Read Time:19 Minute

Asif

ഡോ. മുഹമ്മദ് ആസിഫ് എം.

നാടൻ പാലിലെ സ്വർണ്ണസിദ്ധാന്തം വിശ്വസിച്ചവരും തൊണ്ടതൊടാതെ വിഴുങ്ങിയവരും പ്രചരിപ്പിക്കുന്നവരും നമ്മുടെ സമൂഹത്തിൽ പോലും ഏറെയാണ്‌. അതുകൊണ്ട് തന്നെ പാലിന്റെ ശരിയായ രസതന്ത്രമറിഞ്ഞിരിക്കുന്നത് ശാസ്ത്രവിരുദ്ധതക്കെതിരെയുള്ള പ്രതിരോധമാണ്.

[dropcap]നാ[/dropcap]ടൻ പശുക്കളുടെ പാലിൽ സ്വർണ്ണമുണ്ടെന്നു പശ്ചിമബംഗാളിലെ ഒരു രാഷ്ട്രീയ നേതാവ് നടത്തിയ പ്രസ്താവനവാര്‍ത്തയായിരിക്കയാണല്ലോ. പാലിൽ  സ്വർണ്ണമുണ്ടെന്നു മാത്രമല്ല, നാടൻ പശുക്കളുടെ മുതുകിലെ പൂഞ്ഞയിൽ പ്രത്യേക സ്വർണ്ണ ഉൽപ്പാദനധമനികളുണ്ടെന്നും, സൂര്യപ്രകാശമേൽക്കുമ്പോൾ ഈ ധമനികളിൽ സ്വർണ്ണോൽപ്പാദനം നടക്കുമെന്നുവരെ അദ്ദേഹം പറഞ്ഞിരിക്കുന്നു. നാടൻ പശുവിന്റെ പാലിന്റെ മഞ്ഞനിറത്തിന് കാരണം, ഇങ്ങനെ  ഉൽപ്പാദിപ്പിക്കുന്ന സ്വർണ്ണമാണെ് സ്ഥാപിക്കാനും അദ്ദേഹം മറന്നില്ല. തന്റെ പ്രസ്താവനയ്ക്ക് പിൻബലമായി ശാസ്ത്രപഠനങ്ങൾ ഉണ്ടെന്നാണ് നേതാവിന്റെ പക്ഷം.

ഈ സ്വർണ്ണ സിദ്ധാന്തം വന്നതോടെ നവമാധ്യമങ്ങളിൽ ട്രോളന്മാർക്ക്  ചാകരയായിരുന്നു. നാടൻ പാലിലെ സ്വർണ്ണസിദ്ധാന്തം വിശ്വസിച്ചവരും തൊണ്ടതൊടാതെ വിഴുങ്ങിയവരും പ്രചരിപ്പിക്കുന്നവരും നമ്മുടെ സമൂഹത്തിൽ പോലും ഏറെയാണെന്നതാണ് കൗതുകകരമായ കാര്യം. പാലിൽ പോലും ശാസ്ത്രവിരുദ്ധതയുടെ മായം കലർത്തി പ്രചരിപ്പിക്കുന്ന വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ പാലിന്റെ ശരിയായ രസതന്ത്രമറിഞ്ഞിരിക്കുന്നത് പോലും ഒരു രാഷ്ട്രീയപ്രവർത്തനവും, ശാസ്ത്രവിരുദ്ധതക്കെതിരെയുള്ള പ്രതിരോധവുമാണെന്നത് തീർച്ച.

നാടൻ പശുവും വിദേശിപ്പശുവും തമ്മിലെന്ത് ?

