Read Time:35 Minute

ഡോ. ബിജു കുമാർ
പ്രൊഫസർ & ഹെഡ്, അക്വാട്ടിക് ബയോളജി & ഫിഷറീസ് വകുപ്പ്, കേരള സർവകലാശാല

പാരിസ്ഥിതികമായും സാമ്പത്തികമായും ഏറ്റവുമധികം സേവനങ്ങൾ മാനവരാശിക്ക് ഉറപ്പുവരുത്തുന്ന ആവാസവ്യവസ്ഥകളാണ് ഭൂമിയുടെ 70 ശതമാനത്തിലധികം ഉൾക്കൊള്ളുന്ന സമുദ്രങ്ങൾ.  ഇത് നമ്മുടെ ജീവിത സ്രോതസ്സാണ്, മനുഷ്യരാശിയുടെയും ഭൂമിയിലെ മറ്റെല്ലാ ജീവികളുടെയും നിലനിൽപ്പിനെ പിന്തുണയ്ക്കുന്ന ഒരു ബൃഹത്തായ ആവാസവ്യവസ്ഥയാണ്. സമുദ്രങ്ങൾ ഭൂമിക്ക് വേണ്ട ഓക്സിജന്റെ 50% എങ്കിലും ഉത്പാദിപ്പിക്കുന്നു. ഇത് ഭൂമിയുടെ ഭൂരിഭാഗം ജൈവവൈവിധ്യത്തിന്റെയും ആവാസ കേന്ദ്രമാണ്. മാത്രമല്ല ലോകമെമ്പാടുമുള്ള നൂറു കോടി ജനങ്ങളുടെ ആഹാരത്തിലെ  മാംസ്യത്തിന്റെ,  പോഷകസുരക്ഷയുടെ, പ്രധാന ഉറവിടം സമുദ്രങ്ങൾ ആണ്. തീരസംരക്ഷണം, പോഷക  ചംക്രമണം, ചരക്കുഗതാഗതം, ഊർജലഭ്യത, ജലകൃഷി, ജൈവവിഭവങ്ങളും ധാതുക്കളും ഖനിജങ്ങളും ലഭ്യമാക്കൽ, ഔഷധങ്ങളും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാക്കൽ, വിനോദസഞ്ചാരം പരിപോഷിപ്പിക്കൽ, കാലാവസ്ഥാ സംരക്ഷണം, എന്നിങ്ങനെ പോകുന്നു സമുദ്ര ആവാസവ്യവസ്ഥകൾ നൽകുന്ന സേവനങ്ങൾ. മനുഷ്യർ ഉൽ‌പാദിപ്പിക്കുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ 30% സമുദ്രങ്ങൾ ആഗിരണം ചെയ്യുന്നു, ഇത് ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങളെ കുറയ്ക്കുന്നു. 2030 ഓടെ 40 ദശലക്ഷം ആളുകൾ സമുദ്രാധിഷ്ഠിത വ്യവസായങ്ങളിൽ ജോലി ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നു.

ഇതുവരെ പ്രതിപാദിച്ച കാര്യങ്ങൾ കൊണ്ടുതന്നെ തീരദേശ-സമുദ്ര  ആവാസവ്യവസ്ഥകൾ ലഭ്യമാക്കുന്ന പാരിസ്ഥിതിക സേവനങ്ങളുടെ സാമ്പത്തികമൂല്യം ഭൂമിയിലെ മറ്റേത് ആവാസവ്യവസ്ഥകളുടേതിനേക്കാളും അധികമാണ് എന്ന് അനുമാനിക്കാം.  ഇതുകൂടാതെ സാമ്പത്തികസുരക്ഷയ്ക്ക് സമുദ്രങ്ങളുടെ സാധ്യതകൾ (പ്രധാനമായും ഫിഷറീസ്, വിനോദസഞ്ചാരം, ചരക്ക് ഗതാഗതം, ജലകൃഷി, ഊർജം, ജൈവസാങ്കേതികവിദ്യക്കുവേണ്ട ഉത്പന്നങ്ങൾ, മൂലകങ്ങൾ/ഖനിജങ്ങൾ) എന്നിവ മുന്നിൽകണ്ട്  ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ നീല സമ്പദ്‌വ്യവസ്ഥ (Blue Economy) പരിപോഷിപ്പിക്കാനുള്ള ബൃഹത്പദ്ധതികൾ ആസൂത്രണം ചെയ്തുവരുന്നു.

ഇതിനൊക്കെ പുറമെ സമുദ്ര മത്സ്യബന്ധനം നേരിട്ടോ അല്ലാതെയോ 200 ദശലക്ഷത്തിലധികം ആളുകൾക്ക് ജോലി നൽകുന്നുവെന്നതാണ് ഈ ആവാസവ്യസ്ഥയുടെ സാമൂഹ്യ പ്രസക്തി. ഏതാണ്ട്  60 ദശലക്ഷം ആളുകൾ മത്സ്യബന്ധന, മത്സ്യകൃഷി  മേഖലകളിൽ വിവിധ ജോലികളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു, അവരിൽ 14 ശതമാനം സ്ത്രീകളാണ്. ഇതിൽ മൊത്തം 85 ശതമാനം പേരും  ഏഷ്യയിലാണ്. മത്സ്യവ്യാപാരവും സംസ്കരണവുമായി ബന്ധപ്പെട്ട തൊഴിലുകളിൽ എല്ലാം സ്ത്രീകളുടെ പങ്ക് നിർണായകമാണ്.

