Read Time:23 Minute

ഡോ. സംഗീത ചേനംപുല്ലി

വനിതാഗവേഷകര്‍ക്ക് ആത്മവിശ്വാസം പകരുന്ന രീതിയിൽ അക്കാദമിക് അന്തരീക്ഷം മാറിയില്ലെങ്കില്‍ നമുക്ക് നഷ്ടപ്പെടുക എത്രയോ മാഡം ക്യൂറിമാരെ ആകാം. 

രണ്ട് ശാസ്ത്രവിഷയങ്ങളില്‍ നൊബേല്‍ പുരസ്ക്കാരം നേടിയ ഒരൊറ്റ വ്യക്തിയേ ഉള്ളൂ, ഒരു നൂറ്റാണ്ട് പിന്നിട്ട നൊബേല്‍ പുരസ്കാരത്തിന്റെ ചരിത്രത്തില്‍. അത് തീര്‍ച്ചയായും  ഒരു പുരുഷനല്ല, ശാസ്ത്രാന്വേഷണത്തിന്റെ അനന്തവീഥിയില്‍ സ്വജീവന്‍ അര്‍പ്പിച്ച മാഡം ക്യൂറി എന്ന വനിതയാണ്‌. പക്ഷേ ശാസ്ത്രത്തിന്‍റെ ധീരനൂതന ലോകത്തും പെണ്ണിന്റെ ഇരിപ്പിടങ്ങള്‍ക്ക് ആണിന്റെതിനോളം തലപ്പൊക്കമില്ലെന്ന ധാരണയുടെയും, ഗവേഷണശാലകളിലെ പെണ്ണിടങ്ങളെ ആരൊക്കെയോ ഭയക്കുകയും വെറുക്കുകയും ചെയ്യുന്നു എന്നതിന്റെയും സൂചനകള്‍ അടുത്തകാലത്തായി ശാസ്ത്രഗവേഷകര്‍ക്കിടയില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയുണ്ടായി.

2001 ല്‍ വൈദ്യശാസ്ത നൊബേല്‍ നേടിയ ടിം ഹണ്ട് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന്റെ സ്ത്രീവിരുദ്ധം എന്ന് പ്രത്യക്ഷത്തില്‍ വിലയിരുത്തപ്പെട്ട പരാമര്‍ശങ്ങളാണ് ശാസ്ത്രരംഗത്തെ പെണ്‍ സാന്നിധ്യത്തെക്കുറിച്ചുള്ള ഗൗരവമായ തിരിഞ്ഞുനോട്ടങ്ങള്‍ക്ക് കാരണമായത്. ജൂണ്‍ ഒന്‍പതിന് സിയൂളില്‍ വെച്ച് നടന്ന ശാസ്ത്രജേര്‍ണലിസ്റ്റുകളുടെ ആഗോള കോണ്‍ഫറന്‍സിനിടെയാണ് അദ്ദേഹം വനിതാ ശാസ്ത്രജ്ഞര്‍ “പ്രണയം കൊണ്ട് പുരുഷന്മാരുടെ ശ്രദ്ധപതറാന്‍ കാരണമാകുന്നവരും വിമര്‍ശനങ്ങളെ കണ്ണീരുകൊണ്ട് നേരിടുന്നവരും “ആണെന്ന് അഭിപ്രായപ്പെട്ടത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയും പ്രമുഖ പത്രങ്ങളും സംഭവം ഏറ്റെടുക്കുകയും പിന്നീടത് ലണ്ടന്‍ യൂണിവേഴ്‍സിറ്റി കോളേജിലെ ഹോണററി പ്രൊഫസര്‍ പദവിയും റോയല്‍ സൊസൈറ്റിയിലെ ജീവശാസ്ത്ര അവാര്‍ഡ് സമിതിയിലെ അംഗത്വവും രാജിവെക്കാന്‍ നിര്‍ബന്ധിതനാകുന്ന സ്ഥിതിയിലേക്ക് അദ്ദേഹത്തെ  എത്തിക്കുകയും ചെയ്തു. അദ്ദേഹത്തെ പിന്തുണച്ച് ധാരാളം വനിതാഗവേഷകര്‍ ഉള്‍പ്പെടെ രംഗത്ത് എത്തിയെങ്കിലും ശാസ്ത്രരംഗത്ത് സ്ത്രീകള്‍ കുറയുന്നതെന്തുകൊണ്ട് എന്നത് സജീവമായി ചര്‍ച്ച ചെയ്യപ്പെടാന്‍ ഈ പരാമര്‍ശം ഇടയാക്കി.

