Read Time:33 Minute

ശ്രീനിധി കെ എസ്, നവീൻ പി യു

     കാന്തവും കാന്തികതയും എല്ലാം ആദ്യകാലത്തു മനുഷ്യന് മായാജാലങ്ങൾ ആയിരുന്നു. ലോഡ്സ്റ്റോണുകൾ (Lodestone) എന്ന് വിളിക്കുന്ന ചില വസ്തുക്കൾ (പ്രകൃത്യാ കാന്തികവൽക്കരിക്കപ്പെട്ട മാഗ്നെറ്റൈറ്റ് എന്ന അയിരിന്റെ കഷ്ണങ്ങൾ) ഇരുമ്പു തരികളെ ആകർഷിക്കുന്നതായി  മനുഷ്യർ കണ്ടെത്തി. പിന്നീട് ഭൂമിക്കും കാന്തികമണ്ഡലം (Magnetic field) ഉണ്ടെന്ന് അവർ തിരിച്ചറിയുകയും അതിന്റെ എക്കാലത്തെയും മികച്ച ഉപയോഗം ആയ വടക്കുനോക്കിയന്ത്രം നാവികവിദ്യയിൽ ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു.

ഇരുമ്പ് ഫയലിംഗുകൾ കാണിക്കുന്ന കാന്തികക്ഷേത്രം

    ഭൗമകാന്തികതയോട് ഉള്ള മനുഷ്യന്റെ ഇന്നും മാറിയിട്ടില്ലാത്ത അമ്പരപ്പും അജ്ഞാനവും ഒട്ടേറെ തെറ്റിദ്ധാരണകൾക്കും അന്ധവിശ്വാസങ്ങൾക്കും കാരണമായിട്ടുണ്ട്. ശാസ്ത്രീയമായി വിശദീകരിക്കാൻ കഴിയാത്ത വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ബലം കൊടുക്കാൻ ശാസ്ത്രസത്യങ്ങളെ വളച്ചൊടിച്ച് ദുരുപയോഗം ചെയ്യുന്നത് വളരെ വ്യാപകമാണല്ലോ. ഭൗമകാന്തികതയെ കുറിച്ചുള്ള ചില അടിസ്ഥാനവിവരങ്ങളുടെ ഓർമ്മ പുതുക്കുകയും അതിനെ ചുറ്റിപ്പറ്റിയുള്ള ചില തെറ്റിദ്ധാരണകൾ  തിരുത്തുകയും ചെയ്യുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.

ഭൂമിക്കുള്ളിലെ ഭീമൻ കാന്തം

ഭൂമിയുടെ കാന്തികതയാണ് വടക്കുനോക്കിയന്ത്രം ഉൾപ്പെടെയുള്ള പല കണ്ടെത്തലുകളും സാധ്യമാക്കിയത് എന്ന് അറിയാമല്ലോ. ഭൂമിക്കുള്ളിൽ സ്ഥിതിചെയ്യുന്ന ഒരു സാങ്കൽപ്പിക കാന്തത്തിൽ നിന്നും പുറപ്പെടുന്ന കാന്തികമണ്ഡലം എന്നാണ് ഭൗമകാന്തികതയെ കുറിച്ചുള്ള നമ്മുടെ അടിസ്ഥാനപാഠം. ഒരു ബാർ മാഗ്നെറ്റിന് രണ്ട് ധ്രുവങ്ങൾ ഉണ്ടെന്ന് അറിയാമല്ലോ-ഉത്തരധ്രുവവും ദക്ഷിണധ്രുവവും. ഇങ്ങനെ രണ്ട് ധ്രുവങ്ങളോട് കൂടിയ കാന്തികമണ്ഡലത്തിനെ ഡൈപോളാർ എന്ന് വിളിക്കുന്നു. ഭൂമിയുടെ കാന്തികമണ്ഡലം 90 ശതമാനവും ഡൈപോളാർ സ്വഭാവമാണ് കാണിക്കുന്നത്. ഭൗമകാന്തികതയെ രണ്ടു ധ്രുവങ്ങളോട് കൂടിയ കാന്തികമണ്ഡലമായി ഏറെക്കുറെ വിശദീകരിക്കാൻ സാധിക്കുന്നത് കൊണ്ടാണ് ഒരു സാങ്കല്പികകാന്തത്തെ ശാസ്ത്രജ്ഞർ സൃഷ്ടിച്ചിട്ടുള്ളത്.

ഭൗമകാന്തികത കടപ്പാട്: നാസ

യഥാർത്ഥത്തിൽ ഭൂമിക്കുള്ളിൽ അത്തരമൊരു ബാർ മാഗ്നറ്റ്  ഇല്ല എന്ന് ഏവർക്കും അറിയാമല്ലോ. ഈ സാങ്കൽപ്പിക കാന്തം നിലവിൽ ഭൂമിയുടെ അച്ചുതണ്ടിൽ നിന്നും ഏകദേശം 11.5 ഡിഗ്രി ചരിഞ്ഞ് ആണ് ശാസ്ത്രജ്ഞർ അനുമാനിച്ചിരിക്കുന്നത്. അതായത് അത്തരത്തിൽ വിന്യസിച്ചിരിക്കുന്ന ഒരു ബാർ മാഗ്നെറ്റിന് ആണ് ഭൂമിയുടെ ഡൈ പോളാർ കാന്തികമണ്ഡലത്തോട് ഏറ്റവും സാമ്യമുള്ള കാന്തികമണ്ഡലം സൃഷ്ടിക്കാനാവുക. പ്രസ്തുത സാങ്കൽപ്പിക കാന്തത്തിന്റെ ഉത്തരധ്രുവവും ദക്ഷിണധ്രുവവും ഭൗമോപരിതലത്തിൽ എവിടെയാണോ കണക്കാക്കുന്നത്, അവയെ ഭൗമകാന്തികധ്രുവങ്ങൾ (Geomagnetic poles) എന്ന് പറയുന്നു.   അച്ചുതണ്ടിൽ നിന്നും സാങ്കൽപ്പിക ബാർ മാഗ്നെറ്റിന് ചരിവുള്ളതിനാൽ ഭൂമിയുടെ ഉത്തരധ്രുവവും വടക്കൻ ഭൗമകാന്തികധ്രുവവും ഒന്നല്ല, മറിച്ച് അല്പം അകലെയാണ് എന്ന് ചുരുക്കം. ഭൗമകാന്തികധ്രുവങ്ങൾ നിർണ്ണയിച്ചിട്ടുള്ളത് പോലെ തന്നെ ഭൗമകാന്തികമധ്യരേഖയും, ഭൂമധ്യരേഖ പോലെ, നിർണ്ണയിച്ചിട്ടുണ്ട്. 

