പോഡ് കാസ്റ്റ് കേൾക്കാം
ഒരൽപം ചരിത്രത്തിൽ നിന്നും തുടങ്ങാം. ഒരധോലോക നായകൻ ലോകത്തിനു വെളിപ്പെട്ട ചരിത്രം.
1950ൽ രണ്ടു ദിവസങ്ങളിലായി ധോണി അടിക്കാടുകളിൽ പ്രൊഫസർ കെ.കെ.നീലകണ്ഠൻ (ഇന്ദുചൂഡൻ) വ്യത്യസ്തമായ ഒരു നത്തിനെ കാണുകയുണ്ടായെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞേയില്ല. 8-9 ഇഞ്ചോളമേ വലുപ്പമുണ്ടായിരുന്നുള്ളൂ അതിന്. ഇരുണ്ട ചോക്കലേറ്റ് നിറത്തിൽ തലയും മുഖവും മഞ്ഞക്കണ്ണുകളുമായിരുന്നു ആ പക്ഷിയിൽ കണ്ടത് . തൊണ്ടയിൽ നിന്നും വാലറ്റം വരെ വെള്ളയിൽ കറുത്ത അടയാളങ്ങളും ലോഹം പോലെയുള്ള കൂർത്ത കൊക്കും. രണ്ടാമത്തെ ദിവസം തുറസ്സായൊരു ചില്ലയിൽ വെയിൽ കാഞ്ഞ് ഇരുന്ന പക്ഷി ആളെ കണ്ടതും ”ക്രൂ ” എന്നൊരു ശബ്ദത്തോടെ കാട്ടിനകത്തേക്ക് പറന്നു മറഞ്ഞു. പിന്നീട് 1975 ൽ പറമ്പിക്കുളത്ത് പ്രൊഫസർ കെ.കെ.നീലകണ്ഠൻ ഒരു പക്ഷിയുടെ ശബ്ദം കേട്ടു. വിസ്ലർ നിരീക്ഷിച്ച പോലെ ക്രമമായ, താളത്തിലുള്ള “വുക്ക് – ചുഗ് ചുഗ് ” എന്നൊരു ശബ്ദം ഒരു പമ്പ് എഞ്ചിൻ പ്രവർത്തിക്കും പോലെ അനന്തമായി അതങ്ങ് നീണ്ടുപോവുകയായിരുന്നു. പക്ഷേ അന്ന് അദ്ദേഹത്തിന് പക്ഷിയെ കാണാൻ കഴിഞ്ഞിരുന്നില്ല.
പ്രൊഫസർ കെ.കെ.നീലകണ്ഠനും സി ശശികുമാറും ആർ വേണുഗോപാലും ചേർന്നെഴുതിയ എ ബുക്ക് ഓഫ് കേരള ബേർഡ്സിൽ ഇങ്ങനെ പറയുന്നു – ഈ പക്ഷിയെക്കുറിച്ച് സാലിം അലിയുടെ ബേർഡ്സ് ഓഫ് കേരളയിൽ കൃത്യമായ വിവരണങ്ങൾ ഇല്ല. കാരണം, നാളന്നേ വരെ ബ്രട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള മൂന്നേ മൂന്ന് സ്പെസിമെനുകളിൽ കൃത്യമായും വ്യക്തമായും ഈ പക്ഷിയെ അടയാളപ്പെടുത്തിയിട്ടേ ഇല്ലായിരുന്നു.
1991 മെയ് 8 ന് സൈലൻറ് വാലിയിലെ സൈരന്ധ്രിയിൽ നിന്നും ചത്തു പോയൊരു നത്തിനെ സി.എ.എ ബഷീറും പി.എൻ ഉണ്ണികൃഷ്ണനും ചേർന്നു കണ്ടെത്തി. ഇവിടെ കണ്ടേക്കാവുന്ന ഒരു സ്കോപ്പ്സ് ഔൾ (ചെവിയൻനത്ത് ) ആകാം അതെന്ന് പ്രൊഫസർ കെ.കെ.നീലകണ്ഠൻ അഭിപ്രായപ്പെട്ടെങ്കിലും ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയിലെ ഹുമയൂൺ അബ്ദുൾ അലി ആണ് ഓട്ടസ് സുനിയ റുഫിപെന്നിസ് എന്ന വ്യത്യസ്തമായൊരു നത്ത് ആണതെന്ന് തിരിച്ചറിഞ്ഞത്. 1950ൽ താൻ കണ്ടിട്ടും തിരിച്ചറിയാനാകാതെ പോയ നത്തും ഇതു തന്നെയായിരുന്നു എന്ന് പ്രൊഫസർ കെ.കെ.നീലകണ്ഠൻ അതോടെ തീർച്ചപ്പെടുത്തി.
