Read Time:13 Minute

സീമ ശ്രീലയം

2008-ലാണ് സമുദ്രദിനത്തെ യു.എൻ.ദിനാചരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. സുസ്ഥിര സമുദ്രങ്ങൾക്കു വേണ്ടിയുള്ള നൂതന ആശയങ്ങൾ (innovation for a sustainable ocean) എന്നതാണ് ഇത്തവണത്തെ സമുദ്ര ദിനാചരണ വിഷയം.

ഒരുപാട് ഓർമ്മപ്പെടുത്തലുകളും മുന്നറിയിപ്പുകളുമായി ജൂൺ-8 ന് ഒരു ലോക സമുദ്ര ദിനം കൂടി കടന്നുവരികയാണ്. മനുഷ്യന്റെ വിവേചനരഹിതമായ പ്രവർത്തനങ്ങളും ആഗോള താപനവും ഗുരുതരമായ കാലാവസ്ഥാ വ്യതിയാനങ്ങളും അതിരൂക്ഷമായ മലിനീകരണപ്രശ്നങ്ങളുമൊക്കെ മഹാ സാഗരങ്ങളെപ്പോലും ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുകയാണ്. സമുദ്രങ്ങൾ നേരിടുന്ന വെല്ലുവിളികൾ അന്താരാഷ്ട്ര ശ്രദ്ധയിൽ കൊണ്ടുവരിക, സമുദ്രങ്ങളുടെ സുസ്ഥിര പരിപാലനം ഉറപ്പാക്കുക, നിത്യജീവിതത്തിൽ സമുദ്രങ്ങളുടെ പ്രാധാന്യം ഓർമ്മിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ 1992 ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ വച്ചു നടന്ന യു.എൻ.ഭൗമ ഉച്ചകോടിയിലാണ്  ജൂൺ-8 ലോക സമുദ്രദിനമായി ആചരിക്കാൻ തീരുമാനിച്ചത്. 2008-ലാണ് സമുദ്രദിനത്തെ യു.എൻ.ദിനാചരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. സുസ്ഥിര സമുദ്രങ്ങൾക്കു വേണ്ടിയുള്ള നൂതന ആശയങ്ങൾ (innovation for a sustainable ocean) എന്നതാണ് ഇത്തവണത്തെ സമുദ്ര ദിനാചരണ വിഷയം. സമുദ്രങ്ങളുടെ സുസ്ഥിര പരിപാലനം നമ്മുടെ നിലനില്പിന് അത്യന്താപേക്ഷിതമാണ് എന്നു തിരിച്ചറിയാൻ ഇനിയും വൈകിക്കൂടാ.

2021 മുതൽ 2030 വരെയുള്ള കാലം സുസ്ഥിര വികസനത്തിനു വേണ്ടിയുള്ള സമുദ്രശാസ്ത്ര ദശാബ്ദമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഐക്യരാഷ്ട്ര സംഘടന. ഇതിലൂടെ സമുദ്രങ്ങളുടെ സുസ്ഥിര വികസനത്തിലും പരിപാലനത്തിലും അന്താരാഷ്ട്ര സഹകരണം ഉറപ്പു വരുത്തും. സമുദ്രശാസ്ത്രത്തെയും സമൂഹത്തിന്റെ ആവശ്യങ്ങളെയും കൂട്ടിയിണക്കാൻ സഹായിക്കുന്ന നൂതന ഗവേഷണങ്ങളും സങ്കേതങ്ങളുമൊക്കെ ഇതിന്റെ ഭാഗമായി ഉരുത്തിരിയുമെന്നാണ് പ്രതീക്ഷ. ഇതിന്റെ മുന്നോടിയായിട്ടാണ് സുസ്ഥിര സമുദ്രങ്ങൾക്ക് വേണ്ടിയുള്ള നൂതന ആശയങ്ങൾ എന്ന വിഷയം ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത്.

