ചന്ദ്രനിൽനിന്നുള്ള സൂര്യഗ്രഹണക്കാഴ്ച എങ്ങനെയിരിക്കും ?

പ്രൊഫ.ജി.ബാലകൃഷ്ണന്‍ നായര്‍

റിട്ട. പ്രൊഫസര്‍, എന്‍.എസ്.എസ്. കോളേജ്, പന്തളം

2019 ഡിസംബര്‍ 26 ന്റെ വലയ സൂര്യഗ്രഹണ സമയത്ത് വാനനിരീക്ഷണത്തിനായി നമുക്ക് ഭാവനയിലേറി ചന്ദ്രനിലേക്കു പോയാലോ? ചന്ദ്രനില്‍ എങ്ങനെയായിരിക്കും ഗ്രഹണം കാണുക ?

ചന്ദ്രോപരിതലത്തിലെ ഗ്രഹണക്കാഴ്ച്ച (ഭൂമിയിൽ ചന്ദ്രഗ്രഹണം  നടക്കുന്ന സമയത്ത്) ആസ്ട്രോ ചിത്രകാരനായ Lucien Rudaux വരച്ചത് കടപ്പാട് : വിക്കിപീഡിയ

‘ഭൂമിയിൽനിന്ന്, ചന്ദ്രൻ സൂര്യനെ മറയ്ക്കുന്നതു കാണുമ്പോഴല്ലേ സൂര്യഗ്രഹണക്കാഴ്ചയാവുകയുള്ളു?’ എന്നത് ശരിയായ ചോദ്യമാണ്. ഡിസംബർ 26 ന് ചന്ദ്രനിൽനിന്ന് സൂര്യഗ്രഹണം കാണാനേ ആവില്ല. പക്ഷേ ഭൂമിയിലിരുന്ന് ഭൂമിയുടെ നിഴൽ ചന്ദ്രനിൽ വീഴുന്ന പ്രതിഭാസം നാം നിരീക്ഷിക്കാറുണ്ട്; ആസ്വദിക്കാറുണ്ട്. അതാണല്ലോ ചന്ദ്രഗ്രഹണം. അതുപോലെ ചന്ദ്രനിലിരുന്ന് ഡിസംബർ 26 ന് ഒരു ‘ഭൂമിഗ്രഹണം’ കാണാന്‍ സാധിക്കുമോ? അതു സാധ്യമാണ്.

ചന്ദ്രനില്‍നിന്നുള്ള കാഴ്ച

ചന്ദ്രൻ ഭൂമിയുമായി വേലിയേറ്റബന്ധന(tidal lock) ത്തിലാണ് എന്നറിയാമല്ലോ. എല്ലാകാലവും ചന്ദ്രന്റെ ഒരേ പാതിതന്നെയാണ് നാം ഭൂമിയില്‍നിന്നു കാണുന്നത്. ചന്ദ്രന്റെ ഈ പാതിയിലാണ് ചെന്നുനില്ക്കുന്നതെങ്കിൽ ചന്ദ്രനിൽ വേലി യേറ്റബന്ധനം ഉണ്ടാക്കുന്ന പ്രത്യേകത തിരിച്ചറിയാം. ഭൂമിയെ ചന്ദ്രാകാശത്ത് എന്നും എപ്പോഴും ഒരേ സ്ഥാനത്തുതന്നെ കാണും. സൂര്യനും നക്ഷത്രങ്ങളും അവിടെ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യും. എന്നാൽ ഭൂഗോളത്തിന് അവിടെ വൃദ്ധിക്ഷയങ്ങൾ മാത്രമേ ഉള്ളൂ. ഭൂമിയുടെ പകൽ വശവുമായി നേർക്കുനേർ ചന്ദ്രൻ വരുമ്പോൾ ചന്ദ്ര നിൽനിന്ന് പൂർണഭൂമി കാണാം. ഭൂമിയുടെ സ്വയം ഭ്രമണവും കാണാം.