സൈരന്ധ്രി നത്തെന്ന പേരുകേട്ടപ്പോൾ ദാസിയായോ ദ്രൗപദിയായോ എന്തെങ്കിലും ബന്ധം പ്രതീക്ഷിച്ചവർക്കു തെറ്റിപ്പോയി. സൈരന്ധ്രിയിൽ നിന്നും കണ്ടെത്തിയ നത്തിനെ പിന്നീട് ആ സ്ഥലപ്പേരു ചേർത്ത് വിളിച്ചതാണ്. ഒരേയിനം തന്നെ രണ്ടു വ്യത്യസ്തമായ നിറവിന്യാസങ്ങളോടെ കാണപ്പെടുന്നു എന്ന അതിശയകരമായ വസ്തുത കൂടി ഈ പക്ഷിക്ക് സ്വന്തമാണ്.
1. ഓറിയൻറൽ സ്കോപ്സ് ഔൾ/സൈരന്ധ്രി നത്ത്. (Otus sunia rufipennis)
നേരത്തേ പറഞ്ഞതുപോലെ ദശാബ്ദങ്ങളോളം കേരളത്തിലെ പക്ഷി നിരീക്ഷകരെ കുഴക്കിയൊരു പക്ഷിയാണിത്. ചാരനിറത്തിലും, ചോക്കലേറ്റ് കലർന്ന ചെമ്പൻ നിറത്തിലും കാണപ്പെടുന്നു. തത്വത്തിൽ ചാരനിറമെന്ന് വിളിക്കാമെങ്കിലും അതിലും ചെമ്പിച്ച അടയാളങ്ങൾ ഇടകലർന്ന് കാണാമെന്ന് പമേല റാസ്മ്യൂസെന്നും അഭിനന്ദും ചേർന്ന് ഈയടുത്ത് നിരീക്ഷിച്ചിട്ടുണ്ട്. പശ്ചിമഘട്ടം മുഴുവനായും പൂർവ്വ ഘട്ടത്തിലെ ചില ഭാഗങ്ങളിലും ഈ പക്ഷിയെ കാണാൻ കഴിയും. അതിശയമെന്നു പറയട്ടെ, കേരളത്തിൽ കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഇതേ വരെ ഈ നത്തിനെ കാണാൻ കഴിഞ്ഞിട്ടില്ല. ശബ്ദം കേട്ടാൽ വലുതാണെന്ന് തെറ്റിദ്ധരിച്ചേക്കാമെങ്കിലും വളരെ ചെറിയൊരു മൂങ്ങയാണിത്. ഉച്ചതിരിഞ്ഞ് ഇരുട്ടു പരക്കുമ്പോഴേക്കും തുടങ്ങുന്ന ഈ രാഗ വിസ്താരം രാത്രി വൈകും വരെ ഒരേ താളത്തിൽ തുടരും. നന്നേ പുലർച്ചെ മുതൽ സൂര്യോദയം വരെയും കേൾക്കാം ഈ സംഗീത പരിപാടി. സ്വന്തം ഗാനത്തിൽ ഇത്രയേറെ ആകൃഷ്ടനായി ആസ്വദിച്ച് പാടിക്കൊണ്ടിരിക്കുകയാണോയെന്ന് തോന്നിപ്പോകും നമുക്ക്.
