കാലാവസ്ഥാ അടിയന്തരാവസ്ഥ ആവശ്യപ്പെട്ട് ശാസ്ത്ര സമൂഹത്തിന്റെ പ്രഖ്യാപനം.

മനുഷ്യരാശി നേരിടാൻ പോകുന്ന മഹാവിപത്തിനെ കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകിക്കൊണ്ട് 153 രാജ്യങ്ങളിൽ നിന്നായി 11,258-ശാസ്ത്രജ്ഞർ കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു

പ്രഖ്യാപനത്തിന്റെ സംഗ്രഹം

 • കൃത്യം 40വര്‍ഷങ്ങള്‍ക്കുമുന്‍പ്, 50 രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ജനീവയില്‍ ഒത്തുകൂടുകയും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു. പിന്നീട് 1992ല്‍ റിയോവിലും 1997ല്‍ ക്യോട്ടോവിലും 2015ല്‍ പാരീസിലും വച്ച് നടന്ന ശാസ്ത്രജ്ഞരുടെ യോഗങ്ങളില്‍ നിലവിലെ പ്രവര്‍ത്തനങ്ങളുടെ അപര്യാപ്തത വിലയിരുത്തുകയുണ്ടായി.പക്ഷേ ഇപ്പോഴും ഹരിതഗൃഹ വാതകങ്ങളുടെ പുറം തള്ളല്‍ കൂടി വരികയാണ്.അത് കാലാവസ്ഥയെ ദോഷകരമായി ബാധിച്ചുകൊണ്ടേയിരിക്കുന്നു. ജൈവമണ്ഡലത്തെ സംരക്ഷിക്കുന്നതിനായുള്ള അതി വിപുലമായ പദ്ധതികള്‍ കൊണ്ടുമാത്രമേ വിവരണാതീതമായ കാലാവസ്ഥാ പ്രതിസന്ധിയുടെ ദുരന്തങ്ങളെ ഒഴിവാക്കാനാകൂ.
 • കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചര്‍ച്ചകളെല്ലാം ഭൂമിയുടെ ഉപരിതല താപനിലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്. മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറം തള്ളല്‍ , അത് പ്രകൃതിയില്‍ ഉണ്ടാക്കുന്ന ആഘാതം എന്നിവ മനസിലാക്കുന്നതിന്, ഭരണകര്‍ത്താക്കള്‍ക്കും ജനങ്ങള്‍ക്കും അത്യാവശ്യമായി കുറെയേറെ വിവരങ്ങള്‍ ആവശ്യമാണ്. ഇതിനു വേണ്ടി കഴിഞ്ഞ 40 വര്‍ഷത്തെ GHG ഉല്‍സര്‍ജനം- കാലാവസ്ഥാ വ്യതിയാനം അത് കാലാവസ്ഥാ ആഘാതത്തിന് കാരണമാകുന്നത്  എന്നിവ കാണിക്കുന്ന സൂചകങ്ങളാണ് കൊടുത്തിരിക്കുന്നത്.
[box type=”warning” align=”” class=”” width=””]അനിയന്ത്രിതമായ ഉപഭോഗത്തില്‍ അധിഷ്ഠിധമായ ജീവിതശൈലിയാണ് കാലാവസ്ഥാ പ്രതിസന്ധിയുടെ പ്രധാന കാരണം. അതിസമ്പന്നമായ രാജ്യങ്ങളാണ് ചരിത്രപരമായി GHG ഉല്‍സര്‍ജനത്തിന്റെ ഉത്തരവാദികള്‍. ആളോഹരി ഹരിതഗൃഹ വാതകങ്ങളുടെ പുറം തള്ളലില്‍ അവര്‍ തന്നെയാണ് മുന്നില്‍.[/box]
 • മനുഷ്യരുടേയും കന്നുകാലികളുടേയും എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ്, ഫോസിലിന്ധനങ്ങളുടെ കൂടിയ ഉപയോഗം, സസ്യ സമ്പത്തിന്റെ ശോഷണം…. തുടങ്ങിയവ നമ്മുടെ പോക്ക് തെറ്റായ ദിശയിലാണെന്ന് സൂചിപ്പിക്കുന്നു.അതേ സമയം ജനന നിരക്കിലുണ്ടാകുന്ന കുറവ്, സൌരോര്‍ജത്തിന്റേയും പവനോര്‍ജത്തിന്റെയും ഉപയോഗത്തിലെ വര്‍ധനവ്.. തുടങ്ങിയവ പ്രതീക്ഷ നല്‍കുന്ന സൂചകങ്ങളാണ്. സൗരോര്‍ജത്തിന്റേയും പവനോര്‍ജത്തിന്റെയും ഉപയോഗത്തിലെ വര്‍ധനവ് 373% ഉണ്ടെങ്കിലും അതിനേക്കാള്‍ 28 മടങ്ങ് അധികമാണ് ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം.
 • ഏറ്റവും ആശങ്കയുണര്‍ത്തുന്ന വസ്തുത മൂന്ന് പ്രധാനപ്പെട്ട GHGകളുടെ ( CO2, മീഥൈന്‍ , നൈട്രസ് ഓക്സൈഡ്) അന്തരീക്ഷത്തിലെ അളവ് കൂടി വരുന്നു എന്നതാണ്.ലോകത്തിലെ മഞ്ഞുപാളികള്‍ക്ക് വലിയ ശോഷണമാണ് സംഭവിക്കുന്നത്.ഗ്രീന്‍ലാന്റിലേയും അന്റാര്‍ട്ടിക്കിലേയും വേനല്‍ കാലത്തെ മിനിമം മ‍‍ഞ്ഞ് പാളിയുടെ  കനം വര്‍ഷം തോറും കുറഞ്ഞു വരികയാണ്. സമുദ്രത്തിലെ അമ്ളത , ജല നിരപ്പ് … തുടങ്ങിയ സൂചകങ്ങളും ഭീതിയുണര്‍ത്തുന്നവയാണ്.
 • കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചതിനു ശേഷം അപൂര്‍വ്വം ചില പദ്ധതികള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ തങ്ങളുടെ  പരിപാടികളില്‍ മാറ്റം വരുത്താന്‍ ഒരു രാജ്യവും തയ്യാറായിട്ടില്ല.കാലാവസ്ഥാ പ്രതിസന്ധി ശാസ്ത്രജ്ഞര്‍ അനുമാനിച്ചതിനേക്കാള്‍ തീവ്രമാണ്. മനുഷ്യന്റെ നിയന്ത്രണത്തിന് അതീതമായ hothouse Earth അവസ്ഥയിലേക്ക് ഭൂമി എത്തിച്ചേരുകയായിരിക്കും ഇതിന്റെ ഫലം.
 • ജീവിതരീതിയിലടക്കം സമൂലമായ മാറ്റങ്ങള്‍ വരുത്താതെ ഈ പ്രതിസന്ധിയെ മറികക്കാന്‍ കഴിയില്ല.ഊര്‍ജ്ജം,പരിസ്ഥിതി,ഭക്ഷണം,സാമ്പത്തിക രംഗം,ജനസംഖ്യ തുടങ്ങിയ മേഖലകളിലെല്ലാം വലിയ അഴിച്ചുപണികള്‍ ആവശ്യമാണ്.
 • മനുഷ്യവര്‍ഗത്തിന്റെ വൈവിധ്യത്തെ ഉള്‍ക്കൊണ്ട് മാത്രമേ സുസ്ഥിരമായ ഒരു ലോകം സൃഷ്ടിക്കാനാകൂ. ചില രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്, വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കി സമരം ചെയ്യുന്നത്, പ്രകൃതിഹത്യക്കെതിരെ കോടതികളില്‍ നിയമപോരാട്ടങ്ങള്‍ നടക്കുന്നത്, ലോകത്തിന്റ വിവിധ കോണുകളില്‍ സാധാരണ മനുഷ്യര്‍ പരിസ്ഥിതിയുടെ സംരക്ഷണത്തിനായി പോരാട്ടത്തിനിറങ്ങുന്നത്…വളരെ ആശാവഹമാണ്.