ഭൂമീപ്രതലത്തിൽ വീഴുന്ന പ്രകാശത്തിന്റെ ശരാശരി 30 ശതമാനം പ്രതിഫലിക്കും. അതുകൊണ്ട് കാഴ്ചയില്‍ നല്ല ശോഭ ഉണ്ടാവും. ചന്ദ്രൻ വെറും 7 ശതമാനമേ പ്രതിഫലിപ്പിക്കു. കൂടാതെ, ചന്ദ്രനിലെത്തുന്ന പ്രകാശത്തെ തടസ്സപ്പെടുത്തുവാന്‍ പൊടിനിറഞ്ഞ അന്തരീക്ഷവും ചന്ദ്രനില്ല. പരിക്രമണം തുടരുമ്പോൾ ചന്ദ്രന്റെ അതേ മുഖം ക്രമമായി ഭൂമിയുടെ നേരെതിരിയുമെങ്കിലും പകൽ വശം ചന്ദ്രനിൽ കാണപ്പെടുന്നത് കുറഞ്ഞുവരും. 14 ദിവസം കഴിഞ്ഞാൽ കാണപ്പെടുന്നത് ഭൂമിയുടെ രാത്രിവശം മാത്രമായിരിക്കും. വീണ്ടും ഭൂമി വൃത്തപൂർണിമയിലേക്ക് വരുന്നത് 14 ൽ കൂടുതല്‍ ദിവസം കൊണ്ടായിരിക്കും. ഈ പരിക്രമണ കാലത്ത് ചന്ദ്രന്റെ മുഖം ഒരു അർധരാത്രിയിൽ (കറുത്തവാവ്) നിന്ന് അടുത്ത അർധരാത്രിയിലേക്ക് തിരിച്ചെത്തുകയാണ് ചെയ്യുന്നത്. ഇതിനെടുക്കുന്ന കാലം ഭൂമിയിലെ ഇരുപത്തൊൻപതര ദിവസമാണ്-അതായത്, ചന്ദ്രനിലെ ഒരു ദിവസം.

ഭൂമിയില്‍ സൂര്യഗ്രഹണം തുടങ്ങുമ്പോള്‍

ഇനി ചന്ദ്രനിലിരുന്ന് നമുക്ക് ഗ്രഹണം കാണാന്‍ ശ്രമിക്കാം. ചന്ദ്രൻ ഭൂമിയെ നോക്കുന്ന വശത്തിന്റെ മധ്യത്തിൽ ഒരു സമതലമുണ്ട് – ‘ഡൈനസ്‌മിഡെ’. നമുക്ക് ഇവിടെയിരുന്ന് ഭൂമിയിലേക്ക് നോക്കാം. കേരളത്തിലേക്ക് ഡിസംബർ 26 പുലരുന്നതിനു മുമ്പുതന്നെ കറുത്തവാവിലെ ചന്ദ്രനിലിരുന്ന് പ്രകാശമാനമായ ഭൂമിയുടെ പൂർണവൃത്തത്തിലേക്ക് ദൂരദർശിനി തിരിക്കാം. ഇന്ത്യ പകലിലേക്ക് എത്തുന്നതിന്റെ പിന്നാലെ പാകിസ്ഥാൻ, മസ്‌ക്കറ്റ്, സൗദി അറേബ്യ… ഭൂമി കിഴക്കോട്ട് തിരിയുകയാണ്. സൗദി അറേബ്യ പ്രകാശത്തിലേക്ക് വരുന്നതോടെ അവിടെ ചന്ദ്രന്റെ നിഴൽ പതിക്കുന്നു. ഗ്രഹണത്തിന്റെ തുടക്കമാണ്. ഏതാണ്ട് 120 കിലോമീറ്റർ വ്യാസമുള്ള നിഴൽ.

സൂര്യവെളിച്ചത്തിൽ ചന്ദ്രൻ സൃഷ്ടിക്കുന്ന ഛായ (umbra), ഏതാണ്ട് 3.8 ലക്ഷം കിലോമീറ്റർ നീളത്തിൽ, എപ്പോഴും നീണ്ടുകിടക്കുന്നുണ്ട്. ഭൂമിയിൽനിന്ന് നിരീ ക്ഷിക്കുന്ന വ്യക്തി യും ചന്ദ്രനും അതി നു പിന്നിൽ സൂര്യബിംബവും നേർരേഖയിൽ എത്തുന്ന സമ യമാണ് ഗ്രഹണസമയം. ഈ സമയം ഛായയുടെ മുന കൃത്യം ഭൂമിയിലെ നിരീക്ഷകന്റെ നേർക്കാണ്. ഭൂമി യും ദീർഘവൃത്തത്തിൽ പരിക്രമണംചെയ്യുന്ന ചന്ദ്രനും തമ്മിലുള്ള ദൂരം കൂടുതലായിരിക്കുന്ന സമയത്താണ് ഇത്തവണ സൂര്യഗ്രഹണം നടക്കുന്നത്. അതുകൊണ്ട് ചന്ദ്രന്റെ ഛായയ്ക്ക് ഭൂതലം തൊടാൻ നീളമില്ലാതെ പോകുന്നു. നിരീക്ഷകന് അതനുഭവപ്പെടുന്നത് സൂര്യബിംബത്തിന്റെ അരികിൽനിന്നുള്ള രശ്മി കൾ തന്നിലെത്തുന്നതായാണ്.

