Read Time:53 Minute

രണ്ടാം ലോകയുദ്ധ കാലം. നാസ്സി ജർമനിയുടെ അധീനതയിൽ ഉണ്ടായിരുന്ന ആസ്ട്രിയയുടെ തലസ്ഥാനം, വിയന്നയിൽ നിന്നും, തന്റെ ഭാര്യയെയും വിളിച്ചുകൊണ്ട് ജർമനിയിൽ എത്തുമ്പോൾ കുർട്ട് ഗോഡൽ (Kurt Gödel) എന്ന ലോകപ്രശസ്തനായ ഗണിതജ്ഞനെ കാത്ത് അദ്ദേഹത്തിന്റെ ഗവേഷക മാർഗ്ഗദർശ്ശി ഹാൻസ് തിരിങ് (Hans Thirring) നിൽപ്പുണ്ടായിരുന്നു. തിരിങ് അങ്ങേയറ്റം പരിഭ്രാന്തൻ ആയിരുന്നു. ജർമ്മൻ രഹസ്യപൊലീസിന്റെ കണ്ണും കാതും എല്ലായിടത്തും എത്തിയിരുന്ന കാലം. അവർ അറിയാതെ ഒരു സന്ദേശം തിരിങ്ങിനു ഗോഡലിനോട് പറയാൻ ഉണ്ടായിരുന്നു. അമേരിക്കയിലെ പ്രിൻസ്റ്റണിലേയ്ക്ക് ഉടനെ പോകുന്ന ഗോഡൽ ആ സന്ദേശം എത്തിക്കേണ്ടത് അമേരിക്കൻ ഗവൺമെന്റിലേയ്ക്കാണ്. ആ സന്ദേശം വളരെ ഹ്രസ്വവും, എന്നാൽ ലോകചരിത്രത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുവാൻ സാധിക്കുന്നതും ആയിരുന്നു. 

‘ജർമ്മനി അണുബോംബുണ്ടാക്കുവാൻ പോകുന്നു’

മനസ്സിൽ സംശയങ്ങൾ ബാക്കിയായിരുന്നു. എങ്കിലും ഗോഡൽ ആ സന്ദേശം എത്തിക്കാമെന്ന് സമ്മതിച്ചു. തലക്കെട്ടിൽ പറഞ്ഞിരിക്കുന്നത് പോലെ ഗോഡൽ ഭരണകൂടത്തിന്റെ ചാരപ്പണികൾ ചെയ്യുന്ന ആൾ  ഒന്നും ആയിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിലേ പ്രമുഖനായ ഗണിതജ്ഞൻ. ഐൻസ്റ്റൈന്റെ ആപേക്ഷികതാസിദ്ധാന്തത്തിനു  ഗണിതഭാഷ്യം ചമച്ചയാൾ. എന്നാൽ അപ്പോഴത്തെ സാഹചര്യങ്ങൾ കൊണ്ട് ആ ജോലി അദ്ദേഹത്തിന് ഏറ്റെടുക്കേണ്ടിവന്നു. അധികം പുറത്തറിയാത്ത ആ ചരിത്രം അങ്ങനെ പിറന്നു.

കുർട്ട് ഗോഡലും ഐൻസ്റ്റൈനും

യൂണിവേഴ്സിറ്റി ഓഫ് വിയന്നയിലെ ഗണിത പ്രൊഫസർ ആയ കാൾ സിഗ്മണ്ട് എഴുതിയ, നേച്ചർ ജേർണലിൽ, 2024 മാർച്ച് നാലാം തീയതി പ്രസിദ്ധീകരിച്ച ലേഖനമാണ് ലോകശാസ്ത്ര ചരിത്രത്തിൽ അത്രെയൊന്നും അറിയപ്പെടാത്ത ഈ സംഭവം ഇപ്പോൾ പുറത്തു വരാൻ കാരണം. ആ വിവരണം ചിലപ്പോഴൊക്കെ ത്രില്ലെർ സിനിമകളെപ്പോലെ ആകാംക്ഷ നിറഞ്ഞതും, ചരിത്രം എത്ര വിചിത്രമാണ് എന്ന ഓർമ്മപ്പെടുത്തലും ആണ്. 

കുർട്ട് ഗോഡൽ

കുർട്ട് ഗോഡൽ

1906 ൽ ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കിന്റെ ഭാഗമായ ബ്രേൻ എന്ന സ്ഥലത്താണ് ഗോഡൽ ജനിച്ചത്. അദ്ദേഹം ജനിക്കുന്ന സമയത്ത് അത് ആസ്ട്രിയ- ഹംഗറിയുടെ ഭാഗം ആയിരുന്നു. എന്നാൽ ഒന്നാം ലോകയുദ്ധം കഴിഞ്ഞു ആസ്ട്രിയ- ഹംഗറി, ചെക്കോസ്ലോവാക്യയുടെ ഭാഗമായി. തുടർന്ന് 12 വയസ്സ് മുതൽ അദ്ദേഹം ഒരു ചെക്ക് പൗരൻ ആയി മാറി. കുട്ടിക്കാലത്ത് ‘മി. വൈ’ എന്നാണ്  വീട്ടുകാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. തുടർച്ചയായ സംശയം ചോദിക്കൽ തന്നെ അതിന് കാരണം. ബാല്യകാലത്ത് ബാധിച്ചിരുന്ന റൂമാറ്റിക് ഫീവർ മൂലമുള്ള അസ്വസ്ഥതകൾ ജീവിതകാലം മുഴുവൻ അദ്ദേഹത്തെ പിന്തുടർന്ന് പോന്നിരുന്നു. ബ്രണ്ണിൽ തന്നെ ഉള്ള ഒരു ലൂഥരൻ സ്കൂളിൽ പ്രാഥമിക വിദ്യാഭാസം. തുടർന്ന് 1924-ൽ യൂണിവേഴ്സിറ്റി ഓഫ് വിയന്നയിൽ ഉന്നത വിദ്യാഭാസം. അവിടെ വെച്ചാണ് ഗോഡലിന്റെ ജീവിതം മാറ്റിമറിച്ച നിരവധി കാര്യങ്ങൾ സംഭവിച്ചത്. ഗണിതത്തിൽ അഗ്രഗണ്യൻ ആയിരുന്നുവെങ്കിലും, തിയററ്റിക്കൽ ഫിസിക്സിൽ ആയിരുന്നു കൂടുതൽ താല്പര്യം പ്രകടിപ്പിച്ചത്. കാരണം  തിയററ്റിക്കൽ ഫിസിക്സിൽ വിപ്ലവകരമായ പല കണ്ടെത്തലുകളും, അതുമായി ബന്ധപ്പെട്ട മേഖലകളിൽ നിരവധി ഗവേഷണങ്ങളും നടക്കുന്ന സമയമായിരുന്നു അത്. ആപേക്ഷികതാ സിന്ധാന്തവും, ക്വാണ്ടം ബലതന്ത്രവും മറ്റും നിരവധി ശാസ്ത്ര ചർച്ചകളെ പരിപോഷിപ്പിച്ചിരുന്ന കാലം. പക്ഷേ മറ്റു ചില സാഹചര്യങ്ങൾ മൂലം അദ്ദേഹം ഗണിതവും, തത്വശാസ്ത്രവും മുന്നോട്ടു കൊണ്ട് പോകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. തത്വശാസ്ത്ര ചിന്തകളുടെ സ്വാധീനം ഗണിത ഗവേഷണത്തിൽ മുന്നോട്ടു കൊണ്ട് പോകണമെന്ന് അന്ന് ഉപദേശിച്ചവരിൽ പ്രമുഖർ അവിടെ ഉണ്ടായിരുന്ന മോറിറ്റ്സ് സ്ക്ലിക്ക്, ഹാൻസ് ഹാൻ എന്നീ ഗണിതജ്ഞർ ആയിരുന്നു. ഇമ്മാനുവൽ കാന്റിന്റെയും, ബെർട്രാൻഡ് റസ്സലിന്റെയും ചിന്തകളെ പിന്തുടർന്ന് മാത്തമാറ്റിക്കൽ റിയലിസം എന്നൊരു ആശയം ആയിരുന്നു അവർ മുന്നോട്ടു വെച്ചത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ മാത്തമാറ്റിക്കൽ ലോജിക് എന്നൊരു ചിന്ത. 1928 ൽ ഡേവിഡ് ഹിൽബർട്ട്, വിൽഹേം എക്കർമാൻ എന്നിവർ ചേർന്ന് പ്രിൻസിപ്പിൾസ് ഓഫ് മാത്തമാറ്റിക്കൽ ലോജിക് എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ അവർ ഫസ്റ്റ് ഓർഡർ ലോജിക്ക് എന്നൊരു ആശയം മുന്നോട്ടു വെച്ചു. ഇതിൽ ആകൃഷ്ടനായ ഗോഡൽ ഫസ്റ്റ് ഓർഡർ ലോജിക്ക് വികസിപ്പിച്ചു തന്റെ ഗവേഷണ പ്രബന്ധം ആക്കി മാറ്റി. 

എന്താണ് ഈ ഫസ്റ്റ് ഓർഡർ ലോജിക്ക്?

