ചന്ദ്രൻ പണ്ടേ മനുഷ്യർക്ക് ഒരു കൗതുക വസ്തുവാണ്. നമ്മുടെ കഥകളിലും കവിതകളിലും ബാലസാഹിത്യത്തിലും ഇതിഹാസങ്ങളിലുമെല്ലാം ചന്ദ്രൻ നിറഞ്ഞു നിൽക്കുകയാണ്. മനുഷ്യർക്ക് ആദ്യത്തെ കലണ്ടർ സമ്മാനിച്ചതും ചന്ദ്രനാണ്. അമാവാസി മുതൽ അമാവാസി വരെയോ പൗർണമി മുതൽ പൗർണമി വരെയോ ആയിരുന്നു (29 1/2 ദിവസം) ഒരു ചന്ദ്രമാസം. നാളും ഞാറ്റുവേലയും കണക്കാക്കാനും പ്രാചീനർ ചന്ദ്രനെ തന്നെ പ്രയോജനപ്പെടുത്തി.
ടെലിസ്കോപ്പ് ഉപയോഗിച്ച് ഗലീലിയോ ആദ്യം നീരീക്ഷിച്ചതും ചന്ദ്രനെ തന്നെ. അതൊരു വെള്ളിത്തളിക അല്ലെന്നും കുന്നും താഴ്വാരങ്ങളും വലുതും ചെറുതുമായ അനേകം ഗർത്തങ്ങളും അടങ്ങിയ ഒരു വലിയ ഗോളമാണെന്നും അദ്ദേഹം കണ്ടു; കണ്ടതെല്ലാം വരച്ചും വെച്ചു. (ഗോളമാണെന്നും അത് സൂര്യനെ മറയ്ക്കുന്നതാണ് സൂര്യഗ്രഹണമെന്നും പണ്ടേ അറിയാമായിരുന്നു, പൗരോഹിത്യം പറഞ്ഞു പറ്റിച്ച ഇന്ത്യയിലെ ബഹുഭൂരിപക്ഷം നിരക്ഷരർക്കൊഴികെ.)
ഭൂമിയുടെ നാലിലൊന്നിൽ അല്പം കൂടുതൽ (27% – 3475 km) വ്യാസവും ഏതാണ്ട് 50 ൽ 1 വ്യാപ്തവും 81 ൽ 1 മാസ്സും ആണ് ചന്ദ്രന് ഉള്ളത് എന്ന് ഭൂമിയിലിരുന്നു തന്നെ ന്യൂട്ടന്റെ സിദ്ധാന്തവും ടെലിസ്ക്കോപ്പും ഉപയോഗിച്ച് കണക്കുകൂട്ടാൻ കഴിഞ്ഞു. അതിന് ഭൂമിയേക്കാൾ സാന്ദ്രത (density) കുറവാണെന്നു വ്യക്തമായി. ഇരുമ്പ്, നിക്കൽ തുടങ്ങിയ ഭാരിച്ച മൂലകങ്ങൾ കുറവാണെന്നർഥം. ഗുരുത്വബലം ഭൂമിയുടെ 6 ൽ ഒന്നേ വരൂ. ഭൂമിയെപ്പോലെ ഉരുകിയ കാമ്പ് ഇല്ല. അതുകൊണ്ട് കാന്തികമണ്ഡലവും ഇല്ല. (സൂര്യനിൽ നിന്നുള്ള ചാർജിത കണങ്ങളുടെ പ്രവാഹം – സൗരവാതം – നന്നെ ചെറിയ ഒരു കാന്തികമണ്ഡലം സൃഷ്ടിക്കുന്നുണ്ട്.) വായുമണ്ഡലം ഇല്ല എന്ന് സ്പെക്ട്രം പഠനങ്ങൾ വ്യക്തമാക്കി.