ശാസ്ത്രജ്ഞര്‍  എന്ന നിലക്ക് സുസ്ഥിര വികസനത്തിന്റെ പാതയില്‍ ഞങ്ങള്‍ നിലയുറപ്പിക്കുന്നു.ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സമൂഹത്തില്‍ വലിയ പരിവര്‍ത്തനം തന്നെ നടക്കേണ്ടതുണ്ട്.എല്ലാ മനുഷ്യര്‍ക്കും സാമൂഹികവും സാമ്പത്തികവുമായ നീതി ലഭിക്കണം. ഈ കാലാവസ്ഥാ അടിയന്തരാവസ്ഥ ഭരണകര്‍ത്താക്കളെ സ്വാധീനിക്കുമെന്നും നമ്മള്‍ക്കുള്ള ഒരേയൊരു ഭൂമിയെ നിലനിര്‍ത്താന്‍ സാധിക്കുമെന്നും പ്രത്യാശിക്കുന്നു.

കടപ്പാട് :  വിക്കിമീഡിയ

പ്രഖ്യാപനത്തിന്റെ പൂർണരൂപം

എന്തെങ്കിലും ഒരു മഹാവിപത്തിന്റെ ഭീഷണി കണ്ടാല്‍ അത് അതേപടി പറഞ്ഞ് മനുഷ്യരാശിയ്ക്ക് മുന്നറിയിപ്പു കൊടുക്കേണ്ട ഉത്തരവാദിത്തം ശാസ്ത്രജ്ഞര്‍ക്കുണ്ട്. ഈ ഉത്തരവാദിത്തത്തിന്റെ അടിസ്ഥാനത്തില്‍, താഴെ കൊടുത്തിരിക്കുന്ന ഗ്രാഫുകള്‍ വെളിവാക്കുന്നതുപോലെ, ലോകമെമ്പാടുമുള്ള 11000 ശാസ്ത്രജ്ഞരുടെ ഒപ്പോടുകൂടി ഞങ്ങള്‍ വ്യക്തമായും അസന്നിഗ്ദ്ധമായും പ്രഖ്യാപിക്കുകയാണ് ഭൂമി  ഒരു കാലാവസ്ഥാ അടിയന്തിരാവസ്ഥയെ നേരിടുകയാണെന്ന്.

കൃത്യം 40 കൊല്ലങ്ങള്‍ക്കു മുമ്പ്, 1979 ല്‍  50 രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ പ്രഥമ ലോക കാലാവസ്ഥാ കോണ്‍ഫറന്‍സില്‍, ജനീവയില്‍, ഒത്തുകൂടുകയും കാലാവസ്ഥാമാറ്റങ്ങളുടെ ആപല്‍ക്കരമായ ലക്ഷണങ്ങള്‍ അടിയന്തിരായ നടപടികള്‍ ആവശ്യപ്പെടുന്നു എന്ന  കാര്യത്തില്‍ യോജിക്കുകയുമുണ്ടായി. അതിനു ശേഷം 1992 ലെ റിയോ ഉച്ചകോടി, 1997 ലെ ക്യോട്ടോ ഉടമ്പടി, 2015 ലെ പാരീസ് ഉടമ്പടി എന്നിവയിലൂടെയും അതേപോലെ തന്നെ ആവശ്യമായ പുരോഗതി ഒന്നും ഇല്ലാത്തതിനേക്കുറിച്ച് ഡസന്‍ കണക്കിന് മറ്റുള്ള ആഗോള സമ്മേളനങ്ങളിലൂടെയും ശാസ്ത്രജ്ഞരുടെ കര്‍ശനമായ മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും ഹരിതഗൃഹവാതകങ്ങളുടെ ഉത്സർജ്ജനം ഇപ്പോഴും അതിവേഗം വര്‍ദ്ധിക്കുകയാണ്, അത് ഭൂമിയുടെ കാലാവസ്ഥയില്‍ വിനാശകരമായ ഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. കാലാവസ്ഥാ പ്രതിസന്ധി  മൂലമുണ്ടാകുന്ന അനിര്‍വചനീയമായ ദുരന്തങ്ങള്‍ ഒഴിവാക്കണമെങ്കില്‍ നമ്മുടെ ജൈവമണ്ഡലത്തെ പരിരക്ഷിക്കാനാവശ്യമായ പ്രയത്നങ്ങള്‍ വലിയ അളവില്‍ തന്നെ കൈക്കൊള്ളേണ്ടിയിരിക്കുന്നു.