ഗണിതശാസ്ത്രത്തിലെ ഒരു തരം വിവരണാത്മകം ആയ ലോജിക് ആണിത്. സാധാരണഗതിയിൽ ഗണിതത്തിൽ ഉപയോഗിക്കുന്ന ആശയങ്ങൾ നാം സ്ഥിരമായി കാണാറുള്ള ചില ഫക്ഷനുകളും, ഓപ്പറേറ്ററുകളും, അതിന്റെ വിവിധതരം ഓപ്പറേഷനുകളും ആണ്. എന്നാൽ ഫസ്റ്റ് ഓർഡർ ലോജിക്ക് അതിനെ മറ്റൊരു രീതിയിൽ കാണുന്നു. ചിലതരം physical arguments. അത്തരത്തിൽ ഗോഡൽ നിർമ്മിച്ചെടുത്ത ഒരു ചിന്ത ആയിരുന്നു incompletness theorems. ഗോഡൽ ഇതു അവതരിപ്പിക്കുവാൻ വേണ്ടി കുറേ ഫോർമുലകൾ നിർമ്മിച്ചു. ആ ഫോർമുലകൾ തെളിയിക്കാൻ അന്ന് വരെ നിർമ്മിതമായ യാതൊരു ഗണിതക്രിയകളും മതിയാകുമായിരുന്നില്ല. അത് ഏതെങ്കിലും മാർഗ്ഗത്തിലൂടെ തെളിയിച്ചാൽ ആ തെളിവ് തെറ്റായിരിക്കും. അതായത്, സാമ്പ്രദായിക ഗണിത മാർഗ്ഗങ്ങൾ വഴി ഗോഡൽ ഇക്വേഷൻസ്, നിർദ്ധാരണം ചെയ്യാൻ സാധിക്കില്ല. അതിന് വേണ്ടി ഗോഡൽ ഒരു പുതിയ രീതി അവതരിപ്പിച്ചു. നിർദ്ധാരണം ചെയ്യേണ്ട ഫോർമുലയെ എൻകോഡ് ചെയ്യുക. അതിനായി ഗോഡൽ ആവിഷ്കരിച്ച രീതിയ്ക്ക് പറയുന്ന പേരാണ് ഗോഡൽ നമ്പറിംഗ്

1930കളിൽ ഗോഡലിന്റെ ചിന്തകൾ ലോകമെമ്പാടും പ്രശസ്തമായി. 1930ൽ തന്നെ അമേരിക്കയിലെ പ്രിൻസ്ടണിലെ പ്രശസ്തമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ (IAS) പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ആയി ഗോഡൽ ചേർന്നു. ഗോഡലും സുഹൃത്തുക്കളും വിയന്നയിലും, അമേരിക്കയിലും ആയി  ഇങ്ങനെ ഗണിതത്തിലെ നിരവധി ആശയങ്ങളിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുമ്പോൾ, പുറത്തെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുകയായിരുന്നു. 1933-ൽ അമേരിക്കയിൽ നിന്നും തിരിച്ചു വരുമ്പോൾ നാസി ആശയങ്ങളാൽ ആകൃഷ്ടരായ ഒരു വലിയ വിഭാഗം ജനങ്ങളെ ആസ്ട്രിയയിൽ എമ്പാടും ഗോഡൽ കണ്ടുമുട്ടി. യൂണിവേഴ്സിറ്റി ഓഫ് വിയന്നയിലെ അക്കാദമിക് ലോകം ഉൾപ്പെടെ നാസി അഭിനിവേശം കാണിച്ച് തുടങ്ങിയ നാളുകൾ. അതിന് കാരണം ഉണ്ടായിരുന്നു. ലോകചിന്താഗതിയെ മാറ്റിമറിക്കും എന്നും പ്രഖ്യാപിച്ചു തൊട്ടടുത്ത രാജ്യമായ ജർമ്മനിയിൽ ഹിറ്റ്ലർ അപ്പോൾ അധികാരത്തിൽ എത്തിയിരുന്നു. ഗോഡലും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അവരുടെ അക്കാദമിക് ലോകത്തിലേയ്ക്ക് നൂണ്ടു കയറിയ ഈ വിഷത്തിനെതിരെ പ്രതികരിക്കേണ്ട സമയത്തൊക്കെ പ്രതികരിച്ചു. ‘വിയന്ന സർക്കിൾ’ എന്ന് അറിയപ്പെട്ട അത് അങ്ങിനെ മുന്നേറവെ 1936-ൽ ഗോഡലിനെ വിഷാദരോഗത്തിലേയ്ക്കും അതു കഴിഞ്ഞ് സംശയരോഗി എന്ന അവസ്ഥയിലേക്കും എത്തിച്ച ഒരു സംഭവം ഉണ്ടായി. ‘വിയന്ന സർക്കിളിലെ’ മോറിറ്റ്സ് ക്ലിക്കിനെ, നാസി ആശയങ്ങളിൽ ആകൃഷ്ടനായിരുന്ന അദ്ദേഹത്തിന്റെ തന്നെ ഒരു വിദ്യാർത്ഥി ഭക്ഷണത്തിൽ വിഷം കലർത്തി കൊന്നുകളഞ്ഞു. ആ സംഭവത്തിന് ശേഷം, കുറേക്കാലം ഗോഡൽ മാനസികരോഗ ചികിത്സയ്ക്ക് വിധേയനായി. അദ്ദേഹത്തിന്റെ ഭാര്യ അദേലെ കൊടുക്കുന്ന ഭക്ഷണം മാത്രമേ അദ്ദേഹം കഴിച്ചിരുന്നുള്ളൂ. ഭക്ഷണം കഴിക്കുന്നതിൽ തുടർന്ന് അദ്ദേഹം വൈമനസ്യം കാണിച്ചു തുടങ്ങി. പോഷകാഹാരക്കുറവ് മൂലമുള്ള അസുഖങ്ങൾ കൂടി പിന്നീടുള്ള ജീവിതകാലത്ത് അദ്ദേഹത്തിനെ പിന്തുടർന്നു. 

ന്യൂക്ലിയർ ഫിഷനും ആറ്റം ബോംബും

മാത്തമാറ്റിക്കൽ ലോജിക്കിൽ ഗവേഷണം നടത്തുവാൻ ഗോഡലിനെ സഹായിച്ച ആൾ ആയിരുന്നു ഹാൻസ് തിരിങ്. പിന്നീട് ഗോഡലിന്റെ ഗവേഷണ മാർഗ്ഗദർശി ആയി അദ്ദേഹം മാറി. ഗോഡൽ തിരിങ്ങിനെ പരിചയപ്പെടുന്ന കാലഘട്ടത്തിൽ അദ്ദേഹം ലോക പ്രശസ്തനായ ഒരു ഭൗതിക ശാസ്ത്രജ്ഞൻ ആയിരുന്നു. ആപേക്ഷികതാ സിദ്ധാന്തത്തിലെ Lense-Thirring പ്രതിഭാസം കണ്ടെത്തിയ ആൾ. ആ ആശയം അദ്ദേഹത്തിനെ ആസ്ട്രിയൻ അക്കാദമി ഓഫ് സയൻസസിന്റെ പരമോന്നത ബഹുമതിയായ Haitinger പ്രൈസ് നേടിക്കൊടുക്കുന്നതിൽ വരെ എത്തിച്ചു.  അതു മാത്രമായിരുന്നില്ല തിരിങ്ങിന്റെ താൽപര്യ മേഖല. പാരാസൈക്കോളജി മുതൽ ക്വാണ്ടം സിന്ധാന്തം വരെ തിരിങ്ങിന്റെ ചിന്താലോകം പടർന്നുകിടന്നു. അത് ഗോഡലിനും പകർന്ന് കിട്ടി. അദ്ദേഹത്തിന്റെ അക്കാലത്തെ ചില നോട്ടുബുക്കുകൾ അതിനെ ശരി വയ്ക്കുന്നുണ്ട്. അക്കാദമിക ലോകത്ത് മാത്രം ഒതുങ്ങി ജീവിക്കുന്ന ആളായിരുന്നില്ല തിരിങ്. ശക്തമായ രാഷ്ട്രീയ നിലപാടുകൾ ഉള്ള ആൾ. അത് എവിടെയും വ്യക്തമാക്കുവാൻ അദ്ദേഹം മടിച്ചിരുന്നില്ല. 1933 മുതലുള്ള കാലഘട്ടങ്ങളിൽ ആസ്ട്രിയയിൽ പടർന്നു പിടിച്ചിരുന്ന നാസി ആശയങ്ങളോട് അദ്ദേഹത്തിന് ശക്തമായ എതിർപ്പുണ്ടായിരുന്നു. അത് മൂലം പിന്നീട്, 1938-ൽ നിർബന്ധിത വിരമിക്കലിന് വഴങ്ങേണ്ടി വന്നു. 1939-ൽ രണ്ടാം ലോകയുദ്ധം ആരംഭിച്ചു. ലോകം മുഴുവൻ കീഴടക്കാമെന്നുള്ള അഹങ്കാരത്തോടെ നാസികൾ വിവിധ രാജ്യങ്ങളെ ഒന്നൊന്നായി കീഴ്പെടുത്താൻ തുടങ്ങി. അതിനുമുമ്പ് തന്നെ തുടങ്ങിയിരുന്ന കോൺസ്ട്രേഷൻ ക്യാമ്പുകൾ ജൂതർ, കമ്മ്യൂണിസ്റ്റുകൾ എന്നൊക്കെ മുദ്ര കുത്തി മനുഷ്യനെ കൊന്നൊടുക്കിക്കൊണ്ടിരുന്ന കാലം. ജർമ്മനി ഉപേക്ഷിച്ചു നിരവധി ശാസ്ത്രജ്ഞർ മറ്റു രാജ്യങ്ങളിലേയ്ക്ക് പലായനം ചെയ്തുകൊണ്ടിരുന്നു. ജൂതരായ ശാസ്ത്രകാരൻമാർ ആയിരുന്നു ആദ്യം അവിടെ നിന്നും നാടുവിട്ടത്. അവരൊക്കെ അവിടെ നിന്നും പോയെങ്കിലും, നാസികളോടു ആഭിമുഖ്യം ഉള്ളവരും, ഇല്ലാത്തവരും ആയ കുറെ ശാസ്ത്രകാരന്മാർ ജർമ്മനിയിൽ ഉണ്ടായിരുന്നു. അവരിൽ നിന്നും ചോർന്നു കിട്ടിയ ഒരു വാർത്ത അക്കാലത്ത് തിരിങ്ങിനെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. 

