Read Time:16 Minute

എന്താണ് ജല ബഡ്ജറ്റ് ? എന്താണ് ജലപാദമുദ്ര (Water footprint), വീടുകളിൽ ചെയ്യാവുന്ന ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്തെല്ലാം ? ജലത്തിന്റെ പുനരുപയോഗസാധ്യതകൾ എന്തെല്ലാം ? ജലസംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്ക് എന്തെല്ലാം ചെയ്യാം ? ജലസാക്ഷരതയുടെ പ്രാധാന്യം ? സ്കൂളുകളിൽ തുടങ്ങുന്ന ആശയധാര സമൂഹത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എങ്ങനെ എത്തിക്കാം ? കോഴിക്കോട് കുന്ദമംഗലത്തുള്ള ജലവിഭവ പരിപാലന കേന്ദ്രം (CWRDM) എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.മനോജ് പി സാമുവലുമായി ശാസ്ത്രകേരളം എഡിറ്റർ ഡോ.ബ്രിജേഷ് വി.കെ. നടത്തിയ സംഭാഷണം. ശാസ്ത്രകേരളം 2024 മെയ് ലക്കത്തിന് വേണ്ടി തയ്യാറാക്കിയത്.

കേൾക്കാം

സ്കൂളുകളിൽ തുടങ്ങുന്ന ആശയധാര സമൂഹത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഒഴുകണം

ഡോ. മനോജ് പി. സാമുവൽ / ഡോ.ബ്രിജേഷ് വി.കെ.

കാലാവസ്ഥാമാറ്റവുമായി നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണല്ലോ ജലം. നമ്മുടെ സംസ്ഥാനത്തിന്റെ കാര്യം പ്രത്യേകമായി പരിശോധിച്ചാൽ കാലാവസ്ഥാമാറ്റം നമ്മളെ എങ്ങനെയാണ് ബാധിക്കുന്നത് ?

രാജ്യത്ത് ഏറ്റവും കൂടുതൽ മഴ കിട്ടുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. നമ്മുടെ ശരാശരി വാർഷിക വർഷപാതം 3000 മില്ലി മീറ്റർ ആണ്. അതായത് ഒരു ഹെക്ടർ സ്ഥലത്ത് മൂന്നുകോടി ലിറ്റർ വെള്ളമാണ് മഴയായി പെയ്യുന്നത്. പക്ഷേ ഈ കഴിഞ്ഞ നാളുകളിൽ കാലാവസ്ഥാമാറ്റം ഏറ്റവും രൂക്ഷമാകുന്ന സാഹചര്യത്തിൽ നമ്മുടെ മഴയുടെ വിതരണക്രമത്തിലും അളവിലുമൊക്കെ വ്യത്യാസം വരുന്നുണ്ട്. അളവിൽ വലിയ വ്യത്യാസം ഇല്ലെങ്കിലും വിതരണക്രമത്തിൽ വലിയ വ്യത്യാസം കാണുന്നുണ്ട്. മഴദിനങ്ങളുടെ എണ്ണം കുറയുന്നു. അതിതീവ്രമഴകളുടെ എണ്ണം കൂടുന്നു. മഴ കൂടുതൽ കേന്ദ്രീകൃതമാകുന്നു. ചുരുങ്ങിയ സമയംകൊണ്ട് വലിയ അളവിലുള്ള മഴ വരുമ്പോൾ അത് വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ അനുബന്ധ പ്രശ്നങ്ങളിലേക്കും നീങ്ങുന്നു. അതേസമയം നമ്മുടെ വരൾച്ചാദിനങ്ങളുടെ അതായത് മഴയില്ലാത്ത ദിനങ്ങളുടെ എണ്ണം കൂടുന്നു. അത് വരൾച്ചയിലേക്ക് എത്തിക്കുന്നു. അപ്പോൾ കാലാവസ്ഥാമാറ്റം പലരീതിയിൽ നമ്മുടെ സംസ്ഥാനത്തെ ഇപ്പോൾ ബാധിക്കുന്നുണ്ട്. വെള്ളത്തിന്റെ അളവിലും ഒപ്പം ഗുണനിലവാരത്തിലും പ്രശ്നങ്ങൾ ഉണ്ടായിത്തുടങ്ങുന്നുണ്ട്. ജലവുമായി ബന്ധപ്പെട്ട മറ്റു പ്രകൃതിദുരന്തങ്ങൾ കൂടുതലായി സംഭവിക്കാൻ സാധ്യതയുണ്ട്.

