ബാലചന്ദ്രൻ ചിറമ്മൽ
സയൻസ് ഫിക്ഷൻ സിനിമകളെ പരിചയെപ്പെടുത്തുന്ന പംക്തിയിൽ 1999 ൽ പുറത്തിറങ്ങിയ “ബൈസെന്റിനിയൽ മാൻ” (Bicentennial Man) എന്ന സിനിമയെക്കുറിച്ച് വായിക്കാം.
ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർ 5.25 എന്ന സിനിമയാണ് റോബോട്ടുകളെ സാധാരണമലയാളികൾക്ക് പരിചയപ്പെടുത്തിയത്. വീട്ടുവേലക്കാരനായി ഒരു റോബോട്ടിനെ അവതരിപ്പിക്കുക വഴി മലയാളികളുടെ സങ്കൽപ്പത്തിലേക്ക് പുതിയ ഒരു ജീവിതം അവതരിപ്പിച്ച സിനിമയാണ് അത്. ഈ സിനിമ കണ്ടതോടെ സ്വന്തം വീടുകളിൽ ഒരു റോബോട്ട് വേലക്കാരൻ വേണമെന്ന് ആഗ്രഹിക്കാത്ത മലയാളികൾ കുറവായിരിക്കും. മാത്രമല്ല റോബോട്ടുകളും ആൻഡ്രോയിഡുകളും സൈബോർഗുകളും ഒക്കെ മലയാളികളുടെ ചിന്താമണ്ഡലത്തിലേക്ക് വന്നത് ഈ സിനിമയോട് കൂടിയാണ്.
1951 ൽ പുറത്തിറങ്ങിയ “ഫൊർബിഡെൻ പ്ലാനെറ്റ്” എന്ന സിനിമയിലാണ് ആദ്യമായി ഒരു റോബോട്ട് പ്രത്യക്ഷപ്പെട്ടത്. അതിന്റെ പേര് “റോബി ദ റോബോട്ട്” എന്നായിരുന്നു. ഇതേ കഥാപാത്രം അതിന് ശേഷം നിരവധി സിനിമകളിൽ ഇതേ പേരിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പിന്നീട് 1976 ലാണ് ഒരു റോബോട്ട് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. റോബോട്ടുകൾ അനുവാചകരുടെ മനസ്സിൽ സ്ഥാനം പിടിക്കാൻ തുടങ്ങിയത് പക്ഷെ ജോർജ് ലൂക്കാസിന്റെ സ്റ്റാർ വാർസ് സിനിമകളിലൂടെയാവും. എന്നാൽ സാധാരണ മലയാളി സിനിമാ പ്രേമികളുടെ മനസ്സിനെ ആകർഷിച്ച റോബോട്ടുകൾ ടെർമിനേറ്റർ സിനിമകളിലെ T 800 എന്ന കഥാപാത്രങ്ങളാണ്. ഇവ സൈബോർഗുകൾ ആണ്. പരിഷ്കരിച്ച ഈ റോബോട്ടുകൾ പുറത്ത് മനുഷ്യമാംസവും ഉള്ളിൽ യന്ത്രവും ചേർന്നതാണ്. ഭാവികാലത്തു നിന്നും സമയസഞ്ചാരം നടത്തിയാണ് ഇവ വർത്തമാന കാലത്ത് എത്തുന്നത്.
എന്നാൽ ഈ സിനിമകളിൽ നിന്നൊക്കെ വ്യത്യസ്തമാണ് 1999 ൽ പുറത്തിറങ്ങിയ ക്രിസ് കൊളംബസിന്റെ “ബൈസെന്റിനിയൽ മാൻ”
ഒരു യന്ത്രമനുഷ്യനിൽ നിന്ന് തുടങ്ങി സ്വയം പരിഷ്കരിച്ച് മനുഷ്യനോളം വളർന്നെത്തിയ റോബോട്ടാണ് ഈ സിനിമയിലെ നായകനായ “ആന്ഡ്രൂ മാർടിൻ”. ലോകപ്രശസ്ത സയൻസ് ഫിക്ഷൻ കഥയെഴുത്തുകാരൻ ഐസാക് അസിമോവിന്റെ “ദ ബൈസെന്റിനിയൽ മാൻ”, അസിമോവും റോബർട് സിൽവർ ബെർഗും സംയുക്തമായി എഴുതിയ “ദ പോസിട്രോണിക് മാൻ” എന്നീ നോവലുകൾ അടിസ്ഥാനപ്പെടുത്തിയാണ് ഈ സിനിമയുടെ കഥ രൂപപ്പെടുത്തിയത്.