1900 മുതല്‍ 2018 വരെയുള്ള ആഗോള താപനിലാവ്യതിയാനത്തിന്റെ സ്ട്രൈപ്പ് | കടപ്പാട് വിക്കിമീഡിയ

കാലാവസ്ഥാവ്യതിയാനത്തേക്കുറിച്ചുള്ള പൊതുചര്‍ച്ചകളെല്ലാം ആഗോളതലത്തിലുള്ള ഭൗമോപരിതല ഊഷ്മാവിനെ മാത്രം കേന്ദ്രീകരിച്ചുള്ളതാണ്. എന്നാലിത് മനുഷ്യരുടെ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തിയേയും ചൂടായിക്കൊണ്ടിരിക്കുന്ന ഒരു ഭൂഗോളമുണ്ടാക്കുന്ന അപകടങ്ങളേയും പിടിചിചുനിര്‍ത്തുന്നതിന് അപര്യാപ്തമാണ്. ഹരിതഗൃഹവാതകങ്ങളുടെെ ഉല്‍സര്‍ജ്ജനത്തില്‍ മനുഷ്യന്റെ ഇടപെടലിന്റെ സ്വാധീനവും തത്‍ഫലമായി കാലാവസ്ഥയിലും നമ്മുടെ പരിസ്ഥിതിയിലും സമൂഹത്തിലും ഉണ്ടാകുന്ന ആഘാതവും മനസ്സിലാക്കാനുതകുന്ന ഏതാനും സൂചകങ്ങള്‍ നയരൂപീകരണം നടത്തുന്നവര്‍ക്കും പൊതുസമൂഹത്തിനും അടിയന്തിരമായി ലഭ്യമാക്കേണ്ടിയിരിക്കുന്നു. ജനീവാ സമ്മേളനത്തിനുശേഷം കഴിഞ്ഞുപോയ 40 കൊല്ലക്കാലയളവില്‍ മനുഷ്യരുടെ ഇടപെടലുകള്‍ കാരണം ഉണ്ടായിവന്ന, ഹരിതഗൃഹവാതക ഉത്സർജ്ജനത്തെയും കാലാവസ്ഥാവ്യതിയാനത്തെയും ബാധിക്കാനിടയുള്ളതും അതുപോലെതന്നെ യഥാര്‍ത്ഥത്തിലുണ്ടായ കാലാവസ്ഥാ ആഘാതങ്ങളും കാണിക്കുന്ന ചില സുപ്രധാന സൂചകങ്ങളെ ഗ്രാഫുകളുടെ രൂപത്തില്‍ ഞങ്ങള്‍ അവതരിപ്പിക്കുന്നു. ഞങ്ങള്‍ മുമ്പ് ചെയ്ത പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആണിത്. കഴിഞ്ഞ 5 കൊല്ലക്കാലമായി ചിട്ടയോടുകൂടി സമാഹരിച്ചതും സുവ്യക്തവും സുഗ്രാഹ്യവും ആയതും ഓരോ കൊല്ലവും പുതുക്കിയതുമായ വിവരങ്ങള്‍ മാത്രമാണ് ഞങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്. 

സ്ലൈഡുകളായി ഡൗൺലോഡ് ചെയ്യാം

   മനുഷ്യന്റെ പ്രവര്‍ത്തനങ്ങളില്‍ 1979 മുതല്‍ നാളിതുവരെ ഉണ്ടായ മാറ്റമാണ് ഇവ കാണിക്കുന്നത്. ഈ സൂചകങ്ങള്‍ ഭാഗികമായെങ്കിലും കാലാവസ്ഥാമാറ്റത്തോട് ബന്ധപ്പെട്ടുകിടക്കുന്നു. പാനല്‍ f ലെ വൃക്ഷാവരണത്തിലുണ്ടായ വാര്‍ഷിക നഷ്ടം ഏതു കാരണത്താലുമാകാം.  (ഉദാ. കാട്ടുതീ, വൃക്ഷമേഖലയിലെ വിളവെടുപ്പ്, വനം കൃഷിഭൂമിയായി മാറ്റപ്പെട്ടത് എന്നിങ്ങനെ) വനം വര്‍ദ്ധിച്ചത് വൃക്ഷാവരണത്തിലെ കുറവില്‍ പരിഗണിച്ചിട്ടില്ല. പാനല്‍ h- ല്‍ യിലും ആണവോർജ്ജത്തിലും ഉണ്ടായ മാറ്റം കാണിച്ചിരിക്കുന്നു. വിശദാംശങ്ങൾ    S2 ല്‍ (ക്ലിക്ക് ചെയ്യാം) ഫയലിൽ വായിക്കാം.  ഈ മുഴുവന്‍ കാലഘട്ടത്തിലെ ഓരോ ദശാബ്ദത്തിലും ഉണ്ടായ മാറ്റം ശതമാനക്കണക്കില്‍ ആണ് പാനലുകളില്‍ കാണിച്ചിരിക്കുന്നത്. വാര്‍ഷിക ഡാറ്റ ഇരുണ്ട കുത്തുകളായി കാണിക്കുന്നു. കറുത്ത രേഖകള്‍ കാണിക്കുന്നത് പ്രാദേശിക പിന്‍വാങ്ങല്‍ തുടര്‍രേഖയായി കാണിക്കുന്നതാണ്.

