Read Time:35 Minute

സാബുജോസ്

1969 ജൂലൈ 20നാണ് (ഇന്ത്യൻ സമയമനുസരിച്ച് ജൂലൈ 21) നീൽ ആംസ്ട്രോങ് ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയത്. നീൽ ആംസ്ട്രോങ് മുതൽ യൂജിൻ സെർനാൻവരെ 12 മനുഷ്യർ ചന്ദ്രലോകത്ത് നടന്നു. സങ്കൽപ സ്വർഗത്തിലെ പാലരുവിയെ തങ്ങളുടെ പാദസ്പർശത്താൽ യാഥാർഥ്യത്തിന്റെ കവിതയാക്കി മാറ്റി അവർ ഓരോരുത്തരും. സ്വർഗത്തെയും ഭൂമിയെയും വേർതിരിക്കുന്ന അതിർത്തിയായി ചിന്തകർ സങ്കൽപിച്ചിരുന്ന ചന്ദ്രബിംബം ശാസ്ത്രാന്വേഷണത്തിന്റെ സാക്ഷ്യപത്രമായി.
ത്രസിപ്പിക്കുന്ന അനുഭവങ്ങളുടെ പരമ്പര തന്നെയുണ്ട് ചാന്ദ്രയാത്രകൾക്കു പിന്നിൽ. ശാസ്ത്രസാങ്കേതിക വിദ്യയുടെ വളർച്ച മുതൽ രാഷ്ട്രീയ ഇടപെടലുകൾ വരെ. ഉപഗ്രഹങ്ങളുടെയും വിക്ഷേപണവാഹനങ്ങളുടെയും പരീക്ഷണങ്ങളും ജയപരാജയങ്ങളും. കേവലം ഒരു ആവേശത്തിന്റെ ഭാഗമായി നടത്തിയ ഉദ്യമങ്ങളല്ല ചാന്ദ്രയാത്രകൾ. നിരവധി ആളുകളുടെ വിയർപ്പും കണ്ണീരും അതിനു പിന്നിലുണ്ട്. കൂടാതെ ഭൗതികശാസ്ത്രത്തിന്റെ ഉറച്ച പിന്തുണയും. ഇന്ന് തിങ്കൾ മാനത്തെ പാൽക്കിണ്ണമല്ല, ഭാവിയിലെ ഗ്രഹാന്തരയാത്രകൾക്കായി മനുഷ്യർ രൂപപ്പെടുത്തുന്ന ഇടത്താവളമായി ചന്ദ്രൻ മാറിക്കൊണ്ടിരിക്കുകയാണ്. ചാന്ദ്രയാത്രയ്ക്ക് അരനൂറ്റാണ്ടു പിന്നിടുമ്പോള്‍ ഒരിക്കൽ കൂടി ചന്ദ്രനെക്കുറിച്ചും ചാന്ദ്രദൗത്യങ്ങളെക്കുറിച്ചും ചിന്തിക്കാം. അതോടൊപ്പം ഭാവിയിൽ മനുഷ്യൻ ചന്ദ്രനെ എങ്ങനെ ഉപയോഗപ്പെടുത്തും എന്നതിനെക്കുറിച്ചും.
അപ്പോളോ 11 നെയും വഹിച്ചുകൊണ്ട് സറ്റേൺ V റോക്കറ്റ് ഉയരുന്നു

ഗ്രഹാന്തര യാത്രകളുടെ കാലം

 21ാം നൂറ്റാണ്ട് ഗ്രഹാന്തര യാത്രകളുടെ കാലമാണ്. ഭൂമിക്കു വെളിയിൽ, സൗരകുടുംബത്തിനുമപ്പുറം ഏതുനിമിഷവും ജീവന്റെ തുടിപ്പുകൾ കണ്ടെത്താൻ കഴിയുമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. സാങ്കേതികവിദ്യയുടെ വളർച്ച ആസന്നഭാവിയിൽതന്നെ ഗ്രഹാന്തര യാത്രകൾ യാഥാർഥ്യമാക്കും. ചൊവ്വയും ടൈറ്റനും യൂറോപയുമെല്ലാം മനുഷ്യന്റെ ഗ്രഹാന്തര യാത്രകൾക്കുള്ള ഇടത്താവളമാകും. ഈ സ്വപ്നങ്ങൾക്കെല്ലാം നിറംപകർന്നത് മനുഷ്യന്റെ ചാന്ദ്രയാത്രകളാണ്. ഭൂമിക്കു വെളിയിൽ മനുഷ്യന്റെ പാദസ്പർശമേറ്റ ഏക ഗോളം ചന്ദ്രനാണ്. 1969 ജൂലൈ 21നാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങുന്നത്. തുടർന്ന് ആറ് ചാന്ദ്രദൗത്യങ്ങളിലായി 12 പേർ ചന്ദ്രനിലിറങ്ങിയിട്ടുണ്ടെങ്കിലും ആദ്യയാത്രയുടെ ചൂടും ചൂരുമൊന്നും മറ്റൊന്നിനുമുണ്ടാകില്ല. പ്രപഞ്ചത്തിൽ ഭൂമിയും ചന്ദ്രനും ഉള്ളിടത്തോളം കാലം, ഭൂമിയിൽ മനുഷ്യവംശം നിലനിൽക്കുന്നിടത്തോളം കാലം മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ദിനം ചാന്ദ്രദിനമായി ആഘോഷിക്കപ്പെടും.

