കോവിഡാനന്തര വെല്ലുവിളികളും സാധ്യതകളും: മൃഗസംരക്ഷണ മേഖലയിൽ

ഡോ: സീന റ്റി.എക്സ്
അസി. പ്രൊഫസർ കന്നുകാലി പ്രജനന കേന്ദ്രം തുമ്പൂർമുഴി

ആധുനിക കാലഘട്ടത്തിൽ വർദ്ധിച്ചു വരുന്ന ജനസംഖ്യ, നഗരവൽക്കരണം, ജീവിത ശൈലിയിലുള്ള മാറ്റങ്ങൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ കാരണങ്ങളാൽ ഞെരുക്കപ്പെടുന്ന മൃഗസംരക്ഷണ മേഖലയുടെ വളർച്ച, ഇന്ന് കോവിഡ്- 19 ൻ്റെ രണ്ടാം വരവോടു കൂടി കൂടുതൽ മന്ദീഭവിക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിലെ 25 ശതമാനത്തോളം വരുന്ന ചെറുകിട-ഇടത്തരം കർഷക കുടുംബങ്ങളുടേയും പ്രധാന ഉപജീവന മാർഗ്ഗം കാലിവളർത്തലാണ്. സാർസ് – കോവ് – 2 വൈറസ്സുകളുണ്ടാക്കുന്ന കോവിഡ് – 19 ലോകമെമ്പാടും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തിൽ മൃഗസംരക്ഷണ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളും, അവയുടെ പരിഹാരമാർഗ്ഗങ്ങളും നൂതന സാധ്യതകളെക്കുറിച്ചും അറിയുകയും ഭാവിയിലേക്ക് അവ പ്രയോജനപ്പെടുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

മൃഗസംരക്ഷണ മേഖല അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് കോവിഡ്- 19 മനുഷ്യരിൽ നിന്നും മറ്റു മൃഗങ്ങളിലേക്ക് പകരാനുള്ള സാധ്യത  (Reverse zoonosis). കോടിക്കണക്കിന് മനുഷ്യരിലേക്ക് പകരാൻ കഴിവുളള കൊറോണ വൈറസ്സുകൾ വന്യ ജീവി സങ്കേതങ്ങളിൽ നിന്നാണ് മനുഷ്യരിലേക്ക് എത്തിയിട്ടുള്ളത്. ഇതു പോലെ തിരിച്ചും മനുഷ്യരിൽ നിന്നും കന്നുകാലികൾ ഉൾപ്പെടെയുള്ള  വളർത്തുമൃഗങ്ങളിലേക്കും, വന്യ ജീവികളിലേക്കും പകരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. വിരലിലെണ്ണാവുന്നതെങ്കിലും, നായ്, പൂച്ച, കടുവ തുടങ്ങിയ മൃഗങ്ങളിലേക്ക് രോഗവ്യാപനം നാം കാണുകയും ചെയ്തു കഴിഞ്ഞു. അഥവാ ഇങ്ങനെ ഒരു സാഹചര്യമുണ്ടായാൽ  അത് നമ്മുടെ സാമൂഹിക- സാമ്പത്തിക- ആരോഗ്യ മേഖലകളെ തച്ചുടയ്ക്കുമെന്നുള്ളത് തീർച്ചയാണ്. മാത്രവുമല്ല, നമ്മുടെ ഭക്ഷ്യ വ്യവസ്ഥയെ തകർക്കുകയും കനത്ത പാരിസ്ഥിതിക അസംതുലിതാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യും.

തൊഴിൽ നഷ്ട്ടപ്പെട്ട പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക് തിരിച്ചു വരുന്നതും, തൊഴിലില്ലായ്മ രൂക്ഷമാകുന്നതിന്റെയും ഫലമായി  കൂടുതൽ പേർ കന്നുകാലി വളർത്തലിലേക്കു തിരിഞ്ഞിരിക്കുന്നതും വെല്ലുവിളിയുയർത്തുന്നു. ഇന്ത്യയിലെ 40.4% കൃഷിക്കാരും കൃഷിയെക്കുറിച്ച് ബോധവാൻമാരാകുമ്പോൾ, മൃഗപരിപാലകരിൽ 5.1 ശതമാനത്തിനു മാത്രമേ, മേഖലയിലെ പുത്തൻ പരിപാലനമുറകളെക്കുറിച്ചും സാങ്കേതിക വിദ്യകളെക്കുറിച്ചും അറിവുള്ളൂ എന്നതാണ് യാഥാർത്ഥ്യം.

