Read Time:28 Minute

ഡോ. ജി.ആർ. സന്തോഷ് കുമാർ

കൊവിഡ്-19 ന് എതിരെ പലതരം വാക്സിനുകള്‍ ഇന്ന് ലഭ്യമാണ്. അവയൊക്കെ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിശദമാക്കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്. കഴിവതും ലളിതമായി ഇക്കാര്യം പറയാന്‍ ശ്രമിക്കാം.   

രോഗാണുക്കള്‍ക്കെതിരെ ഫലപ്രദമായി പൊരുതാന്‍ നമ്മുടെ ശരീരത്തെ സജ്ജമാക്കുന്ന വസ്തുക്കളാണ് വാക്സിനുകള്‍. വാക്സിന്‍ ഒരു ഔഷധമല്ല. ഒറ്റമൂലിയല്ല. രോഗപ്രതിരോധത്തിന് ആവശ്യമായ നിരവധി ഘടകങ്ങളില്‍ ഒന്ന് മാത്രമാണ്.

അടിസ്ഥാന പാഠം

കൊവിഡ്-19 വാക്സിനുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പറയും മുന്‍പ്, ശരീരം ഒരു രോഗത്തെ സ്വാഭാവികമായി പ്രതിരോധിക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടതുണ്ട്.

ഒരു വ്യക്തിയെ കൊവിഡ്-19 പോലെയുള്ള ഒരു രോഗം ബാധിക്കുമ്പോള്‍ ഇതാണ് സംഭവിക്കുന്നത്.

രോഗത്തിന് കാരണമായ അണു (കൊറോണവൈറസ്) വ്യക്തിയുടെ ശരീരത്തില്‍ പ്രവേശിക്കുകയും  ശരീരകോശങ്ങളെ ആക്രമിച്ച് കോശങ്ങള്‍ക്കുള്ളില്‍ കടക്കുകയും ചെയ്യുന്നു. പിന്നീട് അവ സ്വന്തം പ്രതിരൂപങ്ങളെ സൃഷ്ടിച്ചു കൊണ്ട് പെരുകുന്നു. ക്രമാതീതമായി വളരുന്നു. നമ്മുടെ ശരീരത്തിനുള്ളിലേക്കുള്ള ഒരു അന്യജീവിയുടെ (വൈറസിന്‍റെ) ഈ  അധിനിവേശത്തെയാണ് നാം ‘ഇന്‍ഫെക്ഷന്‍’ (infection )  അഥവാ ‘അണുബാധ’ എന്ന് വിളിക്കുന്നത്. ഈ അണുബാധയെ നാം രോഗമായി അനുഭവിക്കുന്നു.  ശരീരത്തിനുള്ളിലേക്ക് കടക്കുന്ന അന്യവസ്തുക്കളെ (രോഗാണുവിനെ) അമര്‍ച്ചചെയ്യാനായി നമ്മുടെ ശരീരത്തില്‍ ഒരു പ്രത്യേക സംവിധാനമുണ്ട്. അതിനെ വിളിക്കുന്ന പേരാണ്  ‘ഇമ്മ്യുണ്‍ സിസ്റ്റം’ (Immune System) അഥവാ രോഗപ്രതിരോധ വ്യവസ്ഥ. നമ്മുടെ ശരീരം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന പ്രത്യേക തരം കോശങ്ങള്‍ അടങ്ങിയതാണ് ഈ ഇമ്മ്യുണ്‍ വ്യവസ്ഥ. രക്തത്തില്‍ കാണുന്ന വെളുത്ത രക്താണുക്കള്‍ (White Blood Cells) അഥവാ ശ്വേതരക്തകോശങ്ങളാണ് ഇമ്മ്യുണ്‍ വ്യവസ്ഥയിലെ പ്രധാന കോശങ്ങള്‍. രോഗാണുക്കളോട് പൊരുതുന്ന ശരീരത്തിലെ സൈനികരാണ് അവര്‍.

നമ്മുടെ ശരീരത്തില്‍ പ്രധാനമായും മൂന്ന് തരത്തിലുള്ള ശ്വേതരക്തകോശങ്ങളാണുള്ളത്.

  1. മാക്രോഫേജുകള്‍ (Macrophages) –  ശരീരത്തിലേക്ക് കടക്കുന്ന രോഗാണുക്കളെ വിഴുങ്ങിയും ദഹിപ്പിച്ചും ഇല്ലാതാക്കുക, മരിച്ചതും പഴകി പ്രവര്‍ത്തന രഹിതമാകുന്നതുമായ കോശങ്ങളെ നീക്കം ചെയ്യുക എന്നിവയാണ് വലിപ്പം കൂടിയ ഈ വെളുത്തരക്താണുക്കളുടെ ജോലി.
  2. ബി-ലിംഫോസൈറ്റുകള്‍ (B Lymphocytes) – ഇവ രോഗാണുക്കള്‍ക്കെതിരെ പ്രതിവസ്തുക്കള്‍ (ആന്റിബോഡി – Antibody) നിര്‍മ്മിക്കുന്നു. മാക്രോഫേജുകള്‍ അവശേഷിപ്പിക്കുന്ന രോഗാണുക്കള്‍ക്കെതിരെയും രോഗാണു ഭാഗങ്ങള്‍ക്കെതിരെയും ആന്റിബോഡികള്‍ പൊരുതുന്നു.
  3. ടി-ലിംഫോസൈറ്റുകള്‍ (T Lymphocytes) – ഇവ ശരീരത്തില്‍ രോഗബാധയേറ്റ (രോഗാണുക്കള്‍ ഉള്ളില്‍ കടന്ന)  കോശങ്ങള്‍ക്കെതിരെ പൊരുതുന്നു.

