ആദ്യമായി ഒരു വനിതയെ ചന്ദ്രനിൽ എത്തിക്കാൻ ആർടെമിസ്

സീമ ശ്രീലയം

2024-ൽ ആർടെമിസ് (Artemis) ദൗത്യത്തിലൂടെ ആദ്യമായൊരു വനിതയെ ചന്ദ്രനിൽ എത്തിച്ചു ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് നാസ. ആരാവും ആ വനിത എന്ന ആകാംക്ഷയിലാണിപ്പോൾ ലോകം.

ചാന്ദ്രപര്യവേക്ഷണ ചരിത്രം പരിശോധിച്ചാൽ മിക്ക പര്യവേക്ഷണങ്ങൾക്കു പിന്നിലും പ്രവർത്തിച്ച കഴിവുറ്റ പല സ്ത്രീകൾക്കും അവരുടെ പരിശ്രമത്തിന്റെ ക്രെഡിറ്റ് ലഭിക്കുകയോ അവർ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് വരികയോ ചെയ്തില്ല എന്നു കാണാം. പരിശീലനം ലഭിച്ചിട്ടും ബഹിരാകാശ യാത്ര നടത്താൻ കഴിയാതെ പോയ വനിതകളുമുണ്ട്. പുരുഷമേധാവിത്തം കൊടികുത്തി വാണ ബഹിരാകാശ ഗവേഷണരംഗത്തെ നിർണ്ണായക തീരുമാനങ്ങളിലും സുപ്രധാന ഗവേഷണങ്ങളിലും കഴിവുണ്ടായിട്ടും സ്ത്രീകൾ പരിഗണിക്കപ്പെട്ടില്ല. എന്തിന് ഇന്നും ബഹിരാകാശയാത്രികരുടെ സ്യൂട്ടുകൾ പോലും പുരുഷന്മാർക്ക് യോജിക്കും വിധമാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. സ്പേസ് സ്യൂട്ട് പാകമാവാത്തതിന്റെ ഫലമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഒരു വനിതയുടെ സ്പേസ് വാക്ക് മാറ്റിവയ്ക്കേണ്ടി വന്നത് അടുത്തകാലത്താണ്. എങ്കിലും ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രകളിലും ബഹിരാകാശ ഗവേഷണങ്ങളിലുമൊക്കെയുള്ള സ്ത്രീ സാന്നിധ്യം പ്രതീക്ഷ നൽകുന്നതാണ്. ഇന്ത്യയുടെ ചന്ദ്രയാൻ-2 ദൗത്യത്തിനു ചുക്കാൻ പിടിച്ചത് റിതു കരിധാൾ, മുത്തയ്യ വനിത എന്നീ രണ്ടു വനിതകളാണ് എന്നതും നമുക്ക് അഭിമാനിക്കാൻ വക നൽകുന്നതാണ്.

ആർടെമിസ് ചന്ദ്രോപരിതലത്തില്‍ – ചിത്രകാരഭാവനയില്‍

ആർടെമിസ് ദൗത്യത്തിൽ ഓറിയോൺ പേടകമാണ് മനുഷ്യനെ വഹിക്കുക. 2024-ൽ ഒരു വനിതയെ ചന്ദ്രനിൽ ഇറക്കുക, ചന്ദ്രോപരിതലത്തിൽ പരമാവധി പര്യവേക്ഷണങ്ങൾ നടത്തി ഇനിയും ഉത്തരം കിട്ടാത്ത പല സമസ്യകളും പൂരിപ്പിക്കുക , അങ്ങനെ ലഭ്യമാവുന്ന അറിവുകൾ അടിസ്ഥാനമാക്കി ഭാവി ചാന്ദ്ര ദൗത്യങ്ങൾ കൂടുതൽ മികവുറ്റതാക്കുക എന്നിവയൊക്കെ ആർടെമിസ് ദൗത്യത്തിന്റെ ലക്ഷ്യങ്ങളാണ്. അങ്ങനെ 2028 ഓടെ ഓരോ വർഷവും ചാന്ദ്രയാത്രകൾ , ചന്ദ്രനിൽ സ്ഥിരമായ മനുഷ്യ സാന്നിധ്യം എന്നീ ലക്ഷ്യങ്ങളും നാസ മുന്നിൽക്കാണുന്നു. ഭാവി ചൊവ്വാ പര്യവേക്ഷണങ്ങളിലേക്കുള്ള ഒരു ചുവടുവയ്പു കൂടിയാണിതെന്നും നാസ പറയുന്നു. ഗ്രീക്ക് ഇതിഹാസത്തിൽ അപ്പോളോയുടെ ഇരട്ട സഹോദരിയായ ആർടെമിസ് എന്ന ദേവതയുടെ പേരിൽ നിന്നാണ് ദൗത്യത്തിന് ആർടെമിസ് എന്നു പേരു നൽകിയത്. 1960-കളിൽ ലോകശ്രദ്ധനേടിയ അപ്പോളോ ദൗത്യങ്ങളോടും 1969 ജൂലൈ 21-ന് മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ അപ്പോളോ 11 ദൗത്യത്തോടും ബന്ധപ്പെട്ടെ പേരു തന്നെ തെരഞ്ഞെടുക്കുകയായിരുന്നു നാസ.

