Read Time:16 Minute

ഇന്ത്യയിലെ ശാസ്ത്രവളര്‍ച്ചയുടെ ചരിത്രത്തില്‍ പ്രധാനപ്പെട്ട ഒരു നാമമാണ് കല്‍ക്കട്ടയിലെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് സയന്‍സ്, ടെക്നോളജി & അഗ്രിക്കള്‍ച്ചര്‍ എന്നത്. സി വി രാമന്റെ നൊബേല്‍ സമ്മാനവും റോയല്‍ സൊസൈറ്റിയിലെ നിരവധി ഫെലോഷിപ്പുകളുമെല്ലാം പ്രസ്തുത സ്ഥാപനത്തിനുകൂടി അര്‍ഹതപ്പെട്ടതാണ്. യൂണിവേഴ്സിറ്റി കോളെജിന്റെ സ്ഥാപനത്തോടുകൂടിയാണ് കല്‍ക്കട്ട യൂണിവേഴ്സിറ്റിയില്‍ സംഘടിതമായ രീതിയിലുള്ള ശാസ്ത്രഗവേഷണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ആചാര്യ പ്രഫുല്ല ചന്ദ്ര റേ, ചന്ദ്രശേഖര വെങ്കിട്ട രാമൻ, ഗണേഷ് പ്രസാദ്, ശിശിർ കുമാർ മിത്ര തുടങ്ങിയ പ്രമുഖര്‍ അതിന്റെ ആദ്യകാല അധ്യാപകനിരയില്‍ ഉള്ളവരായിരുന്നെങ്കില്‍, പിന്നീട് പ്രസിദ്ധരായിത്തീര്‍ന്ന സത്യേന്ദ്രനാഥ് ബോസ്, മേഘനാദ് സാഹ, ജ്ഞാന ചന്ദ്രഘോഷ്, ജ്ഞാനേന്ദ്ര നാഥ് മുഖർജി എന്നിവരെല്ലാം 1915 ലെ എം എസ് സി ബാച്ചിലെ പഠിതാക്കളായിരുന്നു.

സി.യു. പൂർവ്വ വിദ്യാർത്ഥികൾ : ഇരിക്കുന്നവർ (L to R): മേഘ്‌നാഥ് സാഹ, ജഗദീഷ് ചന്ദ്ര ബോസ്, ജ്ഞാന ചന്ദ്രഘോഷ്. സ്റ്റാൻഡിംഗ് (L to R): സ്നേഹമോയ് ദത്ത്, സത്യേന്ദ്രനാഥ് ബോസ്, ദേബേന്ദ്ര മോഹൻ ബോസ്, NR സെൻ, ജ്ഞാനേന്ദ്ര നാഥ് മുഖർജി, N C നാഗ്

1857 ല്‍ ആരംഭിച്ച കല്‍ക്കട്ട യൂണിവേഴ്സിറ്റിയില്‍ അശുതോഷ് മുഖര്‍ജി വൈസ് ചാന്‍സലറായി വരുന്നത് 1906 ല്‍ ആയിരുന്നു. മുഖര്‍ജി വലിയതോതിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളാരംഭിച്ചു. ഹ്യുമാനിറ്റീസ്, ഇംഗ്ലീഷ്, സംസ്‌കൃതം, പാലി, അറബിക്, പേർഷ്യൻ, മെന്റൽ & മോറൽ ഫിലോസഫി, ഹിസ്റ്ററി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ് തുടങ്ങിയ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദ കോഴ്സുകളും ചില വിഷയങ്ങളില്‍ ചെയറുകളും ആരംഭിക്കുന്നത് അങ്ങനെയാണ്. ശാസ്ത്രസാങ്കേതികവിഷയങ്ങളില്‍ ബിരുദാനന്തരബിരുദ കോഴ്സുകളും ഗവേഷണവും ആരംഭിക്കുവാന്‍ അദ്ദേഹം അതിയായി ആഗ്രഹിച്ചെങ്കിലും സാമ്പത്തികപരാധീനതകള്‍ വിലങ്ങുതടിയായി. അത്തരമൊരു വിഷമഘട്ടത്തിലാണ് രണ്ട് മഹദ് വ്യക്തികള്‍ ഉദാരമായ സഹായവുമായി രംഗത്തെത്തുന്നത്. സര്‍ താരക്നാഥ് പാലിറ്റും (Sir Taraknath Palit) സര്‍ റാഷ്ബിഹാരി ഘോഷു (Sir Rashbehari Ghosh) മായിരുന്നു അത്.

