അതിചന്ദ്രനും അവസാനിക്കാത്ത ലോകാവസാനവും

[author title=”എന്‍. സാനു” image=”http://luca.co.in/wp-content/uploads/2016/10/Sanu-N.jpg”][/author]

 

ലോകാവസാന വാര്‍ത്തകള്‍ വീണ്ടും മാധ്യമങ്ങളില്‍ നിറയുകയാണ്. ഇത്തവണ അത് അതിചന്ദ്രന്‍ അഥവാ സൂപ്പ‍ര്‍ മൂണിനെ ചൊല്ലിയാണെന്ന് മാത്രം. വരുന്ന നവംബര്‍ 14ന് ആണ് അതിചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നത്. പൗര്‍ണമിദിവസമായ അന്ന് ചന്ദ്രനെ അതിന്റെ ശരാശരിയേക്കാള്‍ 14 ശതമാനം കൂടുതല്‍ വലിപ്പത്തിലും 30 ശതമാനം കൂടുതല്‍ ശോഭയിലും കാണാന്‍ കഴിയും. ഇത് ലോകാവസാനത്തിന്റെ ലക്ഷണമാണെന്നാണ് ക്രിസ്തുമതവിശ്വാസികളായ ചിലരുടെ പേരില്‍ പ്രചരിപ്പിക്കപ്പെടുന്നത്.

super-moon-jaipur

എന്താണ് അതിചന്ദ്രന്‍ അഥവാ സൂപ്പര്‍ മൂണ്‍?

വൃത്താകാരമായ പാതയിലല്ല ചന്ദ്രന്‍ ഭൂമിയെ പരിക്രമണം ചെയ്യുന്നത്. അങ്ങനെയായിരുന്നെങ്കില്‍ എല്ലാസമയത്തും ഭൂമിയും ചന്ദ്രനും തുല്യ അകലം പാലിക്കുമായിരുന്നു. ചന്ദ്രന്റെ പരിക്രമണപാത ദീർഘവൃത്തം (എലിപ്സ്) ആണ്. ദീര്‍ഘവൃത്തത്തിന് രണ്ട് കേന്ദ്രങ്ങളുള്ളതില്‍ ഒന്നിലാണ് ഭൂമിയുടെ സ്ഥാനം. അതിനാല്‍ പരിക്രമണത്തിന്റെ ഓരോ ഘട്ടത്തിലും ഭൂമിയും ചന്ദ്രനും തമ്മില്‍ വ്യത്യസ്ത അകലം പാലിക്കുന്നു. ചില സമയത്ത് ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് എത്തും. ഇതിനെ പെരിജീ അഥവാ ഭൗമ സമീപകം  എന്നു് പറയുന്നു. അതുപോലെ ചന്ദ്രന്‍ ഭൂമിയില്‍ നിന്നും ഏറ്റവും അകലം പാലിക്കുന്നതിനെ അപ്പോജീ (ഭൗമോച്ചം )എന്നും പറയുന്നു. അകലം കൂടുന്തോറും വസ്തുവിന്റെ അപേക്ഷിക വലിപ്പം കുറയും എന്നും അകലം കുറയുംതോറും വസ്തുവിന്റെ ആപേക്ഷിക വലിപ്പം കൂടും എന്നും അറിയാമല്ലോ. അതായത് ഭൗമ സമീപക സമയത്ത് ചന്ദ്രനെ കൂടുതല്‍ വലിപ്പത്തില്‍ കാണാന്‍ സാധിക്കും. (ഇതിനര്‍ത്ഥം ചന്ദ്രന്‍ യഥാര്‍ത്ഥത്തില്‍ മുമ്പുണ്ടായിരുന്നതിനേക്കാള്‍ വലുതായി എന്നല്ലല്ലോ.)

moon-orbit

ഇനി പൗര്‍ണമി. അത് എന്താണെന്ന് സ്കൂള്‍കുട്ടികള്‍ക്ക് പോലും അറിയാവുന്ന കാര്യമാണ്. സൂര്യന്‍, ഭൂമി, ചന്ദ്രന്‍ എന്നിവ നേര്‍രേഖയില്‍ (ഏകദേശം) വരികയും സൂര്യചന്ദ്രന്‍മാര്‍ ഭൂമിക്കിരുപുറവും ആയിരിക്കുകയും ചെയ്യുമ്പോള്‍, ചന്ദ്രന്റെ ഭൂമിക്കഭിമുഖമായ  മുഴുവന്‍ പ്രതലവും പ്രകാശിതമാവുകയും, നമ്മള്‍ ചന്ദ്രനെ പൂര്‍ണ വൃത്താകൃതിയില്‍ കാണുകയും ചെയ്യുന്നു. ഇതാണ് പൗര്‍ണമി.

earth-sun-moon-position-on-super-moon

ഇനി ചന്ദ്രന്‍ ഭൗമ സമീപകത്തായിരിക്കുമ്പോള്‍ ഒരു പൗര്‍ണമി സംഭവിച്ചാലോ? പൂര്‍ണചന്ദ്രനെ ഏറ്റവും അടുത്ത് ദര്‍ശിക്കാനാകും. അതിന്റെ ആപേക്ഷിക വലിപ്പവും പ്രഭയും വളരെ കൂടുതലായിരിക്കും. ഇതാണ് അതിചന്ദ്രന്‍.