 1979 മുതല്‍ ഇതുവരെയുള്ള കാലാവസ്ഥയുടെ മാറ്റം

 

സ്ലൈഡുകളായി ഡൗൺലോഡ് ചെയ്യാം

 

    കാലാവസ്ഥാ പ്രതിസന്ധി സമ്പന്നരുടെ ജീവിതശൈലിയായ അമിതഉപഭോഗവുമായി അടുത്ത ബന്ധം ഉള്ളതാണ്. ഏറ്റവും സമ്പന്നരായ രാഷ്ട്രങ്ങളാണ് ചരിത്രം സൃഷ്ടിച്ച ഹരിതഗൃഹവാതക ഉത്സര്‍ജ്ജനത്തിന് പ്രധാന ഉത്തരവാദികള്‍. പൊതുവേ അവരുടേതാണ് ഏറ്റവും കൂടിയ പ്രതിശീര്‍ഷ ഉത്സര്‍ജ്ജനം.  ഇപ്പോഴത്തെ ലേഖനത്തില്‍ ആഗോളതലത്തിലെ പൊതുവായ പ്രവണതകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാരണം ഒറ്റപ്പെട്ട പ്രദേശങ്ങളും രാജ്യങ്ങളും ഉള്‍പ്പട്ട കാലാവസ്ഥാ സംരക്ഷണയത്നങ്ങള്‍ ധാരാളമുണ്ട്. ഞങ്ങളുടെ സുപ്രധാന സൂചകങ്ങള്‍ പൊതുസമൂഹത്തിനും നയരൂപീകരണം നടത്തുന്നവര്‍ക്കും വ്യാപാരികള്‍ക്കും (ബിസിനസ് സമൂഹത്തിനും) മാത്രമല്ല, പാരീസ് കാലവസ്ഥാ ഉടമ്പടിയും ഐക്യരാഷ്ട്രസംഘടനയുടെ സ്ഥായിയായ വികസനലക്ഷ്യങ്ങളും  ഐച്ചി (Aichi)ബയോ‍ഡൈവേഴ്സിറ്റി ലക്ഷ്യങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഉപയോഗപ്രദദമാകുന്നരീതിയില്‍ ചിട്ടപ്പെടുത്തിയെടുത്തവയാണ്.  അനുബന്ധമായ പട്ടികൾക്കും വിവരങ്ങൾക്കും  ക്ലിക്ക് ചെയ്യുക 1

മനുഷ്യഇടപെടലുകളിൽ നിന്നുണ്ടാകുന്ന ആപത്കരമായ കാര്യങ്ങൾ, ലക്ഷണങ്ങള്‍

 • മനുഷ്യരുടെയും അയവിറക്കുന്ന വളര്‍ത്തുമൃഗങ്ങളുടെയും എണ്ണത്തിലുണ്ടാകുന്ന സ്ഥിരമായ വളര്‍ച്ച
 •  ആഗോള ജിഡിപി യും ആഗോളതലത്തിലുള്ള വൃക്ഷാവരണ ശോഷണവും ഫോസില്‍ ഇന്ധനത്തിന്റെ ഉപഭോഗവും
 • വിമാനയാത്രികരുടെ എണ്ണവും കാര്‍ബണ്‍ ഡയോക്സൈഡ് വിസര്‍ജ്ജനവും
 • 2000ത്തിനു ശേഷമുണ്ടായ ആളോഹരി കാര്‍ബണ്‍ വിസര്‍ജ്ജനവും.

ആശ്വാസം തരുന്ന ലക്ഷണങ്ങള്‍

 • ആഗോളതലത്തില്‍ പ്രജനനനിരക്കിലുണ്ടാകുന്ന കുറവും ബ്രസീലിലെ ആമസോണ്‍ കാടുകളുടെ വിനാശത്തിലുണ്ടാകുന്ന കുറവും
 • സൗരോര്‍ജ്ജവും പവനോര്‍ജ്ജവും ഉപയോഗിക്കുന്നതില്‍ ഉണ്ടാകുന്ന വര്‍ദ്ധനവും
 • സ്ഥാപനങ്ങള്‍ ഫോസില്‍ ഇന്ധനരംഗത്തെ നിക്ഷേപം 7 ട്രില്യന്‍(7000,000,000,000) ഡോളറിലധികം കുറവുചെയ്തതും കാര്‍ബണ്‍ വിസര്‍ജ്ജനത്തിലെ കാര്‍ബണ്‍ പ്രൈസിംഗില്‍ ഉള്‍പ്പെടുന്ന അനുപാതം കൂടുന്നതും