ഭൂമിക്കു വെളിയിൽ മനുഷ്യന്റെ പാദസ്പർശമേറ്റ ഏക ആകാശഗോളം – എഡ്വിന്‍ ആല്‍ട്രിന്റെ കാലടിപ്പാട്
അപ്പോളോ പദ്ധതിയുടെ ഭാഗമായി ചന്ദ്രനിലേക്ക് പറക്കാനായി തെരഞ്ഞെടുക്കപ്പെട്ട 40 ബഹിരാകാശ സഞ്ചാരികളിൽ ഭാഗ്യത്തിന്റെ പിന്തുണ കൂടുതലുണ്ടായതുകൊണ്ടാണ് ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തിയ ആദ്യ മനുഷ്യനായതും ആൽഡ്രിനും കോളിൻസും ആ ചരിത്രദൗത്യത്തിന്റെ ഭാഗമായതും. ചന്ദ്രനിൽ ഇറങ്ങുകയും സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തുകയും ചെയ്യുക എന്നതിൽ കവിഞ്ഞ് അപ്പോളോ–11 ദൗത്യത്തിന് വലിയ ശാസ്ത്രീയ പ്രാധാന്യമൊന്നും നൽകാൻ കഴിയില്ല. എന്നാൽ തുടർന്നുനടന്ന ദൗത്യങ്ങൾ അങ്ങനെയായിരുന്നില്ല. ചന്ദ്രനിൽ ഏതാനും മണിക്കൂറുകളാണ് ആംസ്ട്രോങ്ങും ആൽഡ്രിനും ചെലവഴിച്ചതെങ്കിൽ അപ്പോളോ–12 ദൗത്യം മനുഷ്യന് അനേകം മണിക്കൂറുകൾ ചന്ദ്രനിൽ കഴിയാമെന്നും പല ജോലികൾ ചെയ്യാമെന്നും തെളിയിച്ചു. അപ്പോളോ–13 ദൗത്യം പരാജയമായിരുന്നു. എന്നാൽ സഞ്ചാരികളെ അപകടം കൂടാതെ തിരിച്ചെത്തിക്കാൻ കഴിഞ്ഞു. അപ്പോളോ–14 ദൗത്യം ചന്ദ്രന്റെ ഉത്ഭവചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന പല വസ്തുതകളും കണ്ടെത്തി. കൂടാതെ ചന്ദ്രനിൽനിന്നും 460 കോടി വർഷം പ്രായമുള്ള പാറകൾ ഭൂമിയിലേക്ക് കൊണ്ടുവന്നു. അപ്പോളോ–15 ദൗത്യത്തിലാണ് ആദ്യമായി ലൂണാർ റോവർ എന്ന ചാന്ദ്രജീപ്പ് ചേന്ദ്രാപരിതലത്തിൽ ഓടിച്ചത്. 18 മണിക്കൂറാണ് ഈ ദൗത്യത്തിൽ ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനിൽ ചെലവഴിച്ചത്. ചാന്ദ്ര പർവത നിരകളിലൊന്നായ ദെക്കാർത്തയിൽ സുരക്ഷിതമായി ഇറങ്ങി പരീക്ഷണങ്ങൾ നടത്തിയതാണ് അപ്പോളോ–16 െൻറ ഏറ്റവും വലിയനേട്ടം. കൂടാതെ ചന്ദ്രഗോളം രൂപവത്കരിക്കപ്പെട്ട കാലം മുതൽ സൂര്യരശ്മികൾ പതിച്ചിട്ടില്ലാത്ത ചാന്ദ്രധൂളി ശേഖരിച്ചു. ലൂണാർ റോവർ മണിക്കൂറിൽ 17 കി.മീറ്റർ വേഗത്തിൽ ചേന്ദ്രാപരിതലത്തിലൂടെ ഓടിച്ചു. ചന്ദ്രനിലെ 85 ഡിഗ്രി സെൽഷ്യസ് ചൂടിൽ മൂന്ന് ഭൗമദിനങ്ങൾ ചെലവഴിച്ച ശേഷമാണ് ഈ ദൗത്യസംഘം ഭൂമിയിലേക്ക് മടങ്ങിയത്.
ആദ്യത്തെ ചാന്ദ്രയാത്രികര്‍ – നീല്‍ ആംസ്ട്രോങ്  എഡ്വിന്‍ ആൽഡ്രിന്‍,  മൈക്കിള്‍ കോളിൻസ്

അവസാനത്തെ ദൗത്യം

ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള ദൗത്യങ്ങളിൽ അവസാനത്തേതായിരുന്നു അപ്പോളോ–17. ഈ ദൗത്യത്തോടെ ആറുതവണ മനുഷ്യനെ ചന്ദ്രനിലിറക്കി എന്ന ബഹുമതിയും അമേരിക്ക കരസ്ഥമാക്കി. സാറ്റേൺ–5 റോക്കറ്റുപയോഗിച്ചായിരുന്നു വിക്ഷേപണം. 1972 ഡിസംബർ ഏഴിന് അന്താരാഷ്ട്ര സമയം 5.33ന് ചന്ദ്രനിലെ ടോറസ് ലിേട്രാവ് എന്ന സ്ഥലത്ത് പേടകം ഇറങ്ങി. മൂന്ന് ഭൗമദിനങ്ങളും മൂന്ന് മണിക്കൂറുമാണ് രണ്ട് യാത്രികർ ചന്ദ്രോപരിതലത്തിൽ ചെലവഴിച്ച് വിവിധ പരീക്ഷണങ്ങൾ നടത്തിയത്. ദൗത്യത്തിന്റെ കമാൻഡർ യൂജിൻ സെർനൻ ആയിരുന്നു.
ദൗത്യത്തിെൻറ കമാൻഡർ യൂജിൻ സെർനൻ ചാന്ദ്രജീപ്പിൽ യാത്രചെയ്യുന്നു

