Read Time:8 Minute

അഖില്‍ പി.

അമേരിക്കയിലെ ജിയോളോജിക്കൽ സർവേയിലെ (United States Geological Survey USGS) ശാസ്ത്രജ്ഞർ  ചന്ദ്രന്റെ സമഗ്രമായ ജിയോളജിക്കൽ മാപ് പുറത്തിറക്കിയിരിക്കുകയാണ്. ഈ മാപ്പ്  ചന്ദ്രന്റെ കൃത്യമായ ബ്ലൂപ്രിന്റാണ്.

സ്മാർട്ട്ഫോണുകളും  ഇന്റർനെറ്റും സർവസാധാരണമായ ഇന്നത്തെ ലോകത്ത് ഭൂപടം/ മാപ്പ് (Map) എന്നത് എല്ലാവർക്കും സുപരിചിതമാണ്. വിവിധ മാപ്പ് അപ്ളികേഷനുകൾ നമ്മൾ നിത്യജീവിതത്തിൽ പലവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന മാപ്പുകൾ (Maps) നമുക്ക് ലോകത്തെ വിവിധ സ്ഥലങ്ങളിലെ നടവഴികൾ, റോഡുകൾ, അവിടുത്തെ ഭൂപ്രകൃതി, കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്ന സ്ഥലം, വാഹനങ്ങൾ  കടന്നുപോകുമ്പോൾ ഉണ്ടാകുന്ന ഗതാഗത സംബന്ധമായ കാര്യങ്ങൾ തുടങ്ങിയ വിവരങ്ങളാണ് തരുന്നത്.

എന്നാൽ ഭൂമിക്ക് പുറത്തുള്ള ഏതെങ്കിലും ഒരു സ്ഥലത്തിന്റെ  മാപ്പിനെപ്പറ്റി നിങ്ങളെപ്പോഴെങ്കലും ചിന്തിച്ചിട്ടുണ്ടോ? അവിടെയൊക്കെ മാപ്പ് ഉപയോഗിച്ച് ആര് വാഹനം ഓടിക്കാനാണ്? അവിടെ ആർക്കാണ് ലൈവ് ലൊക്കേഷൻ അയച്ച് കൊടുക്കേണ്ടി വരിക, എന്നൊക്കെ ചിന്തിച്ചാൽ അത്തരത്തിൽ ഒരു മാപ്പിന്റെ ആവശ്യമില്ല എന്നുതന്നെ തോന്നും. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല. 2020 ഏപ്രിൽ അവസാനവാരം അമേരിക്കയിലെ ജിയോളോജിക്കൽ സർവേയിലെ (United States Geological Survey USGS) ശാസ്ത്രജ്ഞർ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ സമഗ്രമായ ജിയോളജിക്കൽ മാപ് പുറത്തിറക്കിയിരിക്കുകയാണ്. അതിന്റെ പ്രത്യേകതകളെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

ജിയോളജിക്കൽ മാപ്പ് 

വിവിധ ജിയോളജിക്കൽ സവിശേഷതകൾ കാണിക്കുന്നതിനായി നിർമ്മിക്കുന്ന പ്രത്യേക ഭൂപടമാണ് ജിയോളജിക്കൽ മാപ്പ് . ഇത്തരം മാപ്പുകളിൽ പാറ (Rock units)  അല്ലെങ്കിൽ ജിയോളജിക്കൽ അടുക്കുകൾ (strata) വ്യത്യസ്ഥ നിറമോ ചിഹ്നങ്ങളോ ഉപയോഗിച്ച് അടയാളപ്പെടുത്തുന്നു. ഘടനാപരമായ സവിശേഷതകൾ സ്ട്രൈക്ക്, ഡിപ്, ട്രെൻഡ് അല്ലെങ്കിൽ ത്രിമാന ഓറിയന്റേഷനോടുകൂടിയുള്ള പ്രത്യേക  ചിഹ്നങ്ങൾ എന്നിവ ഉപയോഗിച്ചും കാണിക്കുന്നു.

