Read Time:27 Minute

പി.എം. സിദ്ധാർത്ഥൻ എഴുതുന്ന പംക്തി

ചൈനയുടെ വേറിട്ട ചാന്ദ്ര പര്യവേഷണ പാദമുദ്രകൾ

ചാന്ദ്ര പര്യവേഷണമാണ് തങ്ങളുടെ ശാസ്ത്ര സാങ്കേതിക പ്രാവീണ്യം തെളിയിക്കാനായി ചൈന തിരഞ്ഞെടുത്ത ഒരു മേഖല. എന്താണ് ചൈനയുടെ ചാന്ദ്ര പര്യവേഷണത്തിന്റെ പ്രത്യേകത? മറ്റ് ഏത് ബഹിരാകാശ സംഘടനകളും ചെയ്യാൻ  ശ്രമിക്കാനോ ധൈര്യം കാണിക്കാത്ത കാര്യങ്ങളാണ് ചൈന ചെയ്തത്.

ലോകത്തിലെ മിക്ക ബഹിരാകാശ സംഘടനകളും സോവിയറ്റ് യൂണിയന്റെയും നാസയുടെയും പര്യവേഷണ പാത ഒരുമാറ്റവുമില്ലാതെ പിന്തുടരാനാണ് ശ്രമിച്ചത് – ചൈനയൊഴികെ. മിക്കവാറും എല്ലാ പര്യവേഷണങ്ങളിലും സാമ്യത കാണുമെങ്കിലും സാധ്യമാകാവുന്ന രംഗത്തൊക്കെ തങ്ങളുടെ വേറിട്ട പാദമുദ്ര പതിപ്പിക്കുകയാണ് ചൈന. ലോകമോ, അത് കണ്ട് അത്ഭുതസ്തബ്ധരായി നിൽക്കുകയും!

ചാന്ദ്ര പര്യവേഷണമാണ് തങ്ങളുടെ ശാസ്ത്ര സാങ്കേതിക പ്രാവീണ്യം തെളിയിക്കാനായി ചൈന തിരഞ്ഞെടുത്ത ഒരു മേഖല. എന്താണ് ചൈനയുടെ ചാന്ദ്ര പര്യവേഷണത്തിന്റെ പ്രത്യേകത? മറ്റ് ഏത് ബഹിരാകാശ സംഘടനകളും ചെയ്യാൻ  ശ്രമിക്കാനോ ധൈര്യം കാണിക്കാത്ത കാര്യങ്ങളാണ് ചൈന ചെയ്തത്. അത് കൊണ്ട് തന്നെ ചൈന ലോകത്തിന്റെ മുഴുവൻ പ്രശംസയും അർഹിക്കുന്നു, അതവർക്ക് കിട്ടുകയും ചെയ്തിട്ടുണ്ട്.ചാങ് ചാന്ദ്ര ദൗത്യ ശ്രേണിയാണ് ചൈനക്ക് ഈ അസൂയാവഹമായ പ്രശംസ നേടിക്കൊടുത്തത്. ചാങ് ശ്രേണിയെ ലൂക്കയുടെ വായനക്കാർക്ക് പരിചയപ്പെടുത്തുകയാണ് ഈ ലക്കം സയൻസ് വാച്ചിൽ.

ചൈനയിലെ പുരാണ കഥകളിലെ മൂന്ന്  കഥാപാത്രങ്ങളാണ് ചാങ് എന്ന ചന്ദ്ര ദേവതയും, അവർ എപ്പോഴും  കൂടെ കൊണ്ടുനടക്കുന്ന യുട്ടു എന്ന മുയലും, പ്രണയബദ്ധരായ, എന്നാൽ ജാതി വ്യത്യസ്ഥത കാരണം പ്രണയം സാഫല്യമാവാതെ  രണ്ടു ലോകത്തേക്ക് നാടുകടത്തപ്പെട്ട യുവതിയേയും യുവാവിനെയും വർഷത്തിൽ ഒരിക്കൽ കണ്ടുമുട്ടാൻ സഹായിക്കുന്ന  ക്വിക്യാവോ എന്ന മാഗ്പൈ പക്ഷികൾ ഉണ്ടാക്കുന്ന പാലവും (Magpie Bridge). ഈ മൂന്ന് പേരുകളാണ് ചൈനയുടെ ചന്ദ്ര ദൗത്യങ്ങളിൽ നമ്മൾ കേൾക്കുക.