കമാൻഡ് മൊഡ്യൂൾ പൈലറ്റായ റൊണാൾഡ് ഇവാൻസും ലുണാർ മൊഡ്യൂൾ പൈലറ്റായ ഹാരിസൺ ഷ്മിത്തുമായിരുന്നു മറ്റുയാത്രികർ, യൂജിൻ സെർനനും ഹാരിസൺ ഷ്മിത്തും ചേന്ദ്രാപരിതലത്തിലിറങ്ങി വിവിധ പരീക്ഷണങ്ങൾ നടത്തിയപ്പോൾ റൊണാൾഡ് ഇവാൻസ് ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിൽ തന്നെ തുടർന്നു. സെർനനും ഷ്മിത്തും ചന്ദ്രനിൽ താപപ്രവാഹ പരീക്ഷണം നടത്തി. ചാന്ദ്രജീപ്പിൽ യാത്രചെയ്തു. തെർമോമീറ്റർ പ്രവർത്തിപ്പിച്ചു. അഗ്നിപർവതങ്ങെളക്കുറിച്ചുള്ള പഠനമായിരുന്നു ലക്ഷ്യം. ചാന്ദ്രപേടകം ഇറങ്ങിയ സ്ഥലത്തെ ധൂളിയിൽ അവരുടെ കാലുകൾ 25 സെ.മീറ്ററോളം താഴ്ന്നുപോയിരുന്നു. അവിടെ കണ്ടെത്തിയ ഇളം ചുവപ്പുനിറമുള്ള പാറകളിൽ പിന്നീട് ജലസാന്നിധ്യം സ്ഥിരീകരിച്ചു. പേടകത്തിൽനിന്ന് ആദ്യം ചേന്ദ്രാപരിതലത്തിലേക്ക് ഇറങ്ങിയത് യൂജിൻ സെർനൻ ആണ്. ഹാരിസൺ ഷ്മിത്ത് പിന്നീടാണ് ഇറങ്ങിയത്. അങ്ങനെ നോക്കുമ്പോൾ ചന്ദ്രനിൽ ഇറങ്ങിയതിൽ അവസാനത്തെ മനുഷ്യൻ ഹാരിസൺ ഷ്മിത്ത് ആണെന്ന് പറയാം. എന്നാൽ, പേടകത്തിലേക്ക് ആദ്യം തിരിച്ചുകയറിയതും ഹാരിസൺ ഷ്മിത്ത് തന്നെയായിരുന്നു. ഏതാനും സമയത്തിനുശേഷമാണ് യൂജിൻ സെർനൻ പേടകത്തിലേക്ക് മടങ്ങിയത്. അങ്ങനെ നോക്കുമ്പോൾ ചേന്ദ്രാപരിതലത്തിൽ അവസാനമായി നടന്നത് യൂജിൻ സെർനൻ ആണെന്നുപറയാം. 1972 ഡിസംബർ 14 ന് അവർ ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ഡിസംബർ 19 ന് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തുകയും ചെയ്തു. ചന്ദ്രനിൽവെച്ച് ഏറ്റവും വിജയകരമായ പരീക്ഷണങ്ങൾ നടത്തുകയും കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്തത് യൂജിൻ സെർനൻ കമാൻഡറായുള്ള ദൗത്യമാണ്. ആദ്യ ചാന്ദ്രയാത്രയുടെ പ്രശസ്തി  പിന്നീടുള്ള യാത്രകൾക്ക് കിട്ടാത്തത് സ്വാഭാവികമാണ്. എന്നാൽ ശാസ്ത്രലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്നത് അവസാനത്തെ ചാന്ദ്രയാത്രയാണ്.

അവസാന ചാന്ദ്രയാത്രികര്‍ യൂജിൻ സെർനൻ , റൊണാൾഡ് ഇവാൻസ് , ഹാരിസൺ ഷ്മിത്ത്

ഇതാണ് ചന്ദ്രൻ 

ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അൽപം കൂടി വലുതാണ്. സാധാരണയായി ഒരു ഉപഗ്രഹത്തിന് അതിന്റെ മാതൃഗ്രഹവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്ര വലുപ്പം ഉണ്ടാകാറില്ല. എന്നിരുന്നാലും ഭൂമിയെയും ചന്ദ്രനെയും ഗ്രഹ–ഉപഗ്രഹ വ്യവസ്ഥയായി തന്നെയാണ് കണക്കാക്കുന്നത്. അല്ലാതെ ഇരട്ടഗ്രഹങ്ങളായല്ല. കാരണം ഈ വ്യവസ്ഥയുടെ പിണ്ഡകേന്ദ്രം ഭൂമിയുടെ ഉള്ളിൽത്തന്നെയാണ് സ്ഥിതിചെയ്യുന്നത്. ബാരിസെന്റർ എന്നറിയപ്പെടുന്ന ഈ ബിന്ദുവിന്റെ സ്ഥാനം ഭൗമോപരിതലത്തിൽ നിന്ന് 1700 കി.മീറ്റർ ആഴത്തിലാണ്. സൗരയൂഥത്തിലെ ഉപഗ്രഹങ്ങളിൽ വലുപ്പംകൊണ്ടും ഭാരംകൊണ്ടും അഞ്ചാം സ്ഥാനമാണ് ചന്ദ്രനുള്ളത്.

മധ്യകാലഘട്ടമായപ്പോഴേക്കും ദൂരദർശിനിയുടെ കണ്ടുപിടിത്തത്തിന് മുമ്പുതന്നെ ചന്ദ്രൻ ഒരു ഗോളവസ്തുവാണെന്ന് കൂടുതൽ ആളുകൾ മനസ്സിലാക്കിത്തുടങ്ങിയിരുന്നു. എന്നിരുന്നാലും അത്യന്തം മിനുസമേറിയ ഒരു ഗോളമാണെന്ന ധാരണയായിരുന്നു അതിലേറെ പേർക്കും ഉണ്ടായിരുന്നത്. 1609ൽ ’സിഡെറസ് നൺസിയസ്’ (Sidereus Nuncius) എന്ന പുസ്തകത്തിൽ ചന്ദ്രൻ കുന്നുകളും കുഴികളും നിറഞ്ഞ ഒരു പ്രദേശമാണെന്ന് ഗലീലിയോ പ്രസ്താവിച്ചിരുന്നു.

