Read Time:14 Minute


ഡോ.ബി.ഇക്ബാൽ

കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ താത്ക്കാലികമായി നിർത്തലാക്കണമെന്ന ആവശ്യത്തിന് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചതോടെ വാക്സിൻ ലഭ്യത വർധിപ്പിച്ച് ജനങ്ങൾക്ക് അതിവേഗം ലഭ്യമാക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമായിരിക്കയാണ്.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും ചേർന്ന് ഇന്ത്യ കെനിയ, മൊസാംബിക്ക്, പാകിസ്ഥാൻ, ബൊളിവിയ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ കോവിഡ് നിയന്ത്രണം കൈവരിക്കുന്നത് വരെ വാക്സിൻ അടക്കമുള്ള കോവിഡ് ഉല്പന്നങ്ങളെ ബൗദ്ധിക സ്വന്തവകാശ നിയമങ്ങളിൽ നിന്നും ഒഴിവാക്കിത്തരണമെന്ന് ലോകവ്യാപാര സംഘടനയോട് (World Trade Organisation) ആവശ്യപ്പെട്ടിട്ടിരുന്നു. ലോകവ്യാപര സംഘടനയുടെ ട്രിപ്പ്സ് കരാറനുസരിച്ചുള്ള (Trade-Related Aspects of Intellectual Property Rights: TRIPS) ആർട്ടിക്കിൽ 73(ബി) പ്രകാരം രാജ്യ സുരക്ഷക്കായി എന്ത് നടപടിയും സ്വീകരിക്കാൻ ലോകരാജ്യങ്ങൾക്ക് അവകാശമുണ്ട്. ലോകാവ്യാപാര സംഘടനയിൽ അംഗങ്ങളായ 164 ൽ 100 രാജ്യങ്ങളും ബൗദ്ധികസ്വന്തവകാശ ഇളവിനെ അനുകൂലിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും ബൗദ്ധികസ്വത്തവകാശ ഇളവിനെ എതിർത്തിരുന്നു.