2007 ലാണ് ചൈനയുടെ ചാന്ദ്ര ദൗത്യങ്ങൾ തുടങ്ങുന്നത്. അത് ശ്രദ്ധിച്ച് നോക്കിയാൽ ഓരോ കാൽവെപ്പും ശ്രദ്ധയോടെ പരീക്ഷിച്ച് മുന്നേറുന്ന ചൈനയുടെ ബഹിരാകാശ പര്യവേഷണത്തിന്റെ ഒരു ചിത്രം ലഭിക്കും. ആദ്യം ചന്ദ്രന്റെ ഉപരിതലത്തെ കുറിച്ച് നന്നായി പഠിക്കുക. ഭാവിയിൽ ഇറങ്ങേണ്ട സ്ഥലം നിര്ണയിക്കാനാണത്. അടുത്ത പടി ഏറ്റവും സൗകര്യമായ, നൂറു ശതമാനം വിജയകരമായി ഇറങ്ങാൻ പറ്റുന്ന  പ്രദേശത്ത് ഇറങ്ങുക, വാഹനം ഓടിച്ച് അതിന്റെ സാങ്കേതിക വിദ്യ  കുറ്റമറ്റതാക്കാൻ ശ്രമിക്കുക. പിന്നീട്  ഇതേ കാര്യം ദുഷ്കരമായ പ്രദേശത്ത് നടത്താൻ ശ്രമിക്കുക. അടുത്തപടി ചന്ദ്രനിൽ നിന്നും റെഗോലിത്ത് (ചാന്ദ്ര മണ്ണ് ) കൊണ്ടുവരാൻ ശ്രമിക്കുകയും അതിന്റെ സാങ്കേതിക വിദ്യ  കുറ്റമറ്റതാക്കാനും ശ്രമിക്കുക. പിന്നീട്  ഇതേ കാര്യം ദുഷ്കരമായ പ്രദേശത്ത് നടത്താൻ ശ്രമിക്കുക. അങ്ങനെ പോകുന്നു ഈ ചിത്രം.

2007 ഒക്ടോബർ 4 ന്ന് ചൈനയുടെ ചാങ്-1 ദൗത്യവും 2010 ഒക്ടോബർ 1  ന്ന് ചാങ്-2 ഉം വിക്ഷേപിച്ചു. രണ്ടിന്റെയും ലക്ഷ്യം ചന്ദ്രന്റെ ഉപരിതലത്തി ന്റെ ഒരു ത്രിമാന മേപ്പ് ഉണ്ടാക്കുകയായിരുന്നു. ചാങ്-1 പ്രതീക്ഷിത ആയുസ്സായ ഒരു വർഷത്തേക്കാൾ നാല് മാസം കൂടുതൽ പ്രവർത്തിച്ചു. ചാങ്-2  എട്ട് മാസത്തെ പ്രവർത്തനത്തിന്ന് ശേഷം 4179 ടൗട്യാറ്റിസ് എന്ന ചിന്നഗ്രഹത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുകയും  2012 ൽ അതിന്റെ ഫോട്ടോകൾ എടുത്തയക്കുകയും ചെയ്തു. ഏകദേശം 10 കോടി കിലോമീറ്റര് പിന്നിട്ടപ്പോൾ അതുമായുള്ള കമ്മ്യൂണികേഷൻ നഷ്ടപ്പെട്ടു.

ചാങ്-2  വിന് മൂന്ന് വർഷങ്ങൾക്ക് ശേഷം 2013 ഡിസംബർ 2 ന് വിക്ഷേപിച്ച ചാങ്-3/യുട്ടു-1  ചൈനയുടെ ചാന്ദ്ര പര്യവേഷണത്തിലെ ആദ്യത്തെ വലിയ കാൽവെപ്പായിരുന്നു. ആദ്യശ്രമത്തിൽ തന്നെ 2013 ഡിസംബർ 14 ന്ന് ചാങ്-3/യുട്ടു-1  ചന്ദ്രനിലെ ‘മഴവിൽ കടലിൽ’ ഇറങ്ങി. ചന്ദ്രനിലെ “മഴക്കടൽ” (Mare Imbrium) ന്റെ ഭാഗമാണ് മഴവിൽ കടൽ ( Sinus Irdium). 2013 ഡിസംബർ 1 ന്ന് ആയിരുന്നു വിക്ഷേപണം. 1976 ലെ സോവിയറ്റ് യൂണിയന്റെ ലൂണ 24 ന്ന് ശേഷം ചന്ദ്രനിൽ ഇറങ്ങുന്ന ആദ്യത്തെ റോബോട്ടിക് ദൗത്യമായിരുന്നു ചാങ്-3/യുട്ടു -1

യൂട്ടു എന്ന വാഹനത്തെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുക എന്നതായിരുന്നു ഈ ദൗത്യത്തിലെ ഏറ്റവും വലിയ വെല്ലുവിളി. മുൻപ് 1970 ലും 1973 ലും  ചന്ദ്രനിലിറങ്ങിയ, സോവിയറ്റ് യൂണിയന്റെ ലൂണ 17, 21 എന്നീ വാഹനങ്ങൾ  ലുണാഖോദ് റോവറുകളെ ചന്ദ്രനിൽ എത്തിക്കുക എന്ന ലക്‌ഷ്യം മാത്രമുള്ളവയായിരുന്നതിനാൽ അവ വെറും ഒരു പ്ലാറ്റഫോം പോലെയാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ചാങ് അങ്ങനെയായിരുന്നില്ല, വേറെയും ലക്ഷ്യങ്ങളുള്ള ഒരു ബഹിരാകാശ യാനം ആയിരുന്നു ചാങ്-3.