എന്നിരുന്നാലും മനുഷ്യരുടെ ജനസംഖ്യാവർധനവിന്റെ നിരക്കില്‍ കഴിഞ്ഞ 20 കൊല്ലമായി ഗണ്യമായ കുറവുവരുന്നുണ്ട്. ബ്രസീലിലെ ആമസോണിന്റെ നാശം  കുറയുന്നതില്‍ വീണ്ടും വേഗതയേറുന്നു. സൗരോര്‍ജ്ജത്തിന്റെയും പവനോര്‍ജ്ജത്തിന്റെയും ഉപഭോഗം 373% വീതം ഓരോ ദശാബ്ദത്തിലും വര്‍ദ്ധിക്കുന്നുണ്ടെങ്കിലും 2018 ല്‍ പോലും അത് ഫോസില്‍ ഇന്ധനഉപഭോഗത്തിന്റെ 28 ല്‍ ഒന്ന് മാത്രമേ ആയിട്ടുള്ളു. 2018ലെ കണക്കനുസരിച്ച് ആഗോളതലത്തില്‍ ഫോസില്‍ ഇന്ധനഉപഭോഗത്തിന്റെ 14% മാത്രമാണ് കാര്‍ബണ്‍ പ്രൈസിംഗിന് വിധേയമായിട്ടുള്ളു. എന്നാല്‍ ആഗോള ഉത്സര്‍ജ്ജനത്തില്‍ ശരാശരി തൂക്കത്തിനള്ള വില ഒരു ടണ്‍ കാര്‍ബണ്‍ഡയോക്സൈഡിന് 15.25 ഡോളര്‍ മാത്രമാണ്. ഇത് വര്‍ദ്ധിപ്പിക്കേണ്ടിയിരിക്കുന്നു. ഊര്‍ജ്ജരംഗത്തെ കമ്പനികള്‍ക്കുള്ള ഫോസില്‍ ഇന്ധന സബ്സിഡി ചാഞ്ചാടുകയാണ്. അടുത്തകാലത്തുണ്ടായ ഒരു കുതിച്ചുചാട്ടം കാരണം അത് 2018 ല്‍ 400 ബില്യന്‍ യു.എസ്. ഡോളറിനു മുകളില്‍ പോയി.

കാലാവസ്ഥാ ആഘാതങ്ങളുടെ സുപ്രധാനസൂചകങ്ങളുടെ സമകാലീന പ്രവണത വല്ലാതെ വിഷമിപ്പിക്കുന്നതാണ്. കാര്‍ബണ്‍ ഡയോക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് എന്നീ മൂന്ന് പ്രധാന ഹരിതഗൃഹവാതകങ്ങളുടെ അളവ് കൂടിക്കൊണ്ടേ ഇരിക്കുന്നു. അതേപോലെ തന്നെ ആഗോളതലത്തില്‍ തന്നെ ഉപരിതല ഊഷ്മാവും കൂടിക്കൊണ്ടേ ഇരിക്കുന്നു. ലോകത്തെല്ലായിടത്തും മഞ്ഞ് അതിവേഗം അപ്രത്യക്ഷമാകുന്നു, ലോകത്തെല്ലായിടത്തും ഉള്ള ഹിമാനികളുടെ കനവും കുറഞ്ഞുകൊണ്ടിരിക്കുന്നതും ഇതിനുള്ള തെളിവാണ്.  വേനലില്‍ ആര്‍ട്ടിക്ക് കടലിലുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ മഞ്ഞിന്റെ നിലയും ഗ്രീന്‍ലന്‍ഡിലും ആര്‍ട്ടിക്കിലും  ഉള്ള ഹിമപാളികളും ഇതിനു തെളിവാണ്.
സമുദ്രജല ഊഷ്മാവ്, സമുദ്രങ്ങളുടെ അമ്ലത, സമുദ്രജലനിരപ്പ്, അമേരിക്കയിലെ കത്തിക്കുന്ന പ്രദേശങ്ങള്‍, അതിതീവ്ര കാലാവസ്ഥ, അതുമൂലമുണ്ടാകുന്ന നാശനഷ്ടങ്ങളുടെ മൂല്യം എന്നിവയെല്ലാം ഉയര്‍ന്നുകൊണ്ടിരിക്കുന്നു.

കാലാവസ്ഥാമാറ്റം കടലിലെയും ശുദ്ധജലത്തിലെയും ജീവികളെയും പ്ലാങ്ടനുകള്‍  പവിഴപ്പുറ്റു മുതല്‍ മത്സ്യം വരെയും വനങ്ങളെയും വളരെയേറെ ബാധിക്കുമെന്ന് പ്രവചിക്കപ്പെട്ടിരിക്കുന്നു. ഈ പ്രശ്നങ്ങള്‍ അടിയന്തിരമായുള്ള നടപടികളുടെ ആവശ്യകത ഉയര്‍ത്തിക്കാണിക്കുന്നു. 

ആഗോള കാലാവസ്ഥാ ചര്‍ച്ചകള്‍ 40 കൊല്ലം പിന്നിട്ടിട്ടും, അപൂര്‍വ്വം ചില  അപവാദങ്ങളൊഴികെ, പതിവുപടി പോകുന്നതല്ലാതെ ഈ ദുരവസ്ഥയെ നേരിടുന്നതില്‍ നാം അമ്പേ പരാജയപ്പെട്ടിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം വന്നുകഴിഞ്ഞു, അത് മിക്ക ശാസ്ത്രജ്ഞന്മാരും പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ ഗതിവേഗം ആര്‍ജ്ജിക്കുകയും ചെയ്യുന്നു. അത് പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ കഠിനമാണ്, പരിസ്ഥിതിവ്യൂഹത്തേയും മനുഷ്യവംശത്തെ തന്നെയും ഭീഷണിയിലാക്കുന്നു. കാലാവസ്ഥയുടെ തിരികെപ്പോകാനാകാതെ തട്ടിവീഴാവുന്ന നിലയും അത് ബലപ്പെടുത്തുന്ന അന്തരീക്ഷത്തിലെയും കടലിലെയും ഭൂതലത്തിലെയും  പ്രകൃതിയുടെ പ്രതികരണങ്ങളും പ്രത്യേകിച്ച് ആശങ്കാജനകമാണ്. [box type=”warning” align=”” class=”” width=””]മനുഷ്യന്റെ നിയന്ത്രണത്തിന് അതീതമായ “ചുട്ടുപഴുത്ത ഭൂമി” എന്ന മഹാദുരന്തത്തിലേക്ക് അത് എത്തിച്ചേരാം. ഈ പാരിസ്ഥിതിക ശൃംഖലാപ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിവ്യൂഹത്തിനും സമൂഹത്തിനും സമ്പദ്ഘടനയ്ക്കും ഗുരുതരമായ തകരാറുകളുണ്ടാക്കിയേക്കാം, അത് ഭൂമിയുടെ ഒരു വലിയ ഭാഗം വാസയോഗ്യമല്ലാതാക്കിയേക്കാം.[/box]