ലിസ് മെയ്റ്റ്നർ (Lise Meitner)

ഗോഡൽ ജനിക്കുന്നതിനും 22 വർഷങ്ങൾക്ക് മുൻപു ജനിച്ച, ലിസ് മെയ്റ്റ്നർ എന്ന ശാസ്ത്രജ്ഞയുടെ, ശാസ്ത്രം മാറ്റിമറിച്ച ഒരു കണ്ടെത്തലിന്റെ അപാര സാദ്ധ്യതകൾ ആയിരുന്നു സത്യത്തിൽ  തിരിങ്ങിനെ അസ്വസ്ഥനാക്കിയത്. ഗോഡൽ ജനിച്ച വർഷം യൂണിവേഴ്സിറ്റി ഓഫ് വിയന്നയിൽ നിന്ന് തന്നെ ഡോക്ടറേറ്റ് നേടിയ അവർ അസാധാരണ ധിഷണയുള്ള ആളായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് വിയന്നയിലെ സ്ത്രീ ഡോക്ടറേറ്റുകളിൽ രണ്ടാമത്തെയാൾ! അക്കാലത്ത് ഉന്നത വിദ്യാഭാസം നേടിയ സ്ത്രീകൾക്ക്, അവർ അർഹിച്ചത് പോലുള്ള ജോലിസാദ്ധ്യതകൾ വിയന്നയിൽ ഇല്ലാതിരുന്നത് കൊണ്ട് 1907ൽ മെയ്റ്റ്നർ ജർമനിയിലേക്ക് കുടിയേറി. അവിടെ വെച്ച് ഓട്ടോ ഹാൻ എന്ന പ്രശസ്ത ശാസ്ത്രജ്ഞനെ അവർ പരിചയപ്പെട്ടു. 1912 ൽ ജർമ്മനിയിൽ സ്ഥാപിക്കപ്പെട്ട Kaiser Wilhem Institute for Chemistry (KWI) എന്ന സ്ഥാപനത്തിൽ അവർ ജോലി ചെയ്തു. തുടർന്ന് അവിടെ ഏകദേശം രണ്ട് വർഷം ആയപ്പോൾ ഒന്നാം ലോകയുദ്ധം തുടങ്ങി. അക്കാലത്ത് അവർ യുദ്ധമുന്നണിയിൽ കുറേക്കാലം എക്സ്-റേ നഴ്സ് ആയി ജോലി ചെയ്തു. യുദ്ധത്തിന് ശേഷം KWI-യുടെ ഫിസിക്സ് വിഭാഗത്തിന്റെ ഹെഡ് ആയി പ്രവർത്തിച്ചു. അക്കാലത്ത് ഓട്ടോ ഹാനും, മെയ്റ്റ്നറും കൂടി യുറേനിയത്തിന്റെ ഫിഷൻ റിയാക്ഷൻ എങ്ങനെ ആണ് നടക്കുന്നത് എന്നതിലാണ് ഗവേഷണം ചെയ്ത് കൊണ്ടിരുന്നത്. അവരിരുവരും കൂടി തുടർന്നുള്ള വർഷങ്ങളിൽ നിരവധി ഐസോടോപ്പുകൾ കണ്ടെത്തി.  ഫിസിക്സിലെ മെയ്റ്റ്നറിന്റെ അറിവും, കെമിസ്ട്രിയിലെ ഹാനിന്റെ ജ്ഞാനവും ശരിക്കും അവരെ പുതിയ മൂലകങ്ങളും, ഐസോടോപ്പുകളും കണ്ടെത്തുന്നതിൽ സഹായിച്ചു. അതിനിടയിൽ അവർക്ക് ഒരു സുഹൃത്തിനെ കൂടി ഈ പരീക്ഷണങ്ങൾ നടത്താൻ ലഭിച്ചു-ഫ്രെഡറിക് വിൽഹം സ്ട്രാസ്മാൻ. നാസി ആശയങ്ങളോടു അനുഭാവം പ്രകടിപ്പിക്കാഞ്ഞതിനാൽ  തനിക്ക് ലഭിച്ച ജോലികൾ പലതും ഉപേക്ഷിക്കേണ്ടി വന്ന ആൾ ആയിരുന്നു സ്ട്രാസ്മാൻ. പകുതി ശമ്പളത്തിന് ജോലി ചെയ്യാം എന്ന കരാറിൽ സ്ട്രാസ്മാൻ അവരോടൊപ്പം കൂടി.

ജെയിംസ് ചാഡ്വിക്ക് (James Chadwick)

അതിനിടയിൽ 1932-ൽ പല നിരീക്ഷണങ്ങൾക്കൊടുവിൽ ജെയിംസ് ചാഡ്വിക്ക് ന്യൂട്രോൺ എന്ന കണത്തിനെ കണ്ടെത്തി. ഇത് ചാർജ്ജ് ഇല്ലാത്ത ഒരു കണം ആയതിനാൽ ഏതു ആറ്റത്തിനെയും ഇതു കൊണ്ടു ഇടിപ്പിക്കാം എന്ന് ചാഡ്വിക്ക് അഭിപ്രായപ്പെട്ടു. ഈ ആശയം എന്റിക്കോ ഫെർമി എന്ന ശാസ്ത്രജ്ഞനെ അത്തരം ചില പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനു സഹായിച്ചു. പരീക്ഷണങ്ങൾക്കായി അവർ ഉപയോഗിച്ചത് യൂറേനിയം എന്ന ആറ്റം ആയിരുന്നു. യൂറേനിയത്തിൽ ഫെർമിയും കൂട്ടരും, ന്യൂട്രോൺ ഇടിപ്പിച്ചു. അപ്പോൾ കണ്ടത് വ്യത്യസ്തമായ അർദ്ധായുസ്സുകൾ  ഉള്ള വസ്തുക്കൾ ആയിരുന്നു. ന്യൂക്ലിയർ ഫിസിക്സിൽ, ‘അർദ്ധായുസ്സ്’ എന്ന് പറഞ്ഞാൽ അത് ന്യൂക്ലിയസ്സു നിലനിൽക്കുന്ന സമയത്തെ സൂചിപ്പിക്കുന്നു. ഉദാഹരണത്തിനു ഒരു ന്യൂക്ലിയസിന്റെ അർദ്ധായുസ്സ് 100 മിനുട്ട്സ് എന്ന് പറഞ്ഞാൽ, അത് പുറത്തേയ്ക്ക് പലതരം വികിരണങ്ങൾ ഉത്സർജിച്ചുകൊണ്ട് ആദ്യം  ഉണ്ടായിരുന്ന ഭാരത്തിന്റെ പകുതി ആയി മാറാൻ എടുത്ത സമയം ആണ്. ഓരോ ന്യൂക്ലിയസ്സിന്റെയും അർദ്ധായുസ്സ് അതിന്റെ ഫിംഗർ പ്രിന്റ് ആണെന്ന് കാണാം. അതായത്, ഒരു ന്യൂക്ലിയസിന്റെ അർദ്ധായുസ്സ് മറ്റൊന്നിന് ഉണ്ടാവില്ല. അങ്ങനെ നോക്കുമ്പോൾ അർദ്ധായുസ്സ് കൃത്യമായി മനസ്സിലാക്കിയാൽ അത് ഏതു ന്യൂക്ലിയസ് ആണ് എന്ന് മനസ്സിലാക്കാം. ഫെർമിയും കൂട്ടരും ന്യൂട്രോണുകളെ യുറേനിയം ന്യൂക്ലിയസ്സിൽ ഇടിപ്പിച്ചപ്പോൾ, ഇതിൽ നിന്നും മറ്റു പലതരം അർദ്ധായുസ്സുകൾ ഉള്ള ന്യൂക്ലിയസ്സുകൾ ഉണ്ടാകുന്നത് കണ്ടു. അതിനെ കൃത്യമായി വിശദീകരിക്കാൻ ആ ഇറ്റാലിയൻ ശാസ്ത്രഗ്രൂപ്പിന് സാധിച്ചില്ല. ഹാനും, മെയ്റ്റ്നറും ഇതു ആവർത്തിച്ചു നോക്കി. അവരും ഈ ഫലങ്ങൾ തന്നെ കണ്ടു. പല രീതിയിൽ ഇത് ചെയ്തുനോക്കി. നിരവധി പുതിയ അർദ്ധായുസ്സുകൾ. അവരും ഇതിന്റെ പിന്നിലെ ശാസ്ത്രം വിശദീകരിക്കാൻ പലവുരു ശ്രമിച്ചു. അതിനിടയിൽ അധികമൊന്നും അറിയപ്പെടാതെ ഒരു ഗവേഷണ പ്രബന്ധം ഇതിനെക്കുറിച്ചു പ്രസിദ്ധീകരിച്ചിരുന്നു. ഐഡ നോഡാക്ക് എന്നൊരു ശാസ്ത്രജ്ഞ ആയിരുന്നു അതിന് പിന്നിൽ. ഈ ന്യൂട്രോൺ ഇടിയിൽ ഉണ്ടാകുന്നതു പുതിയ ചില ഭാരം കുറഞ്ഞ ന്യൂക്ലിയസ്സുകൾ ആവാം എന്നായിരുന്നു അവരുടെ കണ്ടെത്തൽ. എന്നാൽ അതിന്റെ കൂടുതൽ കാര്യങ്ങളിലേയ്ക്ക് പോകുവാൻ അവർ പോലും അക്കാലത്ത് ശ്രമിച്ചില്ല.