മുഖ്യമായും രണ്ടു കാര്യങ്ങൾ പഠിക്കണമെങ്കിൽ അവിടെ പോയേ പറ്റൂ എന്നു ബോധ്യമായി. ഒന്ന്, അവിടെയുള്ള പദാർഥ ചേരുവയും ഘടനയും; രണ്ട്, ഒരിക്കലും ഭൂമിക്ക് അഭിമുഖമായി വരാത്ത മറുഭാഗത്തിന്റെ സവിശേഷതകൾ. ഇവ കൂടാതെ താപനിലയുടെ കാഠിന്യം, ചാന്ദ്ര ഗർത്തങ്ങളുടെയും ധ്രുവങ്ങളുടെയും സവിശേഷതകൾ എന്നിവയും പഠന വിധേയമാക്കേണ്ട കാര്യങ്ങളാണ്. ചന്ദ്രന്റെ ഒരു ദിവസം എന്നത് ഭൂമിയിലെ 27 1⁄3 ദിവസത്തിന് തുല്യമായതു കൊണ്ട് 14 ദിവസത്തോളം നീണ്ട പകൽ ചുട്ടുപഴുത്തതാകും. അത്ര തന്നെ നീണ്ട രാത്രി അതിശീതവും. അന്തരീക്ഷം ഇല്ലാത്തതിനാൽ ഇരുട്ടുള്ള ഇടത്ത് ഒട്ടും ചൂടെത്തില്ല. ധ്രുവങ്ങളിലും ചൂടധികം എത്തില്ല.
അന്വേഷണത്തിന്റെ നാളുകൾ
1957 ലെ സ്പുട്നിക്ക് വിക്ഷേപണത്തിനു ശേഷം രണ്ടു വർഷത്തിനകം തന്നെ (1959) Luna 2 എന്ന സോവിയറ്റ് പേടകം ചന്ദ്രനെ ചുറ്റി. അതേ വർഷം ലൂന 3 ചന്ദ്രന്റെ മറുവശത്തിന്റെ ചിത്രങ്ങൾ എടുത്തയച്ചു. 1966 ൽ ലൂന 9 ചന്ദ്രനിൽ പതുക്കെയിറങ്ങി. ഒപ്പം US ഉം അനേകം അപോളോകൾ ഉൾപ്പെടെ നിരീക്ഷണപ്പറക്കലുകൾ നടത്തി. 1968 ൽ യാത്രികരുള്ള അപ്പോളോ 8 ളം 1969ൽ അപ്പോളോ 10 ഉം ചന്ദ്രനെ ചുറ്റി വന്നു. രണ്ട് സോവിയറ്റ് ദൗത്യങ്ങൾ റോവറുകൾ ഇറക്കി സാമ്പിളുകൾ ശേഖരിച്ച് തിരിച്ചു വന്നു. ഇതിനിടയിൽ പരാജയപ്പെട്ട സോവിയറ്റ്, US ദൗത്യങ്ങളും അനേകമാണ്. 1967 ൽ അപ്പോളോ ശ്രേണിയിലെ ആദ്യ പേടകം – അപ്പോളോ 1 ന്റെ ക്യാബിൻ യാത്രയുടെ ആരംഭത്തിൽത്തന്നെ തീപിടിക്കുകയും യാത്രികരെല്ലാം മരിക്കുകയും ചെയ്തു. എങ്കിലും പരാജയങ്ങൾക്കെല്ലാം മകുടം ചാർത്തുന്നതായിരുന്നു 1969 ജൂലൈ 21 ലെ (ഇന്റർനാഷനൽ ഡേറ്റ് ലൈനിന് അപ്പുറം കിടക്കുന്ന US ൽ ജൂലൈ 20 ) അപ്പോളോ 11 ന്റെ വിജയം. രണ്ടു മനുഷ്യർ – ആദ്യം നീൽ ആംസ്ട്രോങ്ങും തുടർന്ന് എഡ്വിൻ (ബുസ്സ് ) ആൾഡ്രിനും ചന്ദ്രനിൽ കാൽ കുത്തി. ഭൂമിയല്ലാത്ത ഒരു പ്രപഞ്ച വസ്തുവിലെ മനുഷ്യന്റെ ആദ്യ പാദസ്പർശം.
അപോളോ പ്രോഗ്രാം 1969 മുതൽ 72 വരെ തുടർന്നു. അപോളോ 17 ആയിരുന്നു അവസാന വാഹനം. അപോളോ 13ന് ചന്ദ്രനിൽ ഇറങ്ങാൻ കഴിഞ്ഞില്ല. വിജയിച്ച 6 ദൗത്യങ്ങളിൽ 12 പേർ ചന്ദ്രനിലിറങ്ങി. വാഹനം – ലൂനാർ റോവർ – ഓടിച്ച് ചന്ദ്രനിലെ കല്ലും മണ്ണും ശേഖരിച്ചു. ആകെ 382 കി.ഗ്രാം ഭൂമിയിലെത്തിച്ചു. ലോക രാജ്യങ്ങൾക്ക് വിതരണം ചെയ്തു.