ഭാഷാപരമായ കഴിവുകളില്‍ മേധാവിത്വം പുലര്‍ത്തുമ്പോഴും, ശാസ്ത്രം പോലെ ഏറെ അര്‍പ്പണവും ഉയര്‍ന്ന ബൗദ്ധിക ശേഷിയും ആവശ്യപ്പെടുന്ന മേഖലകളില്‍ സ്ത്രീകള്‍ പുരുഷനേക്കാള്‍ പിന്നിലാണെന്ന ധാരണ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇതിന് തെളിവായി ചൂണ്ടിക്കാണിക്കാറുള്ളത് നൊബേല്‍ പോലുള്ള ഉന്നത പുരസ്കാരങ്ങള്‍ നേടിയവരുടെ പട്ടികയിലെ കുറഞ്ഞസ്ത്രീ പ്രാതിനിധ്യമാണ്.

ശാസ്ത്രരംഗത്ത് നൊബേൽ ലഭിച്ച 16 വനിതകൾ കടപ്പാട്‌ : vox.com

1901ല്‍ നോബല്‍ പുരസ്കാരങ്ങള്‍ ആരംഭിച്ച ശേഷം 53 വനിതകളാണ് അത് നേടിയത്. ആകെ നൊബേല്‍ നേടിയവരുടെ 5% മാത്രമാണിത്.  16 വനിതകളാണ് ഇത് വരെ ശാസ്ത്രവിഷയങ്ങളില്‍ നൊബേല്‍ നേടിയത്. പുരുഷന്മാരുടെ കുത്തകയായി കണക്കാക്കപ്പെടുന്ന ഗണിതശാസ്ത്രത്തിലാകട്ടെ വ്യക്തിമുദ്രപതിപ്പിച്ച വനിതകളുടെ എണ്ണം വിരലിലെണ്ണാവുന്നത്ര മാത്രവും. ഗണിതശാസ്ത്ര നോബലായി കണക്കാക്കപ്പെടുന്ന ഫീല്‍ഡ്സ് മെഡല്‍ 80 വര്‍ഷത്തിനിടെ ഒരു വനിത  നേടിയത് 2014 ല്‍ മാത്രമാണ്. ഇറാനിയന്‍ വംശജയായ മറിയം മിര്‍സാഖാനി .

പക്ഷേ ഈ കുറഞ്ഞ പ്രാതിനിധ്യങ്ങള്‍ ബൗദ്ധികശേഷിയുടെ അളവുകോല്‍കൊണ്ട് മാത്രം അളന്നു കുറിയ്ക്കാന്‍ ശ്രമിക്കുന്നത് തികഞ്ഞ മണ്ടത്തരമാണ്. സമൂഹത്തിലെ പെണ്ണിന്റെ സ്ഥാനം മുതല്‍ അവളെക്കുറിച്ച് സമൂഹം വാര്‍ത്തിടുന്ന  മാതൃകകള്‍ സൃഷ്ടിക്കുന്ന മാനസികമായ പിരിമുറുക്കങ്ങള്‍ വരെ ഒട്ടേറെ കാരണങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്.

മറ്റേതൊരു രംഗത്തും പോലെ ശാസ്ത്രരംഗത്തും വനിതാപങ്കാളിത്തം സ്ത്രീയുടെ സാമൂഹ്യ അവസ്ഥയുടെ നേര്‍ പ്രതിഫലനമാണ്.ആകെ നൊബേല്‍ നേടിയ വനിതകളില്‍  22 പേര്‍ 2000-ത്തിനു ശേഷമാണ് അത് നേടിയത് എന്നത് ബൗദ്ധിക ശേഷി എന്നതിനേക്കാള്‍ സ്ത്രീകളുടെ സാമൂഹ്യാവസ്ഥയില്‍ വന്ന മാറ്റങ്ങള്‍ അവരുടെ നേട്ടങ്ങളില്‍ പ്രതിഫലിക്കുന്നു എന്നതിന്റെ സൂചകമാണ്.