മത്സ്യ സെൻസസ് സംബന്ധിച്ച് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CMFRI ) പ്രസിദ്ധീകരിച്ച രേഖകൾ അനുസരിച്ച് ഇന്ത്യയിൽ  9 സമുദ്ര സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 3,288 സമുദ്ര മത്സ്യബന്ധന ഗ്രാമങ്ങളും 1,511 സമുദ്ര മത്സ്യ ലാൻഡിംഗ് കേന്ദ്രങ്ങളും ഉണ്ട്. മൊത്തം സമുദ്ര മത്സ്യത്തൊഴിലാളികളുടെ എണ്ണം 864,550 കുടുംബങ്ങളിലായി ഏകദേശം 4 ദശലക്ഷമാണ്. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ 61% ബിപിഎൽ വിഭാഗത്തിലാണ്. കേരളത്തിൽ  മത്സ്യത്തൊഴിലാളികളുടെ ജനസംഖ്യ 6,10,165-ഉം കുടുംബങ്ങളുടെ എണ്ണം 1,18,937-ഉം ആണ്. ഇതിൽ 98 ശതമാനവും പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ്. ഇവരിൽ പകുതിയിലധികം കുടുംബങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്.

ഈ വർഷത്തെ ലോക സമുദ്ര ദിനത്തിന്റെ മുഖ്യ പ്രമേയം  “സമുദ്രം: ജീവിതവും ഉപജീവനവും” എന്നതാണ്. കോവിഡ് മഹാമാരിക്ക് ശേഷം മറ്റു വാണിജ്യമേഖലകളെപ്പോലെ തന്നെ സമുദ്രങ്ങളെ  ആശ്രയിച്ചു ജീവിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിതവും ഉപജീവനവും പ്രതിസന്ധി നേരിടുകയാണ്. കേരളത്തിലെ  മത്സ്യത്തൊഴിലാളികളുടെ 77 ശതമാനവും സംസ്ഥാനത്തെ ജനസംഖ്യയുടെ 30 ശതമാനവും കേരളത്തിന്റെ വിസ്തീർണ്ണത്തിന്റെ 15 ശതമാനം മാത്രം വരുന്ന തീരദേശമേഖലയിൽ ആണ് നിവസിക്കുന്നത്.   വനങ്ങൾ, പുഴകൾ, കായലുകൾ, അഴിമുഖങ്ങൾ, കണ്ടൽക്കാടുകൾ തുടങ്ങിയ ആവാസവ്യവസ്ഥകളുടെ ആരോഗ്യവുമായി തീരദേശ, സമുദ്ര ആവാസവ്യവസ്ഥകളുടെ ആരോഗ്യം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ മനുഷ്യഇടപെടലുകളും പ്രകൃതിക്ഷോഭങ്ങളും കൊണ്ട്  കേരളത്തിൽ ഏറ്റവുമധികം സമ്മർദ്ദത്തിൽ ആയിരിക്കുന്ന പ്രദേശവും ആവാസവ്യവസ്ഥകളും തീരദേശവും സമുദ്രവും ആണ്.

സമുദ്രങ്ങളിലും തീരദേശ പരിസ്ഥിതിയിലും സംഭവിച്ചിരിക്കുന്ന മാറ്റങ്ങൾ എങ്ങനെ തീരദേശവാസികളുടെ, പ്രത്യേകിച്ചും കടല്പണിക്കാരുടെ ജീവിതത്തെയും  ഉപജീവനത്തെയും എന്നനെ ബാധിക്കുന്നുവെന്ന് പരിശോധിക്കാം. ജനസംഖ്യാ വർധന, സുസ്ഥിരമല്ലാത്തതും അശാസ്ത്രീയവുമായ  തീരദേശവികസനം, അമിതചൂഷണവും ജൈവവൈവിധ്യനാശവും, തീരശോഷണം, കാലാവസ്ഥാ വ്യതിയാനം, മലിനീകരണം,  എന്നിവയാണ് കേരളത്തിലെ സമുദ്ര, തീരദേശ പരിസ്ഥിതി വ്യവസ്ഥകളിലെ മാറ്റത്തിന്റെ പ്രധാന ഘടകങ്ങൾ.

കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകതകൊണ്ടുതന്നെ ജനസംഖ്യയുടെ ഏകദേശം 30 ശതമാനവും തീരപ്രദേശത്ത് നിവസിക്കുന്നവരാണ്. കേരളത്തിന്റ പൊതുവായ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 859 ആണെങ്കിൽ തീരദേശജില്ലകളിലെ ശരാശരി 2022 ആണ്. മത്സ്യത്തൊഴിലാളിസമൂഹം തീരത്തോട് ചേർന്നാണ് ജീവിക്കുന്നത്. കേരളത്തിൽ സുസ്ഥിര വികസന പരിപാടികൾ ആവിഷ്കരിക്കുമ്പോഴും തീരദേശമേഖലയിൽ ദാരിദ്ര്യ നിർമാർജന പരിപാടികൾ ആസൂത്രണം ചെയ്യുമ്പോഴും തീരദേശ, സമുദ്ര പരിസ്ഥിതി വ്യവസ്ഥകളുടെ സുസ്ഥിര പരിപാലനവും അതിലെ വിഭവങ്ങളും നിർണായകമാണ്.

