Read Time:16 Minute

‘ക്‌ളൗഡ്‌’ എന്ന പദം ‘ക്‌ളൗഡ്‌ കമ്പ്യൂട്ടിങ്’, ‘ക്‌ളൗഡ്‌ സ്റ്റോറേജ്’ എന്നിവയുമായി ബന്ധപ്പെട്ട് പലർക്കും പരിചിതമാണ്. എന്നാൽ ‘ക്‌ളൗഡ്‌ കമ്പ്യൂട്ടിങ്’ എന്ന ആശയത്തിന് പുറകിലെ  സാങ്കേതിക വിദ്യ, അത്തരമൊരു ആശയത്തിലേക്ക് ആളുകളെ എത്തിച്ച സാഹചര്യങ്ങൾ – ഇതിനെ കുറിച്ച് വ്യക്തമായ ധാരണ എല്ലാവർക്കും ഉണ്ടായിരിക്കണമെന്നില്ല. ആ വിഷയങ്ങളിലേക്കുള്ള ലളിതമായ ഒരു എത്തിനോട്ടം ആണ് ഈ കുറിപ്പിൽ.

‘എന്താണ് ക്‌ളൗഡ്‌’ എന്ന് മനസ്സിലാക്കുന്നതിന് മുൻപ് ‘എന്തിനാണ് ക്‌ളൗഡ്‌’ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കാം. സ്മാർട്ട് ഫോണുകൾ ഇന്ന് സർവസാധാരണമായി കഴിഞ്ഞു. അത് പോലെ ഇല്ലെങ്കിലും, കംപ്യൂട്ടറുകളും ലാപ്ടോപ്പുകളും പല വീടുകളിലും കാണാൻ കഴിയും. എന്നാൽ, അതേ വീടുകളിൽ തന്നെ പ്രിന്ററുകൾ ഒരു പക്ഷെ അത്ര തന്നെ സാധാരണമായിരിക്കില്ല. എന്താണ് അതിന് കാരണം? ഒരു കംപ്യൂട്ടർ, അതുള്ളവർക്ക് ദൈനംദിനം ഉപയോഗമുള്ള സാധനമാണ്. എന്നാൽ ഒരു പ്രിന്ററിന്റെ ഉപയോഗം ഇടക്കിടക്ക് മാത്രമുള്ളതും. ഒന്ന് രണ്ട് വർഷത്തെ കാലയളവിൽ വളരെ കുറച്ച് മാത്രം ഉപയോഗിച്ച് കേടുവരാനുള്ള സാധ്യതയുമുണ്ട്. പൊതുവിൽ നമ്മൾ പ്രിന്റ് എടുക്കുന്നത് A4 ഷീറ്റിൽ കറുപ്പും വെളുപ്പുമായിട്ടാണ്. എന്നാൽ ഇടക്ക് നമുക്ക് കളർ പ്രിന്റൗട്ടുകൾ ആവശ്യമായി വന്നേക്കാം. അതേ പോലെ അപൂർവമായി വലിയ പോസ്റ്റർ പ്രിന്റ് ചെയ്യേണ്ട ആവശ്യമുണ്ടായി എന്നും വരാം. ഇതെല്ലാം ചെയ്യാൻ കഴിവുള്ള വലിയ പ്രിൻറർ വാങ്ങി വീട്ടിൽ വെച്ചാൽ ആ മൂലധനം നമുക്ക് വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയില്ല.

