Read Time:12 Minute

മോഹനകൃഷ്ണൻ കാലടി, രസതന്ത്ര അധ്യാപകന്‍, സാഹിത്യകാരന്‍

[dropcap][/dropcap]ർമനിയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും പ്രചുരപ്രചാരത്തിലുള്ള ‘സർനെയിമു’കളിലൊന്നാണ് ‘ഹോഫ്മൻ’ (Hoffmann അല്ലെങ്കിൽ Hofmann). കാര്യസ്ഥൻ (stewards) അഥവാ മേൽനോട്ടക്കാരൻ എന്നൊക്കെയാണ് ഈ പദത്തിന്റെ അർഥം. ജർമൻകാരും ഡച്ചുകാരും സ്വിസ്സുകാരുമൊക്കെയായി ലോകമെമ്പാടും നിരവധി ഹോഫ്മാൻമാരുണ്ട്. പലരും ലോകപ്രശസ്തരാണ്. അവരിൽ കായികതാരങ്ങളും അഭിനേതാക്കളും ശാസ്ത്രജ്ഞന്മാരും രാഷ്ട്രീയ നേതാക്കളുമുണ്ട്. ‘കോട്ടയത്ത് എത്ര മത്തായിമാരുണ്ട്’ എന്നത് ജോൺ എബ്രഹാമിന്റെ പ്രശസ്തമായ ഒരു ചെറുകഥയാണ്. ടെലിഫോൺ ഡയറക്ടറി നോക്കി കോട്ടയം നഗരത്തിലെ മത്തായിമാരുടെ കണക്കെടുക്കുന്ന ഒരു പരിഹാസക്കഥയാണത്. അത്ര ലളിതമല്ല ലോകത്തിൽ എത്ര ഹോഫ്മാൻമാരുണ്ടെന്ന ചോദ്യം. ഒരു ഗൂഗിളിനും അത്തരം അന്വേഷണങ്ങൾ – അതെത്രതന്നെ അസംബന്ധമായാലും – സുസാധ്യമല്ല. മറിച്ച് കെമിസ്ട്രിയിൽ എത്ര ഹോഫ്മാൻമാരുണ്ടെന്ന് ചോദിക്കാം. പ്രധാനമായും അഞ്ച് എന്നതാണ് അതിനുത്തരം. പ്രാധാന്യം കുറഞ്ഞവരെ ദയാപൂർവം വിസ്മരിക്കാനേ അപ്പോഴും നിർവാഹമുള്ളൂ. മേൽപ്പറഞ്ഞ അഞ്ച് പേരും കെമിസ്ട്രിയുടെ കാര്യസ്ഥന്മാർ തന്നെയായിരുന്നുവോ എന്ന് വിചാരണ ചെയ്യാം.

ഫ്രെഡറിക് ഹോഫ്മാൻ (Friderich Hoffmann, 1660- 1742)

[dropcap][/dropcap]ദ്യകാല ജർമൻ രസതന്ത്രജ്ഞനും വൈദ്യശാസ്ത്രജ്ഞനുമായിരുന്നു ഫ്രെഡറിക് ഹോഫ്മാൻ. നൂറ്റാണ്ടുകളായി ജർമൻ വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. പ്രശസ്തമായ ജീന യൂണിവേഴ്‌സിറ്റിയിൽ (University of Jena) ആയിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. പിൽക്കാലത്ത് ജീനയിലും ഹേൽ യൂണിവേഴ്‌സിറ്റിയിലും പ്രൊഫസറായി സേവനമനുഷ്ടിച്ച അദ്ദേഹം നിരവധി പ്രബന്ധങ്ങളുടെയും പുസ്തകങ്ങളുടെയും രചയിതാവ് കൂടിയാണ്. ആൽക്കെമിയിലും അദ്ദേഹത്തിന് താൽപ്പര്യങ്ങളുണ്ടായിരുന്നു. 1720ൽ ‘റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി’ അദ്ദേഹത്തിന് വിശിഷ്ടാംഗത്വം നൽകി ആദരിച്ചു.

