Read Time:7 Minute
എബോള വൈറസ് ബാധിത ഭാഗത്തിന്റെ ഇലക്ട്രോണ്‍ മൈക്രോഗ്രാഫ്
എബോള വൈറസ് – ഇലക്ട്രോണ്‍ മൈക്രോഗ്രാഫ്

ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത എബോള വൈറസിനെതിരെയുള്ള വാക്സിന്‍ പരീക്ഷണശാലയില്‍ തയ്യാറായിവരുന്നു. ബ്രിട്ടീഷ് ഔഷധ നിര്‍മ്മാണ കമ്പനിയായ ഗ്ലാക്സോ സ്മിത്ത് ക്ലിന്‍ ആണ് അമേരിക്കന്‍ ഗവേഷകര്‍ക്കൊപ്പം മരുന്ന് വികസിപ്പിച്ചുവരുന്നതായി വെളിപ്പെടുത്തിയത്. ഈ വാക്സിന്‍ ക്ലിനിക്കല്‍ ട്രയലിനുള്ള അധികൃതരുടെ അനുമതി കാത്തിരിക്കുന്നുവെന്നാണ് ഗവേഷകര്‍ അറിയിക്കുന്നത്.

വൈറസ് ബാധയുടെ തീവ്രത കണക്കിലെടുത്ത് എബോളയ്കെതിരായി ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കിയ എബോളയ്കെതിരെ ഫലപ്രദമായ മരുന്നില്ലാത്തത് അതിന്റെ കണ്ടുപിടുത്തത്തിനുള്ള സമര്‍ദ്ദം വര്‍ദ്ധിപ്പിച്ചിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ തയ്യാറാക്കിയ വാക്സിന്‍ ആള്‍ക്കുരങ്ങുകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളില്‍ ഫലപ്രദമാണെന്ന് കണ്ടെത്തിക്കഴിഞ്ഞു. മനുഷ്യരിലുള്ള ഒന്നാം ഘട്ട പരീക്ഷണത്തിന് അമേരിക്കയിലെ ഭക്ഷ്യ – ഔഷധ വകുപ്പിന്റെ അനുമതി സെപ്റ്റംബര്‍ മാസത്തോടെ ലഭിക്കുമെന്ന് സഹഗവേഷകരായ യു.എസ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസിന്റെ വെബ്സൈറ്റ് വെളിപ്പെടുത്തുന്നു.

സാധാരണ പനിക്ക് കാരണമാകുന്ന വൈറസുകളിലൊന്നായ “ചിമ്പാന്‍സി അഡിനോവൈറസിനുള്ളിലേക്ക് ” രണ്ട് എബോള ജീനുകള്‍ തിരുകിവെച്ചാണ് പുതിയ വാക്സിന്‍ വികസിപ്പിച്ചുവരുന്നതെന്നാണ് ഗ്ലാക്സോ സ്മിത്ത് ക്ലിന്‍ വ്യക്താവ് വിശദീകരിക്കുന്നത്. ഒരു ജീവിയുടെ കോശത്തിലേക്ക് ഒരിക്കല്‍ വാക്സിന്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ അത് ഒരു ജനിതക വസ്തുകൈമാറ്റം നടത്തുകയും വാക്സിനിലെ എബോള ജീനുകള്‍ ഒരു തരം പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കുകയും  ചെയ്യും. ഈ സമയത്ത് ശരീരത്തില്‍  എബോള വൈറസിനെതിരായ ഒരു പ്രതിരോധ പ്രതികരണം ഉണ്ടാക്കുകയും അതിലൂടെ ശരീരം എബോളയ്കെതിരായ പ്രതിരോധമാര്‍ജ്ജിക്കുകയും ചെയ്യും. അതേസമയം ഈ ജീനുകളെ വഹിക്കുന്ന അഡിനോവൈറസുകള്‍ പിന്നീട് പെരുകുകയുമില്ല.

335 മില്യണ്‍ ഡോളര്‍ നല്‍കിയാണ് സ്വിസ് ബയോടെക് കമ്പനിയായ ഒകൈറോസില്‍ നിന്നും ഗ്ലാക്സോ സ്മിത്ത് ക്ലിന്‍ വൈറസിനുള്ള പേറ്റന്റ് കരസ്ഥമാക്കിയത്. എന്നാല്‍ 2015 – ല്‍ എങ്കിലും വാക്സിന്‍ പൊതു ഉപയോഗത്തിനായി ലഭ്യമാക്കുമോ എന്ന ചോദ്യത്തിന് കമ്പനി ഉത്തരം നല്‍കിയിട്ടില്ല.

