Read Time:16 Minute


എ.ജെ. വിജയൻ

ഇപ്പോൾ ഉണ്ടായിരിക്കുന്ന ആഴക്കടൽ മീൻപിടുത്തം സംബന്ധിച്ച വിവാദം എന്തായാലും ആഴക്കടലിനെയും അവിടത്തെ മത്സ്യസമ്പത്തിനെയും കുറിച്ച് മനസ്സിലാക്കാനുള്ള ജിജ്ഞാസ ആളുകളിൽ വളർത്തിയിരിക്കുകയാണല്ലോ. നമ്മുടെ പൊതു സമൂഹത്തിനുള്ള ഒരു ധാരണ ആഴക്കടലിൽ ധാരാളം മത്സ്യം ഉണ്ടെന്നും ഇന്നാട്ടിലെ മീൻപിടുത്തക്കാർ അത് പിടിച്ചെടുക്കാത്തതിനാൽ പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല എന്നുമാണ്. വസ്തുതാപരമായി ഇത് ശരിയാണോ എന്ന് ഈ ലേഖനം പരിശോധിക്കുന്നു. കാര്യങ്ങൾ ചില ചോദ്യോത്തരങ്ങളായി പറയട്ടെ.

ചിത്രം 1: ഇന്ത്യയുടെ Exclusive Economic Zone (EEZ)

മത്സ്യ സമ്പത്തിന്റെ ലഭ്യതയുടെ അടിസ്ഥാനത്തിൽ തീരക്കടലും (inshore) ആഴക്കടലും (offshore/deep sea) എന്നു പറഞ്ഞാൽ എന്താണ്?

കടലിൽ മത്സ്യസമ്പത്ത് അഥവാ മത്സ്യശേഖരം എവിടെ, എത്രമാത്രം ഉണ്ട് എന്ന് ശാസ്ത്രജ്ഞർ കണക്കാക്കിയിട്ടുള്ളത് കരയിൽ നിന്നും കടലിലേലേക്കുള്ള ദൂരത്തിന്റെ അടിസ്ഥാനത്തിൽ അല്ല, മറിച്ച് ആഴത്തിന്റെ അടിസ്ഥാനത്തിലാണ്. കടലിൽ ലഭ്യമായ മത്സ്യസമ്പത്തിന്റെ അളവ് കണക്കാക്കാൻ ഏറ്റവുമൊടുവിൽ നമ്മുടെ ശാസ്ത്രജ്ഞർ 0-100 മീറ്റർ ആഴം വരുന്ന തീരക്കടൽ (inshore), 100 മുതൽ 200 മീറ്റർ വരെ ആഴമുള്ള പുറംകടൽ (offshore), 200 മീറ്റർ മുതൽ 500 മീറ്റർ വരെ ആഴക്കടൽ (deep sea), 500 മീറ്ററിൽ കൂടുതൽ ആഴമുള്ള സമുദ്രാന്തര (oceanic) കടൽ എന്നിങ്ങനെ വേർതിരിച്ചാണ് കണക്കാക്കിയിട്ടുള്ളത്. പലപ്പോഴും 500 മീറ്ററിൽ കൂടുതൽ ആഴമുള്ള കടൽ മേഖല Exclusive Economic Zone (EEZ)-ന് വെളിയിൽ ആയിരിക്കാം. 200 മീറ്റർ വരെ ആഴമുള്ള കടലിന്റെ അതിർത്തിയും EEZ അതിർത്തിയും അടയാളപ്പെടുത്തിയ ആഴം അടിസ്ഥാനത്തിലുള്ള ഭൂപടം കാണുക (ചിത്രം 1). നമ്മുടെ മീൻപിടുത്തക്കാരോട് കടലിൽ എവിടെ നിന്നാണ് മീൻ പിടിച്ചത് എന്ന് ചോദിച്ചാൽ അവർ ഉത്തരം പറയാറുള്ളത് എത്ര ആഴമുള്ള കടൽ ഭാഗത്ത് (അവരുടെ ഭാഷയിൽ മാറ് അഥവാ fathom) നിന്ന് മീൻ പിടിച്ചു എന്നാണ്. ശാസ്ത്രീയമായും അതാണ് ശരി.