തീരപ്രദേശത്തെ തണ്ണീർത്തടങ്ങൾ, കണ്ടൽക്കാടുകൾ, ചെളിത്തിട്ടുകൾ, മണൽത്തീരങ്ങൾ, കായലുകൾ, കടൽത്തീരങ്ങൾ, അഴിമുഖങ്ങൾ എന്നിവയൊക്കെ അപചയത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് 70,000 ഹെക്ടർ ഉണ്ടായിരുന്ന കണ്ടൽക്കാടുകൾ ഇന്ന് ഏതാണ്ട് 5,000 ഹെക്ടർ വരെ മാത്രമാണ്. തെക്കൻ തീരങ്ങളിൽ ഏതാനും കണ്ടൽ തുരുത്തുകൾ മാത്രമാണ് ബാക്കി. ആരോഗ്യമുള്ള കണ്ടൽക്കാടുകൾ കൂടുതലും വടക്കൻ ജില്ലകളിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു.  വികസന പ്രവർത്തനങ്ങൾക്കും മത്സ്യക്കുളങ്ങളുടെ നിർമ്മാണത്തിനുംമറ്റുമായി തുടരുന്ന കണ്ടൽക്കാടുകളുടെ നാശം  തീരദേശഉൽപാദനക്ഷമതയെയും ജൈവവൈവിധ്യത്തെയും ബാധിക്കുക മാത്രമല്ല, തീരപ്രദേശങ്ങളുടെ നാശത്തിനും, വിശിഷ്യാ തീരശോഷണത്തിനും കാരണമായി. തടസ്സമില്ലാതെ തുടരുന്ന മണൽഖനനം പരിസ്ഥിതിയെയും മത്സ്യവിഭവലഭ്യതയെയും പ്രതികൂലമായി ബാധിച്ചു.  കാലാവസ്ഥാമാറ്റത്തിന്റെഭാഗമായി അറബിക്കടലിൽ അടിക്കടിയുണ്ടാകുന്ന ചുഴലിക്കാറ്റുകളും കടലാക്രമണവും ഹാർബറുകൾ ഉൾപ്പടെയുള്ള നിർമിതികളുടെ അശാസ്ത്രീയതയും തീരശോഷണം രൂക്ഷമാക്കിയിട്ടുണ്ട്. ശ്രദ്ധാപൂർവ്വമായ ഇടപെടലുകൾ ആവശ്യപ്പെടുന്ന മറ്റൊരു പ്രധാന വിഷയം വർധിച്ചുവരുന്ന തീരശോഷണം ആണ്. നാഷണൽ സെന്റർ ഫോർ സസ്റ്റൈനബിൾ കോസ്റ്റൽ മാനേജ്‌മെന്റ് (NCSCM) ദേശീയതലത്തിൽ ഇന്ത്യയുടെ തീരദേശത്തിന്റെ സ്ഥിരതയെപ്പറ്റി നടത്തിയ പഠനറിപ്പോർട്ട് അനുസരിച്ച് കേരളത്തിന്റെ തീരദേശത്തിന്റെ 53 ശതമാനം മനുഷ്യനിർമിതിയായ കടൽഭിത്തിയാണ്; ഇപ്പോൾ അത് 70 ശതമാനത്തോളം വരും. ഹാർബറുകൾ ഉൾപ്പടെ വർധിച്ചുവരുന്ന നിർമാണപ്രവർത്തനങ്ങൾ ബാക്കി വരുന്ന തീരപ്രദേശങ്ങളുടെ ആരോഗ്യത്തെ കാര്യമായി സ്വാധീനിക്കുകയും ചെയ്യുമ്പോൾ മത്സ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ള തീരദേശസമൂഹങ്ങളുടെ നിലനിൽപ്പും ജീവസന്ധാരണമാർഗ്ഗങ്ങളും പ്രതിസന്ധി നേരിടുകയാണ്. അണക്കെട്ടുകൾ, ജലസേചന സംവിധാനങ്ങൾ, അവസാദങ്ങളുടെ ഒഴുക്ക്, വനനശീകരണം ഉൾപ്പടെ പുഴകളുടെയും കായലുകളുടെയും നീർത്തടങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ, കണ്ടൽക്കാടുകളുടെ നാശം തുടങ്ങിയവയും തീരനിർമിതിയെ  സ്വാധീനിക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. സുനാമി, അതിശക്തമായ കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ തീരദേശത്തെ മണ്ണൊലിപ്പിന്റെ തോത് ക്രമാതീതമായി വർധിപ്പിച്ചിട്ടുണ്ട്.

ഉയർന്ന ഉൽ‌പാദനക്ഷമതയുള്ള കേരള തീരത്ത് അയ്യായിരത്തിലധികം യന്ത്രവൽകൃതയാനങ്ങൾ അടക്കം 39,000 യാനങ്ങൾ  മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നുണ്ട്. അശാസ്ത്രീയമായ മത്സ്യബന്ധനരീതികളും അമിതമത്സ്യബന്ധനവും കേരളത്തിലെ സമുദ്രമത്സ്യസമ്പത്തിൽ കാര്യമായ കുറവ് സൃഷ്ടിക്കാൻ തുടങ്ങിയതോടെയാണ് 1988 മുതൽ മൺസൂൺകാലത്ത് ട്രോളിങ്ങ് നിരോധനം ഏർപ്പെടുത്തുന്നത്. നിരോധനം ഇപ്പോഴും തുടരുന്നുവെങ്കിലും  കഴിഞ്ഞ ഏതാനും വർഷങ്ങളായി സമുദ്രമത്സ്യലഭ്യതയിലും കയറ്റുമതിയിലും കുറവ് ഉണ്ടാവുന്നുണ്ട്. ആവാസവ്യവസ്ഥകളുടെ അപചയം, മലിനീകരണം, ഇരപിടിയന്മാരായ വലിയ മത്സ്യങ്ങളുടെ കുറവ്, വർധിച്ചുവരുന്ന ‘ബൈ-കാച്ച്’ (By-catch – വാണിജ്യപ്രാധാന്യമുള്ള ജീവികളെ ലക്‌ഷ്യംവച്ച് മീൻപിടിക്കുമ്പോൾ ഉദ്ദേശിക്കാതെ വലയിൽ പെടുന്ന ജീവികൾ, അവയുടെ കുഞ്ഞുങ്ങൾ), അശാസ്ത്രീയ മത്സ്യബന്ധനരീതികൾ (ഉദാ: തോട്ട പൊട്ടിക്കൽ, വിഷം കലക്കൽ, അടക്കംകൊല്ലി വല, ലൈറ്റ് ഉപയോഗിച്ചുള്ള മത്സ്യബന്ധനം, ബുൾ ട്രോളിങ്ങ്, തുടങ്ങിയവ) എന്നിവയും വിഭവലഭ്യതയുടെ സുസ്ഥിരതക്ക് ഭീഷണിയാണ്. മത്സ്യസമ്പത്തിന്റെ കുറവും പരിസ്ഥിതി മാറ്റങ്ങളും ജെല്ലിഫിഷ് (കടൽചൊറി) അടക്കമുള്ള അവസരജീവികളുടെ (opportunist species)  കടന്നുവരവ് സുഗമമാക്കി. നമ്മുടെ പ്രത്യേക സാമ്പത്തികമേഖലയിൽ വിദേശയാനങ്ങളുടെ കടന്നുകയറ്റവും  വലിയ പ്രശ്നമാണ്. കൂടാതെ, ആഗോളവൽക്കരണത്തിന്റെ ഫലമായി ഈ മേഖലയിൽ മൂലധനനിക്ഷേപം വർദ്ധിക്കുന്നതും വിപണിയിൽനിന്നുള്ള സമ്മർദ്ദവും പ്രശ്നത്തെ കൂടുതൽ വഷളാക്കുന്നു; സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അവസ്ഥ സമൂഹത്തിലെ മറ്റേതൊരു വിഭാഗത്തേക്കാളും ദയനീയമായി തുടരുന്നു.