രോഗിയുടെ ഇരുവശത്തുമുള്ള കോയിലുകളുള്ള ഒരു ദ്വിധ്രുവ വൈദ്യുതകാന്തിക ക്രമീകരണമുള്ള MR സ്കാൻ രൂപകൽപ്പന. ഈ കോയിലുകൾ സൂപ്പർകണ്ടക്റ്റീവ് അല്ലെങ്കിൽ പ്രതിരോധശേഷിയുള്ളതും 0.5T മുതൽ 1.2T വരെയാകാം. കടപ്പാട്: mriquestions.com

     ഭൗമകാന്തികതയുടെ ശക്തിയെ കുറിച്ചും അറിയേണ്ടതുണ്ട്. ഏറ്റവും കുറഞ്ഞ ശരാശരി കാന്തികത അനുഭവപ്പെടുന്നത് ഭൗമകാന്തികമധ്യരേഖയിൽ ആണ്-ഏകദേശം 0.03 മില്ലി ടെസ്‌ല. ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് കാന്തികധ്രുവങ്ങളിൽ ആണ്-ഏകദേശം 0.06 മില്ലി ടെസ്‌ല. നമ്മുടെ നിത്യജീവിതത്തിൽ പരിചയമുള്ള ചില കാന്തികമണ്ഡലങ്ങളുമായി ഇതിനെ താരതമ്യപ്പെടുത്തി നോക്കാം. ഒരു സാധാരണ റഫ്രിജറേറ്റർ മാഗ്നറ്റിന്റെ കാന്തശക്തി ഏതാനും മില്ലി ടെസ്‌ല ആണ്. അതായത് ഭൗമകാന്തികശക്തിയുടെ നൂറ് ഇരട്ടി!! ഒരു സാധാരണ MRI മെഷീനിൽ ഉപയോഗിക്കുന്ന കാന്തശക്തി 0.2 മുതൽ 3 ടെസ്‌ല വരെയാണ്. അഥവാ ഭൗമകാന്തികതയുടെ അര ലക്ഷം മടങ്ങിനു മുകളിൽ. പരീക്ഷണശാലകളിൽ ഉപയോഗിക്കുന്ന NMR സ്‌പെക്‌ട്രോമീറ്ററിൽ 11 ടെസ്‌ലയോളം വരുന്ന കാന്തികമണ്ഡലം ആണ് ഉപയോഗിക്കുന്നത്.  

 

ഭൂമിക്കുള്ളിലെ കാന്തം എന്നത് സാങ്കൽപ്പികം ആണെങ്കിൽ പിന്നെ എങ്ങനെയാണ് ഭൗമകാന്തികത ഉണ്ടാവുന്നതും അത് തെക്കു-വടക്ക് ദിശയിൽ തന്നെ അനുഭവപ്പെടുന്നതും?

     വിവിധ ഉറവിടങ്ങളിൽ നിന്നുള്ള കാന്തികതയുടെ ആകെത്തുകയാണ് ഭൗമകാന്തികതയായി നമുക്ക് അനുഭവപ്പെടുന്നത്. അതിൽ ഭൂമിക്ക് അകത്തു നിന്നുള്ള ഘടകങ്ങളും (internal origin) പുറത്തു നിന്നുള്ള ഘടകങ്ങളും (external origin) ഉണ്ട്. കമ്പിച്ചുരുളുകളിലൂടെ വൈദ്യതി കടന്നു പോകുമ്പോൾ അത് കാന്തികമണ്ഡലം സൃഷ്ടിക്കുന്നുണ്ടെന്നു അറിയാമല്ലോ. ഇത് പോലെ ഭൂമിക്കുള്ളിൽ പാളികളിൽ ഒരു ജിയോഡൈനാമോ പ്രവർത്തിക്കുന്നുണ്ട് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ചന്ദ്രനെക്കാൾ അൽപ്പം ചെറിയതും എന്നാൽ സൂര്യനോളം ചൂടുള്ളതും ആയ അകക്കാമ്പാണ് (inner core) ഭൂമിയുടെ ഏറ്റവും ഉള്ളിലെ പാളി.

ഖരാവസ്ഥയിൽ ഉള്ള അകക്കാമ്പിനു ചുറ്റും ആണ് ദ്രവാവസ്ഥയിൽ ഉള്ള പുറക്കാമ്പ് (outer core) സ്ഥിതി ചെയ്യുന്നത്. 5000 ഡിഗ്രി സെൽഷ്യസോളം താപനിലയിൽ ചുട്ടു പഴുത്ത് നിൽക്കുന്ന പുറക്കാമ്പിൽ ഇരുമ്പും നിക്കലും ആണ് പ്രധാനമായും കാണപ്പെടുന്നത്. ഈ ദ്രവാവസ്ഥയിൽ ഉള്ള പുറക്കാമ്പിന്റെ പതിയെ ഉള്ള ഒഴുക്കാണ് ജിയോഡൈനാമോ ആയി പ്രവർത്തിക്കുന്നതും അതിന്റെ ഫലമായി ഭൗമകാന്തികതയുടെ ഏകദേശം 95 ശതമാനവും സൃഷ്‌ടിക്കപ്പെടുന്നതും. എങ്കിൽ പോലും ഈ ജിയോഡൈനാമോയുടെ പ്രവർത്തനം എങ്ങനെയെന്ന് കൃത്യമായി ഇന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 