തീരക്കടലിലും ആഴക്കടലിലും മത്സ്യലഭ്യത ഒരു പോലെയാണോ?

അല്ല. നമ്മുടെ കടൽ ഉഷ്ണമേഖലാ കടലാണ് (tropical waters). നമ്മുടെ കടലിൽ തീരത്തോടടുത്താണ് മത്സ്യം കൂടുതലുള്ളത്. ആഴം കൂടുന്തോറും മത്സ്യ സമ്പത്തിന്റെ അളവ് കുറഞ്ഞിരിക്കുന്നു. എന്നാൽ യൂറോപ്പ് പോലെ ശീതോഷ്ണ കടലിൽ (temperate waters) സ്ഥിതി വ്യത്യസ്തമാണ്. മത്സ്യങ്ങളെ പ്രധാനമായും രണ്ട് വിഭാഗങ്ങളായും വേർതിരിച്ചിട്ടുണ്ട്–ഉപരിതല മത്സ്യങ്ങൾ (pelagic species), അടിത്തട്ടിലെ മത്സ്യങ്ങൾ (demersal species) എന്നിങ്ങനെ. പിടിച്ചെടുക്കാവുന്ന മത്സ്യസമ്പത്തിന്റെ അളവ് (Potential Yield, PY അഥവാ Maximum Sustainable Yield, MSY) കണക്കാക്കിയിട്ടുള്ള ശാസ്ത്രജ്ഞരും ഈ വിധമാണ് കണക്കുകൂട്ടൽ (estimates) നടത്തിയിട്ടുള്ളത്. ഈ കണക്കൂകൂട്ടലിനെ ചിലപ്പോഴെല്ലാം അട്ടിമറിക്കുന്ന വിധം കടലിൽ ചില പ്രതിഭാസങ്ങൾ ഉണ്ടാകുന്നതും മത്സ്യസമ്പത്തിന്റെ അളവിനെ ബാധിക്കാം. ഇവിടെ അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. എന്നാൽ ഈ കണക്കെടുപ്പിന് വലിയ പ്രാധാന്യമുണ്ട്. കാരണം കടൽ ഒരു അക്ഷയപാത്രം എന്ന ധാരണയിൽ മീൻപിടുത്തം നടത്തിയാൽ സർവ്വനാശമാകും ഫലം. കടലിലെ മത്സ്യ സമ്പത്ത് ഒരു പുനരുജ്ജീവിക്കുന്ന സമ്പത്താണ് (Renewable resource). എന്നാൽ അമിതമായി പിടിച്ചാൽ നാളേയ്ക്കുള്ള മത്സ്യം കടലിൽ ഉണ്ടാവില്ല.

പട്ടിക 1: ഇന്ത്യയുടെ EEZയിലെ പിടിച്ചെടുക്കാവുന്ന മത്സ്യസമ്പത്തിന്റെ അളവ് (Potential Yield, PY)  

എന്തുകൊണ്ടാണ് തീരക്കടലിൽ മത്സ്യം കൂടുതലും ആഴക്കടലിൽ മത്സ്യം കുറവായും കാണപ്പെടുന്നത്?

ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഒന്നാമത്തേത് തീരക്കടലിലാണ് മത്സ്യങ്ങൾക്ക് ആവശ്യമായ പ്രാഥമിക ആഹാരത്തിന്റെ (ചെറുസസ്യങ്ങളും പ്ലവകങ്ങളും) ഉൽപ്പാദനം നടക്കുന്നത്. സൂര്യപ്രകാശം കടലിൽ പതിക്കുമ്പോൾ ഏകദേശം 50 മീറ്റർ വരെ ആഴമുള്ള അടിത്തട്ട് വരെ മാത്രമേ എത്തിച്ചേരൂ. സൂര്യപ്രകാശം ഉണ്ടെങ്കിൽ മാത്രമേ ഈ പ്രാഥമിക ആഹാരത്തിന്റെ ഉൽപ്പാദനം (primary productivity) നടക്കൂ. രണ്ടാമത്തെ കാരണം കരയിൽ നിന്നും നദികളും ജലാശയങ്ങളും വഴി മത്സ്യങ്ങൾക്ക് ആവശ്യമായ ആഹാര വസ്തുക്കളും ലഭിക്കുന്നു എന്നതാണു. അതിനാൽ അവിടെ മത്സ്യം കൂടുതൽ ലഭിക്കുന്നു. ആഴക്കടലിലെ മത്സ്യങ്ങൾ ആഹാരത്തിനായി ആശ്രയിക്കുന്നതും ഈ തീരക്കടലിൽ വളരുന്ന മത്സ്യങ്ങളെയാണ്. ഇങ്ങനെ മത്സ്യങ്ങൾ തമ്മിലും ഒരു ആഹാര ബന്ധമുണ്ട്, ഇതിനെ food chain അല്ലെങ്കിൽ fish chain എന്നും പറയുന്നു. നമ്മുടെ കേരളത്തിൽ സുലഭമായി ലഭിക്കുന്ന നെത്തോലി മത്സ്യം അടിസ്ഥാനപരമായി ഒരു സസ്യാഹാരിയാണ്. മറ്റ് മിക്ക മത്സ്യങ്ങളും ജീവികളെ ഭക്ഷിക്കുന്നതിനാൽ മാംസാഹാരികൾ എന്നു പറയാം.

ഇൻഡ്യയിലെ കടലിൽ ആഴത്തിന്റെ അടിസ്ഥാനത്തിൽ മത്സ്യ സമ്പത്തിന്റെ ലഭ്യത കണക്കാക്കിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അത് എങ്ങനെയാണെന്ന് വിശദമാക്കാമോ?

കണക്കാക്കിയിട്ടുണ്ട്. ഒരു വർഷം പിടിച്ചെടുക്കാവുന്ന മത്സ്യത്തിന്റെ അളവ് (Annual Potential Yield) എത്ര ടൺ എന്ന വിധത്തിലാണ് കണക്കാക്കിയിട്ടുള്ളത്. ഇൻഡ്യയിൽ പ്രധാനമായും മുംബൈകേന്ദ്രമായുള്ള Fishery Survey of India എന്ന സ്ഥാപനമാണ് ഈ കണക്കെടുപ്പ് നടത്തി വിവരങ്ങൾ കൈമാറുന്നത്. ഇപ്രകാരമുള്ള വിവരങ്ങൾ ക്രോഡീകരിച്ചാണ് ഇൻഡ്യയുടെ കടൽ മത്സ്യ സമ്പത്തിന്റെ അളവ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഏറ്റവും വിശദമായ കണക്കുകൾ 2014-ൽ പ്രസിദ്ധീകരിച്ചത് മീനാകുമാരി കമ്മിഷൻ റിപ്പോർട്ടിലാണ്. അത് പ്രകാരം ഇൻഡ്യയുടെ അധീനതയിലുള്ള കടലിൽ നിന്നും ഒരു വർഷം പിടിച്ചെടുക്കാവുന്ന മത്സ്യസമ്പത്ത് 44.1 ലക്ഷം ടൺ ആണ്. ഇതിൽ 87% (38.2 ലക്ഷം) ഉള്ളത് 0-100 മീറ്റർ വരെയുള്ള തീരക്കടലിൽ ആണ്. ബാക്കിയുള്ളതിൽ 6% മത്സ്യം 100 മുതൽ 200 മീറ്റർ വരെ ആഴത്തിലും, 3% മാത്രം 200 മുതൽ 500 മീറ്റർ വരെ ആഴമുള്ള കടലിലും, 5% മാത്രം മത്സ്യം 500 മീറ്ററിൽ കൂടുതൽ ആഴമുള്ള കടലിലുമാണ് ഉള്ളത് (മീനാകുമാരി റിപ്പോർട്ടിലെ ഈ കണക്കുകളുടെ പട്ടിക കാണുക). ഈ കണക്കുകൾ വ്യക്തമാക്കുന്നത് നമ്മുടെ രാജ്യത്തിന് അവകാശപ്പെട്ട കടലിന്റെ ഏകദേശം 20 ശതമാനം മാത്രം വിസ്തീർണ്ണം വരുന്ന തീരക്കടലിലാണ് ആകെ മത്സ്യസമ്പത്തിന്റെ 90 ശതമാനവും ലഭ്യമാകുന്നത്. ബാക്കി 10% മത്സ്യം മാത്രമാണ് സമുദ്രത്തിന്റെ 80 ശതമാനം വിസ്തീർണ്ണം വരുന്ന ആഴക്കടലിൽ ഉള്ളത്! മീനാകുമാരി റിപ്പോർട്ടിലെ ഈ കണക്കുകൾ തന്നെയാണ് ഇപ്പോൾ നിലവിലുള്ളതും ഗസറ്റിൽ പ്രസിദ്ധീകരിച്ചതുമായ ദേശീയ സമുദ്ര മത്സ്യനയം 2017 എന്ന രേഖയിലും ഉള്ളത്.