കുറെ കഴുകന്മാരുടെ ചിത്രം പകർത്താനായി അവിചാരിതമായി നാഗർ ഹോളെയിൽ രാത്രി തങ്ങേണ്ടി വന്നു ഒരിക്കൽ. കാടിനോട് ചേർന്ന ഒരിടത്തായിരുന്നു താമസം. അന്ന് രാത്രി വൈകുവോളം മുറിക്കു പുറത്ത് മരങ്ങളിൽ രണ്ട് സൈരന്ധ്രി നത്തുകൾ പാടിക്കൊണ്ടേയിരുന്നു. കേട്ടുകേട്ട് എപ്പോഴോ ഉറങ്ങിപ്പോയി. നേരം പുലരും മുൻപേ സ്വപ്നമാണോ എന്ന് അതിശയിപ്പിക്കും വിധം വീണ്ടും ഈ പാട്ടുകേൾക്കാൻ തുടങ്ങി. നത്തുകളെ കാണാനായില്ലെങ്കിലും ആ ഗാനത്തിൻ്റെ വിഭ്രമാത്മകമായ മാന്ത്രിക വലയത്തിൽ ഞങ്ങൾ അകപ്പെട്ടു കഴിഞ്ഞിരുന്നു.
കിഴക്കൻ സൈബീരിയയിൽ നിന്നും തെക്കു കിഴക്കേ ഏഷ്യയിൽ മുഴുവനും, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ശ്രീലങ്കയിലും വരെ ഈ കുഞ്ഞൻ നത്തിനെ കാണാൻ കഴിയും. നമ്മുടെ ഇലപൊഴിയും കാടുകളിലും നിത്യഹരിത കാടുകളിലും ആണ് കൂടുതലും കാണുക. കാടിനോടു ചേർന്ന ജനവാസ മേഖലകളിലും കണ്ടേക്കാം. ഇരുണ്ടിടതൂർന്ന ഇലപ്പടർപ്പിനുള്ളിലോ വള്ളിക്കൂട്ടങ്ങൾക്കുള്ളിലോ മറ്റോ പകൽ ഒളിയിടമാക്കി ഉറങ്ങുകയാണ് പതിവ്. മറ്റ് സ്കോപ്പ്സ് ഔളുകളിൽ നിന്നു വ്യത്യസ്തമായി വെളുത്ത നിറത്തിലുള്ള ഒരു തോൾപ്പട്ട ഇവക്ക് കാണാം. എന്നാൽ പിടലി ഭാഗത്തെ പട്ടകൾ പൊതുവെ വ്യക്തമായി കാണാറില്ല. മരപ്പൊത്തുകളിൽ മുട്ടയിടുന്ന ഇവരുടെ പ്രജനനകാലം ജനവരി മുതൽ മെയ് വരെയാണ്. ചെറിയ വണ്ട്, പാറ്റ, ഓന്ത് എന്നിങ്ങനെ കുഞ്ഞനെലികളെ വരെ ആഹാരമാക്കും. പുല്ലിലൂടെ നടന്നുപോകുന്ന ഒരു ചീവിടിൻ്റെ പാദപതനം പോലെയുള്ള ശബ്ദങ്ങൾ കൂടുതൽ ശ്രദ്ധയോടെ കേൾക്കാൻ ശ്രമിക്കുമ്പോഴൊക്കെ ആവണം, ആ രണ്ടു ചെവികൾ (ear tufts) നിവർന്നു വരുന്നത്. ഇടക്ക് ചെവി കൂർപ്പിച്ചും ഇടക്ക് അലസമായി തൻ്റെ പാട്ടിൻ്റെ താളത്തിൽ മയങ്ങിയും ഇരിക്കുന്നൊരു ഇത്തിരി കുഞ്ഞൻ മൂങ്ങ എന്തു രസമുള്ളൊരു കാഴ്ചയാണെന്നോ ?!
