Read Time:13 Minute

സ്വാതന്ത്യത്തിന്റെ എഴുപത്തി അഞ്ചാം വർഷം, വിവിധ മേഖലകളിലെ നമ്മുടെ നേട്ടങ്ങളെ തിരിഞ്ഞു നോക്കുന്ന ഒരു സന്ദർഭമാണ്. ദുഃഖകരമെന്ന് പറയട്ടെ ഇക്കാലയളവിലെ ശാസ്ത്ര വിദ്യാഭ്യാസത്തെക്കുറിച്ച് കാര്യമായ പര്യാലോചനകൾ ഒന്നും ഉണ്ടായില്ല. രാഷ്ട്രീയം, സിനിമ, സാഹിത്യം.. തുടങ്ങി വിവിധ രംഗങ്ങങ്ങൾക്ക് കിട്ടിയ പരിഗണന ശാസ്ത്രത്തിന് ലഭിച്ചില്ല. ഇത് ഇന്ത്യൻ സമൂഹത്തിലുള്ള ശാസ്ത്ര ബോധത്തിന്റെ കുറവും ഭരണാധികാരികൾക്ക് ശാസ്ത്രത്തിനോടുള്ള അവഗണനയും അടിവരയിടുന്നു.

നഷ്ടമായ ശാസ്ത്ര ബോധം

സ്പേസ് സയൻസ്, ന്യൂക്ലിയർ സയൻസ്, ഐ.ടി, മോളിക്യുലാർ ബയോളജി..തുടങ്ങിയ രംഗങ്ങളിൽ ഇന്ത്യ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്. എന്നാൽ ശാസ്ത്ര സാക്ഷരത പ്രചരിപ്പിക്കുന്നതിൽ നാം പരാജയപ്പെട്ടു. ഇത് പൊതുജനങ്ങളിൽ മാത്രമല്ല ശാസ്ത്രജ്ഞരിൽ പോലും കാണുന്നില്ല. നമ്മുടെ ഭരണഘടനയുടെ അനുച്ഛേദം 51 A പ്രകാരം ശാസ്ത്ര ബോധം വളർത്തുക എന്നത് മൗലികമായ കർത്തവ്യമാണ്.
ഭരണഘടനാപരമായ ഉത്തരവാദിത്വം കേവലം വാചകങ്ങളിൽ ഒതുങ്ങി. ഈ ആശയം സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നില്ല. ഫലം മതേതരമായ മൂല്യങ്ങൾക്ക് പകരം വർഗീയതയും അന്ധവിശ്വാസവും വളർന്നതാണ്. 1950 കളിലും 60 നെഹ്രുവിന്റെ സഹായത്തോടെ ശാസ്ത്രജ്ഞർ സയൻസിന് വലിയ അടിത്തറയാണ് നിർമ്മിച്ചത്.

എന്നിട്ടും നമുക്ക് തെറ്റിയത് എവിടെയാണ്?

കുറേ പ്രശ്നങ്ങൾക്ക് കാരണം ശാസ്ത്രജ്ഞരും ശാസ്ത്ര സ്ഥാപനങ്ങളും തന്നെയാണ്. അർദ്ധ മനസ്സോടുകൂടിയാണ് ശാസ്ത്രജ്ഞർ പല സുപ്രധാന സന്ദർഭങ്ങളിലും ശാസ്ത്രത്തിൻറെ പക്ഷത്ത് നിന്നത്. Scientists without a scientific temperഎന്ന ലേഖനത്തിൽ പ്രശസ്ത മോളിക്യുലർ ബയോളജിസ്റ്റായ പുഷ്പ ഭാർഗവ ഇങ്ങനെ പറയുന്നു

” ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന ശാസ്ത്രജ്ഞരും ശാസ്ത്ര ബോധത്തിന്റെയും യുക്തി ചിന്തയുടെയോ ഒപ്പമല്ല. അവർ അന്ധവിശ്വാസങ്ങൾക്കോ യുക്തി രാഹിത്യത്തിനോ എതിരായി നിലകൊള്ളുന്നില്ല. “ – പുഷ്പ ഭാർഗവ