കൊറോണ വൈറസ് ശരീരത്തിന്‍റെ ഉള്ളില്‍ കടക്കുമ്പോള്‍ ഇമ്മ്യുണ്‍ വ്യവസ്ഥയുടെ പ്രതികരണം  

കൊവിഡ്-19 ന് കാരണമായ കൊറോണവൈറസ് ഒരാളെ ആദ്യമായി ബാധിക്കുന്നതായി സങ്കല്‍പ്പിക്കുക. അയാളുടെ ശരീരത്തിലെ ഇമ്മ്യുണ്‍ വ്യവസ്ഥയ്ക്ക് അണുബാധയെ ഉടനടി ചെറുക്കാന്‍ കഴിയില്ല. കാരണം ഈ  കൊറോണവൈറസ് പുതിയതരം വൈറസാണ്.  ശരീരത്തിന് അതിനെ പരിചയമില്ല. അതിനെ എങ്ങനെ പ്രതിരോധിക്കണം എന്നറിയില്ല. ശ്വേതരക്തകോശങ്ങള്‍ അതിനായി പ്രാപ്തി നേടാന്‍ ദിവസങ്ങളോ, ആഴ്ചകളോ എടുത്തതെന്ന് വരാം. ശ്വേതരക്തകോശങ്ങള്‍  പുതിയ വൈറസിനെ തിരിച്ചറിഞ്ഞ്, പ്രതിരോധിക്കാന്‍ ശേഷി നേടുമ്പോഴാണ് രോഗബാധിതനായ വ്യക്തിക്ക് അണുബാധയെ മറികടക്കാനും ആരോഗ്യം വീണ്ടെടുക്കാനും കഴിയുന്നത്. ഇങ്ങനെ സൗഖ്യം പ്രാപിക്കുന്ന വ്യക്തിയുടെ ശരീരത്തിലെ ഇമ്മ്യുണ്‍ വ്യവസ്ഥ അപ്പോഴേയ്ക്കും ഒരു പ്രത്യേക കഴിവ് ആര്‍ജ്ജിച്ചിരിക്കും. പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാനായി സ്വീകരിച്ച മാര്‍ഗ്ഗങ്ങളെക്കുറിച്ച് ഓര്‍ത്തുവെയ്ക്കാനുള്ള കഴിവ്. ഭാവിയില്‍ വീണ്ടും ഉപയോഗിക്കാന്‍ വേണ്ടിയാണ് ഈ ഓര്‍ത്തുവേയ്പ്പ്.

ഈ വ്യക്തിയുടെ ശരീരത്തെ കൊറോണ വൈറസ് വീണ്ടും ആക്രമിക്കുന്നതായി സങ്കല്‍പ്പിക്കുക.  നേരത്തെ രോഗപ്രതിരോധത്തില്‍ പങ്കെടുത്ത ടി-ലിംഫോസൈറ്റുകള്‍ പെട്ടെന്ന് വൈറസിനെ തിരിച്ചറിയും. വൈറസിന് എതിരെയുള്ള  പ്രതിരോധത്തിന്റെ പാഠങ്ങള്‍  ഇപ്പോള്‍ അവയുടെ കൈയ്യിലുണ്ട്‌. ഈയൊരു പ്രത്യേകത കാരണം  ടി-ലിംഫോസൈറ്റുകളെ  നാം ഇമ്മ്യുണ്‍ വ്യവസ്ഥയിലെ ‘സ്മൃതികോശങ്ങള്‍’ (Memory Cells) എന്നാണ് വിളിക്കുന്നത്. പ്രതിരോധത്തിന്റെ ഓര്‍മ്മകളെ/തുടര്‍ച്ചയെ ശരീരത്തില്‍ നിലനിറുത്തുന്നത് അവയാണ്.  അവ ഉടനടി പ്രതികരിക്കും. ഒപ്പം, വൈറസിനെ തിരിച്ചറിയുന്ന ബി-ലിംഫോസൈറ്റുകള്‍ പ്രത്യാക്രണത്തിന് സജ്ജമാക്കും. ശരീരത്തില്‍ വൈറസിനെതിരായി ഉടനടി ആന്റിബോഡികള്‍ ഉണ്ടാവും.  ഒരിക്കല്‍ രോഗം വന്നവരില്‍ വീണ്ടും രോഗം വരാതിരിക്കാന്‍ സഹായിക്കുന്ന ഈ ശക്തിയെയാണ് നാം ‘ഇമ്മ്യൂണിറ്റി’ (Immunity) എന്ന് വിളിക്കുന്നത്. കൊവിഡ്-19 ബാധിച്ച ഒരാളില്‍ ഈ ശേഷി എത്രനാള്‍ നിലനില്‍ക്കും? ഇനിയും വ്യക്തത വരേണ്ട ഒരു വിഷയമാണിത്.