2. ഇന്ത്യൻ സ്കോപ്സ് ഔൾ / ചെവിയൻ നത്ത്. (Otus bakkamoena)
തനി കാനനവാസിയായ സൈരന്ധ്രി നത്തിൻ്റെ ഏറെക്കുറെ നാടൻ പരിഛേദമാണ് ചെവിയൻ നത്ത്. ഒരു പകൽത്തിരക്കിനിടയിൽ കാക്കയോ മൈന യോ ഓലേഞ്ഞാലിയോ ഒരു കുഞ്ഞൻ മൂങ്ങയെ ജനലിലൂടെയോ തുറന്നു കിടന്ന വാതിലിലൂടെയോ ഓടിച്ചു വീട്ടിൽ കയറ്റിയെങ്കിൽ മിക്കവാറും അത് ഒരു ചെവിയൻ നത്ത് ആയിരിക്കും. അലമാരക്കു മുകളിലോ ചലനം നിലച്ച സീലിംഗ് ഫാനിലോ, കർട്ടന്റെ മുകളിലോ ഇരുന്ന് ഓറഞ്ച് / ബ്രൗൺ നിറമുള്ള ഉണ്ടക്കണ്ണുകൾ പരമാവധി തുറന്ന് എന്നെ രക്ഷിക്കണേയെന്ന് അത് അപേക്ഷിക്കുന്നുണ്ടാവും.
സ്പഷ്ടമായി കാണാവുന്ന ചെവികൾ (ear tufts) ആണ് ചെവിയൻ നത്തിൻ്റെ പ്രധാന സവിശേഷത. ചാരനിറത്തിലോ ബ്രൗൺ കലർന്ന തവിട്ടു നിറത്തിലോ തലയും മുകൾഭാഗവും, വെള്ളയിൽ ചാരനിറത്തിലുള്ള വരയും കുറിയും ആണിവക്ക്. തോൾപ്പട്ട അവ്യക്തമാണ്, പക്ഷേ പിടലിയിൽ മങ്ങിയ വെളുത്ത നിറത്തിൽ കോളർ പോലെ ഒരു പട്ട കാണാം. സൈരന്ധ്രി നത്തിനേക്കാൾ ഒരൽപം വലുതുമാണ് ചെവിയൻ നത്ത്.
ഇന്ത്യയിലെമ്പാടും കാണാൻ കഴിയുന്നൊരു മൂങ്ങയാണിത്. വണ്ടുകളും പാറ്റകളുമാണ് മുഖ്യാഹാരം. ഇല്ലിക്കാടുകളിലോ, മരപ്പൊത്തുകളിൽ തല മാത്രം പുറത്തു വച്ചോ അനങ്ങാതിരുന്നാൽ പിന്നെയിവയെ കണ്ടെത്തുക ഏറെ പ്രയാസമായിരിക്കും. ചിലപ്പോൾ ഉണക്കമരങ്ങളുടെ കമ്പുകളിൽ തായ്ത്തടിയോടു ചേർന്നും ധൈര്യമായി ഇരിപ്പുറപ്പിച്ചു കളയും. തോട്ടുവക്കത്തെ കൈതക്കാടുകളിലും, വീടിൻ്റെ മച്ചിൻ പുറങ്ങളിലും ഇവയെ കാണാവുന്നതാണ്. പതിയെ തുടങ്ങി ഇടവിട്ടിടവിട്ട് ഉച്ചസ്ഥായിൽ അവസാനിക്കുന്ന “വാട്ട്” എന്നു ആവർത്തിച്ചു ചോദിക്കും പോലത്തെ ഒരു ശബ്ദമാണീ മൂങ്ങക്ക്.
ശബ്ദം ശ്രദ്ധിച്ച് ഈ നത്തിനെ തിരിച്ചറിയുന്നത് വളരെയെളുപ്പമാണ്. ചിലപ്പോഴെങ്കിലും ഒളിയിടങ്ങളിൽ ഇണയോടു ചേർന്ന് ഇരിക്കാറുണ്ട്. ഈയടുത്ത് നെല്ലിയാമ്പതിയിൽ കാട്ടിനകത്ത് മനുഷ്യവാസമുള്ള ഒരിടത്ത് സൈരന്ധ്രിനത്തും ചെവിയൻ നത്തും ഒരുമിച്ച് പാട്ടു പരിപാടി അവതരിപ്പിക്കുന്നത് കേൾക്കാൻ കഴിഞ്ഞു.
