Read Time:42 Minute
എഴുതിയത് : ഡോ. സംഗീത ചേനംപുല്ലി അവതരണം : മായ സജി

കേൾക്കാം


1969 ജൂലൈ 20, ചാന്ദ്രയാത്രികരേയും വഹിച്ചുകൊണ്ട് ഈഗിള്‍ എന്ന യന്ത്രപ്പക്ഷി ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ ഇനി അഞ്ചുമിനിറ്റ് മാത്രം. പെട്ടെന്ന് ചാന്ദ്രയാത്രയെ നിയന്ത്രിക്കുന്ന കണ്ട്രോള്‍ റൂമിലെ അപായമണികൾ തുടര്‍ച്ചയായി  മുഴങ്ങാന്‍ തുടങ്ങി. അപ്പോളോ 11 ദൗത്യത്തെ നിയന്ത്രിക്കുന്ന കംപ്യൂട്ടറില്‍ ലാന്റിംഗിനെ നിയന്ത്രിക്കുന്ന പ്രോഗ്രാമിന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഡിസ്ക് സ്പേസ് ഇല്ലെന്നായിരുന്നു അവ നല്‍കിയ സന്ദേശം. ലാന്റിംഗ് റഡാറിൽ നിന്നുള്ള വിവരങ്ങള്‍ മാത്രം സ്വീകരിക്കേണ്ട സമയത്ത് കമ്പ്യൂട്ടര്‍ മറ്റൊരു റഡാറില്‍ നിന്നുള്ള അനാവശ്യ വിവരങ്ങള്‍ സ്വീകരിച്ചതായിരുന്നു കുഴപ്പങ്ങള്‍ക്കെല്ലാം കാരണം. ആ തകരാര്‍ പരിഹരിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ നീല്‍ ആംസ്ട്രോങ്ങിനും എഡ്വിന്‍ ആള്‍ഡ്രിനും ജൂലൈ 21 ന് ചന്ദ്രനില്‍ കാലുകുത്താനാകുമായിരുന്നില്ല. എന്നാല്‍ ഏറ്റവും അത്യാവശ്യമുള്ള, പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മാത്രം തുടര്‍ന്ന് അപ്രധാനമായ മറ്റുള്ളവ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം ലാന്റിംഗ് സോഫ്റ്റ്‌വെയറില്‍ തന്നെ എഴുതിച്ചേര്‍ക്കപ്പെട്ടിരുന്നു. അപ്പോളോ 5 ന്‍റെ പരീക്ഷണഘട്ടത്തില്‍ കണ്ട ചെറിയ തകരാറിനെ ഓര്‍ത്തുവെച്ച് അത്തരത്തിലുള്ള ഒരു സാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ ആവശ്യമായ വിധം പ്രോഗ്രാം തയ്യാറാക്കിയത് മാര്‍ഗരറ്റ് ഹാമില്‍ട്ടന്‍ എന്ന പ്രോഗ്രാമര്‍ ആയിരുന്നു.

മാര്‍ഗരറ്റ് ഹാമില്‍ട്ടന്‍

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ് എന്ന പദം തന്നെ അവരുടെ സംഭാവനയാണത്രേ. 1960കളില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്ന ജ്ഞാനമേഖല പിറന്നുവീണിട്ടേ ഉണ്ടായിരുന്നുള്ളൂ. അക്കാലത്ത് തന്നെ പ്രോഗ്രാമിംഗില്‍ മറ്റാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത നേട്ടം കൈവരിക്കാന്‍ മാര്‍ഗരറ്റ് ഹാമില്‍ട്ടണ് കഴിഞ്ഞു. പില്‍ക്കാല ബഹിരാകാശ ദൌത്യങ്ങള്‍ക്കും അവര്‍ തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചിരുന്നു. ചന്ദ്രനില്‍ കാലുകുത്തിയ 12 പേരും പുരുഷന്മാരായിരുന്നെങ്കിലും ചന്ദ്രനിലേക്കുള്ള യാത്രാപാത തയ്യാറാക്കിയതുമുതല്‍ ലാന്റിംഗ് കൺട്രോൾ വരെ വിവിധ ഘട്ടങ്ങളില്‍ അനേകം സ്ത്രീകളുടെ വിരല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ട്. പെണ്ണിനുകൂടി തുല്യ അവകാശമുള്ള മറ്റൊരു ഗ്രഹത്തിലേക്ക് നാളെയൊരുപക്ഷേ നാം കുടിയേറുവോളം മുന്‍പേ പറന്ന ആ പെണ്‍പക്ഷികളുടെ കഥകള്‍ പ്രചോദനമാകേണ്ടതുണ്ട്. മനുഷ്യന്‍ ആദ്യമായി  ചന്ദ്രനെ തൊട്ടിട്ട് ജൂലൈ 21 ന് അന്‍പത് വയസ്സ് തികയുമ്പോള്‍ പ്രത്യേകിച്ചും.

