മഹാമാരിയുടെ മറ്റൊരു ഹൃദയാവർജകമായ കഥ പറയുന്ന സിനിമയാണ് “93 ഡെയ്സ്”. 2016 ൽ പുറത്തിറങ്ങിയ ഈ ചിത്രം നമ്മൾ നേരത്തെ പരാമർശിച്ച “ഫ്ലു” വിൽ നിന്നും തീർത്തും വ്യത്യസ്തമാണ്. ജീവന് വേണ്ടി പരക്കം പായുന്ന മനുഷ്യർക്ക് പകരം ശാന്തമായി, വൈദ്യ സമൂഹം എങ്ങിനെയാണ് ഒരു ദുരന്തത്തെ ശാസ്ത്രീയമായി നേരിടുന്നത് എന്ന് പകർത്തുകയാണ് സിനിമ. അതേ പോലെ തന്റെ ജീവനേക്കാൾ മറ്റ് മനുഷ്യരുടെ ജീവന് വേണ്ടി അഹോരാത്രം പണിയെടുക്കുന്ന നിഷ്കളങ്കയായ ഒരു ഡോക്റ്ററുടെ ജീവിതവും അത് പകർന്ന് തരുന്നു. ഇത് ഒരു യഥാർഥസംഭവത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ്.
2014 ജൂലൈ 20 ന് നൈജീരിയയിലെ ലാഗോസിലെ ഒരു ആശുപത്രിയിൽ പൊട്ടിപ്പുറപ്പെട്ട എബോള എന്ന മാരകരോഗത്തെ അവിടുത്തെ ഡോക്റ്റർമാരും ആരോഗ്യപ്രവർത്തകരും എങ്ങിനെ തടഞ്ഞ് നിർത്തി എന്ന് വളരെ ശാസ്ത്രീയമായി കാട്ടിത്തരുന്ന ചിത്രമാണ് 93 ഡെയ്സ്, അതും സ്വന്തം ജീവൻ തന്നെ ഹോമിച്ച് കൊണ്ട്.
ആഫ്രിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ് ലാഗോസ്. 2014 ജൂലൈ 20 നാണ് സിനിമക്കാസ്പദമായ സംഭവം നടക്കുന്നത്. പാട്രിക് സോയർ എന്ന ലൈബീരിയൻ അമേരിക്കൻ ഡിപ്ലോമാറ്റ് ലാഗോസിലെ ഫസ്റ്റ് കൺസൽട്ടന്റ് മെഡിക്കൽ സെന്ററിൽ ചികിത്സ തേടിയെത്തുന്നു. ദേഹാസ്വാസ്ഥ്യവും നേർത്ത പനിയുമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. സോയറുടെ അസുഖം എബോളയാണെന്ന നിഗമനത്തിൽ ആശുപത്രിയിലെ ഡോ അമേയോ അഡദേവോ എത്തിച്ചേരുന്നു. എന്നാൽ സോയർ ഇത് നിഷേധിക്കുകയും ഡോക്റ്ററുമായി കലഹത്തിലേർപ്പെടുകയും ചെയ്യുന്നു. അമേരിക്കൻ പൗരനായ സോയർ തന്റെ അധികാരം ഉപയോഗിച്ച് അവരെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും ഡോക്ടർ തന്റെ നിഗമനത്തിൽ ഉറച്ച് നിൽക്കുകയും തന്റെ സഹപ്രവർത്തകരോട് ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
സോയറുടെ ശരീര സ്രവങ്ങൾ ഇതിനിടെ പരിശോധനക്കയക്കുകയും അദ്ദേഹത്തിന് എബോളയാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. വാർത്ത ലോകമെങ്ങും പടരുന്നു. ആശുപത്രി അധികാരികളും രാജ്യത്തെ ആരോഗ്യമന്ത്രാലയവും സന്ദർഭത്തിനൊത്ത് ഉണരുന്നു. രോഗം എങ്ങും പടരാതിരിക്കാൻ വേണ്ട എല്ലാ മുൻകരുതലും രോഗികളെ പാർപ്പിക്കാനുള്ള ക്വാറന്റൈൻ കേന്ദ്രവും ഉടൻ തന്നെ പരിമിതമായ സൗകര്യത്തോടെയാണെങ്കിലും തയ്യാറാക്കി. അതിനിടയിൽ സോയർ മരിക്കുകയും ചെയ്തു. സോയറെ ചികിത്സിച്ച മുഴുവൻ പേരേയും ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റി.
