Read Time:9 Minute

ആശിഷ് ജോസ് അമ്പാട്ട്

കോവിഡ്-19 രോഗം ലാബിൽ ആരും ഉണ്ടാക്കിയതല്ല, മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് ആകസ്‌മികമായി നടന്ന കൈമാറ്റത്തിലൂടെ ഈ വൈറസ് മനുഷ്യരിൽ എത്തിയതാണ്.

ലോകത്തിൽ ഇതിനകം എട്ട് ലക്ഷത്തോളം പേരെ ബാധിക്കുകയും, പതിനായിരങ്ങളുടെ ജീവനെടുക്കുകയും ചെയ്തിരിക്കുന്നു.  കോവിഡ്-19 എന്ന വൈറൽ രോഗം. ലോകരാജ്യങ്ങൾ മിക്കതും അടച്ചിടുന്ന അവസ്ഥയിലോട്ട് നയിച്ച, കൃത്യമായ മരുന്നും വാക്സിനേഷനും ഇനിയും വികസിപ്പിച്ചിട്ടില്ലാത്ത ഈ വൈറൽ രോഗം, ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ് ആദ്യം കണ്ടെത്തിയത്.  ഒരു മാംസ വിൽപ്പന ശാലയിൽ നിന്നും വ്യാപിച്ചു തുടങ്ങിയ വൈറൽ രോഗം ചൈന ഒരു ജൈവ ആയുധമായി വികസിപ്പിച്ചു എടുത്തത് ലാബിൽ നിന്നും അശ്രദ്ധ മൂലം വെളിയിൽ വ്യാപിച്ചത് ആകാമെന്ന ഗൂഢാലോചന സിദ്ധാന്തം പലരും പ്രകടിപ്പിച്ചിരുന്നു. ഡൽഹിയിലെ ഐഐറ്റിയിൽ ഉള്ള ചില എഞ്ചിനീയറിംഗ് അധ്യാപകർ അങ്ങെനെ ഒരു സിദ്ധാന്തം പേപ്പറായി എഴുതി പബ്ലിഷ് ചെയ്യാൻ കൂടി ശ്രമിച്ചു, ആധികാരികമായ ഒരു ജേണലും അത് സ്വീകരിച്ചിട്ടില്ല. ഇതിനു സമാന്തരമായി ഈ വൈറസിനെ അമേരിക്ക നിര്‍മ്മിച്ച് ചൈനയില്‍ എത്തിച്ചതാണെന്ന പ്രചരണവും നടക്കുന്നുണ്ട്.

കോവിഡ്-19 രോഗത്തിനു കാരണമായ വൈറസിന്റെ ജനിതക ഘടന പരിശോധിച്ചു നടത്തിയ ഗവേഷണത്തിൽ ഈ വൈറസ് കൃത്രിമമായി മനുഷ്യർക്കു ഉണ്ടാക്കാൻ പറ്റുന്നതെല്ലായെന്നും സ്വാഭാവികമായി ജീവപരിണാമത്തിലൂടെ മാത്രം രൂപപ്പെട്ടതാകാമെന്നും കണ്ടെത്തി, Nature Medicine ജേണലിൽ പബ്ലിഷ് ചെയ്തിരുന്നു.

ശ്വാസകോശവ്യവസ്ഥയെ പ്രധാനമായും ബാധിക്കുന്ന ഈ രോഗം Severe acute respiratory syndrome coronavirus 2 അഥവാ SARS-CoV-2 എന്നായിനം വൈറസാണ് പടർത്തുന്നത്, ഇത് ഒരുതരം കൊറോണ വൈറസാണ്. രണ്ടായിരത്തി മൂന്നിൽ ചൈനയിൽ എണ്ണായിരം ആളുകളെ ബാധിക്കുകയും എണ്ണൂറോളം പേരുടെ ജീവൻ എടുക്കുകയും ചെയ്ത Severe acute respiratory syndrome (SARS)എന്ന രോഗാവസ്ഥ ഉണ്ടാക്കുന്ന വൈറസുമായി വളരെയധികം ജനിതക സാമ്യവും, ഒരേ സ്പീഷ്യസിൽ വരുന്നതും ആയതിനാലാണ് SARS-CoV-2 എന്ന പേരു നൽകിയിരിക്കുന്നത്.