അപോളോ വിജയത്തിൽ എടുത്തു പറയാവുന്ന സാങ്കേതിക നേട്ടം വായുമണ്ഡലമില്ലാത്തതിനാൽ പാരച്യൂട്ട് ഉപയോഗിക്കാൻ കഴിയാത്ത, ഗർത്തങ്ങൾ നിറഞ്ഞ ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി മനുഷ്യനെ ഇറക്കാൻ കഴിഞ്ഞു എന്നതാണ്. സാമ്പിളുകൾ ശേഖരിച്ചെത്തിച്ചത് നേട്ടമാണെങ്കിലും അത് മനുഷ്യൻ പോകാതെ തന്നെ സാധിക്കാവുന്നതേയുള്ളൂ. അതു സോവിയറ്റ് വാഹനങ്ങൾ നേരത്തേ സാധിച്ചിരുന്നു. 1970 ൽ ലൂന 17 ലുനോഖോദ് I എന്നും 1973 ൽ ലൂന 21 ലുനോഖോദ് II എന്നും പേരുള്ള രണ്ടു വാഹനങ്ങൾ ചന്ദ്രനിൽ ഇറക്കി, ഭൂമിയിൽ നിന്ന് നിർദ്ദേശങ്ങൾ നൽകി ഓടിച്ച് സാമ്പിളുകൾ ശേഖരിച്ച് പഠനം നടത്തി റിപ്പോർട്ടുകൾ അയച്ചുതന്നിരുന്നു.
അപ്പോളോ യാത്രകൾക്ക് US ന് ചെലവായത് 22.6 ബില്യൺ (2260 കോടി) ഡോളർ ആണത്രെ. ഇന്ത്യയുടെ അന്നത്തെ പഞ്ചവത്സര പദ്ധതിയുടെ അടങ്കലിനേക്കാൾ കൂടുതൽ വരും അത്. എന്തായാലും അതിനു ശേഷം അര നൂറ്റാണ്ടിലേറെയായി US ഓ റഷ്യയോ ചാന്ദ്ര പര്യവേക്ഷണത്തിൽ കാര്യമായ ശ്രദ്ധയൊന്നും കാട്ടിയില്ല. ചൈനയും ജപ്പാനും ഇന്ത്യയുമാണ് പുതുതായി രംഗത്ത് വന്നിട്ടുള്ളത്. ചൈന ഏറെ മുന്നേറിക്കഴിഞ്ഞു. ദൗത്യങ്ങളെല്ലാം വിജയമാണ്. 2007 ൽ ചാങ്ങ് I ഉം 2010 ൽ ചാങ്ങ് 2 ഉം ചന്ദ്രനിലെത്തി. 2013 ൽ ചാങ്ങ് 3 യുടു എന്ന വാഹനത്തെ ചന്ദ്രനിലിറക്കി ഓടിച്ചു. 2018 ൽ ചാങ്ങ് 4 ചന്ദ്രന്റെ മറുവശത്ത് യുടു 2 നെ ഇറക്കി. ചാങ്ങ് 4 ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. 2020 ൽ ചാങ്ങ് 5 സാമ്പിളുകൾ ശേഖരിച്ച ക്യാപ്സൂളുമായി തിരിച്ചു വന്നു. ചാങ്ങ് 6 ചന്ദ്രന്റെ തെക്കേ ധ്രുവത്തിൽ ഒരു ഗവേഷണ നിലയമായി 2024 ൽ സ്ഥാപിതമാകും. 2030 ൽ ചന്ദ്രനിൽ ഒരു യാത്രികനെ ഇറക്കുമെന്നും ചൈന അവകാശപ്പെടുന്നു.
