Read Time:11 Minute


സന്ദീപ് പി.

ആരാണ് ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്? ഇതെന്ത് ചോദ്യമാണെന്ന് നിങ്ങൾ കരുതുന്നുണ്ടാകും. 1969 ജൂലായ് 21ന് അപ്പോളോ 11ൽ ചന്ദ്രനിലിറങ്ങിയ നീൽ ആംസ്ട്രോങ്ങിനെയും കൂട്ടരെയും നമുക്കെല്ലാവർക്കുമറിയാം. എന്നാൽ ആ വിജയത്തിന് വഴിവിളക്കുമായി മുമ്പേ നടന്ന നിരവധി പേരുണ്ട്. അവരെ കുറിച്ച് നമുക്ക് വളരെ കുറച്ചേ അറിയൂ. വിജയികൾ മാത്രം ഓർമ്മിക്കപ്പെടുന്നു എന്നത് ചരിത്രത്തിലെ നീതികേടല്ലേ?

1961 ഏപ്രിൽ 12ന് റഷ്യയുടെ യൂറി ഗഗാറിന്‍ ബഹിരാകാശ യാത്ര നടത്തിയത് അമേരിക്കയെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയത്. പത്ത് വർഷത്തിനുള്ളിൽ ചന്ദ്രനിൽ ആളെയിറക്കിക്കൊണ്ട് ബഹിരാകാശ മത്സരത്തിൽ റഷ്യക്ക് മറുപടി കൊടുക്കുമെന്ന് അമേരിക്കയുടെ പ്രസിഡണ്ട് ജോൺ എഫ് കെന്നഡി പ്രഖ്യാപിച്ചു. ‘എത്രയും പെട്ടെന്ന്’ മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനുള്ള പദ്ധതികൾക്ക് നാസ രൂപം കൊടുത്തു.

പ്രൊജക്ട് മെർക്കുറി (1961 – 1963), ജെമിനി മിഷന്‍ (1965 – 66) എന്നീ പദ്ധതികളിലൂടെ മനുഷ്യനെ ഭൂമിയുടെ ഭ്രമണപഥത്തിലും ശൂന്യാകാശത്തും എത്തിക്കാന്‍ നാസക്കും (NASA) സാധിച്ചിരുന്നു. ആ ആത്മവിശ്വാസത്തോടെയാണ് അവർ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള   അപ്പോളോ ദൗത്യത്തിലെത്തുന്നത്.

വിർജിൽ ഗ്രിസ്സം (Virgil Ivan Gus Grissom), സീനിയർ പൈലറ്റ് എഡ്വേർഡ് വൈറ്റ് (Edward White),    റോജർ ഷഫീ (Roger B Chaffee)

ചാന്ദ്രദൗത്യത്തിന്റെ ഭാഗമായി മനുഷ്യനെ വഹിച്ചു കൊണ്ടുള്ള നാസയുടെ  ആദ്യ പേടകം (AS 204) 1967 ഫെബ്രുവരി 21ന്    അമേരിക്കയിലെ ഫ്ളോറിഡയിലെ കേപ്പ് കെന്നഡി എയർഫോഴ്സ് സ്റ്റേഷനിലെ ലോഞ്ച് കോംപ്ലക്സ് 34ൽ നിന്നും വിക്ഷേപിക്കേണ്ടതായിരുന്നു. കമാന്റ് പൈലറ്റ് വിർജിൽ ഗ്രിസ്സം (Virgil Ivan Gus Grissom), സീനിയർ പൈലറ്റ് എഡ്വേർഡ് വൈറ്റ് (Edward White), റോജർ ഷഫീ (Roger B Chaffee) എന്നിവരെയായിരുന്നു യാത്രികരായി തീരുമാനിച്ചിരുന്നത്. പ്രൊജക്റ്റ് മെർക്കുറിയുടെയും ജെമിനി മിഷന്റെയും ഭാഗമായിരുന്ന  വിർജിൽ ഗ്രിസ്സവും    ജെമിനി മിഷന്റെ ഭാഗമായി ശൂന്യാകാശത്ത് നടന്നതിന്റെ (Space Walking) അനുഭവങ്ങളുമായി എഡ്വേർഡ് വൈറ്റും അപ്പോളോ മിഷന്റെ ഭാഗമായി. റോജർ ഷഫീ ആദ്യമായാണ് ഇത്തരത്തിൽ ഒരു യാത്രയുടെ ഭാഗമാകുന്നത്. അതിന്റെ ആവേശത്തിലുമായിരുന്നു ആ നാവിക സേനാ ഉദ്യോഗസ്ഥന്‍.