ചൈനയിൽ കാണുന്ന ചിലതരം വവ്വാലുകളിലാണ് ഈ സ്പെഷ്യസിൽ ഉള്ള കൊറോണ വൈറസുകൾ സ്വാഭാവികമായും കാണുന്നത്, അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വവ്വാലുകളിൽ കൊറോണ വൈറസുകൾ ഉണ്ടെങ്കിലും ഈ സ്പെഷ്യസിൽ ഉള്ളത് ഇല്ല.

മനുഷ്യരെ ബാധിക്കുന്നതായി കണ്ടെത്തിട്ടുള്ള കൊറോണ വൈറസുകളിൽ ഏഴാമത്തെയാണ് SARS-CoV-2, മെർസ്, സാർസ് എന്നീ രോഗങ്ങൾ ഉണ്ടാക്കുന്ന രണ്ടു കൊറോണ വൈറസുകൾ ഒഴിച്ചു ബാക്കി നാലും മനുഷ്യരെ ബാധിക്കുമെങ്കിലും ജലദോഷപ്പനി പോലെയുള്ള ലളിതമായ രോഗലക്ഷണങ്ങൾ മാത്രേ കാണിക്കൂ.

കോശങ്ങളുടെ ശരിയായ പ്രവർത്തനങ്ങൾക്കു ആവശ്യമായ ജൈവതന്മാത്രകൾ കടന്നു വരേണ്ട വാതിലുകളിൽ കള്ളതാക്കോൽ ഇട്ടു തുറന്ന് ആണ് വൈറസുകൾ ഉള്ളിൽ പ്രവേശിക്കുന്നത്. കോവിഡ്-19 ഉണ്ടാക്കുന്നതരം കൊറോണ വൈറസുകൾ ACE2 (Angiotensin Converting Enzyme 2) എന്നതരം രാസാഗ്നിയ്ക്കു കോശങ്ങളിൽ പ്രവേശിക്കാനുള്ള വാതിൽ ആയ ACE2 receptorയിൽ കള്ളതാക്കോൽ ഇട്ടു ആണ് ഉള്ളിൽ പ്രവേശിക്കുന്നത്. കോശങ്ങളുടെ ഉള്ളിൽ കയറിയാൽ ഈ വൈറസുകൾ തങ്ങളുടെ സ്വാർത്ഥ ലാഭത്തിനുവേണ്ടി കോശങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കയും പെരുകുകയും കോശത്തിന്റെ സ്വാഭാവിക പ്രവർത്തനം അവതാളത്തിൽ ആക്കുകയും സമീപത്തുള്ള മറ്റ് കോശങ്ങളെ കൂടി അക്രമിക്കാനുള്ള തയ്യാറെടുപ്പിലോട് നീങ്ങുകയും ചെയ്യും.

കടപ്പാട് nature.com

കൊറോണ വൈറസുകൾ ACE2 സ്വീകരണിയിൽ പറ്റിപിടിക്കാൻ അവയുടെ പ്രോട്ടീൻ ആവരണത്തിൽ ഉള്ള Receptor Binding Domain (RBD) ആണ് സഹായിക്കുന്നത്. സാർസ് രോഗം ഉണ്ടാക്കുന്ന SARS-CoV-1യിൽ നിന്നും വ്യത്യസ്തമായൊരു ജനിതക കോഡാണ് കോവിഡ്-19 രോഗം ഉണ്ടാക്കുന്ന SARS-CoV-2 വൈറസുകളിൽ, ഇത് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ACE2 സ്വീകരണിയുമായി പറ്റിപ്പിടിച്ചിരിക്കാൻ സഹായിക്കുന്നു. ഇനാംപേച്ചികളിൽ കാണുന്ന കൊറോണ വൈറസുകളുടെ RBDയുടെ ഘടനയുമായിട്ടാണ് SARS-CoV-2 കൊറോണ വൈറസുകളുടെ ഈ ഭാഗത്തിനു സാമ്യം. ഇനാംപേച്ചികളിൽ ഉള്ള കൊറോണ വൈറസുകളുമായി 99% സാമ്യം വരെ സ്വീകൻസിംഗ് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. കോവിഡ്-19 കാരണമായ വൈറസിന് കോശങ്ങളുടെയുള്ളിൽ കയറാൻ സഹായിക്കാവുന്ന ക്ളിവേജ് സൈറ്റും മനുഷ്യരെ ബാധിക്കുന്നതായി മുൻപ് കണ്ടെത്തിയ കൊറോണ വൈറസുകളുടെ പോലെയല്ല.