പ്രധാന നിഴൽവട്ടത്തിനപ്പുറം ഭൂമിയിൽ ഏതാണ്ട് ആയിരം കിലോമീറ്റർ ദൂരത്തേക്ക് തീവ്രത കുറഞ്ഞു കുറഞ്ഞ് പോകുന്ന ഉപ ഛായ(penumbra)യും ഉണ്ട്. ചന്ദ്രനിൽനിന്നു നോക്കിയാൽ ഇത് തീരെ വ്യക്തമാവില്ല. ഭൂഭ്രമണംകൊണ്ട് സൗദിഅറേബ്യ കിഴക്കോട്ട് നീങ്ങുകയാണ്. ഈ ചലനത്തിന് മധ്യരേഖാപ്രദേശത്ത് മിനിറ്റിൽ 27 കിലോമീറ്റർ വേഗതയുണ്ടെന്നു നമുക്കറിയാം. നിഴൽ നിശ്ചലമാണെങ്കിൽ പുതുതായി പകൽ വെളിച്ചത്തിലേക്ക് വരുന്ന രാജ്യങ്ങളിലൂടെ അത് പടിഞ്ഞാറോട്ട് സഞ്ചരിക്കുന്നതായി തോന്നേണ്ടതാണ്. പക്ഷേ, നിഴൽ മിനിറ്റിൽ ഏതാണ്ട് 33 കിലോമീറ്റർ വേഗതയിൽ ലേശം തെക്ക്-കിഴക്കോട്ട് പാഞ്ഞുപോകുന്നതായാണ് കാണു ക. ചന്ദ്രന് ഭൂമിയുടെ കിഴക്കുദിശയിലേക്ക് 60 കി.മീ./മിനിറ്റ് പരിക്രമണ വേഗതയുള്ളതുകൊണ്ടാണ് അതിന്റെ നിഴലിന് ഈ വേഗത കിട്ടുന്നത്.

‘ഭൂമിഗ്രഹണ’മെന്നു വിളിക്കേണ്ട

ചെറിയൊരു സമയത്തെ ചന്ദ്രന്റെ നീക്കംകൊണ്ട്, ഗ്രഹണത്തിനിടയാക്കിയ ‘ഭൂമി-ചന്ദ്രൻ-സൂര്യൻ’ നേര്‍രേഖാക്രമീകരണം (alignment) തകിടം മറിയുന്നില്ല. നിഴൽ അറബിക്കടൽ കടന്ന് കേരളത്തിന്റെ വടക്കെ അറ്റത്ത് പ്രവേശിച്ച് വേഗത്തിൽ തമിഴ്‌നാട്ടിലൂടെ ഇന്ത്യൻ മഹാസമുദ്രം, പെസഫിക് സമുദ്രം, ഫിലിപ്പീൻസ് ദീപുകൾ എന്നിവ കടന്ന് ഛായ ഭൂതലംവിട്ട് ഉയർന്നുയർന്ന് മാറുന്നു. ഡിസംബറിൽ മേഘാവൃതമല്ലാത്തതുകൊണ്ട് കേരളത്തിൽ നിഴലിന് താരതമ്യേന വ്യക്തതയുണ്ട്. തമിഴ്‌നാട്ടിനു മുകളിൽ ഇക്കാലത്ത് കൂടുതൽ മേഘങ്ങൾ ഉണ്ടായിരിക്കും.

ചന്ദ്രനിൽനിന്നുള്ള ഈ കാഴ്ചയെ ‘ഭൂമിഗ്രഹണ’ മെന്ന് പറയാമോ എന്നു ചോദിച്ചാൽ,  വേണ്ട, ആ പദവി കൊടുക്കേണ്ട എന്നാണ് ഉത്തരം. ഭൂപ്രതലത്തിലൂടെ ചെറിയ കറുത്ത നിഴലിന്റെ യാത്രമാത്രം- ഒരു സംതരണം (transit). ഈ സംതരണം കാണാൻ ചന്ദ്രനിലോ, ഭൂമിയുടെ കൃത്രിമ ഉപഗ്രഹത്തിലോ പോകണം. കൃത്രിമ ഉപഗ്രഹം ഏതാണ്ട് 250 കി.മീ. ഉയരത്തിലാണ്. അവിടിരുന്ന് സംതരണം നഗ്നനേത്രംകൊണ്ടുതന്നെ  വ്യക്തമായി കാണാം, ഇപ്പോഴല്ല.