മൃഗങ്ങളിലെ കുളമ്പുരോഗം, അടപ്പൻ, കുരലടപ്പൻ തുടങ്ങിയ രോഗങ്ങളുടെ വ്യാപനം,  സമയാസമയങ്ങളിൽ പ്രതിരോധ കുത്തിവയ്പ്പും, വിരമരുന്ന് നൽകുന്നതിലുമുള്ള തടസ്സങ്ങൾ തുടങ്ങിയവ സാമ്പത്തിക രംഗത്തും വെല്ലുവിളികളുണ്ടാക്കുന്നു. അതോടൊപ്പം, വ്യാപകമായിക്കൊണ്ടിരിക്കുന്ന കോവിഡ് – 19,  ജന്തുജന്യ രോഗങ്ങൾ അതിൻ്റെ ഉറവിടത്തിൽത്തന്നെ നിയന്ത്രിക്കേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു.

വെറ്ററിനറി ആരോഗ്യപരിപാലന രംഗത്തെ (65000 സ്ഥാപനങ്ങൾ )  അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളും, പൊതുജനാരോഗ്യ മേഖലയുമായി (1.9 ലക്ഷം സ്ഥാപനങ്ങൾ ) തുലനം ചെയ്യുമ്പോൾ വളരെ തുച്ഛമാണ്. ഏകാരോഗ്യമെന്ന ആശയത്തെ മുൻനിർത്തിക്കൊണ്ട് ഇത്തരത്തിലുള്ള സംവിധാനങ്ങൾ വിപുലപ്പെടുത്തേണ്ടിയിരിക്കുന്നു. ഇന്ത്യയുടെ പൊതു ചിലവിന്റെ 12% ഉം, കാർഷിക മേഖലയിലെ ചെലവിൻ്റെ 4-5 % ഉം മാത്രമാണ് മൃഗസംരക്ഷണ മേഖലയിൽ ലഭിക്കുന്നത്. കൂടാതെ, കോവിഡ് – I9 അതിജീവിക്കാനുള്ള  ഫണ്ടുകൾ, സബ്സിഡികൾ, ബാങ്ക് വായ്പകൾ എന്നിവയും വളരെ അപര്യാപ്തമാണ്.

ഉൽപ്പാദനക്ഷമത കുറഞ്ഞ കന്നുകാലികളാണ് മറ്റൊരു പ്രധാന വെല്ലുവിളി. 187.7 മില്യൺ ടൺ (2018-19) പാലുൽപ്പാദനവുമായി ലോകത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോഴും, ഇന്ത്യൻ പശുക്കളുടെ ശരാശരി ഉൽപ്പാദനം 1172 കി.ഗ്രാം ആണ്. ഇത് ലോക ശരാശരിയുടെ 50 % മാത്രമാണെന്നതാണ് വസ്തുത. മാംസോൽപ്പാദനത്തിലും ഒട്ടുമിക്ക ഇനങ്ങളും ലോക ശരാശരിയേക്കാളും 20- 60% കുറവാണ്.

കാലി തീറ്റയുടെയും പുല്ലിന്റെയും ദൗർലഭ്യം

ഉണക്കപ്പുല്ല്, പച്ചപ്പുല്ല്, സാന്ദ്രീകൃതാഹാരം എന്നിവയുടെ ലഭ്യത യഥാക്രമം 10%, 35%, 33% എന്നിങ്ങനെ കുറഞ്ഞിരിക്കുകയാണ്. കർഷകർക്ക് ആവശ്യമുള്ള പുൽ വിത്തിന്റെ 25% അളവിൽ മാത്രമേ ലഭ്യമാകുന്നുള്ളൂ.  കൃഷിയോഗ്യമായ സ്ഥലത്തിൻ്റെ 4 % താഴെ മാത്രമേ പുൽകൃഷി ചെയ്യുന്നുള്ളൂ. 2025 ആകുന്നതോടെ ദേശീയ തലത്തിൽത്തന്നെ 65 % പച്ചപ്പുല്ലിന്റെയും 25% ഉണക്കപ്പുല്ലിൻ്റെയും ദൗർലഭ്യം നേരിടും എന്നുള്ളതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കർഷകരുടെ ആരോഗ്യം

2017-ലെ കാർഷിക കാനേഷുമാരി അനുസരിച്ച് 26% കർഷകരും 65 വയസ്സിനു മുകളിലുള്ളവരാണ്. കോവിഡ് ബാധ  60 വയസ്സിൽ കൂടുതൽ ഉള്ളവരിൽ മാരകമായതിനാൽ അത് നമ്മുടെ കാർഷിക വിഭാഗത്തെ പ്രതികൂലമായി ബാധിക്കും.