ഇതിനിടെ ഡോക്റ്റർ അമേയോ കൃത്യമായ പഠനം നടത്തി ഡബ്യൂ.എച്ച്.ഓ യിലെ വിദഗ്ദൻ ഡോ.ഡേവിഡ് ബ്രെറ്റ് മേജറുമായി ചേർന്ന് രോഗം പടരാതിരിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. അപ്പോഴേക്കും ആശുപത്രിയിലെ ഒരു നഴ്സിനും ഒരു ഡോക്റ്ററായ അഡക്കും രോഗം പിടിപെട്ടിരുന്നു. അവരെയൊക്കെ കൃത്യമായി ക്വാറൻറ്റൈനിൽ നിർത്തുകയും ആവശ്യമായ ചികിത്സ നൽകുകയും ചെയ്തു. നഴ്സടക്കം നാലോളം പേർ രോഗത്തിനിരയായി. അതിനിടെ ഡോ: അമേയോയെയും രോഗം പിടികൂടി. അമേയോ മരിച്ചുവെങ്കിലും ഡോ: അഡ രക്ഷപ്പെട്ടു.
അമേയോയുടെ മരണം നമ്മെ വല്ലാതെ വേദനിപ്പിക്കുന്ന അനുഭവമാണ്. അവരുടെ മകന്റെ ജന്മദിനത്തിന് ക്വാറന്റൈൻ കേന്ദ്രത്തിന് പുറത്ത് മകൻ നിൽക്കുകയും അവശയായ അമ്മ കേന്ദ്രത്തിനകത്ത് നിന്ന് ഫോണിലൂടെ മകന് ആശംസകൾ അർപ്പിക്കുകയും ചെയ്യുന്ന രംഗം മറക്കാനാവില്ല. അധികം വൈകാതെ അവർ മരിക്കുകയും ചെയ്യുന്നു. ആരോഗ്യവിദഗ്ദരുടെയും ഡോ: അമേയോവിന്റെയും ഡോ: ഡേവിഡിന്റെയും ശാസ്ത്രീയമായ ഇടപെടലുകൾ എബോളയെ ആശുപത്രിയുടെ നാല് ചുവരുകൾക്കുള്ളിൽ ഒതുക്കാൻ സഹായിച്ചു.
ഇത് ഡോ: അമേയോയുടെ ജീവിതത്തിന്റെ ആവിഷ്കാരം മാത്രമല്ല അവർക്ക് നൽകിയ ആദരം കൂടിയാണ്. അവരുടെ സന്ദർഭോചിതമായ ഇടപെടലാണ് 2014 ൽ നൈജീരിയയിൽ എബോള പടരുന്നത് തടഞ്ഞത്. അതിന് മുൻപ് സ്വൈൻ ഫ്ലൂ പടരുമ്പോഴും ഇവർ ജനങ്ങളെ രക്ഷിക്കാൻ മുൻപിലുണ്ടായിരുന്നു. നിരവധി അവാർഡുകളാണ് ഇവർക്ക് ലഭിച്ചത്. രാജ്യം തന്നെ അവിടത്തെ ഏറ്റവും വലിയ റോഡിന് അവരുടെ പേരു നൽകി ബഹുമാനിച്ചു.
ലോകത്ത് ഇന്ത്യ കഴിഞ്ഞാൽ ഏറ്റവുമധികം സിനിമകൾ നിർമിക്കുന്ന രാജ്യമാണ് നൈജീരിയ. പക്ഷെ മികച്ച സിനിമകളുടെ ലിസ്റ്റിൽ എടുത്ത് പറയാവുന്ന സിനിമകൾ വളരെ കുറവാണ്. പ്രതിവർഷം 1800 നടുത്ത് സിനിമകൾ നിർമ്മിക്കുന്ന നൈജീരിയയിൽ നിന്നും കാൻ മേളയിൽ ഒരു ചിത്രം മാത്രമാണ് അംഗീകാരം നേടിയത് (B for Boy). ഓസ്കാറിൽ രണ്ടേ രണ്ട് സിനിമകളാണ് വന്നത്. അവക്ക് അവാർഡുകളൊന്നും ലഭിച്ചില്ല എങ്കിലും. എന്നാൽ വേണ്ടത്ര മാധ്യമ ശ്രദ്ധ ലഭിച്ചില്ലെങ്കിലും 93 ഡെയ്സ് മികച്ച ചിത്രമാണ്.