ഭൂമിയുടെ കാന്തികക്ഷേത്ര ഘടന കടപ്പാട്: researchoutreach.org

     ഇതിനു പുറമേ  ഭൂവൽക്കത്തിലെ പാറകളുടെയും മറ്റും കാന്തികതക്ക് അനുസരിച്ച് ആകെ കാന്തികമണ്ഡലത്തിൽ പ്രാദേശികമായ ഏറ്റക്കുറച്ചിലുകൾ സംഭവിക്കാറുണ്ട്. പുറക്കാമ്പിൽ നിന്നും ഉത്ഭവിക്കുന്ന പ്രധാന കാന്തികതയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 2.5 ശതമാനം മാത്രമാണ് ഉപരിതലപ്പാളികളിൽ നിന്നുള്ള പങ്ക്. സൂര്യന്റെ അന്തരീക്ഷത്തിൽ നിന്നുമുള്ള പ്ലാസ്മാപ്രവാഹത്തിൽ (സൗരവാതം / solar wind) നിന്നും രക്ഷ നേടാൻ ഭൂമി പിടിച്ചു നിൽക്കുന്ന പരിചയാണ്‌ കാന്തികമണ്ഡലം. ഭൂമിക്കു നേരെ പാഞ്ഞു വരുന്ന വൈദ്യുതചാർജുകളെ ഒരു പരിധി വരെയും വഴി തിരിച്ചു വിടുന്നത് കാന്തികമണ്ഡലം ആണ്. അത്രയും വലിയ ഉയരങ്ങളിൽ സൂര്യനിൽ നിന്നുള്ള അത്തരം പ്രവാഹങ്ങളും കാന്തികമണ്ഡലത്തെ സ്വാധീനിക്കുന്നുണ്ട്.

“വേണെങ്കിൽ തെക്കോട്ട് അരുതേ വടക്കോട്ട്”

     കാലാകാലങ്ങളായി മുതിർന്നവർ പറഞ്ഞുപഠിപ്പിക്കുന്ന വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും എന്തെങ്കിലും ശാസ്ത്രീയമായ വിശദീകരണം ഉണ്ടോ എന്ന് പരിശോധിക്കുന്നവർ ഇന്ന് ഒരുപാടുണ്ടല്ലോ. നല്ലതു തന്നെ. എന്നാൽ ശാസ്ത്രത്തിന്റെ വിശദീകരണം എന്ന് പ്രചരിക്കുന്നത് ചില അബദ്ധധാരണകൾ ആണെങ്കിലോ? അത്തരത്തിൽ ഒന്നാണ് വടക്കോട്ട് തലവച്ച് ഉറങ്ങരുത് എന്ന് പറയുന്ന “വേണെങ്കിൽ തെക്കോട്ട് അരുതേ വടക്കോട്ട്” എന്ന പഴമൊഴി. വടക്കോട്ട് തല വച്ച് കിടന്നുറങ്ങുന്ന ഒരാളുടെ രക്തത്തിലെ ഹീമോഗ്ളോബിനിലെ ഇരുമ്പ് തെക്ക്-വടക്ക് ദിശയിൽ ഉള്ള ഭൗമകാന്തികമണ്ഡലത്താൽ ആകർഷിക്കപ്പെടുമെന്നും അത് അസുഖങ്ങൾ ഉണ്ടാക്കുമെന്നും ആണ് വാദം. ഹീമോഗ്ളോബിനിലെ ഇരുമ്പ് ഭൂമിയുടെ കാന്തശക്തിയാൽ ആകർഷിക്കപ്പെടുമെന്നും തലയിൽ നിന്നും രക്തം ഇറങ്ങി കാലിലേക്ക് പ്രവഹിക്കുമെന്നും തലയും കാലും രണ്ട് ധ്രുവങ്ങളെ പോലെ പ്രവർത്തിക്കുമെന്നും ഒക്കെയാണ് പ്രചരിക്കുന്നത്.      കൂടുതൽ വിശദീകരണത്തിലേക്ക് കടക്കും മുൻപ് രണ്ട് കാര്യങ്ങൾ ഓർത്തുവെക്കാം. ഒന്ന് – മുകളിൽ സൂചിപ്പിച്ചതു പോലെ ഭൂമിയുടെ കാന്തികത നമ്മൾ നിത്യജീവിതത്തിൽ ഇടപഴകുന്ന പല കാന്തികവസ്തുക്കളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ദുർബലമാണ്. രണ്ട്- വസ്തുക്കളെ അവ കാന്തികമണ്ഡലത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി വിവിധ ഗണങ്ങളായി തിരിക്കുന്നുണ്ട് : ഫെറോമാഗ്നെറ്റിക് (Ferromagnetic, മറ്റൊരു കാന്തത്താൽ ശക്തമായി ആകർഷിക്കപ്പെടുന്ന വസ്തുക്കൾ. ഉദാ. ഇരുമ്പ്), പാരാമാഗ്നെറ്റിക് (Paramagnetic, കാന്തികമണ്ഡലത്തിൽ നേരിയ തോതിൽ ആകർഷിക്കപ്പെടുന്നവ ഉദാ. അലൂമിനിയം), ഡയാമാഗ്നെറ്റിക് (Diamagnetic, കാന്തത്താൽ വളരെ നേരിയ തോതിൽ വികർഷിക്കപ്പെടുന്നവ ഉദാ. ജലം , വെള്ളി) തുടങ്ങിയവ. ഇവയിൽ പാരാമാഗ്നെറ്റിക് വസ്തുക്കളുടെയും  ഡയാമാഗ്നെറ്റിക് വസ്തുക്കളുടെയും സാധാരണ കാന്തങ്ങളോടുള്ള ആകർഷണം, വികർഷണം എന്നിവ നിത്യജീവിതത്തിൽ നമുക്ക് അനുഭവപ്പെടാത്തത് ആണെന്ന് പ്രത്യേകിച്ചു പറയേണ്ടല്ലോ. നമുക്ക് മുന്നിൽ പ്രകടമായി കാന്തങ്ങൾ ആകർഷിക്കുന്നത് ഫെറോമാഗ്നെറ്റിക് വസ്തുക്കളെ മാത്രം ആണെന്ന് ചുരുക്കം.