അമേരിക്കയുടെ മനം മാറ്റം

ജോ ബൈഡൻ അധികാരത്തിലെത്തിയതിനെ തുടർന്ന് അമേരിക്ക ഇപ്പോൾ ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ആവശ്യത്തോട് യോജിപ്പ് പ്രകടിപ്പിച്ചിരിക്കയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ പൊതുമേഖല വാക്സിൻ ഫാക്ടറികളിലൂടെ കോവിഡ് വാക്സിൻ ഉല്പാദിപ്പിച്ച് ലഭ്യമാക്കാൻ കേന്ദ്രസർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടതാണ്. 2008 ലെ യു പി എ സർക്കാരിന്റെ കാലത്ത് മികച്ച നിലയിൽ പ്രവർത്തിച്ചിരുന്ന സെന്റ്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കസൌളി, പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് കൂനൂർ, ബിസിജി വാക്സിൻ ലാബറട്ടറി ഗിണ്ടി, ചെങ്കൽ പെട്ടിലുള്ള എച്ച് ബി എൽ ഇന്റഗ്രേറ്റഡ് വാക്സിൻ കോംപ്ലക്സ് എന്നീ പൊതുമേഖല വാക്സിൻ ഫാക്ടറികളുടെ ലൈസൻസ് നല്ല ഉല്പാദന രീതികൾ പാലിക്കുന്നില്ലെന്ന് ആരോപിച്ച് റദ്ദാക്കിയിരുന്നു. ഈ ഫാക്ടറികളിൽ ഉല്പാദിപ്പിച്ചിരുന്ന് ഏതാണ്ട് ആയിരം കോടി രൂപക്കുള്ള വാക്സിനുകൾ ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് കയറ്റുമതി ചെയ്തു വന്നിരുന്നു. വാക്സിൻ ഫാക്ടറികൾ പൂട്ടിയതിനെതിരെ രാജ്യമെട്ടാകെ പ്രതിഷേധം അലയടിച്ചുയർന്ന സാഹചര്യത്തിൽ അമർസിംഗ് എം പി അധ്യക്ഷനായുള്ള ആരോഗ്യ കുടുംബക്ഷേമ സ്റ്റാഡിംങ് കമ്മറ്റിയെ ഇക്കാര്യം പഠിക്കാൻ നിയോഗിച്ചിരുന്നു. ലോകാരോഗ്യ സംഘടന വാക്സിൻ ഫാക്ടറിയിലെ അടിസ്ഥാന സൌകര്യത്തിലുള്ള ചില കുറവുകൾ ചൂണ്ടികാട്ടിയതല്ലാതെ ഫാക്ടറി പ്രവർത്തനം നിർത്തണമെന്നാവശ്യപ്പെട്ടിരുന്നില്ലെന്ന് കമ്മറ്റി കണ്ടെത്തി. മാത്രമല്ല ഫാക്ടറിയിലെ സൌകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സഹായം നൽകാൻ ലോകാരോഗ്യസംഘടന തയ്യാറായിരുന്നെങ്കിലും അത് സ്വീകരിക്കുന്നതിൽ സർക്കാർ വിഴ്ചവരുത്തിയതായും കമ്മറ്റി കണ്ടെത്തി. അടച്ചുപൂട്ടിയ സർക്കാർ വാക്സിൻ ഫാക്ടറിയിലെ സൌകര്യം പോലുമില്ലാത്ത ഹൈദരാബാദിലെ ബയോളജിക്കൽ ഇ ലിമിറ്റഡിൽ നിന്നും വിലകൂടിയ വാക്സിൻ വാങ്ങിയതിനേയും കമ്മറ്റി വിമർശിച്ചിരുന്നു. എന്നാൽ ഈ സ്ഥാപനങ്ങൾ പുനരുദ്ധരിക്കുന്നതിന് കാര്യമായ ശ്രമങ്ങളൊന്നും പിന്നീട് നടന്നിട്ടില്ല. പുതിയ സാഹചര്യം കണക്കിലെടുത്ത് പൊതുമേഖല വാക്സിൻ ഫാക്ടറികളിൽ ആധുനിക ജനിതക വാക്സിനുകൾ ഉല്പാദിപ്പിക്കാനുള്ള ശേഷിയും അടിസ്ഥാന സൌകര്യങ്ങളും വികസിപ്പിച്ചെടുത്ത് കോവിഡ് വാക്സിൻ രാജ്യത്ത് തന്നെ ഉല്പാദിപ്പിക്കാൻ കേന്ദ്രസർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടതാണ്. സീറം ഇൻസ്റ്റിറ്റ്യൂട്ട് , ബാരത് ബയോട്ക്ക് എന്നീ സ്വകാര്യ സ്ഥാപനങ്ങളുടെ അടിസ്ഥാന സൌകര്യ വികസനത്തിനായി കേന്ദ്രസർക്കാർ ഇതിനിടെ 5000 കോടി രൂപ ഗ്രാന്റ് നൽകിയിരുന്നു. എന്നാൽ അപ്പോഴും പൊതുമേഖല ഔഷധകമ്പനികളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.

