ബാലചന്ദ്രൻ ചിറമ്മൽ
കാലത്തിലൂടെ പിറകിലോട്ടും മുന്നോട്ടും നടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര മനോഹരമായിരിക്കും അല്ലെങ്കിൽ അമ്പരപ്പിക്കുന്നതായിരിക്കും എന്ന് നമുക്ക് അറിയണമെങ്കിൽ “ബാക്ക് റ്റു ദ ഫ്യൂച്ചർ” എന്ന സിനിമ കാണണം. ലോകം മുഴുവൻ ആഘോഷിച്ച ഈ സിനിമ ഒരു പക്ഷെ ഈ വിഷയം-“ടൈം ട്രാവൽ”–കൈകാര്യം ചെയ്യുന്ന ഏറ്റവും മികച്ച സിനിമയായിരിക്കും, 1960 ൽ തന്നെ ഈ വിഷയം കൈകാര്യം ചെയ്യുന്ന സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും. “ബാക്ക് റ്റു ദ ഫ്യൂച്ചർ” കാണാത്ത സിനിമാപ്രേക്ഷകർ കുറവായിരിക്കും. അത്ര കണ്ട് ജനപ്രിയമാണ് ഈ ചിത്രം.
എന്നാൽ ഇതേ വിഷയം കൈകാര്യം ചെയ്യുന്ന മറ്റൊരു ത്രില്ലർ സിനിമയാണ് 2007 ൽ പുറത്തിറങ്ങിയ “റ്റൈം ക്രൈംസ്”. നാചൊ വിഗൊലൊണ്ടൊ എഴുതി സംവിധാനം ചെയ്ത ഈ സ്പാനിഷ് ചിത്രത്തിൽ അദ്ദേഹം അഭിനയിക്കുന്നുമുണ്ട്. വെറും ടൈം ട്രാവൽ മാത്രമല്ല പല കാലങ്ങളിൽ ജീവിക്കേണ്ടി വരുന്ന ഒരു മനുഷ്യൻറെയും അയാൾ അകപ്പെട്ടുപോയ ഒരു കുറ്റകൃത്യത്തിന്റെയും അസാധാരണമായ ചിത്രീകരണമാണ് റ്റൈം ക്രൈംസ്. അയാൾക്ക് ഒരേ സമയം മൂന്ന് കാലങ്ങളിൽ ജീവിക്കേണ്ടി വന്നു എന്ന് മാത്രമല്ല അയാളുടെ തന്നെ മൂന്ന് പ്രതിരൂപങ്ങളോട് ഏറ്റുമുട്ടേണ്ടിയും വന്നു സിനിമയിൽ, സ്വയം രക്ഷിക്കാനും തന്റെ പ്രിയതമയെ രക്ഷിക്കാനും.
ഹെക്റ്റർ എന്ന സാധാരണ മനുഷ്യനാണ് സിനിമയിലെ നായകൻ. അദ്ദേഹവും ഭാര്യ ക്ലാരയും അവരുടെ പഴയ വീട് പുനർ നിർമിച്ച് താമസം തുടങ്ങാനാണ് അവിടെ എത്തിയത്. ഭാര്യ കാര്യങ്ങൾ അടുക്കി വെക്കുന്നതിനിടയിൽ പുറത്തെ പുൽത്തകിടിയിലിരുന്നു ബൈനക്കുലറിലൂടെ പരിസരം വീക്ഷിക്കുന്ന ഹെക്റ്റർ വീടിനപ്പുറത്തുള്ള വനത്തിൽ ഒരു സ്ത്രീയെ കാണുന്നു. അവൾ വിവസ്ത്രയാകുന്നത് നോക്കി നിൽക്കുന്നതിനിടയിൽ ഭാര്യ വന്നത് കൊണ്ട് ഹെക്റ്ററിന് തൽക്കാലം ബൈനക്കുലർ താഴ്ത്തി വെക്കേണ്ടി വന്നു. അല്പം കഴിഞ്ഞ് വീണ്ടും നോക്കുമ്പോൾ നഗ്നയായി അബോധാവസ്ഥയിൽ കിടക്കുന്ന അവളെയാണ് അയാൾ കാണുന്നത്. ഉടനെ ആ സ്ഥലത്തെത്തിയ ഹെക്റ്ററിനെ പിങ്ക് ബാൻഡേജ് കൊണ്ട് മുഖം മുഴുവൻ മറച്ച ഒരു മനുഷ്യൻ ആക്രമിക്കുന്നു. കത്രികകൊണ്ട് കൈക്ക് കുത്തേറ്റ ഹെക്റ്റർ ഉടനെ അവിടെ നിന്ന് ഓടി രക്ഷപ്പെടുന്നു.