ഇനി കാര്യത്തിലേക്ക് കടക്കാം 

ചുവന്ന രക്താണുക്കളിൽ ഹീമോഗ്ലോബിൻ എന്ന സംയുക്തത്തിൽ ആണ് ഇരുമ്പ് അടങ്ങിയിരിക്കുന്നത്. വിവിധ മൂലകങ്ങൾ ചേർന്നുണ്ടാവുന്ന സംയുക്തങ്ങൾ അതാത് മൂലകങ്ങളുടെ സ്വഭാവം കാണിക്കണമെന്നില്ല എന്ന സ്കൂൾ രസതന്ത്രക്ലാസ്സ് നമുക്ക് ഒന്നു കൂടെ ഓർക്കാം. ഉദാഹരണത്തിന്, കത്തുന്ന വാതകമായ ഹൈഡ്രജനും കത്താൻ സഹായിക്കുന്ന ഓക്സിജനും ചേർന്ന സംയുക്തമായ ജലം തീയണക്കാൻ ആണല്ലോ നമ്മൾ ഉപയോഗിക്കുന്നത്. അതുപോലെ, ഹീമോഗ്ളോബിനിൽ ഇരുമ്പ് അടങ്ങിയിരിക്കുന്നു എന്നത് കൊണ്ട് അത് കാന്തികത കാണിക്കണമെന്നില്ല. വടക്കോട്ടു തലവച്ച് കിടക്കുന്ന ഒരാളെ സങ്കല്പിക്കാം. അയാളുടെ ശരീരത്തിലെ രക്തത്തിലെ ഹീമോഗ്ലോബിൻ ശരീരത്തിലെ വിവിധ കോശങ്ങളിലേക്ക് ഓക്സിജൻ വഹിച്ചു കൊണ്ട് പോകുന്ന അവസ്ഥയെ ഓക്സിജനേറ്റഡ് (Oxygenated) അവസ്ഥ എന്ന് പറയാം. ആ അവസ്ഥയിൽ ഹീമോഗ്ലോബിൻ ഡയാമാഗ്നെറ്റിക് സ്വഭാവം ആണ് കാണിക്കുന്നത്. അതായത്  ജലത്തെ പോലെ വളരെ ദുർബലമായി കാന്തമണ്ഡലങ്ങളോട് വികർഷണം കാണിക്കുന്നു. കോശങ്ങളിലേക്ക് ഓക്സിജൻ കൈമാറിക്കഴിഞ്ഞ ഹീമോഗ്ലോബിനെ ഡീഓക്സിജനേറ്റഡ് (Deoxygenated) ഹീമോഗ്ലോബിൻ എന്ന് വിളിക്കുന്നു. ആ അവസ്ഥയിൽ ആവട്ടെ ഹീമോഗ്ലോബിൻ പരാമാഗ്നെറ്റിക് ആണ്

മനുഷ്യ ഹീമോഗ്ലോബിന്റെ ഘടന. α, β ഉപവിഭാഗങ്ങൾ യഥാക്രമം ചുവപ്പും നീലയും, ഇരുമ്പ് അടങ്ങിയ ഹീം ഗ്രൂപ്പുകൾ പച്ചയുമാണ്. കടപ്പാട്: Wikipedia

   . അഥവാ അലൂമിനിയം ഒക്കെ പോലെ വളരെ ശക്തമായ കാന്തങ്ങളോട് ചെറിയ ആകർഷണം മാത്രം. ഭൂമിയുടേത് പോലെ ദുർബലമായ ഒരു കാന്തികമണ്ഡലത്തിൽ ഹീമോഗ്ലോബിന്റെ ഈ സ്വഭാവങ്ങൾ ഒന്നും പ്രകടമല്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. മറിച്ചായിരുന്നെങ്കിൽ ഭൂമിയുടേതിനേക്കാൾ അര ലക്ഷം ശക്തി കൂടിയ കാന്തികമണ്ഡലം ഉപയോഗിക്കുന്ന MRI സ്കാനിങ് ഒന്നും സാധ്യമാകില്ലായിരുന്നല്ലോ. കൂടാതെ, നമ്മുടെയെല്ലാം വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉണ്ടാക്കുന്ന, ഭൂമിയുടേതിനേക്കാൾ ശക്തമായ കാന്തികമണ്ഡലത്തിൽ ആണ് നമ്മൾ ഉണ്ണുന്നതും ഉറങ്ങുന്നതും എല്ലാം. ഒരു കൊച്ചു വടക്കുനോക്കിയന്ത്രം ഉപയോഗിച്ച് ആർക്കും ഇത് ബോധ്യപ്പെടാവുന്നതാണ്. ചുരുക്കിപ്പറഞ്ഞാൽ കോശങ്ങളായ കോശങ്ങളിലേക്കെല്ലാം ഓക്സിജൻ എത്തിക്കുന്ന നെട്ടോട്ടത്തിനിടയിൽ  നമ്മൾ വടക്കോട്ടു കിടക്കുന്നോ തെക്കോട്ട് തിരിയുന്നോ എന്നതൊന്നും ഹീമോഗ്ലോബിന് വിഷയമല്ല.