രാജ്യത്തെ മൊത്തം കന്നുകാലികളിൽ 6% ത്തിനു മാത്രമേ ഇൻഷുറൻസ് പരിരക്ഷയുളളൂ.  പാലിൻ്റെ ഗുണനിലവാരം നിലനിർത്തുക, ഫാം ജീവനക്കാർക്ക് ആവശ്യമുള്ള സാനിറ്റൈസർ  തുടങ്ങിയവ ലഭ്യമാക്കി അവരുടെ ആരോഗ്യം സംരക്ഷിക്കുക എന്നിവയും പ്രധാനപ്പെട്ടതാണ്. രോഗവ്യാപനം കൂടിയ പ്രദേശങ്ങളിൽ ജോലിക്കാരുടെ ലഭ്യതയും കുറവാണ്. കോവിഡ് 19 ൻ്റെ  ആദ്യ ഘട്ടത്തിൽ മൃഗങ്ങൾക്കുള്ള മരുന്നുകൾ ,തീറ്റ, മറ്റ് അവശ്യസാധനങ്ങൾ എന്നിവയുടെ ദൗർലഭ്യം, പാൽ വിറ്റഴിക്കുന്നതിലെ ബുദ്ധിമുട്ട് എന്നിവയുണ്ടാക്കിയ തലവേദന ചെറുതല്ലെന്ന് നാം ഓർക്കണം.

പാൽ വിപണിയിലെ തടസ്സങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുമുണ്ട്. കാലിത്തീറ്റ, മരുന്നുകൾ, ഫാം ഉപകരണങ്ങൾ , മറ്റ് സാധന സാമഗ്രികൾ എന്നിവയുടെയെല്ലാം വില ക്രമാതീതമായി വർദ്ധിക്കുകയുണ്ടായി. കാലാവസ്ഥ വ്യതിയാനവും ആഗോള താപനവും മൂലം രാജ്യമൊട്ടാകെ ഒരു വർഷം 1.8 മില്യൺ ടൺ പാലാണ് കുറവ് വരുന്നത്. അതായത്, ആകെ ഉൽപ്പാദനത്തിൻ്റെ 2% കുറവ്.

വിപണനം, സംസ്ക്കരണം, മൂല്യവർധിത ഉൽപ്പന്ന നിർമ്മാണം

ചെറുകിട- ഇടത്തരം കർഷകർ കൂടുതലുള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് അടിസ്ഥാന സൗകര്യ വികസനം, മൃഗോൽപ്പന്നങ്ങളുടെ സംസ്ക്കരണം, മൂല്യവർധിത ഉൽപ്പന്ന നിർമ്മാണം എന്നിവയെല്ലാം വളരെയധികം പ്രാധാന്യമർഹിക്കുന്നു. അസംഘടിത മാർക്കറ്റുകളും, കുറഞ്ഞ ലാഭവിഹിതവും, ഇടനിലക്കാരുമെല്ലാം ഉൽപ്പാദകരെ കുഴയ്ക്കുന്നു. ഇത്തരം വെല്ലുവിളികൾ കോവിഡ് കാലത്ത് വർദ്ധിക്കുകയും ചെയ്തിരിക്കുന്നു.

രാജ്യത്തെ 30% പ്രദേശങ്ങളിൽ മാത്രമാണ് ആവശ്യത്തിനുള്ള കൃത്രിമ ബീജാധാന സൗകര്യമുള്ളത്. ഉയർന്ന ഗുണനിലവാരമുള്ള ബീജത്തിൻ്റെ ലഭ്യതയും കുറവാണ്.

അന്തർദേശീയ വിപണിയിലുള്ള വെല്ലുവിളികൾ, കോവിഡ് അനുബന്ധ തൊഴിൽ വ്യവസ്ഥാ മാറ്റങ്ങൾ, തൊഴിൽ രംഗത്തെ അസംഘടിതാവസ്ഥ, ശാസ്ത്രീയ അറവുശാലകളുടെ അപര്യാപ്തത, കൃത്യമായ മാംസ പരിശോധനാ സൗകര്യമില്ലായ്മ, അജ്ഞത മൂലമുള്ള തെറ്റായ തീറ്റക്രമം, ധാതുലവണങ്ങൾ, ജീവകങ്ങൾ എന്നിവയുടെ അപര്യാപ്തത, പച്ചപ്പുല്ല് സംഭരിക്കുന്നതിനും സൈലേജ് ഉണ്ടാക്കുന്നതിലുമുള്ള വീഴ്ച, കാലിത്തീറ്റ നിർമ്മാണത്തിനുള്ള  അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യം, കാർഷിക രംഗത്തെ രാസവസ്തുക്കളുടെ അമിതോപയോഗം തുടങ്ങിയവയെല്ലാം മൃഗസംരക്ഷണ മേഖല നേരിടുന്ന മറ്റു വെല്ലുവിളികളാണ്.