 

ചന്ദ്രനിൽ മനുഷ്യ കോളനികൾ എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ആർടെമിസ് ദൗത്യത്തിലൂടെ ലഭിക്കുന്ന വിലപ്പെട്ട വിവരങ്ങൾ സഹായകമാവുമെന്നാണ് പ്രതീക്ഷ. ചന്ദ്രോപരിതല പര്യവേക്ഷണത്തിന് റോബോട്ടിക് സംവിധാനങ്ങളും പ്രയോജനപ്പെടുത്തും. ചന്ദ്രോപരിതല രഹസ്യങ്ങൾ, ചന്ദ്രനിലെ മനുഷ്യ ജീവിതം, എഞ്ചിനീയറിങ് സാധ്യതകൾ എന്നിവയൊക്കെ അതിസൂക്ഷ്മമായി വിശകലനം ചെയ്യുന്നത് അതിവിദൂരമല്ലാത്ത ഭാവിയിൽത്തന്നെ ചന്ദ്രനിലെ സ്ഥിരമായ മനുഷ്യവാസത്തിനുള്ള മുന്നൊരുക്കങ്ങൾക്ക് സഹായിക്കും. ചാന്ദ്ര വീടുകൾ, ചന്ദ്രോപരിതലത്തിലെ വിപുലമായ ഗവേഷണ സാധ്യതകൾ എന്നിവയൊക്കെ ഈ ദൗത്യത്തിന് ഊർജം പകരുന്നു. മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ചൊവ്വാ യാത്രയിൽ ചന്ദ്രനെ ഇടത്താവളമാക്കുക എന്നതാണ് മറ്റൊരു പ്രധാന ലക്ഷ്യം. എന്നാൽ മനുഷ്യന്റെ ചൊവ്വായാത്രയ്ക്കു മുമ്പ് ഇത്രയും നീണ്ട ബഹിരാകാശപ്പറക്കലിൽ മനുഷ്യശരീരം എങ്ങനെയൊക്കെയാവും പ്രതികരിക്കുക എന്നതിനെക്കുറിച്ച് വളരെ വിശദമായി പഠിക്കേണ്ടതുണ്ടെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. ചൊവ്വായാത്രികരെ തിരിച്ചു ഭൂമിയിലെത്തിക്കുക എന്നതും വെല്ലുവിളിയാണ്.

ചാന്ദ്ര യാത്രയിൽ യാത്രികരുടെ സുരക്ഷ അതിപ്രധാനമായതുകൊണ്ടു തന്നെ അത് ഉറപ്പു വരുത്താൻ ആർടെമിസ് ദൗത്യം പല ഘട്ടങ്ങളായാണ് നടത്തുന്നത്. ഇതിൽ ആദ്യഘട്ടമായ ആർടെമിസ് 1 ആളില്ലാ ദൗത്യമാണ്. എസ്എൽഎസ് (സ്പേസ് ലോഞ്ച് സിസ്റ്റം )റോക്കറ്റും ഓറിയോൺ ബഹിരാകാശ പേടകവും ടെസ്റ്റ് ചെയ്യാനാണ് ഈ പരീക്ഷണപ്പറക്കൽ . അടുത്ത ഘട്ടമായ ആർടെമിസ് 2 രണ്ട് മനുഷ്യരെയും വഹിച്ചുകൊണ്ട് ചന്ദ്രനു ചുറ്റുമുള്ള ഒരു പരീക്ഷണപ്പറക്കൽ ആയിരിക്കും. അതും കഴിഞ്ഞാണ് 2024-ൽ ആണ് ആർടെമിസ് 3 ദൗത്യം. ഈ ദൗത്യത്തിലാണ് ഒരു വനിയടക്കമുള്ള യാത്രികരെ ഉൾക്കൊള്ളുന്ന  ഓറിയോൺ പേടകത്തെയും വഹിച്ചുകൊണ്ട് റോക്കറ്റ് ഭൂമിയിൽ നിന്നു കുതിച്ചുയരുക.