3. സ്പോട്ടഡ് ഔലറ്റ് /പുളളിനത്ത്.(Athene brama)
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെല്ലായിടത്തും കാണാൻ കഴിയുന്നൊരു കുഞ്ഞൻ മൂങ്ങയാണിത്. നരച്ച ചാരനിറത്തിലുള്ള തലയും മുതുകും ചിറകും നിറയെ വെള്ളപ്പുള്ളികൾ . വെളുത്ത നെഞ്ചും വയറും നിറയെ തവിട്ടു പുള്ളികൾ .ഒറ്റപ്പെട്ട മരങ്ങൾ, പൊത്തുകൾ, ചുവരിലെ മാളങ്ങൾ എന്നിവയിൽ കുടുംബത്തോടെ തമ്പടിക്കുന്നൊരു മഞ്ഞക്കണ്ണൻ നത്താണിത്.
പാറ്റകളും വണ്ടുകളുമാണ് മുഖ്യാഹാരമെങ്കിലും കുഞ്ഞൻ എലികളെയും അണ്ണാനെയുമൊക്കെ പിടിച്ചു ശാപ്പിടുക പതിവുണ്ട്.
പകൽ ഒളിയിടം വിട്ട് പുറത്തു വരില്ലയെങ്കിലും ശല്യപ്പെടുത്തിയാൽ പുറത്തിറങ്ങി വളരെ അരോചകമായ ഒരു ശല്യം പുറപ്പെടുവിക്കും. കാർട്ടൂൺ സിനിമകളിലെ വില്ലന്മാരുടെ അട്ടഹാസം പോലെയിരിക്കുമത്.
നമ്മൾ അതിനെ കണ്ടു എന്ന് ഉറപ്പായാൽ ആദ്യം ചെയ്യുന്നത് തല കൊണ്ട് അദൃശ്യങ്ങളായ ചില ജ്യാമിതീയ രൂപങ്ങൾ വായുവിൽ വരക്കുകയും കണ്ണു പരമാവധി തുറന്ന് എന്തിനാണെന്നെ ശല്യം ചെയ്യുന്നതെന്ന മട്ടിൽ തുറിച്ചു നോക്കുകയുമാണ്. എന്നിട്ടും രക്ഷയില്ലെങ്കിലാണ് അട്ടഹാസ പരിപാടി. ഇങ്ങനെയൊരു കുരുത്തം കെട്ട നത്തെന്ന് നിശ്ചയമായും നിങ്ങളെ കൊണ്ടത് പറയിപ്പിക്കും. അങ്ങിങ്ങായി പറന്ന് പറന്ന് നേരത്തേ ഇരുന്നിടത്തു തന്നെയോ അല്ലെങ്കിൽ അടുത്തെവിടെയെങ്കിലുമോ വന്നിരുന്ന് ഉറക്കം തുടരുകയും ചെയ്യും.
അഥീനെ ബ്രാമ (Athene Brama ) എന്നാണ് ഇതിൻ്റെ ശാസ്ത്രനാമം. ഗ്രീക്ക് വിദ്യാദേവതയായ അഥീനയുടേയും ഹിന്ദു ദൈവമായ ബ്രഹ്മാവിൻ്റെയും പേരു ചേർത്താണ് ഇങ്ങനെയൊരു പേരു വന്നതെന്ന് കെ.കെ.നീലകണ്ഠൻ മാഷ് പറഞ്ഞു വച്ചിട്ടുണ്ട്. മൂങ്ങയുടെ അറിവിനെ കുറിച്ചും വിവേകത്തെ കുറിച്ചുമുള്ള കഥകളും മനുഷ്യനെപ്പോലുള്ള മുഖഛായയും പൊട്ടിച്ചിരികളും മറ്റ് അപശബ്ദങ്ങളും ഒക്കെ ചേർത്തായിരിക്കണം ആ പേര് പിറന്നത്. മിക്കവാറും നിങ്ങൾ ഈ നത്തിനെ കണ്ടു കാണും – അമ്പലപ്പറമ്പിലെ ആൽമരത്തിലോ, സന്ധ്യകളിൽ വൈദ്യുത കമ്പികളിലോ കമ്പിക്കാലുകളിലോ ഒക്കെ.