മാര്‍ഗരറ്റ് ഹാമില്‍ട്ടന്‍ 1969ലെ ചിത്രം

ചന്ദ്രനിലെത്തിച്ച പന്തയം

1950 കളും അറുപതുകളും ബഹിരാകാശപ്പന്തയത്തിന്റെ കാലമായിരുന്നു. ആകാശത്തെ കൈപ്പിടിയിലൊതുക്കാനായി ഭൂമിയിലെ രണ്ട് പ്രധാന രാജ്യങ്ങള്‍, അല്ല രണ്ട് പ്രബല രാഷ്ട്രീയ ചേരികള്‍ കടുത്ത മത്സരത്തിലായിരുന്നു. സോവിയറ്റ് യൂണിയനും അമേരിക്കയും തങ്ങളിലാരാണ് ബഹിരാകാശത്തെ വരുതിയിലാക്കാന്‍ പ്രാപ്തരെന്നു തെളിയിക്കാനായി നിരന്തരം  ശ്രമിച്ചുകൊണ്ടിരുന്നു. ബഹിരാകാശ പര്യവേഷണം ഏറ്റവും പ്രാധാന്യമേറിയ വിഷയമായി ബജറ്റുകളിലും പൊതുജനങ്ങള്‍ക്കുമുന്നിലും അവതരിപ്പിക്കപ്പെട്ടു. രാഷ്ട്രസുരക്ഷയെ സംബന്ധിച്ചും ലോകത്തിന് മുന്നില്‍ തങ്ങളുടെ അപ്രമാദിത്വം തെളിയിക്കുന്നതിനും ബഹിരാകാശരംഗത്തെ മേല്‍ക്കൈ വളരെ പ്രധാനമാണെന്ന് ഇരു രാജ്യങ്ങളും കരുതി. പക്ഷേ, മുതലാളിത്തവും കമ്യൂണിസവും തമ്മിലുള്ള ഈ നേര്‍ക്കുനേര്‍ പോരാട്ടം ശാസ്ത്ര-സാങ്കേതിക രംഗത്തെ സംബന്ധിച്ചിടത്തോളം ഗുണപരമായിത്തീര്‍ന്നു. കൃത്രിമോപഗ്രഹങ്ങള്‍, ബഹിരാകാശ യാനങ്ങള്‍, ബഹിരാകാശ യാത്രകള്‍, ചാന്ദ്രയാത്രകള്‍, മറ്റു ഗ്രഹപര്യവേഷണങ്ങള്‍ തുടങ്ങി സ്പേസ് ടൂറിസം വരെ ഉയര്‍ന്നു  പൊങ്ങിയത് ഈ മത്സരം നിര്‍മ്മിച്ച സാങ്കേതിക അടിത്തറയില്‍ നിന്നാണ്. നമ്മുടെ പ്രപഞ്ചത്തെപ്പറ്റിയുള്ള അറിവിന്റെ അതിരുകള്‍ വികസിപ്പിക്കുന്നതിനൊപ്പം ഇവയില്‍ പലതും ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെ വരെ നിത്യജീവിതത്തെ മാറ്റിമറിച്ചു. ബേബി ഫുഡ് മുതല്‍ ജി പി എസ് വരെ പലരംഗങ്ങളിലായി പടര്‍ന്നു കിടക്കുന്നതാണ് ബഹിരാകാശ സാങ്കേതിക വിദ്യയുടെ പ്രായോഗിക ഉപയോഗങ്ങള്‍. മൊബൈല്‍ കാമറ, ഇന്റര്‍നെറ്റ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, മൊബൈല്‍ ഡിസ്പ്ലേ, വാക്വം ക്ലീനറുകള്‍ എന്നിങ്ങനെ പലതിലും ഇവ ഉപയോഗിക്കപ്പെടുന്നു. തെളിമയാര്‍ന്ന ടെലിവിഷന്‍ സംപ്രേക്ഷണം ,കൃത്യതയേറിയ  കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങള്‍ തുടങ്ങിയവയും ബഹിരാകാശഗവേഷണത്തിന്റെ ഉത്പന്നങ്ങള്‍ തന്നെ.

വാലന്റീന തെരഷ്കോവ -1963ല്‍ സോവിയറ്റ് യൂണിയന്‍ പുറത്തിറക്കിയ തപാല്‍സ്റ്റാമ്പ് കടപ്പാട് വിക്കിപീഡിയ

പന്തയത്തിന്‍റെ ആദ്യഘട്ടത്തില്‍ വിജയം സോവിയറ്റ് യൂണിയനായിരുന്നു. 1957 ല്‍ ആദ്യത്തെ ബഹിരാകാശ പേടകം വിജയകരമായി വിക്ഷേപിക്കുക മാത്രമല്ല ആദ്യമായി മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുകയും ചെയ്തു അവര്‍. “ഗഗനചാരിയാം ഗഗാറിന്‍” മനുഷ്യന് സാധ്യമായതിനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളെ  ഭൂമിയുടെ അതിരുകളില്‍  നിന്ന് വേര്‍പെടുത്തി ബഹിരാകാശത്തോളമെത്തിച്ചു. വാലന്റീന തെരഷ്കോവ എന്ന റഷ്യന്‍ വനിത ബഹിരാകാശത്തെത്തുന്ന ആദ്യത്തെ സ്ത്രീയായി. 1963 ജൂണ്‍ 16 ന് വോസ്റ്റോക്ക് 6 വാഹനത്തില്‍ ബഹിരാകാശത്തെത്തിയ അവര്‍ മൂന്നുദിവസത്തോളം ബഹിരാകാശത്ത് തങ്ങി നാല്പത്തെട്ട് തവണ ഭൂമിയെ വലംവെച്ചു. ഇന്നോളം മറ്റൊരു സ്ത്രീയും ഒറ്റക്ക് ബഹിരാകാശ യാത്ര നടത്തിയിട്ടില്ല. ഇരുപത്താറാം വയസ്സിലെ ആ അതിവിദൂര സഞ്ചാരം തെരഷ്കോവയെ ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ യാത്രികയുമാക്കി. ഒരു തുണിമില്‍ തൊഴിലാളിയില്‍ നിന്ന് ആദ്യ ബഹിരാകാശ യാത്രക്കാരിയിലേക്ക് അവര്‍ നടന്ന കാണാദൂരങ്ങള്‍ എത്രയേറെയായിരിക്കണം. എന്നിട്ടും  പാവാടയണിഞ്ഞ ഗഗാറിന്‍ എന്നായിരുന്നു അവര്‍ വിശേഷിപ്പിക്കപ്പെട്ടത്. സോവിയറ്റ് യൂണിയനിലെ സാമൂഹ്യാന്തരീക്ഷം കൂടിയാണ് വാലന്റീന തെരഷ്കോവ എന്ന ഗഗന സഞ്ചാരിയെ നിര്‍മ്മിച്ചെടുത്തത്. ബഹിരാകാശത്ത് ഒരു സ്ത്രീയെ എത്തിക്കുക എന്നത് സോവിയറ്റ് യൂണിയന്‍റെ രാഷ്ട്രീയ തീരുമാനം കൂടിയായിരുന്നു. എണ്‍പതുകളില്‍ എത്തിനില്‍ക്കുമ്പോഴും ചൊവ്വയിലേക്ക് മടക്കമില്ലായാത്രക്ക് തയ്യാറെന്ന് പ്രഖ്യാപിക്കുന്നു അവരുടെ തളരാത്ത സാഹസികത. 

ലൂണ 3 പകര്‍ത്തിയ ചന്ദ്രന്റെ ഭൂമിയില്‍ നിന്ന് കാണാത്ത വശത്തിന്റെ ചിത്രം കടപ്പാട് വിക്കിപീഡിയ

സോവിയറ്റ് യൂണിയന്‍റെ ലൂണ 2 എന്ന ആളില്ലാപേടകം 1959 സെപ്റ്റംബറില്‍ ചന്ദ്രനിലിറങ്ങി; ഒരു മാസത്തിനുള്ളില്‍ തന്നെ ലൂണ 3 പേടകം ചന്ദ്രന്‍റെ ഭൂമിയില്‍ നിന്ന് കാണാത്ത വശത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. 1964ല്‍ മാത്രമാണ് ആദ്യത്തെ വിജയകരമായ ചാന്ദ്രദൌത്യം അമേരിക്ക പൂര്‍ത്തിയാക്കിയത്. റഷ്യയുടെ ഗഗാറിനും അമേരിക്കയുടെ അലന്‍ ഷെപ്പേഡും വിജയകരമായി ബഹിരാകാശ യാത്ര പൂര്‍ത്തിയാക്കിയതോടെ മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കുന്നതിനെക്കുറിച്ചായി അടുത്ത ആലോചനകള്‍. സോവിയറ്റ് മുന്നേറ്റത്തെപ്പറ്റി ജനങ്ങള്‍ക്കിടയില്‍ വളര്‍ന്ന  ആശങ്കകള്‍ ഉടനെ തന്നെ അവരുടെ നേട്ടങ്ങളെ  മറികടക്കുന്ന എന്തെങ്കിലും ചെയ്തേതീരൂ എന്ന അവസ്ഥയിലേക്ക് പ്രസിഡന്‍റായ ജോണ്‍.എഫ്.കെന്നഡിയെ എത്തിച്ചു. 1962 സെപ്റ്റംബര്‍ 12 ന് റൈസ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ ചന്ദ്രനില്‍ ആളെയിറക്കി തിരിച്ചെത്തിക്കാനുള്ള പദ്ധതി പൊതുജനങ്ങള്‍ക്കു മുന്നില്‍ പ്രഖ്യാപിക്കപ്പെട്ടു.