ചന്ദ്രയാൻ 2 ദൗത്യത്തിന് നേതൃത്വം നൽകിയ വനിതകൾ കടപ്പാട് boldsky.com

അടുത്തയിടെ ഇന്ത്യയുടെ ചാന്ദ്രയാത്ര മംഗള്‍യാനിന്റെ വിജയം ആഘോഷിക്കുന്ന വനിതാശാസ്ത്രജ്ഞരുടെ ചിത്രങ്ങള്‍ വ്യാപകമായി ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഈ ചിത്രങ്ങള്‍ ഉണര്‍ത്തിയ ചിന്തകളെ പൊതുവില്‍  രണ്ടായി തിരിക്കാം. ഇത്തരം നേട്ടങ്ങളില്‍ സ്ത്രീകളും പങ്കാളികളാണോ എന്ന അത്ഭുതമാണ് ആദ്യത്തേത്. എത്ര ഉന്നത പദവിയില്‍ നില്‍ക്കുന്ന ഗവേഷക ആയാലും സാരി ധരിക്കുന്ന, മുല്ലപ്പൂ ചൂടുന്ന, ഭാരതീയ കുലനാരികള്‍ ആണ് അവര്‍ എന്ന മിഥ്യാഭിമാനമാണ് ചിത്രം പ്രസിദ്ധീകരിച്ച മാധ്യമങ്ങളും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ പങ്കിട്ടവരും ഒരേ പോലെ കൊണ്ടാടിയത്. ഗവേഷകയോ ആതുരശുശ്രൂഷകയോ ആരുമാവട്ടെ പെണ്ണിനെ അളക്കേണ്ടത് അവളുടെ ബാഹ്യമോടികള്‍ കൊണ്ടാണെന്ന ധാരണ ഇന്നും നമ്മില്‍ രൂഢമൂലമാണെന്നാണ് ഇത് തെളിയിക്കുന്നത്. സമൂഹം മുന്നോട്ട് വെക്കുന്ന ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നേട്ടങ്ങള്‍ ഒക്കെ ആയിക്കോളൂ എന്നാണ് ഇന്നും പുരുഷനിർമ്മിത പൊതുബോധം പെണ്ണിനോട് പറയുന്നത്. അതിനെ അതിലംഘിക്കാന്‍ ശ്രമിക്കുന്നവള്‍ ആരായാലും അവള്‍ പുകഞ്ഞകൊള്ളിയായാണ് ഇന്നും കണക്കാക്കപ്പെടുന്നത്.