യുട്ടു ചാങ്ങിന്റെ മുകളിലത്തെ തട്ടിലാണ് ചന്ദ്രോപരിതലം വരെ സഞ്ചരിച്ചത്. പിന്നീട് ചാങ്ങിന്റെ വശങ്ങളിൽ പിടിപ്പിച്ചിരുന്ന ഒരു ചരിവ് റെയിൽ ഉയർന്ന് പൊങ്ങി ഉപരിതലത്തിന്ന് സമാന്തരമായി  നിൽക്കുകയും യുട്ടു അതിന്മേലേക്ക് ഉരുണ്ട് കയറുകയും ചെയ്യും. പിന്നെ, ആ റെയിൽ പതിയെ യുട്ടുവിനേയും കൊണ്ട് താഴ്ന്ന് ക്രമേണ യുട്ടുവിന്ന് ഉരുണ്ടിറങ്ങാൻ സാധ്യമാകുന്ന കോണിൽ പ്രതലത്തിലേക്ക് ചരിഞ്ഞു നിന്നു. അതിന്മേൽ കൂടി യുട്ടു ചന്ദ്രോപരിതലത്തിലേക്ക് ഉരുണ്ട്  ഇറങ്ങുകയായിരുന്നു.

114 .8  മീറ്റർ സഞ്ചരിച്ചപ്പോൾ, ചന്ദ്രനിലെ രണ്ടാമത്തെ ചന്ദ്ര ദിവസത്തിന്റെ അവസാനത്തിൽ യുട്ടുവിൽ  പ്രശ്നങ്ങൾ  ഉടലെടുത്തു. യൂട്ടുവിലെ ഉപകരണങ്ങളെ ചാന്ദ്രരാത്രിയിലെ അതി കഠിനമായ തണുപ്പിൽ ( ഏകദേശം -180 ഡിഗ്രി സെൽഷ്യസ്) നിന്നും രക്ഷിക്കാൻ അതിന്റെ മുകൾ ഭാഗം അടച്ചിടേണ്ടതുണ്ട്. രണ്ടു സൗര പാനലുകളാണ് അത് നിർവഹിക്കുന്നത്, പക്ഷെ അപ്പോൾ ഒരു പാനൽ അടക്കാൻ കഴിഞ്ഞില്ല. യുട്ടു  പിന്നീട് പ്രവർത്തിക്കില്ല എന്ന് പ്രവചിച്ചവരെയെല്ലാം അത്ഭുതപെടുത്തികൊണ്ട് മൂന്നാം ചന്ദ്ര ദിവസം  യുട്ടു ഉണർന്നെഴുന്നേറ്റു, പക്ഷെ അല്പം നടക്കാൻ പ്രയാസമുള്ള അവസ്ഥയിലാണ് !  യൂട്ടുവിലെ എല്ലാ ശാസ്ത്ര ഉപകരണങ്ങളും (പേലോഡ്) പ്രവർത്തിച്ചു, പക്ഷെ അതിന്റെ സഞ്ചാര ശേഷി നഷ്ടപ്പെട്ടിരുന്നു. അതെ നിൽപ്പിൽ  നിന്ന് കൊണ്ട് യുട്ടു 972 ദിവസങ്ങൾ പ്രവർത്തിച്ചു. ചാങ്-3 പത്തര വർഷങ്ങൾക്ക് ശേഷം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ( പട്ടിക 1 കാണുക)

 ദൗത്യംവിക്ഷേപിച്ച തിയതിചന്ദ്രനിൽ ഇറങ്ങിയ തിയതിദൗത്യ ലക്ഷ്യം 
1ചാങ് -1

(Chang’e -1)

2007 ഒക്ടോബർ 24(ഓർബിറ്റർ)ഓർബിറ്റർ;  വിജയംചൈനയുടെ ആദ്യത്തെ ചന്ദ്ര ദൗത്യം
2ചാങ് -2

(Chang’e -2)

2010 ഒക്ടോബർ 1(ഓർബിറ്റർ)ഓർബിറ്റർ;  വിജയം 
3ചാങ് -3/ യുട്ടു-1

(Chang’e -3/Yuttu -1)