ചൈനയ്ക്ക് തൊട്ടുപിന്നാലെയാണ് ഇന്ത്യ ചാന്ദ്ര ഗവേഷണം തുടങ്ങിയത്. 2008 ൽ ചാന്ദ്രയാൻ 1 ചന്ദ്രനിൽ നിക്ഷേപിച്ച പ്രോബ് അവിടെ ഒരു ഗർത്തത്തിൽ ഇടിച്ചിറങ്ങുന്നതിനിടയിൽ പദാർഥങ്ങളെക്കുറിച്ചു നടത്തിയ പഠനത്തിൽ നേരിയ തോതിലാണെങ്കിലും ജലസാന്നിധ്യം (H2O യും HO യും ) കണ്ടെത്തിയത് ലോക ശ്രദ്ധ നേടുകയുണ്ടായി. സൗരവാതത്തിലുള്ള പ്രോട്ടോണുകൾ (ഹൈഡ്രജൻ അണുകേന്ദ്രങ്ങൾ) ചന്ദ്രോപരിതലത്തിലുള്ള വിവിധ ഓക്സൈഡുകളുമായി പ്രതിപ്രവർത്തിച്ച് ഉണ്ടാകുന്നതാണ് ഇവ എന്നു കണക്കാക്കുന്നു. കൂടുതൽ പഠനങ്ങൾക്കായി 2019 ൽ വിക്ഷേപിച്ച ചന്ദ്രയാൻ 2 വിജയകരമായി ചാന്ദ്രപഥത്തിലെത്തിയെങ്കിലും അതിൽ നിന്ന് ചന്ദ്രനിൽ ഇറക്കാൻ ശ്രമിച്ച ലാൻഡറുമായുള്ള ബന്ധം 2 കി.മീ ഉയരത്തിൽ വെച്ച് നഷ്ടപ്പെട്ടു. അത് ഇടിച്ചു വീണു എന്നു കരുതപ്പെടുന്നു. ചന്ദ്രയാൻ 2 ഓർബിറ്റർ ഇപ്പോഴും പ്രവർത്തനക്ഷമമാണ്. അതുകൊണ്ട് കഴിഞ്ഞ ജൂലൈ 14 ന് പുതുതായി വിക്ഷേപിച്ച ചന്ദ്രയാൻ 3 ന് ഓർബിറ്റർ വേറെയില്ല. പഴയ ഓർബിറ്റർ തന്നെ മതി എന്നു വെച്ചു. കൂടുതൽ പ്രബലീകരിച്ച, 1752 കി.ഗ്രാമുള്ള, വിക്രം ലാൻഡർ അടുത്ത ആഗസ്റ്റ് 23 ന് ചന്ദ്രനിൽ മന്ദമിറങ്ങും എന്നും അതിൽ നിന്ന് 26 കി.ഗ്രാം വരുന്ന പ്രഗ്യാൻ എന്ന റോവർ പുറത്തിറങ്ങി ചന്ദ്രോപരിതലത്തിൽ ഓടി സാമ്പിളുകൾ ശേഖരിച്ച് രാസപരിശോധന നടത്തിയും സ്പെക്ട്ര പഠനം നടത്തിയും റിപ്പോർട്ട് ചന്ദ്രയാൻ 2 ന്റെ ഓർബിറ്ററിലേക്കും അവിടെ നിന്ന് ഭൂമിയിലേക്കും അയയ്ക്കുമെന്നുമാണ് പ്രതീക്ഷ. ലാൻഡർ ഇറങ്ങുന്നത് തെക്കെ ധ്രുവത്തിനു സമീപം, ജലസാന്നിധ്യം കൂടുതൽ പ്രതീക്ഷിക്കുന്ന മേഖലയിലാണ്. ധ്രുവമേഖലയിലെ ആഴമേറിയ ഉൽക്കാ ഗർത്തങ്ങളിൽ മുൻകാലത്തെപ്പഴോ നിക്ഷേപിക്കപ്പെട്ട ഐസ് ഉണ്ടാകാൻ സാധ്യതയുണ്ടത്രേ. (ചന്ദ്രയാൻ 3 നു ശേഷം പുറപ്പെടുന്ന റഷ്യയുടെ പേടകവും നമുക്കു മുമ്പേ സമീപത്ത് ഇറങ്ങിയിരിക്കും എന്നും കരുതപ്പെടുന്നു. അവർക്ക് വളരെ ശക്തിയേറിയ റോക്കറ്റ് ഉള്ളതു കൊണ്ട് അവിടെത്താൻ കുറച്ചു ദിവസം മതി)
ഇതിനകം ലോകശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ള ഒരു പുതിയ പദ്ധതി US ന്റെ ആർടെമിസ് ആണ്. അപോളോ പദ്ധതിയുടെ തുടർച്ച എന്നു കരുതാം. (അപോളോ ദേവന്റെ ഇരട്ട പിറന്ന സഹോദരി ആണ് ആർടെമീസ്). ചെലവിന്റെ കാര്യത്തിലും ഒട്ടും മോശമല്ല. അപോളോയുടെ ചെലവ് 22.6 ബില്യൺ ഡോളർ ആയിരുന്നെങ്കിൽ ആർടെമിസിന് അത് 