Read Time:31 Minute

ഡോ. കെ പി അരവിന്ദൻ

റിട്ട. പ്രൊഫ. പാത്തോളജിവിഭാഗം. കോഴിക്കോട് മെഡിക്കൽ കോളജ്

സന്തോഷവും സമാധാനവും നീതിയുമുള്ള ഒരു ലോകം പുലരും എന്ന സ്വപ്നം പങ്കു വെക്കുന്നവരാണ് നാമൊക്കെ. എല്ലാ മനുഷ്യരും തുല്യരാണ് എന്നത് ഈ സ്വപ്നത്തിന്റെ പരമപ്രധാനമായ അടിത്തറയാണ്. എന്നാൽ നിലവിലുള്ള വ്യവസ്ഥ  സ്വാഭാവികമാണെന്നും അതു നില നിൽക്കണമെന്നും മനുഷ്യസമത്വമെന്നത് ഒരു മിഥ്യയാണെന്നും കരുതുന്ന ഒരു വലതു പക്ഷം എല്ലാ കാലത്തും ഉണ്ടായിരുന്നു. മാറ്റത്തെ എതിർക്കുന്നതിനുള്ള ന്യായീകരണങ്ങളായി ദൈവം മുതൽ ശാസ്ത്രം വരെ ഉപയോഗിച്ചു കൊണ്ടുള്ള കെട്ടുകഥകൾ അതാതു കാലങ്ങളിൽ അവർ പ്രചരിപ്പിച്ചിരുന്നു. ഈ ആവശ്യത്തിനായി ശാസ്ത്രത്തെ ദുരുപയോഗം ചെയ്യുന്നതിനെ പറ്റിയാണ് ഈ ചെറിയ അവലോകനം.
പ്ലാറ്റൊയുടെ ‘റിപ്പബ്ലിക്കി’ൽ കഥാപാത്രമായ സോക്രട്ടീസ് ശിഷ്യരോട് ജനങ്ങളിൽ അനൈക്യം ഇല്ലാതിരിക്കുക എന്ന നല്ല കാര്യത്തിനായി ഒരു നുണ പറയാൻ ഉപദേശിക്കുന്നു. ദൈവം വിവിധ തരം മനുഷ്യരെ സൃഷ്ടിക്കുമ്പോൾ ഭരണവർഗ്ഗമായിത്തീരേണ്ടവരിൽ സ്വർണവും,  അവരുടെ സഹായികളിൽ വെള്ളിയും, കൈത്തൊഴിൽക്കാരിൽ ഓടും കൃഷികാരിൽ ഇരുമ്പും ചേർത്തു എന്നതായിരുന്നു പറയേണ്ട നുണ! ഋഗ്വേദത്തിലെ പുരുഷ സൂക്തത്തിൽ നുണയാണെന്നു പറയാതെ തന്നെ വിരാട പുരുഷന്റെ വായിൽ നിന്ന് ബ്രാഹ്മണനും കൈയിൽ നിന്ന് ക്ഷത്രിയനും തുടയിൽ നിന്ന് വൈശ്യനും കാലിൽ നിന്ന് ശൂദ്രനും ഉണ്ടായി എന്നു തട്ടി വിടുന്നു (അവർണരെപ്പറ്റി പറയുന്നില്ല, അവരെ മനുഷ്യരായി പരിഗണിച്ചു കാണില്ല).
മനുഷ്യരെ ഗുണങ്ങളുടെ അടിസ്ഥാനത്തിൽ പല തട്ടുകളായി കാണുകയും അവയ്ക്കൊക്കെ പിന്നിൽ പാരമ്പര്യമാണെന്നു കരുതുകയും ചെയ്യുന്നത് നമ്മുടെയൊക്കെ മനസ്സുകളിൽ രൂഢമൂലമായ ചിന്താഗതിയാണ്. “കണ്ടിട്ട് ഏതോ നല്ല വീട്ടിൽ നിന്നാണെന്നു തോന്നുന്നു”. “വിത്തുഗുണം പത്തുഗുണം” എന്നൊക്കെ സ്ഥിരം കേൾക്കുന്നതാണല്ലോ. ഫ്രഞ്ച് വിപ്ലവത്തിനു ശേഷം, സ്വാതന്ത്ര്യത്തിനും സാഹോദര്യത്തിനും ഒപ്പം  സമത്വം ജനാധിപത്യത്തിന്റെ മുഖമുദ്രയായി അംഗീകരിച്ചതിനു ശേഷം, സമൂഹത്തിലെ ശ്രേണീപരമായ വലുപ്പച്ചെറുപ്പങ്ങൾ നില നിർത്താനുള്ള ന്യായീകരണങ്ങൾക്ക് സാക്ഷാൽ സയൻസിനെ തന്നെ ആശ്രയിക്കേണ്ടി വന്നു. മതപുരാണങ്ങൾക്കു പകരം സയൻസിനെ അസമത്വങ്ങളെ സാധൂകരിക്കുന്ന ഐഡിയോളജിയായി ഉപയോഗിച്ചു തുടങ്ങി.