ശാസ്ത്രീയമായി തരംതിരിച്ചാൽ നമുക്ക് വളർത്തുപശുക്കൾ രണ്ട്തരമാണുള്ളത്. ഉഷ്ണകാലാവസ്ഥയോട്  ഇണങ്ങി ജീവിക്കുന്ന ‘ബോസ് ഇൻഡിക്കസ്’ വിഭാഗത്തിൽപ്പെട്ട തദ്ദേശിയ ഇനം പശുക്കളും, പൊതുവേ തണുത്ത കാലാവസ്ഥയോട് ഇണങ്ങി വളരുന്ന ബോസ് ടോറസ് അഥവാ വിദേശയിനം അല്ലെങ്കിൽ യൂറോപ്യൻ പശുക്കളുമാണവ. ഗിർ, സാഹിവാൾ, റെഡ് സിന്ധി, കാങ്കയം, ഹല്ലികർ, താർപാർക്കർ തുടങ്ങി നമ്മുടെ ഇത്തിരിക്കുള്ളൻമാരായ  വെച്ചൂർവരെയുള്ളവയെല്ലാം ബോസ് ഇൻഡിക്കസ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഇന്ത്യയിൽ ഉത്ഭവിച്ച തദ്ദേശീയ പശുക്കളാണ്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ അംഗീകരിച്ച 43 ഇനം തനത് തദ്ദേശിയ പശുക്കൾ ഇന്ത്യയിൽ ഇന്നുണ്ട്. ഇപ്പോൾ ഇന്ത്യയിൽ നടപ്പിലാക്കുന്ന രാഷ്ട്രീയ ഗോകുൽ മിഷൻ പദ്ധതിയെല്ലാം ഈ സ്വദേശി പശുക്കളുടെ  വംശരക്ഷയ്ക്ക് വേണ്ടിയുള്ളതാണ്. 

ബോസ് ടോറസ് വിഭാഗത്തിൽപെട്ട പശു | കടപ്പാട് വിക്കിമീഡിയ കോമൺസ്‌

യൂറോപ്യൻ  രാഷ്ട്രങ്ങളിൽ ഉത്ഭവിച്ച  ഹോൾസ്റ്റീൻ ഫ്രീഷ്യൻ, ജഴ്‌സി, ബ്രൗ സ്വിസ്, അയർഷെയർ തുടങ്ങിയ പശുക്കളാണ് ബോസ് ടോറസിൽ ഉൾപ്പെടുന്നത്. തദ്ദേശീയ ഇന്ത്യൻ ഇനങ്ങളെ  അപേക്ഷിച്ച് പാലുൽപ്പാദന മികവിൽ ഒരുപടി മുന്നിലാണ് ഈ ബോസ് ടോറസ് പശുക്കൾ. പാലുൽപ്പാദനതോത് പൊതുവെ കുറഞ്ഞ നാടൻ പശുക്കളിൽ പാലുൽപ്പാദനം കൂടിയ വിദേശി പശുക്കളുടെ  ബീജം കുത്തിവെച്ചാൽ ഉണ്ടാവുന്ന സങ്കരയിനം കിടാക്കൾക്ക് നാടൻ പശുവിന്റെ ഗുണവും വിദേശയിനത്തിന്റെ പകുതി ഗുണവുമുണ്ടാകും. ഈ സങ്കരയിനം കിടാക്കളിൽ വീണ്ടും വിദേശയിനം പശുക്കളുടെ ബീജം കുത്തിവെച്ചാൽ ഉണ്ടാവുന്ന കിടാക്കളിൽ നാടൻ പശുവിന്റെ സ്വഭാവം കുറഞ്ഞ്  വിദേശയിനത്തിന്റെ സ്വഭാവങ്ങൾ കൂടിവരും. ലളിതമായി പറഞ്ഞാൽ ഇതാണ് ക്രോസ് ബ്രീഡിംഗ്. നമ്മുടെ നാടൻ പശുക്കളെ ക്രോസ് ബ്രീഡിംഗ് വഴിക്രമേണെ വിദേശ പശുക്കളെ പോലെ ഉൽപ്പാദന മികവുള്ളവരാക്കി മാറ്റാമെന്നു ചുരുക്കം 