ജലസംരക്ഷണം എന്നതുകൊണ്ട് പൊതുവേ എന്താണ് ഉദ്ദേശിക്കുന്നത്?

ശുദ്ധമായ ജലം ഒരു പൗരന്റെ അവകാശം കൂടിയാണ്. അപ്പോൾ അത് സമൂഹത്തിനാകെ – പാർശ്വവൽക്കരിക്കപ്പെട്ടവരുൾപ്പെടെ എല്ലാവർക്കും കൃത്യമായ അളവിലും കൃത്യമായ ഗുണനിലവാരത്തിലും എത്തിക്കുക എന്നത് ഗവൺമെന്റിനൊപ്പം പൊതുസമൂഹത്തിന്റെ ആകെ ഉത്തരവാദിത്തമാണ്.

ജലസംരക്ഷണത്തെക്കുറിച്ച് പറയുമ്പോൾ ഇപ്പോഴത്തെ പശ്ചാത്തലത്തിൽ ഇതിന്റെ ആവശ്യകത എത്രത്തോളമുണ്ട്?

നഗരവൽക്കരണം പൊതുവേ നമ്മുടെ ജലസ്രോതസ്സുകളെ ബാധിച്ചിട്ടുണ്ട്. അത് ഉപരിതല ജലസ്രോതസ്സുകൾ ആയാലും ഭൂജലസ്രോതസ്സുകൾ ആയാലും. നമ്മുടെ നിർമ്മാണരീതികളുടെ ഫലമായി ജലസം പോഷണം പൊതുവേ കുറഞ്ഞിട്ടുണ്ട്. അതിന്റെ ഉദാഹരണങ്ങളാണ് നമ്മുടെ അയൽസംസ്ഥാനങ്ങളിൽ നിന്ന്, അവിടത്തെ പ്രധാനനഗരങ്ങളിൽ നിന്ന് ഇപ്പോൾ ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് പ്രകടമാകുന്ന രൂക്ഷമായ ജലക്ഷാമം. ഇതിന്റെ പ്രധാനകാരണം ജലസ്രോതസ്സുകളിലേക്ക്, പ്രത്യേകിച്ച് ഭൂജലസ്രോതസ്സുകളിലേയ്ക്ക് ജലം കിനിഞ്ഞിറങ്ങുന്നത് കുറയുന്നതാണ്. ഭൂജലസ്‌തരങ്ങളുടെ സംപോഷണം ഗണ്യമായി കുറയുന്നു. പ്രകൃതിയാൽ തന്നെ ജലം സംരക്ഷിക്കപ്പെട്ടുകൊണ്ടിരുന്ന ജലസ്രോതസ്സുകൾ ഗണ്യമായി കുറയുകയും ഇതിലേക്കുള്ള സംപോഷണം വലിയതോതിൽ നിലയ്ക്കുകയും ചെയ്തതിന്റെ ഒരു പശ്ചാത്തലമുണ്ട്. തീർച്ചയായും നമ്മൾ നിശ്ചയദാർഢ്യത്തോടെയുള്ള പദ്ധതികൾ നടപ്പിലാക്കി വലിയ തോതിൽ ജലം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്.

ഇക്കാര്യത്തിൽ തദ്ദേശീയമായ സാധ്യതകൾ എത്രത്തോളമുണ്ട്?

ഓരോ പ്രദേശത്തും തനതായിട്ടുള്ള നാട്ടറിവുകൾ ഉണ്ട്. കാസറഗോഡുള്ള സുരംഗങ്ങൾ പോലെ. പിന്നെ, തലക്കുളങ്ങളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. അതുപോലെ മണ്ണിന് പുതയിടാനുള്ള തനത് സമ്പ്രദായങ്ങൾ നമ്മുടെ മുമ്പിൽ ഉണ്ടായിരുന്നു. നെൽപ്പാടങ്ങളും കാവുകളും കാടുകളും കുളങ്ങളും ഒക്കെ പ്രകൃതിദത്തമായ ജലസംരക്ഷണ ശൃംഖല തന്നെയാണല്ലോ. പക്ഷേ അവയുടെ തുടർ ച്ച തകരുമ്പോൾ ജലത്തിന്റെ നീക്കം മന്ദഗതിയിലാകുന്നു. അളവിലും ഗുണനിലവാരത്തിലും മാറ്റം ഉണ്ടാകുന്നുണ്ട്. കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകത കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ചരിഞ്ഞ് – ഇവിടെ മണ്ണൊലിപ്പിന്റെ വേഗം കൂട്ടുന്നുണ്ട്. ഒരു ഹെക്ടറിൽ നിന്ന് 12 ടൺ മണ്ണ് വരെയൊക്കെ ഒരു വർഷം ഒലിച്ചുപോകുന്നുണ്ട്. ഇങ്ങനെ ഒലിച്ചുപോകുന്ന മണ്ണ് ജലസംഭരണികളിലും മറ്റും നിറഞ്ഞ് അവയുടെ സംഭരണശേഷി കുറയ്ക്കുന്നു. ഈയൊരു പശ്ചാത്തലത്തിൽ മനുഷ്യന്റെ പ്രവൃത്തികളുടെ കൂടി ആഘാതം പരിഗണിച്ചുകൊണ്ടുള്ള ആസൂത്രണ പ്രവർത്തനങ്ങളാണ് നടപ്പിലാക്കേണ്ടത്. തദ്ദേശീയമായി നടപ്പിലാക്കേണ്ട ജലബഡ്ജറ്റ് ഈയൊരു അവസ്ഥയിലാണ് പ്രാധാന്യമുള്ളതായി തീരുന്നത്.