ഐഡ നോഡാക്ക് (Ida Noddack)

ഇറ്റലിക്കാരും, ജർമൻകാരും, റേഡിയത്തിന്റെ ഐസോട്ടോപ്പുകൾ എന്ന പ്രഹേളികയിൽ കിടന്നു വലഞ്ഞു.  നാസികളുടെ അധിനിവേശം അതിന്റെ പാരമ്യത്തിൽ എത്തിയ 1938-ൽ മെയ്റ്റ്നർക്ക് ജർമ്മനിയിൽ നിന്നും ഓടിപ്പോകേണ്ട അവസ്ഥ വന്നു. അവരൊരു ജൂതവംശജ ആയിരുന്നു. അങ്ങനെ അവർക്ക് സ്വീഡനിലേയ്ക്ക് പലായനം ചെയ്യേണ്ടി വന്നു. തുടർന്ന് സ്വീഡിഷ് പൗരത്വം അവർ നേടി. നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സിൽ അവർ പിന്നീട് ജോലി ചെയ്തു. ജർമ്മനിയിൽ തുടർന്ന ഹാനും സ്ട്രസ്മാനും പരീക്ഷണങ്ങൾ തുടർന്നുകൊണ്ടിരുന്നു. അവസാനം അവർ യുറേനിയത്തിൽ നിന്നും ന്യൂട്രോൺ ഇടിക്കൽ മൂലം ഉണ്ടാകുന്ന വസ്തു ബേരിയം എന്ന മൂലകം ആണെന്ന് കണ്ടെത്തി. അവർ അപ്പോൾ തന്നെ മെയ്റ്റ്നർക്ക് ഈ വിവരം അറിയിച്ചു കൊണ്ട് കേബിൾ ചെയ്തു. അവർ ആദ്യം അത് വിശ്വസിച്ചില്ല. ആ കെമിസ്റ്റുകൾക്ക് എന്തോ അബദ്ധം പറ്റിയതാണ് എന്നവർ കരുതി. കുറച്ച് കൂടി ശ്രദ്ധിച്ചു അതിൽ ഗവേഷണം ചെയ്യാൻ അവർ ആവശ്യപ്പെട്ടു. ആഴ്ചകൾക്ക് ശേഷം ജർമ്മനിയിൽ നിന്നും പുതിയൊരു കേബിൾ സന്ദേശം മെറ്റ്നർക്ക് ലഭിച്ചു. അതിങ്ങനെ ആയിരുന്നു;

‘നിരന്തരമായ ശ്രമങ്ങൾക്ക് ശേഷം ഈ പരീക്ഷണങ്ങൾ കെമിസ്റ്റുകളായ ഞങ്ങളോടു പറയുന്നത്, ആ ഇടിയിലൂടെ സൃഷ്ടിക്കപ്പെട്ടത് റേഡിയം ഐസോട്ടോപ്പുകളല്ല. പകരം, അതു ബേരിയം തന്നെ ആണ്’.

ഇതിനെ കൂടുതൽ വിശദമാക്കി ഓട്ടോ ഹാൻ ഒരു ലെറ്റർ പിന്നീട് എഴുതി. 1938-ലെ ക്രിസ്തുമസ് കാലത്ത് മെയ്റ്റ്നറിന്റെ സഹോദരിയുടെ മകൻ ഓട്ടോ ഫ്രിഷ് അവരെ ആ കത്തുമായി സന്ദർശിക്കാനെത്തി.  ഓട്ടോ ഫ്രിഷ് ഒരു മിടുക്കനായ ഭൗതിക ശാസ്ത്രജ്ഞൻ ആയിരുന്നു. ആ ക്രിസ്തുമസ് കാല സായാഹ്ന നടത്തത്തിൽ നിരന്തരം അവരെ തിരക്കി ആ പ്രശ്നം വന്ന് കൊണ്ടിരുന്നു. അങ്ങനെ സംഭവിക്കാൻ സാധ്യത ഉള്ള പല കണക്ക്കൂട്ടലുകൾ. ഡിസംബർ മാസത്തിൽ പൊഴിഞ്ഞു വീഴുന്ന മഞ്ഞുതുള്ളികളെ ഉപമയാക്കി അവർ ഒരു ആശയത്തിൽ അവസാനം എത്തിച്ചേർന്നു. അതാണ് പിന്നീട് പ്രശസ്തമായ ലിക്വിഡ് ഡ്രോപ്പ് മോഡൽ. ന്യൂട്രോൺ വന്നിടിക്കുമ്പോൾ യുറേനിയം നൂക്ലിയസ് വലിഞ്ഞു നീളുന്നു. വെള്ളത്തുള്ളികൾ പോലെ. പിന്നെ അത് പൊട്ടി രണ്ടായി വേർപിരിയുന്നു. പുതിയ രണ്ട് ന്യൂക്ലിയസ്സുകൾ. ഇങ്ങനെ വേർപിരിയുമ്പോൾ യഥാർത്ഥത്തിൽ ഒരു ഫ്ലാഷ് ഉണ്ടാവുന്നുണ്ട്. ഒരു ഊർജ്ജ നിർഗ്ഗമനം. ആ ഊർജ്ജം എത്ര ആണ് എന്ന് ഹാനും, സ്ട്രസ്മാനും കണ്ടെത്തിയിരുന്നു. 200 മെഗാ ഇലക്ട്രോൺ വോൾട്ട്. അതെവിടെ നിന്നു വരുന്നു? അതിനവർ പുതുതായി രൂപം കൊള്ളുന്ന ന്യൂക്ലിയസുകളുടെ ഭാരം നിർണയിക്കാൻ ശ്രമിച്ചു. ഇതിൽ വിജയിച്ചു. അങ്ങനെ രൂപം കൊള്ളുന്ന ന്യൂക്ലിയസുകളുടെ മൊത്തം ഭാരം അത് ഉണ്ടാകാൻ കാരണമായ യുറേനിയം ന്യൂക്ലിയസ്സിന്റെ ഭാരത്തേക്കാൾ കുറവാണ് എന്ന് കണ്ടു. അതായതു, ആ ഭാരം ആയിരിക്കും പുറത്തേക്ക് പോകുന്ന ഊർജ്ജം ആയി മാറുന്നത്. ഭാരം എത്രത്തോളം ഊർജ്ജം ആയി മാറുന്നു എന്ന് കാണുവാൻ ഒരു പ്രശസ്തമായ സമവാക്യം ഉണ്ട്. E=mc^2. ഇവിടെ m എന്നതു മാസും, c എന്നതു പ്രകാശവേഗവും ആകുന്നു. ഇതിലേക്ക് നഷ്ടപ്പെട്ട ഭാരം കൊടുക്കുമ്പോൾ, ന്യൂട്രോൺ കൂട്ടിയിടിയിൽ നിന്നും ലഭിച്ച ഊർജ്ജം ലഭിക്കുന്നു. ഇവിടെ അത് കൃത്യം 200 മെഗാഇലക്ട്രോൺ വോൾട്ട് തന്നെ ആയിരുന്നു. 1939 ജനുവരി മാസത്തിൽ അവർ ഈ ഗണിതക്രീയകൾ നടത്തിയ വിശദാംശങ്ങൾ നേച്ചർ ജേർണലിലേയ്ക്ക് അയച്ചു. കോശവിഭജനത്തിനെ സൂചിപ്പിക്കുവാൻ ബയോളജിസ്റ്റുക്കൾ ഉപയോഗിച്ചിരുന്ന ‘ബൈനറി ഫിഷൻ’ എന്ന വാക്കിനെ കടമെടുത്തുകൊണ്ട് അവർ ഈ പ്രതിഭാസത്തിനു ‘ന്യൂക്ലിയാർ ഫിഷൻ’ എന്ന് പേരിട്ടു.