തീരദേശ, സമുദ്രപരിസ്ഥിതിവ്യവസ്ഥകളിലെ മറ്റൊരു പ്രശ്നമാണ് മലിനീകരണം. കേരളതീരത്ത് വമ്പൻവ്യവസായശാലകളുടെ കുറവ് വ്യാവസായിക മലിനീകരണത്തിന്റെ തോത് കുറക്കാൻകാരണമായിട്ടുണ്ട്. എന്നാൽ ഏലൂർ വ്യവസായ ഇടനാഴി, തിരുവനന്തപുരം ടൈറ്റാനിയം ഫാക്റ്ററി എന്നിവിടങ്ങളിൽ നിന്നുള്ള ജലമലിനീകരണപ്രശ്നങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്. തീരദേശസമുദ്രജലത്തിന്റെ യൂട്രോഫിക്കേഷൻ (eutrophication) അഥവാ അതിപോഷകത്വം ആഗോളതലത്തിൽ ഗുരുതരമായ പാരിസ്ഥിതികപ്രശ്‌നമായി കണക്കാക്കപ്പെടുന്നു. കരയിൽനിന്ന് ഒഴുകിയെത്തുന്ന നൈട്രജൻ, ഫോസ്ഫറസ്, സൾഫർ എന്നിവയുടെ സാന്ദ്രത, കൂടാതെ ഒഴുക്കിലും നദീതടത്തിലുമുള്ള മാറ്റങ്ങൾ തുടങ്ങിയവ കടൽ പോഷകങ്ങളുടെ വ്യതിയാനത്തിന് കാരണമാകുന്നു. തൽഫലമായി വിഷആൽഗകളുടെ അമിതസാന്നിധ്യം (കടൽക്കറ) ഇന്ത്യൻ തീരത്ത് വർധിച്ചുവരുന്നതായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

കടൽ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയാണ് പ്ലാസ്റ്റിക് മലിനീകരണം. അടുത്ത കാലത്ത് നടന്ന പഠനങ്ങൾ  കേരളത്തിൽ പ്ലാസ്റ്റിക് മലിനീകരണം രൂക്ഷമാണെന്നും സമുദ്രത്തിൽ സൂക്ഷ്മപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം വര്ധിച്ചിരിക്കുന്നുവെന്നും സാക്ഷ്യപ്പെടുത്തുന്നു. കോവിഡാനന്തരം  പ്ലാസ്റ്റിക് മലിനീകരണം സമുദ്രത്തിൽ രൂക്ഷമാകാനാണ് സാധ്യത. ഇത് കടൽ ജീവികളുടെ നിലനിൽപിനെ മാത്രമല്ല ഇവയെ ഭക്ഷിച്ച് ജീവിക്കുന്ന മനുഷ്യരുടെ ആരോഗ്യത്തെയും ബാധിക്കാം.

കടൽത്തീരങ്ങൾ, അഴിമുഖങ്ങൾ, തീരദേശ തണ്ണീർത്തടങ്ങൾ, തീരസമുദ്രങ്ങൾ എന്നിവിടങ്ങളിൽ കേരളതീരത്ത് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനങ്ങൾ പ്രകടമാണ്. കാലാവസ്ഥാവ്യതിയാനത്തിന്റെ ലക്ഷണങ്ങൾ ആയ ഉപരിതലസമുദ്രത്തിന്റെ  താപവർധന, മഴയുടെ പാറ്റേണിലെ മാറ്റങ്ങൾ, ചുഴലിക്കാറ്റുകൾ ഉൾപ്പടെ വർധിക്കുന്ന പ്രകൃതിക്ഷോഭങ്ങൾ,  സമുദ്രനിരപ്പിലുണ്ടാകുന്ന ഉയർച്ച, തുടങ്ങിയവ കേരളതീരത്തും കാണാനാവും. കാലാവസ്ഥാ വ്യതിയാനവും എൽനിനോയുമായി (El Nino) ബന്ധപ്പെട്ടുനിൽക്കുന്ന മൺസൂൺ വ്യതിയാനങ്ങൾ, പ്രകൃതിക്ഷോഭങ്ങൾ തുടങ്ങിയവ കേരളത്തിന്റെ പരിസ്ഥിതിയിലും വിഭവലഭ്യതയിലും മാറ്റങ്ങൾ വരുത്താൻ തുടങ്ങിയിരിക്കുന്നു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി അറബിക്കടലിൽ വർധിച്ചുവരുന്ന ചുഴലിക്കാറ്റുകൾ കടൽക്ഷോഭം രൂക്ഷമാക്കുകയും മത്സ്യത്തൊഴിലാളികളുടെ തൊഴിൽദിനങ്ങൾ നഷ്ടപ്പെടുത്തുകയും നിരവധിപേരുടെ ജീവനും സ്വത്തുവകകളും അപഹരിക്കുകയും ചെയ്തു.