താരക്നാഥ് പാലിറ്റ്

സ്വദേശിപ്രസ്ഥാനത്തില്‍ സജീവപങ്കാളിത്തം വഹിച്ച താരക്നാഥ് പാലിറ്റ് അഭിഭാഷകനായിരുന്നു. കല്‍ക്കട്ട യൂണിവേഴ്സിറ്റിക്കുള്ള സാമ്പത്തിക സഹായത്തിനു പുറമേ  ബംഗാള്‍ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപനത്തിലും പ്രമുഖ പങ്കുവഹിച്ചു. ഇതാണ് പിന്നീട് ജാദവ്പൂര്‍ യൂണിവേഴ്സിറ്റ് ആയി മാറിയത്.

റാഷ്ബിഹാരി ഘോഷ്

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സജീവപ്രവര്‍ത്തകനും അഭിഭാഷകനുമായിരുന്നു ഘോഷ്. തന്റെ സമ്പാദ്യത്തില്‍ ഭൂരിഭാഗവും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ചെലവഴിച്ചു. ബംഗാള്‍ കെമിക്കല്‍ & ഫാര്‍മസ്യൂട്ടിക്കല്‍ വര്‍ക്ക്സ് സ്ഥാപിക്കുന്നതിനും സാമ്പത്തികസഹായം നല്‍കി. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി കൊല്‍ക്കത്തയിലെ ഒരു തെരുവിന് റാഷ്ബിഹാരി അവന്യു എന്ന് പേരിട്ടിട്ടുണ്ട്.

താരക്നാഥ് പാലിറ്റ് സ്വന്തം വീടുള്‍പ്പെടെ പാതിനാലര ലക്ഷം രൂപയുടെ സ്വത്തുക്കളാണ് ശാസ്ത്ര-സാങ്കേതിക മേഖലയുടെ വികാസത്തിനായി സര്‍വകലാശാലയ്ക്ക് നല്‍കിയത്. ഇന്നത്തെ നിലവാരത്തില്‍ കണക്കാക്കുകയാണെങ്കില്‍ ഏകദേശം നൂറ്റിയെഴുപത് കോടി രൂപയാണിത് (ഇത് ഒരു ഏകദേശ കണക്ക് മാത്രമായി കണ്ടാല്‍ മതി. അന്ന് നിലവിലുണ്ടായിരുന്ന ബ്രിട്ടീഷ് ഇന്ത്യന്‍ രൂപയും ഇപ്പോഴത്തെ ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയവ്യത്യാസം, പണപ്പെരുപ്പം തുടങ്ങിയ ഘടകങ്ങളെ പരിഗണിച്ചുകൊണ്ടേ തുക കണക്കിലാക്കാന്‍ കഴിയൂ. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെ പ്രൊഫ. ശ്രീരൂപ് റെയ്‌ചൗധുരി ഒരു പ്രഭാഷണത്തില്‍ ചൂണ്ടിക്കാണിച്ചതില്‍ നിന്നാണ് ഇവിടെ നൂറ്റിയെഴുപത് കോടി രൂപ എന്ന് ഉപയോഗിച്ചിട്ടുള്ളത് ). ഫിസിക്സ്, കെമിസ്ട്രി എന്നിവയില്‍ ചെയറുകള്‍ക്കുള്ള എന്‍ഡോവ്മെന്റും സ്കോളര്‍ഷിപ്പുകളുമായാണ് അദ്ദേഹം ഈ സംഭാവന നല്‍കിയത്. ലക്ചര്‍ റൂമുകള്‍, ലബോറട്ടറികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ യൂണിവേഴ്സിറ്റി കണ്ടെത്തണമെന്ന് അദ്ദേഹം വ്യവസ്ഥ ചെയ്തു. ഇതിന് പണം കണ്ടെത്താന്‍ മുഖര്‍ജി ഇന്ത്യാ ഗവണ്മെന്റിനെ സമീപിച്ചെങ്കിലും വിദ്യാഭ്യാസ വകുപ്പിന്റെ ജോയന്റ് സെക്രട്ടറിയായിരുന്ന ഹെന്‍റി ഷാര്‍പ്പ് അതിന് തയ്യാറായില്ല. ഇന്ത്യയില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ന്നുവരുന്നത് യൂറോപ്യന്മാര്‍ക്കെതിരായ മുന്നേറ്റമായി മാറുമെന്ന ഭയം അദ്ദേഹത്തിനുണ്ടായിരുന്നു. “To give this money to this place is to give money to the cause which will embarrass ourselves. The money will go to political ends rather than to truly educational ends.” എന്ന ഷാര്‍പ്പിന്റെ വാചകങ്ങളില്‍ ഇത് കൃത്യമായി വായിക്കാവുന്നതേയുള്ളൂ.