ഗലീലിയ ഗലീലി വരച്ച ചാന്ദ്രചിത്രങ്ങള്‍ – November-December 1609 കടപ്പാട് : museogalil
പിന്നീട് 17ാം നൂറ്റാണ്ടിൽ ജിയോവനി ബാറ്റിസ്റ്റ റിച്ചിയോളിയും(Giovanni Battista Riccioli ) ഫ്രാഞ്ചെസ്കോ മരിയാ ഗ്രിബാൾഡിയും ചന്ദ്രന്റെ ഒരു ഭൂപടം തയാറാക്കി. അതിൽ ചന്ദ്രനിലെ ഗർത്തങ്ങൾക്കും പർവതങ്ങൾക്കും ഉപയോഗിച്ച പല പേരുകളും ഇന്നും തുടർന്നുവരുന്നു. ചന്ദ്രന്റെ ഭൂപടത്തിലെ ഇരുണ്ട ഭാഗങ്ങൾക്ക് മരിയ (കടലുകൾ) എന്നും പ്രകാശമാനമായവയെ ടെറ (ഭൂഖണ്ഡങ്ങൾ) എന്നുമായിരുന്നു നാമകരണം ചെയ്തത്. ചന്ദ്രനിൽ സസ്യങ്ങളും ജന്തുക്കളുമുണ്ടാവാം എന്ന വിശ്വാസം 19ാം നൂറ്റാണ്ടിെൻറ ആദ്യ ദശകങ്ങളിൽവരെ ജ്യോതിശാസ്ത്രജ്ഞർക്കുമുണ്ടായിരുന്നു. ചന്ദ്രനിൽ അത്ഭുത ജീവികൾ ഉണ്ടെന്നുവരെ (Greta Moon Hoax) ആളുകൾ വിശ്വസിച്ചിരുന്നു.
ചന്ദ്രന്റെ ത്രിമാനരൂപം (ചന്ദ്രഗ്ലോബ്) – John Russell (1745-1806) Selenographia, London, 1797-1805 കടപ്പാട് : museogalil
വേലിയേറ്റവും വേലിയിറക്കവും

ഭൂമിക്കും ചന്ദ്രനും പരസ്പരം പലതരം ഭൗതിക സ്വാധീനങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് വേലിയേറ്റവും വേലിയിറക്കവും. ഭൂമിയിൽ അനുഭവപ്പെടുന്ന വേലിയേറ്റങ്ങളിൽ ഭൂരിഭാഗവും ചന്ദ്രന്റെ ഗുരുത്വാകർഷണം കൊണ്ടാണ് ഉണ്ടാകുന്നത്. ഇതിന്റെ ഫലമായാണ് ഭൂമിയുടെ ഭ്രമണവേഗത കുറഞ്ഞുകൊണ്ടിരിക്കുന്നത്. നൂറ്റാണ്ടിൽ ദിവസത്തിന്റെ ദൈർഘ്യം 0.002 സെക്കൻഡ് വർധിക്കുന്ന വിധത്തിലാണ് ഈ മാറ്റം. ഭൂമിയുടെ ഭ്രമണവേഗം കുറയുമ്പോൾ അതോടനുബന്ധിച്ചുള്ള കോണീയ സംവേഗവും കുറയുന്നു. അതിനാൽ മൊത്തം കോണീയ സംവേഗം സംരക്ഷിക്കപ്പെടണമെങ്കിൽ ചന്ദ്രന്റെ പരിക്രമണം മുതലുള്ള കോണീയ സംവേഗം വർധിക്കണം. ഇങ്ങനെ സംഭവിക്കണമെങ്കിൽ ഭൂമിയിൽനിന്ന് ചന്ദ്രനിലേക്കുള്ള ദൂരം വർധിക്കേണ്ടതുണ്ട്. നൂറ്റാണ്ടിൽ 3.8സെന്റി മീറ്റര്‍ എന്ന തോതിലാണ് ഈ വർധനയുണ്ടാകുന്നത്.

പണ്ട് ചന്ദ്രൻ സ്വയം ഭ്രമണത്തിനും പരിക്രമണത്തിനും വ്യത്യസ്ത സമയമായിരുന്നു എടുത്തിരുന്നത്. എന്നാൽ, ഭൂമിയുടെ ഗുരുത്വാകർഷണ ബലം ചന്ദ്രന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായതു കാരണം ഈ സമയങ്ങൾ തുല്യമാവുകയാണുണ്ടായത്. അതുകൊണ്ടാണ് ചന്ദ്രന്റെ ഒരുഭാഗം മാത്രം നമുക്ക് കാണാൻ കഴിയുന്നത്. ‘ടൈഡൽ ലോക്കിങ്’ എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്. ഭൂമിയുടെ ഭ്രമണകാലത്തിനും ടൈഡൽ ബലങ്ങൾ മാറ്റം വരുത്തും. അതായത് ഭൗമ–ചാന്ദ്ര വ്യവസ്ഥയുടെ പരിണാമത്തിന്റെ അവസാനം ഭൂമിയിൽനിന്ന് നോക്കിയാൽ ചന്ദ്രന്റെ ഒരുവശം മാത്രം കാണാൻ കഴിയുന്നതുപോലെ ചന്ദ്രനിൽനിന്ന് നോക്കിയാൽ ഭൂമിയുടെ ഒരുഭാഗം മാത്രം കാണാൻ സാധിക്കുന്നതായിരിക്കും. ഭൗമ–ചാന്ദ്ര വ്യവസ്ഥയിൽ ഇത് സംഭവിക്കുമ്പോൾ ഭൂമിയുടെയും ചന്ദ്രന്റെയും ഭ്രമണസമയങ്ങളും ചന്ദ്രൻ ഭൂമിയെ പരിക്രമണം ചെയ്യാനെടുക്കുന്ന സമയവും തുല്യമാകും. 47 ദിവസമായിരിക്കും ഈ ദൈർഘ്യം. എന്നാൽ കോടിക്കണക്കിന് വർഷങ്ങൾക്കുശേഷമേ ഇത് സംഭവിക്കുകയുള്ളൂ.