ഓഗസ്റ്റ് വിൽഹെം വോൻ ഹോഫ്മൻ  (August Wilhelm Von Hofmann 1818 – 1892)

[dropcap][/dropcap]ർഗാനിക് കെമിസ്ട്രിയിലെ അതികായന്മാരിലൊരാളാണ് വിൽഹെം ഹോഫ്മൻ. ഒരു നിയമവിദ്യാർഥിയായി കലാലയ വിദ്യാഭ്യാസം ആരംഭിച്ച വിൽഹെം പിന്നീട് പ്രായോഗിക രസതന്ത്രത്തിൽ ആകൃഷ്ടനാവുകയായിരുന്നു. പെട്രോളിയം ഉപോൽപ്പന്നമായ കോൾട്ടാറിലാണ് (Coaltar)അദ്ദേഹം ഗവേഷണം ആരംഭിക്കുന്നത്. കോൾട്ടാറിന്റെയും അസംസ്‌കൃത പെട്രോളിയത്തിന്റെയും സുപ്രധാന ഘടകങ്ങളിലൊന്നായ നാഫ്ത (Naphtha)യിലെ ഓർഗാനിക് സംയുക്തങ്ങളുടെ പ്രത്യേകിച്ചും ആൽക്കലൈൻ സംയുക്തങ്ങളുടെ സവിശേഷതകളെക്കുറിച്ചുള്ള പഠനം എടുത്തപറയേണ്ടതാണ്. ഈ അന്വേഷണത്തിലാണ് ‘അനിലിൻ’ (Aniline) എന്ന ‘ഓർഗാനിക് ബേസി’നെ വിൽഹെം പരിചയപ്പെടുന്നത്. തന്റെ ആദ്യ പ്രണയിനി എന്നാണ് വിൽഹെം അനിലിനിനെ വിശേഷിപ്പിക്കുന്നത്. ആ പ്രണയം അദ്ദേഹം തന്റെ ജീവിതാവസാനം വരെ കാത്തുസൂക്ഷിക്കുകയും ചെയ്തു. അനിലിനിലൂടെ മറ്റ് ഓർഗാനിക് ബേസുകളിലേക്ക് ഗവേഷണം വ്യാപിപ്പിച്ച വിൽഹെം ഓർഗാനിക് ഫോസ്ഫറസ് സംയുക്തങ്ങളിലും ഓർഗാനിക് ചായങ്ങളിലു(Dyes) മെല്ലാം തന്റെ മുദ്ര പതിപ്പിച്ചു.

1859ൽ വിൽഹെം ഹോഫ്മൻ വേർതിരിച്ചെടുത്ത സസ്യസംയുക്തമാണ്  സോർബിക് ആസിഡ്. (Sorbic Acid അഥവാ 2,4 hexadienoic Acid C6H8O2). ഒന്നര നൂറ്റാണ്ടിനിപ്പുറവും ഭക്ഷ്യവ്യവസായ മേഖലയിൽ ഏറെ പ്രാധാന്യമുള്ള സംയുക്തമാണ് സോർബിക് ആസിഡ്. പാർശ്വദൂഷ്യങ്ങൾ ഏറ്റവും കുറഞ്ഞ ഒരു പ്രിസർവേറ്റീവ് (ഭക്ഷ്യവസ്തുക്കൾ കേടുവരാതെ സൂക്ഷിക്കാൻ ചേർക്കുന്ന പദാർഥം) ആണിത്.

ഓർഗാനിക് സംയുക്തങ്ങളുടെ ഘടന സൂചിപ്പിക്കുവാൻ ‘പന്തും കോലും’ (Ball and stick) മാതൃക അവതരിപ്പിച്ചത് വിൽഹെം ഹോഫ്മാനാണെന്ന് കരുതപ്പെടുന്നു. ആറ്റങ്ങളെ പന്തുകളായും രാസബന്ധനങ്ങളെ ചുള്ളിക്കോലുകളായും അവതരിപ്പിക്കുന്ന ഈ മാതൃകയിൽ ഓരോ ആറ്റത്തിനും ഓരോ നിറവും ഹോഫ്മാൻ കൽപ്പിച്ചുകൊടുത്തിരുന്നു; കാർബൺ – കറുപ്പ്, ഹൈഡ്രജൻ – വെളുപ്പ്, നൈട്രജൻ – നീല, ഓക്‌സിജൻ – ചുവപ്പ്, ക്ലോറിൻ – പച്ച, സൾഫർ – മഞ്ഞ എന്നിങ്ങനെയായിരുന്നു ആ ക്രമം. ആ രീതിയും ക്രമവും ഇന്നും പിന്തുടരപ്പെടുന്നുണ്ട്. 