കൊവിഡ്-19 വാക്സിന്‍

എല്ലാ വാക്സിനുകളെയും പോലെ കൊവിഡ്-19 വാക്സിന്റേയും ലക്ഷ്യം ഇതാണ്: രോഗമുണ്ടാകാതെ രോഗത്തിന് കാരണമായ അണുവിനെതിരെ ശരീരത്തില്‍ ഇമ്മ്യൂണിറ്റി സൃഷ്ടിക്കുക. പലതരം കൊവിഡ്-19 വാക്സിനുകള്‍ ഇന്ന് ലഭ്യമാണെന്ന് പറഞ്ഞല്ലോ. ശരീരത്തില്‍ അവ ഇമ്മ്യൂണിറ്റി സൃഷ്ടിക്കുന്നത് വ്യത്യസ്ത രീതികളിലാണ്. എങ്കിലും ആത്യന്തികമായി എല്ലാ കൊവിഡ്-19 വാക്സിനുകളും ചെയ്യുന്നത് ഒരൊറ്റ കാര്യമാണ്. കൊറോണ വൈറസിനെതിരായ പ്രതിരോധത്തിന്റെ ‘ഓര്‍മ്മ’യെ വഹിക്കുന്ന ടി-ലിംഫോസൈറ്റുകളേയും  വൈറസിനെതിരെ  എങ്ങനെ പൊരുതണം എന്ന് മനസിലാക്കിയ ബി-ലിംഫോസൈറ്റുകളേയും ശരീരത്തില്‍ ലഭ്യമാക്കുക.

കൊവിഡ് വാക്സിന്‍ കുത്തിവെയ്ക്കുമ്പോള്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള  ടി, ബി ലിംഫോസൈറ്റുകളെ ശരീരം സ്വാഭാവികമായി നിര്‍മ്മിക്കുന്നു. കുത്തിവെയ്പ്പ് അതിനായുള്ള  പ്രേരണയാണ്.  കുത്തിവെയ്പ്പ് കഴിഞ്ഞ് രണ്ടോ മൂന്നോ ആഴ്ചകള്‍ പിന്നിടുമ്പോഴായിരിക്കും ഒരു വ്യക്തിയുടെ ശരീരം ഈ ശേഷി ആര്‍ജ്ജിക്കുക.

വ്യത്യസ്ത കൊവിഡ് –19 വാക്സിനുകള്‍

നാലുതരം കൊവിഡ് -19 വാക്സിനുകളാണ് ഇപ്പോള്‍ നമ്മുടെ മുന്നിലുള്ളത്.

1. എം.ആര്‍.എന്‍.എ (mRNA) വാക്സിന്‍

  1. ബയോഎന്‍ടെക് (ഫൈസര്‍)
  2. മോഡേണ

2. വൈറല്‍ വെക്ടര്‍ (Viral vector) വാക്സിന്‍  

  1. കോവിഷീല്‍ഡ് (ഓക്സ്ഫോര്‍ഡ് ആസ്ത്രസെനേക്ക)
  2. സ്പൂട്നിക്ക്
  3. ജോണ്‍സന്‍ ആന്‍റ് ജോണ്‍സണ്‍

3. ഇനാക്ടിവേറ്റെഡ് വൈറസ് (Inactivated virus) വാക്സിന്‍  

  1. കൊറോണവാക്
  2. സിനോഫാര്‍മ
  3. കൊവാക്സിന്‍

4. പ്രോട്ടീന്‍ സബ്ബ് യൂണിറ്റ് (Protein subunit) വാക്സിന്‍

  1. നോവാവാക്സ്

എം.ആര്‍.എന്‍.എ (mRNA) വാക്സിന്‍ പ്രവര്‍ത്തിക്കുന്ന രീതി

ഇത് പുതിയ തരം വാക്സിനാണ്. സാധാരണ വാക്സിനും mRNA വാക്സിനും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണെന്ന് പറയാം.

സാധാരണ വാക്സിനുകളില്‍, ഒരു രോഗത്തിനെതിരെ ഇമ്മ്യൂണിറ്റി ഉണ്ടാക്കാനായി ഉപയോഗിക്കുന്നത് അതേ രോഗത്തിന് കാരണമായ രോഗാണുവിനെ തന്നെയാണ്. വാക്സിനില്‍ രോഗാണുവിനെ അതേപടിയല്ല  ഉപയോഗിക്കുന്നത്.  ഒന്നുകില്‍ അവയുടെ വീര്യം കുറയ്ക്കും. അല്ലെങ്കില്‍ മൃതമായ രോഗാണുവിനെ ഉപയോഗിക്കും.  ഇങ്ങനെ മാറ്റം വരുത്തിയ രോഗാണു അടങ്ങിയ വാക്സിന്‍ കുത്തിവെയ്ക്കുമ്പോള്‍ ശരീരത്തില്‍ ആ രോഗാണു വരുത്തി വെയ്ക്കുന്ന രോഗത്തിനെതിരായി പ്രതിരോധശക്തി ഉണ്ടാകുന്നു.