സമുദ്രങ്ങൾ നമുക്ക് നൽകുന്ന സേവനങ്ങൾ പലതാണ്. കാലാവസ്ഥയെ നിയന്ത്രിക്കുന്നതിലൂടെ, ഹരിതഗൃഹ വാതകമായ കാർബൺ ഡൈ ഓക്സൈഡിനെ ആഗിരണം ചെയ്യുന്നതിലൂടെ, സസ്യപ്ലവകങ്ങൾ പ്രകാശസംശ്ലേഷണ സമയത്തു പുറത്തു വിടുന്ന ഓക്സിജനിലൂടെ, ദശലക്ഷക്കണക്കിനാളുകൾക്ക് ജീവനോപാധിയാവുന്ന മൽസ്യസമ്പത്ത് അടക്കമുള്ള സമുദ്രവിഭവങ്ങളിലൂടെ ഒക്കെ സമുദ്രങ്ങൾ നമ്മെ സഹായിച്ചുകൊണ്ടേയിരിക്കുന്നു.  അമൂല്ല്യമായ ജൈവവൈവിധ്യത്തിന്റെ കലവറയാണ് സമുദ്ര ആവാസ വ്യവസ്ഥകൾ. ടൂറിസം മേഖലയിലും രാജ്യാന്തര വ്യാപാരത്തിലുമൊക്കെ സമുദ്രങ്ങൾക്ക് സവിശേഷ സ്ഥാനമുണ്ട്. രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയിൽ നിർണ്ണായക സ്വാധീനമുണ്ട് സമുദ്രങ്ങൾക്കും സമുദ്ര വിഭവങ്ങൾക്കും. പുന:സ്ഥാപിക്കാൻ കഴിയുന്ന നല്ലൊരു ഊർജസ്രോതസ്സു കൂടിയാണ് സമുദ്രം.

എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങൾക്ക് നടുവിലാണിപ്പോൾ സമുദ്രങ്ങൾ.  ആഗോളതാപനത്താൽ ഭൂമിക്ക് ചുട്ടുപൊള്ളി പനിക്കുമ്പോൾ കടലിനും പൊള്ളുന്നുണ്ട്. സമുദ്ര താപനിലയും ആശങ്ക ഉയർത്തുംവിധം കൂടിക്കൊണ്ടേയിരിക്കുകയാണ്. 2019-ൽ സമുദ്രത്തിന്റെഉപരിതല താപനില ഒന്നര മാസത്തോളം അസാധാരണമാം വിധംഉയർന്നിരുന്നെന്നും ഇത് സമുദ്ര താപതരംഗങ്ങൾക്ക് വഴിയൊരുക്കി എന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

അന്തരീക്ഷത്തിൽ ഹരിതഗൃഹ വാതകമായ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കഴിഞ്ഞ എട്ടുലക്ഷം വർഷങ്ങളിലെ റെക്കോഡ് തോതായ 415 പിപിഎമ്മിൽ എത്തിക്കഴിഞ്ഞു. ആപ്പോൾ സമുദ്രത്തിൽ  ലയിച്ചു ചേരുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവു  കൂടുന്നതിന്റെ ഫലമായി സമുദ്രജലത്തിന്റെ അമ്ലതയും ഉയരുന്നു. ആഗോളതാപനം സമുദ്രങ്ങളുടെ രസതന്ത്രം തന്നെ പാടേ മാറ്റിക്കൊണ്ടിരിക്കുന്നു. സമുദ്രങ്ങൾ അമ്ല സമുദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് WMO (World Meteorological Organization)  റിപ്പോർട്ട് മുന്നറിയിപ്പു തരുന്നു. വ്യാവസായിക വിപ്ലവത്തിനു മുമ്പുള്ള കാലത്തെ അപേക്ഷിച്ച്ഇപ്പോൾ സമുദ്ര അമ്ലത 26 ശതമാനത്തോളം വർദ്ധിച്ചതായി IPCC (ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച്) റിപ്പോർട്ടും മുന്നറിയിപ്പു നൽകുന്നു. കടൽ ജീവികൾക്കും സമുദ്ര ആവാസ വ്യവസ്ഥകൾക്കും ഇതു സൃഷ്ടിക്കുന്ന ഭീഷണി ചില്ലറയൊന്നുമല്ല.

ഗ്രീൻലാന്റിലെയും ആർട്ടിക്കിലെയും അന്റാർട്ടിക്കയിലെയും ഹിമാലയം അടക്കമുള്ള മഞ്ഞുപർവ്വതങ്ങളിലെയുമൊക്കെ മഞ്ഞുരുകലിന്റെ ആക്കം കൂടുമ്പോൾ സമുദ്ര ജലവിതാനവും ഉയരുന്നുണ്ട്. ഇങ്ങനെ പോയാൽ 2100-ഓടെ സമുദ്ര ജലവിതാനം ഒരു മീറ്റർ വരെ ഉയർന്നേക്കാമെന്ന് IPCC റിപ്പോർട്ട് മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. ഇത് ദ്വീപ് രാഷ്ട്രങ്ങൾക്കും താഴ്ന്ന പ്രദേശങ്ങൾക്കുമൊക്കെ ഭീഷണിയാണ്. ആർട്ടിക്കിലെ സമുദ്ര ഐസിന്റെ ശോഷണം ത്വരിതപ്പെടുന്നതും ആശങ്കയുണർത്തുന്ന കാര്യമാണ്. താപനിലകൂടുമ്പോൾ സമുദ്രജലത്തിനുണ്ടാവുന്ന വികാസവും ജലവിതാനമുയരാൻ കാരണമാവുന്നുണ്ട്.

