അശോക് സെന്നിന് ഡിറാക് മെഡല്‍

2014-ലെ ഡിറാക് മെഡലുകള്‍ പ്രഖ്യാപിച്ചു. ഇത്തവണ സമ്മാനാര്‍ഹരായവരുടെ കൂട്ടത്തില്‍Ashoke_Sen ഇന്‍ഡ്യാക്കാരനായ ഭൗതിക ശാസ്ത്രജ്ഞന്‍ അശോക് സെന്നും ഉള്‍പ്പെടുന്നു. സ്ട്രിങ് സിദ്ധാന്തത്തിന് നല്‍കിയ സംഭാവനകളുടെ അടിസ്ഥാനത്തിലാണ് അശോക് സെന്‍ ആന്ട്രൂ സ്ട്രോമിങ്ങർ (അമേരിക്ക), ഗബ്രിയേല വെനിസ്യാനൊ (ഇറ്റലി) എന്നിവരോടൊപ്പം സമ്മാനാര്‍ഹനായത്.

ഈ പ്രപഞ്ചം മുഴുവന്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് ഏകമാനമുള്ള ഒരുതരം സ്ട്രിങ് (ചരട്) കൊണ്ടാണ് എന്നാണ് സ്ട്രിങ് സിദ്ധാന്തം പറയുന്നത്. സര്‍വതിനേയും വിശദീകരിക്കുന്ന ഏകസിദ്ധാന്തം (Unified theory for everything) എന്ന ഭൗതികജ്ഞരുടെ സ്വപ്നത്തിലേക്ക് പരിഗണിക്കപ്പെടുന്ന ഒരു സിദ്ധാന്തമാണിത്. കണികാഭൗതികത്തിന്റെ അടിസ്ഥാനമായ സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് വ്യത്യസ്തമായി ഗുരുത്വബലത്തെക്കൂടി ഉള്‍ക്കൊള്ളുന്നു എന്നതാണ് ഇതിന്റെ ആകര്‍ഷണീയത. അതുകൊണ്ട് തന്നെ ഭൗതികഗവേഷണത്തിലെ ഒരു ചൂടന്‍ അരങ്ങാണ് സ്ട്രിങ് സിദ്ധാന്തം.

യുനെസ്കോ, ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി, ഇറ്റാലിയന്‍ സര്‍ക്കാര്‍ എന്നിവര്‍ ചേര്‍ന്ന് നിയന്ത്രിക്കുന്ന ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ ഫിസിക്സ് (ICTP) നല്‍കുന്നതാണ് ഡിറാക് സമ്മാനം. പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ പോള്‍ ഡിറാക്കിന്റെ സ്മരണയ്കായി നല്‍കുന്ന ഈ പുരസ്കാരം, നോബല്‍ സമ്മാനത്തിന് തൊട്ടുകീഴില്‍ പരിഗണിക്കപ്പെടുന്ന ബഹുമതിയാണ്. നോബല്‍ ജേതാക്കളെ ഇതിന് പരിഗണിക്കില്ല എങ്കിലും ഇത് നേടിയ ഒരുപാട് പ്രതിഭകള്‍ പിന്നീട് നോബല്‍ സമ്മാനം നേടിയിട്ടുണ്ട്.

ബംഗാള്‍ സ്വദേശിയായ അശോക് സെന്‍ (Ashoke Sen) അലഹാബാദിലെ ഹരിഷ് ചന്ദ്ര റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിലെ പ്രൊഫസറാണ്. ഭൗതിക ശാസ്ത്രത്തിലെ മൗലിക സംഭാവനകള്‍ക്കായുള്ള ഫണ്ടമെന്റല്‍ ഫിസിക്സ് പ്രൈസ് ഉള്‍പ്പെടെ അനവധി പുരസ്കാരങ്ങള്‍ നേടിയ സെന്‍ പത്മഭൂഷണ്‍, പദ്മശ്രീ ബഹുമതികള്‍ക്കും അര്‍ഹനായിട്ടുണ്ട്. ഐ.ഐ.ടി കാണ്‍പൂരില്‍ നിന്നും ഭൗതിക ശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ സെന്‍ ന്യൂയോര്‍ക്കിലെ സ്റ്റോണിബ്രൂക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നുമാണ് ഗവേഷണ ബിരുദം നേടിയത്.

[divider]

തയ്യാറാക്കിയത് : വൈശാഖന്‍ തമ്പി
[email protected]
കടപ്പാട് : http://www.ictp.it

Leave a Reply