 

ചിത്രത്തിന് വിക്കിമീഡിയയോട് കടപ്പാട്

പത്തൊമ്പതാം നൂറ്റാണ്ടിൽ തലയോട്ടികളും മരണപ്പെട്ടവരുടെ തലച്ചോറുകളും പഠിച്ച് തലച്ചോറിന്റെ വലിപ്പം നിർണയിക്കുന്ന പഠനങ്ങൾ (Craniometry) നടത്തിയവരാണ് അമേരിക്കയിലെ സാമുവൽ മോർട്ടനും ഫ്രാൻസിലെ പോൾ ബ്രോക്കയും. യുറോപ്യൻ വംശജരുടെ തലച്ചോർ വലുതാണെന്നും ആഫ്രിക്കക്കാരുടേത് ഏറ്റവും ചെറുതെന്നും ഏഷ്യക്കാർ, അമേരിന്ത്യൻ വംശജർ എന്നിവർ ഇടയിലെന്നും കണ്ടെത്തി. ഇവരൊക്കെ തമ്മിൽ ബുദ്ധിശക്തിയിലുള്ള വ്യത്യാസം ഇതു മൂലമാണെന്നവർ പറഞ്ഞു. ബുദ്ധിശക്തി വ്യത്യാസം അവർ പഠിച്ചതല്ല; അതവരുടെ മനസ്സിലെ സംശയമില്ലാത്ത ബോധമായിരുന്നു (അന്നത്തെ വെള്ളക്കാരുടെ പൊതുബോധവും). മോർട്ടനും ബ്രോക്കയും ഏതായാലും ഇതിൽ നിന്ന് എത്തിച്ചേർന്നത് മനുഷ്യന്റെ പല വംശങ്ങൾ പ്രത്യേകമായി ഉത്ഭവിച്ചതാണെന്ന നിഗമനത്തിലാണ്. മനുഷ്യരാശിക്ക് ഒരു ഉത്ഭവമേ ഉണ്ടായിട്ടുള്ളൂ എന്ന ഡാർവിന്റെ അഭിപ്രായത്തിന് എതിരായിരുന്നു ഇത്. കറുത്ത വംശജർ വേറെ തന്നെ ഒരു ജീവിവർഗ്ഗമെന്നത് അന്ന് അമേരിക്കയിൽ നിലനിന്നിരുന്ന അടിമത്ത വ്യവസ്ഥിതിക്ക് സാധൂകരണം നല്കുന്നതായിരുന്നു. തലച്ചോറിന്റെ വലിപ്പം ശരീരത്തിന്റെ ആകെ വലിപ്പത്തിന്റെ അനുപാതത്തിലായിരിക്കുമെന്ന കാര്യം പാടെ അവഗണിച്ചു എന്നതായിരുന്നു ഇവർക്കു പറ്റിയ അബദ്ധം. ഒട്ടേറെ ജനിതക പഠനങ്ങൾ നടന്നതിനു ശേഷം, ഇന്നുള്ള എല്ലാ മനുഷ്യരുടേയും തുടക്കം ഒന്നായിരുന്നു എന്നും അത് ഏതാണ്ട് 2 ലക്ഷം വർഷം മുൻപ് ആഫ്രിക്കയിൽ ആയിരുന്നു എന്നും ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അടിമത്ത വ്യവസ്ഥയോടൊപ്പം കുഴിച്ച് മൂടേണ്ടവയാണ് മോർട്ടന്റേയും മറ്റും ക്രേനിയോമെട്രി പഠനങ്ങൾ. എന്നാൽ ഇതിനൊക്കെ ഇന്നും ആരാധകരുണ്ട് അമേരിക്കയിലെ വെള്ളക്കാരുടെ നിയോ-ഫാഷിസ്റ്റ് സംഘടനക്കാർക്കിടയിൽ!