മെറ്റ്നറും, ഫ്രീസും ചേർന്നു ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചുടനെ തന്നെ, ഇതിന്റെ പരീക്ഷ്ണ വിവരങ്ങൾ ഹാനും, സ്ട്രസ്മാനും ചേർന്ന് പ്രസിദ്ധീകരിച്ചു. അങ്ങനെ ന്യൂക്ലിയർ ഫിഷൻ എന്ന ചിന്ത ലോകമെമ്പാടും ചർച്ചയായി. ഫിഷൻ പ്രതിഭാസത്തിലൂടെ പുറത്ത് വിടുന്ന ഊർജ്ജം അതു വരെ മനുഷ്യൻ കണ്ടെത്തിയ മുഴുവൻ ഊർജ്ജ സ്രോതസിനേക്കാളും വലുതാണ് എന്ന് ശാസ്ത്രം മനസ്സിലാക്കി. ശാസ്ത്രം മാത്രമല്ല. പല ലോകരാഷ്ട്രങ്ങളും. അത് തന്നെ ആയിരുന്നു തിരിങ്ങിന്റെ ഏറ്റവും വലിയ പേടി. ഈ ഊർജ്ജ സ്രോതസ്സിന്റെ അറിവ് ഉപയോഗിച്ച് ഒരു പുതിയ തരം ബോംബ് നിർമ്മിക്കാം. അതാണ് അറ്റം ബോംബ്. അതിന്റെ കൃത്യമായ അറിവ് ഇപ്പോൾ കൈവശമുള്ളത് നാസിജർമനിയുടെ കയ്യിൽ ആണ്. 

യൂറേനിയം ക്ലബ്ബ്

ഒരു പക്ഷേ ഈ അറിവുകൾ ഉപയോഗിച്ച് ആദ്യം ആറ്റം ബോംബുണ്ടാക്കാൻ സാധ്യത ഉള്ള രാജ്യം ജർമ്മനി ആണെന്ന് തിരിങ്ങിനു തോന്നി. അതിനെ അരക്കിട്ടുറപ്പിക്കുന്ന ഒരു സംഭവം കൂടി ആ സമയത്ത് നടന്നു. ന്യൂക്ലിയർ ഫിഷനെ കുറിച്ചുള്ള ലേഖനങ്ങൾ വായിച്ചു കഴിഞ്ഞപ്പോൾ ഹാംബർഗ് യൂണിവേഴ്സിറ്റിയിലെ ഫിസിക്കൽ കെമിസ്റ്റുകളായ പോൾ ഹാർടെക്കിനും, വിൽഹേം ഗ്രോത്തിനും ഇതു വെച്ച് പലതും സാധിക്കുമെന്ന് മനസ്സിലായി. അവരിരുവരും ചേർന്നു അന്നത്തെ ജർമ്മൻ ആർമി ഓർഡിനൻസിന്റെ തലവനായ എറിക് ഷൂമാന് ഒരു കത്തെഴുതി. ഇന്ന് ഉപയോഗിക്കുന്ന ഏതു എക്സ്പ്ലോസീവിനെക്കാളും പല മടങ്ങ് ശക്തിയുള്ള ഒരു ആയുധം ന്യൂക്ലിയർ ഫിഷൻ വഴി സൃഷ്ടിക്കാമെന്നും, അത് ആദ്യം ഉപയോഗിക്കുന്ന രാജ്യം, അസാമാന്യ മേധാവിത്തം അപ്പോൾ നടക്കുന്ന യുദ്ധത്തിൽ നേടുമെന്നുമായിരുന്നു ആ ലേഖനത്തിന്റെ പ്രധാന ഉള്ളടക്കം. അത്തരത്തിൽ ഉള്ള ഒരു പ്രോജക്ട് വഴി ജർമ്മൻ ഗവൺമെന്റിൽ നിന്നും എന്തെങ്കിലും ഫണ്ട് ഒപ്പിച്ചെടുക്കാം എന്നതായിരുന്നു ഹാർടെക്കിന്റെയും, ഗ്രോത്തിന്റെയും ചിന്ത. പരമ്പരാഗത, അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ഒന്നും ജർമൻ ഗവൺമെന്റ് ഫണ്ട് കൊടുക്കാറില്ലായിരുന്നു. അത് കൊണ്ട് തന്നെ എല്ലാ ശാസ്ത്രസ്ഥാപനങ്ങളിലും അടിസ്ഥാന ശാസ്ത്ര ഗവേഷണം മുന്നോട്ടു കൊണ്ട് പോകുന്നതിന് പ്രയാസം നേരിട്ടിരുന്നു. അതായിരുന്നു, ഇത്തരം ഒരു സാഹസത്തിനു അവരെ പ്രേരിപ്പിച്ച ഘടകം. ആ കത്തുകൊണ്ടൊന്നും ഹാർടെക്കിന് ഫണ്ട് കിട്ടിയില്ല. ആ ആശയം ഒരു പ്രൈവറ്റ് കമ്പനിയുടെ മുൻപിൽ വച്ചപ്പോൾ ഒരു 500 യു.എസ്. ഡോളർ ലഭിച്ചു. അത് കൊണ്ട് മതിയാവില്ല. തന്മൂലം രണ്ടാമതൊരു കത്ത് കൂടി ഹർട്ടേക്കും ഗ്രോത്തും കൂടി ഷൂമാന്റെ പേരിലേക്ക് എഴുതി. ഇപ്രാവശ്യം അതിനെ ഷൂമാൻ ഗൗരവമായി പരിഗണിച്ചു. ഷുമാന്റെ പ്രിൻസിപ്പൽ ശാസ്ത്രജ്ഞൻ ആയിരുന്ന കർട്ട് ഡെബിനറിന്റെ അടുത്തു ഈ കത്തും അതിന്റെ വിവരങ്ങളും അറിയിച്ചു. ന്യൂക്ലിയർ ഫിസിക്സിലും, സ്ഫോടക വസ്തുക്കളിലും താല്പര്യം ഉണ്ടായിരുന്ന ഡെബിനർ, ഈ വിവരം എറിക് ബാഗ്ഗെ എന്ന ഫിസിസ്റ്റിനോട് ചർച്ച ചെയ്തു. അദ്ദേഹം വഴി അത് വെർണർ ഹെയ്സൻബെർഗിലേയ്ക്കെത്തി. 

ഹാൻസ് തിരിങ് (Hans Thirring)

അതേ സമയം തന്നെ ജർമ്മൻ സാംസ്കാരിക വകുപ്പിന്റെ കീഴിൽ ഉണ്ടായിരുന്ന Reich Research Council (RRC) എന്ന സ്ഥാപനം, ന്യൂക്ലിയർ ഫിഷന്റെ സാധ്യതകളെ കുറിച്ച് ഗോട്ടിങ്ങാം യൂണിവേഴ്സിറ്റി പ്രൊഫസർ ആയിരുന്ന ജോർജ് ജൂസിനോട് ചർച്ചകളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. തുടർന്ന്, സമാനമനസ്കരെയും, ശാസ്ത്രകാരന്മാരെയും ഉൾപ്പെടുത്തി, ന്യൂക്ലിയർ ഫിഷന്റെ സാധ്യതകൾ അന്വേഷിക്കുവാൻ അവർ പുതിയ കൂട്ടായ്മ്മ തുടങ്ങി. ‘uranverein’ എന്ന് ജർമ്മൻ ഭാഷയിൽ അറിയപ്പെട്ട അതിനെ യൂറേനിയം ക്ലബ്ബ് എന്ന് പൊതുവേ പറഞ്ഞിരുന്നു. ക്രമേണ ഇതിന്റെ ചുമതലകൾ സാംസ്കാരിക വകുപ്പിൽ നിന്നും ജർമ്മൻ സേന ഏറ്റെടുത്തു. ഇതിലേയ്ക്ക്, ഫിഷൻ പ്രോഗ്രാം നടത്തുവാൻ പര്യാപ്തർ എന്ന് തോന്നിയ പലരെയും അവർ തിരഞ്ഞെടുത്തു. ഓട്ടോ ഹാൻ, റേഡിയോ ആക്റ്റിവിറ്റിയുടെ തീവ്രത അളക്കാനുള്ള ഗീഗർ കൗണ്ടർ കണ്ടെത്തിയ ഹാൻസ് ഗീഗർ, സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞൻ കാൾ ഫ്രെഡറിക് വോൺ വെസക്കർ, ന്യൂക്ലിയർ ഭൗതികശാസ്ത്രജ്ഞൻ വാൾട്ടർ ബോത്തെ എന്നിവർ കൂടി ഇതിലേയ്ക്ക് എത്തിച്ചേർന്നു. ‘ചെറിയ ഒരു സാധ്യതയെങ്കിലും ഉണ്ടെങ്കിൽ അത് നമ്മൾ നടപ്പാക്കിയിരിക്കും’ എന്ന ഗീഗറിന്റെ ആത്മവിശ്വാസം കലർന്ന വാക്കുകളോടെ യുറേനിയം ക്ലബ്ബ് ആക്ടീവായി. ഇതൊക്കെ നടക്കുന്നത് അങ്ങ് ദൂരെ അമേരിക്കയിലെ ലോസ് അലാമോസ് ലബോറട്ടറിയിൽ ആദ്യത്തെ ന്യൂക്ലിയർ ബോംബ് നിർമ്മിക്കപ്പെടുന്നതിനും മൂന്നര വർഷം മുൻപായിരുന്നു.