എന്നാല്‍ mRNAവാക്സിന്‍ വ്യത്യസ്തമാണ്.  ഇതിലുള്ളത് മെസെന്‍ജര്‍ റൈബോ ന്യൂക്ളിക് ആസിസ് (Messenger Ribonucleic Acid) എന്ന ഒരു  ജനിതക വസ്തുവാണ്.  ഈ ജനിത പദാര്‍ത്ഥം കോശങ്ങളുടെ ഒരു പരിശീലകനാണെന്ന് പറയാം, ഒരു പ്രത്യേക തരം പ്രോട്ടീന്‍ ആല്ലെങ്കില്‍ പ്രോട്ടീന്‍ കണം നിര്‍മ്മിക്കാന്‍  അത് കോശങ്ങളെ പഠിപ്പിക്കുന്നു. നമ്മുടെ ശരീരത്തിലെ ഇമ്മ്യൂണ്‍ വ്യവസ്ഥ പിന്നീട് ഈ പ്രോട്ടീനിനെതിരെ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കുന്നു. ശരീരത്തിന് രോഗപ്രതിരോധ ശക്തി ലഭിക്കുന്നു.

ഇക്കാര്യം കുറച്ചുകൂടി വിശദീകരിക്കാം.

നമ്മുടെ കോശം ഒരു പ്രോട്ടീന്‍ നിര്‍മ്മാണ ഫാക്ടറിയാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ഓരോ ദിവസവും നിരവധി പ്രോട്ടീനുകളാണ് കോശങ്ങള്‍ക്കുള്ളില്‍ നിമ്മിച്ചു കൊണ്ടിരിക്കുന്നത്. ഈ നിര്‍മ്മാണ പ്രക്രീയ നടക്കുന്നത് കോശകേന്ദ്രത്തിനുള്ളിലെ സങ്കീര്‍ണ്ണമായ ജനിതക പദാര്‍ത്ഥമായ ഡി.എന്‍.എ യുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ്. കോശകേന്ദ്രത്തിനുള്ളില്‍ നിന്നും കോശദ്രവത്തിലേക്ക് DNA ഈ നിര്‍ദ്ദേശങ്ങള്‍ അയയ്ക്കുന്നത്  എങ്ങനെയാണ്?  ലളിതമായ ഒരു ജനിതക ശകലത്തിന്റെ രൂപത്തിലാണ് നിര്‍ദ്ദേശങ്ങള്‍ DNAയില്‍ നിന്ന്  കോശദ്രവ്യത്തില്‍ എത്തുന്നത്. ഇതിനെ വിളിക്കുന്ന പേരാണ് mRNA. സന്ദേശവാഹകനായ (Messenger) ഒരു ജനിതകവസ്തു! ഈ mRNA യില്‍ അടങ്ങിയിട്ടുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി കോശം ഒരു പ്രത്യേക പ്രോട്ടീന്‍ നിര്‍മ്മിക്കുന്നു. കോശങ്ങള്‍ക്കുള്ളില്‍ നിരന്തരം നടക്കുന്ന ഒരു പ്രക്രീയയാണിത്.

ഇനി, ശരീരത്തിന്റെ  അകത്ത് നിന്നല്ലാതെ പുറത്തുനിന്ന് ഒരു mRNA കോശത്തിനകത്ത് കയറുന്നതായി സങ്കല്‍പ്പിക്കുക. പുറമേ നിന്നുവന്ന ഈ  mRNA യുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കോശങ്ങള്‍  പ്രവര്‍ത്തിക്കുമോ? തീര്‍ച്ചയായും പ്രവര്‍ത്തിക്കും. കൊറോണവൈറസ് അങ്ങനെയാണ് നമ്മുടെ ശരീരത്തെ കീഴടക്കുന്നത്. ശരീരത്തിനുള്ളില്‍ കയറുന്ന  കൊറോണവൈറസ് അതിന്റെ ജനിതക പദാര്‍ത്ഥമായ RNA യെ mRNA യാക്കി മാറ്റി നമ്മുടെ കോശങ്ങള്‍ക്കുള്ളില്‍ നിക്ഷേപിക്കുന്നു. ശേഷം വൈറസ്  mRNA യുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നമ്മുടെ കോശങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നു.

ഈ വിദ്യ വൈറസിനെതിരെ പ്രയോഗിച്ച്  രോഗപ്രതിരോധം സൃഷ്ടിക്കാന്‍ നമുക്ക് കഴിയുമോ? തീര്‍ച്ചയായും കഴിയും.  അതിന്റെ പരിണിത ഫലമാണ് കോവിഡ് 19 mRNA വാക്സിന്‍.

അതെങ്ങനെയാണെന്ന് നോക്കാം.