2013 ഡിസംബർ 12013 ഡിസംബർ 14ലാൻഡർ, യുട്ടു-1  റോവർ . വിജയംയുട്ടു-1  റോവർ ചന്ദ്രനിൽ സഞ്ചരിച്ചു
4ക്വിക്വിയാവോ-1 (Quiqiao-1)2018 മെയ് 20 റിലേ ഉപഗ്രഹം; വിജയംഭൂമി-ചന്ദന്റെ L1 ൽ നിലയുറപ്പിച്ചു.
5ചാങ് -4/ യുട്ടു-2

(Chang’e -4/Yuttu -2)

2018 ഡിസംബർ 72018 ഡിസംബർ 12ലാൻഡർ, യുട്ടു-2  റോവർ . വിജയംചന്ദ്രന്റെ ഭൂമിയിൽ നിന്ന് കാണാൻ കഴിയാത്ത വശത്ത് ഇറങ്ങി; യുട്ടു –2 അവിടെ സഞ്ചരിച്ചു
6ചാങ് -5

(Chang’e -5)

2020 നവംബർ 232020 ഡിസംബർ 1ലാൻഡർ, ചന്ദ്രനിലെ മണ്ണ് (റെഗോലിത്) ശേഖരണം. വിജയം2020 ഡിസംബർ 16 ന്ന്  ചന്ദ്രനിലെ മണ്ണ് ഭൂമിയിലെത്തിച്ചു.
7ക്വിക്യാവോ-2

(Quiqiao-2)

2024 മാർച്ച് 202024 മാർച്ച് 24 ചന്ദ്രന് ചുറ്റുമുള്ള ദീർഘ വൃത്താകാര ഓർബിറ്റിൽ പ്രവേശിച്ചു.ചാങ്-6  ന്ന് വേണ്ടിയുള്ള  റിലേ ഉപഗ്രഹം; വിജയംചന്ദ്രന് ചുറ്റുമുള്ള ദീർഘ വൃത്താകാര ഓർബിറ്റിൽ പ്രവേശിച്ചു.
8ചാങ്-6

(Chang’e -6)

2020 നവംബർ 232024 ജൂൺ  1

ചന്ദ്രന്റെ മറുവശത്ത് ഇറങ്ങി

ലാൻഡർ, ചന്ദ്രനിലെ മണ്ണ് (റെഗോലിത്) ശേഖരണം. വിജയം2024 ജൂൺ  25

ന്ന്  ചന്ദ്രനിലെ മണ്ണ് ഭൂമിയിലെത്തിച്ചു.

ചാങ്-3/ യൂട്ടു-1  ബഹിരാകാശ പര്യവേഷണ രംഗത്ത് അലയൊലികൾ സൃഷ്ടിച്ചുവെങ്കിൽ, ചാങ്-4 / യൂട്ടു-2  ദൗത്യത്തിന്റെ ലക്‌ക്ഷ്യം  ചാന്ദ്ര പര്യവേഷണ രംഗത്ത് കോളിളക്കം സൃഷ്ടിക്കുകയാണ് ചെയ്തത്.  ചന്ദ്രന്റെ മറുവശത്ത് ഒരു വാഹനം-ചാങ്-4 / യൂട്ടു-2 – ഇറക്കി ഓടിക്കുവാനാണ് ചൈനയിലെ ശാസ്ത്ര-സാങ്കേതിക വിദഗ്ദർ പ്ലാനിട്ടത്. 1959 ൽ സോവിയറ്റ് യൂണിയന്റെ ലൂണ-3 ആണ്  ചന്ദ്രന്റെ മറുവശത്തിന്റെ ഫോട്ടോ ആദ്യമായി എടുത്തത്.  (ബോക്സ് 2 കാണുക ) എന്നാൽ ചൈന പ്ലാൻ ചെയ്തത്   ചന്ദ്രന്റെ  മറുവശത്തിന്റെ ഫോട്ടോ എടുക്കുവാനല്ല, മറിച്ച് അവിടെ ഒരു സ്പേസ് ക്രാഫ്റ്റ് ഇറക്കാനും ഒരു റോവർ ഓടിക്കാനുമാണ്.  ഈ ഉദ്യമം അതീവ സങ്കീർണമാണ് എന്ന് പറയേണ്ടതില്ലല്ലോ? അക്കാരണത്താൽ ബഹിരാകാശ നിരീക്ഷകർ വളരെ ആകാംക്ഷയോടെയാണ് ചാങ്-4/യുട്ടു-2 വിന്റെ യാത്ര നിരീക്ഷിച്ചത്.