എന്നാൽ, റോഡുകൾ, നഗരങ്ങൾ, കെട്ടിടങ്ങൾ, അതിർത്തികൾ തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ ഉൾക്കൊള്ളിച്ച്  ദേശത്തെപ്പറ്റിയുള്ള വിശദവിവരങ്ങൾക്കായി നമ്മൾ സാധാരണയായി മാപ് അപ്പ്ലികേഷനുകൾ വഴി ഉപയോഗിക്കുന്ന മാപ്പുകൾ ജിയോളജിക്കൽ  മാപ്പുകളല്ല. അവ ടോപ്പോഗ്രാഫിക്ക് മാപ്പുകളും ജനറൽ റഫറൻസ് മാപ്പുകളിലും ചേർത്ത് രൂപപ്പെടുത്തിയെടുക്കുന്ന പ്രത്യേകതരം മാപ്പുകളാണ്.

ചന്ദ്രന്റെ ഏകീകൃത ജിയോളജിക് മാപ്പിന്റെ ഓർത്തോഗ്രാഫിക് പ്രൊജക്ഷനുകളാണ് ചിത്രത്തിൽ.  കടപ്പാട്: NASA/GSFC/USGS

ചന്ദ്രന്റെ ഏകീകൃത ജിയോളജിക് മാപ്പ് 

അമേരിക്കൻ ജിയോളജിക്കൽ സർവേയിലെ (യു‌എസ്.‌ജി.‌എസ്) ജ്യോതിശാസ്ത്ര വിദഗ്ദ്ധരും, നാസയിലെ (NASA) ശാസ്ത്രജ്ഞരും, ചാന്ദ്ര പ്ലാനറ്ററി ഇൻസ്റ്റിറ്റ്യൂട്ടും (Lunar Planetary Institute) ചേർന്ന് നിർമ്മിച്ച ചന്ദ്രന്റെ ഭൂപ്രദേശത്തിന്റെ വിശദമായ പുതിയ ഭൂപടത്തിന് നൽകിയ പേരാണ് “ചന്ദ്രന്റെ ഏകീകൃത ജിയോളജിക് മാപ്പ് (Unified Geologic Map of the Moon).” ചന്ദ്രന്റെ ടോപ്പോളജി, ചാന്ദ്ര ഉപരിതലത്തിലെ വിവിധ  പാറകളുടെ പഴക്കം, അവയുടെ  രാസസ്വഭാവം  ഉൾപ്പെടെയുള്ള ഭൂമിശാസ്ത്രപരമായ സവിശേഷതകളുടെ ഒരു സമ്പൂർണ്ണ വിവരണം  ഈ മാപ്പു നൽകുന്നു. ഇതാദ്യമായാണ് മുഴുവൻ ചന്ദ്രന്റെ  ഉപരിതലം  പൂർണ്ണമായും മാപ്പ് ചെയ്ത് കൃത്യമായി തരംതിരിച്ച് രേഖപ്പെടുത്തുന്നത്.

എന്തിനാണ് ഇത്തരം ഒരു മാപ്പ് നിർമ്മിച്ചത്?

ഈ മാപ്പ്  ചന്ദ്രന്റെ കൃത്യമായ ബ്ലൂപ്രിന്റാണ്.. ഭാവിയിൽ ചന്ദ്രനിലേക്ക് നടത്തുന്ന മനുഷ്യ ദൗത്യങ്ങൾക്ക് ഇത്തരത്തിലുള്ള  ഒരു മാപ്പ്  ഏറെ സഹായകരമാണ്. കൂടാതെ, ചന്ദ്രനെക്കുറിച്ചുള്ള പഠനകാര്യങ്ങൾക്കായി അന്തർ‌ദ്ദേശീയ ശാസ്ത്ര സമൂഹത്തിനും, അധ്യാപകർക്കും, വിദ്യാര്തഥികൾക്കും പൊതുജനങ്ങൾക്കും ഈ മാപ് ഉപയോഗിക്കാം.

എങ്ങനെയാണ് ഈ മാപ്പ് നിർമ്മിച്ചത്?

ഈ മാപ് 1961-1975 കാലഘട്ടത്തിൽ അമേരിക്ക അപ്പോളോ എന്ന പേരിൽ നടത്തിയ ചാന്ദ്ര പര്യ വേഷണ പദ്ധതിയിലൂടെ (Apollo Program) ലഭിച്ച ഡാറ്റയെ ആധുനിക ഉപഗ്രഹ നിരീക്ഷണങ്ങളുമായി സംയോജിപ്പിച്ചാണ് നിർമ്മിച്ചത്.