ഒരു ചാരൻ ജനിക്കുന്നു

ഇതൊക്കെയും കൃത്യമായി മനസ്സിലാക്കിയ തിരിങ്, ജർമ്മനി ഒരു അണുബോംബ് ഉടനെ തന്നെ നിർമ്മിക്കും എന്ന് മനസ്സിലാക്കി. അതിന് വിരുദ്ധമായ പല ചിന്തകളും പിന്നീട് ഉണ്ടായെങ്കിൽ പോലും. ഇതിനെ തടയിടാൻ തിരിങ്ങിന്റെ കാഴ്ചപ്പാടിൽ അന്ന് സാധിക്കുക അമേരിക്കയ്ക്ക് മാത്രം ആണ്. അത് കൊണ്ട് തന്നെ ഈ വിവരം എങ്ങനെ എങ്കിലും അവിടെ എത്തിക്കണം എന്ന് തിരിങ് ചിന്തിച്ചു. അതെങ്ങനെ സാധിക്കും? അന്നത്തെ അമേരിക്കൻ പ്രസിഡന്റ് റൂസ്വെൽറ്റിനെ സ്വാധീനിക്കാൻ കഴിയുന്ന ആർക്കെങ്കിലും മാത്രമേ അത് കഴിയുള്ളൂ. അത്തരത്തിൽ ഉള്ള ഒരാളെ മാത്രമേ അന്ന് അമേരിക്കയിൽ തിരിങ്ങിനു അറിയുമായിരുന്നുള്ളൂ. അത് ആൽെബർട്ട് ഐൻസ്റ്റൈൻ ആയിരുന്നു. എങ്ങനെ എങ്കിലും ഐൻസ്റ്റീന്റെ അടുത്ത് ഈ വിവരം എത്തിക്കണം. അതായി പിന്നെ തിരിങ്ങിന്റെ ചിന്ത. അന്ന് നാസി ജർമ്മനിയിൽ നിന്നും പുറം രാജ്യങ്ങളിലേക്ക് പോകുന്ന മുഴുവൻ സന്ദേശങ്ങളും നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന കാലം ആയിരുന്നു. 1933-കൾ മുതൽ ഐൻസ്റ്റൈനുമായി നിത്യ സൗഹൃദത്തിൽ ഉള്ള, തിരിങ്ങിന്റെ ശിഷ്യൻ കുർട്ട് ഗോഡൽ ഉടനെ തന്നെ അമേരിക്കയിലേക്ക് പോകുന്നു എന്ന് അദ്ദേഹം മനസ്സിലാക്കി. ഉടനെ തന്നെ തിരിങ് ഗോഡലിനെ കണ്ടു. എന്നിട്ട് ആ രഹസ്യസന്ദേശം ഐൻസ്റ്റൈനെ അറിയിക്കാൻ വേണ്ടി പറഞ്ഞു.

മുൻപെപ്പോഴേത്തെയും പോലെ അപ്രാവശ്യം, ഗോഡലിന് അത്ര എളുപ്പത്തിൽ അമേരിക്കയ്ക്ക് പോകുവാൻ സാധിക്കില്ലായിരുന്നു. കുറെ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. രണ്ടാം ലോകയുദ്ധം ആരംഭിച്ചു. ജർമ്മനി അതിനിടയിൽ ആസ്ട്രിയയെ കീഴ്പ്പെടുത്തിയിരുന്നത് കൊണ്ട് മുഴുവൻ ആസ്ട്രിയൻ പൗരന്മാർക്കും, ജർമ്മൻ പൗരത്വം ലഭിച്ചു. അത് കൊണ്ട് ഗോഡലിന് പുതിയ പാസ്പോർട്ട് ലഭിച്ചു. അമേരിക്കയിൽ മൾട്ടിപ്പിൾ റിഎൻട്രി നടത്താൻ വേണ്ടി വിസ ഉണ്ടായിരുന്ന ഓസ്ട്രിയൻ പാസ്പോർട്ട് അങ്ങനെ ഗോഡലിന് നഷ്ടപ്പെട്ടു. യു.എസ്. കോൺസുലേറ്റ് പുതിയ ജർമ്മൻ പാസ്പോർട്ടിൽ അത്തരമൊരു വിസ കൊടുക്കാൻ താല്പര്യപ്പെട്ടതും ഇല്ല. പുതിയ വിസയ്ക്ക് വേണ്ടി നിരവധി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നു. അതിന് വേണ്ടി അപേക്ഷിച്ച് കഴിഞ്ഞപ്പോൾ മുതൽ പുതുതായി പല അഡ്മിസ്നിസ്ട്രേറ്റീവ് ചോദ്യങ്ങളും അദ്ദേഹം നേരിടേണ്ടി വന്നു;

നിങ്ങളുടെ അമേരിക്കൻ പരിചയങ്ങൾ സംശയം ഉളവാക്കുന്നതല്ലേ?

പാശ്ചാത്യ ലോകത്തിനു മുമ്പിൽ പുതിയ ജർമ്മനിയെ നിങ്ങൾ പ്രതിനിധീകരിക്കുന്നുണ്ടോ?

നിങ്ങളുടെ പൂർവ്വികർ നിങ്ങൾ അവകാശപ്പെടുന്നതുപോലെ ആര്യൻ രക്തം ഉള്ളവർ തന്നെ ആണോ?

നിങ്ങൾ എന്തിനുവേണ്ടി അമേരിക്കയിൽ പോകുന്നു?

ജർമ്മനിയുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവൻ അല്ലേ?

ഗോഡൽ

അദ്ദേഹത്തിന് പുറത്തേക്ക് പോകാനുള്ള അനുമതി നിഷേധിക്കപ്പെട്ടു. എന്ന് മാത്രമല്ല ആ മഹാനായ ഗണിതജ്ഞനെ അവർ പട്ടാളവുമായി ബന്ധപ്പെട്ട ജോലികൾക്ക് നിയോഗിച്ചു. തുടർന്ന് അദ്ദേഹം കടുത്ത മാനസികപ്രശ്നങ്ങളിലേയ്ക്ക് വഴുതി വീണു. പക്ഷേ അധികം കാലം അങ്ങനെ തുടരേണ്ടി വന്നില്ല. അന്നത്തെ നാസി ഗവൺമെന്റുമായി സ്വാധീനം ഉള്ള ചില സുഹൃത്തുക്കൾ വഴി 1940-ൽ അദ്ദേഹത്തിന് യുഎസ്സ് വിസ ലഭിച്ചു. തുടർന്ന് അടുത്ത തടസ്സങ്ങൾ അദ്ദേഹത്തിനെ കാത്തിരിക്കുന്നുണ്ടായിരുന്നു. യുദ്ധത്തിനെ തുടർന്നു യൂറോപ്പിന്റെ പടിഞ്ഞാറൻ തീരങ്ങളിലൂടെ ഉള്ള യാത്ര അത്ര എളുപ്പം അല്ലായിരുന്നു. എന്നാൽ കിഴക്കൻ രാജ്യങ്ങൾ താരതമ്യേന ശാന്തമായിരുന്നു. റഷ്യ അപ്പോൾ യുദ്ധത്തിൽ പങ്കെടുത്തിരുന്നില്ല. ജപ്പാൻ ജർമനിയുടെ സുഹൃത്താണ്. അത് കൊണ്ട് അവിടെയും പ്രശ്നം നേരിടില്ല. എന്നാൽ, മറ്റൊരു പ്രത്യേകത ആ യാത്ര ചെയ്യേണ്ട പ്രദേശങ്ങൾക്ക് ഉണ്ടായിരുന്നു. ഭൂമിശാസ്ത്രപരമായി യാത്ര ചെയ്യുവാൻ ബുദ്ധിമുട്ടേറിയ പ്രദേശങ്ങൾ ആയിരുന്നു ആ വഴിക്ക് ഉണ്ടായിരുന്നത്. സൈനിക ജോലിയും, വിസ കിട്ടാനുള്ള താമസ്സവും, ഗോഡലിനെ ആകെ പരീക്ഷീണൻ ആക്കി മാറ്റിയിരുന്നു. ജർമ്മൻ അധിനിവേശ പ്രദേശങ്ങളിൽ ഈ സൈനിക ജോലിയും ചെയ്തു തന്റെ ജീവിതാന്ത്യം ഇവിടെ സംഭവിക്കും എന്ന് കരുതി ഉറക്കമില്ലാത്ത രാത്രികളിലൂടെ പോയ കാലം. വിസ കിട്ടിയ സ്ഥിതിയ്ക്ക് ഇനി എന്ത് വന്നാലും സാരമില്ല, യു എസ്സിലേയ്ക്ക് പോകും എന്ന് അതുകൊണ്ട് തന്നെ ഗോഡൽ തീരുമാനിച്ചിരുന്നു. ഗോഡലിന്റെയും, ഭാര്യയുടെയും ജീവിതത്തിലെ കടുത്ത പരീക്ഷണങ്ങളുടെ മാസങ്ങളിലേയ്ക്ക് അവർ തുടർന്ന് ചുവട് വെച്ചു. 