സ്പേസിൽ ഉപയോഗിക്കാൻ പറ്റുന്ന ഡിജിറ്റൽ ക്യാമറകൾ രംഗത്ത് വരുന്നതിന്ന് അര  നൂറ്റാണ്ട് മുൻപ്  ലൂണ 3 ലെ രണ്ടു ക്യാമറകൾ ചന്ദ്രന്റെ മറുവശത്തിന്റെ ഫോട്ടോകൾ എടുത്തു. സാധരണ ഫിലിമുകൾ ഉപയോഗിച്ചാണ് ഫോട്ടോ എടുത്തത്. പിന്നീട് ആ ഫോട്ടോകൾ രാസവസ്തുക്കൾ ഉപയോഗിച്ച് “ഡെവലപ്പ്” ചെയ്ത ശേഷം ആ ഫിലിമുകൾ ഉണക്കിയെടുത്ത് സ്കാൻ ചെയ്ത് അനലോഗ് സിഗ്നലുകളായി ഭൂമിയിലേക്കയക്കുകയായിരുന്നു. അങ്ങനെ 1959 ൽ നമുക്ക് ലഭിച്ച ചിത്രമാണ് ഇടതുവശത്ത്. നാസയുടെ ലൂണാർ റിക്കോണൈസൻസ് ഓർബിറ്റർ ( LRO ) 2010 ൽ എടുത്ത ചിത്രമാണ് വലതു വശത്ത്. ഈ ചിത്രം ആയിരക്കണക്കിന്ന് ചെറിയ ചിത്രങ്ങൾ ചേർത്ത് ഉണ്ടാക്കിയതാണ് .

ക്വിക്യാവോ-1 / ചാങ്-4/യുട്ടു-2

ചന്ദ്രന്റെ നമുക്ക്  കാണാൻ കഴിയാത്ത ‘മറുവശത്ത്’ ഒരു സ്പേസ് ക്രാഫ്റ്റിനെ ഇറക്കുന്നതിൽ ഏറ്റവും വലിയ തടസ്സം അവിടെ ഇറങ്ങുമ്പോഴും പിന്നീടും സ്പേസ് ക്രാഫ്റ്റുമായി ഭൂമിയിൽ നിന്ന് നേരിട്ട്  ഒരു വിധ കമ്മ്യൂണിക്കേഷനും സാധ്യമല്ല എന്നതാണ്. അപ്പോൾ മറ്റൊരു കമ്മ്യൂണിക്കേഷൻ ഉപഗ്രഹം റിലേ ഉപഗ്രഹമായി പ്രവർത്തിക്കണം. ആ ഉപഗ്രഹം ഭൂമിയിൽ നിന്നും ചന്ദ്രന്റെ മറുവശത്തുനിന്നും ഒരേസമയം നേരിട്ട് കമ്മ്യൂണിക്കേഷൻ നടത്താൻ സൗകര്യമായ ഓർബിറ്റിൽ ആയിരിക്കണം. അതിന്നായി ചൈനീസ് സാങ്കേതിക വിദഗ്‌ധർ ക്വിക്യാവോ-1 എന്ന ഉപഗ്രഹത്തെ ഭൗമ-ചാന്ദ്ര സിസ്റ്റത്തിലെ എൽ-2 (L2) ലെഗ്രാംഷിയൻ പോയിന്റിന്റെ വളരെ അടുത്ത് ഹാലോ ഓർബിറ്റിൽ നിർത്തി. L2 ലെഗ്രാംഷിയൻ പോയിന്റ് ചന്ദ്രന്റെ മറുവശത്ത് നിന്നും 61,347 കിലോമീറ്റര് ദൂരെയാണ്. ക്വിക്യാവോ-1 42 ദിവസത്തെ യാത്രക്ക് ശേഷം ഏകദേശം 65000 കിലോമീറ്റർ ദൂരെയാണ് നിന്നത് .

2018 ഡിസംബർ 8 ന്ന്  ചാങ്-4 ഉം യുട്ടു-2 വും യാത്ര പുറപ്പെട്ടു. 2019 ജനുവരി 3 ആം തിയതി ചന്ദ്രനിൽ ദക്ഷിണ ധ്രുവ-ആറ്റ്കിൻസൺ ബേസിനിലെ  വോൺ കാര്മന് ഗർത്തത്തിൽ ഇറങ്ങി. അവ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. യുട്ടു ഇതേവരെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചിട്ടുണ്ട്.