ചിത്രം 2 കാണുക. ഒരു കൊറോണ വൈറസിനന്‍റെ ഘടനയാണത്. വൈറസിന്റെ പ്രതലത്തില്‍ കിരീടം പോലെ പുറത്തേക്ക് തള്ളിനില്‍ക്കുന്നത് ഒരു പ്രോട്ടീനാണ്.  ഇതിനെ സ്പൈക്ക് പ്രോട്ടീന്‍ (Spike protein) അല്ലെങ്കില്‍ S പ്രോട്ടീന്‍ എന്ന് വിളിക്കുന്നു. ഈ പ്രോട്ടീന്‍ ഉപയോഗിച്ചാണ് വൈറസ് നമ്മുടെ കോശങ്ങളില്‍ പറ്റിപ്പിടിക്കുന്നത്.

സ്പൈക്ക് പ്രോട്ടീന്റെ ഘടന ശാസ്ത്രജ്ഞര്‍ വളരെ കൃത്യതയോടെ ഇന്ന് മനസിലാക്കിയിട്ടുണ്ട്. ഈ അറിവ് വാക്സിന്‍ നിര്‍മ്മാണത്തില്‍ നാം പ്രയോഗിക്കുന്നു. ജനറ്റിക് എഞ്ചിനീയറിംഗിലെ സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തി കൊവിഡ് 19 വൈറസിന്റെ S പ്രോട്ടീനിന് സമാനമായ പ്രോട്ടീന്‍ കണങ്ങളെ മനുഷ്യ കോശങ്ങള്‍ക്കുള്ളില്‍ ഉല്പാദിപ്പിക്കാന്‍ സഹായിക്കുന്ന ഒരു mRNA യെ ശാസ്ത്രജ്ഞന്‍മാര്‍ രൂപകല്പന ചെയ്തെടുക്കുന്നു. ഒരു ആവരണത്താല്‍ പൊതിഞ്ഞ ഈ mRNAയെയാണ് കോവിഡ് mRNA വാക്സിനില്‍ നാം ഉപയോഗിക്കുന്നത്. ആവരണം നല്‍കുന്നത് mRNA നശിച്ചു പോകാതിരിക്കാനും ശരീരത്തിലേക്ക് അവയെ സുഗമമായി കടത്തി വിടാനും വേണ്ടിയാണ്. കോശങ്ങള്‍ക്കുള്ളില്‍ എത്തുന്ന mRNA സ്പൈക്ക് പ്രോട്ടീനിന് സമാനമായ പ്രോട്ടീന്‍ കണങ്ങള്‍ നിര്‍മ്മിക്കാന്‍ കോശങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു. പ്രോട്ടീന്‍ നിര്‍മ്മാണം കഴിഞ്ഞാല്‍ mRNAയെ കോശങ്ങള്‍ വിഘടിപ്പിക്കുയും കോശത്തില്‍ നിന്ന് പുറം തള്ളുകയും ചെയ്യുന്നു.

ചിത്രം 3 കാണുക.

കോശങ്ങള്‍ക്കുള്ളില്‍ ഉണ്ടായ പ്രോട്ടീന്‍ കണങ്ങളെ കോശം അതിന്‍റെ പ്രതലത്തിലേക്ക് കൊണ്ടുവരികയും കോശഭിത്തിയില്‍ നിരത്തുകയും ചെയ്യുന്നു. നമ്മുടെ ഇമ്മ്യൂണ്‍ വ്യവസ്ഥ പുതിയ ഈ പ്രോട്ടീന്‍ കണങ്ങളെ  തിരിച്ചറിയുകയും അതിനെതിരെ പ്രതിവസ്തുക്കള്‍ – ടി ലിംഫോസൈറ്റുകളും ആന്റിബോഡികളും നിര്‍മ്മിക്കുകയും ചെയ്യുന്നു. അവ  കൊവിഡ് -19 അണുബാധയുണ്ടാകുമ്പോള്‍ ശരീരം നിര്‍മ്മിക്കുന്ന  ടി ലിംഫോസൈറ്റുകള്‍ക്കും ആന്റിബോഡികള്‍ക്കും സമാനമായിരിക്കും. കൊവിഡ് -19 രോഗാണുക്കള്‍ ഭാവിയില്‍ ശരീരത്തെ ആക്രമിക്കുമ്പോള്‍ അവ രോഗം പിടിപെടാതെ നമ്മെ സംരക്ഷിക്കുന്നു.