ഇതിന് മുമ്പ് ഇങ്ങനെ ഉണ്ടായിട്ടില്ലേ?

ഉണ്ടല്ലോ. 1948ലാണ് അവസാനമായി ഇത്തരം ഒരു അതിചന്ദ്രന്‍ ഉണ്ടായത്. സാധാരണയായി ശരാശരി 70 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ അതിചന്ദ്രന്‍ ഉണ്ടാകാറുണ്ട്. അതിനാല്‍ ഇത് ഒരു അപൂര്‍വ്വ സംഭവമല്ല. ഭൂമിയുണ്ടായതിന് ശേഷം എത്രയോ ദശലക്ഷം അതിചന്ദ്രന്മാരെ കണ്ടിട്ടുണ്ടാകാം. മാത്രമല്ല നിലവില്‍ ചന്ദ്രന്‍ ഭൗമ സമീപക ഘട്ടത്തിലായതിനാല്‍ കഴിഞ്ഞ ഒക്ടോബര്‍ 16ന്റെ പൗര്‍ണമിയും അടുത്ത ഡിസംബന്‍ 13ന്റെ പൗര്‍ണമിയുമൊക്കെ അതിചന്ദ്രന്മാര്‍ തന്നെയാണ്. നവംബര്‍ 14ന്റെ പൂര്‍ണചന്ദ്രനേക്കാള്‍ ചെറിയ കുറവേ വലിപ്പത്തിലും ശോഭയിലും വരികയുള്ളൂ. നവംബര്‍ 14ന് നാം കാണുന്ന അതിചന്ദ്രന്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രഭയേറിയവയില്‍ ആദ്യത്തേതാണെന്ന് മാത്രം. 2034ല്‍ വീണ്ടും  ഇതുപോലെയുള്ള ഒരു അതി ചന്ദ്രനെ കാണാന്‍ കഴിയും.

അതിചന്ദ്രന്‍ ലോകാവസാനമാണോ?

ഇതിപ്പോ ഒരു വലിയ കോമഡി ആയിരിക്കുകയാണ്. എന്ത് കണ്ടാലും ലോകാവസാനം എന്ന നിലവിളി. 2000-ാം ആണ്ട് പിറക്കുന്നതോടെ ലോകാവസാനം എന്നായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനകാലത്തെ വലിയ പ്രചരണം. അതും ക്രിസ്തുമതത്തിന്റെ പേരിലായിരുന്നു. 1999 ഡിസംബര്‍ 31ന് പലരും ഉറങ്ങാന്‍ തന്നെ തയ്യാറായില്ല. എങ്ങാനും ഉറങ്ങിക്കിടക്കുമ്പോള്‍ ലോകം അവസാനിച്ചാലോ? ഉറ്റവരെയും ഉടയവരെയും കണ്ട് കണ്ണടക്കണ്ടേ. അമേരിക്കയില്‍ ഒരു ക്രിസ്തുസന്യാസി തന്റെ അനുയായികളുമായി ആത്മഹത്യ നടത്തുകയുണ്ടായി. ലോകാവസാനത്തിനു മുമ്പ് മരിക്കുകയാണെങ്കില്‍ സ്വര്‍ഗത്തില്‍ എത്താം എന്നായിരുന്നു അവരുടെ വാദം. അവര്‍ അവിടെ എത്തിയോ എന്നറിയില്ല, എന്തായാലും പ്രത്യേകിച്ച് യാതൊരു കുഴപ്പവുമില്ലാതെ 2000 ജനുവരി 1 പിറന്നു. പിന്നീട് മായന്‍ കലണ്ടറുമായി ബന്ധപ്പെട്ടാണ് ലോകാവസാന കഥ വലുതായി പ്രചരിച്ചത്.  അതും എന്തായാലും കഥാവശേഷമായി. ഇപ്പോള്‍ അതിചന്ദ്രന്റെ പേരിലും ലോകാവസാന കഥ പ്രചരിക്കുന്നു.

[box type=”note” align=”” class=”” width=””]ആധുനിക കലണ്ടര്‍ സംവിധാനം പിറന്ന് ഈ 2016-നകം ഏതാണ്ട് മുപ്പതോളം അതിചന്ദ്രന്മാര്‍ പിറന്നിട്ടുണ്ട്. അന്നൊന്നും അവസാനിക്കാത്ത ലോകം ഏതായാലും ഈ വരുന്ന അതിചന്ദ്രന്റെ പേരിലും അവസാനിക്കാന്‍ പോകുന്നില്ല.[/box]

Leave a Reply