93 ബില്യൺ ആണ് (ഏതാണ്ട് 7 ലക്ഷം കോടി രൂപയിലധികം. നമ്മുടെ ചന്ദ്രയാൻ 3 നു ചെലവായ 615 കോടി എത്ര നിസ്സാരം). ആർടെമിസ് 1 ആളില്ലാതെ 2022 നവമ്പർ 16 ന് പുറപ്പെട്ട് ചന്ദ്രനെ ചുറ്റി വന്നു. ആർടെമിസ് 2 നാലു പേരുമായി 2024 നവമ്പറിൽ യാത്ര പുറപ്പെടും. അതിൽ ഒരു സ്ത്രീയും ഒരു കറുത്ത വംശജനും ഉണ്ടാകുമത്രേ. ചന്ദ്രനെ വലം വെച്ചു പോരുകയേ ഉള്ളൂ. 2025 ൽ ആർടെമിസ് 3 ചന്ദ്രന്റെ തെക്കേ ധ്രുവമേഖലയിൽ രണ്ടു യാത്രികരെ ഇറക്കി ഒരാഴ്ചത്തെ താമസത്തിനു ശേഷം തിരിച്ചു കൊണ്ടുവരാനാണ് പദ്ധതിയിടുന്നത്. അവിടെ ഷാക്ക്ൾടൺ ഗർത്തത്തിലാവും അന്വേഷണം. 2030 ഓടെ ആർടെമിസ് യാത്രകൾ ചൊവ്വയിൽ മനുഷ്യനെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആയിരിക്കുമത്രേ.
ചന്ദ്രനും നമ്മുടെ ജീവിതവും
ഭൂമിയിലെ ജീവന്റെ വികാസത്തിൽ ചന്ദ്രൻ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. സൂര്യൻ ഏതാണ്ട് 460 കോടി വർഷം മുമ്പും ഭൂമി 450 കോടി വർഷം മുമ്പും രൂപം കൊണ്ടു എന്നാണല്ലോ കണക്കാക്കുന്നത്. വ്യാഴം, ശനി മുതലായ വൻ ഗ്രഹങ്ങളുടെ വലിയ ഉപഗ്രഹങ്ങളെല്ലാം (ഉദാ. ഗാനി മിഡേ, ഒയ്റോപ, ടൈറ്റൻ…) ഗ്രഹങ്ങളോടൊപ്പം ആദിമ നെബുലയിൽ നിന്നു തന്നെ ഉരുത്തിരിഞ്ഞു വന്നു എന്നും ചെറിയവയെ പിന്നീട് ഗ്രഹശകലങ്ങളിൽ നിന്ന് പിടിച്ചെടുത്ത് ഉപഗ്രഹങ്ങളാക്കി മാറ്റി (വ്യാഴത്തിന് 80 ലേറെയും ശനിക്ക് 140 ലേറെയും ഉപഗ്രഹങ്ങളുണ്ടത്രെ) എന്നുമാണ് കരുതപ്പെടുന്നത്. ഭൂമിക്ക് ചന്ദ്രനെ കിട്ടിയത് ഈ രണ്ടു വിധത്തിലുമല്ല എന്നാണ് നിഗമനം. ഭൂമിക്ക് ഏതാണ്ട് 10 കോടി വർഷത്തോളം പ്രായമുള്ളപ്പോൾ, ഉരുകിയ അവസ്ഥയിൽ, ചൊവ്വയോളം വലുപ്പമുളള ഒരു വസ്തു അതിൽ വന്നിടിച്ചു എന്നും ആ ആഘാതത്തിൽ രണ്ടിൽ നിന്നും ചിതറിത്തെറിച്ച പദാർഥങ്ങളിൽ വലിയൊരു ഭാഗം വീണ്ടും കൂടിച്ചേർന്ന് ചന്ദ്രൻ ഉത്ഭവിച്ചു എന്നുമാണ് കണക്കാക്കുന്നത്. ചന്ദ്രനിലെ പദാർഥ ഘടന ഭൂമിയുടെ മാന്റിലിലും ക്രസ്റ്റിലുമുള്ളതിന് സമാനമാകാൻ കാരണം അതാണെന്നും ഭൂമിയുടെ കാമ്പിൽ അടങ്ങിയ ഇരുമ്പും നിക്കലുമൊന്നും ചന്ദ്രനിൽ ഏറെ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ വൻകൂട്ടിയിടിയിൽ (Great Impact) ആകാം ഭൂമിയുടെ അക്ഷം 23 1/2 ഡിഗ്രി ചരിഞ്ഞു പോയതും. ഈ ചരിവാണ് ഭൂമിയിൽ ഋതു ചക്രത്തിനു കാരണമാകുന്നത്. ജീവപരിണാമത്തെ വളരെയധികം സ്വാധീനിച്ച ഘടകമാണ് ഋതു ചക്രം.