ചുരുക്കത്തില്‍, എല്ലാ വാക്സിനുകളെയും പോലെ ഒരു രോഗത്തിനെതിരെ എങ്ങനെ പ്രതികരിക്കണം എന്ന് മുന്‍കൂറായി നമ്മുടെ കോശങ്ങളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുകയാണ് mRNA വാക്സിനും.

mRNA വാക്സിനില്‍ കൊറോണ വൈറസിനെയോ, വൈറസിന്‍റെ ഭാഗങ്ങളെയോ ഉപയോഗിക്കുന്നില്ല എന്നതാണ് പ്രത്യേകത. അതിനാല്‍ വാക്സിനേഷന്റെ പാര്‍ശ്വഫലമായി  കൊവിഡ്-19 ബാധിക്കില്ല. ഇതില്‍ ഉപയോഗിക്കുന്ന mRNA ഒരിക്കലും കോശകേന്ദ്രത്തിലേക്ക് പോവുകയോ DNA യുമായി സമ്പര്‍ക്കമുണ്ടാക്കുകയോ ചെയ്യുന്നില്ല. കോശത്തിനാവശ്യമായ നിര്‍ദ്ദേശം നല്‍കിയ ശേഷം mRNA വിഘടിക്കുകയും കോശത്തില്‍ നിന്ന്  പുറംതള്ളപ്പെടുകയും ചെയ്യുന്നു.

ഫ്ലൂ പനി, സീക്ക, പേവിഷം തുടങ്ങി നിരവധി രോഗങ്ങള്‍ക്കെതിരെ mRNA വാക്സിനുകള്‍ ഇന്ന് ഉപയോഗിച്ചു വരുന്നു. ഇതിന്‍റെ സുരക്ഷിതത്വവും ഫലപ്രാപ്തിയും ഇതിനകം തെളിയിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.

വൈറല്‍ വെക്ടര്‍ (Viral vector) വാക്സിന്റെ പ്രവര്‍ത്തന രീതി

ചിത്രം 4 കാണുക. mRNA വാക്സിനില്‍ നിന്നും വൈറല്‍ വെക്ടര്‍ വാക്സിന്റെ വ്യത്യാസം ഇതാണ്. ലാബില്‍ രൂപകല്‍പ്പന ചെയ്യപ്പെടുന്ന  mRNA ക്ക് പകരം ഇവിടെ കൊവിഡ് വൈറസിന്റെ ജനിതക  പദാര്‍ത്ഥമായ RNA തന്നെ  ഉപയോഗിക്കുന്നു.

mRNA വാക്സിനില്‍ mRNAയെ ശരീരത്തിലേക്ക് കടത്തിവിടുന്നത് ഒരു ആവരണത്തിന്റെ സഹായത്തോടെയാണ്. വൈറല്‍ വെക്ടര്‍ വാക്സിനില്‍ അതിനുപകരം അഡിനോ വൈറസിനെ (Adenovirus) ഉപയോഗിക്കുന്നു.

അഡിനോ വൈറസ്  എന്നത് ശക്തികുറഞ്ഞതും തീര്‍ത്തും നിരുപദ്രവകരവുമായ ഒരു സൂക്ഷ്മാണുവാണ്. ശാസ്ത്രജ്ഞര്‍ അതിന്റെ ഉള്ളിലേക്ക് ജനറ്റിക് എഞ്ചിനീയറിംഗിലൂടെ കൊറോണവൈറസിന്റെ RNA നെ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.  ഈ അഡിനോ വൈറസ്-കൊറോണ RNA സംയുക്തമാണ് വൈറല്‍ വെക്ടര്‍ വാക്സിനില്‍ അടങ്ങിയിരിക്കുന്നത്. കൊറോണവൈറസിന്റെ RNA യെ നമ്മുടെ കോശത്തിലേക്ക് കടത്തി വിടാനുള്ള വാഹകമായി (വൈറല്‍ വെക്ടര്‍) അഡിനോ വൈറസ് പ്രവര്‍ത്തിക്കുന്നു. വൈറല്‍ വെക്ടറില്‍ നിന്ന് വേര്‍പെട്ട് കോശത്തിലെത്തുന്ന കൊവിഡ് RNA, സ്പൈക്ക് പ്രോട്ടീനിന് സമാനമായ പ്രോട്ടീന്‍ കണങ്ങള്‍ നിര്‍മ്മിക്കാന്‍ കോശങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു. പുതിയ പ്രോട്ടീന്‍ കണങ്ങളെ കോശങ്ങള്‍ പിന്നീട് അവയുടെ  പ്രതലങ്ങളിലേക്ക് കൊണ്ടുവരുന്നു.  ഇമ്മ്യൂണ്‍ വ്യവസ്ഥ അവയ്ക്കെതിരെ ടി-ലിംഫോസൈറ്റുകളും  ആന്റിബോഡികള്‍ നിര്‍മ്മിക്കുന്നു. കൊവിഡ് -19 വൈറസ് ഭാവിയില്‍ ശരീരത്തെ ആക്രമിക്കുമ്പോള്‍ അവ  രോഗം പിടിപെടാതെ നമ്മെ സംരക്ഷിക്കുന്നു.

ഈ വാക്സിനില്‍ ജീവനുള്ള വൈറസിനെ ഉപയോഗിക്കുന്നില്ല. അതിനാല്‍ വാക്സിനേഷന്റെ പാര്‍ശ്വഫലമായി കൊവിഡ്-19 ബാധിക്കില്ല. വൈറല്‍ വെക്ടറായി ഉപയോഗിക്കുന്ന അഡിനോവൈറസ് വഴി രോഗമുണ്ടാക്കുകയും ചെയ്യുന്നില്ല. ഇതില്‍ ഉപയോഗിക്കുന്ന കൊവിഡ് RNA കോശത്തിനുള്ളിലെ DNA യുമായി സമ്പര്‍ക്കമുണ്ടാക്കുന്നില്ല. ഈ വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമാണ്.

