ജെയിംസ് ഹട്ടണ്‍

ജൂണ്‍ 8, ആധുനിക ഭൂവിജ്ഞാനീയത്തിന്റെ പിതാവായ ജെയിംസ് ഹാട്ടന്റെ ജന്മദിനമാണ്. ഭൂമിയുടെ ഉപരിതലത്തില്‍ നടക്കുന്ന മാറ്റങ്ങളെയെല്ലാം വിശദീകരിക്കുന്ന ഒരു സിദ്ധാന്തം ആദ്യമായി മുന്നോട്ടുവച്ചത് ഹട്ടനാണ്. പില്‍ക്കാലത്ത് യൂണിഫോമിറ്റേറിയന്‍ സിദ്ധാന്തമെന്ന പേരില്‍ അറിയപ്പെട്ട ഈ സിദ്ധാന്തം, ഭൂവിജ്ഞാനീയത്തിന്റെ വികാസത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

james-hutton-1-sized1926 ജൂണ്‍ 8-ാം തീയതി സ്കോട്ട്ലാന്റിലെ എഡിന്‍ബറോവിലാണ് ഹട്ടണ്‍ ജനിച്ചത്. അച്ഛന്‍ ഒരു കച്ചവടക്കാരനായിരുന്നു. ഹട്ടന് മൂന്ന് വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിക്കുകയും ചെയ്തു. ഒരു വക്കീലിന്റെ സഹായിയായിട്ടാണ് ജീവിതം ആരംഭിച്ചത്. പിന്നീട് രസതന്ത്രത്തിലായി താത്പര്യം. 1749-ല്‍ ലെയ്ഡന്‍ സര്‍വകലാശാലയില്‍ പോയി വൈദ്യശാസ്ത്രത്തില്‍ ബിരുദമെടുത്തു. എന്നാല്‍ നാട്ടില്‍ തിരിച്ചുവന്നശേഷം പ്രാക്റ്റീസ് ആരംഭിക്കുകയുണ്ടായില്ല. പകരം നാട്ടിന്‍പുറത്തുചെന്ന് കുടുംബസ്വത്തായി ലഭിച്ച സ്ഥലത്ത് കൃഷിയാരംഭിച്ചു. കൃഷിയിലും കന്നുകാലി വളര്‍ത്തലിലും അദ്ദേഹം അക്കാലത്തെ ശാസ്ത്രസാങ്കേതിക വിദ്യകള്‍ പ്രയോഗിച്ചു. അതേസമയം അമോണിയം ക്ളോറൈഡ് നിര്‍മിക്കുവാനുള്ള ഒരു വ്യവസായവും തുടങ്ങി. രസതന്ത്രത്തില്‍ നിന്നു ഖനിജവിജ്ഞാനീയം വഴി ഹട്ടണ്‍ ഭൂവിജ്ഞാനീയത്തിലെത്തി. ഇംഗ്ളണ്ടിന്റെ പലഭാഗത്തും കാല്‍ നടയായി സഞ്ചരിക്കുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നു. രസതന്ത്രജ്ഞനും ഭൗതിക ശാസ്ത്രജ്ഞനുമായ ജോസഫ് ബ്ളാക്ക്, ഹട്ടന്റെ സുഹൃത്തായിരുന്നു. ഹട്ടന് ശാസ്ത്രവിഷയങ്ങളിലുള്ള താത്പര്യം വളര്‍ത്തിയെടുക്കുന്നതില്‍ ബ്ളാക്കിന്റെ പ്രോത്സാഹനത്തിന് നല്ല പങ്കുണ്ട്. അങ്ങനെ അവസാനം 1768-ല്‍ കൃഷിയും വ്യവസായവുമെല്ലാം മതിയാക്കി. ബാക്കി ജീവിതം ഭൂവിജ്ഞാനീയ പഠനങ്ങള്‍ക്കായി വിനിയോഗിക്കുവാന്‍ തീര്‍ച്ചയാക്കി.