കേരളതീരത്ത് എല്ലാവർഷവും സമുദ്രമത്സ്യോൽപ്പാദനത്തിൽ ഏറ്റവുമധികം സംഭാവനചെയ്യുന്നത്  ഉപരിതലമത്സ്യങ്ങളായ മത്തി, അയല എന്നിവയാണ്. കഴിഞ്ഞ അഞ്ചുവർഷമായി കേരള തീരത്ത് മത്തിയുടെ ലഭ്യത കുത്തനെ കുറയുകയാണ്.  എൽ-നിനോ സൗത്ത് ഓസിലേഷൻ പ്രഭാവം മൂലം അറേബ്യൻ കടൽ ചൂടാകുന്നതാണ് ഈ ഇടിവിന് കാരണം. സമുദ്ര-ഉപരിതല താപനിലയിൽ വരുന്ന വർദ്ധനവുകൊണ്ട് കേരളതീരത്തെ മത്തിമത്സ്യം തണുപ്പുള്ള വടക്കൻ ഭാഗങ്ങളിലേക്ക് നീങ്ങുന്നതാണ്  കാരണം. ഒപ്പം ഇന്ത്യൻ മഹാസമുദ്രത്തിൽ കൂടുതൽ പ്രാണവായു കുറഞ്ഞ  മേഖലകൾ (ഓക്സിജൻ മിനിമം സോൺസ്) രൂപപ്പെടുന്നതും മറ്റൊരുകാരണമാണ്. 2019-ൽ കേരളത്തിലെ മത്സ്യ ഉൽപാദനം 15.4 ശതമാനം ഇടിഞ്ഞ്  5.44 ലക്ഷം ടണ്ണിലെത്തി. 2018 ൽ ഇത് 6.43 ലക്ഷം ടണ്ണായിരുന്നു. സംസ്ഥാനത്തെ പ്രധാന മത്സ്യമായ മത്തിയുടെ ലാൻഡിംഗ് 2019 ൽ രണ്ട് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന 44,320 ടണ്ണിലെത്തി. കാലാവസ്ഥാമാറ്റവും അനുബന്ധപ്രശ്നങ്ങളും തീരദേശവാസികളിലും (പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളിൽ) അവരുടെ സാമൂഹ്യ-സാമ്പത്തിക-ആരോഗ്യ സംവിധാനങ്ങളിലും സൃഷ്ടിച്ചിരിക്കുന്ന മാറ്റങ്ങൾ കൂടുതൽ പഠനവിധേയമാക്കേണ്ടതുണ്ട്.

പട്ടിക 2: വാർഷിക സമുദ്ര മത്സ്യ ഉൽപ്പാദനം Souce : Fisheries department, GOK; handbook on Fisheries Statistics- 2019, Department of Fisheries, GOI

തീരദേശ പരിപാലന നിയമം, 2018  പ്രകാരം വേലിയേറ്റാങ്കിതരേഖയിൽ നിന്ന് 50 മീറ്റർ വരെയാണ് ഇപ്പോൾ വികസനനിരോധിത മേഖല.  നിർദ്ദിഷ്ട പുനരവലോകനം ലംഘനങ്ങളും കൈയേറ്റങ്ങളും നിയന്ത്രിക്കുന്നതിൽ പൂർണ്ണമായും ഫലപ്രദമല്ല, തീരമേഖലയെ സംരക്ഷിക്കുന്നതിനുള്ള നിലവിലുള്ള നിയമങ്ങളും നിയമങ്ങളും ഉണ്ടായിരുന്നിട്ടും, നിയമലംഘനങ്ങൾ സംസ്ഥാനത്ത് വ്യാപകമാണ്. നിരവധി പഠനങ്ങൾ കടൽത്തീര സംരക്ഷണത്തിനായി കടൽഭിത്തി മാത്രം നിർമിക്കുന്നത് ഫലപ്രദമല്ലെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതിനാൽ, ബദൽപദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. ഒപ്പം, തീരദേശത്തുജീവിച്ച് മത്സ്യബന്ധനം തൊഴിലാക്കി ജീവിക്കുന്ന ജനവിഭാഗത്തെ വനവാസികളെപ്പോലെ തന്നെ  “ഇക്കോസിസ്റ്റം പീപ്പിൾ” (ecosystem people) എന്ന പരിഗണനയിൽ തീരദേശപരിപാലന നിയമത്തിനുകീഴിൽ അത്തരം പരിഗണനകൾ നൽകി കൊണ്ടുവരേണ്ടതുണ്ട്.

തീരശോഷണം നേരിടുന്ന മേഖലകളിൽ മുൻഗണനാടിസ്ഥാനത്തിൽ സംരക്ഷണപ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതിനാൽ റിമോട്ട് സെൻസിങ്, ജി.ഐ.എസ്  സാങ്കേതികവിദ്യകളുടെ സഹായത്തോടെ, കാലാവസ്ഥാ മാറ്റങ്ങൾ കൂടി മുന്നിൽ കണ്ടുകൊണ്ടുള്ള (പ്രവചന മോഡലിങ്  അടക്കം ഉപയോഗിച്ച്) സ്ഥലസംബന്ധിയായ പരിപാലന പ്ലാൻ (spatial management plan) തയ്യാറാക്കണം. മത്സ്യത്തൊഴിലാളികളുടെ വാസസ്ഥലങ്ങളും തീരദേശപരിസ്ഥിതിലോലപ്രദേശങ്ങളും, സംരക്ഷണപ്രാധാന്യമുള്ള പൈതൃക പ്രദേശങ്ങളും   പ്രത്യേകം രേഖപ്പെടുത്തുകയും  ഇവകൂടി ഉൾപ്പെടുന്ന, സംരക്ഷണത്തിന് മുൻഗണന നൽകേണ്ട, നിര്‍ണ്ണായകമേഖലകൾ (critical zones) കണ്ടെത്തുകയും വേണം. ഐക്യരാഷ്ര സംഘടന 2021-2030 പരിസ്ഥിതി പുനഃസ്ഥാപനത്തിനുള്ള അന്താരാഷ്‌ട്ര ദശകം ആയി പരിഗണിച്ച് പ്രകൃതിദത്ത പരിഹാരമാർഗങ്ങൾക്ക് പ്രത്യേകപ്രാധാന്യം നൽകിയിരിക്കുന്ന വേളയിൽ ഇത് കൂടുതൽ പ്രസക്തമാണ്. ദുർബലമായ എല്ലാ തീരങ്ങളും സംരക്ഷിക്കുന്നതിന്റെ ചെലവ്, കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലം, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി (പ്രത്യേകിച്ചും മഹാമാരിക്ക്ശേഷമുള്ള കാലഘട്ടത്തിൽ), തുടങ്ങി നിരവധി ഘടകങ്ങൾ പരിശോധിക്കുമ്പോൾ  ഏറ്റവും പ്രായോഗികമോ ചെലവ് കുറഞ്ഞതോ ആയ ശാസ്ത്രീയമായ സംയോജിത സമീപനമായിരിക്കാം കൂടുതൽ അഭികാമ്യം.