ചന്ദ്രൻ തുടക്കത്തിൽ ഭൂമിയോട് ഇന്നത്തേതിലും കൂടുതൽ അടുത്തായിരുന്നു എന്നും രണ്ടിന്റെയും സ്വയംഭ്രമണ കാലവും ചന്ദ്രന്റെ പരിക്രമണ കാലവും ഇന്നത്തേതിലും കുറവായിരുന്നു എന്നുമാണ് ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. ഭൂമിയുടെ സ്വയംഭ്രമണ കാലം (ദിവസം) ഒരു ഘട്ടത്തിൽ 22 മണിക്കൂറിനടുത്തായിരുന്നു എന്നതിന് തെളിവുണ്ടത്രെ. ചന്ദ്രന്റെ ഭ്രമണവും വേഗത്തിലായിരുന്നു. വേലീ ബലം (tidal force) ആണ് ഇതിന് മാറ്റം വരുത്തിയത്.
എന്താണ് ഈ വേലീ ബലം?
ചന്ദ്രന്റെ ഗുരുത്വാകർഷണ ഫലമായി ഭൂമിയിൽ വേലിയേറ്റമുണ്ടാകുന്നു. ചന്ദ്രന്റെ നേർക്കു വരുന്ന കടൽ ഭാഗമാണ് ഉയരുന്നതെങ്കിലും ഉയരുന്നതോടൊപ്പം ആ ഭാഗം, ഭൂമിയുടെ ഭ്രമണം മൂലം കിഴക്കോട്ടു നീങ്ങിപ്പോകുന്നു. അങ്ങനെ നീങ്ങിയ ഉയർന്ന ഭാഗത്ത് ചന്ദ്രന്റെ ഗുരുത്വബലം സ്വാഭാവികമായും പിന്നിലേക്ക് അനുഭവപ്പെടും. അതുണ്ടാക്കുന്ന ഘർഷണം ഭൂമിയുടെ ഭ്രമണവേഗം കുറയ്ക്കുന്നു. ഇതിനെ വേലീ മന്ദനം അഥവാ Tidal braking എന്നു വിളിക്കും. ഇതു നന്നെ ചെറുതാണ്. ഒരു നൂറ്റാണ്ടു കൊണ്ടുണ്ടാകുന്ന കുറവ് ഏതാനും മില്ലി സെക്കന്റ് മാത്രം. എന്നാൽ 62 കോടി വർഷം മുമ്പ് ദിവസത്തിന്റെ നീളം 21.9 മണിക്കൂർ ആയിരുന്നു എന്ന് ചില പഠനങ്ങൾ കാണിക്കുന്നുണ്ടത്രേ.