പക്ഷേ, അശുതോഷിന്റെ സ്വപ്നം അവിടെവച്ച് തകര്‍ന്നുപോയില്ല. സര്‍ റാഷ്ബിഹാരി ഘോഷിന്റെ സഹായം അപ്പോഴേക്കുമെത്തി. പത്തു ലക്ഷം രൂപയാണ് അദ്ദേഹം കല്‍ക്കട്ട യൂണിവേഴ്സിറ്റിക്ക് നല്‍കിയത്. അതേ വേളയില്‍ തന്നെ പതിമൂന്ന് ലക്ഷം രൂപ അദ്ദേഹം നാഷണ്‍ കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷന്‍ (എന്‍ സി ഇ- ഇതാണ് പിന്നീട് ജാദവ്പൂര്‍ സര്‍വകലാശാലയായി മാറുന്നത്) ആരംഭിക്കാനായി നല്‍കുന്നുമുണ്ട്. ഇവരണ്ടും കൂടി ഇന്നത്തെ നിരക്കില്‍ കണക്കാക്കുകയാണെങ്കില്‍ ഏകദേശം 250 കോടി രൂപയോളം വരും. കല്‍ക്കട്ടാ യൂണിവേഴ്സിറ്റിക്ക് നല്‍കിയ പത്തുലക്ഷം രൂപ അപ്ലൈഡ് മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി (കൃഷിക്ക് പ്രാധാന്യം നല്‍കിക്കൊണ്ട്) എന്നിവയ്‌ക്ക് ചെയറുകള്‍ ആരംഭിക്കുക, മിടുക്കരായ എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണാത്മകമായ പഠനം നടത്താന്‍ സഹായധനം നല്‍കുക തുടങ്ങിയവായിരുന്നു ഘോഷിന്റെ വ്യവസ്ഥകള്‍. ഈ സഹായങ്ങളെ ഏകോപിപ്പിച്ചുകൊണ്ടാണ്ട് അശുതോഷ് മുഖര്‍ജി തന്റെ വൈസ്ചാന്‍സലര്‍ പദവിയുടെ നാലാം വട്ടം അവസാനിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് സയന്‍സ്, ടെക്നോളജി & അഗ്രിക്കള്‍ച്ചറിന് തറക്കല്ലിട്ടു.

താരക്നാഥ് പാലിറ്റിന്റേയും റാഷ്ബിഹാരി ഘോഷിന്റേയും സംഭാവനകള്‍ വഴി കെട്ടിപ്പൊക്കിയ സ്ഥാപനം വൃഥാവിലായില്ല. അത് ഇന്ത്യന്‍ ശാസ്ത്രരംഗത്തിന്റെ കളിത്തൊട്ടിലായി മാറി എന്നതാണ് ചരിത്രം. പാലിറ്റ് പ്രൊഫസര്‍ ഓഫ് ഫിസിക്സ് (പാലിറ്റിന്റെ സാമ്പത്തികസഹായത്തോടെ സ്ഥാപിച്ച ചെയറിലെ അധ്യാപകരെ പിന്നീട് ഈ പേരിലാണ് വിളിച്ചിരുന്നത്) എന്ന നിലയില്‍ ആദ്യമായി നിയമിക്കപ്പെട്ട വ്യക്തി സി വി രാമനായിരുന്നു. അദ്ദേഹത്തെ തുടര്‍ന്ന് ദേബേന്ദ്ര മോഹന്‍ ബോസ്, മേഘനാഥ് സാഹ തുടങ്ങിയവര്‍ ഈ പദവി അലങ്കരിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ വിദ്യാഭ്യാസ സംരഭമായ കല്‍ക്കട്ട യൂണിവേഴ്സിറ്റിയുടെ ഭാഗമായി രൂപം കൊണ്ടതാണെങ്കിലും യൂണിവേഴ്സിറ്റി കോളേജ് ഓഫ് സയന്‍സ്, ടെക്നോളജി & അഗ്രിക്കള്‍ച്ചര്‍ കേവലം അതിന്റെ ഭാഗമായ ഒന്നെന്ന നിലയില്‍ കൊളോണിയല്‍ താല്പര്യങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒന്നായി നിലനില്‍ക്കുകയല്ല ചെയ്തതെന്ന് എസ് സി ഘോഷ് ഇന്ത്യന്‍ ജേണല്‍ ഓഫ് ഹിസ്റ്ററി ഓഫ് സയന്‍സ് എന്ന ജേണലില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്. 1914 മാര്‍ച്ച്- 1922 മാര്‍ച്ച് കാലഘട്ടത്തില്‍ യൂണിവേഴ്സിറ്റി കോളേജ് ചെലവഴിച്ച 18,13,959 രൂപയില്‍ കേവലം 1,20,000 രൂപ മാത്രമേ സര്‍ക്കാര്‍ ഫണ്ടായി ഉണ്ടായിരുന്നുള്ളൂ. പൂര്‍ണസമയ അധ്യാപകരായിരുന്നവര്‍ സ്വമേധയാ തങ്ങളുടെ ശമ്പളത്തിന്റെ ഒരു ഭാഗം വേണ്ടെന്നുവച്ചും പാര്‍ട്ട് ടൈം അധ്യാപകര്‍ സൗജന്യമായി സേവനം നല്‍കിയുമെല്ലാമാണ് കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയത്.