റോസലിന്റ് ഫ്രാങ്ക്ലിന്‍

പെണ്ണിന്റെ നേട്ടങ്ങളെ അംഗീകരിക്കാന്‍ സമൂഹം കാണിച്ച ഉദാസീനത വനിതാശാസ്ത്രജ്ഞരുടെ നേട്ടങ്ങള്‍ക്ക്‌ വിഘാതമായതിന്റെ ഉദാഹരണങ്ങള്‍ ഏറെയുണ്ട് ചരിത്രത്തില്‍. AD 350-415 കാലഘട്ടത്തില്‍ ജീവിച്ച അലക്സാണ്ട്രിയയിലെ ഹൈപ്പെഷ്യയില്‍ നിന്ന് തുടങ്ങാം. ഹൈഡ്രോമീറ്റര്‍ നിർമ്മിക്കുകയും ഗണിത- ജ്യോതിശാസ്ത്രമേഖലകളില്‍ ഒട്ടേറെ സംഭാവന നല്‍കുകയും ചെയ്ത ഹൈപ്പെഷ്യയ്ക്ക് ആണ്‍ വേഷം ധരിച്ച് അധ്യാപനം നടത്തേണ്ടി വന്നു. സമകാലിക രാഷ്ട്രീയത്തിലും സജീവമായി ഇടപെട്ടിരുന്ന അവരെ മായാജാലക്കാരിയും ദുര്‍നടത്തക്കാരിയുമായി ചിത്രീകരിച്ച് വിവസ്ത്രയാക്കി അപമാനിക്കുകയും ദാരുണമായി വധിക്കുകയുമായിരുന്നു. ഊര്‍ജ്ജതന്ത്രത്തിലും രസതന്ത്രത്തിലും നൊബേല്‍ നേടിയ ശേഷവും ഫ്രഞ്ച് അക്കാദമി ഓഫ് സയന്‍സസിലേക്കുള്ള മാഡം ക്യൂറിയുടെ അംഗത്വാപേക്ഷ രണ്ട് വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ നിരസിക്കപ്പെടുകയാണുണ്ടായത്. വൈദ്യ ശാസ്ത്രത്തില്‍ നൊബേല്‍ നേടിയ, മെന്‍ഡലിയന്‍ ജനിതക സിദ്ധാന്തങ്ങളിലെ അപര്യാപ്തതകള്‍ കണ്ടെത്തിയ, ബാര്‍ബറ മക്ലിന്ടോക്കിന്റെ ജീവിതവും, ഗവേഷണഫലങ്ങളെപ്പോലും ലിംഗാടിസ്ഥാനത്തില്‍ വിലയിരുത്തുന്ന പുരുഷകേന്ദ്രീകൃത ശാസ്ത്രസമൂഹത്തെ നമുക്ക് വെളിവാക്കിത്തരുന്നുണ്ട്. സ്ത്രീ ആയത് കൊണ്ട് മാത്രം അവരുടെ നേട്ടങ്ങള്‍ ദശകങ്ങളോളം അവഗണിക്കപ്പെട്ടു. തന്റെ ഗവേഷണഫലങ്ങളില്‍ അന്തര്‍ലീനമായ ഗണിതക്രിയകള്‍ അവര്‍ മനസിലാക്കിയിട്ടുണ്ടോ എന്ന് പോലും സംശയം ഉന്നയിക്കപ്പെട്ടത്രേ. മരുഭൂമിയിലൂടെയുള്ള എകാന്തയാത്ര എന്ന് തന്റെ ഗവേഷണ ഉദ്യമങ്ങളെ അവര്‍ വിശേഷിപ്പിച്ചു എന്ന് ജീവചരിത്രകാരിയായ ഈവലിന്‍ ഫോക്സ് കെല്ലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. DNA യുടെ പിരിയന്‍ ഗോവണിക്ക് സമാനമായ ഘടന കണ്ടെത്തിയതിന് ജെയിംസ് വാട്സന്‍, ഫ്രാന്‍സിസ് ക്രിക്ക്, മോറിസ് വില്‍ക്കിന്‍സ് എന്നീ ശാസ്ത്രജ്ഞര്‍ 1962 ലെ വൈദ്യശാസ്ത്ര നോബല്‍ നേടി. അവരുടെ DNA മാതൃകയ്ക്ക് പ്രേരകമായ  എക്സ്റേ ക്രിസ്റ്റലോഗ്രഫിക് ഡാറ്റ നല്‍കിയ റോസലിന്റ് ഫ്രാങ്ക്ലിന്‍ എന്ന രസതന്ത്രജ്ഞയുടെ പങ്ക് വാട്ട്സനും ക്രിക്കും വേണ്ട വിധം അംഗീകരിച്ചില്ല. ‘ദ ഡബിള്‍ ഹെലിക്സ് ’ എന്ന വാട്സന്റെ പുസ്തകത്തിലെ ഫ്രാങ്ക്ലിനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പരാമര്‍ശങ്ങള്‍ വിവാദകാരണമാകുകയും ചെയ്തു. സമീപകാലത്ത് രസതന്ത്രത്തില്‍ നോബല്‍ നേടിയ അഡയോനാതിന്റെ പാലസ്തീന്‍ പ്രശ്നത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വ്യാപക വിമര്‍ശനത്തിന് പാത്രമാവുകയും തുടര്‍ന്ന് അവര്‍ക്ക് വിശദീകരണവുമായി രംഗത്തെത്തേണ്ടി വരികയും ചെയ്തു. ശാസ്ത്രരംഗത്ത് സ്ത്രീ എന്ന സ്വത്വം തനിക്ക് യാതൊരു വിധ പ്രതിബന്ധവും സൃഷ്ടിച്ചിട്ടില്ലെന്ന് അവര്‍തന്നെ അവകാശപ്പെടുമ്പോഴും പ്രസ്താവനക്കെതിരെ ഉണ്ടായ പ്രതികരണങ്ങള്‍ പിതൃകേന്ദ്രീകൃത വ്യവസ്ഥിതിയുടെ കാഴ്ച്ചപ്പാടിന്‍റെ ഉപോല്പന്നം കൂടി ആണെന്ന് നിസ്സംശയം കാണാവുന്നതാണ്.