കേരളത്തിന്റെ തീരക്കടലിലും ആഴക്കടലിലും ഒരു വർഷം പിടിച്ചെടുക്കാവുന്ന മത്സ്യ സമ്പത്തിന്റെ അളവ് കണക്കാക്കിയിട്ടുണ്ടോ?

ഇല്ല എന്നു പറയാം. എന്നാൽ രാജ്യത്തിന്റെ കടൽ മേഖലയെ നാലായി തരം തിരിച്ച് കണക്കാക്കലുകൾ നടത്തിയിട്ടുണ്ട്. ഇതിൽ കേരളം, കർണാടക, ഗോവ എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന തെക്ക്-പടിഞ്ഞാറൻ കടൽ മേഖലയിൽ (South West Arabian Sea) എത്രമാത്രം മത്സ്യസമ്പത്ത് ഉണ്ട് എന്ന് കണക്കാക്കിയിട്ടുണ്ട്. മീനാകുമാരി കമ്മിറ്റി റിപ്പോർട്ട് പ്രകാരം ഇൻഡ്യയിൽ ഒരു വർഷം ആകെ പിടിച്ചെടുക്കാവുന്ന മത്സ്യസമ്പത്തിന്റെ 38% (17 ലക്ഷം ടൺ) ഈ മേഖലയിലെ EEZ-ലാണുള്ളത്. ഇതിൽ 12.8 ലക്ഷം ടൺ ചാള, അയല തുടങ്ങിയ ഉപരിതല മത്സ്യങ്ങളും (pelagic) 4.2 ലക്ഷം ടൺ ചെമ്മീൻ, കലവ (perches) തുടങ്ങിയ അടിത്തട്ടിലെ (demersal) മത്സ്യങ്ങളുമാണ്.

മത്സ്യസമ്പത്തിന്റെ അളവുമായി നോക്കുമ്പോൾ നമ്മുടെ കടൽ മത്സ്യ ഉൽപ്പാദനം എത്രമാത്രമാണ്?

നമ്മുടെ രാജ്യത്തെ വാർഷിക സമുദ്ര മത്സ്യ ഉൽപ്പാദനം ക്രമേണ ഉയർന്ന് 2012-ൽ 39.4 ലക്ഷം ടൺ വരെയും ഏറ്റവുമൊടുവിൽ 2018-19-ൽ അത് 41.5 ലക്ഷം ടൺ വരെയും എത്തി. മീനാകുമാരി റിപ്പോർട്ട് പറയുന്നത് 200 മീറ്റർ വരെ ആഴമുള്ള കടലിൽ നിന്നും നമ്മുടെ യന്ത്രവൽകൃത ബോട്ടുകളും മോട്ടോർ വള്ളങ്ങളും ചേർന്ന് ലഭ്യമായ മത്സ്യസമ്പത്ത് മുഴുവനായോ അല്ലെങ്കിൽ അമിതമായോ പിടിക്കുന്നുണ്ട് എന്നാണ്.

കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. 2020-ലെ സംസ്ഥാന പ്ലാനിംഗ് ബോർഡ് പ്രസിദ്ധീകരിച്ച ഇക്കണോമിക് റിവ്യൂ കേരളത്തിലെയും ഇൻഡ്യയിലെയും കഴിഞ്ഞ 5 വർഷത്തെ മത്സ്യ ഉൽപ്പാദന കണക്കുകൾ നൽകിയിട്ടുണ്ട്. അതനുസരിച്ച് 2019-20 കാലയളവിൽ കേരളത്തിലെ ഉൽപ്പാദനം വെറും 4.75 ലക്ഷം ടൺ ആയിരുന്നു. ഒരു കാലത്ത് 7 ലക്ഷം ടൺ വരെ ഉൽപ്പാദിപ്പിച്ച് ഒന്നാം സ്ഥാനത്ത് നിന്ന സംസ്ഥാനമാണിത് എന്നുകൂടി ഓർമ്മിക്കുക (ടേബിൾ 2 കാണുക).

 പട്ടിക 2: വാർഷിക സമുദ്ര മത്സ്യ ഉൽപ്പാദനം Souce : Fisheries department, GOK; handbook on Fisheries Statistics- 2019, Department of Fisheries, GOI

500 മീറ്ററിൽ കൂടുതൽ ആഴമുള്ള കടലിൽ ഇനിയും പിടിക്കാവുന്നതായി എന്ത് മത്സ്യമാണുള്ളത്? അവിടെ ഇപ്പോൾ ആരെങ്കിലും മീൻപിടിക്കുന്നുണ്ടോ?

തീരക്കടലിൽ ലഭ്യമായ ചാള, അയല തുടങ്ങിയ കേരളീയരുടെ ഭക്ഷണത്തിലെ പ്രധാനപ്പെട്ട ചെറു മത്സ്യ ഇനങ്ങൾ ഒട്ടും തന്നെ ആഴക്കടലിൽ ഇല്ല. പ്രധാനമായും വലിയ ഇനം ചൂര ഇനത്തിൽ പെട്ട മത്സ്യമാണ് ഈ ആഴക്കടലിൽ ഉള്ളത്. ഇവ വല ഉപയോഗിച്ച് പിടിക്കുക ദുഷ്കരമാണ്. ചൂണ്ട ഉപയോഗിക്കണം. ഇതിനെ Long-liners എന്നു പറയുന്നു. ഇപ്പോൾ നമ്മുടെ രാജ്യത്തെ ഈ ആഴക്കടൽ മേഖലയിൽ നിന്നും കന്യാകുമാരി ജില്ലയിലെ തൂത്തൂർ മേഖലയിലെ 600-ഓളം വരുന്ന ബോട്ടുകൾ പ്രധാനമായും ചൂര ഉൾപ്പെടെയുള്ള ആഴക്കടൽ മത്സ്യങ്ങൾ പ്രധാനമായും ചൂണ്ട ഉപയോഗിച്ച് പിടിക്കുന്നു. 30 ദിവസത്തിലധികം നീണ്ടു നൽക്കുന്നതാണ് അവരുടെ ഒരു ഫിഷിംഗ് ട്രിപ്പ് (1). ഇന്ത്യാ ഗവണ്മെന്റും ആഴക്കടൽ മത്സ്യബന്ധന സാധ്യത ഇനി ഉള്ളതായി ഫിഷറീസ് നയത്തിൽ പോലും പറഞ്ഞിരിക്കുന്നത് 300 മീറ്റർ ആഴത്തിനപ്പുറമുള്ള കടലിലെ ചൂര സമ്പത്തിനെ കുറിച്ചാണ്.

അമേരിക്കൻ കമ്പനിയായ EMCC ആഴക്കടൽ മീൻപിടുത്തം എവിടെ എങ്ങനെ നടത്തും എന്നാണ് പറയുന്നത്?

EMCC-യുടെ Concept Note-ൽ ആഴക്കടൽ നിർവചിച്ചിരിക്കുന്നത് ഇങ്ങനെയാണ്: “Deep sea fishing means fishing activities beyond 12 nautical miles from the shoreline”. അതായത് 12 മൈലിനപ്പുറം അവരുടെ ആഴക്കടൽ തുടങ്ങുകയാണ്. നമ്മുടെ കേരളത്തിലെ കടലിൽ 12 മൈൽ പോയാൽ ആഴം പലയിടത്തും 50 മീറ്ററിൽ കുറവാണ്. അവിടെ നമ്മുടെ യന്ത്രവൽകൃത ട്രോളിംഗ് ബോട്ടുകളും മോട്ടോർവൽകൃത വള്ളങ്ങളും ഇപ്പോൾ ലഭ്യമായ മത്സ്യ സമ്പത്ത് പൂർണ്ണമായോ അമിതമായോ പിടിച്ചുകൊണ്ടിരിക്കുകയുമാണ്.