കര മാത്രമല്ല കടലും പ്ലാസ്റ്റിക്കിന്റെ കുപ്പത്തൊട്ടിയായി മാറിക്കഴിഞ്ഞു. ഉള്ളിൽ ടൺ കണക്കിനു പ്ലാസ്റ്റിക്കുമായി ചത്തടിയുന്ന തിമിംഗലങ്ങൾ, പ്ലാസ്റ്റിക് ബാഗുകളിൽ കുരുങ്ങിപ്പോയ കടൽപ്പക്ഷി, പ്ലാസ്റ്റിക് അകത്തു ചെന്നു ജീവൻ നഷ്ടമാവുന്ന കടൽപ്പക്ഷികൾ, പ്ലാസ്റ്റിക് വലയിൽ കുരുങ്ങിക്കിടക്കുന്ന കടലാമ, കോട്ടൺ ബഡിൽ ചുറ്റിപ്പിടിച്ച കടൽക്കുതിര , ഇതെല്ലാം പ്ലാസ്റ്റിക് മലിനീകരണം കടൽ ജീവികളുടെ നിലനില്പു തന്നെ ഇല്ലാതാക്കുന്നതിന്റെ നേർക്കാഴ്ചകളാണ്. പസിഫിക്ക് സമുദ്രത്തിലെ മരിയാന ട്രെഞ്ചിലും പസിഫിക്കിനു നടുക്കുള്ള ഹെൻഡേർസൺ എന്ന ആൾവാസമില്ലാ ദ്വീപിലുമൊക്കെ  പ്ലാസ്റ്റിക് മാലിന്യങ്ങൾ എത്തിക്കഴിഞ്ഞു എന്നറിയുമ്പോൾ ഊഹിക്കാമല്ലോ ഈ ദുരന്തത്തിന്റെ വ്യാപ്തി.  പ്രതിവർഷം ഏതാണ്ട് 80 ലക്ഷം ടൺ പ്ലാസ്റ്റിക് ആണ് സമുദ്രങ്ങളിലെത്തുന്നത്. എന്നാൽ ഇത് 130 ലക്ഷം ടൺ വരെയാണെന്നും ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പസിഫിക് സമുദ്രത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വൻ തോതിൽ നിറഞ്ഞിട്ടുള്ള , പതിനാറു ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഭാഗം  ഗ്രേറ്റ് പസിഫിക് ഗാർബേജ് പാച്ച് എന്നാണറിയപ്പെടുന്നത്.  ഇങ്ങനെ പോയാൽ ഈ നൂറ്റാണ്ടിന്റെ പകുതിയോടെ സമുദ്രങ്ങളിൽ മൽസ്യങ്ങളെക്കാളും കൂടുതലാവും പ്ലാസ്റ്റിക്കിന്റെ അളവ്.ഇത്തിരിക്കുഞ്ഞു മൈക്രോപ്ലാസ്റ്റിക്കുകളും നാനോ പ്ലാസ്റ്റിക്കുകളും  ആണെങ്കിൽ പ്ലാങ്ക്ടണുകളുടെയും ചെറു മൽസ്യങ്ങളുടെയും വരെ  ശരീരത്തിനുള്ളിലെത്തും. ഇവയെ ഭക്ഷണമാക്കുന്ന വലിയ മൽസ്യങ്ങളിലേക്കും മറ്റു ജലജീവികളിലേക്കും കടൽപ്പക്ഷികളിലേക്കുമൊക്കെ പ്ലാസ്റ്റിക്ക് എത്തിച്ചേരും. ഭക്ഷ്യശൃംഖലയിൽ ഇവയ്ക്ക് ജൈവാവർധനം സംഭവിക്കുമെന്ന അപകടം വേറെ. അപ്പോൾ ഈ മൽസ്യങ്ങളെ ഭക്ഷിക്കുന്ന മനുഷ്യനിലും ഇതെത്തും.