കോവിഡ്-19 രോഗത്തിനു കാരണമായ SARS-CoV-2 ലാബിൽ കൃത്രിമം ആയിട്ടു ഉണ്ടാക്കിയത് ആണെങ്കിൽ മനുഷ്യരെ ബാധിക്കുന്നതായി അറിവുള്ള ഒരു കൊറോണ വൈറസിന്റെ ജനിതകഘടനയെ അടിസ്ഥാനമാക്കി ആയിരിക്കും നിർമ്മിക്കുക പക്ഷെ അങ്ങനെയല്ല SARS-CoV-2 യിന്റെ കാര്യം. കോവിഡ്-19 ഉണ്ടാക്കുന്ന SARS-CoV-2

വൈറസുകൾ സാർസ് രോഗം ഉണ്ടാക്കിയ SARS-CoV-1 വൈറസുകളുടെ പൂർവിക-കൊറോണ വൈറസുകളിൽ നിന്നും പ്രകൃത്രി നിർദ്ധാരണം വഴി വേർതിരിഞ്ഞുപോയ ഒരു ലീനേജ്‌ ആണെന്നും, പിന്നീടു ഇനാംപേച്ചികളെ ബാധിച്ചു അവരിൽ നിന്നും മനുഷ്യരിൽ എത്തിയത് ആകാമെന്നതും കണക്ക് കൂട്ടുന്നു. SARS-CoV-2 -നു മനുഷ്യരുടെ കോശങ്ങളിലെ ACE2 സ്വീകരണിയിൽ പറ്റിപിടിക്കാൻ സഹായിക്കുന്ന receptor-binding domainയിലെ ഏറ്റവും പ്രധാനപ്പെട്ട ആറു അമിനോ ആസിഡുകളും (പ്രോട്ടീൻ അമിനോ ആസിഡുകൾ കൊണ്ടാണ് നിർമിക്കുന്നത്) ഇനാംപേച്ചികളിൽ കാണുന്ന കൊറോണ വൈറസുകളിൽ ഉള്ളത് തന്നെയാണ്.

കടപ്പാട് nature
കോവിഡ്-19 കാരണമായ കൊറോണ വൈറസുകൾ ഒന്നെങ്കിൽ മനുഷ്യരിൽ രോഗം ഉണ്ടാക്കാവുന്ന രൂപത്തിൽ തന്നെ ജന്തുകളിൽ നിന്നും, മിക്കവാറും വവ്വാലുകളിൽ നിന്നും ഇനാംപേച്ചി വഴി മനുഷ്യരിൽ എത്തിയത് ആകാം. അല്ലെങ്കിൽ രോഗലക്ഷണങ്ങൾ അധികം കാണിക്കാത്ത രൂപത്തിൽ ജന്തുകളിൽ നിന്നും മനുഷ്യരിൽ എത്തി ശേഷം ജനിതകമാറ്റം വഴി മാരക പകർച്ചവ്യാധിയായി മാറിയത് ആകാം.

ഇങ്ങനെ അല്ലാതെ ലാബിൽ കൃത്രിമമായി SARS-CoV-2യിനെ ഉണ്ടാക്കി എന്ന ധാരണ ശാസ്ത്രീയമായി ശരിയല്ല. മനുഷ്യരിൽ ബാധിക്കുന്നതായി മുൻപ് അറിയാവുന്ന കൊറോണ വൈറസുകളുടെ ജനിതകഘടന template ആയി ഉപയോഗിക്കപ്പെട്ടില്ല എന്നതും,SARS-CoV-2യിന്റെ ക്ളിവേജ് സൈറ്റ് പോലെ ഒന്നു ലാബ് കൾച്ചറുകളിലൂടെ സൃഷ്ടിക്കുക ദുഷ്കരം ആണെതും കാരണങ്ങളാണ്.

ചുരുക്കിപ്പറഞ്ഞാൽ കോവിഡ്-19 രോഗം ലാബിൽ ആരും ഉണ്ടാക്കിയതല്ല, മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കു ആകസ്‌മികമായി നടന്ന കൈമാറ്റത്തിലൂടെ ഈ വൈറസ് മനുഷ്യരിൽ എത്തിയതാണ്.


അധികവായനയ്ക്ക്

  1. G. Andersen et al. The proximal origin of SARS-CoV-2. Nature Medicine. Published online March 17, 2020. doi: 10.1038/s41591-020-0820-9.
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post മണ്‍കൂടൊരുക്കുന്ന വേട്ടാളന്‍
Next post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- മാര്‍ച്ച് 31
Close