ഹോൾസ്റ്റീൻ ഫ്രീഷ്യൻപശു | | കടപ്പാട് വിക്കിമീഡിയ കോമൺസ്‌

കൃത്രിമ ബീജധാനപ്രവർത്തനങ്ങൾ വഴി ക്രോസ് ബ്രീഡിംഗ് വ്യാപകമായതോടെയാണ്  കേരളത്തിലൊക്കെ കറുപ്പും വെളുപ്പും നിറമുള്ള ഹോൾസ്റ്റീൻ ഫ്രീഷ്യൻപശുക്കളും, ജേഴ്‌സി പശുക്കളും  വ്യാപകമായത്. നമ്മുടെ പാലുൽപ്പാദനത്തിന്റെ തോത് ഉയർത്താനായി എന്നതാണ് ക്രോസ് ബ്രീഡിംഗിന്റെ പ്രധാന നേട്ടം. എന്നൽ നമ്മുടെ നാടൻ പശുക്കൾ നാടുനീങ്ങിയതടക്കം  ക്രോസ്ബ്രീഡിംഗിന് ദോഷവശങ്ങളും ഏറെയുണ്ട്. ഗിർ, താർപാർക്കർ, സഹിവാൾ തുടങ്ങിയ ഇനങ്ങൾ, യൂറോപ്യൻ പശുക്കളോളമില്ലെങ്കിലും പാൽ ഉൽപ്പാദനത്തിൽ താരതമ്യേന മുൻപന്തിയിൽ നിൽക്കുന്ന തനത്പശുവിനങ്ങളാണ്. ഈ പശുക്കളെയെല്ലാം ക്രോസ് ബ്രീഡിംഗിന് വിധേയരാക്കാതെ തനത് രീതിയിൽ തന്നെ ഇന്നും നിരവധി കർഷകർ പരിപാലിച്ച് പോരുന്നു. ഇപ്പോഴത്തെ ഇന്ത്യാഗവമെന്റ് മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ  ഈ തദ്ദേശീയ ഇനങ്ങളെ സ്വാഭാവികത രീതിയിൽ സംരക്ഷിക്കുന്നതിന്‌ പദ്ധതികൾ ഏറെ പ്രഖ്യാപിച്ചിട്ടുണ്ട്. 

പശുക്കൾ പലതരം, എന്നാൽ പാലോ ?

തദ്ദേശീയ ഇനം പശുക്കളുടെ പാൽ വിദേശയിനത്തിൽപ്പെട്ട  പശുക്കളുടെയും സങ്കരയിനത്തിൽപ്പെട്ട പശുക്കളുടെയും പാലിനെ അപേക്ഷിച്ച് മേന്മയേറിയതും പോഷകസമൃദ്ധമായതും ഔഷധ ഗുണമുള്ളതുമാണെന്ന  ഒരു വിശ്വാസം ചിലർക്കെങ്കിലുമുണ്ട്. നാടൻ പശുക്കളുടെ പാൽ A2  വിഭാഗത്തിൽപ്പെട്ടതും വിദേശയിനം പശുക്കളുടെ A1 പാലുമാണെന്നാണ് ഇവരുടെ വാദം. പാലിനെ A1, A2  എന്ന്‌ തരംതിരിക്കുന്നണ്ട് എന്നത് ശാസ്ത്രീയമായി ശരിയായ വസ്തുതയാണ്. പാലിലെ പ്രധാന മാംസ്യതന്മാത്രകളായ ബീറ്റ കേസിനിലെ അമിനോ അമ്ലങ്ങളിലെ വ്യത്യാസമാണ്  ഈ A1, A2 വേർതിരിവിന് ആധാരം. 207 അമിനോ അമ്ലങ്ങൾ ചേർത്ത് ഒരു ചങ്ങലപോലെയുള്ള മാംസ്യ തന്മാത്രയാണ് ബീറ്റാ കേസിൻ. A1ഇനത്തിൽപ്പെട്ട  പാലാണെങ്കിൽ ഈ 207 അമിനോ അമ്ലങ്ങളിൽ 67-ാം സ്ഥാനത്ത് ഹിസ്റ്റിഡിൻ എന്ന അമിനോ അമ്ലമായിരിക്കും. എന്നാൽ A2പാലിൽ ഈ സ്ഥാനത്ത് പ്രോലിൻ  എന്ന അമിനോ അമ്ലമായിരിക്കും. എന്നാൽ പ്രോട്ടീൻ തന്മാത്രയിലെ ഈ വ്യത്യാസം പാലിന്റെ ഗുണത്തിലോ മേന്മയിലോ എന്തെങ്കിലും വ്യത്യാസം വരുത്തുമെന്ന വാദത്തിന് ശാസ്ത്രീയമായ പിൻബലമൊന്നുമില്ല. 