ചന്ദ്രനിലെ ‘സൂര്യഗ്രഹണം’

ഇനി, ചന്ദ്രനിലിരുന്ന് സൂര്യഗ്രഹണം കാണാൻ ഒരു സാധ്യതയുമില്ലേ എന്ന ചോദ്യമുണ്ട്. കാണാം, ഇപ്പോഴല്ല. അതിന് ഭൂമിയിൽ ചന്ദ്രഗ്രഹണം  നടക്കുന്ന സമയത്ത് ചന്ദ്രനിൽ എത്തണം. ചന്ദ്രനും സൂര്യനും ഭൂമിയുടെ ഇരുവശത്തുമായി നേര്‍രേഖയിലാണല്ലോ ആ  സമയത്തെ ക്രമീകരണം.

ഭൂമിയുടെ ഛായയിലൂടെ കടന്നുപോകാൻ ചന്ദ്രൻ രണ്ടോ മൂന്നോ മണിക്കൂറെടുക്കും. ചന്ദ്രനിലിരുന്നു നിരീക്ഷിച്ചാൽ ഭൂമിയുടെ പിന്നിൽ സൂര്യൻ സാവകാശം മറയുന്നതും മണിക്കൂറുകൾ കഴിഞ്ഞ് പുറത്തുവരുന്നതും കാണാം. ഭൂമിക്ക് അന്തരീക്ഷമുളളതുകൊണ്ട് അതിലൂടെ ചന്ദ്രന്റെ ഭാഗത്തേക്ക് വരുന്ന സൂര്യരശ്മികൾക്ക് അപവർത്തനവും  (refraction) വിസരണവും (scattering) സംഭവിക്കും. നീല-പച്ച രശ്മികൾ മിക്കവാറും വിസരണം സംഭവിച്ച് ലംബദി ശയിൽ നഷ്ടമാവും. വിസരണം  കുറഞ്ഞ നിറമായ ചുവപ്പിന്റെ ഒരു ഭാഗം അപവർത്തനം സംഭവിച്ച് ചന്ദ്രപ്രതലത്തിൽ എത്തും. അതിനാല്‍, ചന്ദ്രനിൽനിന്ന് സൂര്യഗ്രഹണം കാണുമ്പോൾ ഇരുണ്ട ഭൂമിക്ക് ചുറ്റും നേർത്ത ചുവപ്പുവലയം കാണപ്പെടും. അസ്തമയ സൂര്യന്റെ ചുവപ്പുപോലെ.

എന്നാൽ ഭൂമിയിലിരുന്നു കാണുന്ന കോറോണയും ക്രോമോസ്‌ഫിയറും ഗ്രഹണം പുരോഗമിക്കുമ്പോൾ ചന്ദ്രനിൽനിന്നു കാണാനാവില്ല. പൂർണ സൂര്യഗ്രഹണത്തിനൊടുവിൽ കാണപ്പെടാറുള്ള ‘വജ്രമോതിര’ ത്തിനും സാധ്യതയില്ല. ചന്ദ്രനിലുള്ളതുപോലെ വടുക്കൾ ഭൂമിയില്ലാത്തതാണ് കാരണം.

നമ്മുടെ പദാവലികൾ ഭൂകേന്ദ്രീകൃതമാണല്ലോ. ‘സൂര്യഗ്രഹണം’ ‘ചന്ദ്രഗ്രഹണം’ എല്ലാം പരഗ്രഹ പ്രവേശത്തിൽ എന്തായി മാറുമെന്ന് കണ്ടല്ലോ? ഇങ്ങനെ ഓരോ ജ്യോതിശ്ശാസ്ത്ര പ്രതിഭാസവും പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലുമിരുന്ന് കാണുന്നതായി ദിവാസ്വപ്നം കണ്ടുനോക്കൂ. പ്രപഞ്ചം അനന്തമാണ്, മനുഷ്യഭാവനയും!


2019 ഡിസംബര്‍ ലക്കം ശാസ്ത്രകേരളം ഗ്രഹണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്. ശാസ്ത്രകേരളം ഓണ്‍ലൈനായി വരി ചേരുവാന്‍ https://www.kssppublications.com/

ശാസ്ത്രകേരളം – ലൂക്ക ജ്യോതിശാസ്ത്ര ക്വിസ് ഇപ്പോള്‍ പങ്കെടുക്കാം

Leave a Reply