ഭൂമിയില്‍ കാണുന്ന പാറകളെ, ഹട്ടണ്‍ രണ്ടായി തരംതിരിച്ചു. വര്‍ഷങ്ങളായി ഊറല്‍ അടിഞ്ഞുകൂടി കട്ടികൂടുമ്പോള്‍, അത് ഞെരുക്കപ്പടുന്നു. അങ്ങനെ മര്‍ദ്ദം മൂലം ഉണ്ടാക്കപ്പെടുന്ന അവ സാദശിലകളാണ് ഒന്ന്. ഭൂഗര്‍ഭത്തില്‍ ഉരുകിക്കിടക്കുന്ന പാറകള്‍ ആഗ്നേയപ്രവര്‍ത്തനങ്ങള്‍കൊണ്ട് ഉപരിതലത്തിലെത്തുന്നു. ഇവയാണ് രണ്ടാമത്തെ ഇനം. അക്കാലത്ത് ആഗ്നേയശിലകളായ ബസാള്‍ട്ടും കരിങ്കല്ലും ഭൂമിയില്‍ ഏറ്റവും ആദ്യമുണ്ടായ പാറകളാണെന്നായിരുന്നു വിശ്വാസം. പ്രശസ്ത ജര്‍മ്മന്‍ ഭൂവിജ്ഞാനീയനായ അബ്രഹാംവെര്‍ണറുടെ (1750-1817) സിദ്ധാന്തപ്രകാരം ഭൂമിയിലെ പാറകളെല്ലാംതന്നെ ആദിമ ഭൂമിയെ മുഴുവനും ആവരണം ചെയ്തിരുന്ന പ്രാചീന മഹാസമുദ്രത്തില്‍ നിന്ന് ആവക്ഷിപ്തങ്ങളായി ഉണ്ടായതാണ്. ഈ സിദ്ധാന്തത്തെ നെപ്റ്റ്യൂണിസം എന്നുവിളിക്കും. റോമക്കാരുടെ കടല്‍ ദേവതയാണ് നെപ്റ്റ്യൂണ്‍. ഹട്ടണ്‍ ഭൂമിയെ ഭീമമായൊരു താപയന്ത്രമായിട്ടാണ് കണക്കാക്കിയിരുന്നത്. വാട്ടിന്റെയും ബ്ളാക്കിന്റെയും സുഹൃത്ത് അങ്ങനെ വിശ്വസിച്ചത് സ്വാഭാവികമാണല്ലൊ.