വിസ്മയിപ്പിക്കുന്നതും അനുപമവുമായ സമുദ്ര ആവാസ വ്യവസ്ഥയാണ് പവിഴപ്പുറ്റുകൾ. സമുദ്രജീവികളിൽ ഇരുപത്തിയഞ്ചു ശതമാനത്തോളം ജീവികൾ അധിവസിക്കുന്നുണ്ട് പവിഴപ്പുറ്റുകളിൽ. ദശലക്ഷക്കണക്കിനാളുകൾ ഭക്ഷണത്തിനായും ജിവിതോപാധിയായും പവിഴപ്പുറ്റുകളെ ആശ്രയിക്കുന്നുണ്ട്. സമുദ്ര ജലത്തിന്റെ താപനിലയും അമ്ലതയും കൂടുന്നതും കാലാവസ്ഥാവ്യതിയാനങ്ങളും അനിയന്ത്രിത മൽസ്യബന്ധനവുമൊക്കെ പവിഴപ്പുറ്റുകൾക്ക് ഭീഷണി സൃഷ്ടിക്കുന്നതു കൂടാതെയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ.പവിഴപ്പുറ്റുകളിൽ പകുതിയോളവും കഴിഞ്ഞ 150 വർഷത്തിനിടെ നാമാവശേഷമായിക്കഴിഞ്ഞു.

വ്യവസായശാലകളിൽ നിന്നുള്ള മാലിന്യങ്ങളും നഗരമാലിന്യങ്ങളും രാസകീടനാശിനികളും ആണവമാലിന്യങ്ങളും എണ്ണച്ചോർച്ചയുമൊക്കെ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വേറെ. കോൺക്രീറ്റിന്റെയും ലെഡിന്റെയും പെട്ടികളിൽ സീൽ ചെയ്ത് കടലിന്റെ ആഴങ്ങളിൽ തള്ളുന്ന ആണവ മാലിന്യങ്ങൾ വലിയ ആശങ്കയുണർത്തുന്നുണ്ട്. ഈ പെട്ടികളിൽ ചെറിയ ലീക്ക് ഉണ്ടായാൽപ്പോലും ആണവ വികിരണങ്ങൾ പുറത്തു വരും. പ്രവർത്തനം നിർത്തിയ ആണവ അന്തർവാഹിനികളിലെ ആണവ പദാർഥങ്ങളും പ്രശ്നം തന്നെ. കപ്പലിൽ കൊണ്ടുപോവുന്ന ക്രൂഡ് ഓയിലും പെട്രോളും ഡീസലുമൊക്കെ കടലിൽ കലരുന്നത് കടലിലെ ഭക്ഷ്യശൃംഖലയ്ക്ക് ഭീഷണിയാണ്. 1990-ൽ ഗൾഫ് യുദ്ധകാലത്ത് കടലിൽ വലിയ തോതിൽ എണ്ണ കലർന്നിരുന്നു. 1989-ൽ അലാസ്കയിലെ പ്രിൻസ് വില്ല്യം സൗണ്ടിൽ എക്സൺ വാൽഡസ് എണ്ണക്കപ്പലിൽ നിന്നുണ്ടായ വൻ എണ്ണച്ചോർച്ചയും 2010 -ൽ ഗൾഫ് ഓഫ് മെക്സിക്കോയിൽ ഡീപ് വാട്ടർ ഹൊറൈസൺ ഓയിൽ റിഗ്ഗിൽ ഉണ്ടായ അപകടവും കടലിൽ വൻ മലിനീകരണ പ്രശ്നങ്ങളാണുണ്ടാക്കിയത്.

സമുദ്ര വിഭവങ്ങളുടെ അമിത ചൂഷണവും സമുദ്രതീരത്തു നടത്തുന്ന അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങളും ഖനനവും പരിസ്ഥിതി സൗഹൃദപരമല്ലാത്ത ടൂറിസവും സുനാമി പോലുള്ള പ്രകൃതി ദുരന്തങ്ങളുമൊക്കെ കടലിലെ ആവാസ വ്യവസ്ഥകൾക്ക് ഭീഷണിയാവുന്നുണ്ട്. സമുദ്രങ്ങളുടെ പ്രാധാന്യം , സമുദ്രങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, സമുദ്രങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്നിവ നാം തിരിച്ചറിയണം. സമുദ്രങ്ങളുടെ സുസ്ഥിരത നമ്മുടെയും വരും തലമുറകളുടെയും നിലനില്പിന് അത്യാവശ്യമാണ് എന്ന തിരിച്ചറിവുണ്ടാവാൻ ഇനിയും വൈകിക്കൂടാ എന്ന് ഈ സമുദ്ര ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.


ലൂക്കയില്‍ വന്ന മറ്റു ചില ലേഖനങ്ങള്‍

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഭൂമി നമ്മുടെ തറവാട് – ഡോക്യുമെന്ററി
Next post ഓൺലൈൻ ക്ലാസ്സുകൾ – ചില കുറിപ്പുകൾ
Close