മാർടിൻ കുടുംബം നോർത്ത് ആംസ് എന്ന കമ്പനിയുടെ NDR സീരീസിൽ പെട്ട ഒരു റോബോട്ടിനെ വീട്ടാവശ്യത്തിന് വാങ്ങുന്നതോടെയാണ് കഥ തുടങ്ങുന്നത്. മാർടിൻ കുടുംബത്തിൽ നാല് പേരാണുള്ളത്. റിച്ചാർഡ് മാർടിൻ . ഭാര്യ റെയ്ച്ചൽ മാർടിൻ, അവരുടെ പെൺമക്കളായ അമാൻഡയും ഗ്രെയ്സും. ഒരു പ്രഭാതത്തിൽ കമ്പനി റോബോട്ടിനെ അവരുടെ വീട്ടിൽ എത്തിക്കുന്നു. റിച്ചാർഡ് അതിന് ആൻഡ്രൂ എന്ന് പേരിടുകയും ചെയ്യുന്നു.
മൂന്ന് നിയമങ്ങൾ അനുസരിച്ചാണ് താൻ പ്രവർത്തിക്കുക എന്ന് റോബോട്ട് ആദ്യം തന്നെ പുതിയ “മുതലാളിയോട്“ പറയുന്നുണ്ട്. അവ ഇവയാണ് :
- ഒരു റോബോട്ട് നേരിട്ടോ നിഷ്ക്രിയമാകുന്നതിലൂടെയോ മനുഷ്യന് അപകടം വരുത്തരുത്.
- മനുഷ്യൻ നൽകുന്ന എല്ലാ ഉത്തരവുകളും ഒരു റോബോട്ട് അനുസരിക്കണം. പക്ഷെ അത് ഒന്നാം നിയമത്തിന്റെ ലംഘനം ആവരുത്
- സ്വന്തം നിലനിൽപ്പ് സംരക്ഷിക്കേണ്ട ബാധ്യത റോബോട്ടിനുണ്ട്. പക്ഷെ ഇത് ആദ്യത്തെയോ അല്ലെങ്കിൽ രണ്ടാമത്തെയോ നിയമത്തിന്റെ ലംഘനം ആവരുത്.
ഇതാണ് ആദ്യം റോബോട്ട് മാർടിൻ കുടുംബത്തോട് വെളിപ്പെടുത്തുന്നത്.
മാർടിൻ കുടുംബത്തിൽ ആൻഡ്രൂ സമ്മിശ്രമായ പ്രതികരണമാണ് ഉണ്ടാക്കിയത്. റെയ്ചൽ അതിനെ ഇഷ്ടപ്പെട്ടു എങ്കിലും അതിന്റെ അസ്ഥാനത്തുള്ള സാമീപ്യത്തെ ഇഷ്ടപ്പെട്ടില്ല. പക്ഷെ ക്രമേണ അതിനെ ബോധവൽക്കരിക്കാൻ അവർക്ക് സാധിച്ചു. അമാൻഡ ആൻഡ്രൂവിനെ നന്നായി ഇഷ്ടപ്പെട്ടു എങ്കിൽ ഗ്രെയ്സ് അതിനെ വെറുത്തു. സ്വന്തം സ്വകാര്യതയിൽ കടന്ന് കയറുന്ന ഒരു നികൃഷ്ട ജീവിയായി അവൾ അതിനെ കണക്കാക്കി. ഒരു തവണ അതിനെ “കൊല്ലാൻ“ രണ്ടാം നിലയിലെ ജാലകത്തിലൂടെ പുറത്തേക്ക് ചാടാൻ അവൾ ആജ്ഞ കൊടുക്കുകയും ചെയ്തു. പുറത്തേക്ക് ചാടിയ ആൻഡ്രൂ തകർന്ന് പോയില്ലെങ്കിലും അതിന് കാര്യമായ തകരാറ് സംഭവിച്ചു. റോബോട്ടുകൾക്ക് സ്വയം റിപ്പയർ ചെയ്യാൻ ശേഷിയുള്ളത് കൊണ്ട് ആൻഡ്രൂ അവന്റെ കേടുപാടുകൾ തീർത്ത് നവീകരിച്ചു. ക്രമേണ കുട്ടികൾ അതിനെ ഇഷ്ടപ്പെടാൻ തുടങ്ങി. ആൻഡ്രൂ റിച്ചാർഡിനെ “സാർ“ എന്നും റെയ്ച്ചലിനെ “മാഡം” എന്നും ഗ്രെയ്സിനെ “മിസ്സ്” എന്നും അമാൻഡയെ “ലിറ്റിൽ മിസ്സ്” എന്നുമാണ് വിളിക്കുന്നത്.