മൈനകളോടും തത്തകളോടും പനങ്കാക്കകളോടും പൊരുതിയാണ് ഇവ മുട്ടയിടാനൊരു പൊത്ത് കണ്ടു പിടിക്കുക. ആൺ പെൺ മൂങ്ങകളുടെ പ്രണയസല്ലാപങ്ങൾ ചേതോഹരമാണ്. സ്നേഹചുംബനങ്ങൾ കൈമാറിയും പരസ്പരം തൂവലുകൾ ഒതുക്കി വച്ചും അതങ്ങനെ തുടരും. മൂന്നു മുതൽ അഞ്ചു വരെ മുട്ടകളിടും പെൺപക്ഷി. കുടുംബമൊന്നാകെ കുറച്ചു കാലം ആ കൂട്ടിൽ തന്നെയായിരിക്കും കഴിയുക. മൈസൂരിനടുത്ത് ഒരിടത്ത് പക്ഷികളെ തേടി നടക്കുമ്പോൾ മൺഭിത്തിയിൽ ചെറിയൊരു പൊത്തു കണ്ടു. സ്വാഭാവികമായ ജിജ്ഞാസ മൂലം അകത്തെന്തെങ്കിലും ഉണ്ടോയെന്ന് നോക്കുകയുണ്ടായി. പെട്ടെന്ന് വെടി വച്ച പോലെ പൊത്തിൽ നിന്നും ഒരു പുള്ളി നത്ത് പറന്നു പോയി. ഞെട്ടിത്തരിച്ചു നിൽക്കുമ്പോഴുണ് ഒന്നിനു പുറകെ ഒന്നായി അഞ്ചെണ്ണം കൂടി അതിനകത്തുനിന്നും പുറത്തു വന്ന് എന്നെ ചീത്ത വിളിക്കാൻ തുടങ്ങി. ക്യാമറയെടുക്കാനോ, എന്തിന് ചിന്തിക്കാൻ പോലും സമയം കിട്ടിയില്ല.
ഇതേപോലെ ഡൽഹിക്കടുത്ത് ഗുർഗാവൺ എന്നയിടത്ത് ഒരു പ്രഭാത സവാരിക്കിടെ ആറു പുള്ളി നത്തുകൾ ഒരു കൊമ്പിൽ ചേർന്നിരുന്ന് ഉറങ്ങുന്നത് കണ്ടതോർക്കുന്നു. രാവിലത്തെ തണുപ്പിനെയും വിരസതയെയും ശരീരങ്ങൾ കൊണ്ട് പരസ്പരം ചൂടു പകർന്ന്, ഉറക്കം കൊണ്ട് മറികടക്കാൻ ശ്രമിക്കുകയായിരുന്നു അവ.
4. ജംഗിൾ ഔലറ്റ് /ചെമ്പൻനത്ത് (Glaucidium radiatum)
ഇംഗ്ലീഷ്, മലയാളം പേരുകളിൽ നിന്നു തന്നെ കാര്യങ്ങൾ മനസ്സിലായിക്കാണുമല്ലോ! കാട്ടിൽ മാത്രമെന്ന് പറയാനാവില്ല, നിറയെ മരങ്ങളുള്ള നാട്ടിൻപുറങ്ങളിലും കൂടെ കാണാൻ കഴിയുന്നൊരു കുഞ്ഞു മൂങ്ങയാണിത്. നേരത്തെ വിവരിച്ച നത്തിൽ നിന്നും രൂപഭാവങ്ങളിൽ വ്യത്യാസമെന്താണെന്നു പറയാം. പുള്ളി നത്തിന് നരച്ച ചാരനിറത്തിലുള്ള തലയും പുറംഭാഗവുമാണെങ്കിൽ ചെമ്പൻനത്തിന് ചെമ്പിച്ച തവിട്ടുനിറമാണ്. അവിടെ വെള്ളയും തവിട്ടും പുള്ളികളാണെങ്കിൽ ഇവിടെ വെളുത്തും ചെമ്പിച്ച നിറത്തിലും കുറുകെയുള്ള വരകളാണ്(Barring). പക്ഷേ രണ്ടു കൂട്ടർക്കും മഞ്ഞക്കണ്ണുകളാണ്. പകൽ സമയത്തും വളരെ ആത്മവിശ്വാസമുള്ളൊരു മൂങ്ങയാണിത്. അതു കൊണ്ടു തന്നെ നിങ്ങളേവരും കണ്ടിരിക്കാൻ സാധ്യതയുള്ളൊരു പക്ഷിയാണ് ചെമ്പൻനത്ത്. കണ്ടിട്ടില്ലെങ്കിലും കേട്ടിട്ടുണ്ടാക്കുമെന്ന് ഉറപ്പ്. തീക്ഷ്ണമായൊരു ഖുർ.. ഖുർ ൽ തുടങ്ങി കുർക്ക്..കുർക്ക്..കുർക്ക് എന്നിങ്ങനെ നേർത്തില്ലാതാവുന്നൊരു ഗാനമാണത്. നാട്ടിൻപുറങ്ങളിൽ നിറയെ മരങ്ങളുള്ളിടത്ത് രാവിലെയും സന്ധ്യക്കും നിശ്ചയമായും നിങ്ങളിത് കേട്ടു കാണണം.