ക്ഷേത്രങ്ങളും ക്ഷേത്രാചാരങ്ങളും 

     ക്ഷേത്രങ്ങളുടെയും ക്ഷേത്രാചാരങ്ങളുടെയും നിലനിൽപ്പിനു വേണ്ടിയാണ് ഭൗമകാന്തികതയെ ഏറ്റവും കൂടുതൽ വളച്ചൊടിച്ചിട്ടുള്ളത് എന്ന് തോന്നുന്നു. ഈയിടെ പ്രചാരത്തിൽ കണ്ട ചില ഉദാഹരണങ്ങളും അതിന് ശാസ്ത്രം നൽകുന്ന മറുപടികളും 

1) മഹാക്ഷേത്രങ്ങൾ എല്ലാം സ്ഥിതി ചെയ്യുന്നത് ഭൂമിയുടെ കാന്തിക മണ്ഡലത്തിൽ ആണ്.

മറുപടി : മഹാക്ഷേത്രങ്ങൾ മാത്രമല്ല ഈ ഭൂമിയിലെ മനുഷ്യനിർമ്മിതവും അല്ലാത്തതുമായ എല്ലാമെല്ലാം നിലനിൽക്കുന്നത് ഭൂമിയുടെ കാന്തികമണ്ഡലത്തിൽ തന്നെയാണ്.

2) മഹാക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത് ഭൂമിയുടെ കാന്തശക്തി കൂടിയ ഇടങ്ങളിൽ ആണ്‌.

മറുപടി : ഭൗമകാന്തികത ഏറ്റവും ശക്തിയിൽ ഉള്ളത് ധ്രുവങ്ങളിൽ ആണ്. അവിടങ്ങളിൽ മഹാക്ഷേത്രങ്ങൾ ഇല്ല. ഭൂവൽക്കത്തിലെ പാറകളുടെ കാന്തികസ്വഭാവം അനുസരിച്ച് ഭൗമകാന്തികശക്തിയിൽ പ്രാദേശികമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാറുണ്ടെന്ന് പറഞ്ഞല്ലോ. അത്തരം ഇടങ്ങളിൽ എല്ലാം ആരാധനാലയങ്ങൾ ഉള്ളതായോ ആരാധനാലയങ്ങൾ ഉള്ളിടത്തെല്ലാം കാന്തികശക്തിയിൽ വ്യത്യാസങ്ങൾ ഉള്ളതായോ ഇത് വരെ തെളിഞ്ഞിട്ടില്ല. 

3) ക്ഷേത്രങ്ങളിൽ വലത്തോട്ട് പ്രദക്ഷിണം വക്കുന്നത് ഭൂമിയുടെ കാന്തികമണ്ഡലത്തെ മുറിച്ച് കടക്കാതിരിക്കാൻ ആണ്. അതിലൂടെ കാന്തികോർജ്ജം നമ്മുടെ ശരീരത്തിലേക്ക് ആവാഹിക്കപ്പെടുന്നു.

മറുപടി : ഭൂമിയുടെ കാന്തശക്തി എത്ര മാത്രം ദുർബലമാണെന്ന് പറഞ്ഞല്ലോ. ശരീരമാകെ ഓടിനടക്കുന്ന ഹീമോഗ്ലോബിന് കാന്തികമണ്ഡലത്തിൽ കൂടുതൽ ഒന്നും ചെയ്യാൻ ഇല്ലെന്നും നമ്മൾ കണ്ടു. തെക്ക് വടക്ക് ദിശയിൽ വിന്യസിച്ചിരിക്കുന്ന കാന്തികരേഖകൾ ഒരു മനുഷ്യന്റെ വലിപ്പത്തിന്റെ സ്കെയിലിൽ നോക്കുമ്പോൾ യൂണിഫോം ആണ്. മനുഷ്യൻ വലത്തോട്ടോ ഇടത്തോട്ടോ പ്രദക്ഷിണം വക്കുന്നത് കൊണ്ട് ഭൂമിയുടെ കാന്തികമണ്ഡലവുമായി വിശേഷപ്പെട്ട യാതൊരു ഇടപാടും നടക്കുന്നില്ല. ഭൗമകാന്തികത പോലെയുള്ള വിഷയങ്ങളിൽ അത്രമേൽ അപ്രസക്തം ആണ് മനുഷ്യൻ എന്ന് ചുരുക്കം.

4)ക്ഷേത്രങ്ങളിൽ പ്രവേശിക്കും മുൻപ് പാദരക്ഷകൾ പുറത്തു വക്കുന്നതിലൂടെ ക്ഷേത്രത്തിലെ അതീവ സാന്ദ്രമായ കാന്തികോർജ്ജം നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നു. പാദരക്ഷകൾ കാന്തികോർജ്ജത്തിന്റെ ഈ പ്രവാഹത്തെ തടസ്സപ്പെടുത്തും.

മറുപടി : ക്ഷേത്രസ്ഥാനങ്ങളിലെ കാന്തികമണ്ഡലത്തിന്റെ കാര്യം വീണ്ടും വിശദീകരിക്കുന്നില്ല. ഇനി പാദരക്ഷകളുടെ കാര്യം. കാന്തികരേഖകളെ മുറിക്കാനോ തടഞ്ഞുനിർത്താനോ സാധ്യമല്ല. പ്രായോഗികമായി ഏറ്റവും സാധ്യമായിട്ടുള്ളത് ചില വസ്തുക്കളുടെ സഹായത്തോടെ കാന്തികരേഖകളെ വഴി തിരിച്ചു വിടുക എന്നത് മാത്രം ആണ്. പരീക്ഷണശാലകളിലും മറ്റും ചില വസ്തുക്കളെയും ഉപകരണങ്ങളെയും എല്ലാം പുറത്തു നിന്നുള്ള കാന്തികമണ്ഡലത്തിൽ നിന്നും സംരക്ഷിക്കാൻ വേണ്ടി മാഗ്നെറ്റിക് ഷീൽഡിങ് എന്ന ഈ മാർഗ്ഗം ഉപയോഗിക്കാറുണ്ട്. ‘മ്യു മെറ്റൽ’ പോലെയുള്ള ചില വസ്തുക്കൾ ആണ് കാന്തികകവചങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കാറ്. ഈ കവചങ്ങൾ കാന്തിക മണ്ഡലത്തെ തടഞ്ഞു നിർത്തുകയല്ല, പകരം, കാന്തികരേഖകളുടെ പാതയെ വഴി തിരിച്ചു വിടുകയാണ് ചെയ്യുന്നത്. അങ്ങനെ ഈ കവചത്തിനകത്ത് കാന്തികമണ്ഡലത്തിന്റെ സ്വാധീനം പരമാവധി കുറക്കാൻ സാധിക്കുന്നു. നമ്മൾ ഉപയോഗിക്കുന്ന റബ്ബറിന്റെയോ തുകലിന്റെയോ പാദരക്ഷകൾക്ക് ഒന്നും കാന്തിക രേഖകളെ വഴി തിരിച്ചുവിടാൻ ഉള്ള കഴിവില്ല. 