യു.എസ് കോണ്‍ഗ്രസില്‍ പ്രസിഡന്റ് കെന്നഡി (May 25, 1961) ചന്ദ്രനില്‍ ആളെയിറക്കി തിരിച്ചെത്തിക്കാനുള്ള പദ്ധതി അവതരിപ്പിക്കുന്നു

ജെമിനി ദൌത്യങ്ങളിലൂടെ ചാന്ദ്രയാത്രക്കായുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുത്തു. ചാന്ദ്രദൗത്യത്തിന് യുദ്ധദേവനായ അപ്പോളോയുടെ പേരും നല്‍കി. രണ്ട് ലോകക്രമങ്ങള്‍ തമ്മിലുള്ള നിഗൂഢയുദ്ധത്തെക്കുറിക്കാന്‍ ഏറ്റവും ഉചിതമായ പേര് തന്നെയായിരുന്നു അത്. പതിനൊന്നാമത്തെ അപ്പോളോ ദൌത്യത്തില്‍ നീല്‍ ആംസ്ട്രോങ്ങും, ബസ് (എഡ്വിന്‍) ആള്‍ഡ്രിനും ചന്ദ്രനിലിറങ്ങി. മൈക്കല്‍ കോളിന്‍സ് പേടകത്തെ നിയന്ത്രിച്ചു. ആകെ 24 പേര്‍ ചന്ദ്രനെ ചുറ്റി സഞ്ചരിച്ചു. 12 പേര്‍ ചന്ദ്രനിലിറങ്ങി. 1983ല്‍ മാത്രമാണ് അമേരിക്ക ആദ്യമായി ഒരു സ്ത്രീയെ ബഹിരാകാശത്തെത്തിക്കുന്നത്. സാലി റൈഡ് ആയിരുന്നു അത്.  ചാന്ദ്രദൗത്യങ്ങളില്‍ ബഹിരാകാശ യാത്രികരായി സ്ത്രീകള്‍  ഉള്‍പ്പെട്ടിരുന്നില്ലെങ്കിലും പേടകത്തിന്റെ പാത നിര്‍ണ്ണയിക്കുന്നത് ഉള്‍പ്പടെയുള്ള മര്‍മ്മപ്രധാനമായ കാര്യങ്ങളില്‍ അവരുടെ പങ്കാളിത്തമുണ്ടായിരുന്നു. നാല്‍പ്പതിനായിരത്തിലേറെപ്പേര്‍ പങ്കെടുത്ത അപ്പോളോ ദൗത്യത്തില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ ഉണ്ടായിരുന്നു.

സാലി റൈഡ്

ലോഞ്ച് റൂമിലെ  ആ പെണ്‍ചിരി

1969 ജൂലൈ പതിനാറിന് അപ്പോളോ 11 ന്‍റെ ലോഞ്ച് റൂമില്‍ ദൌത്യത്തിന്റെ വിക്ഷേപണ സമയത്തെടുത്ത ചിത്രത്തില്‍ വെള്ള ഷര്‍ട്ടും കറുത്ത ടൈയും ധരിച്ച പുരുഷന്മാര്‍ക്കിടയില്‍ ഒരേയൊരു സ്ത്രീമുഖം കാണാം. അത് ജോ ആന്‍ മോര്‍ഗന്‍ ആയിരുന്നു, അപ്പോളോ 11 ന്‍റെ ഇന്‍സ്ട്രുമെന്റെഷന്‍ കണ്ട്രോളര്‍ അവരായിരുന്നു. ജോണ്‍ എഫ് കെന്നഡി സ്പേസ് സെന്ററിലെ ആദ്യ വനിതാ എയറോനോട്ടിക്കല്‍ എഞ്ചിനീയര്‍. ഏറെക്കാലത്തേക്ക് അവര്‍ക്ക് കൂട്ടായി മറ്റൊരു സ്ത്രീ എത്തിയതുമില്ല. സ്ത്രീകളുടെ ശുചിമുറി ഇല്ലാത്ത കെട്ടിടത്തിലാണ് പതിനഞ്ച് കൊല്ലത്തോളം താന്‍ ജോലി ചെയ്തതെന്ന് ഇതിനെപ്പറ്റി അല്‍പ്പം തമാശയായി അവര്‍ പറയുന്നു. പുരുഷ ശുചിമുറി ഉപയോഗിക്കാന്‍ ആളെയൊഴിപ്പിക്കാന്‍ സെക്യൂരിറ്റി ജീവനക്കാരന്റെ സഹായം തേടുകയായിരുന്നത്രേ പതിവ്. എക്സ്‌പ്ലോറര്‍ ഒന്ന് ദൌത്യത്തിന്റെ വിജയമാണ് പുതിയ അറിവുകള്‍ക്കുള്ള സാധ്യത നല്‍കുന്ന ബഹിരാകാശ രംഗം തിരഞ്ഞെടുക്കാന്‍ അവരെ പ്രേരിപ്പിച്ചത്. താന്‍ ജീവിക്കുന്ന ലോകം മാറിമറിയാന്‍ പോവുകയാണെന്നും, ആ മാറ്റത്തിന്‍റെ ഓരത്ത് നില്‍ക്കാതെ അതിന്‍റെ ഭാഗമാകണമെന്നും മോര്‍ഗന്‍ കരുതി. വിദ്യാര്‍ഥിയായിരുന്ന സമയത്ത് തന്നെ ആര്‍മി ബാലിസ്റ്റിക് മിസൈല്‍ ഏജന്‍സിയില്‍ എഞ്ചിനീയറിംഗ് ട്രെയിനിയായിച്ചേര്‍ന്നു. പഠനം കഴിഞ്ഞതോടെ ജൂനിയര്‍ എഞ്ചിനീയറായി ജോലി നോക്കാന്‍ തുടങ്ങി. മുന്‍വിധി നിറഞ്ഞ പെരുമാറ്റങ്ങള്‍ മുതല്‍ അശ്ലീല ഫോണ്‍കോളുകള്‍ വരെ അവര്‍ക്ക് നേരിടേണ്ടി വന്നിരുന്നു. മെര്‍ക്കുറി, ജെമിനി, അപ്പോളോ ദൗത്യങ്ങളില്‍ ചുമതലകള്‍ വഹിച്ച സീനിയര്‍ എഞ്ചിനീയര്‍ ആയിട്ടുപോലും ലോഞ്ച് റൂമില്‍ അവര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. മനുഷ്യനെ ചന്ദ്രനില്‍ ഇറക്കിയ അപ്പോളോ 11 ദൌത്യത്തിലാണ് ഇന്‍സ്ട്രുമെന്റെഷന്‍ കണ്ട്രോളര്‍ ആയി ആദ്യമായി അവര്‍ ലോഞ്ച് റൂമില്‍ എത്തിയത്. ടെലിവിഷനില്‍ അവര്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ശരീര ഭാഗങ്ങളിലേക്ക് കാമറ സൂം ചെയ്യാനാവശ്യപ്പെട്ട് സംപ്രേക്ഷണ കേന്ദ്രത്തിലേക്ക് ഫോണ്‍ വിളികള്‍ എത്തുമായിരുന്നത്രേ.  ജോണ്‍ എഫ് കെന്നഡി സ്പേസ് സെന്ററിലെ ആദ്യ ഡിവിഷന്‍ ചീഫായ വനിത, എക്സിക്യുട്ടീവ്‌ പദവിയില്‍  എത്തുന്ന ആദ്യ വനിത തുടങ്ങി പല തുടക്കങ്ങള്‍ അവര്‍ കുറിച്ചു. ഇപ്പോഴും നാസയിലെ വനിതാപ്രാതിനിധ്യം പതിനഞ്ച് ശതമാനം മാത്രമാണെന്ന തിരിച്ചറിവില്‍ നിന്നുകൊണ്ടാണ് താന്‍ ഉള്‍പ്പെട്ട ലോഞ്ച് ഫോട്ടോ പോലെ ഒന്ന് ഇനിയുണ്ടാവരുത് എന്ന് മോര്‍ഗന്‍ ആഗ്രഹിക്കുന്നത്.