മൃഗസംരക്ഷണ രംഗത്തെ സാധ്യതകൾ

ഗ്രാമീണ ജനതയുടെ സാമൂഹ്യ- സാമ്പത്തിക ഉന്നമനത്തിൽ മൃഗസംരക്ഷണ മേഖല ഒരു പ്രധാന പങ്കു വഹിക്കുന്നു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 4.11% ഉം,  കാർഷിക മേഖലയിലെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൻ്റെ 25.6 % ഉം സംഭാവന ചെയ്യുന്നത് മൃഗസംരക്ഷണ മേഖലയാണ്. കോവിഡ്- 19 നെ അതിജീവിക്കുന്നതിനായി പ്രതീക്ഷയ്ക്കു വക നൽകുന്ന നിരവധി സാധ്യതകളാണ് ഈ മേഖല മുന്നോട്ടു വയ്ക്കുന്നത്.

സാങ്കേതിക രംഗത്തെ സാധ്യതകൾ

 • കന്നുകാലികളുടെ സ്വഭാവത്തിലും  ആരോഗ്യത്തിലുമുള്ള  വ്യതിയാനങ്ങൾ നിരീക്ഷിക്കുന്നതിനും രോഗനിർണ്ണയം നടത്തുന്നതിനും സഹായിക്കുന്ന സെൻസറുകൾ അവയുടെ ശരീരത്തിൽ തന്നെ   ഘടിപ്പിക്കുക, ഡിജിറ്റൽ മാർഗ്ഗങ്ങൾ ഉപയോഗിച്ച് രോഗങ്ങൾ പ്രവചിക്കുകയും നിയന്ത്രണമാർഗ്ഗങ്ങൾ അവലംബിക്കുകയും ചെയ്യുക,  നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള വാക്സിൻ നിർമ്മാണം, ജീനോമിക്സ് ടെക്നോളജി എന്നിവയെല്ലാം  പ്രയോജനപ്പെടുത്താം.
 •  ബൈപ്പാസ്  കൊഴുപ്പ്, ബൈപ്പാസ് മാംസ്യം എന്നീ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള മെഷീനുകൾ വികസിപ്പിക്കുക,  പ്രാദേശിക ഉറവിടങ്ങളിൽ നിന്നുമുള്ള ധാതുക്കൾ, ജീവകങ്ങൾ, പ്രോബയോട്ടിക്കുകൾ, ആൻറി ഓക്സിഡൻ്റുകൾ എന്നിവ കന്നുകാലികൾക്ക് ലഭ്യമാകുന്ന വിധത്തിലുള്ള തീറ്റ മിശ്രിതങ്ങൾ നിർമ്മിക്കുക, വൈക്കോൽ ചേർത്ത തീറ്റ ബ്ലോക്കുകൾ, യൂറിയ – മൊളാസ്സസ് മിനറൽ ബ്ലോക്കുകൾ എന്നിവ ഉപയോഗിക്കുക, കൃഷിസ്ഥലമില്ലാത്തവർക്ക്  ഹൈഡ്രോപോണിക്സ് പുൽക്കൃഷി ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുക,  കർഷകർക്ക്  തങ്ങളുടെ ഫാമുകളിൽത്തന്നെ പശുക്കൾക്കുളള സമീകൃതതീറ്റ നിർമ്മിക്കാനുള്ള  സൗകര്യങ്ങൾ ഏർപ്പെടുത്തുക,  പുതിയ തീറ്റപ്പുൽ  വിത്തിനങ്ങൾ നൽകുക, തീറ്റപ്പുല്ല് സംസ്കരിക്കുന്നതിനും സൈലേജ് നിർമ്മാണത്തിനും   ചിലവ് കുറഞ്ഞ ഉപകരണങ്ങൾ നിർമ്മിച്ച് നൽകുക തുടങ്ങിയവയെല്ലാം മൃഗസംരക്ഷണ മേഖലയെ മെച്ചപ്പെടുത്താനുതകുന്ന കോവിഡാനന്തര സാധ്യതകളാണ്.