ജലബഡ്ജറ്റ്‌ എന്നതിന്റെ അർത്ഥം എന്താണ്? ഇത് എങ്ങനെയാണ് നടപ്പിൽ വരുത്തുക?

രാജ്യത്ത് ഒരുപക്ഷേ ആദ്യമായാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ സൂക്ഷ്മ തലത്തിൽ ജലബഡ്ജറ്റ് തയ്യാറാക്കുന്നത്. ഇവിടെ നാം നോക്കുന്നത് ഒരു പ്രദേശത്തെ ജലലഭ്യതയും അവിടുത്തെ ജലത്തിന്റെ ആവശ്യവും എത്രയാണ് എന്നതാണ്. ഇത് തുലനം ചെയ്ത് തയ്യാറാക്കുന്ന ഒരു രേഖയാണ് ജലബഡ്ജറ്റ്. ഇത് കുറഞ്ഞ സമയത്തേക്ക് പോലും, ഉദാഹരണമായി ഒരു മാസത്തേക്ക് /രണ്ടാഴ്ച‌യ്ക്ക് /ഒരാഴ്ച‌യ്ക്ക് ഒക്കെ കണക്കുകൂട്ടാൻ ആവും. ജലലഭ്യത കണക്കാക്കുമ്പോൾ അവിടെ മഴയായി ലഭ്യമാകുന്ന ജലം, വിവിധ ഭൂജല സ്തരങ്ങളിലും ഉപരിതലസ്രോതസ്സുകളിലും ലഭ്യമാകുന്ന ജലം എന്നിവയൊക്കെയാണ് പരിഗണിക്കുന്നത്. ജലത്തിന്റെ ആവശ്യകത പരിഗണിക്കുമ്പോൾ വിവിധ ആവശ്യങ്ങൾക്കായി ആ പ്രദേശത്ത് എത്രമാത്രം ജലം ആവശ്യമുണ്ട് എന്നതാണ് കണക്കുകൂട്ടിയെടുക്കുന്നത്. ഈ രണ്ട് ഘടകങ്ങളും തുലനം ചെയ്താണ് ജലബഡ്ജറ്റ് തയ്യാറാക്കുന്നത്.

കാലാവസ്ഥ മാറുന്ന പശ്ചാത്തലത്തിൽ ജലത്തിന്റെ ഉപയോഗത്തിൽ മാറ്റം വരുത്തേണ്ടി വരില്ലേ? എങ്ങനെയാവാം ഈ മാറ്റങ്ങൾ?

രണ്ടു തരത്തിലാണല്ലോ കാലാവസ്ഥാമാറ്റത്തെ നാം നേരിടുന്നത്. ഒന്ന്, അതിന്റെ ആഘാതങ്ങളെ ലഘൂകരിക്കൽ അഥവാ മിറ്റിഗേഷൻ. രണ്ട്, അതിനോടുള്ള പൊരുത്തപ്പെടൽ അഥവാ റെസിലിയൻസ്. രണ്ടാമത്തേതുമായി ബന്ധപ്പെട്ടാണ് ഇക്കാര്യം നമുക്ക് ചർച്ചചെയ്യാനാവുക. കൃഷിരീതികൾ, വിളകൾ എന്നിവയിൽ പുതിയ ആശയങ്ങളും സങ്കേതങ്ങളും ഉപയോഗിക്കേണ്ടിവരും. ഇക്കാര്യത്തിൽ ജലബഡ്ജറ്റിങ്ങിന് കാര്യമായ പങ്കുവഹിക്കാനാവും.