കമ്പ്യൂട്ടറുകളിലും കറുപ്പും വെളുപ്പുമുണ്ട് !

നാസയുടെ പ്രാഗ്രൂപമായിരുന്നു നാക്ക (National Advisory Committee for Aeronautics). ലാംഗ്ലി റിസര്‍ച്ച് സെന്റര്‍ നാക്കയുടെ ഭാഗമായുള്ള ഗവേഷണ കേന്ദ്രമായിരുന്നു. നൂറുകണക്കിന് വനിതകള്‍ ഇവിടെ ജോലി ചെയ്തിരുന്നു. കമ്പ്യൂട്ടറുകള്‍ വ്യാപകമാകുന്നതിന് മുന്‍പുള്ള കാലത്ത് സങ്കീര്‍ണ്ണമായ കണക്കുകൂട്ടലുകള്‍ പിഴവില്ലാതെ നിര്‍വ്വഹിക്കുകയായിരുന്നു ഇവരുടെ ജോലി. യുദ്ധവിമാനങ്ങളെയും റോക്കറ്റുകളെയുമൊക്കെ ആകാശത്തേക്ക് പറത്തിവിടാന്‍ ആ കണക്കുകള്‍ നിര്‍ണ്ണായകമായിരുന്നു. മനുഷ്യ കമ്പ്യൂട്ടറുകള്‍ എന്നറിയപ്പെട്ടിരുന്ന ഈ സ്ത്രീകളാണ് ചാന്ദ്രയാത്രയുമായി ബന്ധപ്പെട്ട കണക്കുകൂട്ടലുകളും  നടത്തിയത്.

ആഫ്രോ അമേരിക്കന്‍ വംശജരായ  ധാരാളം സ്ത്രീകള്‍ കൂടി ഉള്‍പ്പെട്ടതായിരുന്നു ഈ സ്ത്രീതൊഴിലാളി സംഘം. അവരുടെ അനുഭവങ്ങളും അവര്‍ നേരിട്ടിരുന്ന ലിംഗ, വര്‍ണ്ണ വിവേചനങ്ങളും കൂടി ഉള്‍പ്പെട്ടതാണ് ബഹിരാകാശ യാത്രകളുടെ ചരിത്രം. 1935 ലാണ് ആദ്യമായി സ്ത്രീകള്‍ മനുഷ്യകമ്പ്യൂട്ടറുകളായി നിയമിക്കപ്പെട്ടത്. തുടര്‍ന്ന് രണ്ടാം ലോകമഹായുദ്ധകാലത്ത് ഗണിതത്തില്‍ മിടുക്കരായ കൂടുതല്‍പ്പേര്‍ കമ്പ്യൂട്ടറുകളായെത്തി. ഇവരില്‍ ധാരാളം പേര്‍ കറുത്തവര്‍ഗ്ഗക്കാരായ സ്ത്രീകളായിരുന്നു. പുരുഷന്മാരേക്കാള്‍ വേതനം കുറച്ചുമതി എന്നതാണ് സ്ത്രീകളെ, വിശേഷിച്ചും കറുത്തവര്‍ഗ്ഗക്കാരായ സ്ത്രീകളെ ജോലിക്കെടുക്കാന്‍ കാരണമായത്. യുദ്ധരംഗത്ത് പ്രധാനപ്പെട്ട സമവാക്യങ്ങളും അളവുകളും അവര്‍ തങ്ങളുടെ ഡസ്ക് കാല്‍കുലേറ്ററുകളില്‍ നിര്‍ധാരണം ചെയ്തെടുത്തു. പ്രതിരോധ രംഗത്തെ തൊഴിലുകളില്‍ വര്‍ണ്ണ വിവേചനം  ഒഴിവാക്കി പ്രസിഡന്‍റ് റൂസ്‌വെല്‍റ്റ്‌ നിയമം കൊണ്ടുവന്നത് ആഫ്രോ-അമേരിക്കന്‍ വംശജരായ സ്ത്രീകളെ ജോലിക്കെടുക്കാന്‍ സഹായകമായി. പ്രതിരോധ മേഖലയ്ക്കാവശ്യമായ വലിയ അളവ്  ഡേറ്റ കൈകാര്യം ചെയ്യാന്‍ വെള്ളക്കാര്‍ മാത്രം മതിയാകാതെ  വന്നപ്പോഴാണ് ഈ നിയമം പാസ്സാക്കേണ്ടിവന്നത്.ലാംഗ്ലിയിലെ മനുഷ്യ കമ്പ്യൂട്ടറുകളെ നിറത്തിന്റെ അടിസ്ഥാനത്തില്‍ കിഴക്കും പടിഞ്ഞാറുമായി വിഭജിച്ചിരുന്നു. വെസ്റ്റ്‌ ഏരിയ കമ്പ്യൂട്ടേഴ്സിലായിരുന്നു ആഫ്രിക്കന്‍ അമേരിക്കന്‍ വനിതകള്‍ ജോലി ചെയ്തത്. ഇവര്‍ക്ക്  പ്രത്യേക ഇരിപ്പിടങ്ങളും, ടോയ്ലറ്റുകളും കഫറ്റീരിയയില്‍ പ്രത്യേക സീറ്റുകളും എല്ലാമായി വേര്‍തിരിച്ച്  വെള്ളക്കാരന്റെ വര്‍ഗ്ഗാഭിമാനം സംരക്ഷിക്കപ്പെട്ടിരുന്നു. ഇതിനായി ജിം ക്രോ നിയമങ്ങള്‍ എന്നറിയപ്പെട്ട നിബന്ധനകള്‍ നടപ്പാക്കി.  പൂര്‍ണ്ണസ്ത്രീകളായി പരിഗണിക്കപ്പെടാത്തത് കൊണ്ടാവണം ഗേള്‍സ്‌ എന്ന  പൊതുനാമത്തില്‍ അവരറിയപ്പെട്ടത്.