യാത്ര ഇങ്ങനെ ആയിരുന്നു; 

ബെർലിനിൽ നിന്നും പോളണ്ടിലേക്ക്. തുടർന്ന് ലാത്വിയ-ലിത്വാനിയ. അവിടെ നിന്നും മോസ്കോയിലേയ്ക്ക്. മോസ്കോയിൽ നിന്നും ലോകത്തിലെ ഏറ്റവും നീളമേറിയതും, ഭൂമിശാസ്ത്രപരമായി വൈവിധ്യപൂർണ്ണമായതുമായ ട്രാൻസ് സൈബീരിയിൻ പാതയിലൂടെ വ്ലാഡിവോസ്റ്റോക്കിലേയ്ക്ക്. അവിടെ നിന്നും ജപ്പാനിലെ യോക്കോഹമ. തുടർന്ന് SS പ്രസിഡന്റ് ക്ലെവലൻഡ് കപ്പലിൽ സാൻഫ്രാൻസിസിക്കോയിൽ. അവിടെ നിന്നും സ്ലീപ്പർ ട്രെയിനിൽ പ്രിൻസ്റ്റണിലേയ്ക്ക്. 

ഈ നീണ്ട യാത്ര തീർക്കുവാൻ അവരിരുവരും എടുത്തത് രണ്ട് മാസങ്ങൾ. രണ്ടാം ലോകയുദ്ധത്തിന്റെ  കെടുതികളും, അതിനെ തുടർന്ന് അപ്പോൾ ലോകരാജ്യങ്ങളിൽ നില നിന്നിരുന്ന രാഷ്ട്രീയ, സാമൂഹിക, സാഹചര്യങ്ങളും ആ യാത്രയിൽ ഗോഡൽ നേരിട്ട് അനുഭവിച്ചിരുന്നു, കണ്ടിരുന്നു. 

ജർമ്മൻ ആക്രമണത്തിലും, അതിനെ തുടർന്നുണ്ടായ ദാരിദ്ര്യത്തിലും നശിച്ചുപോയ പോളണ്ട്. അതിന്റെ തെരുവുകൾ. നശിപ്പിക്കപ്പെട്ട കെട്ടിടങ്ങൾ. കൺസെൻട്രേഷൻ ക്യാമ്പുകളിലേയ്ക്ക് പോകുന്നവരുടെ ദീനരോദനങ്ങൾ. അതിനിടയിൽ ഓരോ രാജ്യ അതിർത്തിയിലെയും ചെക്പോസ്റ്റുകളിൽ കാണപ്പെട്ട നീണ്ട നിരകൾ. പലായനം ചെയ്യാൻ നിൽക്കുന്നവരുടെ പ്രശ്നങ്ങൾ. ഒരിക്കലും പുറത്ത് കടക്കാനാവാതെ അത്തരം അതിർത്തികളിൽ കുടുങ്ങിപോയവർ. അനന്തമെന്നു തോന്നിപ്പിക്കുന്ന കാത്തിരിപ്പുകൾ. മോസ്കോയിൽ എത്തിയപ്പോൾ ഗോഡൽ താമസിച്ചിരുന്നത് ഹോട്ടൽ മെട്രോപോളിൽ ആയിരുന്നു. അവിശ്വസ്തരായ സഹയാത്രികരെ അവരുടെ വിചാരണകൾക്ക് മുൻപു സ്റ്റാലിൻ ഭരണകൂടം താമസിപ്പിച്ചിരുന്ന ഇടമായിരുന്നു അവിടം. അവരുടെ പിരിമുറുക്കങ്ങൾ, സംഘർഷങ്ങൾ. തുടർന്ന് 9000 കിലോമീറ്റർ ദൂരം വരുന്ന ട്രാൻസ് സൈബീരിയൻ പാതയിലൂടെ ഉള്ള ട്രെയിൻ യാത്ര. ജപ്പാനിൽ അങ്ങനെ എത്തിച്ചേർന്നു കഴിഞ്ഞപ്പോഴോ, അവർക്ക് പോകേണ്ട കപ്പൽ അവർ എത്തിച്ചേരുന്നതിന് മുൻപു പോയിക്കഴിഞ്ഞിരുന്നു. പിന്നെ രണ്ടാഴ്ച അവിടെ തങ്ങി. അതിന് ശേഷം അമേരിക്കയിലേക്ക്.

ഈ ദുരിതപൂർണ്ണമായ യാത്ര ഒക്കെ കഴിഞ്ഞു, അവസാനം ഗോഡൽ ഐൻസ്റ്റൈനെ പ്രിൻസ്റ്റണിൽ വെച്ച് കണ്ടുമുട്ടി. തിരിങ് ഗോഡലിനെ ഏൽപ്പിച്ച രഹസ്യസന്ദേശം പക്ഷേ ഗോഡൽ അറിയിച്ചില്ല. പകരം, ‘തിരിങ്ങിന്റെ അഭിവാദ്യങ്ങൾ നിങ്ങളെ അറിയിക്കുന്നു’ എന്ന് മാത്രമേ തിരിങ്ങിന്റെതായ സന്ദേശം ആയി ഗോഡൽ പറഞ്ഞുള്ളൂ. അങ്ങനെ അതൊരു പരാജയപ്പെട്ട ദൗത്യം ആയി മാറി. 

എന്തുകൊണ്ടായിരിക്കാം ഗോഡൽ അത് പറയാതിരുന്നത്?

പലതരം വിശദീകരണങ്ങൾ അതിനെക്കുറിച്ചു പറയുന്നുണ്ടെങ്കിലും, വിശ്വസനീയമായ ഒന്നായി തോന്നുന്നത് അണുബോംബ് മനുഷ്യൻ അടുത്ത കാലത്തൊന്നും നിർമ്മിക്കില്ല എന്ന ഗോഡലിന്റെ വിശ്വാസം ആയിരുന്നു. പക്ഷേ, ഗോഡൽ ഇതു അറിയിച്ചിരുന്നില്ല എങ്കിൽ കൂടിയും പിന്നീട് അമേരിക്ക ഈ രഹസ്യം അറിഞ്ഞു. അവർ അണുബോംബ് നിർമ്മിക്കുകയും ചെയ്തു. അത് മറ്റൊരു ചരിത്രം.

യുറേനിയം ക്ലബ്ബിന് പിന്നീട് എന്ത് സംഭവിച്ചു എന്ന് മനസ്സിലാക്കിയാൽ ജർമ്മനിയുടെ അണുബോംബ് നിർമ്മാണം അക്കാലഘട്ടത്തിൽ നടക്കുമായിരുന്നോ ഇല്ലയോ എന്ന് മനസ്സിലാക്കാം. ഇതിനെ വിശദമായി പഠിച്ചുകൊണ്ട് 2023-ൽ ജേർണൽ ഓഫ് ന്യൂക്ലിയർ എഞ്ചിനീയറിംഗ് എന്ന പ്രസിദ്ധീകരണത്തിൽ ഒരു ലേഖനം പ്രത്യക്ഷപ്പെട്ടു. മൻഫ്രഡ് പോപ്പ്, പീറ്റ് ദ ക്ലർക്ക് എന്നിവർ ചേർന്നെഴുതിയ ലേഖനം ഈ യുറേനിയം ക്ലബ്ബിനെയും, അതിന്റെ അണുബോംബ് പ്രോജക്ടിനെയും കുറിച്ചായിരുന്നു. നാസി ജർമ്മനിയിലെ ആർമി ഓർഡൻസ് ഗ്രൂപ്പിന് ആദ്യം ഇതിൽ താല്പര്യം ഉണ്ടായിരുന്നെങ്കിലും പിന്നീട് പല കാരണങ്ങൾ പറഞ്ഞുകൊണ്ട് അതിൽ നിന്നും അവർ പിന്മാറി. പ്രധാന കാരണം യുറേനിയം ക്ളബ്ബിലെ ശാസ്ത്രകാരൻമാർക്കു വ്യക്തമായ ഒരു പ്ലാൻ, ആർമി ഓർഡിനൻസിന് കൊടുക്കുവാൻ സാധിച്ചിരുന്നില്ല എന്നതാണ്. സാധാരണ അക്കാദമിക്ക് ആക്ടിവിറ്റി എന്നതിൽ കവിഞ്ഞ് അവർക്ക് യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ല. അതിനിടയിൽ ഈ ഗ്രൂപ്പിൽ തന്നെ ഉയർന്നു  വന്ന ഈഗോ ക്ലാഷുകൾ, കൃത്യമായ ഫണ്ട് കിട്ടാത്ത അവസ്ഥ, പ്രവർത്തനങ്ങളിലെ ഏകോപനമില്ലായ്മ, ആവശ്യമായ റിസോഴ്സുകളുടെ ദൗർലഭ്യം എന്നിവ ശാസ്ത്രകാരന്മാരെയും ഈ പ്രോജക്ട് മുന്നോട്ടു കൊണ്ടുപോകുന്നതിൽ നിന്നും തടഞ്ഞു. അതായത്, രണ്ടാം ലോകയുദ്ധകാലത്തൊരിക്കലും ജർമ്മനി അണുബോംബ് നിർമ്മിക്കാൻ സാധ്യത തീരെ ഇല്ലായിരുന്നു. അവിടെയാണ് അമേരിക്കയുടെ അണുബോംബ് താൽപര്യങ്ങളെ മറ്റൊരു കണ്ണോടു കൂടി കാണേണ്ടി വരുന്നത്. രണ്ടാം ലോകയുദ്ധത്തിന്റെ ഫലമായി ഉയർന്ന് വന്ന രാഷ്ട്രീയ സാഹചര്യങ്ങളിൽ അധിനിവേശത്തിന്റെ മറ്റൊരു താല്പര്യം കൂടി അമേരിക്ക കാണിച്ചിരുന്നു. 