പരാജയപ്പെട്ട വാക്സിൻ നയം

തീവ്രദേശീയത അമിതമായി ഉദ്ദീപിപ്പിക്കുന്നത് ഒരു തന്ത്രമായി സ്വീകരിച്ചിട്ടുള്ള ബിജെപിയാണ് രാജ്യം ഭരിക്കുന്നത്. എൻ ഡി എ സർക്കാർ അധികാരമേറ്റത് മുതൽ മെക്ക് ഇൻ ഇന്ത്യ (Make in India) എന്ന പേരിൽ വിദേശരാജ്യങ്ങളെ ആശ്രയിക്കാതെ തന്നെ ഉല്പാദനം വർധിപ്പിക്കാൻ ഇന്ത്യൻ കമ്പനികളെ പ്രാപ്തമാക്കാനെന്ന് അവകാശപ്പെട്ട് നിരവധി പദ്ധതികൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു കോവിഡ് സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധികൾ നേരിടാൻ ആത്മനിർഭർഭാരത് അഭിയാൻ എന്ന സ്വാശ്രയത്തെ പ്രോത്സാഹിപ്പിക്കാനെന്ന് അവകാശപ്പെട്ടുള്ള പദ്ധതികൾക്കായി 20 ലക്ഷം കോടി മാറ്റിവക്കയും ചെയ്തിരുന്നു. എന്നാൽ കോവിഡ് മഹാരിയെ നേരിടുന്നതിൽ ഏറ്റവും സുപ്രധാന പങ്ക് വഹിക്കേണ്ട വാക്സിൻ ലഭ്യതയുടെയും വിതരണത്തിന്റെയും കാര്യത്തിൽ സർക്കാർ സ്വീകരിച്ച് കൊണ്ടിരിക്കുന്ന പരമാബദ്ധ നയങ്ങൾ ബി ജെ പിയുടെ തീവ്രദേശീയതയുടെ പൊള്ളത്തരങ്ങൾ തുറന്ന് കാട്ടിയിരിക്കയാണ്.
കോവിഡ് വാക്സിൻ ലഭ്യമാക്കുന്നതിൽ ആദ്യം മുതൽ തന്നെ ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിനേയും ഐ.സി.എം.ആർ-ബയോട്ടെക്ക് കമ്പനിയേയും മാത്രമാണ് കേന്ദ്രസർക്കാർ ആശ്രയിച്ച് പോന്നത്. സീറം ഇൻസ്റ്റിറ്റ്യൂട്ട് ലോകാരോഗ്യസംഘടനയുടെ കോവാക്സ് പദ്ധതിയുടെ ഭാഗമായി നിരവധി വികസ്വരരാജ്യങ്ങൾക്ക് വാക്സിൻ നൽകിയത് ഇന്ത്യയുടെ ഖ്യാതി വർധിപ്പിക്കയും ചെയ്തിരുന്നു. നരേന്ദ്രമോഡിയെ വാക്സിൻ ഗുരു എന്ന വിശേഷിപ്പിക്കാനും ചില മാധ്യമങ്ങൾ മുന്നോട്ടുവന്നു. മനുഷ്യ പരീക്ഷണ ഘട്ടം പൂർത്തിയാക്കാതെ കഴിഞ്ഞ ആഗസ്റ്റ് 15 ന്റെ സ്വാതന്ത്ര്യ ദിനത്തിന് തന്നെ ഭാരത് ബയോട്ടെക്കിന്റെ വാക്സിൻ വിതരണം ആരംഭിക്കാനുള്ള ശ്രമം വിവാദമായതോടെ ഉപേക്ഷിക്കപ്പെടുകയാണുണ്ടായത്. ഇതൊക്കെയായിട്ടും ഇന്ത്യക്കാവശ്യമായ വാക്സിൻ എത്രയെന്ന് കണക്കാക്കി ഉചിതമായ വാക്സിൻനയം ആവിഷ്കരിക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്.
മെയ് 6 വരെയുള്ള ഇന്ത്യയിലെ വാക്സിനേഷൻ നില
18 വയസ്സിന് താഴെയുള്ള, വാക്സിൻ നൽകാൻ ഉദ്ദേശിക്കാത്തവരെ ഒഴിവാക്കി മറ്റുള്ളവർക്ക് വാക്സിൻ നൽകാൻ നമുക്ക് കുറഞ്ഞത് 60 കോടി ഡോസ് വാക്സിൻ വേണ്ടി വരും എന്നാൽ സീറം ഇൻസ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും കൂടി എത്ര ശ്രമിച്ചാലും ഇതിന്റെ പകുതി ഡോസ് പോലും ഉല്പാദിപ്പിക്കാനുള്ള ശേഷിയില്ലെന്ന് വ്യക്തമായിരുന്നു. എന്നാൽ ആത്മനിർഭർഭാരത് അഭിയാനിലൂടെ സ്വാശ്രയത്വത്തെ കുറിച്ച് നിരന്തരം പ്രചാരണം നടത്തുകയും മെക്ക് ഇന്ത്യ എന്ന് വാതോരാതെ പ്രസംഗിക്കയും ചെയ്തുവരുന്ന പ്രധാനമന്ത്രി രാജ്യത്തിന്റെ ലോകപ്രശസ്തമായ തദ്ദേശീയ വാക്സിൻ ഫാക്ടറികളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. രാജ്യത്തിലെ മികവ് തെളിയിച്ച പൊതുമേഖല സ്ഥാപനങ്ങൾ വിറ്റു തുലച്ചും അവഗണിച്ചും നശിപ്പിച്ച് കൊണ്ടിരിക്കുന്ന സാമ്പത്തികനയങ്ങളും സ്വാശ്രയത്വമെന്ന കപട അവകാശവാദവും തമ്മിലുള്ള വൈരുദ്ധ്യമാണ് വാക്സിൻ ലഭ്യത ഉറപ്പാക്കുന്നതിൽ സംഭവിച്ച് കൊണ്ടിരിക്കുന്ന വൻപാളിച്ചകൾ വെളിച്ചത്ത് കൊണ്ടുവന്നിരിക്കുന്നത്.