മേരി ജാക്സണ്‍,കാതറീന്‍ ജോണ്‍സണ്‍, ഡൊറോത്തി വോഗന്‍

കറുത്തവര്‍ഗ്ഗക്കാരായ ഈ സ്ത്രീകളുടെ കഥ പറയുന്ന പുസ്തകമാണ് മാർഗോട്ട് ലീ ഷെറ്റേളി എഴുതിയ Hidden Figures – the untold story of African-American Women who helped win the space race. കാതറീന്‍ ജോണ്‍സണ്‍, ഡൊറോത്തി വോഗന്‍, മേരി ജാക്സണ്‍ എന്നീ മൂന്നുപേരെ മുന്‍നിര്‍ത്തിയാണ് ബഹിരാകാശ ഗവേഷണരംഗത്തെ ആഫ്രോ-അമേരിക്കന്‍ പങ്കാളിത്തത്തെപ്പറ്റി ഷെറ്റേളി ചര്‍ച്ച ചെയ്യുന്നത്. ഈ പുസ്തകം പിന്നീട് അതേപേരില്‍ ചലച്ചിത്രമായി. 

 

ചന്ദ്രനിലേക്ക് വഴി കണ്ടെത്തിയ കാതറീന്‍

വീട്ടിലേക്കുള്ള പടികള്‍ മുതല്‍ ആകാശത്തിലെ നക്ഷത്രങ്ങളെ വരെ എണ്ണിയിരുന്ന പെണ്‍കുട്ടി ആയിരുന്നത്രേ കാതറീന്‍ ജോണ്‍സണ്‍. കണക്കിലെ  ഈ താല്പര്യം പില്‍ക്കാലത്ത് ചന്ദ്രനിലേക്കുള്ള യാത്രാപാത വരെ കണക്കാക്കുന്നതിലേക്ക് അവരെ എത്തിച്ചു. അപ്പോളോ 11 ദൌത്യത്തില്‍ ആംസ്ട്രോങ്ങും ആള്‍ഡ്രിനും സഞ്ചരിക്കേണ്ട പാത കണക്കുകൂട്ടിയെടുത്തത് അവരാണ്. ഭൂമിയും ചന്ദ്രനും സ്വയം ഭ്രമണവും പരിക്രമണവും ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ ഭൂമിയില്‍ നിന്ന് പുറപ്പെടുമ്പോള്‍ ഉളതായിരിക്കില്ല അവിടെയെത്തുമ്പോള്‍ ചന്ദ്രന്‍റെ സ്ഥാനം. അത് കൊണ്ട് തന്നെ കൃത്യമായ യാത്രാപഥം കണക്കുകൂട്ടിയെടുക്കൽ വളരെ പ്രധാനമാണ്. അമേരിക്കയുടെ ആദ്യ ബഹിരാകാശയാത്രക്കാരനായ അലന്‍ ഷെപ്പേഡിന്റെ യാത്രാപഥം തയ്യാറാക്കിയതും കാതറീന്‍ ജോണ്‍സണ്‍ ആയിരുന്നു.

കാതറീന്‍ ജോണ്‍സണ്‍

വെസ്റ്റ്‌ ഏരിയ കമ്പ്യൂട്ടേഴ്സില്‍ ജോലിക്ക് ചേര്‍ന്ന അവര്‍ പ്രവര്‍ത്തന മികവുകൊണ്ട് രണ്ടാഴ്ചക്കുള്ളില്‍ തന്നെ ഫ്ലൈറ്റ്സ് വിഭാഗത്തിലേക്ക് മാറ്റപ്പെട്ടു. അമേരിക്കയുടെ ബഹിരാകാശ ചര്രിത്രത്തില്‍ നിര്‍ണ്ണായകമായൊരു സ്ഥാനം അവര്‍ വഹിക്കാനിടയായത് അങ്ങനെയാണ്. ജോലി മുഴുവന്‍ ചെയ്തത് സ്ത്രീകളായാല്‍ പോലും റിപ്പോര്‍ട്ടുകളിലും പേപ്പറുകളിലും അവര്‍ക്ക് സ്വന്തം പേര് വെക്കാന്‍ അവകാശമില്ലാതിരുന്ന കാലത്ത് ആദ്യമായി ഒരു പെണ്‍പേര് റിപ്പോര്‍ട്ടില്‍ കുറിക്കപ്പെട്ടത് അവരുടെയായിരുന്നു. മെര്‍ക്കുറി അറ്റ്ലസ് 6 ദൌത്യത്തിനായി ഇലക്ട്രോണിക് കമ്പ്യൂട്ടറില്‍ തയ്യാറാക്കിയ യാത്രാപാത കാതറീന്‍ ജോണ്‍സണ്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ജോണ്‍ ഗ്ലെന്‍ ബഹിരാകാശയാത്രക്ക് തയ്യാറായുള്ളൂ. അപ്പോളോ പദ്ധതിക്ക് മുന്പ് ചാന്ദ്രപര്യവേഷണം നടത്തിയ ലൂണാര്‍ ഓര്‍ബിറ്റര്‍ മോഡ്യൂളിന്റെ സഞ്ചാരപാത നിര്‍ണ്ണയിക്കുന്നതിലും അപ്പോളോ ദൌത്യത്തിലെ ലൂണാര്‍ മോഡ്യൂളിന്‍റെയും കമാന്റ് സര്‍വീസ് മോഡ്യൂളിന്‍റെയും പ്രവര്‍ത്തനങ്ങളെ കൂട്ടിയിണക്കുന്നതിനും അവരുടെ ഗണിതക്രിയകള്‍ സഹായിച്ചു. അപ്പോളോ 13 ലെ യാത്രക്കാരെ സുരക്ഷിതമായി തിരികെയെത്തിക്കാനുള്ള വഴികള്‍ അല്‍ ഹമര്‍ എന്ന എഞ്ചിനീയറുമായിച്ചേര്‍ന്ന് കണക്കുകൂട്ടിയെടുത്തു. സ്പേസ് ഷട്ടിലുകളുടെ രൂപകല്പനയിലും പങ്കാളിയായ കാതറീന്‍ ജോണ്‍സണ്‍ നൂറാം ജന്മദിനം ആഘോഷിച്ചത് കഴിഞ്ഞ വര്‍ഷമാണ്‌.

ഡൊറോത്തി വോഗന്‍.