തദ്ദേശീയ പശുക്കളുടെ A2പാൽ വിദേശ പശുക്കളുടെ A1പാലിനേക്കാൾ ആരോഗ്യദായകമാണെന്ന വാദത്തിലും  ശാസ്ത്രീയമായി നോക്കിയാൽ കഴമ്പൊന്നുമില്ല. എന്നാൽ മാധ്യമപ്രചരണത്തിന്റെയും, വ്യാജനിർമ്മിതിയുടെയും പരസ്യതന്ത്രങ്ങളുടെയും ഫലമായി തദ്ദേശീയഇനം പശുക്കളുടെ പാലിന് വിപണിയിൽ വിലയും ആവശ്യക്കാരും ഏറെയുണ്ടെന്നത് ഒരു നേരാണ്. ഇത്തരം വ്യാജപ്രചരണങ്ങൾ വെറ്ററിനറി സർവ്വകശാലകളിലെ മുതിർന്ന ശാസ്ത്രജ്ഞൻമാരടക്കം പലകുറി തള്ളിക്കളഞ്ഞതാണ്. ആവശ്യമെങ്കിൽ പാൽ A1ആണോ A2ആണോ എന്നു തിരിച്ചറിയാനുള്ള സംവിധാനം ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ  സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഒരുക്കിയിട്ടുണ്ട്. 

പാൽ A1ആവട്ടെ A2 ആവട്ടെ, വിദേശയിനം പശുവിന്റേതാവട്ടെ, നാടൻ പശുവിന്റേതാവട്ടെ അതിൽ അടങ്ങിയിരിക്കുന്ന മുഖ്യ ഘടകങ്ങൾ സമാനമാണെന്നതാണ് പ്രധാന കാര്യം, അളവിന്റെയും അനുപാതത്തിന്റെയും രസതന്ത്രക്കൂട്ടിൽ അല്പസ്വൽപ്പം വ്യത്യാസങ്ങളുണ്ടെന്നുമാത്രം.

പാലിൽ സ്വർണ്ണമുണ്ടോ ?

പശുവിന്റെ ഇനവും പാലിന്റെ തരവും ഏതുമാവട്ടെ  പാലിൽ 85 മുതൽ 88 ശതമാനവും അടങ്ങിയിട്ടുള്ളത് വെള്ളമാണ്. ഉദാഹരണത്തിന് ഗിർ എന്ന വിഖ്യാതമായ ഇന്ത്യൻ പശുവിന്റെ പാലിൽ 86.46 ശതമാനമാണ്  ജലത്തിന്റെ ശരാശരി അളവെങ്കിൽ ഹോൾസ്റ്റീൻ ഫ്രീഷ്യൻ പശുക്കളുടെ പാലിൽ 88 ശതമാനവും ജലമാണ്. എന്നാൽ എരുമകളുടെ പാലിൽ ജലത്തിന്റെ അളവ് ശരാശരി 84% ശതമാനം മാത്രമാണ്. ചുരുക്കത്തിൽ ഒരു ലിറ്റർ പാലെടുത്ത് അതിലടങ്ങിയ ഘടകങ്ങളെ പ്രത്യേകം പ്രത്യേകം അളടെുത്താൽ 850 മുതൽ 880 ഗ്രാം വരെ ജലമായിരിക്കും. ഒരു ലിറ്റർ പാലുൽപ്പാദിപ്പിക്കാൻ പശുക്കൾ നാല്  ലിറ്റർ ജലമെങ്കിലും ഉപയോഗപ്പെടുത്തുമെന്നാണ് മറ്റൊരു ശാസ്ത്രീയ കണക്ക്.