 • സമുദ്രമാലിന്യങ്ങളുടെ അളവിൽ, പ്രത്യേകിച്ച് കേരളതീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവിൽ ഉണ്ടായിരിക്കുന്ന വലിയ വർദ്ധന കണക്കിലെടുക്കുമ്പോൾ, സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ നിരീക്ഷിക്കുന്നതിനെ ശക്തിപ്പെടുത്തുന്നതിനും അടിയന്തിര ഇടപെടലുകൾ ആവശ്യമാണ്. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ സമുദ്രത്തിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുകയും അവയെ വനിതാ സ്വയംസഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ  വൃത്തിയാക്കി കഷ്ണങ്ങളാക്കി റോഡുകളുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ‘ശുചിത്വ സാഗരം’ പദ്ധതി സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കിയിട്ടുണ്ട്. മഹത്തായ പ്രസ്തുത പദ്ധതി കേരളത്തിലുടനീളം വ്യാപിപ്പിക്കണം.
 • സംരക്ഷണത്തിനും പരിപാലനപദ്ധതികൾക്കും വേണ്ടി കേരളതീരത്തെ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള വിശദമായ ഒരു വിവരശേഖരം തയ്യാറാക്കേണ്ടതുണ്ട്. നിലവിൽ സംസ്ഥാനത്ത്  ഈ മേഖലയിലെ വിദഗ്ദ്ധരുടെ അഭാവം ഒരു പരിമിതിയാണെങ്കിലും   ഗവേഷകരുടെയും സന്നദ്ധസംഘടകളുടെയും  പൗരശാസ്ത്രജ്ഞരുടെയും സഹായത്തോടെ ഒരു തീരദേശ-സമുദ്ര ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കാനാകും. മുബൈ നഗരത്തിലെ സമുദ്ര ജൈവ വൈവിധ്യം നഗരവാസികൾക്ക് പരിചയപ്പെടുത്താനും തീരദേശ ജൈവ വൈവിധ്യം രേഖപ്പെടുത്താനുമായി ആരംഭിച്ച മറൈൻ ലൈഫ്  ഓഫ് മുംബൈ (https://www.marinelifeofmumbai.in/) എന്ന ചെറുപ്പക്കാരുടെ  കൂട്ടായ്മ തന്നെ ഒരു ഉദാഹരണം ആണ്. വിവരങ്ങൾ പൊതുജനങ്ങൾക്ക് പങ്കുവയ്ക്കാൻ  ഒരു ഡാറ്റ പോർട്ടൽ ആരംഭിക്കുകയും വേണം.
 • കേരളതീരത്ത് വാണിജ്യപരമായി ചൂഷണം ചെയ്യപ്പെടുന്ന ജീവിവർഗങ്ങളുടെ  സുസ്ഥിരമായി പിടിച്ചെടുക്കാനുള്ള പരമാവധി തോത് പഠനങ്ങളിലൂടെ ചിട്ടപ്പെടുത്തുകയും അതിനനുസൃതമായി മത്സ്യബന്ധനം ക്രമീകരിക്കുകയും വേണം.
 • കേരള മറൈൻ ഫിഷിംഗ് റെഗുലേഷൻ ആക്റ്റ് (1985) പോലുള്ള നിലവിലുള്ള നിയമങ്ങൾ കർശനമായി പാലിച്ചുകൊണ്ട് കേരള തീരത്ത് വാഹകശേഷിക്ക് അനുയോജ്യമായി യന്ത്രവൽകൃതയാനങ്ങളുടെ പരമാവധി എണ്ണം പരിമിതപ്പെടുത്തണം.
 • രാജ്യത്ത് ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ പിടിക്കുന്ന മത്സ്യങ്ങളിൽ 14 എണ്ണത്തിന് പിടിക്കാൻ അനുവദിച്ചിട്ടുള്ള ഏറ്റവും ചെറിയ നീളം പരിമിതപ്പെടുത്തി കേരള ഫിഷറീസ് വകുപ്പ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്; ഇതിൽ കൂടുതൽ മത്സ്യങ്ങൾ ഉൾപ്പെടേണ്ടതുണ്ട്. കടൽത്തീരത്തെ വിഭവസംരക്ഷണത്തിനായി  യന്ത്രവത്കൃത കപ്പലുകൾക്ക് കൂടുതൽ അനുമതി നൽകുന്നതിനുള്ള താൽക്കാലിക മൊറട്ടോറിയം മത്സ്യബന്ധന സമ്മർദ്ദവും അമിതചൂഷണവും കുറയ്ക്കുന്നതിന് പരിഗണിക്കണം. പരമ്പരാഗത മത്സ്യബന്ധന കപ്പലുകളുടെ രജിസ്ട്രേഷൻ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾക്കും അവരുടെ സൊസൈറ്റികൾക്കും മാത്രമായി പരിമിതപ്പെടുത്താം.
 • പ്രദേശിക കടലിനപ്പുറം മാത്രം മൾട്ടിഡേ ട്രോളിംഗ് അനുവദിക്കണം.  പ്രത്യേകിച്ചും വലിയ റിംഗ് സീനുകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം വഴിയുണ്ടാകുന്ന ചെറുമത്സ്യങ്ങളുടെ  കൂട്ട നാശം കുറയ്ക്കുന്നതിന് ഓരോ മേഖലയിലെയും ബോട്ടുകളുടെ നീളത്തിനും കുതിരശക്തിക്കും ഉയർന്ന പരിധി നിശ്ചയിക്കണം.
