ജീവൻ ഗർഭപാത്രത്തിന് പുറത്ത് വളർത്തിയെടുക്കാനുള്ള ശ്രമങ്ങൾ നേരത്തേ തുടങ്ങിയിരുന്നു. 1934 ൽ ആണ് ആദ്യമായി ഒരു ജീവൻ ഗർഭപാത്രത്തിന് പുറത്ത് വിജയകരമായി സൃഷ്ടിച്ചത്. ഡോൿറ്റർ ഗ്രിഗറി പിൻകസ് ആണ് ആ മഹത്തായ കണ്ടുപിടുത്തത്തിൻറെ ഉടമ. ഒരു മുയലിന്റെ കുഞ്ഞിനെയാണ് അദ്ദേഹം ടെസ്റ്റ് റ്റ്യൂബിൽ സൃഷ്ടിച്ചത്. പിന്നീട് ഈ പരീക്ഷണം സാവകാശം മനുഷ്യരിലേക്ക് നീണ്ടു.
1978 ജൂലായ് 25 ന് ലോകത്തിലെ ആദ്യ ടെസ്റ്റ് ററ്യൂബ് ശിശുവിനെ ഡോ റോബർട്ട് എഡ്വേഡും ഡോ പാട്രിക് സ്റ്റെപ്റ്റോയും ചേർന്ന് സൃഷ്ടിച്ച് വൈദ്യശാസ്ത്രരംഗത്ത് മഹത്തായ ഒരു വിപ്ലവം തന്നെ ഉണ്ടാക്കി. ലൂയിസ് ജോയ് ബ്രൗൺ എന്നാണ് ആ കുട്ടിയുടെ പേര്. അധികം കഴിയുന്നതിന് മുൻപ് ഒരു ടെസ്റ്റ് ററ്യൂബ് ശിശു ഇന്ത്യയിലും ജനിച്ചു: ദുർഗ. ലോകത്തിലെ രണ്ടാമത്തെ ടെസ്റ്റ് ററ്യൂബ് ശിശുവാണ് ദുർഗ. കൊൽക്കത്തയിലെ ഡോ സുബാഷ് മുഖോപാധ്യായയാണ് ആ മഹത്തായ ദൗത്യം നിർവഹിച്ചത്.
എന്നാൽ അതിന് രണ്ട് വർഷം മുൻപ് 1976 ൽ തന്നെ റാൽഫ് നെൽസന്റെ (Ralph Nelson )സംവിധാനത്തിൽ ഇതേ വിഷയം കൈകാര്യം ചെയ്യുന്ന ഒരു സിനിമ പുറത്തിറങ്ങിയിരുന്നു: എംബ്രിയോ. ഗർഭപാത്രത്തിന് പുറത്ത് ഒരു ജീവനെ വളർത്തിയെടുക്കുന്നതായിരുന്നു അതിന്റെ കഥ.
ഡോ പോൾ ഹോളിസ്റ്റൻ എന്ന ജനിതക ശാസ്ത്രജ്ഞനാണ് സിനിമയിലെ മുഖ്യകഥാപാത്രം. ഭാര്യയുടെ മരണശേഷം ഹോളിസ്റ്റൻ സ്വന്തം വീട്ടിൽ തന്നെ അദ്ദേഹത്തിൻറെ ക്ലിനിക് പ്രവർത്തിപ്പിക്കുകയായിരുന്നു. അത് ചെറിയ ഒരു ലബോറട്ടറിയും കൂടിയായിരുന്നു. അദ്ദേഹത്തിന്റെ അസിസ്റ്റൻറായി ഭാര്യയുടെ അനുജത്തി മാർത്ത ഡഗ്ലസും ഉണ്ട്.
ഒരു ദിവസം രാത്രി അദ്ദേഹം കാറോടിച്ച് വരുമ്പോൾ ഒരു പട്ടിയെ ഇടിക്കുന്നു. പട്ടിക്ക് മാരകമായി പരിക്കേറ്റിരുന്നു. പട്ടിയേയും കൊണ്ട് ഹോളിസ്റ്റൻ പെട്ടെന്ന് തന്നെ വീട്ടിലെത്തി. പക്ഷെ അതിനെ രക്ഷിക്കാനുള്ള അദ്ദേഹത്തിൻറെ ശ്രമം പരാജയപ്പെടുകയും പട്ടി ചത്തുപോവുകയും ചെയ്തു. ഗർഭിണിയായ പട്ടിയുടെ കുഞ്ഞിനെ രക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഒരു കൃത്രിമ ഗർഭപാത്രം ഉണ്ടാക്കി അദ്ദേഹം അതിനെ അതിനകത്ത് നിക്ഷേപിച്ചു. ഭ്രൂണത്തിന് ശരിയായ വളർച്ചക്ക് കൂടുതൽ പോഷകങ്ങൾ ആവശ്യമുള്ളത് കൊണ്ട് ഹ്യൂമൻ പ്ലാസെൻറൈൻ ലാൿറ്റോജനിൽ നിന്നും അദ്ദേഹം കൃത്രിമമായി ഒരു ഹോർമോൺ വേർതിരിച്ചെടുത്തു. അത് പട്ടിയുടെ ഭ്രൂണത്തിൽ കുത്തി വെച്ച് അദ്ദേഹം അതിൻറെ വളർച്ചയെ ത്വരിതപ്പെടുത്തി. ഇതിൻറെ ഫലമായി ഏതാനും ദിവസം കൊണ്ട് തന്നെ പട്ടി പൂർണ വളർച്ചയെത്തി. എല്ലാ വിധ പരിശീലനവും കൊടുത്ത് ഹോളിസ്റ്റൻ അതിനെ മികച്ച ഒരു പട്ടിയാക്കി മാറ്റി. പക്ഷെ അദ്ദേഹം അറിയാതെ ഒരു ദുസ്വഭാവം അതിൽ വളർന്ന് വന്നു. ആക്രമണോൽസുകത. അതിൻറെ ശത്രുക്കളെ അത് ആക്രമിച്ച് നശിപ്പിക്കാൻ തുടങ്ങി. ശല്യം ചെയ്ത ഒരു പട്ടിക്കുട്ടിയെ നമ്മുടെ പട്ടി കടിച്ച് കൊന്ന് അതിൻറെ ജഢം ഒളിച്ച് വെച്ചു. ഇത് ഹോളിസ്റ്റൻറെ ശ്രദ്ധയിൽ പെട്ടതുമില്ല.
ഹോളിസ്റ്റൻ ഇതേ പരീക്ഷണം മനുഷ്യരിലേക്കും വ്യാപിപ്പിച്ചു. ആൽമഹത്യ ചെയ്ത ഒരു സ്ത്രീയുടെ ഗർഭസ്ഥ ശിശുവിനെ അദ്ദേഹം ആശുപത്രിയിൽ നിന്നും സംഘടിപ്പിച്ച് കൃത്രിമ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു. ആവശ്യത്തിന് ഹോർമോണും ഭ്രൂണത്തിൽ കുത്തിവെച്ചു. അതോടെ ഭ്രൂണം അസാധാരണ വേഗത്തിൽ വളരാൻ തുടങ്ങി. അതിൻറെ വളർച്ച ഹോളിസ്റ്റൻറെ പ്രതീക്ഷക്കപ്പുറമായിരുന്നു ഭ്രൂണത്തിൻറെ അസാധാരണ വളർച്ച കണ്ട ഹോളിസ്റ്റൻ അത് നിയന്ത്രിക്കാൻ മെത്തോട്രെക്സേറ്റ് (methotrexate) എന്ന ഡ്രഗ് കുത്തിവെച്ച് അതിൻറെ വളർച്ചയെ നിയന്ത്രണ വിധേയമാക്കി. ഈ മരുന്നു പെട്ടെന്ന് അഡിൿറ്റ് ആകുന്നതായിരുന്നു. പക്ഷെ ഹോളിസ്റ്റൻറെ മുന്നിൽ മറ്റ് മാർഗങ്ങൾ ഇല്ലായിരുന്നു. വളരെ പെട്ടെന്ന് തന്നെ കുട്ടി വളരുകയും ഒരു 24 കാരിയായ സ്ത്രീയായി മാറുകയും ചെയ്തു. ഹോളിസ്റ്റൻ അവൾക്ക് വിൿറ്റോറിയ എന്ന പേരും നൽകി.
ലാബിനകത്ത് രഹസ്യമായാണ് ഹോളിസ്റ്റൻ അവളെ വളർത്തിയെടുത്തത്. അവൾക്ക് ആവശ്യമായ വിദ്യാഭ്യാസം ഹോളിസ്റ്റൻ തന്നെ നൽകി. അവൾ അവയൊക്കെ പെട്ടെന്ന് തന്നെ പഠിച്ചെടുക്കുകയും ഒരു യൂനിവേഴ് സിറ്റി വിദ്യാർഥിയുടെ നിലവാരം ആർജ്ജിക്കുകയും ചെയ്തു. അതോടെ അവളെ ഹോളിസ്റ്റൻ പുറത്ത് കൊണ്ട് പോവുകയും മറ്റ് സുഹൃത്തുക്കളെ പരിചയപ്പെടുത്തുകയും ചെയ്തു. കൊളോറാഡോ യൂനിവേഴ് സിറ്റി