ഇരുപതാം നൂറ്റാണ്ടിൽ അസമത്വത്തിന്റെ രാഷ്ട്രീയത്തിനായി വ്യാപകമായി ഉപയോഗിക്കപ്പെട്ടത് ബുദ്ധിമാന ടെസ്റ്റുകളാണ് (Intelligence quotient – IQ). ഫ്രഞ്ച് മനശ്ശാസ്ത്രജ്ഞനായ ആൽഫ്രഡ് ബിനെ 1908 ൽ രൂപം നല്കിയതാണീ ടെസ്റ്റുകൾ. ക്ളാസ്സിൽ പിന്നാക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തി, അവരെ മറ്റുള്ളവരോടൊപ്പമെത്തുവാൻ സഹായിക്കുകയായിരുന്നു ഈ ടെസ്റ്റുകളുടെ ഉദ്ദേശ്യം. അതായത് , ഈ ടെസ്റ്റുകളിൽ സ്കോർ കുറയാൻ ഇടവരുന്ന സാഹചര്യങ്ങൾ മാറ്റിയെടുക്കാൻ കഴിയും എന്ന ബോധ്യത്തിന്റെ അടിഥാനത്തിൽ ആണ് അവ രൂപകൽപ്പന ചെയ്തത്.
ബിനെയുടെ ആശയങ്ങളിൽ നിന്ന് വളരെ ഭിന്നമായ രീതിയിലാണ് IQ ടെസ്റ്റുകൾ അമേരിക്കയിലും ബ്രിട്ടണിലും ഉപയോഗിക്കപ്പെട്ടത്. വിവിധ മനുഷ്യ ഗ്രൂപ്പുകൾ തമ്മിൽ ബുദ്ധിശക്തിയിൽ വ്യത്യാസമുണ്ടെന്ന് സ്ഥാപിക്കാനായി, പ്രധാന ശ്രമം. ബുദ്ധി കുറവെന്ന് ആരോപിക്കപ്പെട്ടവരായ തെക്കൻ യൂറോപ്പിൽ നിന്നുള്ള പാവപ്പെട്ട കുടിയേറ്റക്കാരെ തടയാൻ അമേരിക്കയിൽ ഇത് ഉപയോഗിച്ചു. അമേരിക്കയിലെ ആഫ്രിക്കൻ വംശജർക്ക് വെള്ളക്കാരേക്കാൾ ഐ.ക്യു കുറവാണെന്നും, ഇത് ജനിതകമാകയാൽ, അവർക്ക് പ്രത്യേക വിദ്യാഭ്യാസം നല്കിയിട്ടു കാര്യമില്ലെന്നും ആർതർ ജെൻസൻ 1969 ൽ വാദിച്ചു.
ടെസ്റ്റുകളിലെ സ്കോർ കുറയുന്നതിന് പ്രധാന കാരണം സാമൂഹ്യ-സാമ്പത്തിക ഘടകങ്ങൾ ആണെന്നും അതല്ല ജനിതകമാണെന്നും രണ്ട് അഭിപ്രായങ്ങൾ ആദ്യം മുതൽ തന്നെ നില നിന്നിരുന്നു. ആദ്യത്തേതായാലും രണ്ടും ചേർന്നതായാലും സാമൂഹ്യവ്യവസ്ഥയിലെ മാറ്റങ്ങളാണ് പരിഹാരം. പ്രത്യേക വിദ്യാഭ്യാസ പരിപാടികളിലൂടെ ഒരു പരിധി വരെ ഇതിനെ മറികടക്കാനും കഴിയും. പൂർണമായും ജനിതകമാണെങ്കിൽ ഇതു രണ്ടു കൊണ്ടും പ്രയോജനമില്ല.  ഇതിനു പുറമേ, IQ എന്തിനെയാണ് അളക്കുന്നത് എന്നതിനെ കുറിച്ചും സംശയമുണ്ടായിരുന്നു. ബുദ്ധിശക്തി എന്നത് പല മാനങ്ങൾ ഉള്ളതാണെന്നും അതു കൃത്യമായി അളക്കാൻ പറ്റുന്നതല്ല എന്നും അത് ലളിതമായ ജനിതക നിയമങ്ങൾക്കു വഴങ്ങുന്ന ഒരു ഗുണം അല്ല എന്നുമായിരുന്നു മിക്കവരും കരുതിയിരുന്നത്. എന്നാൽ IQ സ്കോർ ഒരു പൊതു ബുദ്ധിയെ അളക്കുന്നുവെന്ന് ചാൾസ് സ്പിയർമാനെപ്പോലുള്ളവർ കോറിലേഷൻ കണക്കുകൾ, ഫാക്ടോറിയൽ അനാലിസിസ് എന്നീ സാംഖ്യശാസ്ത്ര രീതികൾ ഉപയോഗിച്ചു വാദിച്ചു. സ്പിയർമാൻ അതിന് ‘ജി ഫാക്ടർ’ (G factor) എന്നൊരു പേരും നൽകി. പിന്നിടങ്ങോട്ട് ജി-ഫാക്ടർ ജനിതകമായി നിശ്ചയിക്കപ്പെടുന്ന, പൊതുവിലുള്ള ബുദ്ധി നിർണ്ണയിക്കുന്ന എന്തോ ഒരു സാധനമായി കരുതിപ്പോന്നു. മനശ്ശാസ്ത്രജ്ഞരുടെ കണക്കുകളിലുള്ള ഈ ജി-ഫാക്ടർ എന്തെന്ന് ജീവശാസ്ത്രജ്ഞർക്ക് ഒരു പിടിയുമുണ്ടായിരുന്നില്ല.