വെസ്റ്റ്‌ ഏരിയ കമ്പ്യൂട്ടേഴ്സിൽ വകുപ്പുമേധാവിയായ ആദ്യ ആഫ്രോഅമേരിക്കന്‍ വനിതയായിരുന്നു ഡൊറോത്തി വോഗന്‍. നാക്കയില്‍ സൂപ്പര്‍വൈസറാകുന്ന ആദ്യ കറുത്തവര്‍ഗ്ഗക്കാരിയും അവര്‍ തന്നെ. കാതറീന്‍ ജോണ്‍സണെപ്പോലെ ഡൊറോത്തിയും നാക്കയിലെത്തിയത് അധ്യാപന രംഗത്തുനിന്നായിരുന്നു. കമ്പ്യൂട്ടര്‍മാരുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക മാത്രമല്ല വെള്ളക്കാരുൾപ്പടെ അവിടത്തെ എല്ലാ സ്ത്രീകളുടെയും തൊഴില്‍  പ്രശ്നങ്ങളിലടക്കം ഇടപെടുകയും ചെയ്തു. കാതറീന്‍ ജോണ്‍സണും മേരി ജാക്സണും  ഉള്‍പ്പടെ പലരുടെയും വളര്‍ച്ചക്ക് പിന്നില്‍ അവരുണ്ട്. നാക്ക നാസയായപ്പോള്‍ അവിടത്തെ കമ്പ്യൂട്ടര്‍ ഡിവിഷനില്‍ ചേരുകയും ദീര്‍ഘകാലം അവിടെ തുടരുകയും ചെയ്തു. സ്‌കൗട്ട് ( SCOUT – Solid Controlled Orbital Utiltiy Test ) എന്നറിയപ്പെട്ട ഉപഗ്രഹവിക്ഷേപണ റോക്കറ്റിന്റെ നിര്‍മ്മാണത്തില്‍ അവര്‍ ഗണ്യമായ സംഭാവന നല്‍കി .നാസയില്‍ എഞ്ചിനീയറാകുന്ന ആദ്യ കറുത്തവര്‍ഗ്ഗക്കാരിയായിരുന്നു മേരി ജാക്സണ്‍. വിമാനങ്ങളുടെ വായുവിലൂടെയുള്ള സഞ്ചാരവുമായി ബന്ധപ്പെട്ട എയറോഡൈനാമിക്സായിരുന്നു അവരുടെ  പ്രധാന ഗവേഷണ മേഖല. ഒരു എഞ്ചിനീയര്‍ക്ക് എത്താവുന്ന പരമാവധി പദവിയില്‍ എത്തിയ ശേഷം സ്വയം താഴോട്ടിറങ്ങി നാസയിലേക്ക് സ്ത്രീകളെ ജോലിക്കെടുക്കുന്നതിന്‍റെയും ജോലിചെയ്യുന്ന സ്ത്രീകളുടെ പ്രമോഷന്റെയും ചുമതലയുള്ള മാനേജര്‍ ആയി മാറി. സോണിക് ബൂം, സൂപ്പര്‍ സോണിക് മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ക്രിസ്റ്റിന്‍ ഡാര്‍ഡെന്‍, ലാംഗ്ലിയില്‍ വര്‍ണ്ണവിവേചനത്തിനെതിരെ പൊരുതിയ മിറിയം ഡാനിയേല്‍സ്മാന്‍ തുടങ്ങി നിരവധി മനുഷ്യകമ്പ്യൂട്ടറുകളെ ആ കുതിച്ചുചാട്ടത്തിന് അമ്പത് തികയുമ്പോള്‍ ഓര്‍ക്കേണ്ടതുണ്ട്.

മേരി ജാക്സണ്‍

മെര്‍ക്കുറി 13 എന്ന വ്യര്‍ത്ഥ സ്വപ്നം

മെര്‍ക്കുറി 7 ബഹിരാകാശദൌത്യത്തിലേക്ക് പുരുഷന്മാരായ ആസ്ട്രോനട്ടുകളെ തെരഞ്ഞെടുക്കുന്ന സമയത്ത് ടെസ്റ്റിന്റെ ചുമതലയുള്ള റാന്‍ഡി  ലവ്ലേസിന് സമാനമായ സാഹചര്യങ്ങളില്‍ സ്ത്രീ ശരീരം എങ്ങനെ പ്രതികരിക്കും എന്നറിയാന്‍ കൌതുകം തോന്നി. യുദ്ധവിമാനങ്ങളും ബോംബറുകളും പറത്തുന്നതില്‍ വിദഗ്ദ്ധയായ ജെറാള്‍ഡിന്‍ കോബിനെ പുരുഷന്മാരില്‍ നടത്തിയ അതേ മൂന്നുഘട്ട ശാരീരിക, മാനസിക പരിശോധനകള്‍ക്ക് വിധേയയാക്കി. അതിലെല്ലാം അവര്‍ വിജയിച്ചു എന്ന് മാത്രമല്ല പുരുഷന്മാരടക്കം ഏറ്റവും മികച്ച രണ്ട് ശതമാനത്തിനുള്ളില്‍ ഇടം പിടിക്കുകയും ചെയ്തു.പിന്നീട് പരിശോധന നടത്തിയ പത്തൊന്‍പത് പേരില്‍ പതിമൂന്ന് പേരും വിജയിച്ചു. ഇവരില്‍ മിക്കവരും ദീര്‍ഘകാലം വിമാനം പറത്തിയ പൈലറ്റുമാരായിരുന്നു. നാസയുടെ ഔദ്യോഗിക അനുവാദമില്ലാതെ ഡോക്ടര്‍ ലവ്ലേസിന്റെ താല്പര്യത്തിലായിരുന്നു അത്. സ്ത്രീ ശരീരം പുരുഷനേക്കാള്‍ ഏറെ വ്യത്യസ്തമാണെന്നാണ് അന്ന് കരുതിയിരുന്നത്. ബഹിരാകാശത്ത് സ്ത്രീശരീരം എങ്ങനെ പ്രവര്‍ത്തിക്കുമെന്നറിയാനുള്ള അക്കാദമിക താല്പര്യമാണ് അദ്ദേഹത്തെ നയിച്ചത്. സ്ത്രീകള്‍ ബഹിരാകാശത്ത് പോകണോ എന്നത് സജീവ ചര്‍ച്ചയാവുകയും ഇതേപ്പറ്റി ചര്‍ച്ച ചെയ്യാന്‍  ഹൌസ് കമ്മിറ്റി മീറ്റിംഗ് നടത്തുകയും ചെയ്തു. ബഹിരാകാശ യാത്രികരായ ജോണ്‍ ഗ്ലെന്നും , സ്കോട്ട് കാര്‍പെന്ററും നാസ പ്രതിനിധിയും സ്ത്രീകള്‍ക്കെതിരെ മൊഴി നല്‍കി. വൈസ് പ്രസിഡന്‍റിന്റെ സെക്രട്ടറി ലിസ് കാര്‍പെന്റര്‍ അടക്കം ശ്രമിച്ചിട്ടും സ്ത്രീകള്‍ക്കനുകൂലമായി തീരുമാനമെടുക്കാനായില്ല. ബഹിരാകാശത്തെ സാഹചര്യങ്ങള്‍ പ്രായമായവരെ എങ്ങനെ ബാധിക്കുന്നു എന്നറിയാനായി ജോണ്‍ ഗ്ലെന്‍ രണ്ടാമതും അയക്കപ്പെട്ടത് പോലെ ജെറി കൊബിനെയും ബഹിരാകാശ യാത്രക്ക് അയക്കണമെന്ന നിര്‍ദ്ദേശം 1999ല്‍ ഉയര്‍ന്നു വന്നു. കോബ് നേരിട്ട് കത്തെഴുതിയെങ്കിലും അതും പരിഗണിക്കപ്പെട്ടില്ല.