ശാസ്ത്ര രംഗത്തെ ലിംഗവിവേചനം വിദ്യാര്‍ഥികളേയും മറ്റ് സാങ്കേതികവിദഗ്ദ്ധരേയും തെരഞ്ഞെടുക്കുന്നിടത്ത് തുടങ്ങുന്നു. അമേരിക്കന്‍ ദേശീയ സയന്‍സ് അക്കാദമിയുടെ ഔദ്യോഗിക ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം1  ഈ നിഗമനത്തെ പാടെ ശരിവെക്കുന്നതാണ് . യേല്‍ യൂണിവേഴ് സിറ്റിയില്‍ 2012ല്‍ നടത്തിയ പഠനത്തില്‍ ഒരേ അപേക്ഷകള്‍ തന്നെ ആണ്‍ പേരുകളില്‍ നല്‍കിയപ്പോള്‍ സ്വീകരിക്കപ്പെടുന്നതായും പെണ്‍ പേരുകളില്‍ തഴയപ്പെടുന്നതായും കണ്ടെത്തി.  മാത്രമല്ല ജോലി ലഭിച്ച സ്ത്രീകള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട പ്രതിഫലം അതേ ജോലി ലഭിച്ച പുരുഷന്മാർക്ക് വാഗ്ദാനം ചെയ്യപ്പെട്ടതിനേക്കാള്‍ അയ്യായിരം ഡോളറോളം കുറവും ആയിരുന്നു. യു.കെ ഗവണ്മെന്റിന്റെ ശാസ്ത്ര സാങ്കേതിക സമിതി കണ്ടെത്തിയത് ഈ മേഖലകളിലെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ സ്ത്രീ പുരുഷാനുപാതം 1:8 മാത്രമാണ് എന്നാണ്.  എന്നാല്‍ കേരളത്തില്‍ ഗവേഷണ സ്ഥാപനങ്ങളിലെ സ്ത്രീ സാന്നിദ്ധ്യം മറ്റിടങ്ങളെക്കാള്‍ ഏറെ കൂടുതലാണ്. യു. ജി. സി- സി. എസ്. ഐ. ആര്‍ പരീക്ഷയില്‍ വിജയം നേടുന്നവരില്‍ ഗണ്യമായ ശതമാനം പെണ്‍കുട്ടികളാണ് എന്നതാവാം ഇതിനു കാരണം. എങ്കിലും തിരഞ്ഞെടുപ്പിലെ ലിംഗവിവേചനം പരോക്ഷമായി ഇവിടെയും നിലനില്‍ക്കുന്നുണ്ട്. ഒരേ യോഗ്യതകളുള്ള ആണ്‍-പെണ്‍ അപേക്ഷകരില്‍  പുരുഷ അപേക്ഷകന്‍ തിരഞ്ഞെടുക്കപ്പെടാന്‍ തന്നെയാണ് സാധ്യത കൂടുതല്‍. അതിനു പറയാറുള്ള കാരണങ്ങള്‍ ഗവേഷണവുമായി ബന്ധപ്പെട്ട് വേണ്ടി വരുന്ന യാത്രകളും മറ്റുമാണെന്നു മാത്രം. വിവാഹത്തോടെ ചിലരെങ്കിലും ഗവേഷണരംഗം വിട്ടു പോകുന്നതും നില നില്‍ക്കുന്നവര്‍ തന്നെ കുടുംബവും ഗവേഷണവും തമ്മില്‍ സമതുലനം കണ്ടെത്താനാവാതെ പുറകോട്ട് പോകുന്നതും ഇതിന് പിന്നിലെ കാരണങ്ങളാവാം. ജോലിക്ക് പുറമേ ഗവേഷണത്തില്‍ ഏര്‍പ്പെടുന്ന പാര്‍ട്ട് ടൈം ഗവേഷകരായ സ്ത്രീകളുടെ അവസ്ഥ ആകട്ടെ വളരെ പരിതാപകരമാണ്. ഗവേഷണ രംഗത്ത് നില്‍ക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമാണ് തന്റെ രംഗത്ത് ഉണ്ടാകുന്ന പുതിയ മാറ്റങ്ങളെക്കുറിച്ച് നിരന്തരം അറിവ് പുതുക്കുക എന്നത്. കുടുംബത്തിനും ഗവേഷണത്തിനുമിടയില്‍ സ്വയം പകുക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഇത് അത്ര എളുപ്പമല്ല. കോണ്‍ഫറന്‍സുകളിലും മറ്റും പങ്കെടുത്ത് സമാന മേഖലയില്‍ ഉള്ളവരുമായി സംവദിക്കാനുള്ള സാഹചര്യവും സ്ത്രീകളെ സംബന്ധിച്ചിടത്തോളം കുറവാണ്. ഇതെല്ലാം തങ്ങളുടെ മികവിന്റെ പരിധിയിലേക്ക് എത്തുന്നതില്‍ നിന്ന് വനിതാശാസ്ത്രജ്ഞരെ തടയുന്നുണ്ട്. 