ജലം കഴിഞ്ഞാൽ ബാക്കിയുള്ള12-15ശതമാനം കൊഴുപ്പും, മാംസ്യം, അന്നജങ്ങൾ, ധാതുലവണങ്ങൾ, ജീവകങ്ങൾ, പ്രത്യേകവർണവസ്തുക്കൾ തുടങ്ങിയ കൊഴുപ്പിതര ഖരപദാർത്ഥങ്ങളുമാണ്. കൊഴുപ്പിന്റെ അളവ്  ഏകദേശം 4.5 ശതമാനത്തോളം വരും. പാലുൽപ്പാദനം കൂടുതലുള്ള യൂറോപ്യൻ പശുക്കളെ അപേക്ഷിച്ച് നോക്കിയാൽ തദ്ദേശിയ ഇനം പശുക്കളുടെ പാലിൽ കൊഴുപ്പളവ് ഒരു പൊടിയ്ക്ക് അധികമായിരിക്കും. എന്നാൽ എരുമപ്പാലിൽ 7 ശതമാനംവരെയാണ് കൊഴുപ്പിന്റെ അളവ്. പിന്നെയുള്ളത്  പാലിലെ പ്രധാന മാംസ്യമായ കാസിനും പ്രധാന അന്നജമായ ലാക്‌ടോസുമാണ്. ഇത് യഥാക്രമം 3.3-3.8%, 4.5-5% എന്നീ അളവുകളിൽ പാലിൽ അടങ്ങിയിരിക്കും. 

ബാക്കി 0.6 മുതൽ, 0.8 ശതമാനം വരെയാണ് പാലിൽ ധാതുലവണങ്ങൾ അടങ്ങിയിരിക്കുന്നത്. ജൈവ, അജൈവ സംയുക്തങ്ങളായും, അയോണുകളുടെ രൂപത്തിലുമെല്ലാമാണ് ഈ ധാതുലവണങ്ങൾ കാണപ്പെടുന്നത്. ധാതുലവണങ്ങളിൽ പ്രധാനം കാത്സ്യവും, ഫോസ്ഫറസുമാണ്. ക്ലോറൈഡ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവയും  പാലിൽ അടങ്ങിയിരിക്കുന്ന മുഖ്യ മൂലകഘടകങ്ങളാണ്. പശുകഴിക്കുന്ന തീറ്റയിൽനിന്നും, എല്ലുകളിൽ നിന്നുമെല്ലാമാണ് ഈ ധാതുക്കൾ പാലിലെത്തിച്ചേരുന്നത്. പശുവിന് നൽകുന്ന തീറ്റ, പശുവിന്റെ ഇനം, പ്രായം, പാലിന്റെ അളവ്, കറവയുടെ കാലം, കറവകൾക്കിടയിലെ ഇടവേള, കാലാവസ്ഥ തുടങ്ങിയവയെല്ലാം അനുസരിച്ച്  ഈ പോഷകഘടകങ്ങളിൽ നേരിയ വ്യതിയാനങ്ങൾ സംഭവിക്കാം. വളരെ നേരിയ തോതിൽ കോപ്പറും, അയേണും സെലീനിയവും അയഡിനും സിങ്കും മാംഗനീസുമെല്ലാം പാലിൽ നിന്നും കണ്ടെത്തിയിട്ടുണ്ടെങ്കിലും സ്വർണ്ണമോ, വെള്ളിയോ പാലിൽ കണ്ടെത്താന്‍ ശാസ്ത്രജ്ഞർക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. 