 • ജൈവവൈവിധ്യത്തിന്റെ നഷ്ടം കുറയ്ക്കുന്നതിന് ട്രോൾ വലകളിൽ ബൈ-ക്യാച്ച് റിഡക്ഷൻ രീതികൾ നിർബന്ധമാക്കണം. അപൂർവ, വംശനാശഭീഷണി നേരിടുന്ന ജീവിവർഗ്ഗങ്ങളുടെ നാശം ഇതുവഴി കുറയ്ക്കാൻ കഴിഞ്ഞേക്കും.
 • ജൈവസമ്പന്നമായതും എന്നാൽ ഗുരുതരമായ പാരിസ്ഥിതിക ഭീഷണികൾ നേരിടുന്നതുമായ തീരപ്രദേശങ്ങൾ തിരിച്ചറിഞ്ഞ്  കമ്മ്യൂണിറ്റി പങ്കാളിത്തത്തോടെ സംരക്ഷിതമേഖലകൾ സൃഷ്ടിക്കണം.
 • സമുദ്രത്തിലെ ആവാസവ്യവസ്ഥയുടെ ഇന്നത്തെ പാരിസ്ഥിതിക അവസ്ഥയെക്കുറിച്ചും ജൈവവൈവിധ്യത്തിന്റെ അപചയം മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും തീരദേശ ജനതയെ ബോധവാന്മാരാക്കാനുള്ള സമഗ്രമായ ശ്രമം ഇപ്പോൾ നടക്കുന്നില്ല. മത്സ്യബന്ധന സഹകരണ സംഘങ്ങൾ, തീരപ്രദേശങ്ങളിലെ സ്വാശ്രയ ഗ്രൂപ്പുകൾ, ജൈവവൈവിധ്യ പരിപാലനസമിതികൾ, സന്നദ്ധസംഘടനകൾ, മത സ്ഥാപനങ്ങൾ, യുവജനസംഘടനകൾ, സന്നദ്ധസേവകർ, പൗരശാസ്ത്രജ്ഞർ തുടങ്ങിയവ ഉൾപ്പെടുന്ന തീരദേശനിരീക്ഷണ സമിതികളുടെ ഒരു ശൃംഖല ബോധവക്കരണത്തിനും നിരീക്ഷണത്തിനും, ജൈവവൈവിധ്യം രേഖപ്പെടുത്തുന്നതിനും സഹായകമാവും.
 • അതുപോലെ തന്നെ, പ്രാദേശിക മത്സ്യബന്ധന സമൂഹങ്ങളുടെ സമ്പന്നമായ പരമ്പരാഗത അറിവിൽ നിന്ന് സൂചനകൾ എടുത്ത് സംരക്ഷണ ശ്രമങ്ങൾ ശക്തിപ്പെടുത്തണം. പ്രാദേശിക മത്സ്യത്തൊഴിലാളികളെക്കുറിച്ചുള്ള അത്തരം സാങ്കേതിക പരിജ്ഞാനം രേഖപ്പെടുത്തേണ്ടതുണ്ട്.
 • ഇന്ത്യൻ തീരത്ത് നിയമവിരുദ്ധവും റിപ്പോർട്ടുചെയ്യാത്തതും അനിയന്ത്രിതവുമായ (ഐയുയു) മത്സ്യബന്ധനം ഒഴിവാക്കാൻ നടപടിയെടുക്കണം. ഈ സാഹചര്യത്തിൽ, ‘സംയുക്ത’ സംരംഭങ്ങളുടെ പേരിൽ ഉൾപ്പെടെ വിദേശ ട്രോളറുകളെ ഇന്ത്യയിലെ പ്രത്യേക സാമ്പത്തിക മേഖലയിൽ മത്സ്യബന്ധനത്തിന് അനുവാദം നൽകുന്നനടപടിയും ആവർത്തിക്കാൻ പാടില്ല.
 • ഉൽപാദനക്ഷമത നിലനിർത്തുന്നതിനായി കേരളതീരത്തെ സമുദ്ര മത്സ്യബന്ധനം കൈകാര്യം ചെയ്യുന്നതിന് ആവാസവ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള  സമഗ്രമായ സമീപനം, ഉത്തരവാദിത്ത മത്സ്യബന്ധനത്തിനുള്ള പെരുമാറ്റച്ചട്ടം (സിസിആർഎഫ്) എന്നിവ സ്വീകരിക്കണം.
 • ഹൈടെക് പ്രോജക്ടുകൾ പൂർത്തീകരിക്കുന്നതിന് ചില മത്സ്യബന്ധന മേഖലകളിലും മത്സ്യത്തൊഴിലാളികളുടെ കുഗ്രാമങ്ങളിലും പ്രത്യേക സാമ്പത്തിക മേഖലകൾ വികസിപ്പിക്കുന്ന പ്രവണത പ്രോത്സാഹിപ്പിക്കരുത്. ഈ മേഖലകളിൽ സുസ്ഥിര വികസനം എന്ന ആശയം പിന്തുടരാൻ തികച്ചും വ്യത്യസ്തമായ സമീപനവും പരിപ്രേഷ്യവും ആവശ്യമാണ്, അത് രൂപപ്പെട്ടു വരേണ്ട ഒന്നാണ്.
 • പ്രാദേശിക സമൂഹങ്ങൾ കാലാവസ്ഥാവ്യതിയാനത്തോട് പൊരുത്തപ്പെടാൻ സമയമെടുക്കുന്നതിനാലും തീരദേശമേഖലയിൽ ജനസാന്ദ്രത കൂടുതലുള്ളതിനാലും പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തത്തോടെ തീരദേശ സംരക്ഷണരീതികൾ ശക്തിപ്പെടുത്തേണ്ടത്  ആവശ്യമാണ്. അനുയോജ്യമായിടത്തെല്ലാം തീരദേശജൈവകവചങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് പ്രായോഗികം.