സ്ത്രീ വീട്ടകങ്ങളില്‍ നിന്ന് തൊഴിലിടങ്ങളിലേക്ക് സ്വതന്ത്രയാക്കപ്പെട്ടു എങ്കിലും ഈ രണ്ട് ബിന്ദുക്കള്‍ക്കിടയില്‍ നേര്‍രേഖയില്‍ സഞ്ചരിക്കാനുള്ള അനുവാദമേ ഇന്നും നല്‍കപ്പെട്ടിട്ടുള്ളൂ. അത് കൊണ്ട് തന്നെയാണ് അധ്യാപനം പോലെയുള്ള സമയക്ലിപ്തതയുള്ള പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ സ്ത്രീകളെ സമൂഹം പ്രോത്സാഹിപ്പിക്കുന്നതും.  ഇതില്‍ നിന്നൊക്കെ ഏറെ വഴിമാറി സഞ്ചരിക്കേണ്ടി വരുന്നത് കൊണ്ട് വനിതാ ഗവേഷകര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം ഏറെയാണ്‌. സമൂഹം തനിക്കായി വരച്ചിട്ട കള്ളികള്‍ക്കുള്ളില്‍ ഒതുങ്ങാന്‍ കഴിയാത്തത് പലപ്പോഴും കടുത്ത മാനസിക സംഘര്‍ഷത്തിന് കാരണമാകുന്നു എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയിലെ ടോണി ഷ്മേഡറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം2 സമൂഹം നിര്‍മ്മിക്കുന്ന വാര്‍പ്പ് മാതൃകകള്‍ അവര്‍ പോലും അറിയാതെ സ്ത്രീകളുടെ മുന്നേറ്റത്തിനു വിഘാതമാകുന്നതെങ്ങനെ എന്ന് തെളിയിക്കുന്നു. ഈ മാതൃകകളിലേക്ക് തങ്ങള്‍ ഒതുങ്ങിപ്പോകുന്നുണ്ടോ എന്ന് , സ്ത്രീ ആയതുകൊണ്ട് താന്‍ മറ്റുള്ളവരേക്കാള്‍ പുറകിലാകുന്നുണ്ടോ എന്ന്  സ്ത്രീകള്‍ നിരന്തരം സ്വയം പരിശോധിച്ച് ആശങ്കപ്പെടുന്നതായും ഇത് ഇവരുടെ അക്കാദമിക്ക് പ്രകടനത്തെ ബാധിക്കുന്നതായും ഈ പഠനം കണ്ടെത്തി. ഇതോടെ തങ്ങള്‍ക്ക് പറ്റിയതല്ല ഈ മേഖല എന്ന സമൂഹനിര്‍മ്മിത ആശയത്തിലേക്ക് അവര്‍ എത്തിച്ചേരുന്നു. കൂടാതെ കുടുംബത്തോടുള്ള ചുമതലകളില്‍ നിന്ന് പുറകോട്ട് പോകുന്നുണ്ടോ എന്ന ആകുലതയും വനിതാഗവേഷകരെ നിരന്തരം സമ്മര്‍ദ്ദത്തില്‍ ആഴ്ത്തുന്നു. ഇത് മോശം പ്രകടനത്തിനും കൊഴിഞ്ഞുപോക്കിനും വരെ കാരണമാകുകയും ചെയ്യുന്നു. ഗവേഷണരംഗത്ത് തുടരാന്‍ ആഗ്രഹിക്കുന്നവരില്‍ തന്നെ പകുതിയില്‍ താഴെ പേര്‍ക്ക് മാത്രമാണ് രംഗത്ത് തുടരാനാകുന്നത്. വിവാഹത്തിനും ശിശുപരിപാലനത്തിനും പുറമേ അധ്യാപകരുടെയും മറ്റുള്ളവരുടെയും ഭാഗത്ത് നിന്നുള്ള മോശം പരിഗണന, മാനസിക സമ്മര്‍ദ്ദം, കൂടുതല്‍ സുരക്ഷിതമായ തൊഴില്‍ മേഖല തേടല്‍ ഇവയെല്ലാം വനിതാഗവേഷകരെ രംഗത്ത് നിന്നകറ്റുന്ന ഘടകങ്ങളാണ്. ഉയര്‍ന്ന അക്കാദമിക്ക് നിലവാരം പ്രകടിപ്പിക്കുന്ന വനിതാ റോള്‍ മോഡലുകളുടെ അഭാവവും വനിതാഗവേഷകരെ ബാധിക്കുന്നു(3