ചാങ്-5

ചൈനയുടെ അടുത്ത പടി , ചന്ദ്രന്റെ ഭൂമിക്ക് അഭിമുഖമായി സ്ഥിതിചെയ്യുന്ന ഭാഗത്ത് നിന്നും റെഗോലിത്ത് (ചന്ദ്രനിലെ മണ്ണ് ) കൊണ്ടുവരലായിരുന്നു (sample return mission). അതിന്ന് വേണ്ടിയാണ് 2020 നവംബർ 24 ന്ന് ചാങ്-5  വിക്ഷേപിച്ചത്.  ചാങ്-5 ന്ന് മുൻപ് 1976 ൽ സോവിയറ്റ് യൂണിയന്റെ ലൂണ-24 ആണ് റെഗോലിത്ത്  ഭൂമിയിലേക്ക് കൊണ്ടുവന്നത്. ചാങ്-5 ന്റെ ലാൻഡർ  2020 ഡിസംബർ 1 ന്ന് ചന്ദ്രോപരിതലത്തിലിറങ്ങി. രണ്ടു മീറ്റർ ആഴത്തിൽ കുഴിക്കാൻ കഴിവുള്ള ഒരു ഡ്രില്ലും ഒരു കോരിയും (scooper) ഉപയോഗിച്ച് 1.731 കിലോഗ്രാം റെഗോലിത്ത് കുഴിച്ചെടുത്ത് അതിന്റെ അസ്സൻറ് സ്റ്റേജിൽ നിറച്ചു. രണ്ടു ദിവസങ്ങൾക്ക് ശേഷം അത് ചന്ദ്രോപരിതലത്തിൽ നിന്നും ഉയർന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ചാങ്-5 മായി ഡോക്ക്  ചെയ്ത ശേഷം അസ്സൻറ് യൂണിറ്റിലെ റെഗോലിത്ത് ചാങ്-5 ലെ കാപ്സ്യൂളിൽ നിറച്ചു. പിന്നീട അസ്സൻറ് യൂണിറ്റിനെ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഉപേക്ഷിച്ച ശേഷം ചാങ്-5 ഉം ക്യാപ്സ്യൂളും ഭൂമിയിലേക്ക് തിരിച്ചു. ഡിസംബർ 16 ആം തിയതി   റെഗോലിത്തിന്റെ സാംപിൾ ചൈനയിലെ വടക്കൻ മംഗോളിയ ഭാഗത്ത് ഇട്ടുകൊടുത്തു. ഈ ദൗത്യം 23 ദിവസം നീണ്ടതായിരുന്നു.അതിന്ന് ശേഷം ചാങ്-5  ആദ്യം ഭൗമ-ചാന്ദ്ര സിസ്റ്റത്തിലെ എൽ-1  പോയിന്റിലേക്കും പിന്നീട് അവിടെനിന്നും ചന്ദ്രന് ചുറ്റുമുള്ള ഒരു പ്രത്യേക ഓർബിറ്റിലേക്കും (fuel saving Distant Retrograde Orbit) നീങ്ങി.

ക്വിക്യാവോ-2 / ചാങ്-6

ചന്ദ്രന്റെ മറുവശത്തു നിന്നും റെഗോലിത്ത് കൊണ്ടുവരികയായിരുന്നു ചാങ്-6 ന്റെ ലക്‌ഷ്യം. അത് വെറുമൊരു റെക്കോർഡ് സൃഷ്ടിക്കൽ മാത്രമായിരുന്നില്ല. ദക്ഷിണധ്രുവ–ആറ്റ്കിൻസൺ ബേസിൻ പ്രദേശത്തെ  റെഗോലിത്തിന്റെ രാസ-ഭൗതിക ഘടന വ്യത്യസ്തമായിരിക്കും എന്നും അത് കണ്ടെത്തുക വഴി ചന്ദ്രന്റെ ഉത്പത്തിയെയും ആദ്യകാലത്തെയും കുറിച്ച് വിലപ്പെട്ട വിവരങ്ങൾ അറിയാൻ കഴിയുമെന്നും ശാസ്ത്രജ്ഞർക്ക് അറിയാമായിരുന്നു. അതിനാൽ അവിടത്തെ റെഗോലിത്ത് കൊണ്ടുവരികയും ലബോറട്ടറിയിൽ അത്  വിശ്ലേഷണം ചെയ്യുകയും വളരെ പ്രാധാന്യമുള്ളൊരു കാര്യമാണെങ്കിലും അത്തരമൊരു ദൗത്യത്തിന്റെ സങ്കീർണത ആയിരുന്നു മറ്റുള്ളവർ അതിന്ന് മുതിരാതിരിക്കാൻ കാരണം. എന്നാൽ ചാങ്-4 ഉം ചാങ്-5 ഉം അത്തരം ഒരു ദൗത്യത്തിന്ന് വേണ്ട സാങ്കേതിക അറിവുകൾ ചൈനക്ക് ഉണ്ടാക്കി കൊടുത്തിരുന്നു.