ജെറാള്‍ഡിന്‍ കോബ്

സ്ത്രീകള്‍ ചന്ദ്രനില്‍ എത്താത്തതെന്തു കൊണ്ട്?

സ്ത്രീ ശരീരത്തേയും അവര്‍ക്ക് സഹിക്കാന്‍ കഴിയുന്നതിന്‍റെ പരിധിയേയും പറ്റിയുള്ള പൊതുബോധമാണ് സ്ത്രീകളുടെ ചാന്ദ്രയാത്രക്ക് വിഘാതമായത്. സാങ്കേതികമായ ജോലികള്‍ ചെയ്യാന്‍ സ്ത്രീകള്‍ അനുയോജ്യരല്ലെന്നും ബഹിരാകാശത്തെ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളെ നേരിടാന്‍ അവര്‍ക്കാവില്ലെന്നും ആയിരുന്നു പൊതുവേയുള്ള ധാരണ. പുരുഷന്മാരുടെ ആധിപത്യമുള്ള മേഖലയിലേക്ക് സ്ത്രീകള്‍ കടന്നു വരുന്നതിലെ താല്‍പര്യക്കുറവും സ്ത്രീകളുടെ ഗാര്‍ഹിക ചുമതലകളെപ്പറ്റിയുള്ള സാമൂഹ്യബോധവുമെല്ലാം സ്ത്രീകളെ ഒഴിവാക്കുന്നതിലേക്ക് നയിച്ചു. ആര്‍ത്തവമടക്കമുള്ള പ്രശ്നങ്ങള്‍ സ്ത്രീകളെ തെരഞ്ഞെടുക്കുന്നതിന് എതിരായി ഉന്നയിക്കപ്പെട്ടു. എന്നാല്‍ കുറഞ്ഞ ഗുരുത്വാകര്‍ഷണം എല്ലുകള്‍, പേശികള്‍, രക്തചംക്രമണ വ്യവസ്ഥ, സന്തുലനം എന്നിവയെ ബാധിക്കുമെങ്കിലും ആര്‍ത്തവത്തെ ഒരുതരത്തിലും ബാധിക്കുന്നില്ല എന്ന് പില്‍ക്കാല അനുഭവങ്ങള്‍ തെളിയിക്കുന്നു. പരിമിതമായി മാത്രം വെള്ളം ഉപയോഗിക്കാവുന്ന സാഹചര്യത്തില്‍ ശുചിത്വം ഉറപ്പുവരുത്തുന്നതിലെ ബുദ്ധിമുട്ട് കാരണം പല ബഹിരാകാശ യാത്രികരും യാത്രാസമയത്ത് ആര്‍ത്തവം നീട്ടിവെക്കുന്നതിനുള്ള മരുന്നുകള്‍ ഉപയോഗിക്കാറുണ്ട്, അതേസമയം സ്വാഭാവിക പ്രക്രിയ എന്ന നിലക്ക് ആര്‍ത്തവത്തെ സ്വീകരിക്കുന്നവരുമുണ്ട്. തൊലിക്കടിയില്‍ സ്ഥാപിക്കാവുന്ന ഇമ്പ്ലാന്റുകള്‍ വഴി ആര്‍ത്തവം നീട്ടിവെക്കാനുള്ള ഗവേഷണങ്ങളും നടക്കുന്നു. ചൊവ്വായാത്ര പോലെ കൂടുതല്‍ ദൈര്‍ഘ്യമേറിയ ബഹിരാകാശ യാത്രകളില്‍ അത് ആവശ്യമായി വന്നേക്കും എന്നതാണ് കാരണം.

ശാസ്ത്രം നിലനില്‍ക്കുന്നത് തെളിവുകളെ ആശ്രയിച്ചാണെങ്കിലും കണ്മുന്നിലുള്ള തെളിവായ മെര്‍ക്കുറി 13 പരിശോധനാ റിപ്പോര്‍ട്ടുകള്‍ അവഗണിക്കപ്പെട്ടു. ആര്‍മി ടെസ്റ്റ്‌ പൈലറ്റുകളും എഞ്ചിനീയറിംഗ് വൈദഗ്ധ്യമുള്ളവരും ആയിരിക്കുക എന്നതായിരുന്നു ബഹിരാകാശയാത്രികര്‍ക്കായി 1960 കളില്‍  നിര്‍ദ്ദേശിക്കപ്പെട്ട യോഗ്യതകള്‍. പലയിടങ്ങളിലും എഞ്ചിനീയറിംഗ് പഠനത്തിന് സ്ത്രീകള്‍ക്ക് പ്രവേശനം ലഭിച്ചു തുടങ്ങിയത് 1970 ന് ശേഷം മാത്രമാണ്. ആര്‍മിയില്‍ ടെസ്റ്റ്‌ പൈലറ്റുകളായി അവര്‍ നിയമിക്കപ്പെട്ടിരുന്നുമില്ല.  പില്‍ക്കാലത്ത് ഇത്തരം നിബന്ധനകളില്‍ അയവ് വരുത്തി. അതിനുശേഷമാണ് 1983 ല്‍,  ബഹിരാകാശത്തെത്തുന്ന ആദ്യ അമേരിക്കന്‍ വനിതയായ സാലി റൈഡ് ആ നേട്ടം കൈവരിക്കുന്നത്. ജെറി കോബിനെപ്പോലെ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ബോംബര്‍ പൈലറ്റിന് പോലും അന്നത്തെ പുരുഷാധിപത്യത്തെ മറികടക്കാനായില്ല.