ഇതെല്ലാം ഏതാനും വ്യക്തികളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്ന നിലയില്‍ സംഭവിച്ചതായിരുന്നില്ല. താരക്നാഥ് പാലിറ്റും റാഷ്ബിഹാരി ഘോഷുമെല്ലാം സ്വദേശിപ്രസ്ഥാനത്തിന്റെ കരുത്തരായ വക്താക്കളായിരുന്നു. 1905 ല്‍ ബംഗാളിനെ വിഭജിക്കാനുള്ള തീരുമാനത്തെത്തുടര്‍ന്നാണ് സ്വദേശിപ്രസ്ഥാനം ആരംഭിക്കുന്നത്. വിദേശവസ്തക്കളുടെ ബഹിഷ്കരണം, സര്‍ക്കാര്‍ ജോലികള്‍ ഉപേക്ഷിക്കല്‍ തുടങ്ങിയവയോടൊപ്പം വിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനങ്ങളും സ്വദേശി പ്രസ്ഥാനത്തിന്റെ പ്രധാന അജണ്ടയായിരുന്നു. 1906 ല്‍ വിളിച്ചുചേര്‍ത്ത ഒരു സമ്മേളനത്തില്‍വച്ച് നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷന്‍ രൂപീകൃതമായി. സ്വദേശി വ്യവസായവല്‍ക്കരണം, ശാസ്ത്രസാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയവയെല്ലാം കൗണ്‍സിലിന്റെ ലക്ഷ്യങ്ങളായിരുന്നു. സ്വാതന്ത്ര്യസമരകാലത്തു രൂപംകൊള്ളുകയും സ്വാതന്ത്യാനന്തരം ശാസ്ത്രബോധം ഉയര്‍ത്തിപ്പിടിച്ച ജവഹര്‍ലാല്‍ നെഹ്റുവിന്റെ ശക്തമായ നേതൃത്വത്തില്‍ വളര്‍ന്നുവരികയും ചെയ്തതാണ് ഇന്ത്യന്‍ ശാസ്ത്രരംഗം. യൂണിവേഴ്സിറ്റി കോളേജ് വിതച്ച വിത്തുകള്‍ വളര്‍ന്നുവികസിച്ചതാണ് ഇന്ത്യയിലെ ശാസ്ത്രരംഗമെന്ന് പറയുന്നതില്‍ തെറ്റുണ്ടാവില്ല.

സ്വതന്ത്രചിന്ത വളര്‍ന്നുവരാന്‍ പര്യാപ്തമായ അന്തരീക്ഷമുള്ളിടങ്ങളിലേ സാഹിത്യവും കലയും സംസ്കാരവും ശാസ്ത്രവുമെല്ലാം വളരുകയുള്ളൂ എന്നാണ് ലോകാനുഭവങ്ങള്‍ പഠിപ്പിക്കുന്നത്. ശാസ്ത്രത്തെ മുന്നോട്ടുനയിക്കാന്‍ അതിനാവശ്യമായ സാമ്പത്തികപിന്തുണയും പ്രധാനമാണ്. അത് ലഭിക്കാത്തിടങ്ങളില്‍ ശാസ്ത്രവും വളര്‍ച്ചയും പുറകോട്ടടിക്കും. ആധുനികശാസ്ത്രത്തിനും ശാസ്ത്രസ്ഥാപനങ്ങള്‍ക്കുമുള്ള പിന്തുണയില്‍നിന്ന് രാഷ്ട്രം പിന്തിരിയുമ്പോള്‍, ശാസ്ത്രം ഇന്ത്യയില്‍ വളര്‍ന്നുവന്നത് എങ്ങനെയായിരുന്നുവെന്ന് ബന്ധപ്പെട്ടവരെ ഓര്‍മിപ്പിക്കേണ്ടതുണ്ട്. ചരിത്രത്തിലെ ഇരുണ്ട കോട്ടകളെ ഭേദിച്ച് മുന്നേറിയതാണ് ശാസ്ത്രത്തിന്റെ ചരിത്രമെന്ന് അവര്‍ ഓര്‍ക്കുന്നത് നന്ന്.


Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post യന്ത്രവൽക്കരണം: പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു സിദ്ധാന്തവും അതിന്റെ ഇന്നത്തെ പ്രസക്തിയും
Next post മരണമില്ലാത്ത ഹീല
Close