(ക്വിക്യാവോ / ചാങ്-4/യുട്ടു-2) – യുട്ടു-2 + ചാങ്-5  = ചാങ്-6 .

ഇതിന്ന് (ക്വിക്യാവോ / ചാങ്-4/യുട്ടു-2) മായി ഒരു പ്രധാന വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ.  ചാങ്-4 ന്റെ റിലേ ഉപഗ്രഹമായ ക്വിക്യാവോ-1 ഭൗമ-ചാന്ദ്ര സിസ്റ്റത്തിലെ എൽ-2 പോയിന്റിൽ ആയിരുന്നു സ്ഥിതി ചെയ്തിരുന്നത്. എന്നാൽ ചാങ്-5  ന്റെ റിലേ ഉപഗ്രമായ ക്വിക്യാവോ-2  ഒരു ദീർഘ വൃത്താകാരമായ ഓർബിറ്റിൽ ആയിരുന്നു. 24 മണിക്കൂറിൽ 20 മണിക്കൂർ സമയം അതിന്ന് ഭൂമിയുമായും ചാങ് -6 മായും കമ്മ്യൂണിക്കേഷൻ സാധ്യമായിരുന്നു.  സാംപിൾ റിട്ടേൺ ദൗത്യമായതിനാൽ റോവർ ആവശ്യമില്ലെന്ന് മനസ്സിലാക്കാമല്ലോ?

ചാങ്-6 ന്റെ പ്രകടനം ഒരു ടെക്സ്റ്റ് ബുക്ക് പെർഫെക്റ്റ് ആയിരുന്നു. 2024 മെയ് 4 ന്റെ വിക്ഷേപണവും മെയ് 8 ന്റെ ചന്ദ്ര ഭ്രമണപഥ പ്രവേശനവും യാതൊരു പ്രശ്നവും ഇല്ലാതെ നടന്നു. ജൂൺ 1 ന്ന് ലാൻഡർ  2500  കിലോമിറ്റർ വീതിയും 8  കിലോമിറ്റർ ആഴവുമുള്ള സൗത്ത് പോൾ-അറ്റ്കിൻ ബേസിൻ  (South Pole-Atkin Basin – SPA)  എന്ന ഭാഗത്ത്  ഇറങ്ങി. അത് ചന്ദ്രനിലെ വളരെ പഴയ ഒരു ഗർത്തമാണ്. രണ്ടു മീറ്റർ വരെ ആഴത്തിൽ കുഴിക്കാൻ  കഴിയുന്ന ഡ്രിൽ ഉപയോഗിച്ച് 1.935 കിലോഗ്രാം റെഗോലിത്ത്  കുഴിച്ചെടുത്ത്  അസ്സൻഡറിന്റെ ക്യാപ്സ്യൂളിൽ നിറച്ചതിന്ന് ശേഷം ജൂൺ 3 ന്ന് ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് ഉയർന്ന്  അവിടെ  ചന്ദ്രനെ ചുറ്റി കറങ്ങികൊണ്ടിരിക്കുന്ന ചാങ്-6 മായി ഡോക്ക് ചെയ്തു.  പിന്നീട് ചാങ്-5  ന്റേതുപോലെ ഭൂമിക്കടുത്തേക്ക് സഞ്ചരിച്ച് റെഗോലിത്ത് അടങ്ങുന്ന കാപ്സ്യൂൾ ചൈനയിലേക്ക് ഇട്ടുകൊടുത്തു.

ചാങ് -6  ന്റെ പ്രവർത്തി കുറച്ച് കഠിനമായിരുന്നു. ചന്ദ്രന്റെ മറുവശം 60 -80  കിലോമിറ്റർ കനം ഉള്ളതാണ്. അവിടെ ഡ്രിൽ ചെയ്യുക എന്നതും കഠിനമാണ്. എങ്കിലും ചാങ് -6 അത് വിജയകരമായി പൂർത്തിയാക്കി. . ചാങ് -6 കൊണ്ടുവരുന്ന

റെഗോലിത്ത് ഭൂമിയുടെയും ചന്ദ്രന്റെയും ഉത്പത്തിയെ കുറിച്ച് വിലപ്പെട്ട അറിവുകൾ നൽകും എന്ന കാര്യത്തിൽ സംശയമില്ല.