വിൽഹെം ഹോഫ്മാന്റെ പേരിൽ രണ്ട് പ്രധാന രാസപ്രവർത്തനങ്ങളുണ്ട് ഓർഗാനിക് കെമിസ്ട്രിയിൽ. ഹോഫ്മൻ പുനക്രമീകരണവും (Hoffmann Rearrangement) ഹോഫ്മൻ എലിമിനേഷനും (Hoffmann elimination). ഒരു ഓർഗാനിക് അമൈഡിനെ (amide) അമിൻ (amine) ആക്കി മാറ്റുന്ന ഹോഫ്മൻ പുനക്രമീകരണം ഓർഗാനിക് സംയുക്തങ്ങളിലെ കാർബൺ ആറ്റങ്ങളുടെ എണ്ണം കുറയ്ക്കാൻ ഉപയോഗിക്കുന്ന പ്രധാന രാസപ്രവർത്തനങ്ങളിലൊന്നാണ്.

ആൽബർട്ട് ഹോഫ്മാൻ (Albert Hofmann 1906-2008)

[dropcap]സ്വി[/dropcap]റ്റ്‌സർലന്റുകാരനായ ഈ ഹോഫ്മാന്റെ രസതന്ത്രജീവിതം ഒരേസമയം സുപ്രസിദ്ധവും കുപ്രസിദ്ധവുമാണ്. കൈറ്റിൻ (chitin) പ്രകൃതിജന്യ പോളിമറിന്റെ ഘടന കണ്ടെത്തിയതിനാണ് അദ്ദേഹത്തിന് ഡോക്റ്ററേറ്റ് ലഭിച്ചത്. വ്യത്യസ്ത ഇനം ജീവികളുടെ പുറംതോടിലും മറ്റും കണ്ടുവരുന്ന സവിശേഷമായ ഒരു പോളിമറാണ് കൈറ്റിൻ. ഔഷധമേഖലയിലും മറ്റും കൈറ്റിന്റെ ഉപയോഗം വിപുലമാണ്. പക്ഷേ കൈറ്റിനല്ല, മറ്റൊരു കുപ്രസിദ്ധ തന്മാത്രയാണ് ആൽബർട്ട് ഹോഫ്മാനെ പ്രശസ്തനാക്കുന്നത്. എൽ എസ് ഡി എന്ന ഓമനപ്പേരിലറിയപ്പെടുന്ന ലിസർജിക് ആസിഡ് ഡൈ അമൈഡ് (Lysergic acid diamide) ആണ് ആ തന്മാത്ര. മതിഭ്രമമുളവാക്കുന്ന (സൈക്കഡലിക് – psychedelic) പദാർഥങ്ങളിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന എൽ എസ് ഡി സ്വന്തം ശരീരത്തിൽത്തന്നെയാണ് ഹോഫ്മൻ ആദ്യം പ്രയോഗിച്ചത്. ആദ്യത്തെ തവണ ആകസ്മികമായിട്ടായിരുന്നുവെങ്കിൽ പിന്നീട് ബോധപൂർവം തന്നെ. എൽ എസ് ഡി ഒരു ലഹരിവസ്തുവേ അല്ല. പക്ഷേ സ്ഥലകാലബോധങ്ങളിൽ നിർണായകമായ ഇടപെടലുകൾ നടത്താൻ കഴിവുള്ള ഈ പദാർഥത്തിന് പല രാജ്യങ്ങളിലും നിരോധനമുണ്ട്. മറ്റു പലയിടത്തും കടുത്ത നിയന്ത്രണമുണ്ട്. അതുകൊണ്ടുതന്നെ എൽ എസ് ഡിയുടെ ഗുണസവിശേഷതകളെക്കുറിച്ചുള്ള പഠനങ്ങളെല്ലാം തന്നെ അപൂർണമായി തുടരുകയാണ്. കൂണുകളിൽ നിന്നും പൂപ്പലുകളിൽ നിന്നുമൊക്കെ വേറെയും മതിഭ്രമതന്മാത്രകളെ വേർതിരിച്ചെടുക്കുന്നതിലായി പിന്നീട് ഹോഫ്മാന്റെ ശ്രദ്ധ. സസ്യസംയുക്തങ്ങളുടെ മാന്ത്രികതയായിരുന്നു അദ്ദേഹത്തിന്റെ എക്കാലത്തേയും ഗവേഷണവിഷയം. ആൽബർട്ട് ഹോഫ്മാന് നൊബേൽ പുരസ്‌കാരം കിട്ടിയില്ല. 1971ൽ സ്വിസ് ഔഷധശാസ്ത്രസംഘടന അദ്ദേഹത്തെ രാജ്യത്തെ പരമോന്നത ശാസ്ത്ര ബഹുമതിയായ ഷീലെ അവാർഡ് (Scheele Award) നൽകി ആദരിച്ചു.