ഗ്രഹണം 

സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവ നേർരേഖയിൽ വരുമ്പോഴാണ് ഗ്രഹണം എന്ന പ്രതിഭാസം സംഭവിക്കുന്നത്. ചന്ദ്രഗ്രഹണം പൗർണമി ദിനത്തിലും സൂര്യഗ്രഹണം അമാവാസി ദിനത്തിലും മാത്രമേ സംഭവിക്കൂ. സൂര്യനും ചന്ദ്രനുമിടയിൽ ഭൂമി വരുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതാണ് ചന്ദ്രഗ്രഹണം. ചന്ദ്രൻ, ഭൂമിയുടെയും സൂര്യെൻറയും ഇടയിൽ വരുമ്പോൾ ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിക്കുന്നതാണ് സൂര്യഗ്രഹണം. രണ്ടു ഗ്രഹണങ്ങളിലും പൂർണഗ്രഹണവും ഭാഗിക ഗ്രഹണവും നടക്കാറുണ്ട്. ചന്ദ്രന്റെ പ്രദക്ഷിണപഥം ക്രാന്തിവൃത്തത്തിന് അഞ്ച് ഡിഗ്രി ചരിവോടുകൂടിയതിനാൽ എല്ലാ പൗർണമിയിലും അമാവാസിയിലും ഗ്രഹണങ്ങൾ നടക്കുന്നില്ല. രണ്ടുഭ്രമണപഥങ്ങളും കൂടിച്ചേരുന്ന രണ്ടു ബിന്ദുക്കളിൽ ഒന്നിനടുത്ത് ചന്ദ്രൻ എത്തുമ്പോൾ മാത്രമേ ഗ്രഹണം നടക്കുകയുള്ളൂ. ഗ്രഹണങ്ങളുടെ ആവർത്തനം സാരോസ് ചക്രമുപയോഗിച്ച് വിശദീകരിക്കാം. 18 വർഷവും 11 ദിവസവും എട്ടു മണിക്കൂറും ദൈർഘ്യമുള്ള കാലയളവാണ് സാരോസ് ചക്രം. സൂര്യചന്ദ്രന്മാരുടെ കോണീയ വ്യാസങ്ങൾ ഏകദേശം തുല്യമായതിനാലാണ് സൂര്യഗ്രഹണസമയത്ത് സൂര്യൻ പൂർണമായി മറയ്ക്കപ്പെടുന്ന തരം ഗ്രഹണങ്ങളുണ്ടാകുന്നത്. ഭൗമ–ചാന്ദ്രവ്യവസ്ഥയുടെ പരിണാമത്തിെൻറ ഫലമായി ചന്ദ്രൻ ഭൂമിയിൽനിന്ന് അകന്നുപോകുന്നതോടെ ഇതിന് മാറ്റംവരും. അതിനുശേഷം പൂർണ സൂര്യഗ്രഹണമുണ്ടാകില്ല. ഭാഗിക ഗ്രഹണങ്ങളും, വലയഗ്രഹണങ്ങളും മാത്രമേ ഉണ്ടാവുകയുള്ളൂ.

ചാന്ദ്രയാൻ

ബഹിരാകാശഗവേഷണരംഗത്ത് ഇന്ത്യയുടെ അഭിമാനപദ്ധതിയായിരുന്നു ചാന്ദ്രയാൻ-1. രാജ്യത്തിെൻറ പ്രഥമ ചാന്ദ്രദൗത്യമാണ് ഇത്. ചാന്ദ്രയാൻ എന്ന വാക്കിന് ചാന്ദ്രവാഹനം എന്നാണ് അർഥം. 2003ൽ, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയി ആണ് ഇൗ പദ്ധതി ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്.
പിന്നീട് അഞ്ചു വർഷം കഴിഞ്ഞാണ് ദൗത്യം യാഥാർഥ്യമായത്. 2008 ഒക്ടോബർ 22ന് ആന്ധ്രയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽനിന്നാണ് ചാന്ദ്രയാൻ-1 വിക്ഷേപിച്ചത്. നവംബർ എട്ടിന് ചാന്ദ്രയാൻ ചന്ദ്രെൻറ ഭ്രമണപഥത്തിലെത്തി. നവംബർ 14ന് ചാന്ദ്രയാനിൽനിന്ന് മൂൺ ഇംപാക്ട് പ്രോബ് എന്ന ഉപകരണം (ഇൗ ഉപകരണമാണ് പിന്നീട് ചന്ദ്രനിലെ ജലതന്മാത്രകളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്) വേർപെടുത്തി ചന്ദ്രോപരിതലത്തിലെത്തി. ഇതോടെ, ചന്ദ്രോപരിതലത്തിൽ എത്തിയ നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. രണ്ടു വർഷമായിരുന്നു ചാന്ദ്രയാെൻറ കാലാവധി നിശ്ചയിച്ചിരുന്നത്. എന്നാൽ, അതിനുമുമ്പുതന്നെ ചാന്ദ്രയാനുമായുള്ള ബന്ധം നഷ്ടമായി. എന്നിരുന്നാലും ചാന്ദ്രയാനിലൂടെ ലക്ഷ്യമിട്ട 95 ശതമാനം കാര്യങ്ങളും യാഥാർഥ്യമായതായി ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. ചാന്ദ്രയാനിൽ 11 പരീക്ഷണ ഉപകരണങ്ങളാണ് ഘടിപ്പിച്ചിരുന്നത്. ഇതിൽ അഞ്ചെണ്ണം ഇന്ത്യയിൽനിന്നുതന്നെ നിർമിച്ചതായിരുന്നു. ചന്ദ്രനിൽ ജലതന്മാത്രകളുടെ (ഹൈഡ്രോക്സിൽ അയോൺ) സാന്നിധ്യം സ്ഥിരീകരിച്ചതുതന്നെയാണ് ചാന്ദ്രയാൻ 1െൻറ ഏറ്റവും വലിയ നേട്ടം.
ചന്ദ്രോപരിതലത്തിെൻറ 70,000ത്തോളം ത്രിമാനചിത്രങ്ങൾ ഇൗ കൃത്രിമോപഗ്രഹം പകർത്തി. ചാന്ദ്രയാൻ 2 അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ചാന്ദ്രയാൻ 2ൽ ഒരു ചാന്ദ്രവാഹനവുമുണ്ടായിരിക്കും. ഇൗ വാഹനം ചന്ദ്രോപരിതലത്തിൽ ഇറങ്ങും. റഷ്യയുടെ സഹായത്തോടെയാണ് ഇൗ വാഹനം വികസിപ്പിക്കുന്നത്. എന്നാൽ, ലുനോകോദും മറ്റും ചെയ്തതുപോലെ ശാസ്ത്രീയപരീക്ഷണങ്ങളൊന്നും ഇൗ വാഹനം ചെയ്യില്ല. എങ്ങനെ സുരക്ഷിതമായി ഒരു ചാന്ദ്രവാഹനം ചന്ദ്രോപരിതലത്തിൽ ഇറക്കാമെന്ന് മാത്രമാണ് ഇതിലൂടെ പരീക്ഷിക്കപ്പെടുന്നത്.

അപ്പോളോ യാത്രകൾ

  യാത്രയുടെ ഭൂരിഭാഗവും മൂന്നു സഞ്ചാരികളും ഒരുമിച്ച് മാതൃപേടകത്തിൽ കഴിയുന്നു. മാതൃപേടകവും ഭൂമിയിലെ ഗ്രൗണ്ട് സ്റ്റേഷനും തമ്മിൽ നിരന്തരം സമ്പർക്കം പുലർത്തുന്നു. യാത്രയുടെ ആരംഭത്തിൽ സർവിസ് മൊഡ്യൂൾ മാതൃപേടകത്തോട് ചേർത്തു ഘടിപ്പിച്ചിരിക്കും. സർവിസ് മൊഡ്യൂളിലാണ് റോക്കറ്റ് ഇന്ധനവും സഞ്ചാരികൾക്കാവശ്യമായ ഭക്ഷണ സാധനങ്ങളും സംഭരിച്ചുവെക്കുന്നത്. മൂന്നാമത്തെ ഭാഗമായ ചാന്ദ്രപേടകം സർവിസ് മൊഡ്യൂളിെൻറ അടിയിലായാണ് യാത്രയുടെ ആരംഭത്തിൽ ഘടിപ്പിച്ചുവെക്കുന്നത്. യാത്രാമധ്യത്തിൽ ചാന്ദ്രപേടകം സർവിസ് മൊഡ്യൂളിന് മുകളിലായി മാതൃപേടകത്തോടു ചേർത്തുവെക്കും. ചാന്ദ്രമണ്ഡലത്തിൽ െവച്ച് ചാന്ദ്രപേടകം മാതൃപേടകത്തിൽനിന്ന് വേർപെട്ട് ചാന്ദ്രപ്രതലത്തിലേക്ക് യാത്രചെയ്യും. ചാന്ദ്രപേടകത്തിന് രണ്ടു ഭാഗങ്ങളുണ്ട്. ആരോഹണഭാഗവും അവരോഹണഭാഗവും. രണ്ടും ഒന്നിച്ച് ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നു. അവരോഹണഭാഗം പ്രവർത്തിപ്പിച്ചാണ് ചാന്ദ്രപ്രതലത്തിൽ ഇറങ്ങുന്നത്.
Apollo 1 patch

1 മുതൽ 6 വരെ 

ആദ്യത്തെ അപ്പോളോ വാഹനം 1967 ജനുവരി 27ന് പ്രയാണസജ്ജമായി. 14 ദിവസം ബഹിരാകാശത്തിൽ ഭൂമിയെ ചുറ്റിപ്പറക്കാനാണ് അപ്പോളോ-1 തയാറാക്കിയത്. വെർജിൻ ഗ്രിസം, എഡ്വേഡ് വൈറ്റ്, റോജർ ഷഫി എന്നിവർ കയറിയ അപ്പോളോ വാഹനം പരീക്ഷണത്തിനിെട തീപിടിച്ചതുകൊണ്ട് ലക്ഷ്യംനേടാതെ മൂന്നു യാത്രികരും കൊല്ലപ്പെട്ടു. വൈദ്യുതി ബന്ധങ്ങൾക്കു നേരിട്ട തകരാറുകളാണ് ദുരന്തത്തിനു കാരണം. തുടർന്നു നടന്ന മൂന്നു ദൗത്യങ്ങളിലും മനുഷ്യർ കയറിയിരുന്നില്ല. അപ്പോളോ-4 (1967 നവംബർ ഒമ്പത്) മാതൃപേടകം, എൻജിനുകളും സാറ്റേൺ 5 റോക്കറ്റും പരീക്ഷിക്കുന്നതിനായി പറന്നു. അപ്പോളോ-5 (1968 ജനുവരി 22) ബഹിരാകാശത്ത് ചാന്ദ്രപേടകത്തിെൻറ ആരോഹണ അവരോഹണങ്ങൾ പരീക്ഷണവിധേയമാക്കി. അപ്പോളോ-6 (1968 ഏപ്രിൽ നാല്) അപ്പോളോ വാഹനത്തിെൻറ പ്രവർത്തനം പൂർണമായി നിരീക്ഷണവിധേയമാക്കി. ഈ പരീക്ഷണ പറക്കലുകളിൽ നേരിട്ട പ്രയാസങ്ങൾ പരിഹരിച്ചുകൊണ്ട് 1968 ഒക്ടോബർ 11ന് അപ്പോളോ പദ്ധതിയിൽ മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ബഹിരാകാശ പേടകം യാത്രതിരിച്ചു.
അപ്പോളോ 6 പറന്നുയരുന്നു

അപ്പോളോ 7

1968 ഒക്ടോബർ 11ന് അപ്പോളോ7 ബഹിരാകാശത്തേക്ക് യാത്രതിരിച്ചു. യാത്രികരായ വാൾട്ടർ എം. ഷിറാ ജൂനിയർ, ഡോൺ എഫ്, ഐസൽ, റോണി വാൾട്ടർ കണ്ണിങ്ഹാം എന്നിവർ 11 ദിവസം ബഹിരാകാശ യാത്ര നടത്തിയശേഷം ഒക്ടോബർ 22ന് അറ്റ്ലാൻറിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങി. വാഹനവും യാത്രക്കാരും ബഹിരാകാശത്തിൽ എങ്ങനെ പ്രവർത്തിക്കുമെന്ന് മനസ്സിലാക്കുകയായിരുന്നു അപ്പോളോ 7െൻറ മുഖ്യലക്ഷ്യം.‌‌

അപ്പോളോ 8

അപ്പോളോ വാഹനം ഭൂമിയുടെ ആകർഷണത്തിൽ നിന്ന് അകന്ന് ചാന്ദ്രമണ്ഡലത്തിൽ എത്തുമ്പോൾ എങ്ങനെ പ്രവർത്തിക്കുമെന്ന് പരീക്ഷിക്കുന്നതിനായി അപ്പോളോ^8 വിക്ഷേപിക്കപ്പെട്ടു. 1968 ഡിസംബർ 21ന് ഫ്രാങ്ക് ബോർമാൻ, ജെയിംസ് ലോവൽ, വില്യം ആൻഡേഴ്സ് എന്നിവർ ഇതിൽ ചന്ദ്രനിലേക്ക് യാത്രതിരിച്ചു. അപ്പോളോ -8 ചന്ദ്രനിൽനിന്ന് 112 കിലോമീറ്റർ ദൂരത്തിൽ പറന്ന് വിവിധ ചാന്ദ്രമേഖലകളുടെ ചിത്രങ്ങളെടുത്ത് ഭൂമിയിലേക്കയച്ചു. ചന്ദ്രനെ 10 തവണ പ്രദക്ഷിണം െവച്ചശേഷം ഡിസംബർ 27ന് ചാന്ദ്രയാത്രികർ ഭൂമിയിൽ തിരിച്ചെത്തി.