ആൽഫ്രഡ് ബിനെ (1857 – 1911)| ചിത്രത്തിന് വിക്കിമീഡിയയോട് കടപ്പാട്

ജി-ഫാക്ടർ പ്രകാരമുള്ള ബുദ്ധിശക്തി 80% ജനിതകമാണെന്ന്  ജനിതക-IQ-വാദികൾ വാദിച്ചു. ഇതിനായി അവർ പ്രധാനമായും കൂട്ടു പിടിച്ചത് സർ സിറിൽ ബർട്ട് എന്ന പ്രസിദ്ധ മനശാസ്ത്രജ്ഞന്റെ പഠനങ്ങളെ ആയിരുന്നു.  ജനിച്ച ഉടൻ വേർപ്പെടുത്തി വളർത്തപ്പെട്ട അനന്യ ഇരട്ട സഹോദരങ്ങളെ പഠിച്ച് അദ്ദേഹംഅവരുടെ IQ തിട്ടപ്പെടുത്തി. ഇവരുടെ IQവിൽ കാര്യമായ വ്യത്യാസം ഉണ്ടെങ്കിൽ ജനിതകബാഹ്യഘടകങ്ങളാണ് IQ നിർണയിക്കുന്നതിൽ പ്രധാനം എന്നു അനുമാനിക്കാമായിരുന്നു. എന്നാൽ, ബർട്ടിന്റെ പഠനങ്ങൾ പ്രകാരം വേറിട്ടു വളർത്തിയിട്ടും ഇരട്ടകളുടെ IQ സമാനമായിരുന്നു.  ബർട്ടിന്റെ പഠനങ്ങൾ ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കി. ബ്രിട്ടനിൽ ബാർട്ടിന്റെ നിർദേശപ്രകാരം 11 വയസ്സിൽ ഒരു ടെസ്റ്റ് നടത്തി കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യരും അല്ലാത്തവരുമായി തരം തിരിക്കുന്ന നയം നടപ്പിലായി. അമേരിക്കയിൽ ആഫ്രിക്കൻ വംശജർക്കും മറ്റുമുള്ള പ്രത്യേക പരിപാടികൾ ഉപേക്ഷിക്കണമെന്ന നിർദേശങ്ങൾ ഉയർന്നു.
എന്നാൽ ബർട്ടിന്റെ മരണശേഷം ലിയോൺ കാമിൻ എന്ന മനശ്ശാസ്ത്രജ്ഞൻ അദേഹത്തിന്റെ പേപ്പറുകൾ പുനഃപരിശോധിച്ചു. അവയിൽ പലതും വ്യാജമാണെന്നതിന് കാമിൻ തെളിവുകൾ കണ്ടെത്തി. പിന്നീട് ബർട്ടിന്റെ ജീവിതകഥ എഴുതാനായി നിയോഗിക്കപ്പെട്ട ഹേൺഷോ എന്ന പത്രപവർത്തകൻ, ബർട്ട് അടിമുടി കള്ളമാണ് കാണിച്ചതെന്നു വ്യക്തമാക്കി. പേപ്പറുകളിലെ സഹപ്രവർത്തകർ പോലും വ്യാജമായിരുന്നു! ജൻസനും കൂട്ടരും ബർട്ടിന്റെ പഠനങ്ങൾ ഉപയോഗിച്ച് കെട്ടിപ്പൊക്കിയ വംശവും ബുദ്ധിശക്തിയും തമ്മിലെ ബന്ധത്തെ പറ്റിയുള്ള തിയറികൾ ചീട്ടു കൊട്ടാരം പോലെ നിലം പതിച്ചു.  ബർട്ടിന്റെ വയസ്സുകാലത്ത് ചില അബദ്ധങ്ങൾ പറ്റിയതാണെന്നും ആദ്യകാലങ്ങളിലെ പഠനങ്ങൾ ശരിയായിരുന്നു എന്നും വാദിക്കുന്ന ചിലർ ഇപ്പോഴുമുണ്ട്. എന്നാൽ വ്യക്തമായ വലതുപക്ഷ രാഷ്ട്രീയ അജൻഡ വെച്ച് ആയിരക്കണക്കിന് 11 വയസ്സുകാരുടെ പല സാധ്യതകളുമടങ്ങിയ ഭാവി ഇല്ലാതാക്കിയ ബർട്ടിന് ശാസ്ത്രമോ ചരിത്രമോ മാപ്പ് കൊടുക്കുമെന്ന് തോന്നുന്നില്ല.
വംശീയമായ IQ വ്യത്യാസങ്ങൾ  വിവിധ വംശങ്ങൾ തമ്മിൽ ബുദ്ധിശക്തിയിലുള്ള ജനിതക വ്യത്യാസങ്ങൾ കാരണമാണെന്നു വാദിക്കുന്നവർ മറന്നു പോയ ലളിതമായ ഒരു ബയോളജി തത്വമുണ്ട്. ഗ്രൂപ്പുകൾക്കകത്തുള്ള ജനിതക വ്യത്യാസവും ഗ്രൂപ്പുകൾ തമ്മിലുള്ള ജനിതക വ്യത്യാസവും ഒരേ പോലെയല്ല എന്നതാണത്. പൊക്കം ശക്തമായ ജനിതക സ്വാധീനമുള്ള ഒരു ഗുണമാണ്. ജനിതകപരമായി തന്നെ ഏതു ഗ്രൂപ്പിലും വ്യക്തികൾ തമ്മിൽ പൊക്കത്തിൽ ഏറ്റക്കുറച്ചിലുകൾ കാണാം. ഇതിനർത്ഥം രണ്ടു ഗ്രൂപ്പുകൾ തമ്മിലുള്ള ശരാശരിയിലുള്ള വ്യത്യാസം ജനിതക കാരണം കൊണ്ടായിരിക്കണം എന്നല്ല. അതു സാമ്പത്തിക സ്ഥിതി, ഭക്ഷണം എന്നിവയൊക്കെ ആശ്രയിച്ചാണിരിക്കുക. അൻപതു വർഷം മുൻപ് ഇന്ത്യയിൽ ഏറ്റവും കുറവ് പൊക്കം ഉള്ള സംസ്ഥാനങ്ങളിലൊന്നായിരുന്നു കേരളം. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതോടെ ഇന്ന് നമ്മുടെ സ്ഥാനം പഞ്ചാബിന്റെ കൂടെ ഏറ്റവും മുകളിലാണ്.