നാടൻ പശുവിന്റെ മുതുകിലെ പൂഞ്ഞയിൽ സ്വർണ്ണം ഉൽപ്പാദിപ്പിക്കുന്ന ധമനികളുണ്ടെന്നും  സൂര്യപ്രകാശമേൽക്കുമ്പോൾ ധമനികളിൽ സ്വർണ്ണം ഉണ്ടാവുമെന്നും സ്വർണ്ണധമനികളിൽ നിന്ന് പാലിലേക്ക് സ്വർണ്ണം ഇറ്റിവീഴുമെന്നൊക്കെയുള്ള സിദ്ധാന്തങ്ങൾ കേൾക്കാൻ കൗതുകമുള്ളതെങ്കിലും ശാസ്ത്രത്തിന്റെ ഒരു തരിമ്പുപോലും ഇതിനൊന്നും പിന്നിലില്ലെന്നതാണ് യാഥാർത്ഥ്യം. പശുവിന്റെ പൂഞ്ഞയിൽ സ്വർണ്ണധമനികൾ അന്വേഷിച്ച് പോവുന്നവർക്ക് നിരാശയായിരിക്കും മിച്ചമെന്നു  ചുരുക്കം.

അപ്പോൾ പാലിന്റെ മഞ്ഞനിറത്തിന് കാരണമോ ?

പാലിന്റെ മഞ്ഞനിറത്തിന് കാരണം സ്വർണ്ണത്തിന്റെ പൊൻതിളക്കമാണെന്നതാണ് വിചിത്രമായ മറ്റൊരു വാദം. എന്താണ് യഥാർത്ഥത്തിൽ ഈ മഞ്ഞനിറത്തിന് പിന്നിലെ കാരണം എന്നറിയാമോ ?. പാലിൽ അടങ്ങിയ ഖരപദാർത്ഥങ്ങളിൽ വർണവസ്തുക്കൾ ഉണ്ടെന്നു  മുൻപ് സൂചിപ്പിച്ചല്ലോ. ഈ വർണകങ്ങളിൽ പ്രധാനമായ കരോട്ടിനുകളും സ്‌കാന്തോഫിലുകളുമാണ് പാലിന്റെ സ്വർണ്ണതിളക്കത്തിന്റെ രഹസ്യം. പശുക്കൾ നിത്യേന ചവച്ചരച്ചകത്താക്കുന്ന പച്ചപ്പുല്ലിലും പച്ചിലകളിലും ഈ കരോട്ടിൻ വർണ്ണകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ തീറ്റകളുടെ ദഹനപ്രക്രിയ വഴി  ചെറുകുടലിൽ വച്ച് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന കരോട്ടിൻ വർണകങ്ങൾ പിന്നീട് അകിടുകളിലെ പാൽ ഉൽപ്പാദന കോശങ്ങളിലെത്തിച്ചേരുകയും പാലിന് സ്വർണ്ണത്തിളക്കമേകുകയും ചെയ്യും. തീറ്റയാക്കുന്ന പുല്ലിന്റെ അളവും, മേന്മയും ഏറുന്നതോടെ പാലിന്റെ മഞ്ഞനിറവുമേറും. പാലിലെ കൊഴുപ്പ് തന്മാത്രകളുമായി ചേർന്നാണ് ഈ വർണ്ണകങ്ങൾ പ്രധാനമായും കാണപ്പെടുത്. 