ആർടെമിസ് 3 ദൗത്യം ഉന്നം വയ്ക്കുന്നത് സവിശേഷതകൾ ഏറെയുള്ള ,ചന്ദ്രനിലെ ദക്ഷിണധ്രുവമാണ്. ഇവിടുത്തെ ജലസാന്നിധ്യം തന്നെ ഇതിനു പ്രധാന കാരണം. ജലസാന്നിധ്യം ഉള്ളതുകൊണ്ടു തന്നെ ഇവിടം മനുഷ്യവാസത്തിന് അനുയോജ്യമായിരിക്കും എന്നാണ് പ്രതീക്ഷ. അതുപോലെ ദീർഘകാല ഉപയോഗത്തിന് അനുയോജ്യമായ മറ്റു വിഭവങ്ങളും തിരയും. ചന്ദ്രനിലെ ജലത്തിന്റെ ചരിത്രം സംബന്ധിച്ച പഠനങ്ങൾ പുതിയ ചാന്ദ്ര രഹസ്യങ്ങളിലേക്ക് വെളിച്ചം വീശിയേക്കാം. ജലത്തെ വിഘടിപ്പിച്ച് ഹൈഡ്രജൻ റോക്കറ്റ് ഇന്ധനമായും ഓക്സിജൻ ശ്വസിക്കാനായും ഉപയോഗിക്കാം എന്ന സാധ്യതയുമുണ്ട്. ഭൂമിയുടെയും ചന്ദ്രന്റെയും ചൊവ്വയുടെയും ഉത്ഭവ രഹസ്യങ്ങൾ, പരിണാമം ഇവ താരതമ്യം ചെയ്ത് വ്യത്യാസങ്ങളും സാദൃശ്യങ്ങളും അതിസൂക്ഷ്മമായി വിശകലനം ചെയ്തു മനസ്സിലാക്കൽ , അതിന്റെ അടിസ്ഥാനത്തിൽ മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ചൊവ്വായാത്രയ്ക്ക് അനുയോജ്യമായ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കുക ,ഭാവി ഗോളാന്തര യാത്രകൾ അസൂത്രണം ചെയ്യുക എന്നിങ്ങനെ നീളുന്നു ആർടെമിസ് ദൗത്യം തുറക്കുന്ന സാധ്യതകളുടെയും പ്രതീക്ഷകളുടെയും പട്ടിക.

ചന്ദ്രനിലെ മനുഷ്യജീവിതം ഒരിക്കലും ഭൂമിയിലേതു പോലെ ആയിരിക്കില്ല എന്നു തീർച്ച. നാം സങ്കല്പിക്കുക പോലും ചെയ്യാത്ത പല വെല്ലുവിളികളെയും അതിജീവിക്കേണ്ടതായും വന്നേക്കും.  ഇതൊക്കെ മുന്നിൽക്കണ്ടു തന്നെ ചന്ദ്രനിൽ മനുഷ്യവാസം എന്ന സ്വപ്നം കൈപ്പിടിയിൽ ഒതുക്കാൻ ഒരുങ്ങുകയാണ് ബഹിരാകാശ ഗവേഷണ രംഗം. ആരാകും ചന്ദ്രനിൽ കാലു കുത്താൻ പോവുന്ന ആദ്യ വനിത എന്നറിയാൻ  നമുക്ക് കാത്തിരിക്കാം.


ആർടെമിസ് 1,2,3, എന്നിവയുടെ പര്യവേക്ഷണ പാത


നാസയുടെ അപ്പോളോ ചാന്ദ്രദൌത്യങ്ങളുടെ തുടര്‍ച്ചയായ ആർട്ടിമിസ് ചന്ദ്രദൌത്യത്തിന്  ആ പേര് വന്നത് ഗ്രീക്ക് ദൈവങ്ങളിൽ ഒരാളായ ആർട്ടിമിസ് ദേവതയില്‍ നിന്നാണ്. ഗ്രീക്ക് ഐതിഹ്യത്തിൽ അപ്പോളോ ദേവന്റെ ഇരട്ട സഹോദരിയാണ് ആർട്ടിമിസ്.

  1. www.nasa.gov/what-is-artemis/

ചന്ദ്രനിലേക്കിനിയെത്ര പെണ്‍ദൂരം ?

ചന്ദ്രനെക്കുറിച്ച് മറ്റു ലേഖനങ്ങള്‍

ചന്ദ്രനെക്കുറിച്ച് ചില കൗതുകവിശേഷങ്ങള്‍

മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടുണ്ടോ ?

ഇനി കാണാം ചന്ദ്രന്റെ സമ്പൂര്‍ണ്ണ ‘ഭൂ’പടം

 

Leave a Reply