CERN (European Organization for Nuclear Research)ന്റെ ഡയറക്ടർ ജനറൽ ഫബിയോള ഗ്യാനോട്ടി.

ഈ അവസ്ഥകള്‍ ഇന്നും  നിലനില്‍ക്കുന്നു എങ്കിലും മാറ്റത്തിന്‍റെ സൂചനകള്‍ പടിഞ്ഞാറെങ്കിലും കണ്ടു തുടങ്ങിയിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. ഉന്നതവിദ്യാഭ്യാസരംഗത്തെ സ്ത്രീപുരുഷാനുപാതം കഴിഞ്ഞ ദശകങ്ങളില്‍ ഗണ്യമായി കൂടിയിട്ടുണ്ട്. വിവിധ മേഖലകളിലെ ഉയര്‍ന്ന തസ്തികകള്‍ അലങ്കരിക്കുന്ന വനിതകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.  (ഡാറ്റ അവലംബം  National Science Foundation: http://www.nsf.gov/statistics/seind12/append/c5/at05-17.pdf). ഉയര്‍ന്ന അക്കാദമിക്ക് പദവികള്‍ അലങ്കരിക്കുന്ന ശാസ്ത്ര-എഞ്ചിനീയറിംഗ് മേഘലകളില്‍ ഗവേഷണബിരുദം നേടിയ വനിതകളുടെ എണ്ണം സംബന്ധിച്ച്  അമേരിക്കന്‍ ദേശീയ ശാസ്ത്ര ഫൌണ്ടേഷന്‍ പുറത്ത് വിട്ട സ്ഥിതിവിവരക്കണക്കുകള്‍ ആശാവഹമായ സൂചനകളാണ് നല്‍കുന്നത്. പക്ഷേ തുല്യപദവിക്ക് തുല്യവേതനം എന്ന അവസ്ഥയിലേക്ക്  ശാസ്ത്രലോകം ഇനിയും എത്തേണ്ടതുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ കണികാഗവേഷണ ശാലയായ CERN ന്‍റെ തലപ്പത്ത് ഇറ്റാലിയന്‍ വംശജയും പ്രമുഖ കണികാശാസ്ത്രജ്ഞയുമായ ഫബിയോള ഗ്യാനോട്ടിയാണ്‌. കഴിഞ്ഞ രണ്ട് ദശകങ്ങളായി നൊബേല്‍ പുരസ്കാരങ്ങളിലെ ഉയര്‍ന്ന വനിതാ പ്രാതിനിധ്യവും ആശ്വാസം പകരുന്നു.  മാത്രമല്ല വിവേചനപരമായ പെരുമാറ്റങ്ങള്‍ പലപ്പോഴും ബോധപൂര്‍വമല്ല സംഭവിക്കുന്നത് എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു, മറിച്ച് കാലങ്ങളായി മനസ്സില്‍ രൂപപ്പെട്ട പരികല്‍പ്പനകളുടെ ഭാഗമായി സ്വയം അറിയാതെ സംഭവിക്കുന്നതാണ്. അത് കൊണ്ട് തന്നെ തിരുത്തല്‍ സാദ്ധ്യതകള്‍ ശേഷിക്കുന്നുമുണ്ട്.

ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നുള്ള സജീവ ഇടപെടലുകളും സമൂഹത്തിന്റെ കാഴ്ചപ്പാടിനെ പരിഷ്കരിക്കാനുള്ള ശ്രമങ്ങളും സമാന്തരമായി മുന്നോട്ട് പോകേണ്ടതുണ്ട്. ഗവേഷണരംഗം സ്വീകരിക്കാന്‍ സ്ത്രീകളെ പ്രേരിപ്പിക്കും വിധം ഫെലോഷിപ്പുകളും ഗ്രാന്റുകളും ഏര്‍പ്പെടുത്തുക, ഇടയ്ക്ക് ഗവേഷണം നിര്‍ത്തേണ്ടി വരുന്ന സ്ത്രീകള്‍ക്ക് തിരിച്ച് വരാന്‍ സഹായകമാകുന്ന  ഫെലോഷിപ്പുകളുടെ എണ്ണം ഉയര്‍ത്തുക, തെരഞ്ഞെടുപ്പുകളില്‍ ലിംഗവിവേചനം നിലനില്‍ക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക ഇവയൊക്കെ ചെയ്യേണ്ടതുണ്ട്.
ഗവേഷണസ്ഥാപനങ്ങളില്‍ കൂടുതല്‍ സ്ത്രീസൗഹൃദ അനുബന്ധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് മാത്രമേ ശാസ്ത്രരംഗത്ത് ലിംഗനീതി ഉറപ്പാക്കാനാകൂ. ഏത് സമയത്തും ഗവേഷണശാല ഉപയോഗിക്കാന്‍ കഴിയുന്ന അക്കാദമിക്ക് അന്തരീക്ഷം, മതിയായ സുരക്ഷാക്രമീകരണങ്ങള്‍, അനുബന്ധമായി ശിശുപരിപാലന കേന്ദ്രങ്ങള്‍ തുടങ്ങിയവയും അത്യാവശ്യമാണ്. വനിതാഗവേഷകര്‍ക്ക് ആത്മവിശ്വാസം പകരുന്ന രീതിയിൽ അക്കാദമിക് അന്തരീക്ഷം മാറിയില്ലെങ്കില്‍ നമുക്ക് നഷ്ടപ്പെടുക എത്രയോ മാഡം ക്യൂറിമാരെ ആകാം. 


അധികവായനയ്ക്ക്‌

  1. Corinne A. Moss-Racusin, John F. Dovidio, Victoria L. Brescoll, Mark J. Graham, Jo Handelsman, PNAS, October, 2012, 16474-16479
  2. Schmader, T., Hall, W., & Croft, A. . Stereotype threat in intergroup relations. In J. Simpson & J. Dovidio (Eds.) APA Handbook of Personality and Social Psychology. Washington, D.C., APA.
  3. Newsome, J. L. The Chemistry PhD: The Impact on Women’s Retention (RSC, 2008).
Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ആണധികാരവും ആധുനിക ശാസ്ത്രവും 
Next post ഭൂമിയിൽ വിരിഞ്ഞ ആദ്യ പുഷ്പം ഏതായിരുന്നു ?
Close