1994 ൽ ഭാർഗവ മൂന്ന് അക്കാദമികളിൽ നിന്നും രാജിവച്ചു – ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി, ഇന്ത്യൻ അക്കാഡമി ഓഫ് സയൻസസ് , നാഷണൽ അക്കാഡമി ഓഫ് സയൻസസ് . – ശാസ്ത്രസംബന്ധമായ സാമൂഹ്യ പ്രശ്നങ്ങളിൽ ഉള്ള ഉത്തരവാദിത്വം ഇല്ലാത്ത സ്ഥാപനങ്ങളുടെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു ഇത്.

“1930 നു ശേഷം ശാസ്ത്രമേഖലയിൽ നിന്നും ഇന്ത്യയ്ക്ക് ഒരു നോബൽ സമ്മാനം പോലും ലഭിക്കാത്തതിന് കാരണം ഇവിടെ ശാസ്ത്രത്തിന്റെതായ ഒരു അന്തരീക്ഷം ഇല്ലാത്തതുകൊണ്ടാണ് എന്ന് അദ്ദേഹം എഴുതി. ശാസ്ത്രബോധമാണ് ശാസ്ത്രീയ അന്തരീക്ഷത്തിന്റെ ഒരു പ്രധാന ഘടകം. “

2015 എഴുതിയ ലേഖനത്തിൽ പുഷ്പ ഭാർഗവ


കായിക മേഖലയ്ക്ക് വളരാൻ ഒരു സ്പോർട്സ് കൾച്ചർ വേണ്ടതുപോലെ സയൻസ് വളരാൻ ശാസ്ത്രബോധം രാജ്യത്തുടനീളം വളർത്തേണ്ടതുണ്ട്. സാമാന്യ ജനത്തിനിടയിൽ ശാസ്ത്ര സാക്ഷരത വളർത്തുന്നതിൽ സയൻസ് അക്കാദമികൾക്ക് വലിയ പങ്കുവഹിക്കാൻ ഉണ്ട് . അത് അവയുടെ പ്രസക്തി വർദ്ധിപ്പിക്കും.

എല്ലായിടത്തും കപടശാസ്ത്രം

ഏതാനും വർഷങ്ങൾക്കു മുമ്പ് അമേരിക്കയിൽ ഒരു ക്രിസ്ത്യൻ ഗ്രൂപ്പ് പരിണാമ സിദ്ധാന്തത്തിന് ബദലായി ഉല്പത്തിവാദം ശാസ്ത്രത്തിൻറെ കരിക്കുലത്തിൽ ഉൾപ്പെടുത്താൻ വലിയ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. അന്ന് നാഷണൽ അക്കാദമി ഓഫ് സയൻസസ് പുറത്തിറക്കിയ പ്രസ്താവന ഇപ്രകാരമായിരുന്നു

” പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും നിഗമനത്തിലൂടെയും അംഗീകരിക്കപ്പെട്ട സയൻസിന് മാത്രമേ ഏത് സയൻസ് കോഴ്സിലും സ്ഥാനമുണ്ടാകൂ. അല്ലാത്തവ സയൻസ് കരിക്കുലത്തിൽ ഉൾപ്പെടുത്തുന്നത് പൊതു വിദ്യാഭ്യാസത്തിൻറെ ലക്ഷ്യത്തിന് വിരുദ്ധമാണ്. സയൻസ് ഈ പ്രപഞ്ചത്തെ പ്രകൃതി പ്രതിഭാസങ്ങളെ മനസ്സിലാക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്. അത് മാത്രമല്ല സാങ്കേതികവിദ്യയുടെയും പൊതുജന ആരോഗ്യത്തിന്റെയും വളർച്ചയ്ക്കും വികാസത്തിനും കാരണമായി. ആധുനിക ജീവിതത്തിൻറെ വളർച്ചയ്ക്ക് കാരണമായ ശാസ്ത്രമാണ് സയൻസ് ക്ലാസുകളിൽ പഠിപ്പിക്കേണ്ടത് അല്ലാതെ മതമല്ല. “