ഈ പ്രശ്‍നം നമ്മൾ എങ്ങനെയാണ് പരിഹരിക്കാറ്? ഫോട്ടോസ്റ്റാറ്റും പ്രിന്റിങ്ങും ചെയ്യുന്ന അടുത്തുള്ള ഏതെങ്കിലും കടയിൽ പോയി ആവശ്യം നിറവേറ്റും. പല തരത്തിലുള്ള ആവശ്യക്കാർ വരുന്നത് കൊണ്ട് കടക്കാരന് വലിയ മെഷീൻ വാങ്ങി വെക്കാം. മെഷീൻ കേടു വന്ന് കച്ചവടം അധികം നേരം മുടങ്ങാതിരിക്കാൻ ഒന്നിലധികം മെഷീനുകൾ തയ്യാറാക്കി വെക്കുകയും അവ കേടുവന്നാൽ പെട്ടെന്ന് നേരെയാക്കാൻ സർവീസ് കോൺട്രാക്റ്റും എടുക്കുകയും ചെയ്യാം. ഇതേ ആശയമാണ് ക്‌ളൗഡ്‌ കമ്പ്യൂട്ടിങ് എന്ന സാങ്കേതിക വിദ്യക്ക് പുറകിലും. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് പ്രോഗ്രാമുകൾ പ്രവർത്തിപ്പിക്കാനും ആ പ്രോഗ്രാമുകൾ ഉപയോഗിക്കുന്ന ഡാറ്റ ശേഖരിച്ച് വെക്കാനും ഉതകുന്ന തരത്തിലുള്ള ഉപകരണങ്ങൾ വലിയ അളവിൽ ചിലയിടങ്ങളിലായി ലഭ്യമാക്കുന്നതിനാണ് ‘ക്‌ളൗഡ്‌ കമ്പ്യൂട്ടിങ്’ എന്ന് പറയുന്നത്.

വ്യാവസായിക തലത്തിൽ ഇതിന് ഒരു ഉദാഹരണം കൂടി നമുക്ക് നോക്കാം. നമുക്ക് പരിചിതമായ ഏത് ബാങ്കിലും ദിവസേനെ പല ആളുകളും ധനം നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്യും. അത്തരമൊരു പണമിടപാട്‌ തത്സമയം രേഖപ്പെടുത്തി വെക്കാൻ വളരെ ചെറിയ ഒരു കമ്പ്യൂട്ടർ മതി. എന്നാൽ ഇത്തരം ബാങ്കുകൾക്ക്, മൂന്ന് മാസം കൂടുമ്പോളോ വർഷാവസാനമോ, ആ കാലയളവിൽ നടന്ന എല്ലാ ഇടപാടുകളും നോക്കി ലാഭനഷ്ടവും മറ്റ് കണക്കുകൂട്ടലുകളും നടത്തേണ്ടി വരും. അങ്ങനെ ലക്ഷമോ കോടിയോ ഇടപാടുകൾ ആസ്പദമാക്കി കണക്കുകൂട്ടലുകൾ നടത്താൻ വളരെ വലിയ കമ്പ്യൂട്ടർ തന്നെ ആവശ്യമുണ്ട്. കൊല്ലത്തിലെ ഏതാനും ദിവസങ്ങളിൽ മാത്രമുള്ള ഈ ആവശ്യത്തിന് വലിയ മൂലധനം മുടക്കി സെർവറുകൾ വാങ്ങി വെക്കുന്നതിന് പകരം അത്തരമൊരു ബാങ്ക്, ക്‌ളൗഡിൽ വലിയ കമ്പ്യൂട്ടിങ് പവർ ഉള്ള മെഷീനുകൾ ആ ദിവസങ്ങളിൽ മാത്രം ഉപയോഗിച്ച് കാര്യം സാധിക്കും. ഇവിടെ വലിയ സെർവറുകൾ വാങ്ങി വെക്കുന്നതിന്റെ ചിലവിനെ ഒരു വീട് വാങ്ങിക്കുന്നതിനോടും, ആവശ്യമുള്ള ദിവസങ്ങളിൽ മാത്രം ക്‌ളൗഡിൽ കമ്പ്യൂട്ടിങ് പവർ ഉപയോഗിക്കുന്നതിന്റെ ചിലവിനെ ഒരു ഹോട്ടൽ മുറിയുടെ വാടകയോടും ഉപമിക്കാവുന്നതാണ്. ഹോട്ടൽ മുറി പോലെ, പല ഉപഭോക്താക്കൾക്ക് പല സമയത്തായി ഒരേ കമ്പ്യൂട്ടിങ് പവർ ഉപയോഗപ്പെടുത്താനും കഴിയും.

