Read Time:4 Minute


സന്ദീപ് പി

ചാന്ദ്രയാത്രികർ അവരുടെ ലാബിന് മുന്നിലെ പച്ചക്കറി ത്തോട്ടത്തിൽ നിന്നും അന്നത്തെ കറിക്ക് ആവശ്യമായ ചീരയും മുളകും പറിക്കുന്നു

ഇറങ്ങാൻ പോകുന്ന ഒരു ഹോളിവുഡ് സിനിമയിലെ രംഗം അല്ല ഇത്. മറിച്ച് ഒരു നൂറ്റാണ്ടിനുള്ളില്‍ ബഹിരാകാശ രംഗത്ത് സംഭവിക്കാവുന്നതാണ്. ചന്ദ്രനിലെ മണ്ണിൽ ചെടികൾ വളർത്തുന്നതിൽ അമേരിക്കയിലെ ഫ്ലോറിഡ സർവ്വകലാശാലയിലെ ഗവേഷകർ വിജയിച്ചിരിക്കുന്നു.

1969 – 72 കാലഘട്ടത്തിൽ നടന്ന അപ്പോളോ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രയാത്ര നടത്തിയവർ ചന്ദ്രനിൽ നിന്ന് പാറയും മണ്ണും ഭൂമിയിലെത്തിച്ചിരുന്നു. ആറ് ദൗത്യങ്ങളുടെ ഭാഗമായി ചന്ദ്രനിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി  ഇത്തരത്തിൽ 382 കിലോഗ്രാം പാറയും മണ്ണും ശേഖരിച്ച് നാസയിൽ ഗവേഷണം നടത്തി വരുന്നുണ്ട്. ഈ സാമ്പിളുകളിൽ നിന്ന് ഫ്ലോറിഡ സർവ്വകലാശാലയുടെ സ്പേസ് പ്ലാനറ്റ് ലാബിന് ലഭിച്ച 12 ഗ്രാം ചന്ദ്ര മണ്ണിൽ ഗവേഷണം നടത്തിയ റോബർട്ട് ഫേളും (Robert Ferl)  അന്ന ലിസാ പോളും ( Anna Lisa Paul ) സംഘവുമാണ് വിജയിച്ചത്.

കടുക് ഇനത്തില്‍ പെട്ട  Arabidopsis thaliana എന്നയിനം സസ്യമാണ് വളർത്തിയത്

അപ്പോളോ 11, 12, 17 ദൗത്യങ്ങളുടെ ഭാഗമായി ചന്ദ്രന്റെ  മൂന്ന് വ്യത്യസ്ത പ്രദേശത്ത് നിന്നായി കൊണ്ടുവന്ന മണ്ണിലാണ് അവര്‍ ഗവേഷണം നടത്തിയത്. ഒരു ഗ്രാം വീതം വരുന്ന ചന്ദ്ര മണ്ണിനെ 12 ചെറുപാത്രങ്ങളിൽ നിറച്ചു മറ്റ് 16 ചെറു പാത്രങ്ങളിൽ ഭൂമിയിലെ പല ഭാഗങ്ങളില്‍ നിന്നുള്ള ഫലഭൂയിഷ്ടി തീരെയില്ലാത്ത  മണ്ണിന്റെ  സാമ്പിളുകളും നിറച്ചു (ചന്ദ്ര മണ്ണിലെ വളര്‍ച്ച പഠിക്കുന്നതിനുള്ള Control sample ആണിത്). എല്ലാ പാത്രങ്ങളിലേക്കും കടുക് ഇനത്തില്‍ പെട്ട Arabidopsis thaliana എന്ന ചെടിയുടെ വിത്തുകൾ വിതച്ചു. ചെടിക്ക് വളരാൻ ആവശ്യമായ വെള്ളവും വളവും നൽകി. 48 – 60 മണിക്കൂറിൽ എല്ലാ സാമ്പിളുകളിലും പുതിയ നാമ്പുകൾ വന്നു.

 “ഒരഭൗമ വസ്തുവിൽ ഒരു സസ്യം വളർന്നു പൊങ്ങുന്നത് ഞങ്ങളെ അക്ഷരാർത്ഥത്തിൽ അതിശയിപ്പിച്ചു.”  ആ കാഴ്ച്ചയുടെ അനുഭവം അന്ന ലിസ പോൾ മാധ്യമങ്ങളോട് വിവരിച്ചു കൊണ്ട് പറഞ്ഞു.

ചന്ദ്ര മണ്ണിൽ വളർന്ന ചെടികൾക്ക് സാമ്പിള്‍ ചെടികളേക്കാൾ ശേഷി കുറവായിരുന്നു. ചന്ദ്രമണ്ണിൽ അടങ്ങിയിട്ടുള്ള സ്ഫടിക – ലോഹ  വസ്തുക്കൾ ചെടിയുടെ വളർച്ചയെ മോശമായി ബാധിച്ചിരുന്നു എന്നും ഈ ചെടികൾ വലിയ തോതിലുള്ള സമ്മർദ്ദങ്ങൾ അനുഭവിച്ചു എന്നും ജനിതക പഠനങ്ങളിൽ കണ്ടെത്തി.

എന്നാലും ഈ ചെറിയ സസ്യ നാമ്പ്  ശാസ്ത്രലോകത്തിന് നൽകുന്ന പ്രതീക്ഷകൾ ചെറുതല്ല. ചന്ദ്രനിലേക്ക് ആദ്യ വനിതയെ അയക്കുന്നതിനുള്ള നാസയുടെ ആർട്ടെമിസ് (Artemis Program) പദ്ധതിക്കും ചൊവ്വ പര്യവേഷണത്തിനും വേഗം കൂട്ടുന്നതാണ് ഈ പരീക്ഷണ വിജയം. ഭൂമിയിലെ തന്നെ കൃഷിയോഗ്യമല്ലാത്ത സ്ഥലത്ത് കൃഷി നടത്തുന്നതിനും അതുവഴി മാനവരാശിക്ക് മെച്ചപ്പെട്ട ഭാവിയും പ്രതീക്ഷയും നൽകാനും ഈ പരീക്ഷണ വിജയത്തിന് സാധിക്കും എന്ന് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു.

അപ്പോളോ 11, 12, 17 ദൗത്യങ്ങളുടെ ഭാഗമായി ചന്ദ്രന്റെ  മൂന്ന് വ്യത്യസ്ത പ്രദേശത്ത് നിന്നായി കൊണ്ടുവന്ന മണ്ണിലാണ് ഗവേഷണം നടത്തിയത്

അധികവായനയ്ക്ക്

  1. Scientists successfully grow plants in moon soil for first time

ചന്ദ്രനെക്കുറിച്ച് അറിയേണ്ടതെല്ലാം – ലൂക്ക പ്രത്യേക പതിപ്പ് സ്വന്തമാക്കാം

 

Happy
Happy
10 %
Sad
Sad
5 %
Excited
Excited
70 %
Sleepy
Sleepy
0 %
Angry
Angry
5 %
Surprise
Surprise
10 %

Leave a Reply

Previous post വിദ്യാർത്ഥികൾക്കായുള്ള അന്താരാഷ്ട്ര സയൻസ് ഒളിമ്പ്യാഡുകളിൽ ഇന്ത്യക്ക് മികച്ച നേട്ടം
Next post പയർവള്ളികളെ സ്നേഹിച്ച പാതിരി
Close