ട്രേഡ്സീക്രട്ട് എന്ന കടമ്പ

ഇപ്പോൾ സാക്ഷാൽ അമേരിക്കതന്നെ കോവിഡ് വാക്സിനുമേലുള്ള ബൗദ്ധികസ്വത്തവകാശ നിയമം ഇളവുചെയ്യാനുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ നീക്കത്തെ പിന്താങ്ങിയ സാഹചര്യത്തിൽ കോവിഡ് വാക്സിൻ പന്ത് നരേന്ദ്രമോഡിയുടെ കോർട്ടിലെത്തിയിരിക്കയാണ്. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി ഇന്ത്യൻ പൊതുമേഖല ഔഷധ കമ്പനികൾ നവീകരിച്ചും വിപുലീകരിച്ചും വാക്സിൻ ഉല്പാദനം വർധിപ്പിക്കാൻ കേന്രസർക്കാർ അടിയന്തിര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അത് ഇന്ത്യൻ ജനതയുടെമേലുള്ള യുദ്ധപ്രഖ്യാപനമായി കാണേണ്ടിവരും വാക്സിനുമേലുള്ള ബൗദ്ധിക സ്വത്തവകാശം ട്രേഡ് സീക്രട്ട് (Trade Secret) എന്ന വകുപ്പിന്റെ പരിധിയിൽ പെടുന്നതിനാൽ മറ്റ് ചിലകടമ്പകളും കടക്കേണ്ടതുണ്ട്. വാക്സിൻ പേറ്റന്റ് ചെയ്തിട്ടുള്ള നിർവഹണ ഏജൻസിയുടെ (Regulatory Agency) പക്കലാണ് വാക്സിൻ ഉല്പാദനരീതിയും മറ്റും സംബന്ധിച്ച ശാസ്തീയവിവരങ്ങളുള്ളത്, വിവരസംരക്ഷണം (Data Protection) എന്ന ലോകവ്യാപര സംഘടന വകുപ്പനുസരിച്ച് മറ്റാർക്കും പ്രസ്തുത വിവരങ്ങൾ കൈമാറാൻ നിർവഹണ ഏജൻസികൾ തയ്യാറാവണമെന്നില്ല.. മാത്രമല്ല അത്തരം വിവരങ്ങൾ ലഭ്യമായാൽ തന്നെ വാക്സിൻ മറ്റ് രാജ്യങ്ങളിൽ മാർക്കറ്റ് ചെയ്യുന്നതിന് മുൻപ് വീണ്ടും മനുഷ്യപരീക്ഷണവും മറ്റും നടത്തണമെന്ന് നിഷ്കർഷിക്കാനും സാധ്യതയുണ്ട്. ഇതെല്ലാം പൂർത്തിയാക്കി വാക്സിൻ ലഭ്യമാക്കാൻ വർഷങ്ങളെടുത്തു എന്ന് വരാം. നമ്മുടെ അടിയന്തിര ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ ഇതെല്ലാം തടസ്സമുണ്ടാക്കും.

ഇതെല്ലാം കണക്കിലെടുത്ത് അമേരിക്കയുടെ മാറിയ നയസമീപനം പ്രയോജനപ്പെടുത്തി ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗ പ്രത്യാഘാതങ്ങൾ ബോധ്യപ്പെടുത്തി വാക്സിനുമേലുള്ള ട്രേഡ് സീക്രട്ട് ഉപാധിയും മറ്റു നിബന്ധനകളും ലഘൂകരിച്ച് വാക്സിൻ ഉല്പാദനം ത്വരിത ഗതിയിൽ ആരംഭിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ കേന്ദ്രസർക്കാർ സ്വീകരിക്കേണ്ടതാണ്.


കടപ്പാട് : ദേശാഭിമാനി ദിനപ്പത്രം – മെയ് 8, 2021

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കാസ്പിയൻ തടാകം ശോഷിക്കുന്നു?
Next post കരുതലിന്റെയും ജാഗ്രതയുടെയും 93 ദിവസങ്ങൾ
Close