ക്‌ളൗഡ്‌ കമ്പ്യൂട്ടിങ്-ന്റെ ഉപയോഗങ്ങളെ അല്പം കൂടി ഔദ്യോഗിക ഭാഷയിൽ നമുക്കൊന്ന് വിശദീകരിക്കാം. ചെറിയതും വലിയതുമായ സ്ഥാപനങ്ങൾ അവരുടെ കമ്പ്യൂട്ടിങ് ആവശ്യങ്ങൾക്കായി വലിയ മൂലധന മുടക്കിൽ (capital expenditure – capex) ഉപകരണങ്ങൾ വാങ്ങി വെക്കുന്നത്തിന് പകരം ആവശ്യമുള്ളപ്പോൾ മാത്രം ഉപയോഗപ്പെടുത്തി, ആ ഉപയോഗത്തിന് മാത്രമുള്ള  ചിലവ് (operational expenditure – opex) വഹിക്കുന്നു. ആവശ്യങ്ങൾക്കനുസരിച്ച് ചെറിയതോ വലിയതോ ആയ ഉപകരണങ്ങൾ മാറി മാറി ഉപയോഗിക്കാൻ (elasticity) അവർക്ക് കഴിയും. വലിയ ഉപകരണങ്ങൾ വാങ്ങി സ്ഥാപിക്കാൻ കുറെ നാളുകൾ എടുക്കുമെങ്കിൽ, ദൂരെ ഒരു സ്ഥലത്തിരിക്കുന്ന ഇത്തരം ഉപകരണങ്ങൾ ഇന്റർനെറ്റ് വഴി ബന്ധപ്പെട്ട് വളരെ വേഗത്തിൽ ഉപയോഗപ്പെടുത്താൻ സാധിക്കും (agility / time to market). ഒരേ ഉപകരണം പല കമ്പനികൾ പല സമയത്തായി ഉപയോഗിക്കുന്നതിന് multi-tenancy എന്ന് പറയും.

അപ്പോൾ സ്വാഭാവികമായും അടുത്ത ചോദ്യം ക്‌ളൗഡിൽ ഇത്തരം ഫോട്ടോസ്റ്റാറ് / പ്രിന്റിങ് കടകൾ നടത്തുന്നതാരാണ് എന്നാവും. സോഫ്റ്റ്‌വെയർ മേഖലയിലെ മൂന്ന് ഭീമന്മാരാണ് ഇന്ന് പ്രധാനമായും ഈ സാങ്കേതിക വിദ്യ ലഭ്യമാക്കുന്നത്. ആമസോൺ വെബ് സെർവീസസ് (AWS) എന്ന പേരിൽ ആമസോണും, ഗൂഗിൾ ക്‌ളൗഡ്‌ പ്ലാറ്റ് ഫോം (GCP) എന്ന പേരിൽ ഗൂഗിളും, അഷൂർ (Azure) എന്ന പേരിൽ മൈക്രോസോഫ്റ്റുമാണ് ആ മൂന്ന് ഭീമന്മാർ. ഇവരുടെ സ്വന്തം പ്രോഗ്രാമുകൾക്കായി ഭീമമായ തോതിൽ കംപ്യൂട്ടറുകളും അതിനോട് ചേർന്നുള്ള ഉപകരണങ്ങളും കൂറ്റൻ ഡാറ്റ സെന്ററുകളിൽ ലോകത്തിന്റെ പല ഭാഗത്തായി സ്ഥാപിച്ചിട്ടുണ്ട്. അവരുടെ സ്വന്തം ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്നതിന് പകരം ഇത്തരം ഭീമമായ കമ്പ്യൂട്ടിങ് പവർ എന്തുകൊണ്ട് ഒരു വില്പന വസ്തു ആക്കിക്കൂടാ എന്ന ചിന്തയിൽ നിന്നാണ് ക്‌ളൗഡ്‌ കമ്പ്യൂട്ടിങ് വാണിജ്യാടിസ്ഥാനത്തിൽ ഇന്ന് കാണുന്ന വിധം വളർന്ന് വന്നത്.