ചാങ്-5 ന്റേതുപോലെ ചാങ്-6 ഉം കൊണ്ടുവന്ന റെഗോലിത്ത് ലോകത്തിലെ എല്ലാ ശാസ്ത്രജ്ഞന്മാരുമായും  പങ്കുവെക്കുമെന്ന് ചൈനീസ് ശാസ്ത്ര അക്കാദമി അറിയിച്ചിട്ടുണ്ട്.  സൗത്ത് പോൾ-അറ്റ്കിൻ ബേസി നിൽ (SPA) നിന്നും റെഗോലിത്തിന്റെ  എന്തെങ്കിലും സാമ്പിൾ കിട്ടുന്നത് ശാസ്ത്രലോകത്തിന്ന് സന്തോഷമുള്ള കാര്യമാണ് എന്ന് മുൺസ്റ്റർ സർവകലാശാലയിലെ കരോലിൻ വാൻഡർ ബൊഗാർട് പറയുന്നു. അത് ഏത് കാലത്താണ് അവിടെ വലിയ ഛിന്നഗ്രഹങ്ങൾ  വന്നിടിച്ചതെന്ന് പറഞ്ഞുതരും എന്നവർ പറയുന്നു. SPA  ഉണ്ടായത് 4.6 ബില്യൺ വർഷങ്ങൾക്ക് മുമ്പാണെന്നും അതല്ല, 3.9 ബില്യൺ വർഷങ്ങൾക്ക് മുമ്പാണെന്നും രണ്ടു വാദഗതികൾ ഉണ്ട്. ചാങ് -6 കൊണ്ടുവരുന്ന റെഗോലിത്തിന്റെ സാമ്പിൾ അക്കാര്യത്തിലേക്ക് വെളിച്ചം വീശും.

ഭാവിയിലെ ദൗത്യങ്ങൾ

2026 ൽ ചന്ദ്രനിലെ വസ്തു വിഭവങ്ങൾ പഠിക്കാനായി ചാങ്-7 അയക്കുവാൻ പ്ലാനിട്ടിട്ടുണ്ട്. ചാങ്-7 ൽ ഗർത്തങ്ങളിൽ ഇറങ്ങാൻ കഴിവുള്ള  ഒരു “പറക്കും യന്ത്രം” (ഒരു മിനി ചന്ദ്ര ഹെലികോപ്റ്റർ) ഉണ്ടായിരിക്കും.  ചാങ്-7 ലെ ഓർബിറ്റർ , ലാൻഡർ , റോവർ എന്നിവക്കെല്ലാം എട്ട് വർഷത്തെ പ്രവർത്തന ആയുസ്സ് ഉണ്ടാകുമെന്നറിയുന്നു. 2028 ൽ ചാങ്-8 പ്ലാൻ ചെയ്തിട്ടുണ്ട്. ചാങ്-8 ആദ്യമായി ചന്ദ്രനിൽ ഒരു 3 ഡി പ്രിന്റിങ് പരീക്ഷിക്കും. ചാങ്-8 ൽ ലാൻഡറും റോവറും ഒരു റോബോട്ടും ഉണ്ടായിരിക്കും. 2030 ൽ ചൈന മനുഷ്യരെ ചന്ദ്രനിൽ ഇറക്കാനും പ്ലാനിട്ടിട്ടുണ്ട്.

ചൈന വളരെ വലിയ തോതിലുള്ള ചന്ദ്ര പര്യവേഷണ പ്രോഗ്രാം ആണ് പ്ലാൻ ചെയ്യുന്നത് എന്ന് അസ്‌ട്രോണോമി മാഗസിൻ അഭിപ്രായപ്പെടുന്നു. ചാങ്-6 വിക്ഷേപിച്ചപ്പോൾ അത് ചൈനയുടെ തീവ്രമായ,  സൗരയൂഥ പര്യവേഷണ അഭിലാഷങ്ങളുടെ ഒരു കൊച്ചു ഭാഗം (just the tip of China’s ambitions for the Solar System) മാത്രമാണെന്നാണ് ബി.ബി.സി. അഭിപ്രായപ്പെട്ടത്. ചൈനയുടെ ചാങ്-4, 5, 6  എന്നീ ദൗത്യങ്ങൾ വിജയിച്ചപ്പോൾ അത് അമേരിക്കയുമായി ഒരു പുതിയ ബഹിരാകാശ മത്സരത്തിന്റെ തുടക്കമാണ് എന്നാണ് പല അമേരിക്കൻ പത്രങ്ങളും അഭിപ്രായപ്പെട്ടത്. അതെന്തായാലും ചൈനയുടെ ചന്ദ്ര ദൗത്യങ്ങൾ മറ്റ് ബഹിരാകാശ ഏജൻസികളെ പിടിച്ച് കുലുക്കിയിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല.

ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
50 %

Leave a Reply

Previous post ചിത്രിത ശലഭങ്ങളുടെ യാത്രാവിശേഷങ്ങള്‍
Next post മൊബൈലിൽ ചന്ദ്രന്റെ ഫോട്ടോ എങ്ങനെയെടുക്കാം ? – Mobile Lunar Photography
Close