ഗ്ലോസീഡിയം റേഡിയേറ്റം എന്നതിനു കൂടെ മലബാറിക്കസ് എന്ന കൂടെ ചേർത്താൽ പശ്ചിമഘട്ടത്തിൽ കാണുന്ന ചെമ്പൻനത്തിന്റെ ശാസ്ത്ര നാമമായി. ഇവക്ക് ഇരുണ്ട ചെമ്പൻ നിറം അൽപം കൂടുതലാണ്. ഇതിൻ്റെ കുറിയ വാലിൽ കുത്യമായ തവിട്ടും വെള്ളയും പട്ടകളും കാണാം.
നേരത്തേ പറഞ്ഞ ആത്മവിശ്വാസം ഈ നത്തിൻ്റെ വേട്ടകളിലും കാണാം. മറ്റു ചെറിയ പക്ഷികളെയും, എലികളെയും എന്നു വേണ്ട ചെറിയ ഇഴജന്തുക്കളെ വരെ ആശാൻ പിടിച്ചു കളയും. ചെറുതാണെങ്കിലും നല്ല കരുത്തൻ പക്ഷിയാണിത്. മാർച്ച് മുതൽ മെയ് വരെ പ്രജനന കാലത്ത് ഇവ മൂന്നോളം മുട്ടകളിടും മിക്കവാറും മരപ്പൊത്തുകളിൽ തന്നെയായിരിക്കും. കുഞ്ഞുങ്ങൾ ചെങ്കൊക്കൻ ഇത്തിൾക്കണ്ണി കുരുവിയെ പോലെ ടിക് ടിക് എന്നൊരു ശബ്ദമാണ് ഉണ്ടാക്കുക.
ചാലക്കുടിയിൽ പുഴയോരത്ത് താമസിച്ചിരുന്ന കാലത്ത് വീടിനു മുന്നിലെ പ്ലാവിലും പിന്നിലെ മുരിങ്ങയിലും ചെമ്പൻനത്തിൻ്റെ സംഗീത സല്ലാപങ്ങൾ രാവിലെയും സന്ധ്യക്കും പതിവായിരുന്നു. യാതൊരു ഭയാശങ്കയുമില്ലാതെ ഞങ്ങൾ പരസ്പരം സംവദിച്ചു പോന്നിരുന്നു. മധ്യകേരളത്തിൽ റബ്ബർ തോട്ടങ്ങളിൽ പതിവായി കാണുന്നതു കൊണ്ട് റബ്ബർ മൂങ്ങയെന്നൊരു വിളിപ്പേരും ഈയിടെ ഇദ്ദേഹത്തിന് ചാർത്തി കിട്ടിയിട്ടുണ്ട്.
വൻ മാഫിയാത്തലവന്മാർ ഒന്നുമല്ലെങ്കിലും ഈ നാലു നത്തുകളും വ്യത്യസ്തമായും സവിശേഷമായും മറ്റു പക്ഷികളേക്കാൾ കാതോളം ദൂരം മുന്നിലാണ്. അധോലോകം തന്നെയാണ് നിശ്ചയമായും ഇവരുടെയും ഇടം.