വീടുകളിൽ ചെയ്യാവുന്ന ജല സംരക്ഷണമാർഗങ്ങൾ എന്തൊക്കെയാണ്?

വീടുകളിൽ ചെയ്യാവുന്ന ധാരാളം കാര്യങ്ങൾ ഉണ്ടല്ലോ. മേൽക്കൂരയിൽ നിന്ന് വരുന്ന വെള്ളം നമുക്ക് സംഭരിക്കാൻ സാധിക്കും. ആയിരം ചതുരശ്ര അടിയുള്ള ഒരു വീടിന്റെ മേൽക്കൂരയിൽ നിന്ന് മൂന്ന് ലക്ഷം ലിറ്റർ വെള്ളമാണ് ഒരു വർഷം നമുക്ക് കിട്ടുന്നത്. ഒരു 10% എങ്കിലും ശേഖരിച്ചാൽ പോലും അടുത്ത വേനൽക്കാലത്തെ നമുക്ക് തരണം ചെയ്യാൻ സാധിക്കും. കിണർ റീചാർജിങ് കാര്യക്ഷമമായി നടപ്പിലാക്കാൻ കഴിയുന്ന വിധം 45 ലക്ഷത്തോളം കിണറുകൾ ഉള്ള ഒരു സംസ്ഥാനമാണ് നമ്മുടെ കേരളം.

നമ്മൾ ജലം കൂടുതലായി ഉപയോഗിക്കുന്നവരാണ് എന്ന് പറയാറുണ്ടല്ലോ. അതായത്, ജലപാദമുദ്ര അഥവാ വാട്ടർ ഫൂട്ട്പ്രിന്റ് കൂടുതലാണ്. വിശദീകരിക്കാമോ?

ജലത്തിന്റെ അമിത ഉപയോഗം നമ്മുടെ സംസ്ഥാനത്ത് വളരെ വലിയ രീതിയിൽ നടക്കുന്നുണ്ട്. ഒരു പ്രവൃത്തി ചെയ്യാൻ അല്ലെങ്കിൽ ഒരു വസ്തു ഉണ്ടാക്കാൻ എത്രത്തോളം ജലം വേണമെന്നതിനെ ആശ്രയിച്ചാണല്ലോ വാട്ടർ ഫൂട്ട് പ്രിന്റ് കണക്കാക്കുന്നത്. ഉദാഹരണത്തിന് ഒരു ഷർട്ട് തയ്ച്ച് നമ്മൾ ധരിക്കുമ്പോൾ ഏകദേശം പതിനെണ്ണായിരം ലിറ്റർ വെള്ളമാണ് ഇന്ത്യയിൽ ഉപയോഗിക്കപ്പെടുന്നത്. പക്ഷേ ലോകശരാശരി ഇതിന്റെ പകുതിയോളമേയുള്ളൂ – എണ്ണായിരത്തിയഞ്ഞൂറ് ലിറ്റർ. നമ്മൾ ഇക്കാര്യങ്ങളിലെല്ലാം കൂടുതൽ കാര്യക്ഷമമായി വെള്ളം ഉപയോഗിക്കാൻ നോക്കേണ്ടതുണ്ട്.

ജലത്തിന്റെ പുനരുപയോഗ സാധ്യത നമ്മൾ എത്രത്തോളം പ്രയോജനപ്പെടുത്തുന്നുണ്ട്?

ഉപയോഗിച്ച് വളരെയധികം മലിനമാകാത്ത ജലം (ഗ്രേവാട്ടർ) അടുക്കളത്തോട്ടത്തിലേക്ക്, വാഹനങ്ങൾ കഴുകുന്നതിന്, ഫ്ലഷ് ടാങ്കുകളിലേക്ക് എന്നിങ്ങനെയൊക്കെ ഉപയോഗിക്കാവുന്നതാണ്. ഗാർഹികസമുച്ചയങ്ങളിൽ ഇത്തരം രീതികൾ അവലംബി ച്ചാൽ നമുക്ക് 20 – 30 ശതമാനം വരെ ജലം ലാഭിക്കാൻ സാധിക്കും. പക്ഷേ നമ്മുടെ രാജ്യത്തും സംസ്ഥാനത്തും ഒരു ശതമാനത്തിനും താഴെയാണ് ജലത്തിന്റെ പുനരുപയോഗം നടത്തുന്നത്. അതുകൊണ്ടുതന്നെ ഇത് വലിയ സാധ്യതയാണ്. ജലസേചനത്തിന് കാര്യക്ഷമമായ മാർഗങ്ങൾ ഉപയോഗിക്കുക എന്നത് ഇതിനോട് ചേർത്ത് ആലോചിക്കാവുന്ന ഒരു കാര്യമാണ്. ഇപ്പോഴത്തെ ജലസേചനസംവിധാനങ്ങളുടെ ക്ഷമത ഏതാണ്ട് 40 ശതമാനം ആണ്. അതായത് 100 ലിറ്റർ വെള്ളം ജലസേചനത്തിനായി അതിന്റെ സ്രോതസ്സിൽ നിന്ന് നീക്കം ചെയ്യുമ്പോൾ 40 ലിറ്ററോളം മാത്രമാണ് യഥാർത്ഥത്തിൽ അതിനായി ലഭിക്കുന്നത്. തുള്ളിനന പോലെയുള്ള കൃത്യതയാർന്ന സംവിധാനങ്ങളിലേക്ക് മാറേണ്ടതുണ്ട്.