നിലനില്പുള്ള ഒരു ഭാവി ഉറപ്പാക്കുന്നതിന് ഈ ഗ്രാഫുകളിലൂടെ വെളിവായ പ്രധാന സൂചകങ്ങളെ മെച്ചപ്പെടുത്തുന്ന രീതിയില്‍  നാം നമ്മുടെ ജീവിതരീതി മാറ്റേണ്ടിയിരിക്കുന്നു. സാമ്പത്തിക വളര്‍ച്ചയും ജനസംഖ്യാവര്‍ദ്ധനവുമാണ് ഫോസില്‍ ഇന്ധനം കത്തിക്കുന്നതുവഴിയുള്ള കാര്‍ബണ്‍ഡയോക്സൈഡ് വിസര്‍ജ്ജനം കൂട്ടാനിടയാക്കുന്ന പ്രധാന കാരണങ്ങള്‍. [box type=”warning” align=”” class=”” width=””]ആയതിനാല്‍ സാമ്പത്തികവും ജനസംഖ്യാപരവുമായ നയങ്ങളില്‍ ധീരവും കര്‍ക്കശവും ആയ മാറ്റങ്ങള്‍ ആവശ്യമാണ്.[/box]  ഗവണ്മെന്റുകള്‍ക്കും വ്യാപാരമേഖലയ്ക്കും മാനവരാശിയിലെ മറ്റുള്ളവര്‍ക്കും കാലാവസ്ഥാമാറ്റത്തിന്റെ ഏറ്റവും ഗുരുതരമായ ഫലങ്ങളില്‍ കുറവു വരുത്തുന്നതിനായി സ്വീകരിക്കാവുന്ന പരസ്പബന്ധിതമായ ആറു സുപ്രധാന നടപടികളാണ് ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്.

 ഊര്‍ജ്ജം.

ഊര്‍ജ്ജകാര്യക്ഷമതയും സംരക്ഷണവും ഉറപ്പുവരുത്തുന്ന വിപുലമായ പ്രവര്‍ത്തനരീതികള്‍ ലോകം അതിവേഗം നടപ്പാക്കണം. ഫോസില്‍ ഇന്ധനങ്ങള്‍ക്കു പകരം കാര്‍ബണ്‍ കുറയ്ക്കുന്നതിനുതകുന്നതും പുതുക്കാവുന്നതുമായ  സ്രോതസ്സുകളെ ഉപയോഗിക്കണം. പരിസ്ഥിതിയ്ക്കും മനുഷ്യര്‍ക്കും സുരക്ഷിതമായ മറ്റു സ്രോതസ്സുകളും ഉപയോഗപ്പെടുത്തണം. അവശേഷിക്കുന്ന ഫോസില്‍ ഇന്ധനം ഭൂമിയില്‍ തന്നെ സൂക്ഷിക്കണം. അന്തരീക്ഷത്തില്‍ നിന്നും ഉറവിടങ്ങളില്‍ നിന്നും  കാര്‍ബണ്‍ വലിച്ചെടുക്കുന്ന സാങ്കേതികവിദ്യയും പ്രത്യേകിച്ച് പ്രകൃതിദത്തമായ സാദ്ധ്യതകളെയും ഉപയോഗപ്പെടുത്തിക്കൊണ്ട് കാര്‍ബണ്‍ കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യകള്‍ സ്വീകരിക്കണം. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് മാറുന്നതിനുള്ള യത്നത്തില്‍ സമ്പന്ന രാഷ്ട്രങ്ങള്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് പിന്‍തുണ കൊടുക്കണം. ഫോസില്‍ ഇന്ധനങ്ങള്‍ക്കുള്ള സബ്സിഡികള്‍ വേഗം തന്നെ നിര്‍ത്തലാക്കണം, അതോടൊപ്പം അവയുടെ ഉപയോഗം കുറയ്ക്കാനാവശ്യമായ രീതിയില്‍  കാര്‍ബണ്‍ പ്രൈസ് വര്‍ദ്ധിപ്പിക്കുന്നതിന് ഫലപ്രദമായ നയങ്ങള്‍ രൂപീകരിക്കണം. 

 ഹ്രസ്വകാല മാലിന്യങ്ങള്‍.

അല്പകാലം മാത്രം നിലനില്‍ക്കുന്ന കാലാവസ്ഥാമാലിന്യങ്ങളായ മീഥേൻ, കരിപ്പൊടി (black carbon- soot), ഹൈഡ്രോഫ്ലൂറോകാര്‍ബണുകള്‍ (HFCs) എന്നിവ പുറന്തള്ളുന്നത് ഉടനടി കുറയ്ക്കണം. അങ്ങിനെ ചെയ്യുന്നതിലൂടെ കാലാവസ്ഥാ പ്രതികരണത്തിന്റെ കണ്ണികള്‍ പതുക്കെയാക്കുകയും  ചെറിയ സമയത്തേയ്ക്കുള്ള ചൂടാകല്‍ സാദ്ധ്യതകള്‍, വരുന്ന ഏതാനും ദശകങ്ങളില്‍ 50% കുറയ്ക്കുകയും ചെയ്യും. ഇതിലൂടെ
ദശലക്ഷക്കണക്കിന് ജീവനുകളെ രക്ഷിക്കാനും വായുമലിനീകരണം കുറയുന്നതു വഴി വിളവ് വര്‍ദ്ധിക്കാനും കഴിയും. ഹൈഡ്രേഫ്ലൂറോ കാര്‍ബണുകളുടെ നിര്‍മ്മാണം ക്രമേണ കുറയ്ക്കുന്നതിനുള്ള 2016 ലെ കിഗാലി ഭേദഗതി (2016 Kigali amendment) സ്വാഗതാര്‍ഹമാണ്. 

| കടപ്പാട് വിക്കിമീഡിയ

 പ്രകൃതി – പരിസ്ഥിതികവ്യൂഹങ്ങള്‍.