കന്നുകാലികളുമായി ബന്ധപ്പെട്ട സേവനങ്ങൾ 

 • കൃത്രിമ ബീജാധാനം ഉൾപ്പെടെയുള്ള  സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്ത്, സ്മാർട്ട്ഫോണിൻ്റെ സഹായത്താൽ മൃഗങ്ങളുടെ വ്യക്തിഗത വിവരങ്ങൾ കേന്ദ്രീകൃത ഡാറ്റാബേസിൽ ശേഖരിച്ച് സൂക്ഷിക്കുകയാണ് വേണ്ടത്.   ഇത്തരം സേവനങ്ങൾ കർഷകരുടെ വീട്ടുപടിക്കൽ എത്തിച്ചുകൊടുക്കുകയും ചെയ്യണം. സ്മാർട്ട് ഫോൺ, ഐപാഡ്, വാട്സ്ആപ്പ്, വീഡിയോ സ്ട്രീമിങ്, വെബിനാർ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കണം. അതിലൂടെ നവീന വിപണി മാർഗങ്ങൾ  കണ്ടെത്തുന്നതിന് അവരെ സഹായിക്കുകയും മൃഗ പരിപാലന രംഗത്തെ  ഡിജിറ്റൽ സേവനങ്ങളെക്കുറിച്ച്   പരിചയപ്പെടുത്തുകയും ചെയ്യേണ്ടതാണ് (ഇ- പശു ഹാട്ട്,  ഇ- ഗോപാല ആപ്ലിക്കേഷൻ).
 • കർഷക പരിശീലനങ്ങൾ ഓൺലൈനിൽ സംഘടിപ്പിക്കുക, ഓൺലൈൻ ഉപദേശങ്ങൾ ലഭ്യമാക്കുക,   സാമ്പത്തിക ക്രയവിക്രയങ്ങൾ ഡിജിറ്റലൈസ് ചെയ്യുക, കർഷകരുടെ ഫാമുകളെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും  റെക്കോർഡുകളും ഡിജിറ്റൽ മാതൃകയിൽ സൂക്ഷിക്കുക തുടങ്ങിയവയെല്ലാം മൃഗസംരക്ഷണ മേഖലയിലെ വളർച്ചയ്ക്ക്  സഹായിക്കും.
 • വികസിതരാജ്യങ്ങളിൽ  ഏകാരോഗ്യം എന്ന ആശയത്തെ  കേന്ദ്രീകരിച്ച് സുസ്ഥിര രോഗനിയന്ത്രണ രീതി നടപ്പിലാക്കുന്നതു പോലെ, നമ്മുടെ മൃഗാരോഗ്യരംഗത്തും  ഇത്തരം മാതൃകകൾ അനുവർത്തിക്കുകയും  ദേശീയ-അന്തർദേശീയ തലത്തിൽ സംയോജിത ഗവേഷണങ്ങൾ ചെയ്യുകയും വേണം.

കൃത്രിമബുദ്ധി (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) ഉപയോഗവും റോബോട്ടിക്സും