ഇനാക്ടിവേറ്റെഡ് വൈറസ് (Inactivated virus) വാക്സിന്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ?

 

ചിത്രം 5 കാണുക. പരമ്പരാഗതമായ വാക്സിന്‍ നിര്‍മ്മാണരീതിയാണ് ഇവിടെ അവലംബിക്കുന്നത്. പോളിയോ, വില്ലന്‍ചുമ, റാബിസ്, ഹെപ്പറ്റൈറ്റിസ്-എ, എം.എം.ആര്‍ തുടങ്ങി ഇന്ന് പരക്കെ ഉപയോഗിക്കുന്ന വാക്സിനുകള്‍ ഇനാക്ടിവേറ്റെഡ് വൈറസ് വാക്സിനുകളാണ്. രോഗത്തിന് കാരണമായ രോഗാണുവിന്റെ മൃതമായ രൂപമാണ് ഇവിടെ വാക്സിനില്‍ ഉപയോഗിക്കുന്നത്.

കൊവിഡ്-19 ന് എതിരെയുള്ള ഇനാക്ടിവേറ്റെഡ് വൈറസ് വാക്സിന്‍ നിര്‍മ്മിക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആദ്യമായി കൊവിഡ്-19 വൈറസുകളെ ലാബില്‍ വന്‍തോതില്‍ വളര്‍ത്തിയെടുക്കുന്നു. പിന്നീട് അവയെ ചൂട്/റേഡിയേഷന്‍/രാസവസ്തുകള്‍ എന്നിവ പ്രയോഗിച്ച് നിര്‍ജ്ജീവമാക്കുന്നു. കൊവിഡ്-19 വൈറസിന്റെ ജനിതക വസ്തുവായ RNA യെ നശിപ്പിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഇങ്ങനെയുള്ള കൊവിഡ്-19 വൈറസുകള്‍ക്ക് പിന്നീട് സ്വന്തം പ്രതിരൂപങ്ങള്‍ സൃഷ്ടിച്ച് വംശവര്‍ധന നടത്താന്‍ കഴിയില്ല. അവ മരിച്ചു കഴിഞ്ഞു. അങ്ങനെ RNA നഷ്ടപ്പെട്ട, വംശവര്‍ധനയ്ക്ക് കഴിവില്ലാത്തെ, ജഢമായി തീര്‍ന്ന ഒരു മുഴുവന്‍ വൈറല്‍ ശരീരത്തെയാണ് വാക്സിനില്‍ നാം ഉയോഗിക്കുന്നത്. മൃതമായ ഈ വൈറസ് ശരീരം നമ്മുടെ കോശങ്ങളില്‍ കടക്കുമ്പോള്‍ ശരീരത്തിലെ ഇമ്മ്യൂണ്‍ വ്യവസ്ഥ അതിനെതിരെ പ്രതികരിക്കുകയും കൊവിഡ് -19 നെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ടി-ലിംഫോസൈറ്റുകളും ആന്റിബോഡികളും നിര്‍മ്മിക്കുകയും ചെയ്യുന്നു. ഭാവിയില്‍ കൊവിഡ് വൈറസ് ശരീരത്തെ ആക്രമിക്കുമ്പോള്‍ അവ രോഗത്തില്‍ നിന്ന് നമ്മെ സംരക്ഷിക്കുന്നു.

മൃതമായ കൊവിഡ്-19 വൈറസിന് നമ്മുടെ ശരീരത്തില്‍ വളരാന്‍ കഴിയില്ല. അതിനാല്‍ ഈ വാക്സിന്‍ വഴി കൊവിഡ്-19 രോഗബാധയുണ്ടാവില്ല. സ്പൈക്ക് പ്രോട്ടീനിനെ മുന്‍നിറുത്തി തയ്യാറാക്കുന്ന വാക്സിനുകളില്‍ നിന്ന് വ്യത്യസ്തമായി, മുഴുവന്‍ വൈറസ് ശരീരത്തെ ഇവിടെ ഉപയോഗിക്കുന്നതുകൊണ്ട് ഇനാക്ടിവേറ്റെഡ് വൈറസ് വാക്സിനുകള്‍ കൊവിഡ്-19 വൈറസിന്റെ വിഭിന്ന വകഭേദങ്ങല്‍ക്കെതിരെ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്ന് പറയപ്പെടുന്നു. എളുപ്പമുള്ള സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗിക്കുന്നതെങ്കിലും വാക്സിന്‍ നിര്‍മ്മാണത്തിന് കൂടുതല്‍ സമയം ആവശ്യമാണ്.