5)ക്ഷേത്രങ്ങളിലെ കാന്തിക മണ്ഡലം പോസിറ്റീവ് എനർജി നൽകുന്നു.

മറുപടി : വിശ്വാസികൾക്ക് ക്ഷേത്രദർശനത്തിലൂടെ ലഭിക്കുന്ന ആശ്വാസത്തെയും സന്തോഷത്തെയും ആണ് കാവ്യാത്മകമായി  പോസിറ്റീവ് എനർജി എന്ന് വിളിക്കുന്നതെങ്കിൽ അവിടെ ചർച്ച നിർത്താം. പക്ഷെ വീണ്ടും കാന്തികമണ്ഡലത്തെയും അതിന്റെ ഫിസിക്സിനെയും പിടിച്ച് മുമ്പിൽ നിർത്തുന്നതാണ് പ്രശ്‍നം. കാന്തികമണ്ഡലവുമായി ബന്ധപ്പെട്ട് ഒരു ഊർജ്ജം (എനർജി) ഉണ്ട്- കാന്തികോർജ്ജം എന്ന് വിളിക്കുന്നു. ഒരു കാന്തികമണ്ഡലത്തിൽ സംഭരിച്ചു വച്ചിട്ടുള്ള ഊർജ്ജം ആണ് കാന്തികോർജ്ജം. കാന്തികോർജ്ജവും വൈദ്യുതോർജ്ജവും ഒരു ഒറ്റ ഊർജ്ജരൂപത്തിന്റെ (വൈദ്യുത-കാന്തികോർജ്ജം) രണ്ട് ഭാഗങ്ങൾ ആയാണ് കണക്കാക്കുന്നത്. പക്ഷെ ഭൂമിയിൽ സ്വാഭാവികമായുണ്ടാകുന്ന കാന്തികമണ്ഡലം വളരെ ദുർബലമായതിനാൽ അതിൽ നിന്നും ലഭ്യമാക്കാവുന്ന ഊർജ്ജവും വളരെ വളരെ ചെറുതാണ്. മറിച്ചായിരുന്നെങ്കിൽ ധ്രുവപ്രദേശങ്ങളിൽ ജീവിക്കുന്നവർ അവിടുത്തെ താരതമ്യേന ശക്തികൂടിയ കാന്തികമണ്ഡലത്തിൽ പോസിറ്റീവ് ഊർജ്ജപ്രവാഹം കൊണ്ട് പുളകിതരായേനെ. MRI സ്കാനിങ്ങിനെല്ലാം വിധേയരാകുന്നവരുടെ കാര്യം പിന്നെ ചിന്തിക്കുകയേ  വേണ്ട.

കാന്തത്തെ മയക്കുന്ന ആർത്തവരക്തം?

ക്ഷേത്രാചാരങ്ങളും ആർത്തവത്തിന്റെ ശുദ്ധാശുദ്ധികളും എല്ലാം പൊരിഞ്ഞ ചർച്ചകൾക്ക് വിധേയമായിക്കൊണ്ടിരിക്കുമ്പോൾ ഇടയിൽ പെട്ടുപോയ പാവത്താൻ ആണ് കാന്തികത, വിശേഷിച്ചും ഭൗമകാന്തികത. ആർത്തവരക്തത്തിനു കാന്തികമണ്ഡലത്തെ സ്വാധീനിയ്ക്കാൻ ശേഷിയുണ്ടെന്നും അതിനാൽ തന്നെ വിശേഷപ്പെട്ട ഭൗമകാന്തികകേന്ദ്രങ്ങളായ ക്ഷേത്രങ്ങളുമായി  അത് സമ്പർക്കത്തിൽ വരുന്നത് ഊർജ്ജപ്രവാഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നുമൊക്കെയാണ് പ്രചരിപ്പിക്കപ്പെടുന്നത്. ക്ഷേത്രസ്ഥാനങ്ങളിലെ പ്രത്യേക കാന്തികവലയങ്ങൾ എന്നതിലെ കാപട്യം നേരത്തെ വിശദീകരിച്ചു. അങ്ങനെ ഒരു വിശേഷപ്പെട്ട കാന്തികമണ്ഡലം ഭൂമിയിൽ ഉണ്ടെന്ന് തന്നെ ഇരിക്കട്ടെ, അത്തരമൊരു മണ്ഡലത്തിനകത്ത് രക്തകണങ്ങൾക്ക് പ്രത്യേക മാറ്റങ്ങൾ ഉണ്ടാകുന്നതായോ, രക്തകണങ്ങളിലെ കാന്തസ്വഭാവം മറ്റൊരു കാന്തികമണ്ഡലവുമായി ഇടപെടുമെന്നോ പഠനങ്ങളില്ല.  ഹീമോ ഗ്ലോബിന്റെ കാന്തികസ്വഭാവം എങ്ങനെയെന്ന് മുകളിൽ വായിച്ചല്ലോ. മറിച്ചായിരുന്നെങ്കിൽ അനേകം വൈദ്യുതോപകരണങ്ങൾ സൃഷ്ടിക്കുന്ന കാന്തികമണ്ഡലത്തിൽ ജീവിക്കുന്ന നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളും പേശികളും എല്ലാം വിജൃംഭിച്ച് പൊട്ടിത്തെറിക്കുകയും മനുഷ്യജീവിതം ദുസ്സഹമാവുകയും ചെയ്തേനെ. 