മൃഗസംരക്ഷണ മേഖലയെക്കുറിച്ചുള്ള ബോധവൽക്കരണം, ഗവേഷണം തുടങ്ങിയ പ്രവർത്തനങ്ങളിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിക്കുന്നതോടുകൂട  മാനവവിഭവശേഷിക്കുറവ് നികത്താനും സമയനഷ്ട്ടം ഒഴിവാക്കാനും കോവിഡാനന്തര കാലഘട്ടത്തിൽ നമുക്ക് സാധിക്കും.
 •  ഗ്രാമങ്ങളിൽ പശുവളർത്തലിനോടൊപ്പം വരുമാനം വർധിപ്പിക്കുന്ന മറ്റു സംരംഭങ്ങൾ കൂടി തുടങ്ങുകയും, കർഷകരുടെ ഉൽപന്നങ്ങളുടെ നിലവാരം നിലനിർത്തിക്കൊണ്ടുതന്നെ ഉയർന്ന ഉൽപാദന വർധനവിനായി പരിശ്രമിക്കുകയും വേണം. വ്യാവസായിക അടിസ്ഥാനത്തിലുള്ള  പാൽ ശീതീകരണ  സംവിധാനങ്ങൾ  ഏർപ്പെടുത്തി പാൽ  വിപണന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം.
 •  വിദേശ രാജ്യങ്ങൾ ഉൾപ്പെടെയുള്ള  മാർക്കറ്റ് വിപണികളിലേക്ക് കർഷകരെ ആകർഷിക്കുക.
 • അന്തർദേശീയ വിപണികളിൽ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷിതത്വവും കൂടുതൽ പരിഗണിക്കുന്നതിനാൽ, സുരക്ഷിതവും ശുചിത്വമുള്ള ഉൽപാദനം ഉറപ്പുവരുത്തുകയും, പ്രസ്തുത ഉൽപ്പന്നങ്ങളുടെ നിർമ്മാണം വർദ്ധിപ്പിക്കുകയും ചെയ്യുക.
 • പാൽ, മാംസം, മുട്ട  തുടങ്ങിയവ ഉൽപാദിപ്പിക്കുന്ന കർഷകരുടെ ഗ്രൂപ്പുകൾ രൂപീകരിക്കുക (CIG – കമ്മോഡിറ്റി ഇൻട്രസ്റ്റ് ഗ്രൂപ്പ്), നിലവിലുള്ള ഗ്രൂപ്പുകളെ ശക്തീകരിക്കുക.
 • കർഷകർക്ക് പൊതുവിവരങ്ങൾ  താമസംവിനാ ലഭിക്കുന്നതിനായി കോൾ സെൻററുകൾ രൂപീകരിക്കുക
 •  വിജ്ഞാനവ്യാപനത്തിനും  ചികിത്സകൾക്കുമായി  സഞ്ചരിക്കുന്ന വെറ്ററിനറി സർവീസുകളും നടപ്പിലാക്കുക.
 • വ്യാവസായിക അടിസ്ഥാനത്തിലുള്ള ഫാമുകളെ  പ്രോത്സാഹിപ്പിക്കുക.
 • കാലിത്തീറ്റ ഉൽപ്പാദനം   കോഴി, എമു, കാട, ഒട്ടകപക്ഷി  എന്നിവയ്ക്കുള്ള തീറ്റ നിർമ്മാണം,  സമ്പൂർണ്ണ  മിശ്രിത കാലിത്തീറ്റ  (TMR) നിർമാണം , ഹൈഡ്രോപോണിക്സ് കൃഷി, ബൈപ്പാസ് കൊഴുപ്പ്, ബൈപ്പാസ് പ്രോട്ടീൻ , പാൽപ്പൊടി എന്നിവ നിർമിക്കുന്ന യൂണിറ്റുകൾ സ്ഥാപിക്കുക തുടങ്ങിയവയെല്ലാം വളരെ സാധ്യതകളുള്ള സംരംഭങ്ങളാണ്.