വഴി തെറ്റി ഹെക്റ്റർ എത്തുന്നത് ഒരു വലിയ കെട്ടിടത്തിലാണ്. അതിന്റെ കണ്ണാടി വാതിൽ തകർത്ത് അകത്ത് കയറിയ ഹെക്റ്റർക്ക് ഒരു വാക്കിടോക്കി കിട്ടുന്നു. അതിലൂടെ സംസാരിച്ച അയാൾക്ക് ബന്ധപ്പെടാൻ കഴിഞ്ഞത് അതിന്റെ ഉടമയായ ഒരു ശാസ്തജ്ഞനുമായാണ്. അയാളുടെ നിർദ്ദേശപ്രകാരം മുന്നോട്ട് നീങ്ങിയ ഹെക്റ്റർ ഒടുവിൽ അയാളെ കണ്ടെത്തുന്നു. ബാൻഡേജിട്ട മനുഷ്യൻ ഹെക്റ്ററെ അപായപ്പെടുത്താൻ പിന്നാലെയുണ്ട് എന്ന് ശാസ്ത്രജ്ഞൻ ഹെക്റ്ററോട് പറയുകയും രക്ഷപ്പെടാൻ ഒരു യന്ത്രത്തിനുള്ളിൽ കയറി ഒളിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. യന്ത്രത്തിൽ നിന്നും പുറത്തിറങ്ങിയ ഹെക്റ്റർ യഥാർഥത്തിൽ ഒരു മണിക്കൂർ പിറകോട്ട് സഞ്ചരിക്കുകയാണ് ചെയ്തത്. ആ യന്ത്രം ഒരു റ്റൈം മെഷീൻ ആയിരുന്നു എന്ന് ഹെക്റ്റർക്ക് അറിയുമായിരുന്നില്ല. മാത്രമല്ല ഇപ്പോൾ അയാൾ പഴയ ഹെക്റ്റർ അല്ല പകരം ഒരു മണിക്കൂർ പിറകിലുള്ള മറ്റൊരു ഹെക്റ്റർ– ഹെക്റ്റർ-2 ആണ്. ഒറിജിനൽ ഹെക്റ്റർ അയാൾക്ക് പിറകെയുണ്ട്.