അപ്പോളോ 9

ചന്ദ്രനിൽ ഇറങ്ങാനുള്ള വാഹനം ഭൂമിയുടെയും ചന്ദ്രെൻറയും ആകർഷണ മണ്ഡലത്തിൽെവച്ച് പരീക്ഷിച്ചുനോക്കുന്നതിനുള്ള ദൗത്യമായ അപ്പോളോ 9, 1969 മാർച്ച് മൂന്നിന് പുറപ്പെട്ടു. ജെയിംസ് എ. മക്ഡവിറ്റ്, ഡേവിഡ് സ്കോട്ട്, റസൽ ഷൈക്കാർട്ട് എന്നിവരാണ് ഇതിൽ യാത്രചെയ്തത്. ഭൂമിയുടെ ആകർഷണ പരിധിയിൽെവച്ച് ചാന്ദ്രപേടകം മാതൃപേടകത്തിൽനിന്ന് വേർപെടുത്തി. പിന്നീട് ഇവ പുനഃസന്ധിച്ച ശേഷം മാർച്ച് 13ന് അറ്റ്ലാൻറിക് സമുദ്രത്തിൽ ഇറങ്ങി.

അപ്പോളോ 10

സന്ധിക്കലും വേർപെടലും ചന്ദ്രന്റെ ആകർഷണ വലയത്തിൽെവച്ച് പരീക്ഷിച്ചുനോക്കാനായി 1969 മേയ് 18ന് അപ്പോളോ^10 ചാന്ദ്രമണ്ഡലത്തിലേക്ക് യാത്രതിരിച്ചു. തോമസ് പി. സ്റ്റാഫോർഡ്, യൂജിൻ സെർണാൻ, ജോൺ യങ് എന്നിവരായിരുന്നു യാത്രികർ. ചേന്ദ്രാപരിതലത്തിൽനിന്ന് 15 കിലോമീറ്റർ ഉയരത്തിൽ പറന്ന പേടകം അപ്പോളോ -11 ഇറങ്ങേണ്ട പ്രദേശത്തിെൻറ ചിത്രങ്ങളെടുത്തു.

അപ്പോളോ-11

മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ ബഹിരാകാശ ദൗത്യമായിരുന്നു അപ്പോളോ11. ശീതയുദ്ധകാലത്തെ ബഹിരാകാശ മത്സരങ്ങളിൽ അമേരിക്ക നേടിയ വിജയമായി ദൗത്യം വിലയിരുത്തപ്പെട്ടു. 1969 ജൂലൈ 16ന് ഫ്ലോറിഡയിൽനിന്ന് വിക്ഷേപിക്കപ്പെട്ട ദൗത്യത്തിൽ നീൽ ആംസ്േട്രാങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരായിരുന്നു യാത്രികർ. ഈഗ്ൾ എന്ന ചാന്ദ്രപേടകത്തിൽ ജൂലൈ 20ന് ആംസ്േട്രാങ്, ആൽഡ്രിൻ എന്നിവർ ചന്ദ്രനിൽ കാലുകുത്തി. പ്രശാന്തിയുടെ സമുദ്രം എന്ന സ്ഥലത്താണ് അവർ ഇറങ്ങിയത്. 21 മണിക്കൂറും 31 മിനിറ്റും അവർ ചന്ദ്രോപരിതലത്തിൽ ചെലവഴിച്ചു. ഈ സമയമത്രയും കൊളംബിയ എന്ന നിയന്ത്രണ പേടകത്തിൽ കോളിൻസ് ചന്ദ്രനെ പ്രദക്ഷിണംെവച്ചുകൊണ്ടിരുന്നു. ജൂലൈ 24ന് മൂവരും ഭൂമിയിൽ തിരിച്ചെത്തി.

അപ്പോളോ -12

1969 നവംബർ 14ന് യാത്രതിരിച്ചു. റിച്ചാർഡ് ഗോർഡൻ, അലൻ എം. ബീൻ, ചാൾസ് കോൺറാഡ് ജൂനിയർ എന്നിവരായിരുന്നു യാത്രികർ. ചന്ദ്രനിലെ ‘കൊടുങ്കാറ്റുകളുടെ കടൽ’ എന്നു പേരിട്ട സ്ഥലത്താണ് ചാന്ദ്രപേടകം ഇറക്കിയത്. 1967 ഏപ്രിലിൽ ചന്ദ്രനിലിറങ്ങിയ സർവേയർ3 എന്ന പേടകത്തിലെ കാമറയും മറ്റുചില ഭാഗങ്ങളും അഴിച്ചെടുത്തു കൊണ്ടുവന്നു. ചന്ദ്രനിലെ പരിസ്ഥിതി അവയെ എങ്ങനെ ബാധിക്കുന്നുവെന്ന് പരിശോധിക്കുകയായിരുന്നു ഉദ്ദേശ്യം. അപ്പോളോ12 നവംബർ 24ന് ഭൂമിയിൽ തിരിച്ചെത്തി.
Surveyor 3-Apollo 12
ചാൾസ് കോൺറാഡ് ജൂനിയർ സർവേയർ3 എന്ന പേടകത്തോടൊപ്പം ചന്ദ്രനില്‍

അപ്പോളോ -13

1970 ഏപ്രിൽ 11ന് ജെയിംസ് എ. ലോവൽ, െഫ്രഡ് ഹോയ്സ്, ജോൺ എൽ. സിഗെർട്ട് എന്നീ യാത്രികർ അപ്പോളോ-13ൽ യാത്രതിരിച്ചു. ചന്ദ്രനിലേക്കുള്ള യാത്രാമധ്യേ ഏപ്രിൽ 14ന് ഓക്സിജൻ ടാങ്കിൽ ഉണ്ടായ സ്ഫോടനം നിമിത്തം അപ്പോളോ -13 അപകടത്തിലായി. അപ്പോളോ-13 ദൗത്യം പരാജയപ്പെെട്ടങ്കിലും സഞ്ചാരികളെ ജീവനോടെ തിരിച്ചെത്തിക്കാൻ കഴിഞ്ഞു. ചന്ദ്രനെ ഭ്രമണംചെയ്ത് തിരികെവന്ന പേടകം ഏപ്രിൽ 17ന് ശാന്തസമുദ്രത്തിൽ ഇറങ്ങി.

