ചാണകം ഉരുട്ടികൊണ്ടുപോയി അതു തിന്നും അതിൽ മുട്ടയിട്ട് വിരിയിച്ചും ജീവിക്കുന്ന ചാണകവണ്ടുകളെ കുറിച്ച് കൂടുതൽ അറിയാം.
പാടത്തും പറമ്പിലും കാട്ടിലും മേട്ടിലും മൃഗ വിസർജ്ജ്യങ്ങൾ മണ്ണിൽ വിതരണം ചെയ്യുന്നതിവരാണ്. രാത്രി യാത്രകൾക്ക് സ്ഥാന നിരണ്ണയത്തിനായി ആകാശഗംഗയുടെ ദൃശ്യ ചിത്ര സഹായം ഉപയോഗിക്കുന്ന ഏക ജീവിയാണെന്നതും അത്ഭുതകരമായ പുതിയ അറിവാണ്. നല്ല ഭംഗിയിൽ പീരങ്കിയുണ്ടപോലെ പച്ചച്ചാണകം ഉരുട്ടിയുണ്ടാക്കി അതുമായി ജോറിൽ പോകുന്ന കറുത്ത കുഞ്ഞൻ വണ്ടുകളാണ് ചാണകവണ്ടുകൾ. നമ്മുടെ നാറാണത്ത് ഭ്രാന്തനെപ്പോലെ കുന്നിനുമുകളിലേക്കൊന്നുമല്ല ഉരുട്ടൽ എന്നുമാത്രം. സർക്കസുകാരെപ്പോലെ തലകുത്തിനിന്ന് പിന്‍കാലുകൊണ്ട് നിരപ്പിലൂടെ ചവിട്ടി ഉരുട്ടിയും ഇടക്ക് അതിനുമുകളിൽ കേറി ചുറ്റും നിരീക്ഷിച്ചും, കൊമ്പുകൊണ്ട് കുത്തിത്തിരിച്ചും കഷ്ടപ്പെട്ട് നീങ്ങും. കൊമ്പൂക്കുള്ള മറ്റൊരു വണ്ട് വന്ന് അതിനിടയിൽ കുത്തിമറിച്ചും അടികൂടിയും അതു പിടിച്ചെടുത്ത് സ്വന്തമാക്കുന്നതും കാണാം. ‘ചാണകമാണോ തലക്കകത്ത്’ എന്ന കളിയാക്കലിൽ ഒന്നിനും കൊള്ളാത്ത വസ്തുവാണ് ചാണകം എന്ന സൂചനയുണ്ടല്ലോ. എന്നാൽ ചാണകം തന്നെ ജീവനും ജീവിതവുമായ ജീവികളാണിവർ.
ലോകത്തെങ്ങുമായി 6000 അധികം ചാണകവണ്ടിനങ്ങൾ ഉണ്ട്. നാൽക്കാലികളുടെ വിസർജ്ജ്യം മാത്രമല്ല മനുഷ്യരുടേതടക്കം ഏത് അപ്പിയും ഇവർക്ക് ബിരിയാണിതന്നെ. മേഞ്ഞുനടക്കുന്ന മൃഗങ്ങൾ അവിടവിടെ കാഷ്ഠിച്ച് വെക്കുന്നതു മുഴുവൻ മണിക്കൂറുകൊണ്ട് തിന്നുതീർത്തും, പലയിടങ്ങളിലേക്ക് ഉരുട്ടിക്കൊണ്ടുപോയും , നിലം ക്ലീൻ ആക്കുന്നത് പ്രധാനമായും ഇവരാണ്. ചാണകം പറമ്പിൽ അവിടവിടെ കൂടിക്കിടന്നിരുന്നെങ്കിൽ പല സൂക്ഷ്മാണുക്കളും അതിൽ വളരുമായിരുന്നു, ഈച്ചകളും മറ്റ് പ്രാണികളും പെറ്റുപെരുകി നമുക്ക് രോഗങ്ങൾ കൂട്ടുകയും ചെയ്യും. ചാണകം മണ്ണിൽ വീണകാര്യം ഗ്രഹിച്ചെടുത്ത് നിമിഷം കൊണ്ടിവർ ഹാജർ രേഖപ്പെടുത്തും. ചിലർ പശുക്കൾക്കും മറ്റും ഒപ്പം വിടാതെ കൂടെക്കൂടും ചാണകമിടുന്നത് കാത്ത് ചുറ്റുവട്ടത്ത് ഒളിച്ച്നിൽക്കും. ഉണക്കം കൂടുന്നതിനുമുന്നെ തിന്നാനാണിവർക്കിഷ്ടം. ഭക്ഷണം മാത്രമല്ല ഇത്. അതിനുള്ളിലാണ് മുട്ടയിടുന്നതും വിരിയിക്കുന്നതും . ( സാധാരണ തൊഴുത്തിലെ ചാണകക്കുണ്ടിൽ കാണുന്ന തൊലിഅടർത്തിയ കൊഞ്ചിനെ പോലെയുള്ള തടിച്ചുരുണ്ട സുന്ദര വെള്ള ചാണകപ്പുഴുക്കൾ പക്ഷെ കൊമ്പഞ്ചെല്ലികളുടെ പുഴുക്കളാണ്) . മുട്ട വിരിഞ്ഞിറങ്ങുന്ന ചാണക വണ്ടിന്റെ ലാർവപ്പുഴുക്കളെ അങ്ങിനെ എളുപ്പം പുറത്ത് കാണാൻ കിട്ടില്ല മണ്ണിനടിയിൽ ഒളിച്ച് വെച്ച ചാണകത്തിനുള്ളിലാണല്ലോ ജീവിതം. ചാണകത്തിനുള്ളിൽ തന്നെ പ്യൂപ്പാവസ്ഥയിലിരുന്നു വണ്ടുകളായി ജീവചക്രം പൂർത്തിയാക്കും . പിന്നെ അവരും ചാണകാന്വേഷണജീവിതം തുടരും ചാണകത്തിനു പുറത്തിറങ്ങിയാൽ പുഴുക്കളേയും വണ്ടിനേയും പക്ഷികൾ കണ്ടാൽ കൊത്തിത്തിന്നും. വലിയ ഇനം ഉരുട്ടുവണ്ടുകളെ കാട്ടിലല്ലാതെ നാട്ടിൻപുറങ്ങളിൽ കാണാൻ കിട്ടാറേ ഇല്ല.. മേഞ്ഞുതിന്നുന്ന പശുക്കളുടെ എണ്ണം കുറഞ്ഞതും , തൊഴുത്തിന് പുറത്തിറങ്ങാത്ത പശുക്കൾ ഹൈഫൈ ആല ജീവിതക്കാരായതും കൊണ്ട് പറമ്പിലെവിടെയും ചാണകമില്ല. . ഇനി വല്ല പശുവും ചാണകമിട്ടാൽ ഉടൻ വീട്ടുകാർ കോരിക്കൊണ്ടുപോയി പ്ലാസ്റ്റിക്ക് ഷീറ്റിലിട്ട് ഉണക്കിപൊടിച്ച് ഒന്നിനും പറ്റാതാക്കും. കാലിത്തീറ്റകളുടെ സ്വഭാവം മാറിയതിനാലും വിരമരുന്നുകൾ പശുക്കൾക്ക് കണ്ടമാനം കൊടുക്കുന്നതുകൊണ്ടും ലാർവകൾക്ക് ചാണകത്തിൽ വളരാനും പറ്റുന്നില്ല.
ചാണകവണ്ടും നക്ഷത്രങ്ങളും വീഡിയോ കാണാം
ഇതുവരെ പ്രസിദ്ധീകരിച്ച ഈ പംക്തിയിലെ ലേഖനങ്ങള്‍ | |
1 | ഉത്തരം താങ്ങുന്ന പല്ലികള്‍ |
2 | മണ്‍കൂടൊരുക്കുന്ന വേട്ടാളന്‍ |
3 | കൂറ മാഹാത്മ്യം അഥവാ പാറ്റപുരാണം |
4 | വായിക്കാനറിയാത്ത പുസ്തകപ്പുഴു |
5 | കാക്കയെകുറിച്ച് എന്തറിയാം ? |
6 | തേരുരുള്‍ പോലെ ചുരുളും തേരട്ട |
7 | കൊതുക് മൂളുന്ന കഥകള്‍ |
8 | ചുമരില്‍ ചലിക്കും കുമ്പളക്കുരു |
9 | ഉറുമ്പുകടിയുടെ സുഖം |
10 | നൂറുകാലും പഴുതാരയും |
11 | തുമ്പിയുടെ ലാര്‍വാണോ കുഴിയാന ? |
12 | അരണ ആരെയാണ് കടിച്ചത് ? |
13 | മൂട്ടരാത്രികള്‍ |
14 | ഒച്ചിഴയുന്ന വഴികള്‍ |
15 | തേനീച്ചകളുടെ എട്ടിന്റെ പണി |