അവിടെ തന്നെ കാത്തിരുന്നു എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് വീക്ഷിക്കാനുള്ള ശാസ്ത്രജ്ഞന്റെ നിർദ്ദേശം അവഗണിച്ച് ഹെക്റ്റർ-2 പുറത്തിറങ്ങി അവിടെയുള്ള ഒരു കാറിൽ അയാൾ ഓടിച്ച് പോകുന്നു. വഴിയിൽ അയാൾ സൈക്കിളിൽ യാത്ര ചെയ്യുന്ന ഒരു സ്ത്രീയെ കാണുകയും വഴിയരികിൽ സ്വന്തം കാർ നിർത്തി അവരെ ശ്രദ്ധിക്കുന്നതിനിടയിൽ അത് വഴി വന്ന ഒരു വാഹനം അയാളുടെ കാർ ഇടിച്ച് തെറിപ്പിക്കുകയും ചെയ്യുന്നു. അയാളുടെ തലക്ക് മുറിവേറ്റ് രക്തം ഒഴുകാൻ തുടങ്ങി. കയ്യിൽ കെട്ടിയ ബാൻഡേജ് അഴിച്ച് അയാൾ തലക്ക് ചുറ്റും കെട്ടി. രക്തത്തിൽ മുങ്ങി അയാളുടെ ബാൻഡേജിന്റെ നിറം പിങ്ക് ആവുന്നു. അതിനിടയിൽ നേരത്തെ പോയ സ്ത്രീ തിരിച്ച് വന്ന് അയാളെ സഹായിക്കാൻ ശ്രമിക്കുന്നു. കാട്ടിൽ നേരത്തെ നഗ്നയായി ബോധരഹിതയായി കിടന്ന് സ്ത്രീയായിരുന്നു അത്. അപ്പോഴാണ് ശാസ്ത്രജ്ഞൻ പറഞ്ഞ കാര്യങ്ങൾ അയാൾ ഓർത്തത്. വീട്ടിൽ ഉള്ള ഹെക്റ്റർ നിങ്ങളുടെ പ്രതിരൂപം മാത്രമാണ് എന്നും അയാൾ അയാളുടെ ഭാഗം അഭിനയിച്ച് തീർക്കുന്നതോടെ നിങ്ങൾക്ക് തിരിച്ച് പോകാം എന്നും ഇപ്പോൾ പോയാൽ അത് നിങ്ങളുടെ ജീവിതത്തിന്റെ അന്ത്യമായിരിക്കും എന്നുമാണ് അയാൾ പറഞ്ഞത്. കാട്ടിൽ ഒറിജിനൽ ഹെക്റ്ററെ കത്രിക കൊണ്ട് കുത്തിയത് താനാണ് എന്ന് ഹെക്റ്റർ-2 വിന് അപ്പോഴാണ് ബോധ്യമായത്.
ഹെക്റ്റർ-2 സ്ത്രീയെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കാട്ടിലേക്ക് കൊണ്ട് പോകുന്നു. അപ്പോൾ ഹെക്റ്റർ-1 ബൈനക്കുലറിലൂടെ നോക്കുന്നത് അയാൾ കാണുന്നു. ഹെക്റ്റർ-1 വനത്തിലേക്ക് വരികയും സ്ത്രീയുടെ അബോധശരീരത്തിനടുത്ത് എത്തുമ്പോൾ ഹെക്റ്റർ-2 കയ്യിലുള്ള കത്രിക കൊണ്ട് ഹെക്റ്റർ-1 ന്റെ കയ്യിൽ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്യുന്നു. കുത്ത് കിട്ടിയ ഹെക്റ്റർ-1 ഓടി രക്ഷപ്പെടുന്നു. പിന്നാലെ ഓടിയ ഹെക്റ്റർ-2 എത്തുന്നത് സ്വന്തം വീട്ടിലാണ്. വീട്ടിലെത്തിയ ഹെക്റ്റർ-2 ഒരു സ്ത്രീയുടെ നിലവിളി കേട്ട് റ്റെറസ്സിലേക്ക് ഓടിക്കയറുന്നു. ടെറസ്സിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്ന അവളെ കടന്ന് പിടിക്കാൻ ഹെക്റ്റർ-2 ശ്രമിക്കവെ കാൽ തെറ്റി അവൾ റ്റെറസ്സിൽ നിന്നും താഴേക്ക് വീണ് മരിക്കുന്നു. അത് സ്വന്തം ഭാര്യ ക്ലാരയാണെന്ന് അയാൾ തെറ്റിദ്ധരിക്കുന്നു. ഭയന്ന ഹെക്റ്റർ-2 ശാസ്ത്രജ്ഞന്റെ വീട്ടിൽ തിരിച്ചെത്തുന്നു. ഹെക്റ്റർ-2 ശാസ്ത്രജ്ഞനോട് അയാളെ റ്റൈം മെഷീനിലൂടെ പിന്നോക്കം അയക്കാൻ ആവശ്യപ്പെടുന്നു. എന്നാൽ ശാസ്ത്രജ്ഞൻ അതിന് തയ്യാറായിരുന്നില്ല. അയാൾ മെഷീന്റെ ബാറ്ററി ഒളിപ്പിച്ചു. എന്നാൽ ഹെക്റ്റർ-2 ഒരു ഒത്തുതീർപ്പിനും തയ്യാറായിരുന്നില്ല. അയാൾ ഭീഷണി ഉപയോഗിച്ച് ശാസ്ത്രജ്ഞനെ കൊണ്ട് ഹെക്റ്റർ-2 വിനെ പിന്നോക്കം നടത്താൻ ആവശ്യപ്പെടുന്നു. അപ്പോഴാണ് ഹെക്റ്റർ-3 ഉള്ള വിവരം ശാസ്ത്രജ്ഞൻ ഹെക്റ്റർ-2 വിനോട് പറയുന്നത്. ഹെക്റ്റർ -2 വീട്ടിൽ എത്തിയപ്പോൾ ഹെക്റ്റർ-3 അവിടെ ഒരു സ്ത്രീയുടെ പിന്നാലെ ഓടി റ്റെറസ്സിൽ കയറുന്നതാണ് കണ്ടത്. ഓട്ടത്തിനിടയിൽ അവർ വേർപെട്ട് പോകുന്നു. ഹെക്റ്റർ-3 ക്ലാരയെ കണ്ടെത്തുകയും അവളെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു. കുരുക്കിൽ നിന്നും കുരുക്കിലേക്ക് കടന്ന് പോയ സിനിമ ഒടുവിൽ ഹെക്റ്ററുടെ ശാന്തമായ വസതിയിൽ അവസാനിക്കുന്നു.
ഈ കുരുക്കുകളിൽ നിന്നും പക്ഷെ കാണികൾക്ക് എളുപ്പം മുക്തനാവാൻ കഴിയുമായിരുന്നില്ല. സമയത്തിന്റെയും കാർബൺ പതിപ്പുകളുടേയും വലക്കണികളിൽ നിന്നും പുറത്തിറങ്ങാൻ കാണികൾ ബുദ്ധിമുട്ടും.
സമയം മനുഷ്യനെ സംബന്ധിച്ചിടത്തോളം എക്കാലവും ഒരു പ്രഹേളികയാണ്. നാം യഥാർഥത്തിൽ ഒരു സെക്കന്റ് മാത്രമാണ് ജീവിക്കുന്നത്. അടുത്ത നിമിഷം ആ ഒരു സെക്കൻറ്റ് ഭൂതകാലമാവും. ഭാവിയിൽ നിന്നും ഒരു സെക്കന്റ് നമ്മുടെ ജീവിതത്തിലേക്ക് കടന്ന് വരികയും ചെയ്യും. അത് കൊണ്ട് തന്നെ ഭൂതകാലവും ഭാവികാലവും എക്കാലവും മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു അഴിയാക്കുരുക്കായി നിലകൊള്ളുന്നു. ആ കുരുക്ക് അഴിച്ചെടുക്കുക എന്ന ധർമമാണ് ഇത്തരം ചിത്രങ്ങൾ ചെയ്യുന്നത്. പക്ഷെ കുരുക്കുകൾ മുറുകുകയല്ലാതെ അഴിച്ചെടുക്കാൻ ഇപ്പോഴും ശാസ്ത്രത്തിന് വലിയ തോതിൽ സാധ്യമായിട്ടില്ല.
സിനിമയുടെ Trailer
മറ്റു സിനിമകൾ