EMCC-യുടെ 2 കോടി രൂപാ വീതം വില വരുന്ന ബോട്ടുകൾക്ക് 500 മീറ്റർ ആഴത്തിനപ്പുറമുള്ള കടലിൽ പോയി ചൂര പിടിച്ച് പ്രവർത്തിക്കുക ദുഷ്കരമാണ്. കാരണം കേരളത്തിൽ ചൂണ്ട മത്സ്യബന്ധനം അറിയാവുന്നവർ ഇപ്പോൾ പ്രധാനമായും തിരുവനന്തപുരം ജില്ലയിലുള്ള മത്സ്യത്തൊഴിലാളികളാണ്. മറ്റ് ജില്ലകളിലെല്ലാം വലപ്പണി ചെയ്യുന്ന മീൻപിടുത്തക്കാരാണ് ഏറെയും. അവരെ ചൂണ്ടപ്പണി പഠിപ്പിച്ച് 30 ദിവസം നീണ്ടു നിൽക്കുന്ന ആഴക്കടൽ മീൻപിടുത്ത ട്രിപ്പുകളിലെ കൂലിക്കാരായ ജോലിക്കാരായി വികസിപ്പിക്കാം എന്നു പറയുന്നത് മിക്കവാറും അസാധ്യമാണ്. അതിന് ഇന്നാട്ടിലെ തീരക്കടലിൽ ദൈനം ദിന മത്സ്യബന്ധനം നടത്തുന്ന വള്ളക്കാരോ ഏറിയാൽ 10-15 ദിവസ ട്രിപ്പ് നടത്തുന്ന ട്രോളിംഗ് ബോട്ടുകളിലെ മത്സ്യത്തൊഴിലാളികളോ അതിനു തയ്യാറാകുമോ എന്നതും സംശയമാണ്.  ഈ 400 ബോട്ടുകളും കൂടി കടലിൽ ഇറങ്ങിയാൽ മത്സ്യം കൂടുതൽ ലഭ്യമായ തീരക്കടലിൽ (0-300 മീറ്റർ ആഴം വരുന്ന കടലിൽ) നിലവിലുള്ള ബോട്ടുകാരുമായും വള്ളക്കാരുമായും മത്സരിച്ചു ട്രോളിംഗ് അല്ലെങ്കിൽ വലപ്പണി (gillnet) മീൻപിടുത്തം മാത്രമേ നടത്താനാകൂ.

ചിലർക്ക് ഒരു ധാരണയുണ്ട് കേരളത്തിലെ മീൻപിടുത്തക്കാർ പഴഞ്ചനാണ് അതിനാൽ അവരെ ആധുനികവൽക്കരിക്കണം എന്നൊക്കെ. നിങ്ങൾ മനസ്സിലാക്കുക ഇപ്പോൾ കേരളത്തിലെ തീരക്കടലിലും പുറംകടലിലും പോകുന്ന മിക്ക ഉരുക്കളിലും ജി.പി.എസ്, എക്കോസൌണ്ടർ, ഫിഷ് ഫൈൻഡർ എന്നിവയെല്ലാമുണ്ട്. ഇവരെല്ലാം കൂടി പരസ്പരം മത്സരിക്കുകയാണ്, കുറഞ്ഞുവരുന്ന മത്സ്യ സമ്പത്തിന് വേണ്ടി, മീൻ മാത്രം വേണ്ടത്ര ഇല്ല എന്നതാണ് പ്രശ്നം.

Reference 

  1. Page 58, Report of the Expert Committee Constituted for Comprehensive Review of the Deep Sea Fishing Policy and Guidelines, Meenakumari B, August 2014.
Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മുറിവുണക്കാൻ പോളിമെറിക് ഹൈഡ്രോജൽ 
Next post കോവാക്സിനും കോവിഷീൽഡും : ഏതാണ് മെച്ചം ?
Close