ബിരുദധാരിയാണ് അവൾ എന്നാണ് ഹോളിസ്റ്റൻ വിൿറ്റോറിയയെ പറ്റി അവരോട് പറഞ്ഞത്. ഒരു തവണ ഹോളിസ്റ്റൻറെ സുഹൃത്തും ചെസ്സ് ചാമ്പ്യനുമായ റിലിയുമായി വിക്റ്റോറിയ ഏറ്റ് മുട്ടി. അവൾ പരാജയപ്പെട്ടു എങ്കിലും അത് ദാനമായി അവൾ നൽകിയ വിജയമാണ് എന്ന് അവിടെ കൂടിയ എല്ലാവർക്കും മനസ്സിലായി. ഹോളിസ്റ്റൻറെ സുഹൃത്തുക്കൾ വിൿറ്റോറിയയെ അംഗീകരിച്ചു. വിൿറ്റോറിയ പൂർണമായും വളർച്ചയെത്തുകയും അവൾക്ക് ആവശ്യമായ അറിവ് ലഭിക്കുകയും ചെയ്തു. അത് ഹോളിസ്റ്റനുമായുള്ള ലൈംഗിക ബന്ധത്തിലേക്ക് വിൿറ്റോറിയയെ നയിക്കുകയും ചെയ്തു. ഇതിലൂടെ അവൾ ഗർഭിണിയായെങ്കിലും വിവരം ഹോളിസ്റ്റൻ അറിഞ്ഞില്ല
ഇതിനിടെ വിൿറ്റോറിയ താൻ അസാധാരണമാംവിധം വളരുകയാണെന്നും അത് നിയന്ത്രിച്ചില്ലെങ്കിൽ വളരെ പെട്ടന്ന് തന്നെ താൻ ഒരു മുഴുക്കിഴവിയാകുമെന്നും തിരിച്ചറിഞ്ഞു. തൻറെ അതിവേഗ വളർച്ച തടയാൻ അവൾ കൂടുതൽ കൂടുതൽ മെത്തോട്രെക്സേറ്റ് കഴിക്കുകയും അതിന് അഡിൿറ്റ് ആവുകയും ചെയ്തു. സെല്ലുകളുടെ അതിവേഗ വളർച്ച തടയാൻ 5-6 മാസം പ്രായമുള്ള ഭ്രൂണത്തിൻറെ പിറ്റ്യൂറ്ററി ഗ്രന്ഥിയിൽ നിന്നും ഊറ്റിയെടുക്കുന്ന ഹോർമോണിനു സാധിക്കും എന്ന് അവൾ ഇതിനിടെ ഹോളിസ്റ്റൻറെ ഒരു സുഹൃത്തിൽ നിന്നും മനസ്സിലാക്കി കണ്ടെത്തി.
വിൿറ്റോറിയയെ പറ്റി ഇതിനിടെ മാർത്ത നടത്തിയ അന്വേഷണങ്ങളിൽ നിന്നും അങ്ങിനെ ഒരാൾ കൊളോറാഡോ യൂനിവേഴ് സിറ്റി യിൽ പഠിച്ചിട്ടില്ല എന്ന് കണ്ടെത്തി. ഇതറിഞ്ഞ വിൿറ്റോറിയ മാർത്തക്ക് മെത്തോട്രെക്സേറ്റ് അമിത അളവിൽ കൊടുത്ത് മയക്കി. മാർത്തക്ക് ഗുരുതരമായ ഹൃദ്രോഗം ഉണ്ടാക്കുന്നതിലേക്കാണ് അത് നയിച്ചത്. വിവരം അറിഞ്ഞ ഹോളിസ്റ്റൻ മാർത്തയെ കാണാൻ പുറപ്പെട്ടു. അയാൾ അവിടെ എത്തിയപ്പോഴേക്കും മാർത്ത മരിച്ചിരുന്നു. വിൿറ്റോറിയ ഹോളിസ്റ്റൻറെ ഗവേഷണ സംബന്ധിയായ എല്ലാ പ്രബന്ധങ്ങളും നശിപ്പിച്ചു. അത് മാത്രമല്ല ഭ്രൂണം ലഭിക്കാൻ അവൾ ഒരു വേശ്യയെ കൊല്ലുകയും ചെയ്തു. മാർത്തയെ വിൿറ്റോറിയ കൊന്നതാണ് എന്ന് മനസ്സിലാക്കിയ ഹോളിസ്റ്റൻ വിൿറ്റോറിയയെ കണ്ടെത്താൻ അവളുടെ പിന്നാലെ കാറുമായി ഓടി. പൂർണ്ണ ഗർഭിണിയായിക്കഴിഞ്ഞ അവൾ അപ്പോൾ ഒരു പടുവൃദ്ധയും കൂടി ആയിക്കഴിഞ്ഞിരുന്നു. പിന്നാലെ വരുന്ന ഹോളിസ്റ്റനിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ അവൾ ഒരു അപകടത്തിൽ പെട്ടു. അവളെ രക്ഷിക്കാൻ അവിടെ എത്തിയ പോലീസ് ഹോളിസ്റ്റൻറെ കഥകൾ കേൾക്കാൻ തയ്യാറായില്ല. അവർ അവളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. നിസ്സഹായനായി നിന്ന ഹോളിസ്റ്റൻറെ ചെവിയിലേക്ക് കടന്ന് വന്ന ഒരു നവജാത ശിശുവിൻറെ കരച്ചിലിൽ സിനിമ അവസാനിക്കുകയാണ്.
സയൻസ് ഫിക്ഷൻ സിനിമകളെ പരിചയപ്പെടുത്തുന്ന പംക്തിയിലെ മറ്റു കുറിപ്പുകൾ