 മൂല്യവർദ്ധിത ഉല്പന്ന നിർമ്മാണം 

കേരളത്തിൽ ലോക്ക് ഡൗൺ കാലത്ത്,  കർഷകർക്ക് പാൽ വിറ്റഴിക്കാൻ  സാധിക്കാതെ വന്നപ്പോൾ  ഒരു മൂല്യവർദ്ധിത ഉല്പന്ന നിർമ്മാണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ നമ്മുടെ സംസ്ഥാനത്ത് വിപുലപ്പെടുത്തേണ്ടതിൻ്റെ  ആവശ്യകത നമുക്ക് ബോധ്യപ്പെട്ടതാണ്.
 •  പാൽ , മാംസം , മുട്ട, ചാണകം, കോഴിക്കാഷ്ഠം  എന്നിവയിൽ നിന്നും  മൂല്യവർധിത വസ്തുക്കൾ ഉണ്ടാക്കി വിൽക്കുക. ജൈവ പാൽ, മാംസം, മുട്ട എന്നിവയുടെ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുക. ഭക്ഷ്യ സുരക്ഷാനിയമങ്ങൾ   പാലിച്ചുകൊണ്ട് മിൽക്ക്  പാർലറുകൾ തുടങ്ങുകയും ചെയ്യാം. ഗുണനിലവാരമുള്ള  ഇത്തരം യൂണിറ്റുകൾ ഉപഭോക്താക്കളെ ആകർഷിക്കുക തന്നെ ചെയ്യും.
 • എല്ലുപൊടി, അറവുശാല മാലിന്യങ്ങളിൽ നിന്നുള്ള  ധാതുലവണങ്ങൾ, കന്നുകാലി ചാണകത്തിലും മൂത്രത്തിലും നിന്ന് ഉൽപ്പാദിപ്പിക്കുന്ന പഞ്ചഗവ്യം,  ജീവാമൃതം, വളങ്ങൾ, സാമ്പ്രാണി ബയോഗ്യാസ് കമ്പോസ്റ്റ് തുടങ്ങിയവയാണ് മറ്റു മൂല്യവർധിത വസ്തുക്കൾ . കൂടാതെ,  ചർമ്മ ലേപനങ്ങൾ,
 • പല്ല് പോളിഷ് ചെയ്യുന്ന വസ്തുക്കൾ,
 •  ആൻറിബയോട്ടിക്കുകളുടെ ശേഷി വർദ്ധിപ്പിക്കുന്ന ജൈവ ഉത്തേജങ്ങൾ എന്നിവയും നിർമ്മിക്കാം.
 • സൗന്ദര്യവർദ്ധക വസ്തുക്കൾ, ഫാർമസ്യൂട്ടിക്കൽസ് , വ്യാവസായിക ഉപയോഗത്തിനുള്ള  തോലുൽപ്പന്നങ്ങൾ, പ്ലാസ്റ്റിക്, സോപ്പ്, ഗ്ലിസറിൻ, ജലാറ്റിൻ  തുടങ്ങിയവ മൃഗങ്ങളുടെ ഗ്രന്ഥികൾ, രക്തം ശ്വാസകോശം, കശേരുക്കൾ തുടങ്ങിയവയിൽ നിന്നും നിർമ്മിക്കാം
 • തുമ്പൂർമുഴി മോഡൽ  എയ്റോബിക് കമ്പോസ്റ്റിംഗ്  യൂണിറ്റുകൾ സ്ഥാപിക്കുന്നതു വഴി കന്നുകാലി ഫാമുകളിലെ  മാലിന്യങ്ങൾ ജൈവമാലിന്യങ്ങൾ ഉയർന്ന ഗുണനിലവാരമുള്ള  വളമായി മാറ്റിയെടുക്കാൻ സാധിക്കും.
 • മൃഗ സംരക്ഷണമേഖലയിലെ ഉപോൽപ്പന്നങ്ങളായ മൃഗക്കൊഴുപ്പുകൾ, മാംസ്യങ്ങൾ , മറ്റ് അവശിഷ്ട്ടങ്ങൾ തുടങ്ങിയവ മൃഗങ്ങൾക്ക് തീറ്റയായി നൽകാം. അതിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കാനും  സാധിക്കും. കൂടാതെ, കർഷകരുടെ  സാമൂഹിക സാമ്പത്തിക  ചുറ്റുപാടുകൾ ഉയർത്താൻ അവർക്ക് ശരിയായ ബോധവൽക്കരണവും വിദ്യാഭ്യാസവും  നൽകേണ്ടത് ആവശ്യമാണ്.
 • കാലാവസ്ഥ വ്യതിയാനം പശുക്കളുടെ ഉൽപാദനത്തെയും പ്രത്യുൽപ്പാദനത്തെയും വളരെയധികം സ്വാധീനിക്കുന്നു. ആയതിനാൽ കാലാവസ്ഥ സൗഹൃദ
 • കന്നുകാലി വളർത്തൽ  പ്രോത്സാഹിപ്പിക്കുകയും കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന കന്നുകാലി ഇനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
 • ഭ്രൂണ മാറ്റം , ക്ലോണിങ് , ഭ്രൂണത്തിൻ്റെ ലിംഗനിർണയം,  പെൺകുഞ്ഞുങ്ങളെ മാത്രം ഉൽപ്പാദിപ്പിക്കുന്ന ബീജത്തിൻ്റെ ഉപയോഗം തുടങ്ങിയവ നൂതന പ്രത്യുല്പാദന  സാങ്കേതികവിദ്യകളാണ്.നാടൻ കന്നുകാലിയിനങ്ങളുടെ  പ്രജനനവും പരിപാലനവും  പ്രോത്സാഹിപ്പിക്കണം.
 • നിർബന്ധമായും എല്ലാ കന്നുകാലികളെയും  ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുക, കാർഷിക ഉൽപ്പന്നങ്ങൾ പോലെ  മൃഗോൽപ്പന്നങ്ങൾക്കും  താങ്ങുവില നിശ്ചയിക്കണം.