എന്നാൽ പച്ചപ്പുല്ല് തന്നെ  പ്രധാന ആഹാരമാക്കുന്ന എരുമകളുടെയും, ആടിന്റെയുമൊന്നും  പാലിന് ഈ മഞ്ഞനിറമില്ലാത്തത് എന്തുകൊണ്ടാണ് എന്നൊരു സംശയം ചിലർക്കെങ്കിലുണ്ടാവും. ഇതിനും  ഒരു കാരണമുണ്ട്. പ്രാധാന ജീവകങ്ങളിൽ ഒന്നായ ജീവകം എ ഉണ്ടാവുന്നത് വർണ്ണവസ്തുവായ കരോട്ടിനുകൾക്ക് രാസമാറ്റം സംഭവിച്ചാണ്. ബീറ്റ-കരോട്ടിൻ ഡീഓക്‌സിജനേസ് എന്ന  രാസാഗ്നിയാണ് കരോട്ടിനുകളെ ജീവകം-എ ആയി മാറാൻ സഹായിക്കുന്നത്.പശുക്കളെ അപേക്ഷിച്ച് ആടുകളുടെയും എരുമകളുടെയുമെല്ലാം ചെറുകുടൽ ഭിത്തിയിലെ സ്ഥരങ്ങളിൽ ബീറ്റ-കരോട്ടിൻ ഡീഓക്‌സിജനേസ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതുകാരണം കുടലിൽ വച്ച് തന്നെകരോട്ടിൻ വർണ്ണകങ്ങൾ ജീവകം-എ ആയി മാറുന്നതോടെ രക്തത്തിലും, തുടർന്നു പാലിലും എത്തിച്ചേരുന്ന വർണ്ണകത്തിന്റെ അളവ് കുറയും. ഇതാണ് എരുമപ്പാൽ വെളുവെളുത്തിരിക്കുന്നതും പശുവിൻപാൽ ഒരൽപ്പം മഞ്ഞയിൽ കാണപ്പെടാനുമുള്ള കാരണം. ഇങ്ങനെ രാസമാറ്റം വന്നുണ്ടായ ജീവകം-എ കണികകൾക്ക് മഞ്ഞനിറത്തെ പ്രതിഫലിക്കാനുള്ള കഴിവില്ല. പശുക്കളിൽ കരോട്ടിനുകൾ ജീവകം-എ ആയി മാറ്റുന്നത് പ്രധാനമായും കരളിൽവെച്ചും ശ്വാസകോശമടക്കമുള്ള മറ്റവയവങ്ങളിൽവെച്ചുമാണ്.  

വെച്ചൂർ പശുവും കിടാവും

പാൽ ഒരു സ്വർണ്ണഖനിയല്ല, പക്ഷേ ഒരു പോഷകഖനി

സ്വർണ്ണവും, വെള്ളിയും ഒന്നുമില്ലെങ്കിലും മാംസ്യം, കൊഴുപ്പ്, അന്നജം, ധാതുലവണങ്ങൾ, ജീവകങ്ങൾ  തുടങ്ങിയവയെല്ലാം കൃത്യമായ അനുപാതത്തിൽ അടങ്ങിയ ആഹാരമാണ് പാൽ. പാലിലെ ഈ ഘടകങ്ങളുടെ ദഹനശേഷിയും ആഗിരണശേഷിയുമെല്ലാം ഉയർന്നതു തന്നെ. പാലിനെ ഒരു സമീകൃതാഹാരം എന്നു  വിളിക്കുന്നതിന്റെയും ശരീര വളർച്ചയ്ക്കും വികാസത്തിനുമെല്ലാം പാൽ അത്യുത്തമമാണെന്ന് പറയുന്നതിന്റെയും കാരണം ഈ പോഷകസമൃദ്ധിതന്നെയാണ്. ദിവസം 300 മില്ലിലിറ്റർ പാലെങ്കിലും ഒരാൾ  കുടിക്കണമെന്നു ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ (ഐ.സി.എം.ആർ.) നിർദ്ദേശിക്കുതിന്റെ കാരണവും ഈ പോഷക പെരുമ തന്നെ.


പിൻകുറിപ്പ് : വിപണിയിൽ നിന്നും  നിത്യവും വാങ്ങി കഴിക്കുന്ന  പാലിൽ ആരോഗ്യത്തിന് വൻഭീഷണിയായ ഹൈഡ്രജൻ പെറോക്‌സൈഡ്, ഫോർമാലിൻ, ഡിറ്റർജന്റുകൾ, കാസ്റ്റിക് സോഡ, യൂറിയ, അമോണിയം സൾഫേറ്റ് തുടങ്ങിയ മായങ്ങളൊന്നും  കലർന്നിട്ടില്ല എന്നുറപ്പാക്കലാണ് പാലിൽ പൊന്നുണ്ടെന്നു വാദിച്ച് സമയം കളയുന്നതിനേക്കാൾ പ്രധാനമെന്ന കാര്യം എന്ന് ആരും മറക്കരുത്.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഗോമൂത്രത്തിലെ സ്വർണ്ണം
Next post കേരളത്തിന്റെ ഭാവിയെപ്പറ്റി ചർച്ചചെയ്യാൻ ഭൂശാസ്ത്ര വിദ്യാർഥികളുടെ സംവാദശാല
Close