Read Time:7 Minute

ഡോ.എന്‍ ഷാജി

കോവി‍ഡ് 19 ന്റെ കാലത്ത് വീണ്ടും വീണ്ടും കേൾക്കുന്ന ഒരു വാക്കാണ് N95. കോവിഡ്19 പോലെയുള്ള പകർച്ചവ്യാധി ബാധിച്ചവരെ പരിചരിക്കുന്ന ഡോക്ടർമാരും  പാരാമെഡിക്കൽ സ്റ്റാഫും ഉപയോഗിക്കുന്ന ഒരിനം മുഖാവരണമാണിത്. ഓട്ടോമൊബൈൽ വ്യവസായം, ഖനി വ്യവസായം തുടങ്ങിയവയിൽ പ്രവർത്തിക്കുന്നവരും ഇതു ധാരാളമായി ഉപയോഗിക്കാറുണ്ട്.

മാസ്ക് എന്നതിനേക്കാൾ കുറച്ചുകൂടി ശരിയായ പദപ്രയോഗം റെസ്പിറേറ്റർ എന്നോ റെസ്പിറേറ്റർ മാസ്ക് എന്നോ ആണ്. പുറത്തു നിന്നു വരുന്ന രോഗാണുക്കൾ അടങ്ങിയ ദ്രവത്തുള്ളികളെ (droplets) പ്രതിരോധിക്കാൻ വേണ്ടിയാണ് ആരോഗ്യ പ്രവർത്തകർ ഇതുപയോഗിക്കുന്നത്.

പേരിന്റെ അർത്ഥം

സ്റ്റാൻഡേർഡ് ടെസ്റ്റുകളിൽ വളരെ ചെറിയ കണികകളെ (0.3 മൈക്രോ മീറ്റർ അഥവാ 0.0003 മില്ലിമീറ്റർ) തടയുന്നതിൽ ഇതിന് 95 ശതമാനമെങ്കിലും കാര്യക്ഷമത ഉണ്ടെന്നാണ്  ഇതിൻറെ പേരിലെ 95 ന്റെ അർത്ഥം. N എന്നത് Not എന്ന ഇംഗ്ലീഷ് വാക്കിലെ ആദ്യ അക്ഷരമാണ്. Not resistant to oil based aerosols എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വ്യവസായ രംഗത്ത്  ലൂബ്രിക്കന്റുകൾ, ലേത്തുകളിലും മറ്റും ഉപയോഗിക്കുന്ന കട്ടിംഗ് ഫ്ളൂയിഡ് തുടങ്ങിയവ ഓയിൽ ബേസ്ഡ് ആണ്. അവയെ പ്രതിരോധിക്കാൻ R (Resistant to oil based aerosols) എന്നു മാർക്കു ചെയ്ത മാസ്കുകൾ വിപണിയിൽ ലഭ്യമാണ്. N100 മാസ്കുകളും (99.97 ശതമാനം കാര്യക്ഷമതയുള്ളവ) വിപണിയിൽ ലഭ്യമാണ്. ഇവ വിഷപദാർത്ഥങ്ങളെ കൈകാര്യം ചെയ്യേണ്ടി വരുന്നവർക്കാണ് ആവശ്യം വരിക.

ചരിത്രം

ആധുനിക വൈദ്യശാസ്ത്ര രംഗത്ത് ഉപയോഗിക്കുന്ന ഒന്ന് മാസ്കുകളുടെ ചരിത്രം തുടങ്ങേണ്ടത് വു ലീൻ തെ (Wu Lien-teh) എന്ന ചൈനീസ് വംശജനായ ശാസ്ത്രജ്ഞനിൽ നിന്നാണ്. ബ്രിട്ടീഷ് അധിനിവേശത്തിലായിരുന്ന പെനാംഗിൽ 1879-ൽ ജനിച്ച വു ബ്രിട്ടനിലെ കേംബ്രിഡ്ജിൽ നിന്ന് ഉയർന്ന ബിരുദങ്ങൾ കരസ്ഥമാക്കിയിരുന്നുവെങ്കിലും നാട്ടിൽ നല്ല ജോലിയൊന്നും ലഭിച്ചില്ല. അതു ബ്രിട്ടീഷുകാർക്കായി സംവരണം ചെയ്യപ്പെട്ടിരുന്നു.