ഭൂമിയുടെ ഗുരുത്വബലം കാരണമുള്ള വേലീ മന്ദനം ചന്ദ്രനിലും അനുഭവപ്പെടുമല്ലോ. ചന്ദ്രൻ തുടക്കത്തിൽ സ്വന്തം ഭ്രമണ വേഗത്തോടെ അക്ഷത്തിൽ കറങ്ങിയിരുന്നു എന്നു കരുതപ്പെടുന്നു. തീർത്തും ഉറച്ചു കഴിഞ്ഞിട്ടില്ലാത്ത ആദ്യ കാലത്ത് ചന്ദ്രന്റെ ഭൂമിക്കഭിമുഖമായ ഭാഗത്തെ അല്പം വലിച്ചു നീട്ടാൻ (വേലിയേറ്റം പോലെ) ഭൂമിക്കു എളുപ്പമായിരുന്നിരിക്കണം. ഉറച്ചു കഴിഞ്ഞാലും വേലീ ബലം കൊണ്ട് വലിയും. അങ്ങനെ വലിഞ്ഞു നീണ്ട ഭാഗം ചന്ദ്രന്റെ ഭ്രമണത്തിൽ കറങ്ങി നീങ്ങുന്നതിനെതിരെ ഭൂമി ബലം പ്രയോഗിക്കും. ഇതു ചന്ദ്രന്റെ ഭ്രമണവേഗം കുറയ്ക്കും. ഭൂമിയുടെ ഗുരുത്വബലം കൂടുതലായതുകൊണ്ട് ബ്രേക്കിംഗും കൂടുതലായിരിക്കും. അങ്ങനെ ഭ്രമണവേഗം കുറഞ്ഞു വന്ന്, ഒരേ ഭാഗം – വേലിയേറ്റം വഴി ഉയർന്ന ഭാഗം – എപ്പോഴും ഭൂമിക്കഭിമുഖമായി വരും വിധം ആണ് ഇപ്പോൾ ചന്ദ്രനുള്ളത്. ഇതിനെ Tidal locking എന്നു പറയും.ചന്ദ്രന്റെ ഭ്രമണവേഗവും പരിക്രമണവേഗവും തുല്യമായി എന്നതാണ് ഫലം. ചന്ദ്രന്റെ മറുവശം നമുക്കു ദൃശ്യമല്ലാതായി. (ചന്ദ്രന്റ മാസ്സ് ഇന്നത്തേതിലും വളരെ കൂടുതലായിരുന്നു എങ്കിൽ ഭൂമിയിൽ അതു സൃഷ്ടിക്കുന്ന ബ്രേക്കിംഗ് ഇന്നത്തേതിലും വളരെ കൂടുതലാവുകയും അങ്ങനെ ഭൂമിയുടെ ഭ്രമണ വേഗവും കുറഞ്ഞു വന്ന് ഭൂമിയുടെയും ഒരേ വശം തന്നെ ചന്ദ്രന് അഭിമുഖമായി മാറുകയും ചെയ്തേനേം. ഇങ്ങനെ തീവ്രമായ Tidal locking ഭൂമിക്ക് സംഭവിച്ചില്ല. പ്ലൂട്ടോയും ഷിറോണും തമ്മിൽ ഇങ്ങനെ locked ആണ്)
വേലീ ബലം മൂലമുള്ള ഊർജ നഷ്ടം ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം കൂടാനും ഇടയാക്കുന്നുണ്ട്. ഒരു വർഷം ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏകദേശം 3.8 സെന്റിമീറ്റർ വെച്ച് അകന്നു കൊണ്ടിരിക്കുന്നുണ്ടത്രെ. ചാന്ദ്രദൂരം 3,84,000 കി.മീറ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതു നിസ്സാരമാണ്. എങ്കിലും കോടിക്കണക്കിന് വർഷം കൊണ്ട് ചാന്ദ്ര മാസത്തിന്റെ നീളം കൂടുമെന്നു തീർച്ച.