ഭൂമിയില്‍ നടക്കുന്ന ഭൂവിജ്ഞാനീയപരമായ പ്രതിഭാസങ്ങളെയെല്ലാം വിശദീകരിക്കുന്നൊരു സിദ്ധാന്തം ഹട്ടണ്‍ മുന്നോട്ടുവച്ചു. മഴയും കുത്തിയൊലിക്കുന്ന വെള്ളവും, കാറ്റും മൂലം പാറകള്‍ക്ക് അപക്ഷയവും തുടര്‍ന്നു മണ്ണൊലിപ്പും നടക്കുന്നതായി കാണാമല്ലൊ. ഇത്തരം പ്രവര്‍ത്തനങ്ങള്‍ എക്കാലത്തും നടന്നിരുന്നതായി ഹട്ടണ്‍ കണക്കാക്കി. മലകളും പര്‍വ്വതങ്ങളുമെല്ലാം അനേകായിരം വര്‍ഷം കൊണ്ട് ഇങ്ങനെ നിരപ്പായിപോകുന്നു. കടലില്‍ അടിഞ്ഞുകൂടുന്ന അവസാദങ്ങള്‍ കാലക്രമേണ ഉറച്ച് പാറയാകും. ഇത് ഭൂമിയുടെ ആന്തരതാപംകൊണ്ട് വീണ്ടും ഒടിഞ്ഞു വളഞ്ഞ് പര്‍വതങ്ങളായി തീരുന്നു. ഈ പുതിയ പര്‍വതങ്ങള്‍ വീണ്ടും അപക്ഷയം മൂലം നിരപ്പാക്കപ്പെടും. ഈ പ്രക്രിയകള്‍ അനന്തമായി നടന്നുകൊണ്ടിരിക്കുകയാണ്. എക്കാലത്തും ഒരേതരം പ്രവര്‍ത്തനങ്ങള്‍ ഒരേതോതിലാണ് നടക്കുന്നത്. അതിനാല്‍ ഈ സിദ്ധാന്തത്തെ യൂണിഫോമിറ്റേറിയനിസം-യൂണിഫോമായി, അതായത് ഒരേ രീതിയില്‍-എന്നു വിളിക്കും. ലയലാണ് ഹട്ടന്റെ സിദ്ധാന്തത്തിന് ഈ പേര് നല്‍കിയത്. ഭൂമിയെപ്പറ്റി ഹട്ടന്റെ സുപ്രസിദ്ധമായൊരു സൂക്തവാക്യമുണ്ട്. “ഞാന്‍ നോക്കിയിട്ട് ഒരു തുടക്കത്തിന്റേയോ അവസാനത്തിന്റേയോ ലക്ഷണങ്ങള്‍ കാണുന്നില്ല.” എന്നാണത്. അക്കാലത്ത് ഭൂവിജ്ഞാനീയത്തില്‍ അത്യാഹിതവാദ (Catastrophism) ത്തിനായിരുന്നു പ്രചാരം. ബൈബിളില്‍ പറയുന്ന പ്രളയംപോലുള്ള അത്യാഹിതങ്ങളാണ് ഭൂരൂപങ്ങള്‍ക്ക് കാരണമെന്നതാണ് അതിലെ മുഖ്യപ്രമേയം. ഹട്ടണ്‍ ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ക്ക് വലിയ പ്രചാരം കിട്ടിയില്ല.

ഇതിനുള്ള പ്രധാനകാരണം മതമൗലികവാദമായിരുന്നു. ഭൂമി ഉണ്ടായത് 4004 ബി.സി-യിലാണെന്നാണ് അക്കാലത്ത് വിശ്വസിക്കപ്പെട്ടിരുന്നത്. ഹട്ടണ്‍ വിഭാവനം ചെയ്തരീതിയിലുള്ള പ്രക്രിയകള്‍ വഴി പര്‍വതങ്ങള്‍ ഉണ്ടാകുവാനും നിരപ്പാക്കപ്പെടുവാനും അതിനേക്കാള്‍ എത്രയോ മടങ്ങ് കൂടുതല്‍ സമയം വേണം. ഭൂമിക്ക് അനേകം ലക്ഷം വര്‍ഷത്തെ പഴക്കമുണ്ടെന്നു തന്നെയാണ് ഹട്ടണ്‍ വിശ്വസിച്ചത്. ഹട്ടണ്‍ പറഞ്ഞു. “നമ്മെ സംബന്ധിച്ചിടത്തോളം എന്തിനും സമയം പരിമിതമാണ്, എന്നാല്‍ പ്രകൃതിയെ സംബന്ധിച്ചിടത്തോളം സമയം അനന്തമാണ്” ഫ്രഞ്ച് വിപ്ളവത്തിന്റെ കാലമായിരുന്നു അത്. അതിനാല്‍ യാഥാസ്ഥിതികര്‍, പുതുയതായ ഏതു ചിന്തയെയും ഭയപ്പെട്ടിരുന്നു. അര നൂറ്റാണ്ടിനുശേഷം ലയന്‍ പ്രചരിപ്പിച്ചതോടെയാണ് യൂണിഫോമിറ്റേറിയനിസം പരക്കെ അംഗീകരിക്കപ്പെട്ടത്. 1729 മാര്‍ച്ച് 26-ാം തീയതി ഹട്ടണ്‍ അന്തരിച്ചു.

Leave a Reply