സ്വെറ്റ്ലാന സവിത്സ്കായ

മുതലാളിത്ത വ്യവസ്ഥിതി മുന്നോട്ട് വെക്കുന്ന സ്ത്രീയെക്കുറിച്ചുള്ള കാഴ്ചപ്പാട് തൊലിപ്പുറമേ മാത്രം പുരോഗമനപരവും ആഴത്തില്‍ പുരുഷാധിപത്യമൂല്യങ്ങളെ സംരക്ഷിക്കുന്നതുമാണ്. അത് കൊണ്ടാണ് ഇനി ഒരു സ്ത്രീയാണ് ബഹിരാകാശത്ത് എത്തേണ്ടത് എന്ന് സോവിയറ്റ് യൂണിയന്‍ തീരുമാനമെടുത്തപ്പോള്‍ അമേരിക്കക്ക് അത് കഴിയാതെ പോയത്. സാധാരണക്കാരായ സ്ത്രീകളെ തെരഞ്ഞെടുത്ത് ബഹിരാകാശ യാത്രക്കായി പരിശീലനം നല്‍കി ഒരുക്കിയെടുക്കുകയായിരുന്നു സോവിയറ്റ് യൂണിയന്‍ ചെയ്തത്. മുന്‍ ബഹിരാകാശ യാത്രികര്‍ എന്ന നിലയിലേക്ക് ഒതുങ്ങിപ്പോകാതെ വാലന്റീന തെരഷ്കോവയും സ്വെറ്റ്ലാന സവിത്സ്കായയും പില്‍ക്കാലത്ത് സാമൂഹിക , രാഷ്ട്രീയ രംഗങ്ങളില്‍ സജീവമായതും ഈ രാഷ്ട്രീയ ബോധ്യത്തിന്റെ ഭാഗമായാണ്. യഥാര്‍ത്ഥത്തില്‍ ശാരീരികമായ സവിശേഷതകളൊന്നും ബഹിരാകാശയാത്രയില്‍ നിന്ന് സ്ത്രീയെ തടയുന്നില്ല. സ്ത്രീവിരുദ്ധമായ സാമൂഹ്യബോധമാണ് ഇത്തരം മാറ്റിനിര്‍ത്തലുകള്‍ക്ക് കാരണമാകുന്നത്. ശാസ്ത്രത്തിന്‍റെ കണ്ണില്‍ സ്ത്രീയും പുരുഷനും തുല്യരാണെങ്കിലും ശാസ്ത്രത്തിന് മുകളില്‍ സാമൂഹികവും സാമ്പത്തികവുമായ മറ്റ് താല്പര്യങ്ങള്‍ നിഴല്‍ വിരിക്കുന്നുണ്ട്. ശാസ്ത്രബോധത്തിനൊപ്പം സമത്വത്തെക്കുറിച്ചുള്ള സാമൂഹ്യബോധവുമുണ്ടാകുമ്പോഴേ ശാസ്ത്രരംഗത്ത് സ്ത്രീകള്‍ നേരിടുന്ന ചില്ലുമറ തകര്‍ത്തെറിയാനാവൂ.

ചാന്ദ്രയാനിലെ പെണ്‍പെരുമ

ഇന്ത്യയുടെ ചാന്ദ്രദൌത്യമായ ചന്ദ്രയാന്‍ 2 ന്‍റെ തലപ്പത്തും രണ്ട് സ്ത്രീകളാണ്, പ്രോജക്റ്റ് ഡയറക്റ്ററായ എം. വനിതയും മിഷന്‍ ഡയറക്റ്ററായ റിതു കരിദാലും. ജൂലൈ  പതിന്നാലാം തീയതി പറന്നുയരേണ്ടിയിരുന്ന ചാന്ദ്രയാന്‍ സാങ്കേതിക തകരാറുമൂലം യാത്ര മാറ്റിവെച്ചെങ്കിലും ഇന്നുവരെ ആരും ചെന്നെത്താത്ത ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തെക്കുറിച്ച് പഠിക്കാനായി ഏറെ വൈകാതെ യാത്രതിരിച്ചേക്കും.

പ്രോജക്റ്റ് ഡയറക്റ്ററായ എം. വനിതയും മിഷന്‍ ഡയറക്റ്ററായ റിതു കരിദാലും

ചാന്ദ്രയാന്‍ ദൌത്യസംഘത്തില്‍ മുപ്പത് ശതമാനത്തോളം സ്ത്രീകളുണ്ടെന്ന് ISRO പറയുന്നു. ഐ എസ് ആര്‍ ഓ യിലെ ആദ്യ വനിതാ പ്രോജക്റ്റ് ഡയറക്റ്ററാണ് എം വനിത. മുന്‍പ് ഇന്ത്യയുടെ വിദൂരസംവേദന ഉപഗ്രഹങ്ങളുമായി ബന്ധപ്പെട്ട ചുമതലകള്‍ വഹിച്ചിരുന്നു. 2006 ലെ മികച്ച വനിതാശാസ്ത്രജ്ഞക്കുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. ഇന്ത്യയുടെ റോക്കറ്റ് വനിത എന്നറിയപ്പെടുന്ന റിതു കരിദാല്‍ മംഗള്‍യാന്‍ ദൌത്യത്തില്‍ ഡെപ്യൂട്ടി ഡയരക്ടര്‍ ആയിരുന്നു. ബഹിരാകാശത്തെ യാത്ര സ്വയം നിയന്ത്രിക്കാനും തകരാറുകള്‍ സംഭവിക്കുമ്പോള്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും പറ്റുന്ന വിധത്തില്‍ പേടകത്തിന്റെ ഓട്ടോമേഷന്‍ സംവിധാനം രൂപപ്പെടുത്തുകയായിരുന്നു അവരുടെ ചുമതല. 2007 ല്‍ യുവശാസ്ത്രജ്ഞക്കുള്ള പ്രതിഭാപുരസ്‌കാരം നേടിയിരുന്നു. ഗഗന്‍യാന്‍ ദൌത്യത്തില്‍ ഒരു വനിതയെ ബഹിരാകാശത്തേക്ക് അയക്കാനും പദ്ധതിയുണ്ട്. ഈ പ്രോഗ്രാമിന്റെ ചുമതലക്കാരില്‍ വി ആര്‍ ലളിതാംബിക എന്ന വനിതയുമുണ്ട്.

കൂടുതല്‍ കൂടുതല്‍ സ്ത്രീകള്‍ ശാസ്ത്രസാങ്കേതിക ഗവേഷണത്തിലേക്ക് കടന്നുവരുന്നുണ്ടെങ്കിലും അമേരിക്കയില്‍ ഉള്‍പ്പടെ, ബഹിരാകാശ ദൗത്യങ്ങളില്‍ മൂന്നിലൊന്ന് പ്രാതിനിധ്യം പോലും നിലവില്‍ അവര്‍ക്കില്ല. ചന്ദ്രനിലേക്കുള്ള ആദ്യയാത്രക്ക് അന്‍പത് തികയുമ്പോള്‍ ഈ നൂറ്റാണ്ടിലെങ്കിലും ഒരു സ്ത്രീ ചന്ദ്രനില്‍ കാല്‍കുത്തുമെന്നു പ്രതീക്ഷിക്കാം.‌


ലൂക്കയില്‍ പ്രസിദ്ധീകരിച്ച മറ്റുലേഖനങ്ങള്‍

Happy
Happy
14 %
Sad
Sad
14 %
Excited
Excited
71 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സ്വർണ പാദങ്ങൾ – ചാന്ദ്രയാത്രയ്ക്ക് 51 വര്‍ഷം
Next post ആദ്യമായി ഒരു വനിതയെ ചന്ദ്രനിൽ എത്തിക്കാൻ ആർടെമിസ്
Close