1967 ജനുവരി 27ന് പേടകത്തിന്റെ പ്ലഗ്സ് ഔട്ട് പരീക്ഷണങ്ങൾ (Plugs-Out Integrated Test) നടക്കുകയായിരുന്നു. വിക്ഷേപണ സമയത്തുള്ള സാഹചര്യങ്ങളിൽ പേടകത്തെ പരീക്ഷിക്കാനായിരുന്നു ഉദ്ദേശ്യം. 12.55 (GMT) മണിയോടെ പരീക്ഷണങ്ങൾ തുടങ്ങി. ഈ സമയം, യാത്രികർക്ക്      ഇരിക്കേണ്ട കമാണ്ട് മൊഡ്യൂൾ സാറ്റേൺ 1B  റോക്കറ്റിൽ സ്ഥാപിച്ചിരിക്കുകയായിരുന്നു. റോക്കറ്റിൽ ഇന്ധനം നിറച്ചിരുന്നില്ല. എല്ലാ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരുന്നു. അത്യാവശ്യ പ്രവർത്തനങ്ങൾക്ക്    ബാറ്ററിയിൽ നിന്നുള്ള ഊർജമാണ് ഉപയോഗിച്ചിരുന്നത്. പ്രാഥമിക പരിശോധനകൾക്ക് ശേഷം 18.00 (GMT) മണിക്ക് യാത്രികർ മൂവരും പേടകത്തിനകത്തേക്ക് പ്രവേശിച്ചു.

മൂവർസംഘം പേടകത്തിലേക്ക്

നിമിഷങ്ങൾക്കകം പേടകത്തിനകത്തു നിന്നും ഒരു പുളിച്ച നാറ്റം വരുന്നുണ്ടെന്ന് കമാന്റ് പൈലറ്റ് വിർജിൽ ഗ്രിസം പറഞ്ഞു. ഏകദേശം ഒരു മണിക്കൂറിനുള്ളിൽ ഈ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞു. യാത്രികരെയും ഗ്രൌണ്ട് സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന വാർത്താ വിനിമയ സംവിധാനവും തകരാറിലായിരുന്നു. “How are we going to get to the Moon if we can’t talk between two or three buildings?” എന്ന് തെല്ല് ദേഷ്യത്തോടെ തന്നെ വിർജിൽ ഗ്രിസം വിളിച്ചു പറഞ്ഞു. ഈ പരാതിക്ക് പറയത്തക്ക പ്രതിവിധികളുണ്ടായില്ല. 23.31 (GMT) മണിക്ക് പേടകത്തിനകത്ത് തീ പിടിച്ചെന്നുള്ള നിലവിളി മൈക്രോഫോണിലൂടെ കേട്ടു. വാതിൽ തുറക്കുന്നതിന് എഡ്വേർഡ് വൈറ്റ് ശ്രമിച്ചെങ്കിലും പേടകത്തിനകത്തെ വർദ്ധിച്ച മർദ്ദം കാരണം വാതിൽ തുറക്കാൻ സാധിച്ചില്ല. പേടകത്തിന്റെ വാതിൽ അകത്തേക്ക് തുറക്കാവുന്ന രീതിയിൽ രൂപകൽപന ചെയ്തിരുന്നതും രക്ഷാപ്രവർത്തനത്തിന് വിനയായി. വിഷവാതകം ശ്വസിച്ചത് മൂലമുണ്ടായ അസ്വസ്ഥതകളെ തുടർന്ന് നിമിഷങ്ങൾക്കകം മൂവരും മരണപ്പെട്ടു. പേടകത്തിനകത്തെ വർദ്ധിച്ച മർദ്ദം കാരണം പതിനഞ്ച് സെക്കന്റിനുള്ളിൽ പേടകത്തിന് വിള്ളൽ സംഭവിച്ചു.

അപ്പോളോ 1 – കാബിന്റെ ഉൾവശം – അപകടത്തിന് ശേഷം

ഈ അപകടത്തോടെ യാത്രികരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള അപ്പോളോ പദ്ധതി നാസ നിർത്തിവെച്ചു. അപകടത്തെ കുറിച്ച് പഠിക്കാന്‍ അമേരിക്കന്‍ പാർലമെന്റും നാസയും വിദഗ്ധസമിതികളെ രൂപീകരിച്ചു. ഒരു വർഷത്തോളം സമിതി പഠനം നടത്തി. തീപിടുത്തത്തിന്റ യഥാർത്ഥ കാരണം കണ്ടെത്താൻ സമിതിക്ക് കഴിഞ്ഞില്ലെങ്കിലും  അപകടത്തിനിടയാക്കിയ സാഹചര്യങ്ങൾ താഴെ പറയുന്നവയായിരുന്നു.

 • പേടകത്തിന്റെ അകത്ത് അടിഭാഗത്ത് നിന്നുമാണ് തീ പടർന്നത്. അതുകൊണ്ട് തന്നെ  തീ പടർന്നത് യാത്രികരുടെ ശ്രദ്ധയിൽപ്പെട്ടില്ല.
 • പേടകത്തിനകത്ത് നിറച്ചിരുന്നത് നൂറ് ശതമാനം ശുദ്ധമായ ഓക്സിജൻ ആയിരുന്നു.
 • പേടകത്തിനകത്ത് ഉപയോഗിച്ചിരുന്ന വസ്തുക്കളിൽ പലതും പെട്ടെന്ന് തീ     പിടിക്കുന്നതായിരുന്നു. ഇവ     രണ്ടും തീ പെട്ടെന്ന് പടരുന്നതിന് കാരണമായി.
 • അകത്ത് നിന്ന് മാത്രം പ്രവർത്തിപ്പിക്കാവുന്നതും അകത്തേക്ക് തുറക്കുന്ന     രീതിയിലുമായിരുന്ന പേടകത്തിന്റെ     വാതിലും അകത്തെ അധിക മർദ്ദവും     വാതിൽ തുറന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിന് തടസ്സമായി.
 • ഒരപകടം നടന്നാൽ യാത്രികരെ     രക്ഷപ്പെടുത്തുന്നതിനോ     അവർക്ക് വൈദ്യസഹായം നൽകുന്നതിനോ    ഉള്ള സംവിധാനങ്ങൾ ഇല്ലായിരുന്നു.