ഫ്ലിൻ പ്രഭാവം

IQ വിന്റെ കാര്യത്തിലും കഴിഞ്ഞ ഏതാനും ദശകങ്ങളായി അമേരിക്കയിൽ കറുത്തവരും വെളുത്തവരും തമ്മിലുള്ള സ്കോറിലെ അന്തരം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. മാത്രമല്ല, ജേംസ് ഫ്ളിൻ നടത്തിയ പഠനങ്ങളിൽ 1930 കൾ മുതൽ ഇന്നു വരെ എല്ലാ രാജ്യങ്ങളിലും ശരാശരി IQ നിരന്തരം കൂടിക്കൊണ്ടിരിക്കുന്നു. IQ എന്നത് ജനിതകമായി മാറ്റമില്ലാതെ നില നിൽക്കുന്ന ഒന്നല്ല എന്നും സാമൂഹ്യ സാമ്പത്തിക ഘടകങ്ങൾ, വിദ്യാഭ്യാസം എന്നിവയൊക്കെ അനുസരിച്ച് അത് മാറുന്നതാണ് എന്നും വിളിച്ചോതുന്നതാണ് ‘ഫ്ളിൻ പ്രഭാവം’ എന്നു വിളിക്കുന്ന ഈ പ്രതിഭാസം.
നമ്മുടെ രാജ്യത്തിൽ ജാതിയുടെ കാര്യത്തിലും മേൽ പറഞ്ഞതെല്ലാം ബാധകമാണ്. ചില പഠനങ്ങളിൽ ശരാശരി IQ സ്കോറുകളിൽ വ്യത്യാസമുണ്ടാവാമെങ്കിലും, അതിന് ജനിതക ഗുണ-ദോഷങ്ങൾ അന്വേഷിച്ച് പോകേണ്ടതില്ല. യാഥാർത്ഥ്യം ഇതാണെങ്കിലും ജാതിബോധം അതിശക്തമായി മനസ്സിൽ പതിച്ചിരിക്കുന്ന സമൂഹമാണ് നമ്മുടേത്. ജാതിബോധത്തിന്റെ അടിത്തറ സവർണർ തങ്ങൾ കൂടുതൽ ബുദ്ധിയും കഴിവുകളും ഉള്ളവരാണെന്നു ചിന്തിക്കുന്നതാണ്. സംവരണവിരുദ്ധത ഈ ജാതിബോധത്തിന്റെ മറ്റൊരു വശമാണ്. “അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ” എന്നും “എത്ര പണം ചെലവാക്കിയാലും അവരൊന്നും നന്നാവില്ല” എന്നുമൊക്കെ പറയിപ്പിക്കുന്നത്  ഈ  ജാതിബോധമാണ്. വിവിധ വിഭാഗങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ മാറണമെങ്കിൽ എല്ലാവർക്കും അയൽപക്ക സ്കൂളുകൾ പോലുള്ള പൊതു സംവിധാനങ്ങളിലൂടെ ഒരേ വിദ്യാഭ്യാസം നൽകുക എന്നതു പോലുള്ള നടപടികൾ വേണം. നമ്മുടെ സംവരണവിരുദ്ധർ ഒരിക്കലും ഇത്തരം പരിഷ്കാരങ്ങൾക്കു വേണ്ടി വാദിക്കുന്നില്ല എന്നതു ശ്രദ്ധേയമാണ്.

ചിത്രം The gospel of slavery : a primer of freedom (1864) എന്ന പുസ്തകത്തിലേത്

ജാതി തിരിച്ചുള്ള ജിനോമിക പഠനങ്ങൾ ഈയിടെയായി അരങ്ങേറുന്നുണ്ട്. ഭൂമിയിലെ എല്ലാ മനുഷ്യ വിഭാഗങ്ങളിലുമെന്ന പോലെ എല്ലാ ജാതിയിലും പെട്ടവർക്ക് ഒരേ ജീനുകൾ ആണുള്ളത്. അവയുടെ വ്യത്യസ്ത രൂപങ്ങൾ തമ്മിലുള്ള അനുപാതങ്ങളിൽ വ്യത്യാസമുണ്ടാവാം. ഇവ പഠിക്കുന്നത് കൊണ്ട് വിവിധ സമൂഹങ്ങളുടെ പൗരാണിക ചരിത്രവും കുടിയേറ്റ പാതകളുമൊക്കെ മനസ്സിലാക്കാൻ സഹായകമായേക്കാം. എന്നാൽ വിവിധ വിഭാഗങ്ങളുടെ കഴിവുകൾ പഠിക്കുന്ന കപടശാസ്ത്രത്തിലേക്ക് ഇതു വഴുതി വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ബുദ്ധിശക്തിയുടെ പാരമ്പര്യം മെൻഡലിന്റെ പയർ ചെടികളിലെ രണ്ടോ മൂന്നോ ഗുണങ്ങളുടെ കൈമാറ്റം പോലെ ലളിതമല്ല. ബുദ്ധിയെന്നത് ഒരൊറ്റ കഴിവല്ല; മറിച്ച് പല പല വ്യത്യസ്ത കഴിവുകളാണ് (വായിക്കുക, കണക്കു കൂട്ടുക, സംഗീതം ആസ്വദിക്കുക, കാഴ്ച-സ്ഥല തിരിച്ചറിവ് തുടങ്ങിയവ) എന്ന് ഇന്ന് പരക്കെ അംഗീകരിക്കപ്പെടുന്നു. അവ ഒരോന്നിനും പല പല ക്രോമോസോമുകളിലായി നൂറു കണക്കിന് ജീനുകളും അവയുടെ പാരിസ്ഥിതിക ഘടകങ്ങളുമായുള്ള പ്രതിപ്രവർത്തനങ്ങളും ഒക്കെ ചേർന്ന് സ്ഥിതി അതീവ സങ്കീർണമാക്കുന്നു.  ഇവയെ എല്ലാം കോർത്തിണക്കി, മെൻഡലിന്റെ നിയമങ്ങൾ പ്രകാരം കൈമാറ്റം ചെയ്യപ്പെടുന്ന ഒരു ‘പൊതുബുദ്ധി’ (ജി ഫാക്ടർ) എന്നത് ബയോളജിയിലെ സാമാന്യ സങ്കൽപ്പങ്ങൾക്ക് നിരക്കുന്നതല്ല. ഏറ്റവും ആധുനികമായ ജിനോമിക പഠനങ്ങളിൽ (G-was studies) ബുദ്ധിശക്തിയുമായി ശക്തമായ ബന്ധങ്ങളുള്ള ജീനുകളൊന്നും കണ്ടെത്തിയില്ല എന്നതും യാദൃഛികമല്ല.
മോർട്ടനും പോൾ ബ്രോക്കയും നടത്തിയ പഠനങ്ങളിൽ സ്ത്രീകളുടെ തലച്ചോർ പുരുഷന്മാരുടേതിനേക്കാൾ ചെറിയതായിരുന്നു എന്നത് സ്ത്രീകളുടെ ബൗദ്ധികമായ താഴ്ചയുടെ പ്രതിഫലനം മാത്രമായാണവർ കണ്ടത്. ശരീരവലിപ്പത്തിന്റെ അനുപാതമായി ഇതിനെ കാണുന്നതിൽ നിന്ന് അവരെ വിലക്കിയത് അവരുടെ പുരുഷകേന്ദ്രീകൃത ചിന്ത ആയിരുന്നു എന്ന് ഇന്നു നാം മനസ്സിലാക്കുന്നു. സ്ത്രീകളുടെ തലച്ചോർ ചെറുതായതു കൊണ്ട് അവർക്ക് ബുദ്ധി കുറവാണെന്ന വാദം അവർക്ക് വോട്ട് നിഷേധിക്കുന്നതിനായി ഉപയോഗിച്ചു എന്നത് ഇന്നു നമുക്ക് വിചിത്രമായി തോന്നാം.
IQ ടെസ്റ്റുകളുടെ വരവോടെ സ്കോറുകളിൽ വ്യത്യാസമില്ലെന്നും അതു കൊണ്ട്  ബുദ്ധിശക്തിയിൽ ആൺ-പെൺ വ്യത്യാസങ്ങൾ  ഇല്ലെന്നുമുള്ള വാദം അംഗീകരിക്കേണ്ടി വന്നു. പക്ഷെ, ആണുങ്ങളിൽ വ്യതിയാനം കൂടുതൽ ആണെന്നും (താഴെയും മുകളിലും കൂടുതൽ പേർ) അതു കൊണ്ടാണ് നോബൽ സമ്മാന ജേതാക്കളിലും ചെസ്സ് ഗ്രാൻഡ്മാസ്റ്റർമാരിലും കൂടുതൽ പുരുഷന്മാർ എന്നായി അടുത്ത വാദം. സ്ത്രീകളേക്കാൾ കൂടുതൽ, (എത്രയോ കൂടുതൽ) പുരുഷന്മാർ ചെസ്സ് കളിക്കുന്നു എന്നും ഇരുവരുടേയും സ്കോറുകളിലുള്ള വ്യത്യാസങ്ങൾ കുറഞ്ഞു വരികയാണെന്നുമൊക്കെ കാണാതെയാണ് ഈ വാദങ്ങളെല്ലാം നിരത്തുന്നത്.