വു ലീൻ തെ (Wu Lien-teh)

അങ്ങനെയിരിക്കെ 1910-ൽ അദ്ദേഹത്തിന് ഒരു ചുമതല കിട്ടി. ചൈനയിലെ ഹാർബിനിൽ പൊട്ടിപ്പുറപ്പെട്ട പ്ലേഗിനെ പ്രതിരോധിക്കുക എന്നതായിരുന്നു അത്. അവിടെ വന്ന ഇനത്തിൽ പെട്ട പ്ലേഗിന്റെ മരണനിരക്ക് 99.9 ശതമാനമായിരുന്നു എന്നു പറഞ്ഞാൽ ആ ഭീകരാവസ്ഥ ബോദ്ധ്യപ്പെടും. വു അവിടെ എത്തിയ ഉടനെ ചെയ്ത ഒരു കാര്യം അന്നത്തെ ആചാരങ്ങൾക്കു വിരുദ്ധമായി ഒരു മൃതശരീരം പോസ്റ്റുമോർട്ടം വഴി പരിശോധിച്ചുവെന്നതാണ്. ഈ പ്ലേഗ് പരക്കുന്നത് വായുവിലൂടെ തെറിക്കുന്ന ദ്രവത്തുള്ളികളിലൂടെ (droplets) യാണെന്നു കണ്ടെത്തിയത് ഒരു വഴിത്തിരിവായി. അന്നു പടിഞ്ഞാറൻ നാളുകളിൽ നിലവിലിരുന്ന സർജിക്കൽ മാസ്കുകളിൽ നിന്ന് വ്യത്യസ്തമായി പരുത്തിനാരിന്റെ നിരവധി അടുക്കുകൾ ചേർത്ത ഒരു മാസ്ക് അദ്ദേഹം രൂപകല്പന ചെയ്തു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ 60,000 മാസ്കുകളാണ് നിർമിച്ച് വിതരണം ചെയ്തത്. ഇതു കൂടാതെ പ്ളേഗിനാൽ മരിച്ചവരുടെ മൃതശരീരങ്ങൾ ദഹിപ്പിക്കണമെന്നും നിഷ്കർഷിച്ചു. ഇതും ആചാരവിരുദ്ധമായിരുന്നെങ്കിലും അതു പ്രയോഗത്തിലാക്കിയതോടെ പ്ലേഗിനെ പിടിച്ചുകെട്ടാൻ കഴിഞ്ഞു. ഇതിനിടയിൽ  അവിടെ ചികിത്സാക്കായി എത്തിയ മെസ്നി എന്ന ഒരു ഫ്രഞ്ച് ഭിഷഗ്വരൻ വൂവിന്റെ മാസ്കുകൾ അനാവശ്യമാണെന്നു പറയുകയും അവ ഉപയോഗിക്കാതെ രോഗികളുമായി ബന്ധപ്പെടുകയും ദിവസങ്ങൾക്കകം മരണപ്പെടുകയും ചെയ്തു. അതോടെ വൂവിന്റെ രീതികൾക്ക് വലിയ അംഗീകാരമായി. പിന്നീടും അദ്ദേഹത്തിന്റെ ജീവിതം സംഭവബഹുലമായിരുന്നു. 1935ൽ വൈദ്യശാസ്ത്ര – ജീവശാസ്ത്ര നോബെൽ പുരസ്കാരത്തിനു അദ്ദേഹത്തിന്റെ പേർ നിർദേശിക്കപ്പെട്ടുവെങ്കിലും പുരസ്കാരം ലഭിച്ചില്ല. എന്നാൽ വൂവിന്റെ മാസ്കുകൾ പലവിധ പരിഷ്കാരങ്ങളോടെ ലോകമെങ്ങും പ്രസിദ്ധമായി.

കടപ്പാട് egval.cl

വ്യാവസായിക ഉത്പാദനം

കുറച്ചു കാലം മുമ്പു വരെ അമേരിക്കയിലെ 3M കമ്പനിയായിരുന്നു ഇതിന്റെ ഉത്പാദനത്തിൽ മുൻപന്തിയിൽ. അവരുടെ പ്രധാന ഡിസൈനറായിരുന്ന പ്രശസ്തയായ സാറ ലിറ്റിൽ ടേൺബുൾ അവതരിപ്പിച്ച രൂപകല്പനകൾ പിന്നീട് പ്രശസ്തമായി. പരുത്തിക്കു പകരം പോളിപ്രൊപ്പിലീൻ (polypropylene) നാരുകളാണ് ആധുനിക N95 മാസ്കുകളിൽ ഉപയോഗിക്കുന്നത്.

കടപ്പാട്© fda.gov

ചൈനയിലും ഇന്ത്യയിലും വിവിധ കമ്പനികൾ ഇവ നിർമിക്കുകയും അമേരിക്കയടക്കം വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും പതിവായിരുന്നു. കോവിഡ് – 19 ന്റെ പശ്ചാത്തലത്തിൽ ഇവയുടെ കയറ്റുമതി ഇന്ത്യ നിയന്ത്രിച്ചിട്ടുണ്ട്. വീനസ് സേഫ്റ്റി, മാഗ്നം മെഡികെയർ എന്നിവയാണ് ഇന്ത്യയിലെ പ്രമുഖ ഉത്പാദകർ. ലോകം മുഴുവനെടുത്താൽ ചൈനീസ് കമ്പനികളാണ് മുന്നിൽ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- മാര്‍ച്ച് 30
Next post മണ്‍കൂടൊരുക്കുന്ന വേട്ടാളന്‍
Close