പ്രോട്ടീന്‍ സബ്ബ് യൂണിറ്റ് (Protein subunit) വാക്സിന്‍

മൃതമായ കൊവിഡ്-19 വൈറസിനെ മുഴുവനായി ഉപയോഗിക്കുന്നതിന് പകരം വൈറസിന്റെ ഒരു പ്രോട്ടീന്‍ ഭാഗമായിരിക്കും ഇത്തരം വാക്സിനുകളില്‍ ഉപയോഗിക്കുക. ഉദാഹരണമായി കൊവിഡ്-19 വൈറസിന്റെ സ്പൈക്ക് പ്രോട്ടീന്‍. നിജ്ജീവവും നിരുപദ്രകരവുമായി തീരുന്ന ഈ വൈറല്‍ സ്പൈക്ക് പ്രോട്ടീന്‍ മനുഷ്യകോശങ്ങളില്‍ കടക്കുമ്പോള്‍ ശരീരത്തിലെ ഇമ്മ്യൂണ്‍ വ്യവസ്ഥ അവയ്ക്കെതിരെ ടി-ലിംഫോസൈറ്റുകളും ആന്റിബോഡികളും നിര്‍മ്മിക്കുന്നു. അവ ഭാവിയില്‍ കൊവിഡ് 19 രോഗബാധയില്‍ നിന്ന് നമ്മെ സംരക്ഷിക്കുന്നു.

ഏതാണ് ഏറ്റവും നല്ല കൊവിഡ്-19  വാക്സിന്‍?

ഉത്തരം ലളിതമാണ്. നിങ്ങള്‍ക്ക് ആദ്യം ലഭ്യമാകുന്ന അംഗീകൃത വാക്സിന്‍ ഏതാണോ അതാണ്‌ ഏറ്റവും നല്ല കൊവിഡ്-19 വാക്സിന്‍. ഒരു പ്രത്യേക ബ്രാന്റിന് വേണ്ടി കാത്തിരിക്കുന്നത് ഒട്ടും ഉചിതമല്ല. എല്ലാ അംഗീകൃത വാക്സിനുകളും സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്.

വാക്സിന്‍ കൊവിഡ്-19 പാന്‍ഡമിക്കിന് അന്ത്യം കുറിക്കാനുള്ള നിരവധി മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. അത് നിങ്ങളുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കുന്നു. പക്ഷെ അതുകൊണ്ട് മാത്രം കൊവിഡ്-19 വൈറസ് പിന്തിരിഞ്ഞുപോവില്ല.  കൊവിഡ്-19 വൈറസിന്റെ വ്യാപനത്തെ തടയുന്ന മറ്റു പ്രതിരൊധ മാര്‍ഗ്ഗങ്ങള്‍ കൂടി വാകിനേഷനൊപ്പം തുടരേണ്ടതുണ്ട്. അതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് 7 കാര്യങ്ങളാണ്.

  1. മാസ്ക് ധരിക്കുക
  2. അടഞ്ഞതും വായുസഞ്ചാരമില്ലാത്തതുമായ മുറികളില്‍ കയറരുത്
  3. ഇടുങ്ങിയ സ്ഥലങ്ങളില്‍ കൂട്ടം ചേരരുത്
  4. ചെറുതും വലുതുമായ ആള്‍കൂട്ടങ്ങള്‍ ഒഴിവാക്കുക
  5. ദിവസവും വ്യായാമം ചെയ്യുക
  6. പോഷകങ്ങളും വൈറ്റമിനുകളുമുള്ള സമീകൃതാഹാരം കഴിക്കുക
ഒപ്പം ഷോപ്പിംഗ് സമയത്തും പുറത്ത് പോകുമ്പോഴും സാമൂഹിക അകലം പാലിക്കുക, കൈകള്‍ വൃത്തിയായി സൂക്ഷിക്കുക, മദ്യം നിയന്ത്രിക്കുക. പുകവലി നിങ്ങളുടെ ശ്വാസകോശങ്ങളുടെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കും. കടുത്ത അന്തരീക്ഷ മലിനീകരണമുള്ള ഒരു നഗരത്തില്‍ ജീവിക്കുന്നത് പോലെയാണത്. പുകവലി നിറുത്താന്‍ നിങ്ങള്‍ ആലോചിക്കുന്നുണ്ടെങ്കില്‍ അത് ഏറ്റവും ആവശ്യമായ സമയം ഇപ്പോഴാണ്. പുകവലി പൂര്‍ണ്ണമായും നിറുത്തുക.

കൊവിഡ്-19 വാക്സിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് എഴുതുന്നതാണ്.നന്ദി.


ഡോ.ജി.ആർ.സന്തോഷ് കുമാറിന്റെ ബ്ലോഗ് പോസ്റ്റ് – https://prescriptionsgr.wordpress.com/


 പോഡ്കാസ്റ്റുകൾ

 


വാക്സിൻ സംബന്ധിച്ച ലൂക്ക ലേഖനങ്ങളും വീഡിയോകളും


 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഫ്ലൂ – മഹാമാരിയുടെ താണ്ഡവം
Next post ലൂക്കയുടെ കോവിഡ് വാക്സിൻ വിജ്ഞാനശേഖരം – ഡൗൺലോഡ് ചെയ്യാം
Close