 • എല്ലാ ഗ്രാമങ്ങളിലും കർഷക സഹകരണസംഘങ്ങൾ സ്ഥാപിക്കുകയും  ക്ഷീര ദൂതൻ,    ഫീഡ് ഫോർമുലേഷൻ സോഫ്റ്റ്‌വെയർ തുടങ്ങിയവ  ഉപയോഗിച്ച്  ഡയറി ഫാമിൻ്റെ ലാഭവിഹിതം വർദ്ധിപ്പിക്കുക.
 • മൃഗപരിപാലന രംഗത്ത് വിദഗ്ധരുടെ സഹായത്തോടുകൂടി കൃഷി വിജ്ഞാൻ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തുകയും  ആത്മ സ്കീമുകൾ  വിപുലപ്പെടുത്തുകയും വേണം.
 • ഐ. സി. ടി  അടിസ്ഥാനമാക്കിയുള്ള  ട്രെയിനിങ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയും,  മൃഗങ്ങളുടെ അസുഖങ്ങൾ തിരിച്ചറിയാനും പ്രഥമശുശ്രൂഷകൾ നൽകുവാനും കർഷകരെ  പ്രാപ്തരാക്കുകയും വേണം. അതോടൊപ്പം, സ്ത്രീകളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരികയും വേണം.
 • നവീന ഗതാഗത സൗകര്യങ്ങളും ആശയവിനിമയ സാങ്കേതികവിദ്യകളും ഉപയോഗിച്ചുകൊണ്ട് ഡയറി ശൃംഖല ശക്തിപ്പെടുത്തുന്നതോടൊപ്പം ഉൽപ്പാദനക്ഷമത വർധിപ്പിക്കുകയും ചെയ്യണം.
 • കുടുംബശ്രീ യൂണിറ്റുകൾ, മറ്റു സ്വയം സഹായ സംഘങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ , കർഷക കൂട്ടായ്മകൾ ,നവ സാമൂഹ്യ മാധ്യമ കൂട്ടായ്മകൾ എന്നിവയിലൂടെയുള്ള  വിപണനം മൃഗസംരക്ഷണമേഖലയിൽ നല്ലൊരു സംരംഭകത്വ സാധ്യതകളാണ്  തെളിക്കുന്നത് .  പ്രവാസികൾക്കും പുതിയ സംരംഭകർക്കും  പരിശീലനങ്ങൾ  ലഭ്യമാക്കുക,
 • മൃഗോൽപ്പന്നങ്ങളിൽ  മായം ചേർക്കുന്നത്  കണ്ടുപിടിക്കാൻ ഉള്ള പരിശോധനാ സൗകര്യങ്ങൾ  ഏർപ്പെടുത്തുകയും   വിദഗ്ധരുടെ സേവനം ലഭ്യമാക്കുകയും ചെയ്യുക.
 • കാർഷിക രംഗത്ത് ലഭിക്കുന്ന സാമ്പത്തിക സഹായത്തിൻ്റെ  7% മാത്രമാണ്  മൃഗസംരക്ഷണ മേഖലയിൽ  ലഭിക്കുന്നത്. ആയതിനാൽ, മൃഗസംരക്ഷണമേഖലയിലുള്ള   ഫണ്ടുകളും ഗ്രാൻഡുകളും വർദ്ധിപ്പിക്കുക. തുടരെത്തുടരെയുള്ള പ്രകൃതിദുരന്തങ്ങൾ തരണം ചെയ്യുന്നതിനായി  മൃഗസംരക്ഷണ മേഖലയ്ക്ക് പ്രത്യേകമായി കൂടുതൽ ഫണ്ട് അനുവദിക്കുക.
 • നാഷണൽ ലൈവ് സ്റ്റോക്ക് മിഷൻ മിഷൻ്റെ കീഴിൽ ഉയർന്ന ഗുണനിലവാരമുള്ള  തീറ്റപ്പുല്ല് പുല്ലുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക.
 • മൃഗ പരിപാലനം തൊഴിലാക്കിയിട്ടുള്ള  എല്ലാവർക്കും കിസാൻ ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യുക.
 • സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾക്ക് കൂടുതൽ വായ്പകൾ  അനുവദിക്കുകയും ചെറുകിട സംരംഭങ്ങൾ തുടങ്ങുവാൻ സബ്സിഡി നിരക്കിൽ കൂടുതൽ  തുക അനുവദിക്കുക.
 • ആയുർവേദ മരുന്നുകൾ ഉപയോഗിച്ചിട്ടുള്ള മൃഗ ചികിത്സ  പ്രോത്സാഹിപ്പിക്കുന്നതിലൂടെ ചികിത്സാച്ചെലവ് കുറയ്ക്കുകയും  ആൻറി മൈക്രോബിയൽ റെസിസ്റ്റൻസ് ഉണ്ടാകുന്നത്  തടയുകയും ചെയ്യാം.
 • ഓരോ കൊടുങ്കാറ്റിനും മിന്നൽ പിണറുകൾക്കു ശേഷവും ഭൂമിയും ആകാശവും പ്രശാന്തമാകുന്നതു പോലെ ഈ കോവിഡ് മഹാമാരി  അതിജീവിച്ചുകൊണ്ട് കൂടുതൽ കരുത്തോടെ കൂടി നമ്മുടെ മൃഗസംരക്ഷണ മേഖലയും ഉയർത്തെഴുന്നേൽക്കും, തീർച്ച

Leave a Reply