Inside Google’s data center in Council Bluffs, Iowa

എന്താണീ ഡാറ്റ സെന്റർ? ആയിരമോ ലക്ഷമോ സെർവറുകളും സ്റ്റോറേജ് ഉപാധികളും ‘അടുക്കി വെച്ച്’ അതിനെയെല്ലാം ഇന്റർനെറ്റുമായി ബന്ധപ്പെടുത്തി വെക്കുന്ന ഇടമാണ് ഡാറ്റ സെന്റർ. ഇത്തരത്തിലുള്ള ഒരു ഡാറ്റ സെന്ററിന് എന്തെങ്കിലും കേടുപാട് സംഭവിച്ചാൽ പല കമ്പനികളുടെയും ദൈനംദിന പ്രവർത്തനങ്ങൾ അവതാളത്തിലാകും. അതുകൊണ്ട് വലിയ ഡാറ്റ സെന്ററുകൾ നിർമിക്കുമ്പോൾ ആ കെട്ടിടങ്ങൾക്ക് വെള്ളപ്പൊക്കം, ഭൂമികുലുക്കം എന്നിവയിൽ നിന്ന് പോലും സംരക്ഷണം കിട്ടത്തക്ക രീതിയിലാണ് നിർമിക്കുന്നത്. ഭീമമായ തോതിൽ ഊർജ്ജമുപയോഗിക്കുന്ന ഇത്തരം കെട്ടിടങ്ങളെ തണുപ്പിച്ച് നിർത്തുക എന്നത് ഒരു വലിയ വെല്ലുവിളിയാണ്. മഞ്ഞിനടിയിലും കടലിലും വരെ ഡാറ്റ  സെന്ററുകൾ നിർമിക്കുന്നതിനെ പറ്റി ഗവേഷണങ്ങൾ നടക്കുന്നുണ്ട്. കൗതുകമുള്ളവർക്ക് ഈ ലേഖനം നോക്കാം: https://fortune.com/2017/03/29/data-centers-unusual-locations/

നമ്മളിൽ ഭൂരിപക്ഷം പേരും ക്‌ളൗഡ്‌ കമ്പ്യൂട്ടിങിന്റെ ഉപഭോക്താക്കളാണെന്നുള്ളതാണ് വാസ്തവം. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ അതിലെ ഫോട്ടോകളും രേഖകളും (documents) ആ ഫോണിൽ തന്നെ സൂക്ഷിക്കുന്നതിന് പകരം ‘ക്‌ളൗഡ് സ്റ്റോറേജിൽ’ സൂക്ഷിച്ച് വെക്കുന്നത് കണ്ടിരിക്കും. അത് പോലെ ഡോക്യൂമെന്റുകൾ നിർമിക്കാൻ സ്വന്തം കംപ്യൂട്ടറിലെ ‘മൈക്രോസോഫ്ട് വേർഡ്’ ഉപയോഗിക്കുന്നതിന് പകരം പലരും ഗൂഗിൾ ഡോക്സ്, ഓഫീസ് 360 തുടങ്ങിയ സർവീസുകൾ ഇന്റർനെറ്റ് വഴി ഉപയോഗപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. നമ്മൾ സിനിമ കാണാൻ ഉപയോഗിക്കുന്ന നെറ്റ്ഫ്ലിസ് അവരുടെ സിനിമകൾ ശേഖരിച്ച് വെക്കുന്നതും അത് സ്ട്രീം ചെയ്ത് തരുന്നതും AWS ക്‌ളൗഡിൽ നിന്നാണ്.