അപ്പോളോ -14

1971 ജനുവരി 31ന് യാത്രതിരിച്ച അപ്പോളോ^14ൽ അലൻ ഷപ്പേർഡ്, സ്റ്റുവർട്ട് റൂസ, എഡ്ഗാർ മിഷേൽ എന്നിവരായിരുന്നു യാത്രികർ. ഫെബ്രുവരി അഞ്ചിന് പേടകം ചന്ദ്രനിലെ ഒരു കുന്നിൽ ഇറങ്ങി. ചന്ദ്രെൻറ ഉത്ഭവചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന പല വസ്തുക്കളും അപ്പോളോ 14ന് കണ്ടെത്താൻ കഴിഞ്ഞു. ചന്ദ്രനിൽനിന്ന് 46 കോടി വർഷം പഴക്കമുള്ള പാറകൾ ഭൂമിയിലേക്ക് കൊണ്ടുവന്നു. ഫെബ്രുവരി ഒമ്പതിന് അപ്പോളോ^14 ശാന്തസമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങി.

അപ്പോളോ -15

1971 ജൂലൈ 26ന് അപ്പോളോ^15 യാത്രതിരിച്ചു. ഡേവിഡ് സ്കോട്ട്, ജെയിംസ് ഇർവിൻ, ആൽഫ്രഡ് വോർഡൻ എന്നിവരായിരുന്നു യാത്രികർ. ആദ്യമായി ചേന്ദ്രാപരിതലത്തിൽ മൂൺ റോവർ എന്നൊരു വാഹനം ഓടിക്കാൻ കഴിഞ്ഞതാണ് ഈ യാത്രയിലെ പ്രധാന നേട്ടം. ആഗസ്റ്റ് ഏഴിന് അപ്പോ
ളോ-15 സുരക്ഷിതമായി ശാന്തസമുദ്രത്തിൽ ഇറങ്ങി.
Lunar surface shortly after landing, Apollo 16
Apollo 16′ ദൌത്യം ചന്ദ്രനിലെത്തിയപ്പോള്‍ കടപ്പാട് വിക്കിപീഡിയ

അപ്പോളോ -16

1971 ഏപ്രിൽ 16ന് ജോൺ യങ്, തോമസ് മാറ്റിംഗ്ലി, ചാൾസ് എം. ഡ്യൂക് എന്നീ യാത്രികരുമായി അപ്പോളോ-16 പുറപ്പെട്ടു. ഏപ്രിൽ 21ന് ചാന്ദ്രപർവത നിരകളിൽ ഒന്നായ ‘ദെക്കാർത്തെ’യിൽ ചാന്ദ്രപേടകം ഇറങ്ങി. ചന്ദ്രഗോളം ഉത്ഭവിച്ച കാലം മുതൽ സൂര്യരശ്മി പതിച്ചിട്ടില്ലാത്ത ഭാഗത്തെ ചാന്ദ്രധൂളി അവർ ശേഖരിച്ചു. ചാന്ദ്രജീപ്പ് മണിക്കൂറിൽ 17 കിലോമീറ്റർ വേഗത്തിൽ ഓടിച്ചു. ഏപ്രിൽ 27ന് അപ്പോളോ16 ശാന്തസമുദ്രത്തിൽ സുരക്ഷിതമായി വന്നിറങ്ങി.

അപ്പോളോ -17

1972 ഡിസംബർ ഏഴിന് യൂജിൻ സെർണാൻ, ഹാരിസൺ ഷ്മിറ്റ്, റൊണാൾഡ് ഇവാൻസ് എന്നീ യാത്രികരുമായി അപ്പോളോ 17 യാത്ര തിരിച്ചു. അഞ്ച് എലികളും യാത്രികരായുണ്ടായിരുന്നു. അഗ്നിപർവതങ്ങളെക്കുറിച്ചുള്ള പഠനവും ചന്ദ്രന്റെയും സൗരയൂഥത്തിന്റെയും ഉൽപത്തിയെക്കുറിച്ചുള്ള പഠനവുമായിരുന്നു യാത്രയുടെ ലക്ഷ്യം. ഇതോടെ ആറു തവണയായി 12 പേർ ചന്ദ്രനിൽ കാലുകുത്തി. ആദ്യമായി ഒരു ശാസ്ത്രജ്ഞൻ ചന്ദ്രനിൽ പോയത് അപ്പോളോ 17 ദൗത്യത്തിലായിരുന്നു. ഈ ദൗത്യത്തോടെ അപ്പോളോ പദ്ധതിക്ക് വിരാമമായി.

ചന്ദ്രനെക്കുറിച്ച് മറ്റു ലേഖനങ്ങള്‍

ചന്ദ്രനെക്കുറിച്ച് ചില കൗതുകവിശേഷങ്ങള്‍

മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടുണ്ടോ ?

ഇനി കാണാം ചന്ദ്രന്റെ സമ്പൂര്‍ണ്ണ ‘ഭൂ’പടം

 

Happy
Happy
33 %
Sad
Sad
0 %
Excited
Excited
56 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
11 %

Leave a Reply

Previous post ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും തമ്മിലുള്ള വ്യത്യാസമെന്ത്?
Next post ചന്ദ്രനിലേക്ക് ഇനിയെത്ര പെണ്‍ദൂരം ?
Close