കപട ശാസ്ത്രം എല്ലായിടത്തും നിറഞ്ഞുനിൽക്കുന്നു. കാലാവസ്ഥ വ്യതിയാനത്തെ , പരിണാമ സിദ്ധാന്തത്തെ ഒക്കെ നിഷേധിച്ചുകൊണ്ട് അത് പ്രത്യക്ഷപ്പെടും. ഇന്ത്യയും ഇത്തരം കപടശാസ്ത്രങ്ങൾക്ക് വളരെ വളക്കൂറുള്ള ഒരു മണ്ണാണ്.ഇത്തരം കപടശാസ്ത്രങ്ങളെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ശ്രമം ഇവിടെയും ഉണ്ടായിട്ടുണ്ട് .കഴിഞ്ഞവർഷം നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ജ്യോതിഷം ഒരു കോഴ്സ് ആയി ആരംഭിച്ചിരിന്നു. യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലെങ്കിലും ചാണകത്തിന്റെ ഔഷധമൂല്യങ്ങളെ കുറിച്ചുള്ള തിയറികൾക്ക് ഔദ്യോഗികമായ പിന്തുണയുണ്ട്. പുരാതനമായ ഗ്രന്ഥങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഗോമൂത്രത്തിന്റെ ഔഷധ ഗുണത്തെ കുറിച്ച് ഔദ്യോഗികമായ സർക്കുലറുകൾ പോലും പുറത്തിറക്കിയിട്ടുണ്ട്.നമ്മുടെ സയൻസ് അക്കാദമികൾ ഇതിനെ വിമർശനാത്മകമായി സമീപിക്കുന്നുണ്ടോ?
ഇന്ത്യയിൽ രൂപപ്പെട്ട ശാസ്ത്രത്തിൻറെതായ അന്തരീക്ഷം 1960 കൾക്ക് ശേഷം തകർന്നു തുടങ്ങി ഇതിനു പ്രധാന കാരണം നമ്മുടെ നേതൃത്വത്തിന് ഒരു ലക്ഷ്യബോധം ഇല്ലാതിരുന്നതാണ്. സ്വന്തം വളർച്ച മാത്രം ലക്ഷ്യമാക്കിയ ബുദ്ധിജീവികളും നിയമങ്ങളിൽ മാത്രം ശ്രദ്ധാലുക്കളായ ഉദ്യോഗസ്ഥരും കൂടി ചേർന്നപ്പോൾ ഈ തകർച്ച പൂർണമായി.

തെറ്റായ വിവരങ്ങളുടെ തേരോട്ടം

കാൾ സാഗൻ എഴുതി ശാസ്ത്രം ഒരു വിജ്ഞാനം എന്നതിലുപരി ഒരു ചിന്താരീതിയാണ്. വളരെ ലളിതമായി ഇതിനെ ഒരു കല എന്ന് വിളിക്കാം. ഫേക്ക് ന്യൂസുകളും കോൺസ്പിറസി തിയറികളും നിറഞ്ഞ ഈ ലോകത്ത് തെളിവുകളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന ഒരു രീതിയായി നമുക്ക് ശാസ്ത്രത്തെ സ്വീകരിക്കാം. യുക്തിരാഹിത്യം വികലമായ ഒരു ലോക വീക്ഷണം ഉണ്ടാക്കുന്നത് ഒരു പുതിയ കാര്യമല്ല പക്ഷേ ഇൻഫർമേഷൻ ടെക്നോളജിയുടെ സഹായത്തോടെ ഈ വീക്ഷണം അതിവേഗം ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിച്ചേരുന്നു. ഇത്തരം ഇത്തരം തെറ്റായ വിവരങ്ങൾ ജനാധിപത്യത്തെയും മനുഷ്യാവകാശത്തെയും ദുർബലപ്പെടുത്തുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്.
യുക്തിരാഹിത്യം കൊണ്ട് വളരുന്ന കപടശാസ്ത്രത്തിനെതിരാണ് നാം എല്ലാവരും . പശ്ചാത്യ ലോകത്ത് ആഘോഷിക്കപ്പെടുന്ന പ്രാസംഗികരായിട്ടുള്ള ശാസ്ത്രജ്ഞരായ കാൾ സാഗൻ ,സ്റ്റീഫൻ ഹോക്കിംഗ് സ് , റിച്ചാർഡ് ഡോക്കിൻസ്, ജിം അൽ ഖലീലി,… തുടങ്ങിയവർ നമ്മുടെ യഷ് പാൽ, പുഷ്പ ഭാർഗവ, ജയന്ത് നാർലിക്കർ തുടങ്ങിയവരെല്ലാം ഒരു പ്രധാന ആശയത്തിലാണ് ഊന്നുന്നത്. ക്രിട്ടിക്കൽ തിങ്കിംഗ് – വിമർശനാത്മക ചിന്ത – എന്ന ശാസ്ത്രത്തിൻറെ ഏറ്റവും വിജയകരമായ രീതിയെ പരിപോഷിപ്പിക്കുക.

ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതകൾക്ക് നിരക്കാത്ത അന്ധമായ വിശ്വാസങ്ങളിൽ രാഷ്ട്രീയക്കാരും ഭരണകർത്താക്കളും തുടരുന്നത് നാം എങ്ങനെ വിശദീകരിക്കും? തങ്ങളുടെ വിശ്വാസങ്ങൾക്ക് എതിരായ തെളിവുകൾ ലഭിച്ചിട്ടും യാഥാർത്ഥ്യം കാണാൻ തയ്യാറാകാത്തതിനെ നാം എങ്ങിനെ വിശദീകരിക്കും? കുറച്ച് അറിയുന്നവർ സ്വയം വിദഗ്ധരാണ് എന്ന് , സ്വയം വിലയിരുത്തൽ ഇല്ലാത്തതുകൊണ്ടും ചിന്താശേഷിയുടെ കുറവുകൊണ്ടും കരുതുന്നു. അതേസമയം ഒരു വിഷയത്തെക്കുറിച്ച് കൂടുതൽ അറിയുന്നവർ കാര്യങ്ങളിൽ വ്യക്തതയില്ലാതെ ബൈബിളിലെ സംശയിക്കുന്ന തോമസ് ആയി മാറുന്നു.

ഈ 75 സ്വാതന്ത്ര്യ ദിനം വെറും പതാക വീശുന്ന , സ്വയം അഭിനന്ദിക്കുന്ന വിവരണങ്ങളും ഭൂതകാല മഹിമ വർണ്ണിക്കുന്ന പ്രസംഗങ്ങളും നിറയുന്ന ഒരു സന്ദർഭം മാത്രമല്ല. ഇത് വിമർശനാത്മകമായി നമ്മുടെ വിജയങ്ങളെയും പരാജയങ്ങളെയും സമീപിക്കുകയും മികച്ച ഒരു ഭാവിക്ക് വേണ്ടി തയ്യാറെടുക്കുകയും ചെയ്യേണ്ട അവസരമാണ്. ആ ഭാവി , ഇന്ത്യ കൈവരിക്കുന്നതിൽ ശാസ്ത്രത്തിനും ശാസ്ത്ര സാക്ഷരതയ്ക്കും വലിയ പങ്കു വഹിക്കാൻ ഉണ്ട് .


ദി ഹിന്ദു പത്രത്തിൽ വന്ന കുറിപ്പിന്റെ വിവർത്തനം (The case of the missing scientific Indian CP Rajendran, The Hindu , August 24, 2022)


SCIENCE IN INDIA പേജ് സന്ദർശിക്കാം
maveli2
Happy
Happy
27 %
Sad
Sad
20 %
Excited
Excited
13 %
Sleepy
Sleepy
7 %
Angry
Angry
27 %
Surprise
Surprise
7 %

Leave a Reply

Previous post ഗണിത ഒളിമ്പ്യാഡ്: അപേക്ഷ സെപ്റ്റംബർ 8 വരെ
Next post തെളിമയാർന്ന പ്രപഞ്ചകാഴ്ചകൾ കാണുവാൻ
Close