ഒരു ദിവസം കുട്ടികളോടൊപ്പം കടൽക്കരയിൽ കളിക്കാൻ പോയ ആൻഡ്രൂ ഗ്രെയ്സിന്റെ പ്രിയപ്പെട്ട ഒരു കളിപ്പാട്ടം അറിയാതെ പൊട്ടിച്ചു, ഗ്രെയ്സ് തന്റെ അനിഷ്ടം അവനോട് തുറന്ന് പറയുകയും അവനോട് പിണങ്ങുകയും ചെയ്തു. അന്ന് രാത്രി ആൻഡ്രൂ സ്വയം പഠനത്തിലൂടെ സമാനമായ ഒരു കളിപ്പാട്ടം നിർമ്മിച്ച് അവൾക്ക് സമ്മാനിച്ചു. ഇത് റിച്ചാർഡിനെ അൽഭുതപ്പെടുത്തുകയും അയാൾ ആൻഡ്രൂവിനെയും കൂട്ടി കമ്പനിയിൽ പോവുകയും ചെയ്തു. കാരണം ഇത്തരം ക്രിയേറ്റിവിറ്റി ഒരു റോബോട്ടിനെ സംബന്ധിച്ചിടത്തോളം ആശാസ്യമല്ല. ക്രമേണ അത് മനുഷ്യരുടെ കഴിവുകൾ സ്വായത്തമാക്കുകയും മനുഷ്യന് മേൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തേക്കാം. അത് കൊണ്ട് റോബോട്ടിന് എന്തെങ്കിലും നിർമാണത്തകരാറുണ്ടോ എന്നറിയാനാണ് അദ്ദേഹം കമ്പനിയിൽ ചെന്നത്. എന്നാൽ റിച്ചാർഡിൻറെ പരാതി കമ്പനിയുടെ ആദ്യത്തെ അനുഭവമായിരുന്നു. അത് കൊണ്ട് തന്നെ അവർക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. പകരം കമ്പനി മറ്റൊരു റോബോട്ടിനെ വാഗ്ദാനം ചെയ്തെങ്കിലും അത് സ്വീകരിക്കാതെ റിച്ചാർഡ് ആൻഡ്രൂവിനെയും കൂട്ടി തിരിച്ച് വന്നു. ഭാവിയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അതിന് നഷ്ടപരിഹാരം ആവശ്യപ്പെടാൻ റിച്ചാർഡ് തീരുമാനിച്ചു. അതിനായി റോബോട്ടിന് ഒരു ബാങ്ക് അക്കൗണ്ട് തറക്കുകയും അതിന് ഒരു പ്രതിമാസ ശമ്പളം നിശ്ചയിക്കുകയും അത് റോബോട്ടിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു. അത് വഴി റോബോട്ടിന് ഒരു മൂല്യം നിശ്ചയിക്കാൻ നിയമപരമായി സാധ്യമായി. റിച്ചാർഡിന്റെ വക്കീലാണ് ഈ നിയമോപദേശം നൽകിയത്.
റിച്ചാർഡിന്റെ പുസ്തകശേഖരം വായിക്കുക വഴി മനുഷ്യരുടെ വികാരങ്ങളെ കുറിച്ചും സ്വാതന്ത്ര്യം എന്ന സങ്കല്പത്തെ കുറിച്ചുമൊക്കെ ആൻഡ്രൂ ബോധവാനായി. അതിനാൽ തന്നെ അവൻ സ്വന്തം സ്വാതന്ത്ര്യത്തെക്കുറിച്ച് റിച്ചാർഡിനോട് സംസാരിക്കുകയും ആൻഡ്രൂവിനോട് അവനിഷ്ടമുള്ള സ്ഥലത്ത് ജീവിക്കാൻ റിച്ചാർഡ് അനുവദിക്കുകയും ചെയ്തു. റിച്ചാർഡ് കുടുംബം വയസ്സാകുന്നതിനനുസരിച്ച് ആൻഡ്രൂവിന് വയസ്സാകാത്തതും ഇതിനൊരു കാരണമായി.