വാസ്തുവും ദുഷ്ടകാന്തികശക്തിയും  

വാസ്തു’ശാസ്ത്ര’പ്രകാരം നിർമിക്കുന്ന കെട്ടിടങ്ങൾ ഭൂമിയുടെ കാന്തികമണ്ഡലത്തെ തടഞ്ഞു നിർത്തുകയും അത് വഴി മനുഷ്യരിലേക്ക് പ്രവഹിക്കാവുന്ന നെഗറ്റീവ് എനർജി ഇല്ലാതാക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ചിലയിടങ്ങളിൽ പോസിറ്റീവ് എനർജി നൽകുന്ന ഭൗമകാന്തികത മറ്റു ചില സന്ദർഭങ്ങളിൽ നെഗറ്റീവ് എനർജി നൽകുന്ന ദുഷ്ടശക്തി ആകുന്നത് എങ്ങനെയെന്ന് അദ്‌ഭുതപ്പെടാം!!! ഭൗമകാന്തികത എത്രമാത്രം ദുർബലമാണെന്ന് മുകളിൽ വായിച്ചുവല്ലോ. സാധാരണ നമ്മൾ കെട്ടിടനിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ ഒന്നും കാന്തികമണ്ഡലത്തെ ഫലപ്രദമായി തടഞ്ഞു നിർത്താനോ വഴി തിരിച്ചു വിടാനോ കെൽപ്പുള്ളതല്ല. അത് കൊണ്ട് തന്നെ ഒരു കെട്ടിടത്തിന് അകത്ത് ഇരുന്നു കൊണ്ട് ഭൗമകാന്തികമണ്ഡലത്തിൽ നിന്നും ഏതെങ്കിലും രക്ഷ നേടാൻ കഴിയുകയും ഇല്ല. ആ കെട്ടിടത്തിന്റെ ഉമ്മറത്തിന്റെയും അടുക്കളയുടെയും ഒക്കെ സ്ഥാനം തെക്കായാലും വടക്കായാലും ഭൂമിയുടെ കണ്ണിൽ അപ്രസക്തം ആണ്. കൂടാതെ വാസ്തു’ശാസ്ത്ര’പ്രകാരം നിർമ്മിച്ച വീടുകൾക്ക് അകത്ത് ആണ് ഭൂമിയുടേതിനേക്കാൾ എത്രയോ മടങ്ങ് കാന്തികശക്തിയുള്ള ഫ്രിഡ്ജ് ഉൾപ്പെടെയുള്ള വൈദ്യുതോപകരണങ്ങൾ പ്രവർത്തിക്കുന്നത്. അപ്പോൾ പിന്നെ ഏത് ദുഷ്ടകാന്തികശക്തിയിൽ നിന്നാണ് നമുക്ക് രക്ഷ നേടേണ്ടത് എന്ന ചോദ്യം മാത്രം ബാക്കി.

ലഡാക്കിലെ കാന്തക്കുന്ന്

ലഡാക്കിലെ മാഗ്നെറ്റിക് ഹിൽ കടപ്പാട്: worldinspires.com

ലഡാക്കിലെ മാഗ്നെറ്റിക് ഹിൽ അഥവാ കാന്തക്കുന്നിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ഡ്രൈവർ ഇല്ലാത്ത വാഹനം തനിയെ ഇറക്കം ഇറങ്ങുന്നത് നിങ്ങൾ ഒരുപാട് കണ്ടുകാണും. എന്നാൽ അങ്ങനെയൊരു വാഹനം തനിയെ കയറ്റം കയറുന്ന അദ്‌ഭുതക്കാഴ്ചയാണ്‌ ഇവിടെ കാണാനാവുക. ഗ്രാവിറ്റി ഹിൽ, ആന്റി ഗ്രാവിറ്റി ഹിൽ എന്നെല്ലാം അറിയപ്പെടുന്ന ഇത്തരം സ്ഥലങ്ങൾ ഭൂമിയിൽ വേറെയും നിരവധി ഉണ്ട്. തൊട്ടടുത്തുള്ള ഒരു വലിയ കുന്നിന്റെ കാന്തികബലം കൊണ്ടാണ് വാഹനങ്ങൾ സ്വയം കയറ്റം കയറുന്നത് എന്നാണ് പലരുടെയും വിശ്വാസം. എന്നാൽ വാഹനങ്ങളെ ചലിപ്പിക്കാൻ മാത്രമുള്ള ശക്തിയൊന്നും ഭൗമകാന്തത്തിന് ഇല്ലെന്നതാണ് സത്യം. ഇനി അത്രയും കാന്തശക്തി ആ കുന്നിന് ഉണ്ടെന്ന് തന്നെ ഇരിക്കട്ടെ, വാഹനത്തെ മാത്രമല്ല അതിനു ചുറ്റും വരുന്ന എല്ലാ കാന്തികവസ്തുക്കളെയും അത് ആകർഷിച്ചേനെ. അങ്ങനെ ആകർഷിക്കപ്പെട്ട വസ്തുക്കളൊന്നും ആ കുന്നിൽ ഒട്ടിയിരിക്കുന്നത് കാണാനാവില്ല. എങ്കിൽ പിന്നെ എന്തായിരിക്കും കാന്തക്കുന്നിലെ രഹസ്യം? പണി പറ്റിക്കുന്നത് നമ്മുടെ കണ്ണുകൾ തന്നെയാണ്. വാഹനം കയറ്റം കയറുകയല്ല, മറിച്ച്  എല്ലായിടത്തും സംഭവിക്കുന്നത് പോലെ തന്നെ ഇറക്കം ഇറങ്ങുകയാണ്. ഈ സ്ഥലങ്ങളിലെ ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ട് നമുക്ക് സംഭവിക്കുന്ന ഒരു മായക്കാഴ്ചയാണ് (ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ) ഇറക്കത്തെ കയറ്റമായി നമുക്ക് അനുഭവപ്പെടുത്തുന്നത്. നിരവധി പേർ ഇത്തരം സ്ഥലങ്ങളിൽ ലളിതമായ പരീക്ഷണങ്ങൾ നടത്തി ഇത് തെളിയിച്ചിട്ടും ഉണ്ട്. കയറ്റം ആയി തോന്നുന്ന സ്ഥലത്തിന്റെ തുടക്കത്തിലെയും അവസാനത്തെയും  ഉയരം കൃത്യമായി അളക്കുകയോ, അതിലേറെ എളുപ്പത്തിൽ, ഒരു പ്ലാസ്റ്റിക് പന്ത്  നടുവിൽ വച്ചാൽ എങ്ങോട്ട് ഉരുളുന്നു എന്ന് നിരീക്ഷിക്കുകയോ ചെയ്‌താൽ കയറ്റം യഥാർത്ഥത്തിൽ ഇറക്കം ആണെന്ന് ബോധ്യപ്പെടും. 