 നാം ഭൂമിയുടെ പാരിസ്ഥിതികവ്യൂഹത്തെ രക്ഷിക്കുകയും പുനസ്ഥാപിക്കുകയും വേണം. ഫൈറ്റോപ്ലാങ്ടനുകള്‍, പവിഴപ്പുറ്റുകള്‍, വനങ്ങള്‍, പുല്‍മൈതാനങ്ങള്‍ (സാവന്ന), പുല്‍പ്രദേശങ്ങള്‍, തണ്ണീര്‍ത്ത‍‍ടങ്ങള്‍, പീറ്റ് പ്രദേശങ്ങള്‍, മണ്ണ്, കണ്ടല്‍ക്കാടുകള്‍, കടല്‍പുല്ലുകള്‍ എന്നിവയെല്ലാം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡ് ആഗീരണം ചെയ്യുന്നതില്‍ വലിയ സംഭാവന ചെയ്യുന്നവയാണ്. കടലിലെയും ഭൂമുഖത്തെയും സസ്യങ്ങള്‍, മൃഗങ്ങള്‍, സൂക്ഷ്മജീവികള്‍ എന്നിവയെല്ലാം കാര്‍ബണും പോഷകങ്ങളും ചംക്രമണം ചെയ്യുന്നതിലും സംഭരിച്ചുവയ്ക്കുന്നതിലും കാതലായ പങ്കു വഹിക്കുന്നുണ്ട്. [box type=”info” align=”” class=”” width=””]ആവാസകേന്ദ്രങ്ങളുടെയും ജൈവവൈവിദ്ധ്യത്തിന്റെയും നാശം അതിവേഗം തന്നെ കര്‍ക്കശമായി തടയുകയും ബാക്കിയുള്ള (നിലവിലുള്ള ) അക്ഷതമായ പ്രാഥമിക വനങ്ങളെ, പ്രത്യേകിച്ച് വലിയ കാര്‍ബണ്‍ സംഭരണികളായവയും കാര്‍ബണിനെ അതിവേഗം സംഭരിക്കാന്‍ ത്രാണിയുള്ളവയുമായ വനങ്ങളെ,  സംരക്ഷിക്കുകയും, പറ്റുന്ന ഇടങ്ങളിലെല്ലാം പുനര്‍ വനവല്‍ക്കരണവും വനവല്‍ക്കരണവും വന്‍തോതില്‍ തന്നെ നടപ്പിലാക്കുകയും ചെയ്യണം. ചില സ്ഥലങ്ങളില്‍  ഭൂമി ലഭ്യത കുറവാണെങ്കില്‍ പോലും ഈ രീതിയിലുള്ള പ്രകൃതിബന്ധിതമായ കാലാവസ്ഥാപരിഹാരങ്ങള്‍ വഴി പാരീസ് കരാര്‍ പ്രകാരമുള്ള വിസര്‍ജ്ജനക്കുറവിന്റെ മൂന്നിലൊന്നെങ്കിലും 2030 ഓടുകൂടി കൈവരിക്കാനാകും.[/box]

സമ്പദ് ഘടന

  ജൈവമണ്ഡലത്തിന്റെ ദീര്‍ഘകാലനിലനില്‍പ്പിന് സാമ്പത്തിക വളര്‍ച്ച ലാക്കാക്കിയുള്ള  വിഭവങ്ങള്‍ അമിതമായ ഊറ്റിയെടുക്കുന്നതും  പരിസ്ഥിതിവ്യൂഹത്തിന്റെ അമിത ചൂഷണവും വേഗം തന്നെ  അവസാനിപ്പിക്കണം. ജൈവമണ്ഡലത്തലുള്ള മനുഷ്യന്റെ ആശ്രിതത്വം ഉറപ്പാക്കുന്ന കാര്‍ബണ്‍രഹിതമായ ഒരു സമ്പദ്ഘടനയും അതിന് അനുസൃതമായി സാമ്പത്തിക തീരുമാനങ്ങളും   ആണ് നമുക്ക് ആവശ്യം. [box type=”note” align=”” class=”” width=””]ജിഡിപി യുടെ വളര്‍ച്ച, ധനാഢ്യത കൈവരിക്കാനുള്ള യത്നങ്ങള്‍ എന്നിവയില്‍ നിന്ന് നിലനില്‍പ്പുള്ള പരിസ്ഥിതിവ്യൂഹവും മനുഷ്യരുടെ സുസ്ഥിതിയും എന്നതിലേക്ക്  നമ്മുടെ ലക്ഷ്യം മാറേണ്ടിയിരിക്കുന്നു. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മുന്‍ഗണന കൊടുത്തും അസമത്വം കുറച്ചുകൊണ്ടും ആണ് ഇത് കൈവരിക്കേണ്ടത്. [/box]

 ജനസംഖ്യ.