IQ തമ്മിൽ വ്യത്യാസമില്ലെന്നു വന്നപ്പോൾ അതിൽ ഉൾപ്പെട്ടിട്ടുള്ള വിവിധ ഇനങ്ങൾ തമ്മിൽ ആയി താരതമ്യം. കാഴ്ചയും സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിലും (Visual spatial problem solving), കണക്കിലും ആൺകുട്ടികളും ഭാഷയിൽ പെൺകുട്ടികളും ആണ് മികവു കാട്ടുന്നതെന്നായി അടുത്ത കണ്ടുപിടുത്തം. അതു കൊണ്ടാണത്രെ പുരുഷന്മാർ നല്ല റോക്കറ്റ് സയന്റിസ്റ്റും സ്ത്രീകൾ നല്ല സ്റ്റെനോഗ്രാഫറും ആവുന്നത്! വളരെ ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ ആൺകുട്ടിക്ക് മെക്കാനൊ സെറ്റും പെൺകുട്ടിക്ക് വർത്തമാനം പറയാൻ പാവയും കൊടുക്കുന്നതും ഇതുമായി ബന്ധമൊന്നും ഇക്കൂട്ടർ കാണുന്നതേയില്ല. മാത്രമല്ല, ആദ്യ പഠനങ്ങളിൽ നിന്ന് വ്യത്യസ്തമായി കാഴ്ച-സ്ഥല പ്രശ്ന പരിഹാരത്തിൽ യഥാർത്ഥ ഏറ്റക്കുറച്ചിലുകൾ ഉണ്ടോ എന്നതും അവ ജനിതകമാണോ എന്നതുമൊക്കെ ചോദ്യം ചെയ്യപ്പെടുന്നു.
സ്ത്രീകളുടെ കാര്യത്തിൽ നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്ന ഗോൾപോസ്റ്റുകളാണ് വലിയ പ്രശ്നം. തലച്ചോർ വലുപ്പവും IQ വുമൊക്കെ കഴിഞ്ഞപ്പോൾ ഇപ്പോൾ അവർ നേരിടേണ്ടത് പുതിയൊരു കൂട്ടരെയാണ്. പരിണാമിക മനശാസ്ത്രജ്ഞർ (Evolutionary psychologists) എന്നാണ് ഇവർ അറിയപ്പെടുന്നത്. പൊതുവിൽ ഇവർ പറയുന്നത് മനുഷ്യന്റെ വികാരങ്ങളും, ചേഷ്ടകളും, സ്വഭാവഗുണങ്ങളും പെരുമാറ്റവുമൊക്കെ ജനിതകമായി കൈമാറ്റം ചെയ്യുന്നവയാണെന്നും അവ പ്രത്യേക ആവശ്യങ്ങൾക്കായി പ്ളിസ്റ്റോസീൻ യുഗത്തിൽ (മനുഷ്യ വംശത്തിന്റെ ആദ്യ നാളുകളിൽ) പ്രകൃതിയാൽ തെരഞ്ഞെടുക്കപ്പെട്ടതാണെന്നുമാണ്. അവ ഇന്നും മാറ്റമില്ലാതെ തുടരുന്നു. അക്രമസ്വഭാവവും, പരസ്പരസഹായവും, അസൂയയും, സ്വവർഗ്ഗാനുരാഗവും, എന്തിനു പറയുന്നു ബലാൽസംഗം പോലും ഇവർ പ്ളീസ്റ്റോസീനിൽ തെരഞ്ഞെടുക്കപ്പെട്ട ജീനുകൾ മൂലമാണെന്നു പറയും. എങ്ങനെ ഇതുണ്ടായി എന്നു വിശദീകരിക്കുന്ന കഥകൾ മെനഞ്ഞെടുക്കുന്നതിലാണ്  പരിണാമിക മനശാസ്ത്രജ്ഞരുടെ  മിടുക്ക്. ഇതൊന്നും പരീക്ഷണവിധേയമല്ല എന്നും അതു കൊണ്ടു തന്നെ സയൻസ് അല്ല എന്നും വാദിക്കുന്ന ജീവശാസ്ത്രജ്ഞർ ഉണ്ട്. ഇതൊക്കെയാണെങ്കിലും ചില യുക്തിവാദികളിൽ അടക്കം ഈ മനശ്ശാസ്ത്രജ്ഞരുടെ കഥകൾക്ക് ആരാധകർ ഏറെയാണ്.
വേട്ട-സംഭരണ (Hunter-gatherer) സമൂഹങ്ങളിൽ പുരുഷൻ വേട്ടയ്ക്കു പോവുകയും സ്ത്രീ ഗുഹയിലിരുന്ന് കുട്ടികളെ നോക്കുകയും ചെയ്തതു വഴി വന്ന വ്യത്യസ്തതകൾ ആണ് ഇപ്പോഴുമുള്ളതെന്നും അതു കൊണ്ടാണ് പുരുഷന് കാഴ്ച-സ്ഥല പ്രശ്നപരിഹാരത്തിനു കഴിവും സ്ത്രീകൾക്ക് ഭാഷാ പ്രാവീണ്യവും (കുട്ടികളെ സംസാരിക്കാൻ പഠിപ്പിക്കൽ ?) കൈവന്നതെന്നും ആണിവർ പറയുന്നത്. അതു കൊണ്ടു തന്നെയാണത്രെ പുരുഷന്മാർ കൂടുതൽ കമ്പനി ഡയറക്ടർമാരും മാനേജർമാരുമൊക്കെയായി ഇപ്പോഴും യുദ്ധം ചെയ്തു കൊണ്ടിരിക്കുന്നതും സ്ത്രീകൾ നഴ്സറി സ്കൂൾ ടീച്ചർമാരായി ഇരിക്കുന്നതും. ജനിതക അനുരൂപകമായി ടെസ്റ്റോസ്റ്റീറോൺ എന്ന ഹോർമോണിന്റെ ഏറ്റക്കുറച്ചിലുകൾ ആണത്രേ ഇതിനെല്ലാം കാരണം.
ഇതു കൂടാതെ പുരുഷൻ എപ്പോഴും കൂടുതൽ ഇണകളെ തേടുമെന്നും സ്ത്രീ ഒരു പുരുഷനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഇതും പരിണാമത്തിൽ തെരഞ്ഞെടുത്താണെന്നും പറയുന്നു. ഇതിനൊന്നും കൃത്യമായ തെളിവുകൾ ഇല്ലെന്നത് ഒരു കാര്യം. മറ്റൊന്ന്, തെരഞ്ഞെടുക്കൽ എല്ലാം ജനിതകപരമായിക്കൊള്ളണമെന്നില്ല എന്നതാണ്. സാംസ്കാരികമായ തെരഞ്ഞെടുപ്പുകൾ ഇക്കൂട്ടർ പരിഗണിക്കുന്നേയില്ല. ഒരു സമൂഹത്തിൽ നല്ല സ്ത്രീ ഇങ്ങനെയായിരിക്കണം എന്ന് ഇതിഹാസങ്ങളിലൂടെയും മറ്റും നിരന്തരം പറഞ്ഞുകൊണ്ടിരുന്നാൽ സ്ത്രീകൾ അതു പോലെ പ്രവർത്തിക്കുമെന്നതും സംഭാവ്യമല്ലേ? അടക്കവും ഒതുക്കവും നിരന്തരം പരിശീലിപ്പിക്കപ്പെട്ട പെൺകുട്ടികൾ കാഴ്ച-സ്ഥല ടെസ്റ്റുകളിൽ ഉയർന്ന സ്കോർ നേടിയില്ലെങ്കിൽ എന്തിന് അത്ഭുതപ്പെടണം? പാതിവ്രത്യം ഏറ്റവും വലിയ ഗുണമായി ഉദ്ഘോഷിക്കുന്ന ഒരു സമൂഹത്തിൽ സ്ത്രീ ഒരു പുരുഷനിൽ മാത്രം ഒതുങ്ങി ജീവിക്കുന്നത് സ്വാഭാവികമല്ലേ?