 • ദുരന്തത്തെ അതിജീവിക്കുന്ന  ഭവനനിർമ്മാണരീതികൾ തീരദേശത്ത് എത്രകണ്ട്പ്രയോഗികമാണെന്ന് വിലയിരുത്തപ്പെടണം. എന്നാൽ സ്ഥിരമായി കടൽകയറ്റമുള്ള മേഖലകളിൽ വിവിധോദ്ദേശ്യ വെള്ളപ്പൊക്ക അഭയകേന്ദ്രങ്ങൾ നിർമ്മിക്കുന്നതിനുള്ള നടപടികൾ അനുരൂപീകരണത്തിന് അനിവാര്യമാണ്.
 • കേരളത്തിലെ സമുദ്ര മത്സ്യത്തൊഴിലാളികളുടെ കഴിവുകൾ കണക്കിലെടുത്ത്, തീരദേശ ജൈവവൈവിധ്യ നിരീക്ഷണം, കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസൃതമായുള്ള സംസ്ഥാനത്തിന്റെ ദുരന്തനിവാരണ പരിപാടികൾ എന്നിവയിൽ അവരുടെ സേവനങ്ങൾ പൂർണ്ണമായും ഉപയോഗപ്പെടുത്താം.
 • കാലാവസ്ഥാ വ്യതിയാനസാധ്യത സംസ്ഥാനത്തിന്റെ ദുരന്തനിവാരണനയത്തിൽ സമന്വയിപ്പിക്കുന്നതിലൂടെ മാത്രമേ മാറുന്ന കാലാവസ്ഥയിൽ ഇണങ്ങി ജീവിക്കാനുള്ള സാധ്യതകൾ നടപ്പിൽ വരുത്താനാകൂ.
 • കാലാവസ്ഥാമാറ്റം തീരദേശങ്ങളിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെട്ടുജീവിക്കാൻ സഹായകമാവുന്ന മാർഗങ്ങൾ നടപ്പിലാക്കാനും പരിശീലനപരിപാടികൾ ആസൂത്രണം ചെയ്യാനുമായി തദ്ദേശസമൂഹങ്ങളുമായി ചർച്ചചെയ്ത് പ്രാട്ടോക്കോള്‍ തയ്യാറാക്കേണ്ടതുണ്ട്.
 • പതിവ് മത്സ്യബന്ധന പ്രവർത്തനങ്ങൾക്ക് ഇന്ധനത്തിന്റെ ഉപയോഗം എങ്ങനെ കുറയ്ക്കാമെന്ന് തിരിച്ചറിയാൻ എനർജി ഓഡിറ്റ് നടത്തണം.
 • സമുദ്ര മത്സ്യബന്ധന മേഖലയിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെയും അമിതമത്സ്യബന്ധനത്തിന്റെയും ആഘാതങ്ങളെക്കുറിച്ച് ഒരു വിവരശേഖരം (ഡാറ്റാബേസ്) വികസിപ്പിക്കേണ്ടതുണ്ട്.
 • വരാനിരിക്കുന്ന സമുദ്രനിരപ്പിലെ ഉയർച്ചയും തീരശോഷണവും കണക്കിലെടുത്ത് കൃത്യമായ പുനരധിവാസപരിപാടികൾ തയാറാക്കണം.
 • നമ്മുടെ തീരസമുദ്രത്തിലെ മത്സ്യസമ്പത്തിന്  കാലാവസ്ഥാ വ്യതിയാനം വരുത്തുന്ന ആഘാതം സംബന്ധിച്ച  വിജ്ഞാന അടിത്തറ  ശക്തിപ്പെടുത്തേണ്ടതുണ്ട്. കൂടുതൽ മെച്ചപ്പെട്ട മെച്ചപ്പെട്ട പരിപാലനരീതികൾ രൂപീകരിക്കുന്നതിന് ആദ്യപടിയായി പ്രവചനമാതൃകകൾ വഴിയുള്ള പഠനങ്ങൾ ആരംഭിക്കണം.
 • സമുദ്രത്തിലെ ആവാസവ്യവസ്ഥയുടെ ഇന്നത്തെ പാരിസ്ഥിതിക അവസ്ഥയെക്കുറിച്ചും ജൈവവൈവിധ്യത്തിന്റെ അപചയം മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും തീരദേശ ജനതയെ ബോധവാന്മാരാക്കാനുള്ള പരിപാടികൾ സംഘടിപ്പിക്കാം. “സമുദ്ര സാക്ഷരത”, “സമുദ്രശാസ്ത്രം സുസ്ഥിരവികസനത്തിന്” എന്നിവ പ്രത്യേക പദ്ധതികളായി നടപ്പിലാക്കാം (2021 – 2030).
സമുദ്രത്തിൽ നിന്ന് ലഭിക്കുന്ന  നേട്ടങ്ങളെക്കുറിച്ച് മനുഷ്യരിൽ  അവബോധം സൃഷ്ടിക്കുക എന്നതാണ് ലോക മഹാസമുദ്ര ദിനത്തിന്റെ ലക്ഷ്യം. അതിനാൽ, സുസ്ഥിര വികസനത്തിനായി കടലും സമുദ്ര വിഭവങ്ങളും സംരക്ഷിക്കാനുള്ള മാനവരാശിയുടെ അവസരവുമാണിത്. സമുദ്രത്തിനും തീരത്തിനും അതിന്റെ ഇടം തിരിച്ചുനൽകാനും  കടലിൽ നിന്ന് ഉപജീവനം കണ്ടെത്തുന്ന കടൽപ്പണിക്കാർക്ക് അവരുടെ ജീവിതവും ഉപജീവനും തിരിച്ചുപിടിക്കാൻ ആവശ്യമുള്ള ആരോഗ്യമുള്ള സമുദ്രങ്ങൾ തിരിച്ചുനൽകാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിക്കാനുള്ള അവസരവും ആണ് സമുദ്ര ദിനാചരണം.


ലൂക്ക ലേഖനങ്ങൾ

 

Happy
Happy
50 %
Sad
Sad
50 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “സമുദ്രം: ജീവിതവും ഉപജീവനവും

Leave a Reply

Previous post ഭൗമോപരിതലത്തിൽ എത്തുന്ന സൂര്യപ്രകാശം മങ്ങിയാൽ …?
Next post സൈരന്ധ്രി നത്തും കൂട്ടുകാരും
Close