   കൊല്ലം തോറും ഏകദേശം 80 കോടി, അഥവാ ദിനം പ്രതി 2 ലക്ഷം എന്ന തോതില്‍ ഇപ്പോഴും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ലോകജനസംഖ്യ പിടിച്ചുനിര്‍ത്തണം, സാമൂഹ്യസമന്വയം ഉറപ്പാക്കുന്നതിനുള്ള ഒരു ചട്ടക്കൂടില്‍ നിന്നുകൊണ്ട് ക്രമേണ കുറച്ചുകൊണ്ടുവരികയും വേണം. പ്രജനനത്തോത് കുറയ്ക്കുന്നതിലൂടെ, ഹരിതഗൃഹവാതക വിസര്‍ജ്ജനത്തിലും ജൈവവൈവിദ്ധ്യനഷ്ടത്തിലുമുള്ള ആഘാതം കുറയ്ക്കാനാകും.
ഒപ്പം അത്‌ മനുഷ്യാവകാശങ്ങളെ ശക്തിപ്പെടുത്തും. കുടുംബാസൂത്രണ സേവനങ്ങള്‍ എല്ലാ ജനങ്ങള്‍ക്കും ലഭ്യമാക്കുന്ന, സമ്പൂര്‍ണ്ണമായ ലിംഗസമത്വം നേടാനുള്ള എല്ലാ തടസ്സങ്ങളും നീക്കം ചെയ്യപ്പെടുന്ന, പ്രാഥമിക, സെക്കണ്ടറി വിദ്യാഭ്യാസം സാമാന്യ നിയമമായിത്തന്നെ എല്ലാവര്‍ക്കും, പ്രത്യേകിച്ച്
പെണ്‍കുട്ടികള്‍ക്കും യുവതികള്‍ക്കും ലഭ്യമാക്കുന്ന നയസമീപനങ്ങൾ ആഗോളതലത്തിൽ രാഷ്ട്രങ്ങൾ സ്വീകരിക്കണം.

 ഉപസംഹാരം

 കാലാവസ്ഥാ മാറ്റങ്ങളെ ചെറുക്കുന്നതിനും അതിനോട് സമരസപ്പെടുന്നതിനും അതോടൊപ്പം മനുഷ്യവംശത്തിന്റെ നാനാത്വത്തെ മാനിക്കുകയും ചെയ്യുന്നതിന്, ആഗോളസമൂഹം പ്രവര്‍ത്തിക്കുന്നതിലും സ്വാഭാവികമായ പരിസ്തിതിവ്യൂഹവുമായി  ഇടപഴകുന്നതിലും കാതലായ മാറ്റങ്ങള്‍ അനിവാര്യമാണ്. അടുത്തകാലത്തുണ്ടായ ആശങ്കകളുടെ ചില കുത്തൊഴുക്കുകള്‍ ഞങ്ങള്‍ക്ക് ധൈര്യം തരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കാലാവസ്ഥാ അടിയന്തിരാവസ്ഥാ പ്രഖ്യാപനം നടത്തുന്നു. സ്ക്കൂള്‍കുട്ടികള്‍ സമരം ചെയ്യുന്നു. പരിസ്ഥിതിക്ക് നേരെയുള്ള കടന്നുകയറ്റത്തിനെതിരെ കേസുകള്‍ കോടതികളില്‍ നടക്കുന്നു. അടിസ്ഥാനതലത്തിലുള്ള മാറ്റങ്ങള്‍ പൗരസമൂഹങ്ങള്‍ ആവശ്യപ്പെടുന്നു. പല രാജ്യങ്ങളും സംസ്ഥാനങ്ങളും, നഗരങ്ങളും , വാണിജ്യസംഘങ്ങളും പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു.

സ്ഥായിത്വമുള്ളതും നീതിയുക്തവുമായ ഒരു ഭാവി രൂപപ്പെടുത്തുന്നതിനു വേണ്ടി, തീരുമാനമെടുക്കേണ്ടവര്‍ക്ക് ആവശ്യമായ സഹായം നല്‍കുവാന്‍ ലോകശാസ്ത്രജ്ഞന്മാരുടെ ഒരു ഐക്യവേദി എന്ന നിലയ്ക്ക് ഞങ്ങള്‍ തയ്യാറായി നില്‍ക്കുകയാണ്.  വരാന്‍ പോകുന്ന ഗുരുതരാവസ്ഥയുടെ വലിപ്പം മനസ്സിലാക്കുന്നതിനായി നയരൂപീകരണം നടത്തുന്നവര്‍ക്കും സ്വകാര്യമേഖലയ്ക്കും പൊതുസമൂഹത്തിനും എളുപ്പം മനസ്സിലാക്കാവുന്ന  ഈ സുപ്രധാന സൂചകങ്ങളെ വ്യാപകമായി ഉപയോഗിച്ച് പ്രവര്‍ത്തനങ്ങളുടെ പുരോഗതി രേഖപ്പെടുത്തുകയും കാലാവസ്ഥാ വ്യതിയാനം
കുറയ്ക്കുന്നതിനായി മുന്‍ഗണനാക്രമം പുനരാവിഷ്കരിക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു. നല്ല കാര്യമെന്തെന്നാല്‍ അമ്മാതിരിയുള്ള പരിണാമാത്മകമായ മാറ്റങ്ങള്‍, എല്ലാവര്‍ക്കും സാമൂഹ്യവും സാമ്പത്തികവുമായ നീതി നല്‍കുന്നതോടൊപ്പം പോവുംപടി പോകുന്നകുന്നതിനേക്കാള്‍ അപ്പുറമുള്ള  ഏറെ ഉദാത്തായ മാനുഷിക സുസ്ഥിതി ഉറപ്പുതരുന്നു എന്നതാണ്. തീരുമാനം എടുക്കേണ്ടവരും, എല്ലാ മനുഷ്യരും ഈ മുന്നറിയിപ്പിനോട് ഉചിതമായി പ്രതികരിക്കുകയും കാലാവസ്ഥാ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും നമ്മുടെ ഒരേ ഒരു വീടായ ഈ ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. 

[author title=”ലേഖകർ” image=”http://”]സംഗ്രഹം: ശ്രീജിത്ത് കെ.എസ്. വിവർത്തനം : ജി. ഗോപിനാഥൻ[/author]

അധികവായനയ്ക്ക്‌

 1. ബയോസയന്‍സ്
 2. scientistswarning.forestry.oregonstate.edu/

Leave a Reply