ചന്ദ്രയാത്രയുടെ ലക്ഷ്യങ്ങൾ
ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ചാന്ദ്രയാത്രയുടെ മുഖ്യലക്ഷ്യം അന്തരീക്ഷമില്ലാത്ത, പാരച്യൂട്ട് പ്രവർത്തിക്കാത്ത ചന്ദ്രനിൽ smooth landing നടത്തി, പദാർഥ പഠനങ്ങൾ നടത്തി സാങ്കേതികശേഷി ഉറപ്പിക്കുക എന്നതു തന്നെയാണ്. ഇതു മറ്റു ഗ്രഹങ്ങളിലേക്കുള്ള യാത്രകൾ എളുപ്പമാക്കും. എന്നാൽ ഇതു കൊണ്ടു മാത്രം ആവശ്യമായ ഭാരിച്ച ഫണ്ട് സർക്കാരുകളിൽ നിന്നു കിട്ടില്ല. അതിന് അതിശയോക്തികൾ വേണ്ടി വരും. ചന്ദ്രനിലെ പാറകളിൽ ഹീലിയം 3 എന്ന ഐസോടോപ് ധാരാളമുണ്ടാകാമെന്നും അത് ഭൂമിയിലെത്തിച്ചാൽ ഫ്യൂഷൻ റിയാക്റ്ററുകളിൽ ഉപയോഗിക്കാൻ കഴിയുമെന്നുമാണ് നാസ മുമ്പ് അടിച്ചു വിട്ട സ്റ്റണ്ട്. അമേരിക്കൻ കോൺഗ്രസ്സിൽ നിന്ന് ഫണ്ട് അനുവദിച്ചു കിട്ടാൻ ഇതു സഹായിച്ചിരിക്കും. അവിടെ He3 ന്റെ സാന്നിധ്യം എത്രത്തോളമുണ്ടെന്ന് ആർക്കും അറിയില്ല എന്നു മാത്രമല്ല ഫ്യൂഷൻ റിയാക്ടർ ഇതുവരെ നമ്മൾ സാധ്യമാക്കിയിട്ടുമില്ല. മറ്റനേകം വിലയേറിയ മൂലകങ്ങൾ ചന്ദ്രനിൽ നിന്ന് ലഭിച്ചേക്കാം എന്ന പ്രചാരണവും ഉറപ്പുള്ളതല്ല. അവിടെ ജലമുണ്ടെങ്കിൽ ഓക്സിജനും ഹൈഡ്രജനും ഉണ്ടാക്കാം, കോളണിയുണ്ടാക്കി ടൂറിസ്റ്റുകളെ കൊണ്ടുപോകാം എന്നൊക്കെയുള്ള പ്രചരണവും നമ്മൾ അല്പം ഉപ്പു കൂട്ടി സ്വീകരിച്ചാൽ മതി. എന്നാൽ AI യും റോബോട്ടിക്സും ചേർന്നാൽ അവിടെ ഒരു ഗവേഷണ നിലയമോ (അന്തരീക്ഷമർദ്ദം ഇല്ല എന്നതാണ് നേട്ടം) ബഹിരാകാശനിരീക്ഷണ കേന്ദ്രമോ തുടങ്ങാൻ പറ്റും എന്നു പറഞ്ഞാൽ അസാധ്യമെന്നു നമ്മൾക്ക് പറയാനാകില്ല. ഒരു മനുഷ്യനെ ചന്ദ്രനിൽ ഇറക്കുക എന്നത് ഇന്ത്യ പോലുള്ള അല്പവികസിത രാജ്യങ്ങൾ കാണേണ്ട സമീപ സ്വപ്നമല്ല (വിദൂര സ്വപ്നമാകാം) എന്ന നിലപാടും നമുക്കു സ്വീകരിക്കാം എന്നു തോന്നുന്നു.
ലൂക്കയിൽ ചന്ദ്രോത്സവം
ചാന്ദ്ര ലേഖനങ്ങൾ
- ചാന്ദ്രയാത്ര- ഒരു ഫോട്ടോകഥ
- ചന്ദ്രൻ ഉണ്ടായതെങ്ങനെ?
- മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടുണ്ടോ ?
- ചന്ദ്രന്റെ മണം
- സ്വർണ പാദങ്ങൾ – ചാന്ദ്രയാത്രയ്ക്ക് 53 വര്ഷം
- അമ്പിളിയമ്മാവാ അങ്ങേപ്പാതിയിൽ എന്തുണ്ട് ?
- ചന്ദ്രന്റെ മണ്ണിൽ ചെടി വളരുമ്പോൾ
- ഫസ്റ്റ് മാൻ – ആദ്യത്തെ കാൽവെയ്പ്
- 1967 ജനുവരി 27-അപ്പോളോ 1ന് എന്ത് സംഭവിച്ചു?
- ആദ്യമായി ഒരു വനിതയെ ചന്ദ്രനിൽ എത്തിക്കാൻ ആർടെമിസ്
- ചന്ദ്രനിലേക്ക് ഇനിയെത്ര പെണ്ദൂരം ?
- ചന്ദ്രനെക്കുറിച്ച് ചില കൗതുകവിശേഷങ്ങള്
- ഇനി കാണാം ചന്ദ്രന്റെ സമ്പൂര്ണ്ണ ‘ഭൂ’പടം