അമേരിക്കയിൽ എത്തിയ ഗോഡലോ?

ഗോഡൽ 1976 വരെ AIS-ൽ ജോലി ചെയ്തു. ആൽബർട്ട് ഐൻസ്റ്റൈന്റെ അടുത്ത സുഹൃത്തായി മാറി. ആ സൗഹൃദം, പിന്നീടു ആപേക്ഷികതാ സിന്ധാന്തത്തിന്റെ ഗണിതക്രിയകൾ നടത്തുന്നതിൽ സഹായിച്ചു. അങ്ങനെ 1949-ൽ, ഐൻസ്റ്റൈന്റെ എഴുപതാം ജന്മദിനത്തിൽ ഗോഡൽ തന്റെ ആത്മാർത്ഥ സുഹൃത്തിന് ഒരു സമ്മാനമെന്നോണം ആപേക്ഷികതാ സിന്ധാന്തത്തിന്റെ പുതിയൊരു തലം അവതരിപ്പിച്ചു. ‘റൊട്ടേറ്റിങ് യൂണിവേഴ്സ്’ എന്നായിരുന്നു ആ ആർട്ടിക്കിളിന്റെ പേര്. അതിലൂടെ  ‘ക്ലോസ്ഡ് ടൈം ലൈൻ കർവുകൾ’ എന്ന ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ആശയം അദ്ദേഹം അവതരിപ്പിച്ചു. അതായത്, ഭൂതകാലം, ഭാവികാലം, വർത്തമാനകാലം എന്നിവയിലേക്ക് സിദ്ധാന്തപരമായ ഒരു യാത്ര സാധ്യം ആണെന്ന് അദ്ദേഹം  തെളിയിച്ചു. അതായത്, സ്പേസ് ടൈം എന്നത് ഒരു ക്ലോസ്ഡ് ലൂപ്പ് ആണത്രെ. മണൽഘടികാരത്തിന്റെ ആകൃതി പോലെ. സിദ്ധാന്തപരമായി സമയത്തിലൂടെ നമുക്ക് സഞ്ചരിക്കാം. എല്ലാം അവിടെ തന്നെയുണ്ട്. കഴിഞ്ഞതും, കഴിയാനുള്ളതും എല്ലാം. ഈ ആശയം പിന്നീട് ടൈം ട്രാവൽ എന്ന ശാസ്ത്രഭാവനയെ പരിപോഷിപ്പിച്ച ഒരു ആശയം ആയി നില കൊണ്ടു. അതിനുശേഷം, ഗോഡൽ, continuum hypothesis എന്നൊരു ആശയത്തിൽ വളരെക്കാലങ്ങളോളം ഗവേഷണം നടത്തിക്കൊണ്ടിരുന്നു. അതൊരിക്കലും പൂർത്തീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. അദ്ദേഹത്തിന് AIS-ൽ അധികം സുഹൃത്തുക്കൾ ഒന്നും ഉണ്ടായിരുന്നില്ല. ഓപ്പൺഹൈമറിനെകുറിച്ചുള്ള ജീവചരിത്രത്തിൽ കെയ് ബേർഡും, മാർട്ടിൻ ജെ ഷെർവിനും* ഗോഡലിന്റെ AIS ജീവിതത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നത് ഇപ്രകാരമാണ്;

കുർട്ട് ഗോഡൽ

‘ഇൻസ്റ്റിറ്റ്യൂട്ടിലെ തന്റെ ജീവിതത്തിൽ മിക്കവാറും സമയവും അയാൾ നരകൾ വീണ കറുത്ത വിന്റർ കോട്ടും ധരിച്ചു, കയ്യിലെ നോട്ട്ബുക്കിൽ ജർമൻ ഷോർട്ഹാൻഡിൽ ആശയങ്ങൾ കുത്തിക്കുറിച്ചുകൊണ്ട് പ്രേതസമാനം ആയ ഒരു രൂപമായി ഏകാന്തതയിൽ ജീവിച്ചിരുന്നു’

ജർമ്മനിയിൽ വെച്ച് വളരെക്കാലം മുൻപു സംഭവിച്ച ഭക്ഷണത്തോടുള്ള പേടി ജീവിതാന്ത്യം വരെ അദ്ദേഹത്തെ പിന്തുടർന്നു. ഭാര്യ ഉണ്ടാക്കി കൊടുക്കുന്നത് അല്ലാതെ ഒരു ഭക്ഷണം പോലും അദ്ദേഹം കഴിച്ചിരുന്നില്ല. അവസാന കാലം ആയപ്പോഴേക്കും, എല്ലാ ഭക്ഷണവും ഭാര്യ രുചിച്ചു നോക്കിയെങ്കിൽ മാത്രമേ അദ്ദേഹം കഴിച്ചിരുന്നുള്ളൂ. 1977-ൽ കാൻസർ ബാധിച്ച് അദ്ദേഹത്തിന്റെ ഭാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആയി. തുടർന്ന്, ഗോഡൽ ഭക്ഷണം കഴിക്കുന്നത് നിർത്തി. അത് അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിച്ചു. ഭക്ഷണം കഴിക്കാതിരുന്നത് മൂലമുള്ള ശാരീരികപ്രശ്നങ്ങൾ മൂലം 1978 ജനുവരി പതിനാലാം തീയതി ആ മഹാനായ ഗണിതജ്ഞൻ അന്തരിച്ചു. 

താൻ പറഞ്ഞേൽപ്പിച്ചിരുന്ന രഹസ്യസന്ദേശം ഗോഡൽ, ഐൻസ്റ്റൈനെ അറിയിച്ചിരുന്നില്ല എന്ന് തിരിങ് അറിഞ്ഞത് 1972-ൽ മാത്രമാണ്. ഏകദേശം 32 വർഷങ്ങൾക്ക് ശേഷം. അക്കഴിഞ്ഞ വർഷങ്ങൾ അത്രയും, തിരിങ് വിശ്വസിച്ചിരുന്നത് താൻ കൊടുത്തുവിട്ട സന്ദേശം ഗോഡൽ അമേരിക്കയിൽ എത്തിച്ചതുകൊണ്ടാണ് അമേരിക്ക അണുബോംബ് നിർമ്മിച്ചതെന്നും, ജർമ്മനിയ്ക്ക് അത് നിർമ്മിക്കാൻ സാധിക്കാതിരുന്നതെന്നും ആയിരുന്നു. 1972-ൽ സ്ട്രോക്ക് ബാധിച്ച് ആശുപത്രിയിൽ കിടക്കുമ്പോഴാണ് തിരിങ്ങിന്റെ മകൻ ആ വിവരം അദ്ദേഹത്തെ അറിയിക്കുന്നത്. 

നോക്കൂ,ചരിത്രവഴികൾ എത്ര വിചിത്രമാണ്!

*കെയ് ബേർഡും, മാർട്ടിൻ ജെ ഷെർവിനും ചേർന്നു എഴുതിയ ‘അമേരിക്കൻ പ്രോമെത്യൂസ്സ്: ദ ട്രയംഫ് ആൻഡ് ട്രാജഡീ ഓഫ് ജെ ഓപ്പൺഹെയ്മർ’ എന്ന പുസ്തകത്തിൽ നിന്നും. ഈ പുസ്തകമാണ് പിന്നീട് , ‘ ഓപ്പൺഹെയ്മർ’ എന്ന പ്രശസ്തമായ ക്രിസ്റ്റഫർ നോളാൻ സിനിമയ്ക്ക് ആധാരമായത്.

കൂടുതൽ വായനയ്ക്ക്

  1. Karl sigmund, ‘ The Spy Who Flanked It: Kurt Godel’s Forgotten Part in the Atom Bomb Story’, Nature, 627,26-28,2024
  2. Mark Balaguer, Kurt Gödel, American Mathematician,Encyclopaedia Britannica, April 24,2024
  3. Alan Chodos, December 1938: Discovery of Nuclear Fission, APS news,dec 03,2007
  4. Manfred Popp, Why Hitler Did Not Have Atomic Bombs, Journal of Nuclear Engineering,2021,2,9-27
  5. Manfred Popp and Piet de Klerk, The Pecularities of the German Uranium Project, Journal of Nuclear Engineerig, 2023,4(3),634-653

Happy
Happy
60 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
40 %

Leave a Reply

Previous post വോക്കൽ കോഡുകളുടെ സഹായമില്ലാതെ സംസാരിക്കാം
Next post സൗദി അറേബ്യയിലെ മണലാരണ്യങ്ങളിൽ പച്ചത്തുരുത്തിന്റെ വീണ്ടെടുപ്പ്
Close