സ്പാൻഡ്രൽ ചിത്രം geograph.org.ukയിൽ നിന്ന്

CT, MRI സ്കാനുകൾ ഒക്കെ വന്നതിനു ശേഷം തലച്ചോറിന്റെ ഘടനയിൽ സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസങ്ങൾ പഠിക്കാനായി ശ്രമം. ‘സ്ത്രീ തലച്ചോർ’, ‘പുരുഷ തലച്ചോർ’ എന്നിങ്ങനെ രണ്ടായി തരം തിരിക്കുന്ന പഠനങ്ങളും ആദ്യമൊക്കെ പ്രത്യക്ഷപ്പെട്ടു. എന്നാൽ തലച്ചോറിൽ ആരോപിക്കപ്പെട്ട സ്ത്രീത്വവും പുരുഷത്വവും രണ്ടു കൂട്ടരിലും ഉണ്ട് എന്നും ഘടനാപരമായി തരം തിരിക്കാനാവില്ല എന്നുമാണ് പിന്നീടുള്ള പഠനങ്ങൾ വ്യക്തമാക്കിയത്.
സാമൂഹ്യ പാരിസ്ഥിതിക ഘടകങ്ങളേയും സാംസാരിക പാരമ്പര്യത്തേയും കുറച്ചു കണ്ടു കൊണ്ട് എന്തിനും പ്രകൃതിനിർധാരണം വഴി തെരഞ്ഞെടുക്കപ്പെട്ട ജീനുകൾ മാത്രം കാരണം എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നതാണ് ജൈവ-നിർണയതാ വാദികളുടേയും (Biological determinists) പരിണാമിക മനശാസ്ത്രജ്ഞരുടേയുമൊക്കെ ദൗർബല്യം.
പരിണാമത്തിൽ ഒരു പ്രശ്നം പരിഹരിക്കാനായി തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഗുണത്തോടൊപ്പം പ്രത്യേകമായി തെരഞ്ഞെടുക്കാത്ത മറ്റു ഗുണങ്ങളും ഉണ്ടായി വരാം. പണ്ടത്തെ പള്ളികളിൽ ആർച്ച് പണിയുമ്പോൾ അതിനിടയിലെ വിടവുകളും ഉണ്ടാവുന്നു. സ്പാൻഡ്രലുകൾ (Spandrels) എന്നാണ് അവയെ പറയുക. പരിണാമപ്രക്രിയയിൽ ഇതു പോലുള്ള അനേകം സ്പാൻഡ്രലുകൾ ഉണ്ടാകാമെന്നും തലച്ചോറിലാണ് അവ ഏറ്റവും കൂടുതൽ കാണപ്പെടുകയെന്നും സ്റ്റീഫൻ ജെ ഗൂൾഡ് പറയുന്നു. മനുഷ്യമസ്തിഷ്കം പ്രകൃതിയിലെ ഒരു അത്ഭുതമാണ്. കൈകൾ സ്വതന്ത്രമായി ഉപകരണങ്ങൾ പ്രയോഗിക്കാൻ തുടങ്ങിയതു മുതൽ തലച്ചോറിന്റെ ചില ഭാഗങ്ങൾ വികസിക്കുന്നത് തെരഞ്ഞെടുക്കൽ പ്രക്രിയക്കു വിധേയമായി. എന്നാൽ ആ ഭാഗങ്ങൾ മാത്രമല്ല തലച്ചോർ ഒന്നടങ്കം വലുതാവുകയാണുണ്ടായത്. ഇതു മനുഷ്യനെ നിരവധി സങ്കീർണമായ കഴിവുകൾ നേടുന്നതിലേക്കു നയിച്ചു. മൽഹാർ രാഗവും ഇമ്പ്രഷനിസ്റ്റ് പെയിന്റിങ്ങുകളും ഒക്കെ അങ്ങിനെ ഉണ്ടായതാണ്. അവ മിക്കതും സ്പാൻഡ്രലുകൾ ആയി  ആവിർഭവിച്ചതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. .

ചുരുക്കത്തിൽ നമുക്ക് പരിമിതികളേക്കാൾ കഴിവുകളാണ് കൂടുതൽ. എല്ലാ മനുഷ്യർക്കും എന്തെങ്കിലും കഴിവുകളുണ്ടായിരിക്കും. ഒരോരുത്തർക്കും ഉള്ള കഴിവുകൾ കണ്ടെത്തി അവ പരിപോഷിക്കുകയാണ് നാം ചെയ്യേണ്ടത്. പരിമിതികൾ തേടിപ്പിടിച്ച്, അതിനു ശിക്ഷിക്കുകയല്ല.


തെരഞ്ഞെടുത്ത വായന:

  • Jensen A R. How much can we boost IQ and scholastic achievement? Harvard Educ. Rev. 39:1-123,1969.
  • Herrnstein, R. J., & Murray, C. A. (1996). The bell curve: Intelligence and class structure in American life. New York: Simon & Schuster.
  • Gould, S. J. (1996). The mismeasure of man. New York: Norton.
  • Cordelia Fine. Testosterone Rex: Myths of Sex, Science, and Society.  W. W. Norton (2017) ISBN: 9780393082081.
  • Dhruv Marwha, Meha Halari, Lise Eliot. Meta-analysis reveals a lack of sexual dimorphism in human amygdala volume. NeuroImage, 2017; 147: 282
  • Hoffman M, Gneezy U, List JA. Nurture affects gender differences in spatial abilities. Proc Natl Acad Sci U S A. 2011;108(36):14786-8.
  • Joel D. Male or Female? Brains are Intersex. Front Integr Neurosci. 2011;5:57.
  • Joel D, Berman Z, Tavor I et al. Sex beyond the genitalia: The human brain mosaic. Proc Natl Acad Sci U S A. 2015;112(50):15468-73.
Happy
Happy
75 %
Sad
Sad
25 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “അസമത്വത്തിന്റെ കപടശാസ്ത്രങ്ങൾ

Leave a Reply

Previous post പ്ലാസ്റ്റിക് കയർ കൊണ്ട്‌ വെള്ളം കോരിയാൽ വൃക്ക തകരാറാകുമോ?
Next post ജിൻകോയുടെ അതിജീവനം
Close