എബോള വൈറസ് രോഗം

രോഗകാരിയ വൈറസ് പടര്‍ത്തുന്ന മാരകമായ രോഗമാണ് എബോള. ഇംഗ്ലീഷിൽ ഇത് എബോള വൈറസ് ഡിസീസ് (Ebola virus disease -EVD) അല്ലെങ്കിൽ എബോള ഹെമൊറേജിക് ഫീവർ (Ebola hemorrhagic fever (EHF)) എന്നറിയപ്പെടുന്നു. എബോള വൈറസ് ശരീരത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാൽ രണ്ടു ദിവസം മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ രോഗലക്ഷനങ്ങൾ കണ്ടുതുടങ്ങും. പെട്ടന്നുള്ള ശക്തമായ പനി, തൊണ്ടവേദന, പേശീ വേദന, തളർച്ച, ഛർദി, വയറിളക്കം, തുടങ്ങിയവയാണ് ലക്ഷണങ്ങൾ. രോഗബാധിതരിൽ ചിലരിൽ ആന്തരികമോ ബാഹ്യമോ ആയ രക്തസ്രാവമുണ്ടാകാം. ചൊറിഞ്ഞു പൊട്ടൽ, വൃക്ക-കരൾ പ്രവർത്തനങ്ങൾ താറുമാറാകൽ തുടങ്ങിയവയും സംഭവിക്കാം.

മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകർന്ന ഒരു രോഗമാണ് ഇത്. ഈ വൈറസിന്റെ സ്വാഭാവിക വാഹകര്‍ വവ്വാലുകളാണെന്ന് കരുതപ്പെടുന്നു. വവ്വാലുകളില്‍ അസുഖങ്ങളൊന്നുമുണ്ടാക്കാത്ത ഈ വൈറസ് അവയില്‍ നിന്നും കുരങ്ങുകളിലേക്കും പന്നി തുടങ്ങിയ ജീവികളിലേക്കും പടരുകയും രോഗബാധയുള്ള ഈ ജീവികളുമായി സമ്പര്‍ക്കമുണ്ടാകുന്ന മനുഷ്യരിലേക്കെത്തുകയും ചെയ്യുന്നു. രോഗബാധിത ജീവിയുടെ ശരീരദ്രവങ്ങളിലൂടെയാണ് എബോള പ്രധാനമായും പടരുന്നത്. എബോളബാധിച്ച മനുഷ്യന്റെ രക്തം, ശരീര ദ്രവം തുടങ്ങിയവയുമായുള്ള സമ്പര്‍ക്കം വഴിയും മനുഷ്യരിൽ ഇത് പടര്‍ന്ന് പിടിക്കുന്നു.

കോംഗോ നദിയുടെ കൈവഴിയായ എബോളയുടെ തീര പ്രദേശത്ത് ആദ്യമായി പൊട്ടിപ്പുറപ്പെട്ട അസുഖമെന്ന രീതിയിലാണ് ഈ അസുഖത്തിനും അത് പരത്തുന്ന വൈറസിനും എബോള എന്ന പേരു വിളിക്കപ്പെട്ടത്. 1976 -ല്‍ ആദ്യമായി വെളിപ്പെട്ടതിനെ തുടര്‍ന്ന് ലൈബീരിയ, സൈറാ ലിയോണ്‍, ഗൈന തുടങ്ങിയ സബ്-സഹാറന്‍ ആഫ്രിക്കയിലെ രാജ്യങ്ങളിലാണ് ഇത് വ്യാപകമായി കണ്ടുവന്നത്. ഇവിടെ നിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ച് ഈ വര്‍ഷം ഏറ്റവും രൂക്ഷമായിരിക്കുന്ന ഈ രോഗബാധയിലെ മരണ നിരക്ക് 50 മുതല്‍ 90 ശതമാനം വരെയാണ്.

നിലവില്‍ ഈ അസുഖത്തിന് ചികിത്സകൾ ഒന്നും ലഭ്യമല്ല. രോഗം പടരാതെ നോക്കുകയാണ് വേണ്ടത്. ശരീരത്തിലെ ധാതുലവണങ്ങൾ നഷ്ടപ്പെടാതിരിക്കാനും നിർജ്ജലീകരണം, രക്തസ്രാവം തുടങ്ങിയവ ഒഴിവാക്കുന്നതിനുള്ള ചികിത്സയും നല്‍കുന്നു. തുടക്കത്തിലേ രോഗം നിര്‍ണ്ണയിക്കുന്നതും ചികിത്സ തേടുന്നതും രോഗിയെ രക്ഷപ്പെടുത്തുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇതേ രോഗലക്ഷണങ്ങളുള്ള മലമ്പനി, കോളറ തുടങ്ങിയ രോഗങ്ങൾ ഇല്ലെന്നു സ്ഥിതീകരിക്കുമ്പോഴാണ് എബോളയാണെന്നു വ്യക്തമാകുക. രോഗബാധയുള്ളവരെ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നും ഒഴിവാക്കുകയാണ് ഇത് പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള മാർഗം.

[divider]

കടപ്പാട് : ന്യൂസ് ഡെയിലി. കോം. , വിക്കിപീഡിയ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കുളിൻഡാഡോർമസ് – പക്ഷികളുടെ മുന്‍ഗാമി ?
Next post അശോക് സെന്നിന് ഡിറാക് മെഡല്‍
Close