വിദഗ്ധസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപ്പോളോ പദ്ധതിയിലടക്കം നിരവധി പരിഷ്കാരങ്ങൾ നാസ വരുത്തി.

 • പേടകത്തിന്റെ     വാതിൽ ഇരുപുറത്ത് നിന്നും     പുറത്തേക്ക് തുറക്കാവുന്ന     രീതിയിലാക്കി.
  പേടകത്തിനകത്ത് ശുദ്ധ ഓക്സിജൻ നിറച്ചിരുന്നതിന്     പകരം ഭൂമിയിലേതു പോലെ ഓക്സിജനും     നൈട്രജനും ചേർത്തുള്ള മിശ്രിതം നിറച്ചു.
 • പേടകത്തിനകത്തെ മർദ്ദത്തിനും കുറവു വരുത്തി.
 • പൈപ്പുകൾക്കും റ്റ്യൂബുകൾക്കും അലുമിനിയത്തിന് പകരം സ്റ്റെയിൻലെസ്     സ്റ്റീൽ ഉപയോഗിച്ചു.
 • പെട്ടെന്ന് തീ പിടിക്കുന്ന വസ്തുക്കളെ ഒഴിവാക്കിക്കൊണ്ട് രൂപകൽപ്പനയിൽ മാറ്റം വരുത്തി.
 • തീ കെടുത്തുന്നതിനുള്ള സംവിധാനങ്ങളും വാതകച്ചോർച്ചയുണ്ടായാൽ     ഉപയോഗിക്കുന്നതിനുള്ള ഓക്സിജൻ     സംവിധാനവും പേടകത്തിനകത്ത്     കൂട്ടിച്ചേർത്തു.
 • കൂടാതെ     വിക്ഷേപണം നടത്തുന്ന ലോഞ്ച് പാഡിലും വൈറ്റ് റൂമിലും     മാറ്റങ്ങൾ വരുത്തി.
കെന്നഡി സ്പേസ് സെന്ററിലെ സ്പേസ് മിറർ മെമ്മോറിയൽ

ഗ്രിസ്സം, ഷഫീ എന്നിവരെ ഏർലിങ്ടൺ നാഷണൽ സെമിത്തേരിയിലും എഡ്വേർഡ് വൈറ്റിനെ വെസ്റ്റ് പോയിന്റ് സെമിത്തേരിയിലും സംസ്കരിച്ചു. ബഹിരാകാശ ദൌത്യത്തിനിടയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ പേരുകൾ ആലേഖനം ചെയ്തിട്ടുള്ള കെന്നഡി സ്പേസ് സെന്ററിലെ സ്പേസ് മിറർ മെമ്മോറിയലിൽ ഈ യാത്രികരുടെ പേരുകൾ എഴുതി ചേർത്തിട്ടുണ്ട്. ഗ്രിസ്സത്തിനും (1978) എഡ്വേർഡ് വൈറ്റിനും റോജർ ഷാഫീക്കും (1997) മരണാനന്തര ബഹുമതിയായി കോണ്‍ഗ്രഷണൽ സ്പേസ് മെഡൽ ഫോർ ഓണർ നൽകി ആദരിച്ചു. 1969ൽ നീൽ ആംസ്ട്രോങ്ങും കൂട്ടരും ചന്ദ്രനിലിറങ്ങിയപ്പോൾഈ യാത്രികരുടെ ഓർമ്മക്കായി അപ്പോളോ 1 ന്റെ ഫലകം (Patch) ചന്ദ്രനിൽ സ്ഥാപിച്ചു.

കെന്നഡി സ്പേസ് സെന്ററിലത്തുന്ന സഞ്ചാരികൾക്കായി അപ്പോളോ 1 ന്റെ സ്മാരകം എന്ന പോലെ ആ വിക്ഷേപണത്തറയും അവിടുത്തെ തൂണുകളും നില കൊള്ളുന്നു. തൂണുകളിലെ ഒരു ഫലകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: “They gave their lives in service to their country in the ongoing exploration of humankind’s final frontier. Remember them not for how they died but for those ideals for which they lived”.

അപ്പോളോ 1 ന്റെ സ് വിക്ഷേപണത്തറയും തൂണുകളും
യാത്രികരുടെ ഓർമ്മക്കായുള്ള ഇരിപ്പിടം
Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ്കാലത്തെ ഉന്നത വിദ്യാഭ്യാസം, ശേഷവും
Next post സമുദ്രശാസ്ത്രത്തിന്റെ ചരിത്രം
Close