ഒറ്റയായ ആൻഡ്രൂ തന്റെ വർഗത്തെ അന്വേഷിച്ച് തുടങ്ങി. അവൻ അവന്റെ സീരീസിൽ പെട്ട ഗലേറ്റ എന്ന പെൺ റോബോട്ടിനെ കണ്ടെത്തി. അവൾ കൂടുതൽ മികച്ച ഒന്നായിരുന്നു. അത് കൊണ്ട് തന്നെ ഗലേറ്റയുടെ നിർമാതാവായ റൂപെർട് ബേൺസിനെ ആൻഡ്രൂ കണ്ടെത്തുകയും അദ്ദേഹം ആൻഡ്രൂവിനെ പരിഷ്കരിച്ച് കൂടുതൽ മികച്ച ഒരു റോബോട്ടായി മാറ്റുകയും ചെയ്തു. മാത്രമല്ല സാധാരണ മനുഷ്യരുടെ ലളിതമായ വികാരങ്ങൾ- സന്തോഷം, ദുഖം, ലൈംഗികത തുടങ്ങിയവയൊക്കെ ബേൺസ് അവനിൽ ഉണ്ടാക്കി. ഒരു മനുഷ്യനും ആൻഡ്രൂവും തമ്മിൽ വലിയ വ്യത്യാസമില്ലാത്ത വിധം ആൻഡ്രൂ അപ്പോഴേക്കും രൂപപെട്ടു കഴിഞ്ഞു. ഇതിനിടെ കാലം കുറെ കഴിഞ്ഞിരുന്നു. റിച്ചർഡും കുടുംബത്തിൽ പലരും വൃദ്ധരാകുകയോ മരിച്ച് പോവുകയോ ചെയ്തു.
അങ്ങനെയിരിക്കെ ലിറ്റിൽ മിസ്സിൻറെ പേരമകൾ പോർഷ്യയെ ആൻഡ്രൂ കണ്ടെത്തുകയും അവളുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. അത് പ്രണയമായി മാറി. അവർ വിവാഹം കഴിക്കാൻ തീരുമാനിച്ചെങ്കിലും അത് സമൂഹം അംഗീകരിക്കുന്ന ഒന്നായിരുന്നില്ല. അത് കൊണ്ട് തന്നെ ഒരു മനുഷ്യനായി തന്നെ അംഗീകരിക്കാൻ ആൻഡ്രൂ കോടതിയിൽ ഹരജി ഫയൽ ചെയ്തെങ്കിലും മരണമില്ലാത്ത ഒന്നിനെ മനുഷ്യനായി സ്വീകരിക്കാൻ സാധ്യമല്ല എന്ന് കോടതി വിധിച്ചു. തന്റെ കണ്ടുപിടുത്തത്തിലൂടെ പോർഷ്യയുടെ ജീവിതം അനന്തമായിനീട്ടാൻ ആൻഡ്രൂ നിർദേശിച്ചുവെങ്കിലും പോർഷ്യ സ്വീകരിച്ചില്ല. ഒടുവിൽ പോർഷ്യയോടൊപ്പം ജീവിതം അവസാനിപ്പിക്കാൻ ആൻഡ്രൂ തീരുമാനിച്ചു. ആൻഡ്രൂവിനെ മനുഷ്യനായി അംഗീകരിച്ച് കൊണ്ടുള്ള കോടതി വിധി വൈകിയാണെങ്കിലും അവരെ തേടിയെത്തി. അപ്പോഴേക്കും പോർഷ്യയും അതോടൊപ്പം ആൻഡ്രൂവും ഒന്നിച്ച് “മരിച്ചു” കഴിഞ്ഞിരുന്നു. റോബോട്ടുകളുടെ ഭാവി വികാസത്തിന്റെ ഒരു സൂചകമായി ബൈസെന്റിനിയൽ മാൻ എന്ന സിനിമയെ നമുക്ക് കാണാം.
സയൻസ് ഫിക്ഷൻ സിനിമകളെ പരിചയപ്പെടുത്തുന്ന പംക്തിയിലെ മറ്റു കുറിപ്പുകൾ