നിലവിൽ ചന്ദ്രനെ പരിക്രമണം ചെയ്യുന്ന നാസയുടെ (NASA) റോബോട്ടിക് ബഹിരാകാശവാഹനമായ Lunar Orbiter Laser Altimeter (LOLA) വഴി ശേഖരിച്ച വിവരങ്ങളാണ് ചാന്ദ്ര മാപ്പിലെ  ഉത്തര, ദക്ഷിണധ്രുവങ്ങളെ സംബന്ധിച്ച കാര്യങ്ങൾ ഏകീകരിക്കാൻ സഹായിച്ചത്.

നാസ ഭാവിയിൽ ചന്ദ്രനിലേക്ക് നടത്താനുദ്ദേശിക്കുന്ന മനുഷ്യ/റോബോട്ടിക് ദൗത്യങ്ങൾക്ക് അത്യന്താപേക്ഷിതമാണെന്ന് വിശേഷിപ്പിക്കുന്ന Lunar Reconnaisance Orbiter (LRO) നൽികിയ വിവരങ്ങളാണ് ചാന്ദ്ര പ്രഥലത്തെ സംബന്ധിച്ച  മറ്റൊരു പ്രധാന വിവര  സ്രോതസ്സായത്. ചന്ദ്രനിൽ സുരക്ഷിതമായ ലാൻഡിംഗ് സൈറ്റുകൾ തിരിച്ചറിയുക, ചാന്ദ്ര പ്രതലത്തിൽ കാണാൻ സാധ്യതയുള്ള മൂലകങ്ങളെ  കണ്ടെത്തുക, വികിരണത്തിന്റെ സ്വഭാവം മനസ്സിലാക്കുക, പുതിയ സാങ്കേതികവിദ്യകൾ പരീക്ഷിച്ചുനോക്കുക എനീ കാര്യങ്ങൾ Lunar Reconnaisance Orbiter (LRO)-യുടെ  സമഗ്രമായ മാപ്പിംഗ് പ്രോഗ്രാമിൽ ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. ചാന്ദ്ര മാപ്പ്  രൂപപ്പെടുത്താൻ ഈ വിവരങ്ങൾ  സഹായകരമായി.

ചന്ദ്രന്റെ മധ്യരേഖാ പ്രദേശത്തെ സംബന്ധിച്ച എലവേഷൻ ഡാറ്റയ്ക് ശാസ്ത്രജ്ഞർ ആശ്രയിച്ചത് ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയായ ജാക്‌സയുടെ (JAXA) നേതൃത്വത്തിൽ അടുത്തിടെ നടന്ന SELENE (Selenological and Engineering Explorer)-ലെ  ടെറൈൻ ക്യാമറയിലെ വിവരങ്ങളെയാണ്.

ഇത്തരത്തിൽ പല ചാന്ദ്ര പര്യവേഷണ പദ്ധതികളിൽ നിന്നും ലഭിച്ച വിവരങ്ങൾ ഏകോപിച്ചാണ് മാപ്പിന് അവസാന രൂപം നൽകിയത്.

എവിടെനിന്ന് ലഭിക്കും നമുക്ക് ഈ ചാന്ദ്ര മാപ്പ്?

ഏറ്റവും മികച്ച വിശദാംശങ്ങളോട് കൂടി (1: 5,000,000 സ്കെയിൽ) ചന്ദ്രന്റെ ‘ഭൂമിശാസ്ത്രം‘ വിവരിക്കുന്ന ഡിജിറ്റൽ മാപ്പ്  ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ്.

മാപ് കാണുവാൻ ലിങ്ക് ഉപയോഗിക്കുക.


വീഡിയോ കാണാം

അധികവായനയ്ക്ക്:

  1. https://www.hou.usra.edu/
  2. https://www.usgs.gov/news/
  3. https://astrogeology.usgs.gov/
Happy
Happy
29 %
Sad
Sad
0 %
Excited
Excited
21 %
Sleepy
Sleepy
7 %
Angry
Angry
21 %
Surprise
Surprise
21 %

Leave a Reply

Previous post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍ – മെയ് 10
Next post കോവിഡ്-19 : ഊഹക്കണക്കിലെ പിഴവുകൾ
Close