുമാറ്റി (എന്നിട്ടും സ്വന്തം മരുമകൻ അദ്ദേഹത്തിന്റെ കാലുവാരി. മരു മകന്റെ വസതിയുടെ വാസ്തു കൂടുതൽ മെച്ചമായതുകൊണ്ടായിരിക്കാം! ). എന്തായാലും, ശാസ്ത്രബോധത്തിനെതിരെയുള്ള ഒരു വലിയ വെല്ലുവിളിയായി ‘വാസ്തുശാസ്ത്രം‘ മാറിക്കൊണ്ടിരിക്കുകയാണ്. തനിമയുള്ളതും പരിസ്ഥിതിക്ക് ഇണങ്ങുന്നതുമായ ഒരു വാസ്തുവിദ്യയ്ക്കുവേണ്ടിയുള അന്വേഷണം നടക്കണം, പക്ഷേ, അത് പ്രാകൃതമായ വാസ്തുശാസ്ത്രത്തിൽ കുടുങ്ങിപ്പോകരുത്.


ഗ്രന്ഥസൂചി 

 1. Vastu Sastra and the 21st Century – Bharat Gandhi, Unmaty Vastu Consultants, Bombay.
 2. Mayamata – Bruno Dagons, Sitaram Bharatiya Institute of Scientific – Research, New Delhi.
 3. Rubbish Called Vastu – Kushwant Singh, Sweet & Sour, Deccan Herald, – Bangalore. Sept 20, 98.
 4. Vastu, Truth or Myth – B. V. Veerabhadrappa, Navakarnataka Publications, Bangalore.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ശാസ്ത്രവും കപടശാസ്ത്രവും എന്ന പുസ്തകത്തിലെ നാലാം അധ്യായം. വരും ദിവസങ്ങളില്‍ തുടര്‍ന്നുള്ള അധ്യായങ്ങളും പ്രസിദ്ധീകരിക്കുന്നതാണ്.

അനുബന്ധവായനകള്‍ക്ക്

 1. ഡൗസിങ്/സ്ഥാനം കാണല്‍
 2. പ്രവചന”ശാസ്ത്രങ്ങള്‍” – ജ്യോത്സ്യം, കൈനോട്ടം, പ്രശ്നം
 3. ശാസ്ത്രം യഥാര്‍ത്ഥവും കപടവും
 4. പ്രൊഫ.കെ.പാപ്പൂട്ടിയുടെ ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും വിക്കിഗ്രന്ഥശാലയില്‍ നിന്നും വായിക്കാം
Happy
Happy
55 %
Sad
Sad
0 %
Excited
Excited
36 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
9 %

Leave a Reply

Previous post കോവിഡിൽ നിന്നും നിപയിൽ നിന്നും പാഠം ഉൾകൊള്ളാം
Next post ആദിത്യ മിഷനെ കുറിച്ച് അറിയാം – ശാസ്ത്രജ്ഞരുമായി നേരിട്ട് സംവദിക്കാം.
Close