ഡാർലീൻ സി ഹോഫ്മൻ (Darleane C Hoffman 1926 -)

[dropcap][/dropcap]മേരിക്കക്കാരിയാണ് ഡാർലിൻ ഹോഫ്മൻ. ഫിസിസിസ്റ്റായ മാർവിൻ ഹോഫ്മാനെ വിവാഹം കഴിക്കുംവരെ ഡാർലിൻ ക്രിസ്റ്റ്യൻ ആയിരുന്നു അവർ. എങ്കിലും ഇവരേയും നമുക്ക് ഒരു ഹോഫ്മാനായി (അതോ ഹോഫ്‌വുമനോ?) പരിഗണിക്കാം. അമേരിക്കയിലെ വിഖ്യാതമായ ബെർക്ക്‌ലി ലാബറട്ടറിയിൽ (Berkeley Laboratory) ന്യൂക്ലിയർ കെമിസ്റ്റായി പ്രവർത്തിച്ച അവർ പുതിയൊരു മൂലകത്തിന്റെ കണ്ടെത്തലിന്റെ ഭാഗമായിരുന്നു. അറ്റോമിക നമ്പർ 106 എന്ന് തീർപ്പുകൽപ്പിച്ചിരിക്കുന്ന ആ മൂലകത്തിന്റെ പേര് സീബർഗിയം (seaborgium) എന്നാണ്. ‘സീബർഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാൻസ് ആക്റ്റീനിയം സയൻസിന്റെ’ സ്ഥാപകമേധാവി കൂടിയായിരുന്നു ഡാർലീൻ. ആക്റ്റീനിയത്തിന് ശേഷം വരുന്ന മൂലകങ്ങളുടെ റേഡിയോ ആക്റ്റീവതയെക്കുറിച്ച് ഗവേഷണം നടത്തുന്ന സ്ഥാപനമാണിത്. അമേരിക്കൻ നാഷണൽ സയൻസ് മെഡലുൾപ്പെടെ നിരവധി ബഹുമതികളും അവരെ തേടിയെത്തി.

 റൊവാൾഡ് ഹോഫ്മാൻ  (Roald Hoffmann 1937- )

[dropcap]പോ[/dropcap]ളണ്ടിൽ ജനിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്‌ലറെ പേടിച്ച് അമേരിക്കയിലേക്ക് കുടിയേറി. പ്രശസ്തമായ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തരബിരുദവും ഗവേഷണ ബിരുദവും നേടി. ഗവേഷണം 1976ൽ കെമിസ്ട്രിയിൽ നൊബേൽ സമ്മാനം നേടിയ വില്യം ലിപ്‌സ്‌കോമ്പിന്റെ (Willian Lipscomb) കീഴിലായിരുന്നു. കാർബണികവും അകാർബണികവുമായ പദാർഥങ്ങളെക്കുറിച്ച് ഗവേഷണം നടത്തി. രാസപദാർഥങ്ങളുടെ ഗുണസവിശേഷതകളും രാസപ്രവർത്തനങ്ങളുടെ നയവ്യതിയാനങ്ങളും എളുപ്പത്തിൽ പഠിച്ചെടുക്കാവുന്ന കമ്പ്യൂട്ടർ വിദ്യകൾ വികസിപ്പിച്ചെടുത്തു. രാസപ്രവർത്തനങ്ങളുടെ ഗതിവിഗതികളെ സംബന്ധിച്ച സിദ്ധാന്തങ്ങളുടെ രൂപീകരണത്തിന് 1981ൽ സാക്ഷാൽ നൊബേൽ പുരസ്‌കാരം തന്നെ കൈവരിച്ചു. ഗവേഷണ പ്രബന്ധങ്ങൾക്ക് പുറമെ സാധാരണക്കാരനു വേണ്ടിയും ശാസ്ത്രലേഖനങ്ങൾ എഴുതി. സയൻസ് വീഡിയോകളിൽ അഭിനയിച്ചു. ഇതിനിടയിൽ കവിതകൾ എഴുതി. രണ്ട് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ഇതെല്ലാമാണ് റൊവാൾഡ് ഹോഫ്മാൻ എന്ന കാര്യസ്ഥന്റെ വിശേഷങ്ങൾ.


ചിത്രങ്ങള്‍ക്ക് കടപ്പാട് : വിക്കിപീഡിയ

ശാസ്ത്രകേരളം മാസിക 

Happy
Happy
0 %
Sad
Sad
33 %
Excited
Excited
0 %
Sleepy
Sleepy
67 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post അഗോറ – ഹൈപേഷ്യയുടെ ജീവിതവും കാലവും
Next post കെ.ആര്‍.രാമനാഥനും അന്തരീക്ഷശാസ്ത്രവും
Close