തത്വത്തിൽ ഈ സാങ്കേതിക വിദ്യയുടെ മൂലഭാഗമായി കണക്കാക്കാൻ കഴിയില്ലെങ്കിലും ക്‌ളൗഡ്‌ കമ്പ്യൂട്ടിങ് വഴി സോഫ്റ്റ്‌വെയറുകൾ ലഭ്യമാക്കുന്നതിന്റെ മറ്റൊരു വശം കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്.  മനോഹരമായ ഡിസൈനുകൾ ഉള്ള തുണിത്തരങ്ങൾ ഉണ്ടാക്കി വിൽക്കാനായി ഒരു മൊബൈൽ ആപ് നിർമിക്കുന്ന ഒരു രംഗം അടുത്തിറങ്ങിയ ഒരു മലയാളം സിനിമയിൽ കണ്ടിരുന്നു. ഉപഭോക്താക്കൾക്ക് അവരുടെ ഫോട്ടോ അപ്‌ലോഡ് ചെയ്ത് വസ്ത്രങ്ങൾ അവരുടെ ചിത്രത്തിന് മേലെ പതിച്ച് (overlay) കാണിക്കുക എന്നതായിരുന്നു ആ ആപ്പിന്റെ പ്രത്യേകത. ഇത്തരമൊരു ആപ്പിൽ എന്തെല്ലാം വേണം എന്ന് ചിന്തിക്കുക. യൂസർ അക്കൗണ്ടുകൾ, ഫോട്ടോ അപ്‌ലോഡ് ചെയ്യാനുള്ള കഴിവ്, അതിൽ നിന്ന് ഓർഡർ ചെയ്യാനുള്ള സംവിധാനം, പണമിടപാടുകൾ, പുതിയ തുണിത്തരങ്ങൾ വരുമ്പോൾ അതിനെ കുറിച്ച്  ഉപഭോക്താക്കളെ അറിയിക്കൽ (notifications) എന്നിവ എല്ലാം വേണം. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ (ഫോൺ നമ്പർ, ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ എന്നിവ) ശേഖരിച്ച് വെക്കുകയാണെങ്കിൽ അതിന് സുരക്ഷ ഉറപ്പ് വരുത്തണം. ഈ സംരംഭം വിജയിക്കുകയാണെങ്കിൽ ഏത് നാട്ടിലുള്ളവരാണ് കൂടുതൽ തുണികൾ വാങ്ങിക്കുന്നത്, ഏത് തരം തുണികളാണ് ആളുകൾ ഇഷ്ടപ്പെടുന്നത് തുടങ്ങിയ വിവരങ്ങളുടെ വിശകലനം തുടങ്ങിയവയും വേണ്ടി വരും.  ഈ പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്യാൻ കഴിവുള്ള ചെറിയ ചെറിയ പ്രോഗ്രാമുകൾ നേരത്തെ പറഞ്ഞ ക്‌ളൗഡ്‌ കമ്പ്യൂട്ടിങ്  ഭീമന്മാർ അവരവരുടെ സർവീസുകളിൽ ലഭ്യമാക്കി വരുന്നുണ്ട്. ഇന്ന് നാം കാണുന്ന പല മൊബൈൽ ആപ്പുകളും ഇത്തരത്തിലുള്ള ചെറിയ ചെറിയ പ്രോഗ്രാമ്മുകളെ കൂട്ടിച്ചേർത്ത് നിർമിക്കുന്നവയാണ്.

‘ക്‌ളൗഡ്‌ (കമ്പ്യൂട്ടിങ്)’ എന്ന വാക്കിനോടുള്ള പരിചയത്തിൽ നിന്നും വായനക്കാരെ അല്പം കൂടി മുൻപോട്ട് കൊണ്ടുപോകാൻ ഈ കുറിപ്പിന് സാധിച്ചു എന്ന് കരുതുന്നു. ഈ സാങ്കേതിക വിദ്യ പരീക്ഷിച്ച് നോക്കാൻ താല്പര്യമുള്ളവർക്ക് അധികം പണം ചെലവാക്കാതെ തന്നെ അതിന് സാധിക്കും. https://aws.amazon.com/free എന്ന ലിങ്കിൽ പോയാൽ ഒരു ഇമെയിൽ അക്കൗണ്ട് ഉണ്ടാക്കുന്നത് പോലെ തന്നെ, AWS അക്കൗണ്ട് ഉണ്ടാക്കാം. ഒരു കമ്പ്യൂട്ടർ നമുക്കായി ഉണ്ടാക്കി (provision), അതിൽ ഒരു വെബ് സൈറ്റ് നിർമിച്ച് നോക്കാം. മറ്റ് കമ്പനികൾക്കും സമാനമായ സംവിധാനങ്ങൾ ഉണ്ട് (GCP – https://cloud.google.com/free/, Azure – https://azure.microsoft.com/en-us/free/).


അധിക വായനയ്ക്ക്

വായിക്കാം
വായിക്കാം
വായിക്കാം
Happy
Happy
75 %
Sad
Sad
0 %
Excited
Excited
25 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഡൈനസോറുകൾ ഗർജ്ജിച്ചിരുന്നോ?
Next post 😊🥳ജൂലൈ 17 – ഇമോജികൾക്കും ഒരു ദിനം🥳😊
Close