സി.ഡബ്ല്യു.ആർ.ഡി.എം. ഈ രംഗങ്ങളിൽ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ടല്ലോ അല്ലേ?

നമ്മൾ ഇതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുന്നുണ്ട്. മഴവെള്ള സംഭരണത്തിനും ഭൂജലസംപോഷണത്തിനുമുള്ള പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നു. ജലത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് ധാരാളം കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഫിൽട്രേഷൻ സിസ്‌റ്റം അത്തരത്തിൽ ഒന്നാണ്. എൻ.എ.ബി. എൽ. അംഗീകാരം ലഭിച്ച ഒരു ലബോറട്ടറി നമുക്കുണ്ട്. എല്ലാ ഗുണനിലവാരസൂചികകളും നമുക്കിവിടെ അളക്കാവുന്നതാണ്. ജലസേചനവുമായി ബന്ധപ്പെട്ട ആധുനിക സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നുണ്ട്. തിരിനന സമ്പ്രദായം കേരളത്തിന് അനുകൂലമായ രീതിയിൽ പുതിയ സാങ്കേതികവിദ്യയായി നമ്മൾ വികസിപ്പിച്ചിട്ടുണ്ട്.

പുത്തൻ സാങ്കേതികവിദ്യകളുടെ സഹായത്തോടെ കാലാവസ്ഥയ്ക്ക് അനുഗുണമായ വിധത്തിൽ ജലസേചനം നടത്തുന്നതിനായി ഇറിഗേഷൻ ഷെഡ്യൂളിംഗ് വികസിപ്പിച്ചിട്ടുണ്ട്.

വിദ്യാർത്ഥികൾക്ക് ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം ചെയ്യാൻ കഴിയും?

ധാരാളം കാര്യങ്ങൾ ചെയ്യാൻ കഴിയും. സാമൂഹികബോധവൽക്കരണമാണ് ഇതിലെ ആദ്യപടി. ജലസാക്ഷരത എന്ന് പൊതുവായി പറയാം. ജലം അധികമാകുമ്പോഴും കുറവുള്ളപ്പോഴും എന്തെല്ലാം ചെയ്യണം എന്നതാണ് ഇത്. ഭൂപ്രകൃതി, മണ്ണ് എന്നിവയ്ക്കനുസരിച്ച് എന്തുതരം മാർഗങ്ങളാണ് അവലംബിക്കുക എന്ന് കുട്ടികൾക്ക് ആലോചിക്കാവുന്നതാണ്. ജലവിഭവങ്ങളെക്കുറിച്ചുള്ള വിവരശേഖരണം, ജലലഭ്യതയും ആവശ്യകതയും രേഖപ്പെടുത്തുന്നതിനുള്ള പരിപാടികൾ, തണ്ണീർത്തട സംരക്ഷണം, ഹാക്കത്തോണുകൾ, കൂടുതൽ ചർച്ചകൾ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ സ്കൂളുമായി ബന്ധപ്പെട്ട് ചെയ്യാൻ കഴിയും. അങ്ങനെ ധാരാളം സാധ്യതകൾ ഉണ്ട്. ജലത്തിന്റെ ഗുണ നിലവാരവുമായി ബന്ധപ്പെട്ടും ധാരാളം പഠനങ്ങൾ നടത്താൻ കഴിയും. സ്കൂ‌കൂളുകളിൽ തുടങ്ങുന്ന ആശയധാര സമൂഹത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഒഴുകണം.

അനുബന്ധ വായനയ്ക്ക്

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പീറ്റർ ഹിഗ്ഗ്സ് അന്തരിച്ചു
Next post പ്രപഞ്ച സത്യത്തിലേക്ക് എത്തിയ ഒരാൾ
Close