കാന്തികധ്രുവം നീങ്ങുന്നു! ലോകം മുഴുവൻ ഭീതിയിൽ

ശാസ്ത്രലോകത്തെ ഞെട്ടിച്ച് കൊണ്ട്, ലോകത്തെ മുഴുവൻ ഭീതിയിൽ ആക്കിക്കൊണ്ട്, കാന്തികധ്രുവത്തിന് സ്ഥാനഭ്രംശം! ഏതാനും വർഷങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ ഈ വാർത്ത കറങ്ങി നടക്കുന്നുണ്ട്. സംഭവം സത്യം  തന്നെ –  വടക്കൻ കാന്തിക ധ്രുവം നേരത്തെ ഉണ്ടായിരുന്ന കാനഡയിൽ നിന്നും സൈബീരിയൻ പ്രദേശത്തേക്ക് ചുവടു മാറ്റുന്നത് ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ശാസ്ത്രലോകം അതിൽ ഞെട്ടിത്തരിച്ചിട്ടില്ല എന്നതാണു സത്യം. ഭൗമകാന്തികധ്രുവങ്ങളുടെ സ്ഥാനം എല്ലാക്കാലത്തും സ്ഥിരമല്ല. ഭൂമിക്കുള്ളിലെ ജിയോഡൈനാമോയിൽ സംഭവിക്കുന്ന എന്തെല്ലാമോ പരിഷ്‌കാരങ്ങൾ കൊണ്ടാണ് കാന്തികധ്രുവങ്ങൾ സ്ഥിരമായി ഒരിടത്ത് നിൽക്കാത്തത് എന്നാണ് ശാസ്ത്രലോകം കരുതുന്നത്. ചെറിയ സ്ഥാനഭ്രംശം മാത്രമല്ല, ഭൂമിയുടെ ചരിത്രത്തിൽ പല തവണ ഉത്തര-ദക്ഷിണ ധ്രുവങ്ങൾ പരസ്പരം സ്ഥാനം വച്ചു മാറൽ വരെ ഉണ്ടായിട്ടുണ്ട് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ വളരെ സാവധാനത്തിൽ, ദശലക്ഷക്കണക്കിനു വർഷങ്ങൾ എടുത്ത് ആണ് ഇത്തരം തിരിഞ്ഞുമറിയൽ സംഭവിക്കുന്നത്. ഇപ്പോൾ നടക്കുന്ന സ്ഥാനഭ്രംശം കാരണം വടക്കു നോക്കിയന്ത്രം പോലുള്ള ഉപകരണങ്ങളിലും ഗവേഷണങ്ങളിലും മറ്റും ഉള്ള ചില കണക്കുകൂട്ടലുകളിലും ചില തിരുത്തലുകൾ നടത്തേണ്ടതായി വന്നിട്ടുണ്ട്. അതൊഴിച്ചു നിർത്തിയാൽ സാധാരണ മനുഷ്യജീവിതത്തെ സ്വാധീനിക്കാൻ ഒന്നും ഈ ചുവടുമാറ്റത്തിന് സാധിക്കില്ല.


ലേഖകർ: ശ്രീനിധി കെ എസ് (ഗവേഷക, ഐ ഐ ടി ബോംബെ, മുംബൈ & മൊണാഷ് യൂണിവേഴ്സിറ്റി, ഓസ്‌ട്രേലിയ), നവീൻ പി യു (അസിസ്റ്റന്റ് പ്രൊഫെസ്സർ, ഡിപ്പാർട്മെന്റ് ഓഫ് മറൈൻ ജിയോളജി & ജിയോഫിസിക്‌സ്, കുസാറ്റ്)

അധിക വായനയ്ക്ക്

  1. William, Lowrie. “Fundamentals of geophysics.” (2007).
  2. Campbell, Wallace H. Introduction to geomagnetic fields. Cambridge University Press, 2003. 
  3. Zborowski, Maciej, et al. “Red blood cell magnetophoresis.” Biophysical journal 84.4 (2003): 2638-2645.

മറ്റ് ലേഖനങ്ങൾ



Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഓക്സ്ഫോർഡ് വാക്സിൻ – കണ്ടുപിടുത്തത്തിന്റെ ചരിത്രം
Next post റ്റൈം ക്രൈംസ് – സമയസഞ്ചാരങ്ങൾ
Close